Aksharathalukal

പുതുനാമ്പ്

ആമുഖം
ഞാൻ ഒരു ചെറിയ കഥ എഴുതിയിട്ടുണ്ട്. അത് വായിക്കുന്നതിനു മുമ്പ് എല്ലാവരും ഇതൊന്നു വായിക്കണം. വിവാഹം കഴിഞ്ഞു ചെല്ലുന്ന പെൺകുട്ടി ഒൻപതാം മാസത്തിൽ പ്രസവിച്ചാൽ അവൾക്കു അവിഹിതം, ഭർത്താവ് വിദേശത്തോ മറ്റോ ആയിരുന്നിട്ട് നാട്ടിൽ എത്തി ഒൻപതാം മാസത്തിൽ ഭാര്യ പ്രസവിച്ചാൽ അവിടെയും ചില വിവരദോഷികൾ (അങ്ങനെ തന്നെയാണ് അവരെ പറയേണ്ടത് ) പറയും ഭർത്താവ് വന്നിട്ട് പത്തു മാസം പോലും ആയില്ല അതിനു മുമ്പേ അവൾ പ്രസവിച്ചു. കല്യാണം കഴിഞ്ഞു മൂന്നാല് വർഷായിട്ടും കുട്ടികൾ ആയില്ലെങ്കിൽ അവൾ മച്ചി അല്ലെങ്കിൽ പ്രസവിക്കാൻ കഴിയാത്തവൾ. പിന്നെ വേറൊരു കൂട്ടർ ഉണ്ട് ഒന്നുകിൽ ആൺകുട്ടികൾ മാത്രമേയുള്ളെങ്കിൽ അവൾക്കു പെൺകുഞ്ഞിനെ പ്രസവിക്കാനുള്ള കഴിവില്ല, പെൺകുഞ്ഞുങ്ങളേയുള്ളുവെങ്കിൽ അവൾക്ക് ആൺകുട്ടികളെ പ്രസവിക്കാൻ കഴിവില്ല. അങ്ങനെയുള്ളവരുടെ അറിവിലേക്ക്. ഒരാൾക്ക് ആൺകുട്ടിയോ പെൺകുട്ടിയോ ജനിക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഭർത്താവിനുള്ളതാണ്, ഭർത്താവിന്റെ ക്രോമോസോമിൽ വരുന്ന മാറ്റങ്ങളാണ്.
 
ഇങ്ങനെയൊക്കെ പറയുന്ന വിവരമില്ലായ്മ അലങ്കാരം ആയി കൊണ്ടു നടക്കുന്നവർക്ക് വേണ്ടിയാണു എന്റെ കഥയുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ആമുഖം.
ഒരു സ്ത്രീ ഗർഭം ധരിച്ചു പൂർണ വളർച്ചയുള്ള ഒരു കുഞ്ഞിനെ പ്രസവിക്കാൻ എടുക്കുന്ന സമയം എന്നു പറയുന്നത് ഒൻപത് മാസവും ഏഴു ദിവസവും ആണ് ചിലർക്ക് ഒന്നോ രണ്ടോ ആഴ്ച്ച അങ്ങോട്ടോ ഇങ്ങോട്ടോ പോയേക്കാം. ഈ ഒൻപത് മാസം ഏഴു ദിവസം എന്നു പറയുന്നത് ആ സ്ത്രീയുടെ അർത്തവദിനത്തിന്റെ ആദ്യദിനംമുതൽ ആണ് കണക്കു കൂട്ടുന്നത്. ആർത്തവത്തിന്റെ പതിനാലാമത്തെ ദിനത്തിൽ (10-18) ആണ് ഗർഭധാരണം നടക്കാനുള്ള സാധ്യത കൂടുതൽ. അപ്പോൾ പറഞ്ഞു വന്നത് എന്താണെന്നു വച്ചാൽ വിവാഹം കഴിച്ചു കൊണ്ടു വരുന്ന  പെൺകുട്ടി ഒൻപതാം മാസത്തിൽ പ്രസവിച്ചു എന്നു കരുതി അവൾ വഴി പിഴച്ചവൾ ആകണമെന്നില്ല. വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തി ഒൻപതാം മാസത്തിൽ ഭാര്യ കുഞ്ഞിന് ജന്മം നൽകി എന്നു കരുതി അവളും മോശക്കാരിയാകണമെന്നില്ല. എന്നു കരുതി കൊള്ളരുതായ്മ ചെയ്യുന്നവരെ പിന്തുണയ്ക്കാനുള്ള പോസ്റ്റ്‌ അല്ല എന്റേത്(അങ്ങനെയുള്ളവരും ഉണ്ടായേക്കാം ).പക്ഷേ യാതൊരു തെറ്റും ചെയ്യാതെ പഴി കേൾക്കേണ്ടി വരുന്ന പെൺകുട്ടികൾക്ക് വേണ്ടി. അല്ലെങ്കിൽ ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് കൂടുതൽ ധാരണയില്ലാത്ത ഒരാൾക്കെങ്കിലും തിരിച്ചറിവുണ്ടാകുമെങ്കിൽ അതിനു വേണ്ടിയാണു ഞാനിത്രയും എഴുതിയത്
നന്ദി 🙏
 
