Aksharathalukal

നീ പൂക്കുന്നിടം

ഇന്നലെ പെയ്ത മഴയിൽ ഓഡിറ്റോറിയത്തിന് മുന്നിലെ പാർക്കിംഗ് ഏരിയയിൽ കൂടി   വളരെ സൂക്ഷ്മതയോടെ സാരി ഒതുക്കി ഞാൻ നടന്നു.
അവിടുത്തെ വലിയ പള്ളി വക സ്കൂളിലാണ് ഞാൻ പഠിപ്പിച്ചിരുന്നത്....
ആ ചേറ് ഒരല്പം എങ്കിലും വസ്ത്രത്തിൽ പറ്റിയാൽ കഴുകാൻ ഇനിയും ആ ചുറ്റുമതിലിന് അപ്പുറത്തൂടെ മുഴുവൻ ചുറ്റണം എന്ന പൂർണബോധ്യം എനിക്ക് ഉണ്ടായിരുന്നു.

പക്ഷെ കണ്ണുകൾ നിറഞ്ഞ വേളയിൽ ഒരു നിമിഷത്തെ അശ്രദ്ധയിൽ കാലൊന്ന് ഇടറിപ്പോയി...
എതിരെ വന്നിരുന്ന ആരെയോ ഇടിച്ച് താഴേക്ക് ഞാൻ വീണു പോയിരുന്നേനെ.....
ആള് താങ്ങിപ്പിടിച്ചില്ലായിരുന്നു എങ്കിൽ,
ഇടുപ്പോട് ചേർത്തെന്നെ താഴെ കലങ്ങി മറിഞ്ഞു കിടക്കുന്ന ചേറിൽ വീഴാതെ താങ്ങിയ ആളുടെ നെഞ്ചിൽ തന്നെയായിരുന്നു ആ സംഭവത്തിലെ ഞെട്ടൽ എന്നിൽ നിന്ന് വിട്ടകലും വരെ ഞാൻ കിടന്നിരുന്നത്.

പെട്ടെന്നയാൾ എന്നെ വിട്ട് അല്പം അകന്നു നിന്ന് വേവലാതിയോടെ എന്നെ നോക്കി.
ആദ്യം എനിക്കും എന്തോ പോലെ തോന്നിയെങ്കിലും എന്റെ നിറഞ്ഞ കണ്ണുകളിലെ നനവ് പടർന്ന അയാളുടെ ഷർട്ട്‌ കാണെ അയാളുടെ പതർച്ചയുടെ കാരണം എനിക്ക് ബോധ്യമായി.

ഒരു പക്ഷെ  ആള് ചേർത്ത് പിടിച്ചത് കൊണ്ടാണ് ഞാൻ കരഞ്ഞത് എന്ന് തോന്നിക്കാണും...
മെല്ലെ കണ്ണുകൾ അമർത്തി തുടച്ച് ഞാൻ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ക്ഷമ ചോദിച്ചു.
അല്ലെങ്കിലും തെറ്റ് എന്റെ ഭാഗത്ത് തന്നെ ആയിരുന്നല്ലോ...
പൂർവ്വ കാമുകന്റെ താലി മറ്റൊരുവളുടെ കഴുത്തിൽ വീണ  നിമിഷം തോന്നിയ കടുത്ത ഹൃദയവേദനയിൽ  ചാടി തുള്ളി കൂടെ വന്ന അമ്മയെ പോലും മറന്ന്  വീട്ടിലേക്ക് നടക്കുമ്പോൾ ഇതല്ല ഇതിനപ്പുറം നടന്നു എന്നിരിക്കും.

എന്നിട്ടും എന്നെ കുഴക്കിയത് അയാളുടെ ഭാവം ആയിരുന്നു കണ്ണുകൾ നിറഞ്ഞു തന്നെ ഇരിക്കുന്നു.

ഇനി ഇയാളുടെ കാമുകി ആയിരിക്കുമോ അവന്റെ വധു.
അങ്ങനെയും ചിന്തിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.
അയാളുടെ നിറഞ്ഞ കണ്ണുകൾ എന്നെ ആ വഴിക്ക് നയിച്ചു എന്ന് വേണം പറയാൻ...
അങ്ങനെയെങ്കിൽ ഞങ്ങൾ ഇരുവരും ഒരേ തോണിയിലെ യാത്രക്കാർ തന്നെ ആണല്ലോ..
എന്ന് തോന്നി..!

