Aksharathalukal

കനകനല്ലി

""എല്ലാം ഒരു നിയോഗമാണ്...
എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോകുന്നവർ...
ആ വഴിയിൽ യാദൃശ്ചികമായി കണ്ടുമുട്ടുന്നവരാണ് നാം ഓരോരുത്തരും...
എന്തിന് വേണ്ടി????
ആ ചോദ്യത്തിന് പലപ്പോഴും ഉത്തരമില്ല....
അതാണ് ജീവിതം...!!""

""ഇനിയെനിക്കതിന്റെ ആവശ്യം ഇല്ലല്ലോ ഡോക്ടർ.....
കളഞ്ഞു പോയതിനെ കുറിച്ച് ചോദ്യം ചെയ്യാനുണ്ടായിരുന്ന ഒരേ ഒരു ജീവനും പൊലിഞ്ഞു...!! 

കുറച്ച് ദിവസം മുന്നേ എന്നോട് പറയാതെ പൊയ് കളഞ്ഞു... 

ഡോക്ടർ പറഞ്ഞതൊക്കെ ശരിയായിരുന്നു കേട്ടോ...!!"" 

നിറ കണ്ണുകളോടെയെന്നാലും തനിക്കായി ഒരു പുഞ്ചിരി സമ്മാനിച്ച് അകന്ന് പോകുന്ന ആ പെൺകുട്ടിയെ അവനൊന്ന് നോക്കി... 

ഉള്ളം കൈക്കുള്ളിൽ ഒളിച്ചു പിടിച്ചിരുന്ന ആ കുഞ്ഞു ജിമുക്കി അവന്റെ കയ്യിലിരുന്ന് ഞെരുങ്ങി വീർപ്പു മുട്ടി... 

കുറച്ച് മാസങ്ങൾക്കു മുന്നേ അവളെ ആദ്യമായി കണ്ട ഓർമ്മകളിലേക്ക് അവൻ ഊളിയിട്ടു. 

ഇടതു കയ്യിലെ ബ്രാൻഡഡ് വാച്ച് ഒന്ന് വലതുകയ്യാലെ ഒതുക്കി വച്ച്
Dr. റയാൻഷ് അയ്യർ എംബിബിസ് എംഡി എന്ന നെയിം ബോർഡ്‌ വച്ച മുറിയിലെ റിവോൾവിങ് ചെയറിൽ ഇരിക്കുമ്പോൾ തെല്ലൊരു അഹങ്കാരത്തിൽ തന്നെയായിരുന്നു റയാൻഷ് എന്ന അൻഷുവും..... 

ആദ്യമായി മുറിയിലേക്ക് കയറി വന്നത് ആ പെൺകുട്ടിയായിരുന്നു...
നരച്ചത് എങ്കിലും വൃത്തിയുള്ള സൽവാർ ധരിച്ച് വിടർന്ന കണ്ണുകളുള്ള നീണ്ട മുടിയിഴകളുള്ള ഒരു പെൺകുട്ടി....
പക്ഷെ നടക്കുമ്പോൾ ചെറുതായി താളം തുള്ളുന്ന അവളുടെ കാതിൽ കിടക്കുന്ന വെളുത്ത കല്ലുകൾ പതിപ്പിച്ച കുഞ്ഞു ജിമുക്കയിലേക്കാണ് അവന്റെ കണ്ണുകൾ പതിഞ്ഞത്... 

ഡോക്ടർ എന്ന് ആ പെൺകുട്ടി മൂന്നിലേറെ തവണയെങ്കിലും അന്ന് വിളിച്ചു കാണണം...
അവനപ്പോഴും ഇളകിയാടുന്ന ആ ജിമുക്കിയിൽ  തന്നെയായിരുന്നു... 

കയ്യിൽ ഗവണ്മെന്റ് ഹോസ്പിറ്റലിലേ കുറിപ്പടിയുമായി
വന്ന് കയറിയ അവളുടെ പേര് ആ ചീട്ടിൽ നിന്നും അറിയാം എന്ന ചെറിയൊരു വ്യാമോഹം ഉണ്ടായിരുന്നത് കൊണ്ട്  ദൃതിയിൽ അത്‌ കൈ നീട്ടി വാങ്ങി...
അതിലെഴുതിയിരിക്കുന്ന ശാരദ എന്ന പേര് കണ്ടപ്പോഴേ...
നാവിൽ നിന്നും.. 

""ശാരദയോ എന്നൊരു ചോദ്യം വീണു പോയിരുന്നു...""" 

""അച്ഛമ്മയാണ് ഡോക്ടർ തീരെ വയ്യ ഗവണ്മെന്റ് ഹോസ്പിറ്റലിൽ കണ്ട് കൊണ്ടിരുന്നതാ.....
ഇന്ന് കുറച്ച് കൂടുതൽ ആണ്....
അവിടെ ഡോക്ടർ ലീവ് ആണ് അതാ ഇവിടെ സാറിന് ചീട്ട് എടുത്തേ....!"" 

ദൈന്യത മുറ്റിയ കണ്ണുകൾ....... 

""ഇരിക്ക്..."" 

എന്ന് ഗൗരവത്തിൽ പറയുമ്പോഴും കണ്ണുകളാ കുഞ്ഞു കാതിൽ തന്നെയായിരുന്നു...
പ്രസ്ക്രിപ്ഷൻ ചീട്ട് എടുത്ത് പ്രണയ ലേഖനം എഴുതാൻ ഇരിക്കും പോലെയുള്ള അൻഷുവിന്റെ മുഖഭാവം കണ്ടിട്ടാകണം.... 

'""ഒന്ന് വേഗം ആക്കാമോ ഡോക്ടർ ഇനി മെഡിസിൻ കൗണ്ടറിൽ ഒത്തിരി സമയം നിന്നാലേ മരുന്ന് കിട്ടുള്ളു.... 

അച്ഛമ്മയ്ക്ക് തീരെ വയ്യ വീട്ടിൽ ഒറ്റയ്ക്കാ....."" 

എന്ന് മടിച്ച് മടിച്ചാ പെൺകുട്ടി പറഞ്ഞത്. 

""എന്താ ഇയാളുടെ പേര്??? "" എന്ന്
ഗൗരവത്തിൽ അവൻ ചോദിക്കുമ്പോൾ അവളൊന്ന് ഭയന്നിരുന്നു. 

""അർപ്പണ ""
എന്ന മറുപടിയും ഒന്ന് ചിലമ്പിച്ചിരുന്നു..... 

അർപ്പണ എന്ന പേരിനെ മനസ്സിനെ പലയാവർത്തി  പറഞ്ഞ് പഠിപ്പിച്ചു കൊണ്ട് അവൻ ചോദിച്ചു. 

""എന്നാൽ അർപ്പണയ്ക്ക് അച്ഛമ്മയെ കൂടെ കൂട്ടിക്കൂടായിരുന്നോ????
സ്പെഷ്യൽ ചെക്കപ്പ് കഴിഞ്ഞ് മരുന്ന് കുറിച്ച് തരുമായിരുന്നല്ലോ???""" 

എന്നുള്ള അവന്റെ ചോദ്യത്തിനും വരണ്ടയൊരു ചിരിയുടെ അകമ്പടിയോടെയായിരുന്നു അവളുടെ മറുപടി..... 

""ഇവിടെ വരുന്ന ഭാരിച്ച ബില്ല് എമൗണ്ട് എന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല ഡോക്ടർ....
അച്ഛമ്മയുടെ സ്ഥിതി കുറച്ച് മോശമാണ്...
കൊണ്ടുവന്നാൽ അഡ്മിറ്റ് ചെയ്യേണ്ടി വരും...
എന്റെ സ്റ്റഡീസ് കഴിഞ്ഞിട്ടില്ല.... 

അസുഖം കുറച്ച് കൂടുമ്പോൾ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ ആണ് അഡ്മിറ്റ് ചെയ്യാറ്.... 

