Aksharathalukal

തിരക്കഥ - എല്ലാം വെറും തോന്നലുകൾ

( ജീവിതത്തിൽ കൈമോശം വന്നു പോകുന്ന മൂല്യങ്ങൾ....... കുടുംബബന്ധങ്ങളിലെ വിള്ളലുകൾ, അത് മക്കളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, അവനിലെ യുവത്വത്തെ യും, കൗമാരത്തെ യും കൊണ്ടു ചെന്നെത്തിക്കുക തിന്മയുടെ ഇരുൾ നിറഞ്ഞ പാതയിലാണ്...... അതിലൂടെ യുവത്വം കുതിച്ചു പായുമ്പോൾ, ആ അശ്വത്തെ പിടിച്ചുകെട്ടാൻ നമുക്ക് സാധിക്കാതെ വരുന്നു........
                ആ തിരിച്ചറിവ് തേടിയൊരു യാത്ര...

           " എല്ലാം വെറും തോന്നലുകൾ"         )




 സീൻ - 1


( രാത്രി -

  ഇരുളും നിലാവും ഇടകലർന്ന അന്തരീക്ഷം.

' സബ് ജയിൽ ' എന്നെഴുതിയ ഒരു ബോർഡ്. ഈ ബോർഡിനു മുന്നിൽ നിന്ന് പതുക്കെ തെന്നിനീങ്ങുന്ന ക്യാമറ.
 ക്യാമറ പിന്നെ സഞ്ചരിക്കുക ആ കെട്ടിട ത്തിന്റെ ഇടനാഴിയിലൂടെ ആണ്.
 പാറാവ് നിൽക്കുന്ന പോലീസുകാരെയും കടന്ന്, ഓരോ സെല്ലിനും മുന്നിലൂടെ കടന്നു പോകുന്ന ക്യാമറ അവസാനം ഒരു സെല്ലിന്റെ കമ്പി അഴികളിലൂടെ അകത്തേക്ക് പ്രവേശിക്കുന്നു.)



 സീൻ -1(A)


( സെല്ലിനകത്ത്, സിമന്റ് തറയിൽ തല മുട്ടിന്മേൽ ചായ്ച്ച് ഇരിക്കുന്ന അലക്സ് -
 സാവധാനം തല ഉയർത്തുന്ന അലക്സിന്റെ മുഖം ക്യാമറയിൽ പതിയുന്നു.
 നിലത്തുനിന്നും എഴുന്നേറ്റ്, അലക്സ് കമ്പി അഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുന്നു )



 സീൻ -1(B)

( ഫ്ലാഷ് ബാക്ക് -
   അലക്സിന്റെ കണ്ണുകളിലെ തിളക്കം ക്യാമറയിൽ പതിക്കുമ്പോൾ അത് ഭൂതകാലത്തിന്റെ ചെപ്പ് തുറക്കലാകുന്നു.
 ക്യാമറ പതുക്കെ ആ കണ്ണുകളിൽ നിന്ന് തിരിഞ്ഞ്, അന്തരീക്ഷത്തിലേക്ക് തെന്നിമാറുന്നു. ഇവിടെ ഓർമ്മകൾക്ക് ജീവൻ വയ്ക്കുന്നു.)


 സീൻ -2

( അലക്സിന്റെ ഓർമ്മകളിലൂടെ.....

  ഒരു കോളേജ് ക്യാമ്പസ്-

 കൂട്ടം കൂട്ടമായും, ഒറ്റക്കും നടന്നുനീങ്ങുന്ന കുട്ടികൾ.
 കോളേജ് മുറ്റമാകെ ചുവന്ന വാക പൂക്കൾകൊണ്ട് നിറഞ്ഞു കിടക്കുന്നു. ഈ സമയം മുറ്റത്തെ വാക മരത്തിൽ ചാരി നിൽക്കുന്ന അലക്സ് -
 അലക്സിന്റെ മുഖം ഈ സമയം ആരെയോ തിരയുകയായിരുന്നു.
 അകലങ്ങളിലേക്ക് കണ്ണു പായുമ്പോഴും അലക്സിന്റെ കൈകൾ അരയിൽ തിരുകിയിരുന്ന കത്തിയിൽ മുറുകെ പിടിച്ചിരിക്കുകയായിരുന്നു. ഈ സമയം എതിരെ വരുന്ന കൂട്ടുകാരൻ  ജോൺ, അലക്സിനു മുന്നിൽ നിൽക്കുന്നു.)