അമ്മയെ കുറിച്ച് ഓർത്തതും വീണ്ടും ആ ചെളിവെള്ള കെട്ടിലൂടെ തിരികെ ഞാൻ ഓഡിറ്റോറിയത്തിലേക്ക് നടന്നു.
പള്ളിയോട് ചേർന്നു തന്നെയാണ് അതും..
ഭംഗിയിൽ കൊത്ത് പണികൾ ഉള്ള ചെറിയ മിനാരത്തിന് അടുത്ത് എത്തിയപ്പോൾ വെറുതെ ഒന്ന് തിരിഞ്ഞു നോക്കു എന്നെന്റെ ഉള്ളം മന്ത്രിച്ചു.
അയാൾ എന്ത് ചെയ്യുകയായിരിക്കും എന്നെ തന്നെ നോക്കി നില്കുകയാകുമോ??
അതോ പിന്തിരിഞ്ഞു പോയി കാണുമോ???

ഒത്തിരി ചോദ്യോത്തരങ്ങൾ സ്വയം നടത്തി ഞാൻ സ്വാഭാവികം എന്ന പോലെ തിരിഞ്ഞു.
ഒത്തിരി മോഹിച്ച കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെ എന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു.
അത്‌ മെല്ലെ ആളിലേക്കും പടർന്നു എന്ന് തോന്നി.
അയാളുടെ അധരങ്ങളിൽ മനോഹരമായ ഒരു പുഞ്ചിരി മിന്നി മാഞ്ഞു.
അതോ എന്റെ തോന്നലുകളോ....

മുഖം വെട്ടിച്ച് അതേ ചിരിയോടെ 
അകത്തേക്ക് കടന്നപ്പോഴേ  കണ്ടു കയ്യിലെ ചെറിയ സ്വിച്ച് ഫോണിൽ നിന്ന് എന്നെ വിളിക്കാൻ ശ്രെമിച്ച് പരാജയപ്പെട്ടു നിൽക്കുന്ന അമ്മയെ.
തിമിരത്തിന്റെ ആരംഭം ഉണ്ടേ അമ്മയ്ക്ക് കണ്ണിന് വെട്ടം കുറവുള്ളത് കൊണ്ട് അഞ്ജിത എന്ന എന്നെ വിളിക്കാൻ പേരിൽ കുത്തിയാൽ  അഞ്ജലി എന്ന കാഞ്ഞൂര് വിവാഹം കഴിച്ചയച്ച ചേച്ചിക്ക് കാൾ പോകും.
പാവം അതിന്റെ സർജറി ചെയ്‌താൽ എന്നെകൊണ്ട് ലീവ് എടുപ്പിക്കേണ്ടി വരുമല്ലോ എന്നോർത്ത് ഒരു കുഴപ്പവും ഇല്ലാത്തത് പോലെ നടിക്കുന്നു എന്നെ ഉള്ളൂ.
എനിക്കറിയാം തനിയെ നടക്കാൻ പോലും അമ്മ വല്ലാതെ ബുദ്ധിമുട്ടുണ്ട് എന്നുള്ളത്.

അമ്മ  നാൽപതാം വയസ്സിൽ വിധവയായത് ആണ്.
ഞാനും എന്നേക്കാൾ രണ്ട് വയസ്സിനു മുതിർന്ന ചേച്ചിയും അടങ്ങിയ കൊച്ചു കുടുംബം ആയിരുന്നു ഞങ്ങളുടേത്.
പഠനം കഴിഞ്ഞ ഉടനെ ചേച്ചിക്ക് ഇൻഫോപാർക്കിൽ ജോലിയായി...
അതിനടുത്ത് തന്നെ കൂടെ ജോലി ചെയ്യുന്ന കാർത്തിക്കേട്ടൻ  വിവാഹം ആലോചിച്ച് വന്നു.
പണമായിട്ട് ഒന്നും കൊടുക്കാൻ ഉണ്ടാകില്ലെന്ന് അമ്മ പറഞ്ഞപ്പോ ഒന്നും വേണ്ട അഞ്ജലിയെ മാത്രം മതി എന്ന് പറഞ്ഞതും പെട്ടെന്ന് വിവാഹം നടത്തിച്ചതും അവളുടെ അമ്മായിയമ്മ ആയിരുന്നു.
ഒരു മകൾ ഇല്ലാത്തത് കൊണ്ട് സ്വന്തം മകളായിട്ടാണ് അവളെ അവർ കണ്ടത്.

എല്ലാം തുറന്ന് പറഞ്ഞിരുന്ന ചേച്ചി പോയ ശൂന്യതയിലേക്കാണ് കോളേജിൽ പോയി കൊണ്ടിരുന്ന എന്റെ ഹൃദയത്തിലേക്ക് സന്ദീപ്  കയറി വന്നത്...
അവൻ എഞ്ചിനീയറിങ് അവസാനവർഷം ആയിരുന്നു ആ സമയത്ത്.
ഞാൻ പഠിച്ചിരുന്ന കോളേജിലെ തന്നെ സഹോദരസ്ഥാപനത്തിൽ.
ഒരു സമരപരിപാടിക്കിടെയാണ് ഞങ്ങൾ തമ്മിൽ കണ്ട് മുട്ടുന്നത്.
ഈ സിനിമയിൽ ഒക്കെ കാണും പോലെ ചെറിയൊരു ഉടക്കിലായിരുന്നു അത്‌.
അവരുടെ ചെങ്കൊടി എതിർ പാർട്ടിക്കാർ ഒടിച്ചതിന്റെ പേരിൽ വലിയ വഴക്കും കയ്യേറ്റവും നടന്നു കൊണ്ടിരിക്കുന്നതിന്റെ ഇടയിലേക്കാണ് ഞാൻ എന്റെ വണ്ടിയിൽ കോളേജ് ഗേറ്റിന് പുറത്തേക്ക് വരുന്നത്.
എന്റെ കഷ്ടകാലം എന്ന് പറഞ്ഞാൽ മതിയല്ലോ  കഴുത്തിൽ രക്തനിറത്തിൽ ഉള്ള ഒരു സ്കാഫ്  ഞാൻ ചുറ്റിയിരുന്നു.

ഞാൻ ഗേറ്റിന് പുറത്തേക്ക് വന്നതും ആരോ പാഞ്ഞു വന്ന്  കഴുത്തിൽ നിന്നത് വലിച്ചെടുത്തതും ഒരുമിച്ച് ആയിരുന്നു.
പെട്ടെന്നുള്ള ആക്രമണത്തിൽ  ഡ്രൈവിങ്ങിൽ തുടക്കക്കാരി മാത്രമായിരുന്ന ഞാൻ വണ്ടിയുല്പടെ താഴെ വീണു.
കഴുത്തിൽ സ്കാഫ് ശക്തിയിൽ വലിച്ചതിന്റെ മുറിപ്പാടും ഉണ്ടായിരുന്നു.

പക്ഷെ എന്നെ ചൊടിപ്പിച്ചത് അതൊന്നുമായിരുന്നില്ല ഇത്രയൊക്കെ  ചെയ്തിട്ടും ഒരു ക്ഷമപോലും ചോദിക്കാതെയുള്ള സന്ദീപിന്റെ ധാർഷ്ട്യം അതൊന്ന് മാത്രമായിരുന്നു.

ഞാൻ നിലത്ത് നിന്ന് പിടഞ്ഞെഴുനേറ്റ്  അവന്റെ കരണമടക്കം ഒന്ന് പൊട്ടിച്ച് കൊടുത്തു.
അവിടെ നിന്നിരുന്നവർ എല്ലാം തന്നെ
ഞെട്ടിയത് പോലെ എന്നെ നോക്കുന്നുണ്ടായിരുന്നു.
എനിക്ക് നേരെ പാഞ്ഞു വന്ന അവന്റെ കൂടെയുണ്ടായിരുന്നവരെ അവൻ തന്നെ തടഞ്ഞു.
എന്റെ വലതുകൈ അവൻ തിരിച്ചൊടിച്ചു.
കവിളിൽ തിരിച്ചൊരെണ്ണം എനിക്കും കിട്ടി.

""ഈ സന്ദീപിന്റെ മേൽ കൈവെച്ചിട്ട്  അങ്ങനെയങ്ങ് പോകാം എന്ന് കരുതിയോ നീ....???""

