Aksharathalukal

സഖി 💕 Last part

Part 5

 

 

" ന്റെ മഹാദേവാ… മൂന്നുകൊല്ലത്തെ ന്റെ പ്രണയമാ ഇന്ന് പൂർത്തീകരിക്കപ്പെടുന്നേ… ന്താ പറയാ… ഒത്തിരി നന്ദിയിണ്ടാട്ടോ ന്റെ കൂടെ നിന്നേന്… ഒറ്റ പ്രാർത്ഥനെയെ എനിക്കോള്ളു… ന്റെ അവസാന ശ്വാസം വരെയും ന്റെ ഇച്ചായൻ കൂടെ ഇണ്ടാവണെ…"

 

പ്രാർത്ഥിച്ചു ഇറങ്ങുമ്പോൾ അവളുടെ നെഞ്ച് തുടികൊട്ടുകയായിരുന്നു. നാളുകൾക്ക് ശേഷം തന്റെ പ്രാണനായവനെ കാണാൻ പോകുന്നു… അവന്റെ സ്വന്തമാകാൻ പോകുന്നു…

 

 

സന്തോഷത്തിലും നാണത്തിലും പൊതിഞ്ഞ ഒരു പുഞ്ചിരി അവളുടെ ചൊടികളെ അലങ്കരിക്കുമ്പോഴാണ് ക്ഷേത്രമുറ്റത് അമ്മാവൻ കാത്തുനിൽക്കുന്നത് കണ്ടത്… സമയം 7 മണി കഴിഞ്ഞിരുന്നു. 11 മണിക്കാണ് കേട്ട്. കാറിനടുത്തു എത്തിയപ്പോഴേക്കും അവൾ ആലോചനയിൽ നിന്ന് ഉണർന്നിരുന്നില്ല.

 

 

" ദേവൂട്ടിയെ…നീ ഇത് എന്ത് ഓർത്തോണ്ടിരിക്കുവാ.. വന്നു കയറു മോളെ.."

 

 

" ആ അമ്മാവാ… "

 

 

ഓർമ്മകളുടെ സഞ്ചാരപഥത്തിൽ നിന്ന് മുക്തയായപോഴേക്കും അമ്പലത്തിൽ നിന്ന് ഒരു മണിനാദം ഉയർന്നിരുന്നു.

 

 

" വിശ്വേട്ടനൊക്കെ എത്തിയോ അമ്മാവാ…"

 

 

" ആ… എന്താ മോളെ… "

 

 

" അമ്മാവനെന്താ ഒരു ടെൻഷൻ പോലെ… അവർ വന്നില്ലേ… "

 

 

" ഏയ് ഒന്നുല്ലടാ… വിശ്വ ആൽവിടെ അടുത്തിണ്ട്…  "

 

 

" ശ്ശോ… അതെന്തു പണിയ വിശ്വേട്ടൻ കാട്ടിയെ… വീട്ടിലേക്കല്ലേ വരണ്ടേ…. "

 

 

" അത്…. അത് മോളെ… പോണെ വഴിക്കല്ലേ ആൽവിടെ വീട്…. നമ്മക്ക് വിശ്വേനെ അവിടെ നിന്ന് പിക് ചെയ്യാം… "

 

 

"ഹ്മം… "

 

 

അമ്മാവനോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അവളുടെ മനസ്സിൽ സന്തോഷമായിരുന്നു.

 

 വിശ്വ… തന്റെ അമ്മാവന്റെ മകനാണ്. അതിലുപരി അൽവിച്ചന്റെ ചങ്കും കരളുമായ കൂട്ടുകാരൻ… ചെറുപ്പത്തിൽ എല്ലാവരും മുറച്ചെറുക്കനും മുറപ്പെണ്ണും എന്ന് പറഞ്ഞപ്പോൾ തന്നെ ചേർത്തുപിടിച്ചു എന്റെ അനിയത്തിക്കുട്ടി എന്ന് പറഞ്ഞ ഏട്ടൻ…. അച്ഛ കഴിഞ്ഞാൽ  ഞങ്ങളുടെ ബന്ധത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് വിശ്വേട്ടൻ ആയിരുന്നു… ആളും ആൽവിച്ചന്റെ കൂടെ പട്ടാളത്തിൽ ആണ്…

 

" മോളെ…ഇറങ്ങി വാ... "

 

 

ഏദൻ വില്ലയിൽ എത്തിയപ്പോൾ അമ്മാവൻ വിളിക്കുന്നതാണ്.

