Aksharathalukal

ചത്ത കാക്കയോട്

"ചത്ത കാക്കയോട്.. "
 
ഷോക്കേറ്റ് വീണതാവാം.
ശ്വാസം നിലച്ച് മുഖം മണ്ണോട് ചേർന്ന് കിടക്കുന്ന നിന്നെ.., 
അൽപ്പം ദൂരേന്നു നോക്കി മുന്നോട്ട് പോകും നേരം അരികിലെ മാവിൽ നിന്നും പുളിയിൽ നിന്നും നിലവിളി ശബ്ദങ്ങൾ  ഞാൻ കേട്ടു.. 
 
അതിൽ നിന്റെ അമ്മയുണ്ടാകാം അച്ഛനുണ്ടാകാം സഹോദരനും സഹോദരിയുമുണ്ടാകാം..
 
ശല്ല്യം.. ഇവറ്റകളെ കൊണ്ട്... എന്ന് പ്രാകി നിന്റെ ബന്ധുക്കളുടെ നിലവിളിയെ കവല പ്രസംഗം കേൾക്കുന്ന ലാഘവത്തോടെ ഞാൻ മുന്നോട്ട് നടന്നു.. 
 
രണ്ടാം ദിവസം നിന്റെ അരികിലിലൂടെ നടന്നപ്പോൾ ഒരുകൂട്ടം കടിയനുറുമ്പുകൾ നിന്റെ കണ്ണുകൾ ലക്ഷ്യം വെക്കുന്നത് എന്റെ കണ്ണിൽ പെട്ടു.. 
 
ഇന്നലത്തെ പോലെ ബന്ധുക്കളുടെ നിലവിളി ഇല്ലങ്കിലും ഒരു കാക്ക മാത്രം അപ്പോഴും ആർത്ത് കരയുന്നുണ്ട്. 
 
ആ കരച്ചിലിൽ എനിക്ക് നിന്റെ അമ്മയെ കാണാമായിരുന്നു..
 
ഇന്ന്, നിന്റെ ചേതനയറ്റ ശരീരം ഞാൻ കുറച്ചു സമയം നോക്കി നിന്നു..  
 
വലത്തെ ചിറക് അൽപ്പം വിടർത്തിയാണ് നിന്റെ കിടപ്പ്.
 
 ഒരുപക്ഷെ അവസാന പിടച്ചിലിനൊടുവിൽ സംഭവിച്ചതാവാം. 
 
അല്ലങ്കിൽ എനിക്കിനിയും പറക്കാൻ മോഹമുണ്ടെന്ന് നീ എന്നോട് പറയുന്നതാവാം. 
 
അതുമല്ലങ്കിൽ എല്ലാ സ്വപ്നങ്ങളുടെയും അന്തകനാണ് മരണെമെന്ന് നീ എനിക്ക് കാണിച്ചു തരുന്നതാവാം.. 
 
ഞാൻ നിന്റെയരികിൽ നിന്ന് വെറുതെ നിന്റെ വർഗ്ഗത്തെ കുറിച്ച് ആലോചിച്ചു.. 
 
ആട്ടിയോടിക്കപെട്ടവാരാണ് നിങ്ങളെന്നും.. 
വെറുക്കപെട്ടവർ.. 
ശകുനം പിഴച്ചവർ.. 
കറുപ്പിന്റെ പേരിൽ മാറ്റി നിർത്തിയവർ., 
കല്ലേറു കൊണ്ടവർ.. 
 
ഇനി നിന്റെ അരികിൽ നിന്നു തന്നെ നിന്നോട് ഞാൻ ഞങ്ങളെ പറ്റി പറയട്ടെ.. 
 
എനിക്കും നിനക്കും നിന്നെ ഭക്ഷിക്കുന്നു ഈ കുഞ്ഞൻ ഉറുമ്പുകൾക്കും ഒരുപോലെ അവകാശമുള്ള ഞാനീ ചവിട്ടി നിക്കുന്ന നീയീ ചത്തു കിടക്കുന്ന ഈ ഭൂമിയുടെ അധികാരം ഞങ്ങൾക്ക് മാത്രമാണെന്ന് അഹങ്കരിച്ച് നടക്കുന്നവരാണ് ഞങ്ങൾ.. 
 
ഞങ്ങൾക്ക് സ്വീകാര്യമായതിനെ മാത്രമേ ഞങ്ങൾ സ്വീകരിക്കൂ.. 
 
ഞങ്ങളെ പോലെ നീയും ഈ കുഞ്ഞനുറുമ്പുകളും ദൈവത്തിന്റെ ശ്രിഷ്ട്ടിയാണെന്ന അറിവോ വിവേകമോ ഞ്ഞങ്ങൾക്കില്ല.. 
 
നീ എവിടെ കിടന്ന് ചത്ത് നാറിയാലും അഴുകി തീർന്നാലും മൂക്ക് പൊത്തി നിന്നെ മറികടുകയല്ലാതെ നിന്നെ അടക്കം ചെയ്യാനോ ആദരവ് കാണിക്കാനോ ഞങ്ങൾക്ക് മനസ്സില്ല. സമയമില്ല. 
 
മുകളിലേക്ക് മാത്രം നോക്കി ശീലിച്ച ഞങ്ങൾക്ക് മനുഷ്യനല്ലാത്ത മറ്റെന്തും വെറും കൗതുക വസ്തുക്കൾ മാത്രമാണ്. 
 
നിങ്ങളെ ജീവനെ പറ്റിയോ ജീവിവിതെ പറ്റിയോ ഞങ്ങൾക്ക് യാതോരുവിധ  വീണ്ടുവിചാരവും ഇല്ല.. 
                  
                      
 
 
 
🌹ചെങ്ങായി ✍️