എന്ന് വീറോടെയുള്ള ഒരു ചോദ്യവും അന്നത്തോടെ ആർട്സ് സ്റ്റുഡന്റ്സും എഞ്ചിനീയറിങ് സ്റ്റുഡന്റസും തമ്മിലുള്ള  ചെറിയ പ്രശ്നങ്ങൾ വളർന്നു വന്നു.
ഈ ഞാൻ മൂലം....!!
എപ്പോഴൊക്കെ ഞങ്ങൾ തമ്മിൽ കണ്ടിട്ടുണ്ടോ അപ്പോഴൊക്കെ പ്രശ്നങ്ങൾ പതിവ് ആയിരുന്നു.

സന്ദീപ് എന്റെ കൈ തിരിച്ചൊടിച്ചതിന് ശേഷം മൂന്നാഴ്ച്ച കഴിഞ്ഞുള്ള  ഒരു കൂടിക്കാഴ്ച്ചയിലും  എന്റെ കയ്യിലെ സ്ലിംഗ്  മാറ്റിയിരുന്നില്ല.

പ്രതീക്ഷിക്കാതെ പെയ്ത മഴയിൽ നനഞ്ഞു കുതിർന്ന് അന്ന് കോളേജ് ഗേറ്റ് കടന്ന എനിക്ക്  മുകളിൽ  മഴയെ മറച്ചു കൊണ്ട് അവൻ വന്നു.
കൈ ഒടിഞ്ഞത് കൊണ്ട് എന്റെ വണ്ടി ഞാൻ എടുത്തിരുന്നില്ല.
കുതറി മാറാൻ തുടങ്ങിയ എന്നെ തോളോട് ചേർത്ത് പിടിച്ചവൻ ഡിപ്പാർട്മെന്റ്മെന്റിന് മുന്നിൽ കൊണ്ട് വിട്ടു.

അവനോട് വഴക്കിട്ടു വഴക്കിട്ട്  എന്നും ഇനിയെന്ത് പറഞ്ഞു തമ്മിലടിക്കാം എന്നായി തീർന്നിരുന്നു അതിനകം എന്റെ ചിന്തകൾ......

അന്നത്തെ സംഭവത്തിന് ശേഷം എന്തോ അവൻ ഇങ്ങോട്ട് വഴക്കിനു വന്നാൽ പോലും തിരിച്ചൊന്നും പറയാൻ കഴിയാത്ത വിധം എന്റെ നാവിന് വിലങ്ങു വീണിരുന്നു.
അവനെന്ത്‌ പറഞ്ഞാലും വെറുതെ പുഞ്ചിരി സമ്മാനിക്കാൻ ഞാൻ പഠിച്ചിരുന്നു.

അങ്ങനെയൊരു പ്രണയദിനത്തിൽ അവനവന്റെ ഇഷ്ടം എന്നെ അറിയിച്ചു.
എനിക്കും അങ്ങനെയൊരു ഇഷ്ടം ഉണ്ടായിരുന്നു എന്നുള്ളത് കൊണ്ട് ഞങ്ങളുടെ ബന്ധം വളർന്നു.
കോളേജിലെ അറിയപ്പെടുന്ന പ്രണയജോഡിയായി ഞങ്ങളുടെ ബന്ധം വളർന്നത് വളരെ പെട്ടെന്ന് ആയിരുന്നു.

ആയിടക്കാണ് എഞ്ചിനീയറിങ് കോളേജ് ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.
സന്ദീപ്  നോമിനി ആയിരുന്നു....
ഞങ്ങൾ തമ്മിലുള്ള വഴക്ക് അവസാനിച്ചതോടെ രണ്ട്  കോളേജുകൾ തമ്മിലുള്ള വഴക്കും അവസാനിച്ചിരുന്നു.

വലിയ ആഘോഷത്തോടെ തിരഞ്ഞെടുപ്പ് നടന്നു.
ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത് പോലെ സന്ദീപിന് തന്നെയായിരുന്നു ഭൂരിപക്ഷം.

പക്ഷെ ആ വിജയത്തോടെ   സന്ദീപിന്റെ തിരക്കുകൾ വർദ്ധിച്ചു.
ഞങ്ങൾ തമ്മിൽ കാണുന്നത് കുറഞ്ഞു.
പക്ഷെ മറ്റൊരു പെൺകുട്ടിക്കൊപ്പം പലയിടത്തും വച്ച് പലരും അവനെ കണ്ടിരുന്നു.
പലരീതിയിൽ അവരുടെ ബന്ധത്തെ വ്യാഖ്യനിച്ചു എങ്കിലും എനിക്കവനെ വിശ്വാസം ആയിരുന്നു.
എന്റെ കണ്മുന്നിൽ കാണുന്നത് വരെ...

തകർന്ന് പോയിരുന്നു ഞാൻ......
ഒന്നും ചോദിക്കാനോ പറയാനോ പോലും കഴിയാത്ത വിധത്തിൽ.

പക്ഷെ ചോദിച്ചവരോടെല്ലാം എന്നെ പോലെ ഒരു മിഡിൽ ക്ലാസ്സിനെ ചുമക്കാൻ അവൻ മണ്ടനല്ല എന്നായിരുന്നു മറുപടി.
അന്നത്തോടെ അവസാനിപ്പിച്ചു എല്ലാം.
അവന് ഞാൻ വെറും കോളേജ് ക്രഷ് മാത്രമായിരുന്നു.
കോളേജിൽ നിന്ന് പോകും വരെയുള്ള ഒരു എൻജോയ്മെന്റ്.

അവന്റെ കുടുംബത്തോട് ചേർന്നു നിൽക്കുന്ന ഒരു ബന്ധം തന്നെ അവൻ കണ്ടെത്തി.
അവളുടെ നെറ്റിയിലാണ് അല്പം മുൻപ് അവന്റെ സിന്ദൂരം പതിഞ്ഞത്.
എത്രയൊക്കെ വെറുത്തു എന്ന് പറഞ്ഞാലും അവൻ അവളുടെ കഴുത്തിൽ താലി ചാർത്തുന്നതിന് മുൻപ് വരെ എന്നിലേക്ക് അവൻ തിരികെ വരും എന്ന ഒരു പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നിരിക്കണം.
അതല്ലേ....... ആ ദൃശ്യം കാണെ എന്റെ കണ്ണുകൾ നിറഞ്ഞത്.
ഇനിയും കണ്ടു നിൽക്കാൻ കഴിയാത്തത് പോലെ ഞാൻ ഇറങ്ങി ഓടിയത്.

ഓരോന്ന് ചിന്തിച്ച് അമ്മയ്ക്കടുത്ത് എത്തിയത് ഞാൻ അറിഞ്ഞില്ല അമ്മ വന്ന് തണുത്തുറഞ്ഞ കൈ കൊണ്ടെന്നെ ചേർത്ത് പിടിച്ചപ്പോൾ ഞാനും ഒന്ന് ഭയന്നു.

""നീ എവിടെ ആയിരുന്നു  അഞ്ചു എത്ര നേരായി ഊണ് കഴിക്കാൻ ഞാൻ നിന്നെ തിരയുന്നു.
പ്രീതേച്ചി നിന്നെ തിരക്കി കാണിക്കാൻ വേണ്ടി തൊട്ടടുത്ത് നിന്ന നിന്നെ തിരയുമ്പോൾ ആളെ കാണുന്നില്ല.
ഞാൻ ഒന്ന് ഭയന്നു.
പിന്നെ നിന്റെ സ്കൂൾ ഇവിടെ അടുത്തല്ലേ???.
അപ്പൊ അങ്ങോട്ട് പോയോ എന്ന് കരുതി നോക്കാൻ ഇറങ്ങിയതാ ഞാൻ...!!""


അമ്മയുടെ ബന്ധത്തിൽ ഏതോ കുട്ടിയാണ് സന്ദീപ് വിവാഹം ചെയ്യുന്ന ശരണ്യ.
ഞങ്ങൾക്കും ക്ഷണം ഉണ്ടായിരുന്നു.
ക്ഷണ കത്തിലെ  സന്ദീപിന്റെ ചിത്രം കണ്ടത് കൊണ്ട് മാത്രമാണ് അമ്മയ്‌ക്കൊപ്പം ഞാനും ഇങ്ങോട്ടേക്ക് ഇറങ്ങിയത്.

അമ്മയോട് മറുപടി പറയാൻ തുടങ്ങിയ അതേ നിമിഷമാണ്   വരന്റെയും വധുവിന്റെയും നടുവിൽ ചേർന്നു നിന്ന്   ക്യാമറയ്ക്ക്  പോസ് ചെയ്യുന്ന അയാളെ വീണ്ടും ഞാൻ കണ്ടത്.
ഒരു വേള ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞു.
അതേ നിമിഷം ഒരുൾപ്രേരണയിൽ ഞാൻ മുഖം തിരിച്ചു.

