Aksharathalukal

ആയിരം ഒരിഗമിക് കൊക്കുകളുടെ കഥ-'സദാക്കോ സസാക്കി'

ആയിരം ഒരിഗമിക് കൊക്കുകളുടെ കഥ-'സദാക്കോ സസാക്കി'
******
 
ജപ്പാനീസിന്റെ ഇടയിൽ ഒരു വിശ്വാസമുണ്ട് ആയിരം പേപ്പർ കൊക്കുകളെ ഉണ്ടാക്കി ഒരു ആഗ്രഹം പറഞ്ഞാൽ അത് സാധിച്ചു കിട്ടുമെന്ന്. ഇത് ഇത്രയും പോപ്പുലർ ആയതിനു പിന്നിൽ ഒരു കുഞ്ഞു കഥയുണ്ട്.
 
 
1945 ഓഗസ്റ് 6 ആം തീയതി അന്നാണ് 'സദാക്കോ സസാക്കി' എന്ന രണ്ടു വയസ്സുകാരിയുടെ കുഞ്ഞുജീവിതത്തെ വഴിതിരിച്ചുവിട്ട ആ സംഭവം അരങ്ങേറുന്നത്. ജപ്പാനിലെ ഹിരോഷിമായിൽ ആയിരുന്നു ആവളുടെ വീട്. അവളുടെ ഗ്രാമത്തിന്റെ കുറച്ചകലെ ആണ്‌. അമേരിക്കയുടെ ബി-29 എന്ന ബോംബെർ വിമാനം, അന്ന് ഹിരോഷിമയിലേക് പറന്നത് , 'ലിറ്റിൽ ബോയ്' എന്നു അവർ ഓമനപേരിട്ടു വിളിച്ച, അന്നുവരെ ലോകം കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും പ്രഹരശേഷിയുള്ള അണുബോംബുമായിട്ടായിരുന്നു. അത് കൃത്യമായി, ലക്ഷ്യസ്ഥാനത് എത്തിക്കുന്നതിൽ 'എനോള ഗെയ്‌' എന്ന ബോംബെർ വിജയിക്കുകയും ചെയ്തു.
 
ബോംബ് വന്നു വീണത് സദാക്കോയുടെ ഗ്രാമത്തിൽ നിന്നും ഒരു മൈൽ അകലെയാണ്. അതിന്റെ തീയിൽ നിന്നും ഇവർ രക്ഷപെട്ടെങ്കിലും അന്തരീഷം മുഴുവൻ നിറഞ്ഞുനിന്ന റേഡിയോആക്ടിവ് വികിരണത്തിൽ നിന്നും രക്ഷപെടുവാൻ അവർക്ക് സാധിച്ചില്ല. രോഗവും ദുരിതങ്ങളും പട്ടിണിയുമൊക്കെ അവരുടെ കൂടെപിറപ്പായി മാറി. പ്രിയപ്പെട്ടവരുടെ മരണവും ദുരിതങ്ങളും അവരെ ഒത്തിരി തളർത്തിയെങ്കിലും ഏറ്റവും വലിയ ദുർവിധി, അവര്ക് നേരിടേണ്ടി വന്നത്  സദാക്കോ ലുകീമിയ രോഗത്തിന് അടിമയായപ്പോൾ ആണ്. ആണുബോംബ് സ്‌ഫോടനത്തിന്റെ അനന്തരഫലങ്ങളിൽ ഒന്നായിരുന്നു ഇതും.
 
വളരെ മിടുക്കിയായിരുന്നു സദാക്കോ. എപ്പോഴും കളിച്ചുചിരിച്ചു നടന്നിരുന്ന അവൾ പഠനത്തിലും സ്പോർട്സിലും ഒന്നാമതയിരുന്നു. പക്ഷേ അവളുടെ 12 മത്തെ വയസ്സിൽ അവൾ പെട്ടെന്ന് രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. ഒരിക്കൽ ഓട്ടത്തിടയിൽ കുഴഞ്ഞുവീണ അവളെ ഹോസ്പിറ്റലിൽ എത്തിച്ചു.  വിദഗ്ധ പരിശോധനക്ക് ശേഷം ഡോക്ടർ, അവൾക് ലുകീമിയ ആണെന്ന് സ്ഥിരീകരിച്ചു. തനിക്കു എന്തോ ഒരു രോഗമുണ്ടെന്നും അത് സാധാരണ രോഗമല്ലെന്നും സദ മനസ്സിലാക്കിയിരുന്നു. പ്രിയപ്പെട്ടവരുടെ കണ്ണുകളിൽ അവളെ കുറിച്ചുള്ള വേദന തിരിച്ചറിഞ്ഞപ്പോൾ  അവൾ ഒരു തീരുമാനം എടുത്തു.
 