 

 

" അത് അമ്മാവാ… ഇന്ന് കല്യാണല്ലേ… ഇപ്പൊ ഞാൻ അങ്ങൊട് കയറിവന്നാ ആൾക്കാർ എന്ത് വിചാരിക്കും…. "

 

 

" അത് സാരമില്ലടാ… മോള്…. മോള് വായോ…  "

 

 

 

ഗേറ്റിനു പുറത്തും വണ്ടികൾ പാർക്ക്‌ ചെയ്തിട്ടുണ്ട്…. അപ്പച്ഛന്റേം അമ്മച്ചിയുടെയും കുടുംബക്കാർ തന്നെ ഒരു ലോഡ് ഉണ്ട്. പിന്നെ നാട്ടുകാർ, കൂട്ടുകാർ അങ്ങനെയങ്ങനെ….

 

 

 

നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ് ആൽവിച്ചൻ…. നാട്ടിലുള്ള സമയത്ത് എന്ത് ആവശ്യം വന്നാലും ഓടിയെത്തും… പ്രായഭേദമന്യേ എല്ലാവരോടും കൂട്ടാണ്… ഒരു പെരുന്നാളിനുള്ള ആളുകൾ ഉണ്ടവിടെ…

 

 

പക്ഷെ ഒരു കല്യാണവീടിന്റെതായ ബഹളങ്ങളോ ഒച്ചപ്പാടൊ ഒന്നുമില്ല. വെള്ളയും ചുവപ്പും ഇടകളർന്ന പന്തലിനിനുള്ളിലും പുറത്തുമായിട്ടാണ് ആളുകൾ നിനൽക്കുന്നത്….

 

 

തന്റെ ഇണയുടെ സാമിപ്യമറിഞ്ഞ ആമിയുടെ ഹൃദയം പൂർവധികം ശക്തിയോടെ മിടിക്കാൻ തുടങ്ങി… പ്രണയം ഹൃദയത്തിന്റെ ഭാഷയിലെ മറുപടി കിട്ടാത്തതിനാൽ കണ്ണുകൾ അതിന്റെ ഉടമസ്ഥനെ തേടി പോയി…

 

 

റിസെപ്ഷനു വേണ്ടി കെട്ടിയുയർത്തിയ സ്റ്റേജിൽ നിന്നും കുന്തിരിക്കത്തിന്റെ വാസന ഉയരുന്നുണ്ടായിരുന്നു. നടുവിൽ അല്പം സ്ഥലം ഒഴിച്ചിട്ടിരിക്കുന്നതും അതിനടുത്തായി നിൽക്കുന്നവരിൽ തനിക്ക് പരിചയമുള്ള ഒരുപാട് മുഖങ്ങളെയും കണ്ടു…കാത്തിരുന്ന ഒന്നൊഴികെ...

 

 

ഇന്നലെ പെയ്ത മഴയുടെ ശേഷിപ്പെന്ന പോലെ മരങ്ങൾ ഒളിപ്പിച്ചുവച്ച വെള്ളത്തുള്ളികളെ പുറത്തേക്ക് ഒഴുക്കുന്ന തിരക്കിലാണ്… നിറയെ പൂത്ത മുല്ല തലേന്നത്തെ ജലപ്രവാഹത്തിൽ മൃതിയടിഞ്ഞു മുല്ലച്ചെടിയുടെ താഴെ ആരെയോ കാത്ത് നിൽക്കുന്നുണ്ടായിരുന്നു….ചുറ്റും കൂടിയ ആളുകളുടെ മനം പോലെ പ്രകൃതിയും വിറങ്ങലിച്ചിരുന്നു…

 

 

ആമിയേ കണ്ടപാടേ മുറ്റത്തു നിന്ന ആളുകൾ പതിയെ വകഞ്ഞു മാറി… കാത്തിരുന്ന എന്തോ ഒന്നിന്റെ സാമിപ്യമറിഞ്ഞെന്ന പോലെ അവളുടെ ശരീരം ആളുകൾ ഒഴിഞ്ഞുമാറിതന്ന വഴിയിലൂടെ നീങ്ങി… കുന്തിരിക്കത്തിന്റെയും പേരറിയാത്ത ഏതൊക്കെയോ പൂക്കളുടെയും സുഗന്ധം തന്നെ പൊതിയുന്നത് അവൾ അറിഞ്ഞു…

 

 