ഊണ് പോലും കഴിക്കാതെ അമ്മയെ പിടിച്ച് വലിച്ച്  കയ്യിൽ കരുതിയ ഗിഫ്റ്റ് ആ പെൺകുട്ടിയെ ഏല്പിച്ചു.
സന്ദീപിന്റെ കണ്ണുകളിലെ പതർച്ച കണ്ടെത്താൻ വെറുതെ ഞാൻ ശ്രെമിച്ചു.
ഇല്ല എന്നറിയാം എങ്കിലും വെറുതെ ഒരു മോഹം.
ഒരിക്കൽ ഹൃദയം കൊടുത്ത് സ്നേഹിച്ചതല്ലേ.
കൂട്ടത്തിൽ അറിയാത്ത ഭാവത്തിൽ നിൽക്കുന്ന സന്ദീപിനെയും നോക്കിയൊന്ന് ചിരിച്ച്
ഞാൻ  പുറത്തേക്ക് നടന്നു.
ചെറിയൊരു പ്രതികാരം.
മഹേഷിന്റെ പ്രതികാരം പോലെ അഞ്ജിതയുടെ പ്രതികാരം.

പെട്ടെന്നുള്ള എന്റെ ഭാവമാറ്റത്തിൽ വേവലാതിയോടെ ഉള്ള അമ്മയുടെ ചോദ്യങ്ങൾക്ക് നേരെ ഞാനെന്റെ ചെവി കൊട്ടിയടച്ചു.
ഹൈ സ്പീഡിൽ ഉള്ള ഗട്ടറിലൂടെയെല്ലാം വണ്ടി ചാടിക്കുമ്പോൾ ഒരിക്കൽ പോലും സന്ദീപിന്റെ മുഖം എന്റെ മനസ്സിലേക്ക് വന്നതേയില്ല.
മറിച്ച് അവർക്ക് നടുവിൽ വെച്ച് പിടിപ്പിച്ച ചിരിയിൽ നിറഞ്ഞ കണ്ണുകളുടെ അകമ്പടിയോടെ നിന്ന ആ മനുഷ്യന്റെ മുഖം മാത്രം മിഴിവോടെ തെളിഞ്ഞു വന്നു...
എന്തായിരിക്കും അവർ തമ്മിലുള്ള ബന്ധം....

ശേ......ഞാനെന്തിനാ അതൊക്കെ ചിന്തിക്കുന്നെ......
ഇടത്തെ കൈ കൊണ്ട് തലയ്ക്കു തട്ടുമ്പോൾ സൈഡ് മിററിലൂടെ അമ്മ
നോക്കുന്നുണ്ടായിരുന്നു.

                             💞

അന്നത്തെ സംഭവത്തിന്‌ ശേഷം സ്കൂളിൽ പോകുമ്പോഴൊക്കെ എന്റെ കണ്ണുകൾ അയാളെ  തിരയുമായിരുന്നു.
വെറുതെ...............,.
ആ കണ്ണ് നിറഞ്ഞത് എന്തിനായിരിക്കും എന്നറിയാൻ.......
ഒരു ചാൻസ് ഒത്താൽ ചോദിച്ചു നോക്കണം എന്ന്  കരുതിയിരുന്നു.
അങ്ങനെ കരുതിയിരിക്കെ ഒരു വൈകുന്നേരം സ്കൂളിൽ നിന്ന് വീടെത്തുമ്പോൾ  ഒരു കാർ വീട്ടു മുറ്റത്ത് കിടക്കുന്നു.
പരിജയം തോന്നാത്തത് കൊണ്ട് നേരെ ഹാളിലേക്ക് കയറാതെ ഒന്ന് വളഞ്ഞു കൊണ്ട് അടുക്കള വഴി  വന്ന് കാലെടുത്ത് വച്ചതും  ആരെയോ ഇടിച്ചു വീണു....

ഇടിയുടെ ആഘാതം ഒന്ന് കഴിഞ്ഞ് കണ്ണ് തുറന്ന് നോക്കുമ്പോഴുണ്ട് തേടിയ  ആള് അതാ മുന്നിൽ നിൽകുന്നു.
എന്താ ഇവിടെ എന്ന് ചോദിക്കാൻ തുടങ്ങും മുൻപേ എന്റെ അമ്മ പിന്നിൽ  വന്നു നിന്നു.

