✍SANDRA C.A#Gulmohar❤️
കാർത്തിയേട്ടൻ ഒരു ഓർമ്മ മാത്രമായി...
ദേഹം ഭൂമി ഏറ്റെടുത്തതിനാലാവം വേർപ്പാട് സഹിക്കാവുന്ന തീവ്രതയിലേക്കെത്തി....
ഋതുക്കൾ അതിന്റെ ഇലകൾ ഒന്നൊന്നായി പൊഴിച്ചു തുടങ്ങി....
സംഗീതയും ഞാനും നാല് ചുമരുകൾക്കുളളിൽ ഒതുങ്ങി...
സംഗീതയെ വെെധവ്യവും അനാഥത്വവുമാണ് ഉലച്ചതെങ്കിൽ, എന്നെ അലട്ടിയത് ഇതു വരെ കണ്ടു പിടിക്കാത്ത ഒരു വികാരമായിരുന്നു...
ഓരോ നിമിഷവും കാർത്തിയേട്ടന്റെ ഓർമകൾ മനസ്സിലേക്ക് ഇരച്ചു കയറുന്നു...
ആരൊക്കെയോ എന്റെ പേരിലും കാർത്തിയേട്ടന്റെ മരണത്തിന്റെ ഉത്തരവാദിത്വം ചാർത്തി തന്നതിന് പുറമെ എന്റെ മനസ്സും എന്നെ കുറ്റപ്പെടുത്തി തുടങ്ങി...
പാപഭാരം പേറുന്ന മനസ്സോളം വലിയ ശത്രു മനുഷ്യന് വേറെയില്ല....!!!
ഒടുവിൽ ഓർമകളിൽ നിന്നും ഒരു ഒളിച്ചോട്ടം പോലെ കോളേജിലേക്കൊരു മടക്കയാത്ര ഞാൻ കൊതിച്ചു തുടങ്ങി...
ഇതിനിടയിൽ സംഗീത വലിയോരു ചോദ്യചിഹ്നമായി...!!
ഞങ്ങളുടെ കുടുംബത്തിനുളളിൽ തന്നെ പതിയെ അവൾ ഒരു ബാധ്യതയായി മാറിയിരുന്നു.....
ആരോടും ഒന്നും മിണ്ടാതെ, ജീവൻ നിലനിർത്താൻ മാത്രം ആഹാരം കഴിച്ചു, ദെെന്യംദിനകാര്യങ്ങളിൽ പോലും ശ്രദ്ധ ഇല്ലാതെ അവൾ ജീവിക്കുന്നു...
നാടു മുഴുവൻ സ്നേഹിച്ചവന്റെ പേരിൽ അവളെ ക്രൂശിക്കുന്നതിന്റെ ദുഃഖം കൊണ്ടാവാം വീട്ടിൽ വെച്ചു പല തവണ അവൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു....
അവളുടെ മേൽ എല്ലാവർക്കും എപ്പോഴും ഒരു കരുതൽ ഉളളതിനാൽ പലപ്പോഴും അവൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു...
പക്ഷേ, ഒരു ദിവസം ഞങ്ങളുടെ ശ്രദ്ധ ഒന്നു പാളിയ നിമിഷം അവൾ കെെയ്യിലെ ഞരമ്പു മുറിച്ചു...
വളരെ വേഗം തന്നെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത് കൊണ്ടു മാത്രം അവൾ ജീവിതത്തിലേക്ക് തിരികെ വന്നു...
പക്ഷേ, അത് ഞങ്ങളുടെ എല്ലാവരെയും വീണ്ടും പ്രതികൂലമായി ബാധിച്ചു...
ഹോസ്പിറ്റലിൽ നിന്നും തന്നെ പോലീസിൽ അറിയിച്ചിരുന്നു..
ആയതിനാൽ സംഗീതയുടെ മൊഴിയുടെയും നാട്ടിലെ അന്വേഷണത്തിന്റെയും അവസാന ഫലം കുറ്റക്കാരെന്ന് വിരൽ ചൂണ്ടിയത് എന്റെ നേർക്കായിരുന്നു...!!!
കാർത്തിയേട്ടന്റെ മരണദിവസം കൃത്യമായി ഞാൻ നാട്ടിലെത്തിയതിന് പിന്നിൽ ദൂരുഹതയുണ്ടെന്നും, കല്യാണത്തിന് ശേഷവും എനിക്ക് കാർത്തിയേട്ടനുമായി ബന്ധമുണ്ടായിരുന്നു എന്നും പോലീസ് അനുമാനിച്ചു..
തൽഫലമായി പല തവണ എനിക്ക് പോലീസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ടി വന്നു...!!
ഒടുവിൽ വൻതുക കൊടുത്തു അച്ഛന് ആ കേസ് ഒതുക്കി തീർത്തു, അല്ലായിരുന്നെങ്കിൽ കോടതി വരാന്ത കയറിയിറങ്ങി എന്റെ ജന്മം തീർന്നെനേ...!!
ഇതിനിടയിൽ സംഗീതയെ ഏതോ ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു...
ഒരു വാക്ക് പോലും പറയാതെ സംഗീത എന്ന വ്യക്തി ഞങ്ങളുടെ ജീവിതത്തിൽ നിന്നും അപ്രത്യക്ഷയായി...!!!
❤❣❤❤❣❤❤❣❤❤❣❤❤❣❤❤❣❤
പക്ഷേ, അവിടം കൊണ്ടും ഞങ്ങളുടെ ദുരിതങ്ങൾ തീർന്നില്ല...
ഒരു നാടു മുഴുവൻ ഞങ്ങൾക്ക് എതിരായി...
അച്ഛന്റെ ചെലവിൽ കഴിഞ്ഞവർ പോലും പരസ്യമായി കുറ്റപ്പെടുത്തി തുടങ്ങി...
ആത്യാവശ്യം സാമ്പത്തികമുളളതിന്റെ ചൊരുക്കു കൂടി നാട്ടുകാർ തീർത്തു...
രാത്രിയെന്നോ പകൽ എന്നോ ഇല്ലാതെ വീടിന് ചുറ്റും കൂകി വിളികളും കല്ലെറുകളും തുടർന്നു...
ഒടുവിൽ ഒരുപാട് സ്വപ്നം കണ്ട് ഞങ്ങൾ വാങ്ങിയ വീട് വിൽക്കാൻ ഞങ്ങൾ നിർബന്ധിതരായി...
പക്ഷേ, വസ്തുവിന്റെ മൂല്യത്തിന്റെ പത്ത് ശതമാനം പോലും വില ലഭിക്കുന്നില്ല എന്ന അവസ്ഥ സംജാതമായി...
ഒടുവിൽ രക്ഷകനെ പോലെ വന്ന അച്ഛന്റെ ഒരു പഴയ സുഹൃത്ത് ന്യായമായ വില തന്നു വീടും പുരയിടവും വാങ്ങി, ആ കാശ് കൊണ്ട് എന്റെ കോളേജിന്റെ അടുത്ത് ആത്യാവശ്യം നല്ലൊരു ഇരുനില വീടും, പഴയൊരു ഹോട്ടലും പെട്രാൾ പമ്പും വാങ്ങി...!!!
❤❣❤❤❣❤❤❣❤❤❣❤❤❣❤❤❣❤
ഞങ്ങളുടെ ഈ അവസ്ഥയ്ക്ക് എല്ലാം കാരണം ഞാൻ ആയിരുന്നു, എന്റെ പക്വമല്ലാത്ത പ്രണയമായിരുന്നു എന്ന ചിന്ത എന്നെ പതിയെ ഒരു വിഷാദ രോഗിയാക്കി...
അവിടെ നിന്നും എന്നെ കെെ പിടിച്ചുയർത്തിയത് സിദ്ധുവായിരുന്നു.....!!!
ഒരിക്കൽ ഒന്നും മിണ്ടാതെ വീട്ടിലേക്ക് കയറി വന്ന അവൻ പതിയെ വീടിന്റെ സന്തോഷമായി മാറി...!!
അവന്റെ അച്ഛനും അമ്മയും അനിയത്തിയും ഞങ്ങൾക്ക് ഒരു ആശ്വാസമായി...
അവന്റെ അച്ഛൻ എന്റെ അച്ഛന് കച്ചവടത്തിൽ വഴിക്കാട്ടി ആയപ്പോൾ, അമ്മ എന്റെ അമ്മയ്ക്ക് ഒരു കുടപിറപ്പായി...
അനിയത്തി ലക്ഷ്മി വരദയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുക്കാരിയുമായി മാറി...!!
പതിയെ പതിയെ ഞങ്ങൾ ജീവിതം തിരികെ പിടിച്ചു...
ഞാൻ പഴയത് പോലെ കലാലയ ജീവിതം ആസ്വദിക്കാൻ തുടങ്ങി...
അച്ഛന്റെ ഭാഗ്യം പോലെ കെെവെച്ച ബിസിനസ്സ് എല്ലാം വിജയം കൊയ്തു...
അധികം വെെകാതെ തന്നെ കൊച്ചിയുടെ ