Aksharathalukal

വിസ്മയ,സുചിത്ര, അർച്ചന........????

വിസ്മയ,സുചിത്ര, അർച്ചന........????
 
 
കുറച്ചു നാൾ മുൻപ് ആയിരുന്നെങ്കിൽ ഈ വാർത്തകൾ കേൾക്കുമ്പോൾ ഒരു പക്ഷെ ഞാനും, ഇന്നത്തെ കാലത്ത് ഇങ്ങനെ ഒക്കെ ഇന്നും നടക്കുമോ എന്നു ചോദിച്ചേനെ... പക്ഷേ എന്നോടും ഇതേ പോലുള്ള ഒരു അനുഭവം ഒരു കുട്ടി പങ്കുവച്ചു . അതാണ് താഴെ കുറിക്കുന്നത്.)
 
 
ഇച്ചായ......
 
എന്താ മോളൂസ്......
 
ഒരു കാര്യം പറഞ്ഞാൽ എന്നോട് ദേഷ്യപെടരുത്.....
 
ഇല്ല, മോള് പറ......
 
പറയാതെ പോവണമെന്നാണ് കരുതിയത്....പക്ഷേ നിങ്ങൾക് എന്നോടുള്ള സ്നേഹം ഒരു കൂടപിറപ്പിനെക്കാളും അധികമാണെന്നു എനിക്കറിയാം അതോണ്ടാണ് പറയാമെന്ന് വച്ചത്.
 
മോള് എങ്ങോട്ട് പോകുന്ന കാര്യമാണ് പറയുന്നേ....... മോളേ എന്താടീ കൊച്ചേ പ്രശ്നം.... നിന്റെ ഇച്ഛായനല്ലേ ചോദിക്കുന്നേ.......
എന്തേ മോളേ വീട്ടിൽ വീണ്ടും പ്രശ്നമുണ്ടായോ.......മോളേ...
 
ഇച്ഛ.........ഞാൻ ഒരു യാത്ര പോവ്വാണ്.....
എന്റെ മോനെ കൂട്ടുന്നില്ല.......
ഞാൻ ഒറ്റക്കാണ് പോകുന്നേ.........
 
എടീ കൊച്ചേ.......നീ എന്തൊക്കെയാണ് ഈ പറയുന്നേ.......എടീ മോളേ........എന്താണ് പ്രശ്നം.... ഞാനല്ലേ നിനക്കുള്ളത്.....നീ പറ...
(അച്ചൂസിനെ എഴുത്തിലൂടെ ആണ് ഞാൻ പരിചയപ്പെടുന്നത്. ഭാവനയെ ഒരു പ്രത്യേക തലത്തിലേക്ക് ഉയർത്താനുള്ള ഈ എഴുത്തുകാരിയുടെ കഴിവിനെ അഭിനന്ദിച്ചു തുടങ്ങിയ ഒരു തൂലിക സൗഹൃദം ആയിരുന്നു. പിന്നീട് എപ്പോഴോ ഒരു സഹോദരബന്ധമായി അത് വളർന്നിരുന്നു. ഒത്തിരിയേറെ വിഷമങ്ങളിൽ പൊതിഞ്ഞ ഒരു ജീവിതം ആണെന്നും ഒന്നു ചേർത്തു നിർത്തിയാൽ ഒരു പക്ഷെ ജീവിതം തിരിച്ചു പിടിക്കാൻ കഴിഞ്ഞെങ്കിലോ എന്നു കരുതി കൂടെ കൂട്ടിയതാണ്)
 
ഇച്ഛ.....ഇച്ഛനു എന്നെ ഒരു പെങ്ങളെ പോലെ ഇഷ്ടമാണെന്ന് എനിക്കറിയാം. പക്ഷേ ഇച്ഛയ...നമ്മൾ ഇഷ്ടപെടണം എന്നു ആഗ്രഹിക്കുന്നവർ കൂടെ ഉണ്ടെങ്കിൽ അല്ലേ നമുക്കു ജീവിക്കാൻ തോന്നുകയുള്ളൂ.....എനിക് അങ്ങിനെ ആരുമില്ല...എന്റെ കെട്ടിയൊന് ഞാൻ വേണ്ട.....എന്റെ സ്വന്തം വീട്ടിൽ ഞാൻ ഒരു ഭാരമാണ്....അവര്ക് തന്നെ നിൽക്കാൻ ആവതില്ല.....പിന്നെ എങ്ങിനെയാണ് ഞാൻ എന്ന ഭാരം കൂടി.......
 