ഇത്തവണ അവിടുത്തെ ഡോക്ടർ ഗർഭകാല അവധിയിൽ പോയിരിക്കുകയാ.....
പുതുതായി ഇൻചാർജ് ആയ ഡോക്ടർ വീട്ടിലെ പരിശോധിക്കൂ അതും സ്പെഷ്യൽ ഫീസിൽ...
മരുന്ന് എഴുതുന്നത് ആ ഡോക്ടർക്ക് പറ്റിയ ഏതോ മെഡിക്കൽ ഷോപ്പിലേക്ക് ആണ്..
ആ ഡോക്ടർ എഴുതുന്ന മരുന്ന് അവിടെയെ ഉള്ളൂ...
വല്യ എം ആർ പി ആണ് ഒക്കെത്തിനും.
അതാ ഇങ്ങോട്ട്......"" 

അർപ്പണ അർദ്ധഗർഭമായി പറഞ്ഞ് നിർത്തി...
അൻഷു അപ്പോഴും ആ ജിമുക്കിയിൽ നിന്ന് കണ്ണുകൾ മാറ്റിയിരുന്നില്ല മാറ്റിയാലും എങ്ങനെയും വീണ്ടും അവിടേക്ക് തന്നെ പതിയും... 

അർപ്പണയ്ക്കും എന്തോ അസ്വസ്ഥത തോന്നി തുടങ്ങിയിരുന്നു...
അൻഷുവിന്റെ മിഴികൾ പലപ്പോഴും പാറി വീഴുന്നത് കണ്ടിട്ട്...
അവൾ സ്വയം കൈകളെ ഞെരിക്കുകയോ ദുപ്പട്ട പലവട്ടം ഞൊറിയുകയോ ഒക്കെ ചെയ്ത് കൊണ്ടിരുന്നു.... 

""അച്ഛമ്മയ്ക്ക് എന്താ ശെരിക്കും ഉള്ള പ്രോബ്ലം ഐ മീൻ എന്താണ് ഇപ്പോഴുള്ള ശാരീരിക ബുദ്ധിമുട്ട്????""" 

""വോമിറ്റിംഗ് നെഞ്ചരിച്ചിൽ വയറ് വേദന....!!
അങ്ങനെ ഇല്ലാത്തത് ഒന്നുമില്ല പക്ഷെ ഇന്ന് നെഞ്ചിൽ നീന്ന് കൈകളിലേക്ക്  നോവിറങ്ങി വരുന്നു എന്ന് പറയുന്നുണ്ട് ഡോക്ടർ...!!'" 

അർപ്പണ പറഞ്ഞ് നിർത്തിയിട്ട് അൻഷുവിനെ നോക്കി.... 

""ലക്ഷണങ്ങൾ കേട്ടിട്ട് അവരുടെ ഹാർട്ട് ബ്ലോക്ക്‌ ആവാനുള്ള സാധ്യത തോന്നുന്നുണ്ട് കുട്ടി....
ടു ബി ഫ്രാങ്ക് അവരെ ഒരു കാർഡിയോളജിസ്റ്റിനെ കാണിക്കുന്നത് നന്നായിരിക്കും... 

ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങളിൽ ഒന്നാണ് ശരീരത്തിന്റെ ഇടതുവശത്ത് നിന്ന് പുറപ്പെടുന്ന വേദന. ഇത് മിക്കപ്പോഴും നെഞ്ചിൽ നിന്ന് ആരംഭിച്ച് പതിയെ പതിയെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നു പിടിക്കുന്നതായി അനുഭവപ്പെടും. കൈകളിലാണ് ഇത് കൂടുതലായും അനുഭവപ്പെടാറ്...... 

ഞാൻ എന്റെയൊരു തോന്നൽ പറയുന്നതാണ്....
നിങ്ങൾക്ക് കഴിയും എങ്കിൽ ചെയ്യൂ...
പിന്നെ ഇവിടുത്തെ "തണൽ " ചാരിറ്റബിൾ സൊസൈറ്റിയിൽ പറഞ്ഞാൽ ചികിത്സാ സഹായം വേണമെങ്കിൽ ചെയ്ത് തരും കേട്ടോ...!!"" 

അവർ കഴിക്കുന്ന മരുന്ന് തന്നെ എഴുതി കൊടുത്ത് അന്നവളെ പറഞ്ഞയച്ചു. 

അതിന് ശേഷം ഒരാഴ്ചയോളം ക്യാഷ്വാലിറ്റിക്ക് മുന്നിലൂടെ പോകുമ്പോഴും അടുത്തതൊരു രോഗിയെ കൺസൾട്ട് ചെയ്യാൻ അകത്തേക്ക് വിളിക്കുമ്പോഴും ഒക്കെ വെറുതെ അൻഷു പ്രതീക്ഷിക്കും അത്‌ അർപ്പണയാകും എന്ന്......
വെറുതെ ഒരിക്കലെങ്കിലും വന്നാലോ.....


ഇനി വന്നിട്ടും താൻ കാണാത്തത് ആകുമോ എന്ന സംശയത്തിൽ ആ ആഴ്ചയിലെ കാർഡിയോളജി ബുക്കിംങ്സ് ഒക്കെ തപ്പിയെടുത്തു...
ഉണ്ടായിരുന്നില്ല.... 

രണ്ടാഴ്ചയ്ക്ക് ശേഷം ഒരു സന്ധ്യയിൽ ഹോസ്പിറ്റലിൽ ഡ്യൂട്ടി കഴിഞ്ഞ് പാർക്കിങ്ങിലേക്ക്   നടക്കും വഴിയിലാണ്  നീയോൺ പ്രകാശത്തിൽ തിളങ്ങുന്ന ഏറെ നേരം തന്നെ ആശിപ്പിച്ച ആ ജിമുക്കി അവന്റെ കണ്ണുകളിൽ പതിയുന്നത്.
ഒറ്റ നോട്ടത്തിൽ അതിനെ അവൻ തിരിച്ചറിഞ്ഞു... 

ആരോ ചവിട്ടി അരച്ചിരുന്നു അതിനെ....
ചുറ്റിലും അതിന്റെ അവകാശിക്കായി കണ്ണോടിച്ചു എങ്കിലും നിരാശയായിരുന്നു ഫലം...
അടുത്തുള്ള ജുവല്ലറിയിൽ കൊടുത്തത് ശെരിയാക്കി എടുത്ത് കഴിഞ്ഞാണ്...
ഇത് പോലെ എത്രയെണ്ണം എത്ര പേർക്ക് കാണും എന്നൊരു ചിന്ത വന്നത്... 

പൊട്ട ബുദ്ധിയെ ശാസിച്ച്   ഇനിയെങ്ങനെ തിരികെ കൊടുക്കും എന്ന് ചിന്തിച്ച് നടന്നു കുറച്ചു ദിവസങ്ങൾ.... 

അങ്ങനെയിരിക്കെയാണ്  ഗവണ്മെന്റ് ഹോസ്പിറ്റലിലെ മോർച്ചറിക്ക് മുന്നിൽ  ആശ്വസിപ്പിക്കാൻ പോലും ആരുമില്ലാതെ തനിയെ പൊട്ടി വന്ന കണ്ണീരിനെ അടക്കി ബോഡി ഏറ്റ് വാങ്ങുന്ന അവളെ വീണ്ടും കാണുന്നത്... 

അവൾക്ക് പിന്നാലെ പോയി അവളറിയാതെ വേണ്ട സഹായങ്ങൾ ഒക്കെ ചെയ്തു.... 

ആ ഒരു സാഹചര്യത്തിൽ പ്രണയം പറഞ്ഞാൽ മുതലെടുപ്പ് ആയി പോകില്ലേ എന്നൊരു മിഥ്യാ ധാരണയിൽ മറുവാക്കില്ലാതെ തിരിച്ചു പോയി... 

അമ്മയ്ക്ക്  തന്റെ ഫസ്റ്റ് സാലറിയിൽ ഒരു സാരി സമ്മാനിക്കാൻ ഉള്ള മോഹത്തിൽ
ടൗണിലെ ഖാദി ഷോപ്പിൽ കയറിയത്.... 

അവിടെ വീണ്ടും ആ മുഖം ഉടക്കി ഒരു നിയോഗം പോലെ....
പക്ഷെ ഒഴിഞ്ഞ കാത് കണ്ട് ഉള്ളം വിങ്ങി.....
ഒരിക്കലും ആ ജിമുക്കയ്ക്കായിരുന്നില്ല ഭംഗി അതാ കുഞ്ഞു കാതിൽ കിടന്നപ്പോഴായിരുന്നു മാറ്റേറിയിരുന്നത്... 