യാന്ത്രികമായി, ചെറുതായി ഉയർത്തിക്കെട്ടിയ സ്റ്റേജിൽ സ്ഥാപിച്ച  വലിയ ഐസ്പ്പെട്ടിക്കടുത്തെത്തിയപ്പോൾ പരസ്പരം പ്രണയിക്കുന്ന ആ രണ്ടു ഹൃദയങ്ങളുടെ സംഗമത്തിനായി സാക്ഷ്യം വഹിക്കാൻ നിന്ന പ്രകൃതി പോലും വിങ്ങിപ്പൊട്ടി…

 

 

തന്റെ പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ അലമുറയിട്ട ആ മനസ്സിനെ സമധാനിപ്പിക്കാൻ എന്നാ വണ്ണം മഴത്തുള്ളികൾ  അവളുടെ ശരീരത്തിൽ വീണു ചിന്നിച്ചിതറുമ്പോഴും അവളുടെ കണ്ണുകൾ കണ്ണടച്ചു ശാന്തമായി ഉറങ്ങുന്ന ആ മുഖത്തായിരുന്നു….

 

 

തനിക്കായി മാത്രം പ്രണയം വിരിയുന്ന നിറയെ പീലിയുള്ള കണ്ണുകൾ പൂട്ടിവച്ചിരിക്കുന്നു… കുസൃതി കാണിക്കുമ്പോൾ കുഞ്ഞുകടി കൊടുക്കുന്ന ആ മൂക്കിൻതുമ്പ് പഞ്ഞി വച്ചടച്ചിരിക്കുകയാണ്…  പ്രണയത്തിന്റെ മൂർദ്ധാന്ന്യാവസ്ഥയിൽ തന്റെ നെറ്റിത്തടത്തിലും കണ്ണുകളിലും ചുംബനം കൊണ്ട് മാന്ത്രികത സൃഷ്ടിക്കുന്ന  ആ ചുണ്ടുകളിൽ ഇപ്പോഴും മായാതെ ഒരു കുഞ്ഞു പുഞ്ചിരി തനിക്കായി മാത്രം ഒളിപ്പിച്ചുവച്ചിട്ടുണ്ടോ… 

 

 

ആളുകളുടെ മുറുമുറുപ്പുകൾ ആർത്തിരമ്പുന്ന മഴയുടെ കണ്ണീരിൽ ഒഴുകിപ്പോയപ്പോൾ ട്രീസ്സയുടെയും അന്നയുടെയും കാർത്തുവിന്റെയും കരച്ചിലിന്റെ ശബ്ദം അവിടെ ഉയർന്നുകേട്ടു…

 

 

തന്റെ പ്രിയപ്പെട്ടവന്റെ സാമിപ്യമറിഞ്ഞിട്ടും കാലുകൾ കെട്ടിയിട്ടപോലെ നിനക്കുന്ന ആമിയിലായിരുന്നു അവിടെ നിന്ന പലരുടെയും കണ്ണുകൾ… ജാതിയുടെയും മതത്തിന്റെയും അതിരുകൾ ഇല്ലാതെ ചിത്രശലഭങ്ങളെപോലെയുള്ള അവരുടെ പ്രണയം അവരെ അറിയാവുന്ന ഓരോ മനസിനും സുപരിചിതമായിരുന്നു….

 

 

ആ വൃശ്ചിക പുലരിയിലെ ഇളംകാറ്റ് ചെറുതായി നനഞ്ഞ അവളുടെ ശരീരത്തെ പുണർന്നു ആശ്വസിപ്പിക്കാൻ ഒരു ശ്രമം നടത്തി… ആ കുളിരിൽ തന്റെ പ്രിയപ്പെട്ടവൻ ഒരു പുതപ്പായി തന്നെ വരിഞ്ഞുമുറുക്കിയെങ്കിൽ എന്നവൾ ആഗ്രഹിച്ചു…

 

 

അടുത്ത ചുവടു വയ്ക്കാനൊരുങ്ങവേ കണ്ണിൽ ഇരുട്ടുകയറി നിലത്തേക്ക് ഊർന്നുപോകുമ്പോഴും സഹോദരന്റെ കൈകൾ വന്നു താങ്ങി നിർത്തുമ്പോഴും ആ കണ്ണുകൾ തന്റെ പ്രാണനായവന്റെ ചേതനയറ്റ രൂപം കാണാൻ കഴിയില്ലെന്നപോലെ അടഞ്ഞുപോയിരുന്നു…

 

 