'മരിക്കുന്ന വരെയും ഞാൻ മൂലം കരയാൻ ആരെയും അനുവദിക്കില്ല'.
 
അവളുടെ നിഷ്കളങ്കമായ ചിരിയും കുസൃതിയും സ്നേഹവും നിറഞ്ഞ സംസാരവും പെരുമാറ്റവും എല്ലാവരെയും സന്തോഷിപ്പിച്ചു. ഹോസ്പിറ്റലിലെ ക്യാൻസർ വാർഡിൽ അവൾ ഒരു ചിരിയുടെ മാലാഖയായി നിറഞ്ഞു നിന്നു. അങ്ങനെ എല്ലാവരുടെയും മുഖത്തു ചിരി വിരിയിക്കുന്ന മാലഖ്‌ക്ക് മറക്കാനാവാത്ത ഒരു ദിവസം വന്നെത്തി. 
റെഡ്ക്രോസ് യൂത്ത് ക്ലബ് അന്ന് ഹോസ്പിറ്റലിൽ ഒരു പ്രോഗ്രാം നടത്തി. അതിൽ പാട്ടിലും ഡാൻസിലും കളികളിലുമൊക്കെ നമ്മുടെ സദ ഒന്നാമതയിരുന്നു. അന്ന് അവൾക് സമ്മാനമായി അവർ ഒരു പേപ്പർ കൊക്കിനെ(  origamic crane) കൊടുത്തു. കൂട്ടത്തിൽ ഒരു ആശംസയും 'all shall be well'.
 
അവളെ ആ സമ്മാനവും ആ ആശംസയും ഹൃദയത്തിൽ സ്പർശിച്ചു. 
"അവർ ഞങ്ങൾക് എന്തിനാണ് ഈ പേപ്പർ കൊക്കിനെ തന്നതെന്ന് അവൾ അപ്പനോട് ചോദിച്ചു. 
"മോളേ ഒരു ജാപ്പനീസ് നാടോടിവിശ്വാസമുണ്ട്. ഒരു കൊക്കിന്‌ ആയിരം വർഷം ജീവിക്കാൻ കഴിയുമെന്ന്. ഒരു വർഷം ആയിരം ഒറിഗമിക് കൊക്കുകളെ ഉണ്ടാക്കി, എന്ത് ആഗ്രഹിച്ചാലും അതു നടക്കും. പ്രേത്യേക്ച്ചും ഇത് രോഗികൾ ആയിട്ടുള്ളവർക് മറ്റുള്ളവർ ഉണ്ടാക്കി കൊടുക്കാറുണ്ട്. ഇത്കൊണ്ട് അവരെ  രോഗത്തിൽ നിന്നും സുഖപ്പെടാൻ  കഴിയുമെന്ന് വിശ്വസിച്ചു പോരുന്നു. മോളും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നൊരാശംസയാണ് ആ പേപ്പർ കൊക്കിൽ ഉള്ളത്"
 
ഈ ഒരു മറുപടി അവൾക് ഒത്തിരി ഇഷ്ടപ്പെട്ടു.
 
അവൾ ഇതുവരെയും സ്വന്തം അവസ്‌ഥ ഓർത്തു കരഞ്ഞിട്ടില്ലെങ്കിലും ഉള്ളിൽ ഒരു നോവുണ്ടായിരുന്നു. കൂട്ടുകാരുടെ കൂടെ സ്കൂളിൽ പോകാനും കളിക്കാനും പഠിക്കാനും ഒക്കെ അവളും ആഗ്രഹിച്ചിരുന്നു. അപ്പനെയും അമ്മയെയും വിഷമിപ്പിക്കാതിരിക്കാൻ അവളുടെ വിഷമങ്ങൾ ആരോടും പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഈ ഒറിഗമി കൊക്കുകളുടെ ആശയം അവൾക് ഇഷ്ടപ്പെട്ടു. തനിക്കു കിട്ടിയ സമ്മാനം നോക്കി അവൾ അത് ഉണ്ടാക്കാൻ പഠിച്ചു. പിന്നീട് അതിനുവേണ്ട വർണ്ണകടലാസുകൾ ശേഖരിക്കലായി പണി. 
 