"മോളെ ഇത്  ശരൺ  അന്ന് നമ്മൾ വിവാഹത്തിന് പോയിരുന്നില്ലേ ആ കുട്ടിയുടെ ഏട്ടൻ ആണ്..

ഇവര് വന്നത്......."

"ഞാൻ പറഞ്ഞോളാം ആന്റി നിങ്ങൾ അപ്പുറത്തേക്ക് ഇരിക്ക്..."

അമ്മ വാക്കുകൾക്കായി തപ്പുന്നത് കണ്ടിട്ട്  അയാൾ......
അല്ല ശരൺ പറഞ്ഞു.
അമ്മ എന്നെ ഒന്ന് നോക്കിയിട്ട് ആളുടെ അമ്മയ്ക്കൊപ്പം അപ്പുറത്തേക്ക് നടന്നു.

" എന്റെ അനിയത്തി ശരണ്യ അഞ്ജിതയുടെ അതേ ബാച്ച് ആയിരുന്നു....."

"ഞാൻ കണ്ടിട്ടുണ്ട് കോളേജിൽ വച്ച് "



"ഹ്മ്മ്.....സന്ദീപുമായി പ്രണയത്തിലാണ് എന്നറിഞ്ഞപ്പോൾ തന്നെ ഞാനും ഫ്രണ്ട്സും അന്വേഷിച്ചിരുന്നു അവനെ കുറിച്ച് താനുമായുള്ള റിലേഷൻ അറിയുകയും ചെയ്തിരുന്നു.
അവളെ പറഞ്ഞു ഞാൻ തിരുത്താൻ
ശ്രമിച്ചതും ആയിരുന്നു.
പക്ഷെ താൻ അയാളുടെ എക്സ് മാത്രം ആണ് എന്ന് പറഞ്ഞതോടെ ആ കാര്യം ഞാനും തള്ളിക്കളഞ്ഞു.
പക്ഷെ തന്നെ കൂടാതെ ഒത്തിരി പെൺകുട്ടികളുമായും അവന് റിലേഷൻ ഉണ്ടായിരുന്നു എന്ന് പിന്നീടാണ് ഞങ്ങൾ അറിഞ്ഞത് അപ്പോഴേക്കും ശരണ്യയുടെ വയറ്റിൽ ഒരു കുരുന്നു ജീവൻ നാമ്പിട്ടിരുന്നു.

അത്‌ കൊണ്ടാണ് എടു പിടിയിൽ അവരുടെ വിവാഹം ഞങ്ങൾ നടത്തിയത്.
അന്ന് വീണ്ടും ആൾക്കൂട്ടത്തിൽ തന്നെ കണ്ടപ്പോൾ ഒന്ന് സംസാരിക്കാൻ വേണ്ടി തന്നെയാണ് തിരക്കി പിന്നാലെ വന്നത്.
തന്റെ ഒരു തുള്ളി കണ്ണീർ പോലും എന്റെ പെങ്ങളുടെ തലയ്ക്കു മീതെ ശാപം പോലെ പതിക്കാതിരിക്കാൻ....."


ശരണിന്റെ സംസാരം കേൾക്കേ എനിക്ക് വല്ലായ്മ തോന്നി.

'"നിങ്ങൾ ഇങ്ങോട്ട് വന്നത് എന്തിനാണ് എന്ന് പറയാമോ??"

"അതിലേക്കാണ് ഞാൻ വരുന്നത്......
എനിക്ക് തന്നെ വിവാഹം കഴിച്ചാൽ കൊള്ളാം എന്ന് തോന്നുന്നു.
ആദ്യ കാഴ്ചയിൽ തോന്നിയ ഒരിഷ്ടം കൂടെ ഉണ്ടെന്ന് കൂട്ടിക്കോളൂ...."


എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി ആ ചടങ്ങിൽ പങ്കെടുത്തത് കൊണ്ടല്ലേ അങ്ങനെയൊക്കെ.....
വേണ്ടിയിരുന്നില്ല....
എന്റെ ശാപം ഏൽക്കാതിരിക്കാൻ വേണ്ടി മാത്രം  വന്ന ആലോചന പോലെ തോന്നി എനിക്കത്.


