തെരുവോര വിളക്കിന്റെ ചുവന്ന വെളി-
ച്ചത്തിൽ ചുവന്ന തെരുവിലെ വാടിയ
പൂവുകളാരും വാങ്ങുവാൻ എത്തിയില്ല .
തെരുവുറങ്ങിയെങ്കിലും അവൾ ഉറങ്ങിയില്ല.
മുടിയിൽ ചൂടിയ വാടിയ മുല്ലപ്പൂവിന്റെ
പരിമളം ചുറ്റിലും പരിലസിച്ചിരുന്നു. അവളുടെ
കണ്ണുകൾ ഇരുട്ടിന്റെ നഗ്ന മേനിയിലൂടെ
ദൂരെ വല്ല നിഴലുകളും തന്നെ പിൻതുടരു-
ന്നുണ്ടോ എന്ന് ശ്രദ്ധിച്ചു കൊണ്ടിരുന്നു.
മാനത്ത് വെള്ളിമേഘ തൊട്ടിലിൽ അമ്പിളി
മയങ്ങുന്നു. താഴെ ഞാന്നുകിടക്കുന്ന മര-
ക്കൊമ്പിൽ കെട്ടിയ കീറ തൊട്ടിലിൽ മയങ്ങുന്നു തന്റെ "കുഞ്ഞമ്പിളി " . പാവം
വിശന്നു കരഞ്ഞു മയങ്ങുകയാണവൾ.
ഒരു റൊട്ടി വാങ്ങാൻ കയ്യിൽ ഒരു കാശു
പോലുമില്ല. മനസ്സ് നൊമ്പരപ്പെടാൻ തുടങ്ങി.
ഉരുക്കു പാളങ്ങളെ വിട്ടു പിരിയുവാനുള്ള
വിഷമത്താൽ ഞരങ്ങുന്ന ഇരുമ്പു ചക്കറ -
ങ്ങളുടെ രോദനം നേർത്ത് നേർത്ത് ദൂരേക്ക് .
അവൾ വേദനയോടെ തൊട്ടിലിലേക്ക് നോക്കി.
പാവം കുഞ്ഞമ്പിളി . മുഖം വാടി യിരിക്കുന്നു.
അവൾ ഇപ്പോൾ ഉണരും. പെട്ടെന്ന് ദൂരെയൊരു
നിഴൽ അവൾ പ്രത്യാശയോടെ നോക്കി. നാറുന്ന കാക്കിക്കാരന്റെ ബൂട്ടുരയുന്ന ശബ്ദം '
അവൾ ദൂരേക്ക് കാർക്കിച്ചു തുപ്പി.
ഇരുട്ടിൽ നിഴലുകൾ ഇഴയുന്ന ശബ്ദം . അവൾ
കിതച്ചു കൊണ്ട് റോഡിനപ്പുറത്തെ ബേക്കറി -
യിലേക്ക് ഓടി . ഇരുട്ടിൽ ബൂട്ടിന്റെ ശബ്ദം
ദൂരേക്ക് നേർത്ത് പോയി. റോഡിൽ വണ്ടി -
ബ്രേക്ക് ചെയ്യുന്ന ശബ്ദം . ടയർ റോഡിൽ
എരിയുന്ന ഗന്ധം ഇരുട്ടിൽ തങ്ങി നിന്നിരുന്നു.
ആളുകൾ ഓടിയെത്തി. രക്തത്തിൽ കുളിച്ച -
ശരീരത്തിൽ നെഞ്ചോടു ചേർത്തുപിടിച്ച -
ഒരു റൊട്ടി രക്തത്തിൽ കുതിർന്നിരിക്കുന്നു.
മാനത്ത് അമ്പിളി കറുത്ത കമ്പിളി പുതപ്പിൽ
മറഞ്ഞിരുന്നു. താഴെ ഒന്നുമറിയാതെ കീറ -
തൊട്ടിലിൽ കിടന്നു കുഞ്ഞമ്പിളി ചിണുങ്ങാൻ
തുടങ്ങി. തെരുവോര വിളക്ക് കണ്ണടച്ചു. അവളുടെ നേർത്ത തേങ്ങൽ ചീവിടുകളുടെ
കൂട്ടക്കരച്ചിലിൽ ലയിച്ചു പോയി ......
..........o...........o............