വൃദ്ധസദനത്തിന്റെ പടികൾ കയറുന്നത് വരെ ഒരിക്കൽ പോലും ഞാൻ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല ഒരു നാൾ ഞാനും ഇവിടെ എത്തി പെടും എന്ന്.
മകന്റെ കൈ പിടിച്ചു ആ വരാന്തയിലേക്ക് കാലെടുത്തു വെക്കുമ്പോൾ ചുറ്റുമുള്ള ഓരോ മരങ്ങളും എന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
അതെ, ഒരു നാൾ എന്റെ മകനെ പോലെ ഞാനും വന്നിരുന്നു ഇവിടേക്ക് എന്റെ ഉമ്മയെയും കൊണ്ട്...
പഠിച്ചു വലുതായി സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയപ്പോൾ ഭാരം ആയി എന്ന് തോന്നിതുടങ്ങിയ എന്റെ ഉമ്മയെ ഉപേക്ഷിക്കാൻ...
ഉപ്പ മരിച്ചപ്പോൾ പലരും ആട്ടി ഓടിച്ചിട്ടും തളരാതെ എന്നെ വളർത്തി വലുതാക്കി. എനിക്ക് വേണ്ടി രാവും പകലും വ്യത്യാസമില്ലാതെ കിട്ടുന്ന കാശിനു ജോലി ചെയ്തു എന്നെ നല്ലനിലയിൽ പഠിപ്പിച്ചു.. എന്നും തോൽവി മാത്രം ഏറ്റുവാങ്ങുമ്പോൾ മകൻ വലുതായാൽ സമാധാനത്തോടെ ജീവിക്കാം എന്ന് പ്രതീക്ഷിച്ച എന്റെ ഉമ്മ അവിടെയും തോറ്റുപോയി. വയസ്സായി മാറിയപ്പോൾ ഉമ്മ പറയുന്ന ഓരോ കാര്യങ്ങളും കേൾക്കാത്ത ഭാവം നടിച്ചു എപ്പോഴും ദേഷ്യം പ്രകടിപ്പിച്ചും ഉമ്മയോട് പെരുമാറി.സുഖകരമായ ജീവിതത്തിനു വേണ്ടി അന്ന് ഞാൻ എന്റെ ഉമ്മയെ ഇവിടെ കൊണ്ടുവന്നു നിർത്തി.
അന്ന് എന്റെ ഉമ്മ ഇന്ന് ഞാൻ കയറിയ അതെ പടികൾ കയറിയപ്പോൾ വിതുമ്പുന്നത് ഞാൻ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചു. അവിടെ ഉമ്മാക് എല്ലാം ശെരിയാക്കി
"കുറച്ചു ദിവസം ഇവിടെ നിൽക്കൂ".. എന്ന് പറഞ്ഞു ഞാൻ തിരിച്ചു പോരുമ്പോൾ എന്റെ ഉമ്മ വേദനിക്കുന്ന ഹൃദയവും നിറഞ്ഞുനിൽക്കുന്ന കണ്ണുകളുമായി എന്നെ നോക്കുന്നുണ്ടായിരുന്നു.
ഇന്ന് അതെ അവസ്ഥയാണ് എനിക്കും . എനിക്കുള്ള എല്ലാ കാര്യങ്ങളും ശെരിയാക്കി എന്റെ മോൻ എന്നോട് പറഞ്ഞു
"കുറച്ചു ദിവസം ഇവിടെ നിൽക്കു"
അതെ അന്ന് ഞാൻ എന്റെ ഉമ്മയോട് പറഞ്ഞ അതെ വാക്കുകൾ.എനിക്ക് വേണ്ടി ജീവിച്ചു എന്നെ ജീവിക്കാൻ പഠിപ്പിച്ച എന്റെ ഉമ്മയെ ഞാൻ ഉപേക്ഷിച്ചു.മകന് വേണ്ടി ജീവിച്ച എന്നെ എന്റെ മകനും ഉപേക്ഷിച്ചു..
നമ്മൾ ചെയ്തതിനു നമ്മൾ അനുഭവിക്കുക തന്നെ ചെയ്യും എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു.
എന്നെ തനിച്ചാക്കി പോകുന്ന എന്റെ മകന് ഈ അവസ്ഥ വരരുതേ എന്ന പ്രാർത്ഥനയോടെ നുറുങ്ങുന്ന ഹൃദയവുമായി അവൻ കണ്ണിൽ നിന്നും മറയുന്നത് വരെ ഞാൻ നോക്കി കൊണ്ടിരുന്നു..