 ജോൺ:-( പുഞ്ചിരിയോടെ) എന്താ അലക്സ്, ഇത് ആരെ കാത്തുനിൽക്കുകയാണ്........?

( ആ വാക്കുകളിലെ പരിഹാസം അലക്സിനു മനസ്സിലാവുന്നു.)

 അലക്സ്  : -( ഗൗരവം പുറത്തുകാണിക്കാതെ ) വെറുതെ.......

 ജോൺ : - ( പരിഹാസത്തോടെ ) ഓ മനസ്സിലായി..... ഡെയ്സിയെ നോക്കിയുള്ള നിൽപ്പ് ആയിരിക്കും അല്ലേ..... എന്തിനാ അലക്സ് വെറുതെ സമയം കളയുന്നത്..... അവളിപ്പോൾ ആ യുവകവിയില്ലേ ആന്റണി തോമസ്..... അവന്റെ ഒപ്പമുണ്ടാകും..... നീയൊന്ന് ലൈൻ മാറ്റി പിടിക്കുന്നത് ആയിരിക്കും നല്ലത്........


( അലക്സിന്റെ നെറ്റിയിൽ ചുളിവുകൾ വീഴുന്നു. കോപത്തോടെ ജോണിനെ നോക്കുന്ന അലക്സ് )

 അലക്സ്  : - ജോൺ..... ഭൂമിയിൽ മനുഷ്യനെ ദൈവം സൃഷ്ടിച്ചപ്പോൾ അവന് ഒരു മനസ്സ് നൽകിയിട്ടുണ്ട്... ആ മനസ്സിനെ നിയന്ത്രിക്കുന്നത് മനുഷ്യനാണ്..... അതുകൊണ്ട് ഭൂമിയോളം താഴ്ന്നു നിൽക്കുന്ന, എന്റെ മനസ്സിൽ മറ്റൊന്നും തോന്നിപ്പിക്കാതെ നീ പോ......

( പല്ലിറുമ്മി നിൽക്കുന്ന അലക്സിന്റെ മുഖത്തേക്കു നോക്കാൻ ഭയപ്പെട്ടു നിൽക്കുന്ന ജോൺ, പെട്ടെന്നുതന്നെ മുന്നോട്ട് നടക്കുന്നു. ഈ സമയം അലക്സിന്റെ കണ്ണുകളിൽ രണ്ട് രൂപങ്ങൾ തെളിഞ്ഞുവരുന്നു.)


 സീൻ  - 2(A)


( അലക്സ് നിൽക്കുന്ന വാകമരത്തിന്, ഒരല്പം ഉയരുന്ന ക്യാമറ. അത് പതുക്കെ തെന്നി നീങ്ങുന്നു. അവസാനം കുട്ടികൾക്കിടയിലൂടെ, അത് രണ്ടുപേരിൽ ഒതുങ്ങുന്നു. ആന്റണിയും, ഡെയ്സിയുമായിരുന്നു അത്. അന്യോന്യം സംസാരിച്ചുകൊണ്ട് നടന്നു വരുന്ന ആന്റണിയും, ഡെയ്സിയും. അലക്സിനെ കണ്ടതും അയാൾക്കരികിലേക്ക് നടന്നു വരുന്നു .)

 ഡെയ്സി  : -( പുഞ്ചിരിച്ചുകൊണ്ട് )- എന്താ അലക്സ്, എന്നോടുള്ള പിണക്കം ഇതുവരെ മാറിയില്ലേ......


( അലക്സിന്റെ നെറ്റിയിൽ ചുളിവുകൾ വീഴുന്നു. കോപത്തോടെ ഡെയ്സിയെ നോക്കുന്ന അലക്സ് )

( അലക്സിന് കുറച്ചുകൂടി അടുത്തേക്ക് നടന്നു വരുന്ന ഡെയ്സി )

 ഡെയ്സി  : -( സ്വരം താഴ്ത്തി ) - അലക്സ്... നീ കാണുന്ന കണ്ണ് കൊണ്ട് ഒരിക്കലും ഞാൻ നിന്നെ കണ്ടിട്ടില്ല..... ഒരു നല്ല സുഹൃത്ത്..... അതുമല്ലെങ്കിൽ എനിക്ക് ഇല്ലാതെ പോയ ഒരു സഹോദരൻ......


( ഡെയ്സി അതു പൂർത്തിയാക്കുന്നതിനു മുൻപേ, അരയിൽ നിന്നും കത്തി വലിച്ചൂരുന്ന അലക്സ്.... എന്നാൽ അലക്സിന്റെ ഭാവമാറ്റം ശ്രദ്ധിക്കുന്ന ആന്റണി, ഡെയ്സിയുടെ മുന്നിലേക്ക്  ചാടി വീഴുന്നു. പകയോടെ ഡെയ്സിയുടെ ശരീരത്തിലേക്ക് ആഞ്ഞു കുത്തുന്ന അലക്സിന്റെ കൈകൾ, ആന്റണിയുടെ അടിവയറ്റിൽ പതിക്കുന്നു.)

 ആന്റണി : -( പുളയുന്ന വേദനയോടെ ) - അമ്മേ.........


( ഡെയ്സിയുടെ കൈകളിലേക്ക് വീഴുന്ന ആന്റണി-
 നാലുപാടും ചിതറി ഓടുന്ന കുട്ടികൾ-
 ചോരപുരണ്ട കത്തിയുമായി പകച്ചുനിൽക്കുന്ന അലക്സ് -  )

 ഇവിടെ ഫ്ലാഷ് ബാക്ക് പൂർണമാകുന്നു.


 സീൻ  - 3


( സെല്ലിലെ കമ്പി അഴികളിൽ തലചായ്ച്ചു കിടക്കുന്ന അലക്സ്. നെറ്റി തടത്തിലൂടെ പൊടിഞ്ഞു ഇറങ്ങുന്ന വിയർപ്പുകണങ്ങൾ..
 പുറത്തെ അന്തരീക്ഷത്തിൽ ചീവീടുകളുടെ ശബ്ദം.
 ഈ സമയം വരാന്തയിലൂടെ ബൂട്ടുകളുടെ ശബ്ദമുയരുന്നു.

 പാറാവു നിൽക്കുന്ന പോലീസുകാരൻ സെല്ലിന് മുന്നിലെത്തുന്നു.)

 പോലീസുകാരൻ  : - എന്താ അലക്സ് ഉറങ്ങാറായില്ലേ.....?

 അലക്സ് : -( മുഖമുയർത്തി ) - ഇല്ല..... ഉറക്കം വരുന്നില്ല......


 പോലീസുകാരൻ  : - ( ചിരിച്ചുകൊണ്ട് ) എങ്ങനെ ഉറങ്ങാനല്ലേ.... നീണ്ട കാത്തിരിപ്പിനൊടുവിൽ നാളെ മോചിതനാവുകയല്ലേ......

( പുഞ്ചിരിക്കാൻ ശ്രമിക്കുന്ന അലക്സ് )

 പോലീസുകാരൻ : - പോയി കിടക്കാൻ നോക്ക്...... സമയം ആർക്കും വേണ്ടി കാത്തു നിൽക്കാറില്ല...... നേരം ഇപ്പോൾ വെളുക്കും....


( പാറാവുകാരൻ മുന്നോട്ടു നടക്കുമ്പോൾ, സെല്ലിനകത്ത് തിരിഞ്ഞു നടക്കുന്ന അലക്സ് )



 സീൻ  - 3(A)



( സെല്ലിലെ അരണ്ടവെളിച്ചത്തിൽ പായയിൽ കിടക്കുന്ന അലക്സ്.
 ചെവിക്ക് അരികിലൂടെ മൂളി പായുന്ന കൊതുകുകൾക്ക് നേരെ അലക്ഷ്യമായി കൈ വീശുന്നു.
 കൊതുകുകളുടെ മൂളിപ്പറക്കുന്ന ശബ്ദം മാത്രം ഉയർന്നു കേൾക്കുന്ന അവസരത്തിൽ അലക്സ് വീണ്ടും ഓർമ്മകളിലേക്ക്...)

 ഫ്ലാഷ് ബാക്ക് -


 സീൻ  :3(B)


( പലപല ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ജയിലിലെ അന്തേവാസികൾ.
 ക്യാമറ ചുറ്റി ലൂടെ സഞ്ചരിക്കുമ്പോൾ ഓരോരുത്തരും ഓരോ ജോലികളിലാണ്.
 അവരെ നിരീക്ഷിച്ചുകൊണ്ട് പാറാവുകാർ നിൽക്കുന്നുണ്ട്.
 ഈ സമയം ക്യാമറ പതുക്കെ പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു തണൽ മരത്തിലേക്ക് തെന്നി നീങ്ങുന്നു.
 ആ തണൽ മരത്തിനു ചുവട്ടിൽ രണ്ടുപേർ ഇരിക്കുന്നുണ്ട്. അലക്സും, ഫാദർ സാമുവലും ആയിരുന്നു അത്.)


 അലക്സ്  : -( പരിഭവത്തോടെ ) ഫാദർ എന്തിനാണ് ഇങ്ങനെ എന്നെ പിന്തുടരുന്നത്... ഒരല്പം സമാധാനം എനിക്ക് തന്നു കൂടെ....?


( ഫാദറിന്റെ ചുണ്ടിൽ പുഞ്ചിരി വിടരുന്നു.)

ഫാ: സാമുവേൽ  : - മനസ്സിൽ സമാധാനം വേണമെങ്കിൽ ആദ്യം ചെയ്യേണ്ടത് ഭാരങ്ങളെല്ലാം ഇറക്കി വയ്ക്കുകയാണ്. ഈ ഭാരം ചുമന്നു കൊണ്ട് നടക്കുന്ന കാലത്തോളം നിനക്ക് മനസ്സമാധാനം ലഭിക്കുകയില്ല അലക്സ്.....

( അലക്സിന്റെ തല താഴുന്നു. ഫാദർ ആ ചുമലിൽ കൈകൾ വയ്ക്കുന്നു.)

 ഫാദർ: - നിന്നെക്കുറിച്ച് എനിക്ക് എല്ലാം അറിയാം..... പണവും പ്രതാപവും വേണ്ടുവോളമുള്ള അറക്കൽ തറവാടിന്റെ സന്തതിക്ക് ജീവിതം ആദ്യമായി പിഴക്കുന്നത് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെയായിരുന്നു. സ്വരച്ചേർച്ച ഇല്ലാത്ത മാതാപിതാക്കളും, പിന്നീടുള്ള അമ്മയുടെ മരണവും നിന്നെ ആകെ തളർത്തി അല്ലേ....?


 അലക്സ്  : - ( നിസ്സംഗതയോടെ ) ഫാദർ കഴിഞ്ഞു പോയതൊന്നും എന്നെ ഓർമ്മിപ്പിക്കല്ലേ.....


 ഫാദർ : - അലക്സ്... മുന്നോട്ടു നടക്കുമ്പോഴും പിന്നിലേക്ക് തിരിഞ്ഞു നോക്കാനുള്ള ഒരു മനസ്സുണ്ടെങ്കിലേ ജീവിതത്തിന് അർത്ഥം ഉണ്ടാവുകയുള്ളൂ... ഇന്നലെയുടെ ഓർമ്മകളിൽ ജീവിതം തളച്ചിടുകയല്ല വേണ്ടത്.... ആ ഓർമ്മകളിലൂടെ തന്നെ ജീവിതത്തെ തിരിച്ചുപിടിക്കണം.... അപ്പോഴേ നാളെയുടെ സ്വപ്നങ്ങൾക്ക് അർത്ഥം ഉണ്ടാവുകയുള്ളൂ....