💫💫💫💫💫💫💫💫💫💫💫💫💫💫💫

 

 

 

പ്രാർത്ഥനയുടെ അവ്യക്തമായ ശബ്ദവീചികൾ കാതിൽ മുഴങ്ങി…. കണ്ണുതുറന്നപ്പോൾ ഒരു കൈ തന്നെ നെഞ്ചോട് ചേർത്തുപിടിച്ചിരുന്നതായി കണ്ടു… ബാൻഡേജ് ചുറ്റി നിറയെ പോറലുമൊക്കെയായി തനിക്ക് പരിചിതമായ ഒരു കൈ… ദൂരെയെങ്ങോടോ നിർവികരതയോടെ നോക്കി ഇരിക്കുന്ന ആ മുഖം കണ്ടപ്പോൾ ഉള്ളിൽ ഉള്ള വേദന കരച്ചിൽചീളുകളായി പുറത്തുവന്നു….

 

 

 

വിശ്വേട്ടൻ… ഒരേ ഗർഭപാത്രത്തിൽ ജനിച്ചില്ലെങ്കിലും ഈ നിമിഷം വരെ തന്റെ കൂടപ്പിറപ്പായവൻ….

 

 

ഇറഹൃദയങ്ങളും തങ്ങൾക്കു പ്രിയപ്പെട്ട ഒരുവന്റെ വിയോഗത്താൽ മൗനമായി അലറികരഞ്ഞുകൊണ്ടിരുന്നു…. അവരുടെ ജീവനും ജീവിതവും... 

 

 

പ്രാർത്ഥനാഗാനങ്ങൾ അതിന്റെ പരിസമാപ്തിയിൽ എത്തിക്കൊണ്ടിരുന്നു… ക്രൂശിലേറിയ കർത്താവിനു കീഴെ അവൻ തന്റെ അവസാന യുദ്ധവും വിജയിച്ച സന്തോഷത്തിൽ ഒരു നീണ്ട ഉറക്കത്തിലേക്ക് യാത്രായിരുന്നു….

 

 

ആരും ആരെയും ശ്രെദ്ധിച്ചിരുന്നില്ല… അച്ഛന്റെ പ്രാർത്ഥനയും ചരമഗീതത്തിന്റെ താളവും പുകഞ്ഞുകൊണ്ടിരുന്ന കുന്തിരിക്കത്തിന്റെ ഗന്ധവും ഇടയ്ക്കിടെ ഉയരുന്ന ട്രീസ്സയുടെ കരച്ചിൽചീളുകളും… കുഞ്ഞുനോവ അവന്റെ ചാച്ചന്റെ കയ്യിൽ തോണ്ടി എഴുന്നേൽപ്പിക്കാൻ ശ്രെമിക്കുന്നുണ്ട്…. അവസാനം കൂട്ടുവെട്ടി അവൻ അവന്റെ അമ്മയുടെ അടുത്ത് ചെന്ന് മുഖം വീർപ്പിച്ചിരുന്നു…

 

 

നീണ്ട പ്രാർത്ഥനകൾക്കൊടുവിൽ നാലുകൈകൾ വന്നു ആൽവിനെ വഹിക്കുന്ന ആ പെട്ടി വന്നു ഉയർത്തി… ആമിയെ സുരക്ഷിതമായി അമ്മയുടെ കയ്യിൽ ഏൽപ്പിച്ചശേഷം വിശ്വയും ഭാര്യസാഹോദരൻ എന്നതിലുപരി ആൽവിയെ സഹോദരനും സുഹൃത്തായും കാണുന്ന ജോർജുമായിരുന്നു മുന്നിൽ നിന്നത്…. കൂടെ നാട്ടിലെ ഒരുപറ്റം ചെറുപ്പക്കാരും…. 

 

അതിൽ കൊന്തയിട്ടവരും കുറിതൊട്ടവരും നിസ്കാരതഴമ്പുള്ളവരും ഉണ്ടായിരുന്നു… തങ്ങളുടെ നാടിനുവേണ്ടി പൊരുതി മൃത്യുവടിഞ്ഞ സുഹൃത്തിന്റെ അവസാന യാത്രയയപ്പിന്റെ ചിന്തയിൽ അവരിൽ അതൊന്നും അലട്ടിയിരുന്നിനില്ല…

 

"ഞാൻ മരിച്ചാൽ നീ കരയുവോടി പെണ്ണെ…"

 

 

