Aksharathalukal

മഴത്തുള്ളി കിലുക്കം

 മഴത്തുള്ളി കിലുക്കം
*********************
മഴവില്ലിൻ ഏഴു നിറങ്ങളും
ഉള്ളിൽ പേറി വരുന്നൊരാ
മഴത്തുള്ളിക്കൊരായിരം
സ്വപ്നങ്ങളോ....
 
ധരയാം പ്രണയിനിയുടെ
നെറ്റിയിൽ മുത്തമിട്ടു
സ്വയം മറന്നു അവളിൽ
ലയിച്ചു ഒന്നായി തീരാനോ....
 
ഊരും പേരും ഭാവവും
വെടിഞ്ഞു ഒന്നുചേർന്നിട്ടങ്ങനെ
മുള പൊട്ടുന്ന പുതുനാമ്പുകൾ
കിളിർപ്പിക്കാനോ...
 
വെയിലേറ്റ് വാടി തളർന്നു
ജീവനറ്റാറായ തരുനിരക്കു
പുതുജീവനേകും
അമൃതായി മാറാനോ...
 
ഒരിറ്റ് നീരിനായി കാത്തിരുന്നു
പാടി തളർന്ന വേഴാമ്പലിന്
ദാഹമകറ്റും...ജീവജലമായി
ആ കൊക്കിൽ ഒളിക്കാനോ...
 
നിലം ഉഴുതുമറിച്ചു
വിത്തു വിതച്ചു
മഴക്കായി കാത്തിരിക്കും
പണിയാളനു ആശ്വാസമാകാനോ..
 
പുതുമഴയിൽ നനഞ്ഞു
തുള്ളികൾക്കൊത്തു
നൃത്തം ചവിട്ടാൻ കൊതിക്കുന്ന
മയിലുകൾക്ക് ആനന്ദമേകാനോ...
 
ഇളകി മറിയുന്നൊരാ
ആഴക്കടലിൽ 
ഉടൽ ഉടലിനോട് ചേരുന്നപോലെ
ഒന്നായി ഉള്ളിൽ ലയിക്കാനോ....
 
ഏതെന്നറിവില്ല നിൻ കിനാവ്
എന്നാകിലും ഒന്നുണ്ട് സത്യം
നീ നിന്നെ മറന്നു നിൻ സ്വത്വം വെടിഞ്ഞു
ആരിലോ ലയിച്ചു അലിഞ്ഞില്ലാതായിത്തീരുന്നു...
 
ഉണ്ടൊരാ സ്വപ്നം
എന്നുള്ളിലും 
സ്വയം മറന്നു അലിഞ്ഞു ഇല്ലാതായിത്തീരണം....
 
ആരുടെയോ ദാഹത്തിൻ ജീവജലമായി
നാമ്പുകൾക്ക് പുതുജീവനായി
പ്രാര്ത്ഥനക്കുത്തരമായി
ക്ലേശങ്ങൾക്കാശ്വാസമായി....
 
അലിഞ്ഞലഞ്ഞിങ്ങനെ ഇല്ലാതായി തീരേണം ഒരുനാൾ എനിക്കും...
ഉയിരിൻ സാഫല്യം പ്രാപിക്കുമൊരു
 മഴത്തുള്ളി കിലുക്കം പോൽ...
 
🖋️ചങ്ങാതീ❣️
      28/07/21'