എപ്പോഴും പോക്കറ്റിൽ ഒരു കൊച്ചു ബോക്സിൽ കൊണ്ട് നടന്നിരുന്ന ആ ഒറ്റ കമ്മൽ എടുത്ത് ഉള്ളം കയ്യിൽ ചുരുട്ടി അവൾക്ക് മുന്നിലേക്കവൻ നടന്നതും വല്ലാത്തൊരു ആവേശത്തിൽ ആയിരുന്നു...
ജീവിത കാലം മുഴുവൻ ഇതീ   കാതിലിങ്ങനെ കാണാൻ മോഹമുണ്ട് എന്നറിയിക്കാൻ....


""അച്ഛമ്മയ്ക്ക് അസുഖം കൂടിയപ്പോൾ ഹോസ്പിറ്റലിൽ കൊണ്ട് വന്നിരുന്നു....
അറ്റാക്ക് ആയിരുന്നു...
കാതിൽ കിടന്നിരുന്നത് ഊരിയെടുക്കും വഴിയിൽ ചാടിപ്പോയതാണ് ആ ഒറ്റ ജിമുക്കി...
ബാക്കിയുള്ളത് വിറ്റു...
ഇനി അത്‌ മാത്രമായിട്ട്  എനിക്ക് വേണ്ട ഡോക്ടർ അതെടുത്തിട്ട് പണമായി തരും എങ്കിൽ ഞാൻ വാങ്ങാം...!! 

കാശിനു കുറച്ച് അത്യാവശ്യം ഉണ്ടേ "" 

അവനെ ഓർമ്മകളിൽ നിന്നും ഉണർത്തും പോലെ തിരികെ വന്നവൾ നിറ കണ്ണാലെ അത്‌ പറയുമ്പോൾ അവന്റെ അധരങ്ങളിൽ ഒരു പുഞ്ചിരി മിന്നി... 

""" അതേ ........
പണമായിട്ട് ഉണ്ടാകില്ല പകരം ബാർട്ടർ സിസ്റ്റം പോലെ ഒരു സാധനം തരാം....
ഞാനീ ഒറ്റ ജിമുക്കി സൂക്ഷിച്ചത് പോലെ ഹൃദയത്തോട് ചേർത്ത് സൂക്ഷിക്കണം.....""" 

അർപ്പണ കാര്യം മനസ്സിലാകാതെ അവനെ നോക്കി നിന്നു... 

അൻഷു അവന്റെ കയ്യെടുത്ത് നെഞ്ചോട് ചേർത്തു എന്നിട്ട് പറഞ്ഞു.. 

""എന്റെ പാവം പാവം ഒരു ഹൃദയമാണ്...... 

നല്ല പോലെ സൂക്ഷിക്കുന്ന ഒരാളെയാ വേണ്ടത് തന്നെകൊണ്ട് സാധിക്കുവോ??? ""


അവളുടെ കണ്ണിലൊരു ഞെട്ടലും അതിന് പിന്നാലെ ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരിയും മാത്രം മതിയായിരുന്നു അവന്... 

അവളുടെ കൈകൾ ചേർത്ത് പിടിച്ച്... 

''"സൂക്ഷിക്കും എന്ന് വിശ്വസിക്കട്ടെ എന്ന് ചോദിക്കാൻ....!"""



(ശുഭം ) 

✍️❤️ഹഷാര❤️ 

ഒരു കൊച്ചു ലവ് സ്റ്റോറി....
അങ്ങനെ പറയാമോ???
അറിയില്ല....
വൺ സൈഡ് ലവ് സ്റ്റോറി....
ഇപ്പോ ഓക്കേ അല്ലേ 🙄 

ഇതിങ്ങനെ ഉള്ളിൽ കിടന്നിട്ട് എനിക്ക് ഫുഡിറങ്ങുന്നില്ല...
വേറൊന്നും എഴുതാനും പറ്റുന്നില്ല..... 

അഭിപ്രായങ്ങൾ പറയണേ 😍😍