ഇനി എന്റെ ഒരു ചെറിയ കഥയിലേക്ക്😊
 
പുതുനാമ്പ്
 
പ്രവാസിയായ രമേശന്റെയും രാധികയുടെയും വിവാഹം കഴിഞ്ഞിട്ട് നാലു വർഷമാകുന്നു.  ഇക്കാലത്തിനിടയിൽ രമേശൻ നാട്ടിലുണ്ടായിരുന്നത് ആകെ മൂന്നു മാസം മാത്രം. എങ്കിലും നാട്ടുനടപ്പനുസരിച്ചു അയലോക്കത്തിലെ പെണ്ണുങ്ങളുടെ കുശുകുശുപ്പിനും ചോദ്യങ്ങൾക്കും ഒരു കുറവുമില്ലായിരുന്നു. പെണ്ണിനിതുവരെ വിശേഷമൊന്നുമായില്ലേ ജാനകിയേച്ചിയെ, കല്യാണം കഴിഞ്ഞിട്ട് മൂന്നാല് വർഷായില്ലേ, ഇനിയിപ്പോ എന്തെങ്കിലും കുഴപ്പമാകുമോ ഇങ്ങനെയിങ്ങനെ പോകുന്നു ചോദ്യശരങ്ങൾ  ആദ്യമാദ്യം ജാനകി അതിനു ചെവികൊടുക്കില്ലായിരുന്നു. മൂന്നാം തവണയും രമേശൻ വന്നു പോയിട്ടും കുട്ടിക്ക് വിശേഷമൊന്നുമില്ലേ എന്ന നാട്ടുകാരുടെ ചോദ്യങ്ങളുടെ മുൻപിൽ ജാനകിക്ക് ഉള്ളിൽ തന്റെ മകന്റെ ഉണ്ണിയെ താലോലിക്കാൻ കഴിയാത്തതിന്റെ  വിഷമമുണ്ടെങ്കിലും തന്നെയും രാമേട്ടനേയും സ്വന്തം അച്ഛനമ്മമാരെ പോലെ ഒരു കുറവും വരാതെ നോക്കുന്ന രാധികയുടെ സങ്കടം കാണാൻ ആ അമ്മയ്ക്ക്  കഴിയില്ലായിരുന്നു.
 
 അതിനൊക്കെ ഒരു സമയമുണ്ട് ശാന്തേ.. എന്നു വേലിക്കൽ നിന്നു കുശലം ചോദിച്ച  ശാന്തയോട് പറഞ്ഞിട്ട് കഴുകികഴിഞ്ഞ പത്രങ്ങളുമായി ജാനകിയമ്മ  ഉള്ളിലേക്ക് പോയി. അടുക്കളയുടെ ഒരു കോണിൽ  നിന്നു വിങ്ങുന്ന രാധികയെ അവർ കണ്ടു. അവളെ ചേർത്തുപിടിച്ചു കൊണ്ട് അവർ പറഞ്ഞു മോളു വിഷമിക്കാതെ നമ്മുടെ പ്രാർത്ഥന ഈശ്വരൻ കേൾക്കാതിരിക്കില്ല. രാധിക മുറിയിലേക്കു പോയപ്പോൾ ആ അമ്മ സ്വഗതമെന്നോണം പറഞ്ഞു പാവം കുട്ടി ഒരുപാട് നീറുന്നുണ്ട് അതിന്റെ ഉള്ള്.
 