മറവിയുടെ ആഴങ്ങളിലേക്ക് പോയിരുന്ന ആ ചോദ്യം അവളുടെ കാതിൽ മുഴങ്ങിക്കേട്ടു … 

 

ആമിയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു…. ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു… വിറങ്ങലിച്ച കൈകൾ കൊണ്ട് അവൾ തന്റെ പ്രിയപ്പെട്ട  യോദ്ധാവിനെ സല്യൂട്ട് ചെയ്തു…

 

ജീവനറ്റ അവന്റെ ശരീരത്തെ പുതപ്പിച്ച ത്രിവർണ്ണ പതാകയെ മടക്കി ട്രീസ്സയുടെ കൈകളിൽ ഏൽപ്പിക്കാൻ തുടങ്ങിയപ്പോൾ അവർ കണ്ണീരുപടർന്ന കൈകൾ കൊണ്ട് അത് തടഞ്ഞു… ആമിയേ അവർക്കരികിലേക്ക് നീക്കി നിർത്തി അത് വാങ്ങാൻ മൗനമായി മൊഴിഞ്ഞു… അവന്റെ ഗന്ധമുള്ള ആ പതാകയെ അവൾ നെഞ്ചോടു ചേർത്തുപിടിച്ചു...

 

 

പള്ളിമുറ്റത്തു  ആചാരവെടി മുഴങ്ങികേട്ടു… ഉയർന്ന ഉദ്യോഗസ്ഥരുൾപ്പടെ തങ്ങളുടെ കൂട്ടത്തിലെ ആ വീരഭടനെ ഒന്നടങ്കം സല്യൂട്ട് ചെയ്തു….

 

 

മുല്ലപ്പൂക്കൾ കൊണ്ട് അലങ്കരിച്ച സുഗന്ധം വമിക്കുന്ന ആ പെട്ടിയിൽ അവൻ ശാന്തമായി ഉറങ്ങുകയാണ്… കല്ലറയിലേക്ക് എടുക്കപ്പെട്ട അവന്റെ വിരിഞ്ഞ നെറ്റിയിൽ ഓരോരുത്തരായി അന്ത്യചുംബനം അർപ്പിച്ചു… താൻ ജന്മം നൽകിയ പുത്രന്റെ ചലനമറ്റ ശരീരത്തിൽ സ്പർശിക്കുമ്പോൾ ട്രീസ്സയുടെയും ജോണിന്റെയും മനം വിങ്ങുന്നുണ്ടായിരുന്നു…. ജന്മം കൊടുത്തില്ലെങ്കിലും അവനെ മകനായി സ്വീകരിച്ച ദേവന്റെയും കാർത്തുവിന്റെയും… വർഷങ്ങളോളം തനിക്ക് സ്നേഹവും വാത്സല്യവും നൽകിയ ചേട്ടൻ ഇനിയില്ല എന്നാ ഓർമ്മയിൽ അന്നയുടെ ഉള്ളം വിറച്ചു… ജോർജിയുടെ കരങ്ങൾ അവളെ സമാധാനിപ്പിക്കാനായി തലോടുന്നുണ്ടായിരുന്നു….കാര്യമൊന്നും മനസിലായില്ലെങ്കിലും കുഞ്ഞു നോവയും അവനായി അന്ത്യചുംബനം അർപ്പിച്ചു…

 

 

ആമിയുടെ കരങ്ങൾ ആ പതാകയെ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു… ചുറ്റുമുള്ളവർ അവളെ സഹതാപത്തോടെ നോക്കുന്നതൊന്നും അവൾ ശ്രെദ്ധിക്കുന്നുണ്ടായില്ല… പണ്ടെങ്ങോ അവനു നൽകിയ വാക്ക് പൂർത്തീകരിക്കാനുള്ള ശ്രമത്തിലായിരുന്നു അവൾ… വിതുമ്പുന്ന ചുണ്ടുകളോടെ അവനെ ചുംബിക്കുമ്പോൾ ആ കരങ്ങൾ അവളെ ഒന്ന് ചേർത്തുപിടിച്ചിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു… രണ്ടുതുള്ളി കണ്ണുനീർ ആ നെറ്റിയിൽ പതിച്ചു… അവളുടെ ചുണ്ടുകൾ അടർന്നു മാറിയപ്പോൾ അവന്റെ ആധരങ്ങളിൽ കൂടുതൽ പ്രകാശത്തോടെ തിളങ്ങിയെന്നവൾക്ക് തോന്നി… ആ കണ്ണുകൾ തുറക്കാൻ ഒരു വിഫലശ്രമം നടത്തുന്നുണ്ടോ… ഉണ്ടാവും… തന്റെ പ്രിയപ്പെട്ട ആ നെഞ്ചിടിപ്പിന്റെ താളം ഒന്നുകൂടി കേട്ടിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു….

 

 

ചടങ്ങുകൾക്ക് ശേഷം കുന്തിരിക്കം കൊണ്ട് പുകച്ച കുഴിമാടത്തിലേക്ക് അവനെ വഹിക്കുന്ന ആ പെട്ടി ഇറക്കി വച്ചു… വെള്ള ലില്ലിപ്പൂക്കളും പനിനീർപ്പുഷ്പങ്ങളും അവനു അകമ്പടി സേവിച്ചു… ഭൂമിയിലെ ഓരോ മനുഷ്യന്റെയും അവസാനത്തെ അവകാശമായ ആ ആറടി മണ്ണും അവൻ സ്വന്തമാക്കി…

 

 

💫💫💫💫💫💫💫💫💫💫💫💫💫💫💫

 

 

 

In Loving Memory of

 

 

Major ALWIN THERESSA JOHN

Born : 25/08/1996

Died : 15/11/2020

 

 

"Either I will come back after hoisting the Tricolour,

 

 

or I will come back wrapped in it."

 

 

നീണ്ട നാൽപ്പത് നാളുകൾ… നാടെങ്ങും ദൈവപുത്രന്റെ പിറവിയുടെ സുവിശേഷം പാടുന്ന പുലർക്കാലം…

 

 

 

നീണ്ട മണിക്കൂറുകൾ നിറഞ്ഞ പ്രാർത്ഥനകൾക്കൊടുവിൽ ആളുകൾ പതിയെ പോയിത്തുടങ്ങി… ചിലർ ജോണിനരികിൽ ചെന്ന് ഉപചാരം അർപ്പിച്ചു… കുടുംബക്കാർ പ്രാർത്ഥനയ്ക്കായി പള്ളിയിലേക്ക് പോയശേഷം ആമിയും വിശ്വയും മാത്രം അവിടെ അവശേഷിച്ചു….

 

 

മനസുകൊണ്ടുള്ള അവരുടെ സംസാരങ്ങൾക്കിടയിൽ ശല്യമാവാതെ വിശ്വ അവൾക്കരികിൽ നിന്നു മാറിനിന്നു…

 

 

മഞ്ഞുതുള്ളി ഇറ്റിറ്റു വീഴുന്ന ഒരുകെട്ട് പനിനീർപ്പൂക്കൾ… അതിൽ പ്രണയത്തിന്റെ ഗന്ധമുണ്ടായിരുന്നു … വിരഹത്തിന്റെ മുള്ളുകളും…  മൗനമായുള്ള പ്രാർത്ഥനകൾക്കും അവനോടുള്ള വർത്തമാനങ്ങൾക്കുമൊടുവിൽ അവന്റെ പേര് കൊത്തിയ ആ മാർബിൾ തറയിൽ അവൾ ആ പൂക്കൾ വച്ചു…

 

 

" ദേവൂട്ടി… "

 

 

വിശ്വേട്ടൻ… വാത്സല്യം നിറഞ്ഞ ആ വിളിയിൽ ഒരേട്ടന്റെ ആധി നിറഞ്ഞ സ്വരം കേൾക്കാമായിരുന്നു… 

 

 

 

 

" നിനക്കായി പണികഴിപ്പിച്ചതാണ്… പ്രതീക്ഷ നഷ്ടപ്പെടുമ്പോഴൊക്കെ അവൻ ഇത് കയ്യിൽപിടിച്ചു പുഞ്ചിരിക്കുന്നത് കാണാം… "

 

 

ആ പുഞ്ചിരി തൂകുന്ന മുഖം ഓർത്തപ്പോൾ ഇരുവരുടെയും ആധരങ്ങളിളിലും ആ ചിരി പടർന്നിരുന്നു… നിമിഷനേരത്തെക്കാണെങ്കിൽ കൂടി…

 

 

" നിങ്ങളുടെ കല്യാണത്തിന് ഒരാഴ്ച മുമ്പ് അവിടുത്തെ ഡ്യൂട്ടി കഴിഞ്ഞതാ… പക്ഷെ ആരും നിനച്ചിരിക്കാത്ത സമയത്തായിരുന്നു ശത്രുക്കളുടെ ആക്രമണം….