ഇവിടെ ആണെങ്കിൽ ഞാൻ വെറുമൊരു വേലക്കാരി. ഇച്ഛായനു കുറെയൊക്കെ അറിയാമല്ലോ....
എല്ലാരും കൂടി പതിമൂന്ന് പേരാണ് വീട്ടിൽ. വെളുപ്പിന് നാലുമണിക്ക് എഴുന്നേറ്റാൽ മാത്രമേ എല്ലാര്ക്കും ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി കൊടുക്കാൻ പറ്റുള്ളൂ.. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ആണ്. ഒരാൾക് ദോശ, ഒരാൾക് ഇഡ്ഡലി ചപ്പാത്തി, പുട്ട്, പിന്നെ കറിയാണേൽ ചിലർക് ചമ്മന്തി, വേറെ ചിലർക് സാമ്പാർ....അങ്ങനെ ലിസ്റ്റ് നീളും. ഇതൊക്കെ ഉണ്ടാക്കി വശം കെടുമ്പോൾ ആകും മോൻ കരയുന്നത്. ബാക്കി ഉള്ളവർക്ക് കൊഞ്ചിക്കാൻ മാത്രമേ അറിയൂ. കുളിപ്പിക്കാനും അപ്പി കഴുകാനും എന്റെ കൈ തന്നെ വേണം.
 
എല്ലാം കഴിഞ്ഞു വീണ്ടും അടുക്കളയിൽ എത്തുമ്പോഴേക്കും ഊണിനുള്ള അങ്കം വെട്ടു തുടങ്ങും. നാലു കൂട്ടം കറി നിർബന്ധം ആണ്. ഇല്ലേൽ ഇറങ്ങില്ല. 
 
അല്ല മോളേ, ഇത്രയും പേര് ഉണ്ടായിട്ടും ആരും സഹായിക്കില്ലേ.....
 
അയ്യോ ഇച്ഛായ, അമ്മക് ശീലവതിയായി കുളിച്ചൊരുങ്ങി ഇരിക്കാൻ മാത്രമേ അറിയൂ... പിന്നെ നാത്തൂൻ കല്യാണം കഴിഞ്ഞെങ്കിലും ഇവിടുണ്ട്. അവൾക് പിന്നെ ഒന്നും വച്ചു വിളമ്പാൻ അറിയില്ലല്ലോ. അവൾക് ആകെ അറിയാവുന്നത് എനിക്കിട്ട മുഖത്തു തേമ്പാനും അടിക്കാനും മാത്രം ആണ്...
 
മോളേ, അവൾ അടിക്കുവോ?.......
 
ഇത് നിന്റെ ഭർത്താവ് കാണുന്നില്ലേ.....
 
ഹോ, ഇച്ഛായ തെറ്റ് എപ്പോഴും എന്റെ ഭാഗത്ത് ആണല്ലോ.....അതുകൊണ്ട് ഭർത്താവ് ആ ഭാഗത്തേക്ക് ശ്രദ്ധിക്കാറില്ല. ഒരിക്കൽ അവൾ അടിച്ചപ്പോൾ ഞാൻ കയ്യിൽ കേറി പിടിച്ചതിനു ഭർത്താവ് ശ്രേഷ്ഠൻ എന്നെ കൊന്നില്ലന്നെ ഉള്ളൂ.....
 
എവിടെയാ ഞാൻ പറഞ്ഞു നിർത്തിയെ..
 
 ആ ഊണിന്റെ കാര്യം. ഊണിന് ഉള്ള വക റെഡിയാക്കി എല്ലാരും കഴിച്ചു , അവരുടെ എച്ചിൽ എല്ലാം വാരി വൃത്തിയാക്കി ഒന്നു കഴിക്കാൻ ഇരിക്കുമ്പോൾ ചിലപ്പോൾ മൂന്നു, നാലു മണിയാവും. അപ്പോഴേക്കും ചായക്കുള്ള വിളി തുടങ്ങും. ഞാൻ പലപ്പോഴും പട്ടിണിയാണ് ഇച്ഛയ......ഞാൻ വച്ചുണ്ടാകുന്നത് പോലും കഴിക്കാൻ പറ്റാറില്ല. ചിലപ്പോൾ എല്ലാം തീർന്നു പോകും. അപ്പോൾ പിന്നെ വൈകിട്ടത്തെ ഉണ്ടാക്കിയിട്ടു കഴിക്കാമെന്ന് കരുതും... അങ്ങിനെ എത്ര ദിവസങ്ങൾ പോയിരിക്കുന്നു.
 
രാത്രിയിൽ പണിയെല്ലാം കഴിഞ്ഞു കുളിച്ചു ഒന്നു ഭക്ഷണം കഴിക്കുമ്പോൾ ദേ ഈ നേരം ആവും. 
 
ഞാൻ സമയം നോക്കി, അപ്പോൾ രാത്രി 11.35 ആയിരുന്നു.
 
ഇനിയും കഴിഞ്ഞില്ല പങ്കപ്പാട്. ഞാൻ റൂമിൽ ചെല്ലുന്ന വരെ കെട്ടിയൊന് പബ്‌ജിയും കളിച്ചിരിക്കും. ശേഷം പിന്നെ എന്റെ മേൽ ഉള്ള അഭ്യാസം. എല്ലാദിവസവും പണിയെടുത്തു ആകെ ക്ഷീണിച്ചു ചെല്ലുമ്പോൾ ആകും കെട്ടിയോന്റെ വക രാത്രി മാത്രമുള്ള സ്നേഹപ്രകടനം. അതും കൂടെ കഴിയുമ്പോൾ ചത്തത് പോലെ ആകും. എങ്ങനെലും ഒന്നു ഉറങ്ങിയാൽ മതി എന്നു കരുത്മ്പോൾ കുഞ്ഞു എഴുന്നേൽക്കും....
ഞാൻ ആകെ മടുത്തു ഇച്ഛയ......
 
കല്യാണം കഴിഞ്ഞു രണ്ടു കൊല്ലം ആയി. ഇതുവരെ ഞാനും ഭർത്താവും ഒന്നിച്ചു ഒന്നു പുറത്തു പോകാൻ ഇവിടുത്തെ 'അമ്മ സമ്മതിച്ചിട്ടില്ല. രാത്രിയിൽ അല്ലാതെ എന്റെ അടുത്തു ഒന്നു വരാൻ പോലും കെട്ടിയോനെ അമ്മ അനുവദിക്കാറില്ല. ഞാൻ സഹികെട്ട് ഒരു തീരുമാനം എടുത്തു പകൽ സ്നേഹം കാണിക്കാൻ പറ്റാത്ത ഭർത്താവ് രാത്രിയിലും കാണിക്കേണ്ട എന്നു. അത് പുള്ളിക്ക് പിടിച്ചില്ല. അതുകൊണ്ട് എന്നോട് ഇപ്പോൾ ഭയങ്കര ദേഷ്യം ആണ്. ഇച്ഛായന് അറിയാമോ ഈ കാര്യം എന്റെ ഭർത്താവ് അമ്മയോട് ചെന്നു പരാതി പറഞ്ഞിരിക്കുന്നു. ഇത്രക്കും ആണുംപെണ്ണും കെട്ടവൻ ആണല്ലോ എന്നു പോലും ഞാൻ ചിന്തിച്ചു പോയി. അതുകൊണ്ട് എന്താ,  ഇപ്പോൾ എനിക് വേറെ കാമുകൻ ഉണ്ടെന്നാണ് അമ്മയുടെ പറച്ചിൽ. അതും പറഞ്ഞോണ്ട് ആണ് ഇപ്പോൾ ഉപദ്രവിക്കുന്നത്. 
 