ഇത് ഉണ്ടാക്കിയ തുടങ്ങുമ്പോൾ അവളുടെ മനസ്സിൽ സുഖപ്പെടണം എന്ന ചിന്തയായിരുന്നു. പക്ഷേ ഓരോ ദിവസവും തന്റെ അവസ്‌ഥ വഷളായി വരുന്നത് കണ്ടു അവൾക് തന്നെ മനസ്സിലായി തന്റെ ജീവനെ രക്ഷിക്കാൻ ആവില്ലെന്ന്. തന്റെയും കൂടെയുള്ള കുട്ടികളുടെയുമൊക്കെ രോഗവസ്ഥക്ക് കാരണം ഒരു അണുബോംബ് ആയിരുന്നെന്നും അത് ഇട്ടത് തന്റെ രാജ്യത്തിന്റെ ശത്രുക്കൾ ആണെന്നും അവൾ മനസ്സിലാക്കി. രാജ്യങ്ങൾ തമ്മിൽ സമാധാനം ഉണ്ടാകാൻ താൻ എന്താണ് ചെയ്യേണ്ടതെന്ന് അവൾ എല്ലാരോടും ചോദിച്ചെങ്കിലും ആർക്കും മറുപടി ഉണ്ടായിരുന്നില്ല.
 
അവൾ തന്റെ പേപ്പർ കൊക്കുകളെ ഉണ്ടാക്കാനായിട്ട് ഉപയോഗിച്ചിരുന്ന വർണ്ണകടലാസുകൾ സൂക്ഷിച്ചിരുന്ന പെട്ടിയുടെ ഉള്ളിൽ ഒരു കളർ പേപ്പറിൽ കുറിച്ചിട്ടു.
 
"എന്റെ ആഗ്രഹവും പ്രാർത്ഥനയും ഒന്നു മാത്രം; അത് ലോകത്തിന്റെ സമാധാനം ആണ്."
 
അതിനായി അവൾ പേപ്പർ കൊക്കുകളെ ഉണ്ടാക്കി കൊണ്ടിരുന്നു. രാത്രിയും പകലും ഇല്ലാതെ അവൾ അധ്വാനിച്ചു. ചെറുതും വലുതുമായ പലതരം വർണ്ണങ്ങളിലുള്ള പേപ്പർ കൊക്കുകളെ കൊണ്ട് അവളുടെ മുറി നിറഞ്ഞു. ഡോക്ടറും എതിരോന്നും പറഞ്ഞില്ല കാരണം അവൾക് ഇനി അധികം നാളുകൾ ഇല്ലായിരുന്നു. വർണ്ണപേപ്പറുകൾ തീർന്നപ്പോൾ മരുന്നിന്റെ കവറുകൾ കൊണ്ടും അവൾ പേപ്പർ കൊക്കുകളെ ഉണ്ടാക്കി കൊണ്ടിരുന്നു. അവൾ ചിരിപ്പിച്ച കുട്ടികളും കൂട്ടുകാരും ഒക്കെ അവളുടെ ചുറ്റും കൂടി സഹായിച്ചു.
 
 പക്ഷെ അവരുടെ പ്രാർത്ഥനയും ആഗ്രഹങ്ങളൊന്നും ഫലമണിഞ്ഞില്ല. ഒരു തണുത്ത പ്രഭാതത്തിൽ ചൂടുള്ള സൂപ്പുമായി അമ്മ അവളുടെ മുറിയിൽ ചെന്നപ്പോൾ ചുവന്ന നിറത്തിലുള്ള ഒരു പേപ്പർ കൊക്കിനെ പിടിച്ചു അവൾ ശാന്തമായി ഉറങ്ങുന്നുണ്ടായിരുന്നു..... അവർ ഡോക്ടറെ വിളിച്ചു കൊണ്ടു വരുമ്പോഴേക്കും, തോട്ടക്കാരൻ തനിക്കു പ്രിയപ്പെട്ട റോസാപ്പൂവ് സ്നേഹത്തോടെ പറിച്ചെടുത്ത് ഒത്തിരിദൂരം പോയിരുന്നു.വാടിയ ലില്ലിപുഷ്പത്തെ പോലെ അവൾ താനുണ്ടാക്കിയ പേപ്പർ കൊക്കകൾക് നടുവിൽ കിടന്നു.
 