 

എവിടെയാണെന്ന് പോലും അറിയാതെ ആ ഒരാഴ്ച…. അവരുടെ പിടിയിൽ…

 

മീഡിയക്കൊക്കെ അതൊരു സ്ഥിരം വാർത്ത…. കീറി മുറിച് അവർ ഓരോന്നു ചോദിക്കുമ്പോഴും മനസ്സ് മരവിച്ചിരുന്നു… എന്തൊക്കെയാ ഇവിടെ ഉണ്ടായെന്നു പോലും അറിയില്ല… ആൽവി ഒറ്റ ഒരാളുടെ ധൈര്യത്തിലാ ഞങ്ങൾ രക്ഷപെട്ടതുപോലും…. രക്ഷപ്പെടാനുള്ള പഴുതുകൾ ഓരോന്നടയുമ്പോഴും അവൻ പറയും നീ അവിടെ കാത്തിരിക്കണ്ടെന്ന്… അവസാന ആളെയും രക്ഷപ്പെടുത്തിയിട്ട അവൻ അവനെക്കുറിച്ചുപോലും ഓർത്തൊള്ളൂ… പക്ഷെ….. "

 

 

അനുവാദമില്ലാതെ കടന്നുവന്ന കണ്ണീർതുള്ളിയെ അവൻ തുടച്ചുനീക്കി…

 

 

" എന്റെ കയ്യിൽ കിടന്നാ … കൂടെപ്പിറന്നില്ലെങ്കിലും എന്റെ കൂടപ്പിറപ്പല്ലെടി അവൻ… അപ്പോഴും അവന്റെ കയ്യിൽ ഈ താലി ഉണ്ടായിരുന്നു… നിന്നെ ഏൽപ്പിക്കാൻ…."

 

 

 

💫💫💫💫💫💫💫💫💫💫💫💫💫💫💫

 

 

 

 

" ദേവുമ്മ എന്തിനാ കയ്യണേ… "

 

 

 

കുഞ്ഞി കൈകൾ കൊണ്ട് ചക്കി അവളുടെ കണ്ണുകൾ തുടച്ചുകൊടുത്തു…

 

 

"അമ്മ കരഞ്ഞില്ലാലോ…. "

 

 

"ദേവുമ്മ കള്ളം പറയാ…. അപ്പ പയഞ്ഞിട്ടുണ്ടല്ലോ ബാഡ് ഗേൾസാ കള്ളം പയയാന്ന്…  ദേവുമ്മ ഗുഡ് ഗേളല്ലേ… "

 

 

കണ്ണിറുക്കികൊണ്ട് അവൾ പറഞ്ഞു…. 

 

 

"കുറുമ്പി…. "

 

 

അവൾ ഒന്ന് ചിരിച്ചിട്ട് ചക്കിയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു…

 

 

കടൽക്കര ശൂന്യമായികൊണ്ടിരുന്നു… സൂര്യന്റെ അവസാനകിരണവും അകന്നിരുന്നു… നിലാവിന്റെ ശീതളതയിൽ അവളുടെ നീളൻ മുടിയിഴകൾ ദിശയറിയാതെ എങ്ങോ പാറിനടന്നു…

 

 

ആൽവിച്ചന്റെ സാമിപ്യമില്ലാത്ത മൂന്നു വർഷം… അന്ന് വിശ്വേട്ടന്റെ കയ്യിൽ നിന്നും ആൽവിച്ചൻ തനിക്കായി പണികഴിപ്പിച്ച താലിമാലയായിരുന്നു മുന്നോട്ടുള്ള ജീവിതത്തിന്റെ വഴികാട്ടി… നെഞ്ചോടുചേർന്നു കിടക്കുന്ന ആ മാല അവൾ കയ്യിലെടുത്തു….