എല്ലാം കൂടി ഞാൻ ആകെ തകർന്നു......
 
അതുകൊണ്ടാണ് ഈ തീരുമാനം എടുത്തത്....
 
ഈ കഞ്ഞി കുടിച്ചു തീരുന്നതോടെ എന്റെ യാത്രയും തുടങ്ങും. ഇത് പറഞ്ഞിട്ട് അവൾ കഴിച്ചുകൊണ്ടിരുന്ന പാത്രത്തിന്റെ ഫോട്ടോ എനികയച്ചു.
 
എനിക് കാര്യങ്ങൾ ഏകദേശം മനസ്സിലായി...അവൾ ആത്മഹത്യ ചെയ്യാൻ തീരുമാനം എടുത്തിട്ടാണ് ഇരിക്കുന്നത്. ഇത് വെറുതെ പറയുന്നത് ആവില്ല എന്നും ഉറപ്പുണ്ട്. കാരണം ഒരിക്കൽ ഇതിന് പരിശ്രമിച്ചു പരാജയപ്പെട്ട കഥ ഇവൾ തന്നെ എന്നോട് പറഞ്ഞിട്ടൂണ്ട്. 
എന്താണ് ചെയ്യേണ്ടത് എന്നു എനിക് ഒരു പിടിയും കിട്ടിയില്ല. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. അടുതേങ്ങാനും ആയിരുന്നേൽ അവിടെ വരെ ഒന്നു പോകാരുന്നു. എന്താണ് ചെയ്യേണ്ടത് എന്നു ചിന്തിച്ചിട്ടു ഒരു എത്തും പിടിയും കിട്ടിയില്ല. എന്തായാലും മോൻ ഒരു വീക്നെസ് ആണെന്ന് അറിയാമായിരുന്നു. അത് തന്നെ എടുത്തു പ്രയോഗിക്കാം എന്നു കരുതി.
മോളേ.... മോള് പോകാൻ തീരുമാനിച്ചു... ശരി പക്ഷേ മോന്റെ കാര്യം ആലോചിച്ചോ. അവനു ഇനി ആരാണ് ഉള്ളത്. മോളല്ലേ പറയാറ്, അവനെ ഇവർ ഒന്നു കുളിപ്പിക്കുക പോലുമില്ലെന്നു. അങ്ങിനെയുള്ള ഇവരുടെ അടുക്കൽ ഇട്ടേച്ചാണോ മോള് പോകുന്നത്.
 
മോൾക് അവനോട് ഇഷ്ടമില്ലേ. അമ്മയില്ലാത്ത കുഞ്ഞു എന്ന പേരിൽ ആവും അവന്റെ ജീവിതകാലം മുഴുവനും അവൻ അറിയപ്പെടുന്നത്‌. നിനക്കു അതാണോ വേണ്ടത്. അവനെ പറ്റി നിനക്കു സ്വപ്നങ്ങൾ ഒന്നുമില്ലേ......
 
ഇച്ഛ.....എന്നെ ഇങ്ങനെ ധർമ്മസങ്കടത്തിൽ ആക്കല്ലേ........എന്റെ മോനെ അവര്ക് ഇഷ്ടമാണ് അവർ നോക്കിക്കൊള്ളും....
 
മോളേ ...ഒരിക്കലും അമ്മയോളം വരില്ല....ആരും.....പാൽ കുടിക്കുന്ന വെറും ആറുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞു ആണ് അവൻ. ആരുണ്ടായാലും അമ്മയെ പോലെ ആവില്ല ആരും......അത് ഓർമ്മയിൽ വച്ചോളൂ....
 