  രമേശന്റെ കഴിഞ്ഞ വരവിൽ പട്ടണത്തിലെ മുന്തിയ ആശുപത്രിയിൽ പരിശോധനകൾ എല്ലാം നടത്തിയിരുന്നു രണ്ടാൾക്കും കുഴപ്പങ്ങളൊന്നുമില്ലെന്നാണ് പരിശോധനഫലങ്ങൾ നോക്കിയിട്ട് ഡോക്ടർ പറഞ്ഞത്. രണ്ടുപേരും അഞ്ചാറ് മാസമെങ്കിലും ഒരുമിച്ചു നിൽക്കാതെ അതിനുള്ള ചികിത്സകളുടെയും ആവശ്യമില്ലാത്രെ.
 
ചെറിയ വരുമാനം മാത്രമുള്ള രമേശന് രാധികയെ കൂടെ കൊണ്ടുപോകാൻ കഴിയില്ല, വീട്ടിലെ പ്രാരാബ്ദങ്ങൾ കാരണം ഉള്ള ജോലി വിട്ടു നാട്ടിൽ വന്നു നിൽക്കാനും കഴിയില്ല.
 
ജാനകിയുടെയും  രാമൻനായരുടെയും നാലു മക്കളിൽ മൂത്തവനാണ് രമേശൻ. സ്കൂൾ തലത്തിൽ പഠനത്തിലും പഠനേതിരിനങ്ങളിലും മിടുക്കനായിരുന്ന രമേശൻ വീട്ടിലെ ബുദ്ധിമുട്ട് കാരണം പത്താം തരത്തിൽ പഠിപ്പ് നിർത്തി അച്ഛനെ കൃഷിയിൽ സഹായിക്കാനിറങ്ങി. കൃഷിയിൽ നിന്നു വലിയ വരുമാനമൊന്നുമില്ലാതെ വന്നപ്പോഴാണ് നാട്ടുകാരനായ ഖാദറിക്ക രമേശനു സൗദിയിലേക്കൊരു വിസ ശരിയാക്കി കൊടുത്തത്. കുബ്ബൂസും റൊട്ടിയും തൈരും ഒക്കെ കഴിച്ചു വിശപ്പടക്കി കിട്ടുന്ന ശമ്പളത്തിൽ നിന്ന് തന്റെ അത്യാവശ്യ കാര്യങ്ങൾക്കു കുറച്ചു റിയാൽ കൈവശം വച്ചു ബാക്കിയുള്ളത് മുഴുവൻ നാട്ടിലേക്കയച്ചു രണ്ടു പെങ്ങന്മാരെ നല്ല രീതിയിൽ കല്യാണം കഴിപ്പിച്ചയച്ചു. ഏറ്റവും ഇളയവൻ രാജീവൻ പഠിക്കാൻ മിടുക്കനാണ്. അവനിപ്പോൾ  ബി ടെക് അവസാന വർഷം.അവന്റെ പഠിപ്പ് കൂടി കഴിഞ്ഞാൽ കുടുംബം രാജീവന്റെ കൈയിൽ ഭദ്രമാകും  അപ്പോൾ തനിക്കു നാട്ടിൽ വന്നു കൃഷിയൊക്കെ ചെയ്തു കൂടാമെന്ന പ്രതീക്ഷയിലാണ്  രമേശൻ.
 