( കുറച്ചുനേരം രണ്ടുപേർക്കുമിടയിൽ നിശബ്ദത പടരുന്നു )

 അലക്സ് : - ജീവിതത്തിൽ പരാജയങ്ങൾ മാത്രം ശീലിച്ച ഒരാൾക്ക് ഇന്നലയെ എങ്ങനെ ഓർത്തെടുക്കാൻ കഴിയും ഫാദർ.... കുടുംബം, പ്രണയം..... അങ്ങിനെ പരാജയങ്ങളുടെ ഒരു നീണ്ട നിര.......


 ഫാദർ: -( പുഞ്ചിരിച്ചുകൊണ്ട് ) വിരഹവും, പ്രണയവും ഒക്കെ ജീവിതത്തിന്റെ വശങ്ങളാണ്..... പ്രണയത്തിന്റെ നോവിലും,  വിരഹത്തിന്റെ വേദനയിലും താൻ മറന്നുപോയ ഒന്നുണ്ടായിരുന്നു..... പച്ചയായ ജീവിതത്തിന്റെ സുഗന്ധം...... അത് ഇന്നുവരെ താൻ തേടിയിട്ടില്ല.....


( അലക്സ് മുഖമുയർത്തി ഫാദറിനെ തന്നെ നോക്കിയിരുന്നു.
 ഈ സമയം ഫാദർ, അലക്സിന്റെ ചുമലിൽ പിടിച്ചുകൊണ്ട് അവിടെനിന്നും എഴുന്നേൽക്കുന്നു.
 രണ്ടുപേരും പറമ്പിലെ നടപ്പാതയിലൂടെ നടക്കുന്നു.)


 ഫാദർ: - ഈശ്വരൻ മനുഷ്യന് ഈ ഭൂമിയിൽ നൽകിയിരിക്കുന്ന കുറച്ചുകാലം അതിങ്ങനെ കൊലക്കത്തിയുമായി ഓടിനടക്കാൻ ഉള്ളതല്ല..... പ്രണയം ഒരനുഭവമാണ്........ പക്വതയാർന്ന മനസ്സിലെ തീവ്രമായ ഒരനുഭവം...... അതില്ലാതെ വരുമ്പോഴാണ് കൊലക്കത്തിക്ക് പിന്നാലെ പായേണ്ടി വരുന്നത്.......


( ഫാദറിന്റെ വാക്കുകൾ കേട്ടു കൊണ്ട് മുന്നോട്ടു നടക്കുന്ന അലക്സ് )


 ഫാദർ:- പ്രണയം ഒരിക്കലും പിടിച്ചെടുക്കാൻ പറ്റുകയില്ല.. അത് കവർന്നെടുക്കാൻ ശ്രമിച്ചാൽ അതിനെ പ്രണയം എന്നു പറയാനാവില്ല...... ഡെയ്സി ക്ക് നിന്നോട് ഉണ്ടായിരുന്നത് പ്രണയമായിരുന്നില്ല..... മറിച്ച് അത് സ്നേഹമായിരുന്നു..... ഒരു സഹോദരനോടൊ, സുഹൃത്തിനോടൊ തോന്നുന്ന സ്നേഹം..... അത് ഡെയ്സി ആദ്യംമുതലേ മനസ്സിലാക്കിയിരുന്നു. നീ മനസ്സിലാക്കാൻ വൈകി പോയി...... അതിന്റെ ഫലമാണ് ഇപ്പോഴുള്ള നിന്റെ ജീവിതം.........


 അലക്സ് : -( ശബ്ദം കുറച്ചുകൊണ്ട് ) ഞാൻ എന്താണ് ഫാദർ ചെയ്യേണ്ടത്......?