വേറൊരു കാര്യം കൂടെ പറയട്ടെ.....ആത്മഹത്യ അല്ല മോളുടെ പ്രശ്നങ്ങളുടെ പരിഹാരം. ഇത് വെറും ഒളിച്ചോട്ടം മാത്രമേ ആകുന്നുള്ളൂ...മോള് ഒരു വാക്ക് പറഞ്ഞാൽ മതി. നാളെ രാവിലെ അവിടെ ആളുകൾ എത്തും. മോളുടെ വീട്ടുകാർ കൂടെയില്ല എന്നോർത്ത് ഭയപ്പെടേണ്ട കാര്യമില്ല. അതിനുള്ള സ്ഥാപനങ്ങളും ഏജൻസികളും ഉണ്ട്. മോള് ബി എസ് സി വരെ പഠിച്ചതല്ലേ. ഒറ്റക്ക് ജീവിക്കാൻ ഉള്ള മാർഗ്ഗം ഞാൻ പറഞ്ഞു തരാം. ആരുടെയും മുൻപിൽ തല കുനിക്കാതെ, ആർക്കും ഭാരമാകാതെ സ്വയം അധ്വാനിച്ചു ജീവിക്കാനുള്ള മാർഗ്ഗവും ഞാൻ കണ്ടു പിടിച്ചു തരാം. ഇത് ഒരു അങ്ങളയുടെ ഉറപ്പാണ്.....
 
ഇനി ഞാൻ ഒന്നും പറയുന്നില്ല. മോളുടെ ജീവിതം.. അത് മോളുടെ കയ്യിൽ മാത്രം ആണ്. ......
 
 
( ഈ സംഭവം കഴിഞ്ഞിട്ട് ഇപ്പോൾ ഏകദേശം ഏഴു മാസമായി. അവൾ ഇപ്പോഴും ഉണ്ട്. മരിക്കാനുള്ള തീരുമാനം മാറ്റിയെങ്കിലും....ജീവിക്കാൻ ഇനിയും ധൈര്യം വന്നിട്ടില്ല. വീട്ടിലെ അവസ്ഥ അല്പം മാറിയിട്ടുണ്ടെന്നു കേൾക്കുന്നു. പക്ഷേ  ഇറങ്ങി പോരാനും ഒറ്റക്ക് ജീവിക്കാനുമുള്ള 
ധൈര്യം ഇനിയും ആർജ്ജിച്ചിട്ടില്ല.സ്വന്തം വീട്ടുകാരുടെ അഭിമാനം അനിയത്തിയുടെ കല്യാണം.... അങ്ങിനെ കുറെ ന്യായങ്ങൾ അവൾക് പറയാനുണ്ട്...എന്നേലും സ്വയം ജീവിക്കാൻ തീരുമാനം എടുക്കാനാകും എന്ന ശുഭാപ്തിവിശ്വാസത്തോടെ കൂടെയുണ്ട്......ഒരു സഹോദരന്റെ മനസ്സുമായി...ഇന്നും......)
 
N B. ഇത് വായിക്കുന്ന പെണ്കുട്ടികളോട് ഒരു വാക്ക്. ഒരു പുതിയ ലോകത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. സ്വയം ജീവിക്കണം എന്നു തീരുമാനിച്ചാൽ നിങ്ങളെ സഹായിക്കാനായി ഒത്തിരി സാധ്യതകൾ ഉണ്ട്.പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ വീട്ടുകാരുടെ പിൻബലം ഇല്ലെങ്കിലും ഇന്ന് ജീവിക്കാൻ സാധിക്കും. പിന്നെ നഷ്ടപ്പെടുന്ന പേരും വീട്ടുമഹിമയും ഒക്കെ ഓർത്തു സ്വയം ഇല്ലാതാകാൻ തീരുമാനിച്ചാൽ ഹോമിക്കപ്പെടുക നിങ്ങളുടെ തന്നെ ജീവിതങ്ങൾ ആകും. 
Dont allow anybody else to decide your destiny. you be the master of your life.
 
🖋️ചങ്ങാതീ❣️