 

 

"ആമിക്കൊച്ചേ…"

 

 

ചെവിക്കരികിൽ ആ സ്വരം… രോമറാജികൾ എഴുന്നേറ്റുനിന്നു… പ്രണയപരവശയായി പൂർണ്ണചന്ദ്രന്റെ പ്രഭാവത്താൽ ആഞ്ഞുവീശുന്ന തിരമാല പോലെ

 

പ്രിയപ്പെട്ടവനെ പുൽകാനായി അവൾ കൊതിച്ചു… 

 

 

ചക്കിമോളുടെ കയ്യടിശബ്ദമായിരുന്നു ആ സങ്കല്പലോകത്തുനിന്ന് അവളെ തിരികെ എത്തിച്ചത്…

 

 

 

ദ്യുതി  എന്ന ചക്കിമോൾ… ആൽവിച്ചന്റെ കല്ലറയ്ക്കരികിൽ ആരോ ഉപേക്ഷിച്ചതായിരുന്നുവളെ… അന്നത്തെ ആ ക്രിസ്മസ് പുലരിയിൽ ഒരു തുണിക്കെട്ടിനുള്ളിൽ സുഖമായി ഉറങ്ങുന്ന കുഞ്ഞിപ്പെണ്ണ്…

 

 

പള്ളിവക അനാഥലയത്തിൽ ഏൽപ്പിച്ചെങ്കിലും എന്നും ആൽവിച്ചനെ കാണാൻ പോകുമ്പോൾ അവളെയും കൂടെ കാണും… എന്തോ ഒരു ആത്മബന്ധം തങ്ങളെ കൂടിച്ചേർക്കാറുള്ളതുപോലെ തോന്നിയിരുന്നു…

 

 

ആൽവിച്ചൻ ഇല്ലാത്ത ലോകത്ത് ജീവിക്കാൻ കഴിയില്ലെന്ന തോന്നലിൽ നിന്നും തന്നെ മുക്തമാക്കാറുള്ളത് ആ കുഞ്ഞിപ്പെണ്ണിന്റെ ചിരിയിലായിയുന്നു… തന്റെ ആരോ ആണെന്ന തോന്നലിലാലാണ് അവൾക്ക് രണ്ടുമാസം പ്രായമായപ്പോൾ തന്റെ മകളായി ഏറ്റെടുത്തത്…

 

 

പേരുപോലെതന്നെ തന്റെ ജീവിതത്തിൽ പ്രതീക്ഷയുടെ പുലർക്കാലം വിരിച്ചവൾ… താൻ അവളുടെ ദേവുമ്മയാണ്… ആൽവിച്ചൻ പപ്പയും… 

 

 

ജന്മം നൽകിയില്ലെങ്കിലും താൻ ഒരു അമ്മയാണ്… സ്വന്തമാക്കാനായില്ലെങ്കിലും താൻ ഒരു പ്രണയിനിയാണ്…

 

 

കാലമെത്ര കഴിഞ്ഞാലും മരണം വന്നു പുൽകിയാലും നിങ്ങളോടുള്ള എന്റെ പ്രണയം അവസാനിക്കില്ല ഇച്ചായാ..

 

 

ഈ ജന്മം മാത്രമേ എനിക്ക് നിങ്ങളെ നഷ്ടമായുള്ളു… വരുംജന്മങ്ങളിൽ ഞാൻ നിനക്കായും  നീ എനിക്കായും പിറവിയെടുക്കും…

 

 

അന്ന് നിലാവിൻ്റെ മായാജാലത്തിൽ നിദ്രയെ  തഴുകിടുന്ന ഭൂമിയെ നാം ഇരുവർക്കും  ഒരുമിച്ച് തഴുകണം…..

 

ആ രാത്രിയിൽ മധുരസ്വപ്നങ്ങളുടെ മാസ്മരിക ശോഭയോടെ ഞാൻ നിന്നിൽ അലിഞ്ഞ് ചേരും….

വികാരങ്ങൾക്ക് അപ്പുറം ഉള്ള ലോകത്ത് നമ്മൾ പ്രണയത്തിലാകും…..

രാത്രിയെ സ്വന്തമാക്കിയ നിലാവിനെ പോലെ…

പടി വാതിൽക്കൽ പൂത്ത് നിൽക്കുന്ന പനിനീർ പൂക്കളെ നാണിപ്പിക്കും വിധം

എൻ കവിളിണകളിലെ കള്ള ചുവപ്പിനെ നിന്നധരങ്ങൾ കൊണ്ട് മുത്തിയെടുകുമ്പോൾ…

വീണ്ടും വീണ്ടും ആഗ്രഹിക്കാൻ തക്കവണ്ണം നിൻ ചുടൂചുംബനത്തിൽ ഒളിപ്പിച്ചു വെച്ച മായാജാലത്തെ ഞാൻ തേടും …..

 

അന്ന് കാത്തിരിപ്പിന്റെ വേദനകൾ മാഞ്ഞു പോകും….നിന്റെ മാത്രം സഖിയായി ഞാൻ മാറും...