 ഫാദർ : - ചെയ്തു തീർക്കാൻ ഒത്തിരി ഏറെയുണ്ട് നിനക്ക്....... നിന്നെ മാത്രം കാത്തിരിക്കുന്ന ഒരു അപ്പച്ചനുണ്ട് നിനക്കിപ്പോൾ....... ആ കുടുംബത്തിന് ഇനി നീ ഒരു കെടാവിളക്കായി തെളിഞ്ഞു നിൽക്കണം....... ഒപ്പംതന്നെ പുതു മഴയിൽ കുതിർന്ന യൗവനത്തിന്റെ സൗരഭ്യം നുകരാൻ വെമ്പൽ കൊണ്ട് നിൽക്കുന്ന ഈ യുവതലമുറയ്ക്ക് ഒരു പ്രചോദനമാണ് നീ..... അപ്പോൾ കഴിഞ്ഞുപോയത് എല്ലാം വെറും തോന്നലുകൾ ആയി അവശേഷിക്കും........



( അലക്സ് എല്ലാം കേട്ടു കൊണ്ട് നടക്കുന്നു )


 ഫാദർ:- ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലാവുന്നുണ്ടോ അലക്സ്.....?


 അലക്സ്  :- ( ശബ്ദം കുറച്ച് ) ഉവ്വ് ഫാദർ..... എല്ലാം എനിക്ക് മനസ്സിലാവുന്നു....... പ്രണയം..... കുടുംബം..... ഇവിടെ രണ്ടിടത്തും വേണ്ടത് തിരിച്ചറിവിന്റെ ഒരു മനസ്സാണ്..... കഴിഞ്ഞുപോയത് ഒരു പുതു മഴയാണ്..... ആ പുതുമഴ എന്നെ ഒത്തിരി പഠിപ്പിച്ചിരിക്കുന്നു.... കഴിഞ്ഞുപോയതെല്ലാം വെറും തോന്നലുകൾ ആയിരുന്നുവെന്ന് എനിക്കിപ്പോൾ മനസ്സിലാവുന്നു...... എല്ലാം വെറും തോന്നലുകൾ.......



( അലക്സിന്റെ ഈ വാക്കുകൾ അന്തരീക്ഷത്തിൽ മുഴങ്ങുന്നു)


( ഇവിടെ ഫ്ലാഷ് ബാക്ക് പൂർണമാകുന്നു. മൂളി പായുന്ന കൊതുകുകളുടെ ശബ്ദത്തിനൊപ്പം അലക്സ് ഉറക്കത്തിലേക്ക് വഴുതി വീഴുന്നു )




 സീൻ - 4


( പ്രഭാതം -

 വാർഡന്റെ മുന്നിൽ തന്റെ വസ്ത്രങ്ങൾ നിറച്ച കവറുമായി നിൽക്കുന്ന അലക്സ്.
 വാർഡൻ വെച്ചുനീട്ടിയ ബുക്കിൽ ഒപ്പിട്ട് അദ്ദേഹത്തെ നോക്കി പുഞ്ചിരിക്കുന്ന അലക്സ് )



 വാർഡൻ  :- കൗമാരവും, യൗവനവും ഇവിടെ തളച്ചിടുന്നവർക്ക് പ്രത്യേകിച്ച് ഒരു സന്ദേശവും നൽകാൻ ഇല്ല.... കാരണം ഇതൊരു തിരിച്ചറിവിന്റെ സമയമാണ്..... അത് അലക്സ് നേടിയെടുത്തിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം......



 അലക്സ്  :- ( പുഞ്ചിരിച്ചുകൊണ്ട് ) തീർച്ചയായും സാർ..... കടന്നുപോയത് എല്ലാം ഒരു സ്വപ്നം ആയിട്ടല്ല, മറിച്ച് ഒരു യാഥാർത്ഥ്യം ആയിട്ടാണ് ഞാൻ കാണുന്നത്..... അതുകൊണ്ടുതന്നെ ഇനിയുള്ള പാത എന്റെ കൺമുന്നിൽ തന്നെയുണ്ട്......