ലോകത്തിന്റെ സമാധാനം ആഗ്രഹിച്ച അവൾ ശാന്തമായി....എന്നന്നേക്കുമായി ഈ ലോകത്തോട് വിടപറഞ്ഞിരുന്നു......
എന്നും കാറ്റിൽ ആടി കളിച്ചിരുന്ന ആ പേപ്പർ കൊക്കുകൾ പോലും അന്ന് ശാന്തമായി അനങ്ങാതെ നിന്നിരുന്നു.... അവരുടെ ഉടമക്ക് മൂകമായി അന്ത്യയാത്ര ചൊല്ലുന്നപോലെ.......
 
അവൾ മരിക്കും മുൻപ് തന്റെ 644 ത്തെ കൊക്കിനെയായിരുന്നു ഉണ്ടാക്കി തീർത്തത്. അവളുടെ മരണം അറിഞ്ഞെത്തിയ കൂട്ടുകാരും ഹോസ്പിറ്റലിലെ ഡോക്ടർസും നഴ്സുമാരും എല്ലാവരും ചേർന്ന് അവളുടെ ആഗ്രഹം പോലെ 1000 പേപ്പർ കൊക്കുകളെ ഉണ്ടാക്കി അതോടു കൂടിയാണ് അവൾക് അന്ത്യയാത്ര ചൊല്ലിയത്.
 
സദാക്കോ സസാക്കയുടെ ഓർമ്മക്കായി  ആ ഹോസ്പിറ്റലിന്റെ മുൻപിൽ ഒരു സ്മാരകം ഉയർന്നിട്ടുണ്ട്. ഇന്നും എല്ലാവർഷവും തങ്ങളുടെ പൂർവ്വികരെ ഓർമ്മിക്കുന്ന ദിവസത്തിൽ ആളുകൾ അവിടെ പേപ്പർ കൊക്കുകളെ ഉണ്ടാക്കി ഇടാറുണ്ടത്രേ...ഹിരോഷിമായിലെ മ്യൂസിയത്തിൽ  ഇവളുടെ ഓർമ്മക്കായി ഒരു സ്വർണ്ണ ഒരിഗമിക് കൊക്കു ഉണ്ടാക്കി വച്ചിട്ടുണ്ട്. അവിടെയും അവളുടെ സ്മാരകത്തിന്റെ ചുവട്ടിലും ഇപ്രകാരം കുറിച്ചു വച്ചിരിക്കുന്നു.
 
"എന്റെ ആഗ്രഹവും പ്രാർത്ഥനയും ഒന്നു മാത്രം; അത് ലോകത്തിന്റെ സമാധാനം ആണ്."
 
ഇന്നും ആ പന്ത്രണ്ടുവയസ്സുകാരിയുടെ കുഞ്ഞു ആഗ്രഹം ഒത്തിരിപേർക്കു പ്രചോദനം ആവുന്നുണ്ട്.....നമുക്കും അവളോടൊപ്പം ആഗ്രഹിക്കാം.
 
"ലോകാസമസ്ത സുഖനോ ഭവന്തു.."
 
 
🖋️ചങ്ങാതീ❣️
     28/03/21'
 
NB. സദാക്കോ ഉണ്ടാക്കിയ പേപ്പർ കൊക്കുകളുടെ എണ്ണത്തെ പറ്റി തർക്കങ്ങൾ ഉണ്ടെങ്കിലും വിശ്വസനീയമായ റിപ്പോർട്ടുകൾ പറയുന്ന എണ്ണമാണ് ഇതിൽ കൊടുത്തിരിക്കുന്നത്. അവളുടെ മരണത്തിനു ശേഷം കൂട്ടുകാർ കൂടി ഉണ്ടാക്കിയത് 1400 എണ്ണമാണെന്നു പറയപ്പെടുന്നു. ഇന്ന് ജപ്പാനിൽ സമാധാനത്തിന്റെ പ്രതീകമായിട്ടാണ് പേപ്പർ കൊക്കുകൾ അറിയപ്പെടുന്നത്.
 
 
🖋️ചങ്ങാതീ❣️