കുറേ മാസങ്ങൾക്ക് ശേഷം.....
രമേശൻ അവധിക്കു നാട്ടിലെത്തിയിട്ടിപ്പോ ഏകദേശം ഒരു മാസമാകാറായി. തിരികെ പോകാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് രാധികയ്ക്ക് എന്തോ വയ്യായ്ക പോലെ. എന്ത് പറ്റി രാധൂ അറിയില്ലേട്ടാ എന്തോ വല്ലാത്ത ക്ഷീണം. അമ്മേ... രാധൂനു എന്തോ ഒരു വയ്യായ്കപോലെ . മോന്റെ വിളി കേട്ടു വന്ന ജാനകിയുടെ മുഖം സന്തോഷം കൊണ്ടു നിറഞ്ഞു. മോനേ അവളെ ഏതെങ്കിലും ലേഡി ഡോക്ടറെ കൊണ്ടുപോയി കാണിക്ക്. ജാനകി രാമേട്ടന്റെ അടുക്കലേക്കു ചെന്ന് പറഞ്ഞു നമ്മുടെ രമേശനു ഉണ്ണി പിറക്കാൻ പോണൂട്ടോ. കുറച്ചു നാളുകളായി രക്തസമ്മർദ്ദം കൂടി ഒരു വശം തളർന്നു കിടപ്പാണ് രാമേട്ടൻ. ആ സാധു മനുഷ്യന്റെ കണ്ണിൽ നിന്നു സന്തോഷാശ്രുക്കൾ പൊഴിഞ്ഞു. ജാനകി തന്റെ തോളിൽ കിടന്ന തോർത്തിന്റെ അറ്റം കൊണ്ട് അത് തുടച്ചുമാറ്റി അവരുടെ കണ്ണുകളിലും തുള്ളികൾ തിളങ്ങി.
രമേശനും രാധികയും വേഗം തന്നെ ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഡോക്ടറെ കണ്ടു ടെസ്റ്റ്‌ ഒക്കെ ചെയ്തു.റിസൾട്ട്‌ പോസിറ്റീവ് ആയിരുന്നു. ഡോക്ടർ രമേശനോട് പറഞ്ഞു രാധികയ്ക്ക് നല്ല വിളർച്ചയുണ്ട്. ഞാൻ ഗുളികകളും ടോണിക്കും ഒക്കെ എഴുതിയിട്ടുണ്ട് മരുന്നിനോടൊപ്പം നല്ല ആഹാരവും കരുതലും വേണം കേട്ടോ. രമേശനും രാധികയും ഡോക്ടർക്കു നന്ദി പറഞ്ഞിറങ്ങി. വെളിയിലേക്കിറങ്ങിയ രമേശൻ പരിസരം മറന്നു രാധികയെ വാരിപ്പുണർന്നു.രാധിക നാണത്താലും സന്തോഷത്താലും അവളുടെ മുഖം രമേശന്റെ നെഞ്ചിനുള്ളിൽ ഒളിപ്പിച്ചു.
 
ഇതിനിടയിൽ വിവരങ്ങൾ അമ്മയെ വിളിച്ചറിയിക്കാൻ മറന്നില്ല രമേശൻ.
കുറുപ്പടിയിലുള്ള മരുന്നുകളും ഫ്രൂട്ട്സും ഒക്കെ വാങ്ങി രാധികയ്ക്കൊരു മസാല ദോശയും വാങ്ങികൊടുത്തു അവർ രണ്ടുപേരും സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങി.
അതേസമയം  ജാനകി മരുമകൾക്കു കൊടുക്കാൻ  വിഭവങ്ങൾ ഒരുക്കി കോലായിൽ മക്കളേയും കാത്തു നിൽക്കുന്നുണ്ടായിരുന്നു.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവധി കഴിഞ്ഞു രമേശൻ തിരികെ സൗദിയിലേക്ക് മടങ്ങി അച്ഛന്റെ കാലിൽ തൊട്ടു വന്ദിച്ചു അമ്മയെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു, പ്രസവസമയത്തു തന്നോടൊപ്പം ഉണ്ടാവുമെന്ന് രാധികയ്ക്ക് വാക്കും  കൊടുത്തു നെറുകയിൽ ഒരു ചുംബനവും നൽകി  എന്നത്തേക്കാളും സന്തോഷത്തോടെയും  പ്രതീക്ഷയോടെയും.
 
-----ശുഭം----
രഞ്ജിനി ഹരീഷ്