( വാർഡൻ ചെറുപുഞ്ചിരിയോടെ അലക്സിന്റെ ചുമലിൽ തട്ടുന്നു.

 അലക്സിന്റെ കാലടികളെ പിന്തുടരുന്ന ക്യാമറ സാവധാനം ഉയർന്ന് പുറത്തേക്കുള്ള വഴിയിൽ കേന്ദ്രീകരിക്കുന്നു.

 അവിടെ തന്നെ കാത്തുനിൽക്കുന്ന ഫാദർ സാമുവലിനെ അലക്സ് കാണുന്നു.

 ഫാദറിന് അരികിലേക്ക് നടന്നടുക്കുന്ന അലക്സ് -

 തന്റെ മുന്നിലെത്തിയ അലക്സിന്റെ രണ്ടു ചുമലിലും കൈകൾ വയ്ക്കുന്ന ഫാദർ.)


( അവർക്ക് മുന്നിൽ ഉള്ള ഗേറ്റ് ചൂണ്ടിക്കാണിച്ചുകൊണ്ട് ഫാദർ...)


 ഫാദർ  :- ഇത് നിനക്ക് മറ്റൊരു ലോകത്തിലേക്കുള്ള വാതിലാണ്...... സ്വാതന്ത്ര്യം നിറഞ്ഞ മറ്റൊരു ലോകം..... അവിടെ നീ എടുക്കുന്ന തീരുമാനങ്ങൾ ആയിരിക്കണം നിന്റെ പാതയിലെ വെളിച്ചം....


( രണ്ടു പേരും മുന്നോട്ടു നടക്കുമ്പോൾ ഗേറ്റ് തുറക്കുന്ന പോലീസുകാരൻ.)




 സീൻ  - 4(A)


( സബ് ജയിലിന്റെ മുൻവശം.

 അകത്തുനിന്ന് പുറത്തേക്കിറങ്ങുന്ന അലക്സിന്റെയും, ഫാദറിന്റെയും നേരെ തിരിയുന്ന ക്യാമറ )


 അലക്സ്  :- എന്നാൽ ഞാൻ ഇറങ്ങട്ടെ ഫാദർ......

( ഈ സമയം ഫാദറിന്റെ ചുണ്ടിൽ പുഞ്ചിരി വിടരുന്നു.)


 ഫാദർ :- പോകാം...... പക്ഷേ ആ യാത്ര വേറെ ചിലർക്കൊപ്പം ആകാം......


( ഫാദർ ഇത് പറയുന്നതിനിടെ മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നിറങ്ങുന്ന ഒരു രൂപത്തെ അലക്സ് കാണുന്നു.

 അതൊരു ഞെട്ടലായി ആ മുഖത്തു മാറുന്നു.
 ആ ഭാവമാറ്റം തീരുന്നതിനു മുന്നേ ആ രൂപം അലക്സിനു മുന്നിലെത്തിയിരുന്നു )


 ഫാദർ  :- അലക്സിന് ആളെ മനസ്സിലായോ...?


 അലക്സ് :- ( വിറയ്ക്കുന്ന ചുണ്ടുകളോടെ ) ആന്റണി........


( ആന്റണിയുടെ ചുണ്ടിൽ പുഞ്ചിരി വിടരുന്നു)


 ആന്റണി:- മറന്നിട്ടില്ല അല്ലേ......?


 അലക്സ് :- ( ആന്റണിയുടെ കൈകളിൽ പിടിച്ചു കൊണ്ട് ) മറക്കാനാകുമോ ആന്റണി കടന്നുപോയ വർഷങ്ങൾ........ ഉരുകി ഉരുകി ആണ് ഞാൻ കഴിഞ്ഞിരുന്നത്...... ഇപ്പോൾ ആ നീറ്റലിനൊരു ആശ്വാസം തോന്നുന്നു.....


( ഈ സമയം കാറിന്റെ ഡോർ തുറന്ന് മറ്റൊരു രൂപം പുറത്തിറങ്ങുന്നു.

 കൈകുഞ്ഞുമായി ഡെയ്സി )

( അലക്സ് വിടർന്ന മുഖത്തോടെ അവരെ നോക്കുന്നു )

 ആന്റണി:- ഒത്തിരിയേറെ സഹിച്ചെടോ....... കട്ടിലിൽനിന്നും എഴുന്നേൽക്കാൻ വർഷങ്ങളെടുത്തു....... അന്ന് താങ്ങും തണലുമായി നിന്നത് ഇവളാണ്...... ഇന്നും അങ്ങനെതന്നെ.........


( അലക്സിന്റെ ശിരസ്സ് താഴ്ന്നു.
  ഈ സമയം ഡെയ്സി, അലക്സിന് അരികിൽ എത്തിയിരുന്നു.)


 ഡെയ്സി :- ( അലക്സിന്റെ ചുമലിൽ കൈകൾ വച്ചു കൊണ്ട് ) നമുക്കൊക്കെ നഷ്ടപ്പെട്ടത്, കൗമാരവും യൗവനവും ഒക്കെ ആയിരിക്കാം...... പക്ഷേ ഇപ്പോൾ നമുക്ക് തിരിച്ചു കിട്ടിയിരിക്കുന്നത് തളിരിടാൻ കൊതിക്കുന്ന ഒരു വസന്ത കാലമാണ്.... അത് നമുക്ക് കാത്തുസൂക്ഷിക്കണം........


( അലക്സിന്റെ കണ്ണുകൾ നിറയാൻ തുടങ്ങുന്നു.)


 അലക്സ് :- ( ഇരുകൈകളും കൂപ്പി ) - എല്ലാറ്റിനും മാപ്പ്.........

( ആന്റണി, അലക്സിനെ നെഞ്ചോട് ചേർക്കുന്നു.)


( ഈ സമയം ക്യാമറ ഫാദർ സാമുവലിന്റെ മുഖത്തേക്ക് നീങ്ങുന്നു )


 ഫാദർ:- അലക്സിന് വീട്ടിലേക്കുള്ള യാത്ര ഇവർക്കൊപ്പം ആകാം.......


( നന്ദിയോടെ ഫാദറിന് നേരെ കൈകൂപ്പുന്ന അലക്സ് -

 ക്യാമറ പതുക്കെ ഉയരുന്നു -

 ആന്റണി കാറിന്റെ ഡോർ തുറക്കുന്നു.

 കാറിന്റെ പിൻസീറ്റിൽ കയറുന്ന അലക്സ്.

 കാർ അകന്നു പോകുമ്പോൾ, അലക്സിന്റെ കണ്ണുകൾ, മുൻസീറ്റിൽ ഡെയ്സിയുടെ ചുമലിൽ കിടക്കുന്ന കുഞ്ഞിന്റെ മുഖത്തു പതിക്കുന്നു.

 അവന്റെ മോണ കാട്ടിയുള്ള ചിരിയിൽ, അലക്സിന്റെ ചുണ്ടിൽ പുഞ്ചിരി വിടരുന്നു.

 ഈ സമയം, അലക്സ് തിരിഞ്ഞ് പുറം ഗ്ലാസിലൂടെ പുറത്തേക്ക് നോക്കുമ്പോൾ തങ്ങളുടെ നേരെ കൈ വീശി നിൽക്കുന്ന ഫാദറിനെ കാണുന്നു.


 കാർ അകന്നു പോകുമ്പോൾ ക്യാമറ പതുക്കെ പിന്നിലേക്ക് പോകുന്നു.

 പൊടിപറത്തി പോകുന്ന കാറിനു പിറകിൽ, സ്ക്രീനിൽ തെളിയുന്ന അക്ഷരങ്ങൾ-


        " പ്രണയം ഒരനുഭവമാണ്........

           പക്വതയാർന്ന മനസ്സിലെ തീവ്രമായ അനുഭവം......

          ബാക്കിയെല്ലാം വെറും തോന്നലുകൾ മാത്രം............ "






.................................. ശുഭം...................................