" നിങ്ങൾ ഭയക്കേണ്ടതില്ല mr. ശരൺ എന്റെ കണ്ണീരൊരിക്കലും  നിങ്ങളുടെ സഹോദരിയുടെ മേലെയോ ഭർത്താവിന്റെ മേലെയോ ശാപമായി ഭവിക്കില്ല.
അതിന് വേണ്ടി നിങ്ങളെക്കാൾ ഒത്തിരി താഴെയുള്ള വെറും മിഡിൽ ക്ലാസ്സ്‌ ആയ എന്നെ തലയിൽ എടുക്കേണ്ടതില്ല. "

ഒരു പുഞ്ചിരിയോടെയാണ് സംസാരിച്ചു തുടങ്ങിയത് എങ്കിലും പറഞ്ഞു തീരുമ്പോൾ എന്റെ മിഴികൾ ഞാൻ പോലും അറിയാതെ ഈറനണിഞ്ഞു.

എന്നെ കേട്ട് കഴിഞ്ഞതും ഒരു പുഞ്ചിരിയോടെ ശരൺ  ഹാളിലേക്ക് നടന്നു.

"അപ്പൊ എല്ലാം പറഞ്ഞത് പോലെ ആന്റി.
അഞ്ജുവിന് പൂർണ സമ്മതമാണ്."

എന്നെകൊണ്ട് ഒന്നും പറയിക്കാതെ അയാൾ തന്നെ  അമ്മയോടൊക്കെ എന്റെ സമ്മതം അറിയിച്ചു.

അല്ല....അങ്ങനെയല്ല....എന്നൊക്കെ പറഞ്ഞു ഞാൻ എതിർക്കാൻ ശ്രെമിച്ചു എങ്കിലും ഒക്കെ എനിക്കറിയാം കുട്ടി എന്ന് പറഞ്ഞു കൊണ്ട് ആളുടെ അമ്മ എന്റെ കയ്യിൽ ഒരു വള ധരിപ്പിച്ചു.
എന്റെ അമ്മയോട് പോലും ഒന്നും പറയാൻ കഴിഞ്ഞില്ല എനിക്ക്.

കണ്ണടച്ച് തുറക്കുന്നത് പോലെ ദിവസങ്ങൾക്കുള്ളിൽ അയാളുടെ കുടുംബത്ത് നിന്ന് ആളുകൾ വന്നു
വിവാഹം ഉറപ്പിച്ചു.
ഒരുമാസത്തിന് ശേഷം വിവാഹം.

അതേ ഓഡിറ്റോറിയത്തിൽ  ശരണിന്റെ കൈകൊണ്ട് ഒരു താലി എന്റെ കഴുത്തിൽ ചാർത്തി.
പ്രാർത്ഥിച്ചു തുറന്ന എന്റെ മിഴികൾ എന്തു കൊണ്ടോ സന്ദീപിൽ ഉടക്കി.
അവിടെ എന്നെ എരിക്കാൻ പോന്ന അഗ്നി തെളിഞ്ഞു നിന്നിരുന്നു.
അവന് പൊള്ളുന്നു എന്ന് മനസ്സിലായതോടെ എനിക്ക് കൗതുകം തോന്നി...
ഞാൻ ശരണിന്റെ വിരലുകളോട് എന്റെ വിരലുകൾ പിണച്ചു.

സന്ദീപിന്റെ മുഖം ചുളുങ്ങുകയും ദേഷ്യത്തിൽ പുറത്തേക്ക് പോവുകയും ചെയ്തു.
അന്ന് ഞാൻ പോയത് പോലെ....,
ശരണ്യയും സന്ദീപിന്റെ പിന്നാലെ പോകുന്നുണ്ടായിരുന്നു.

വീണ്ടും അങ്ങോട്ട് നോക്കിയ എന്റെ മിഴികളെ മറച്ചു കൊണ്ട്   ശരൺ എന്റെ മൂർദ്ധാവിൽ ചുംബിച്ചു.

എനിക്കായുള്ളവൻ അവിടെ പൂത്ത് തുടങ്ങുകയായിരുന്നു........
അവന്റെ ഓരോ നോട്ടത്തിലും സ്പർശനത്തിലും ഞാനും....


(അവസാനിച്ചു.. )

✍️❤️ഹഷാര❤️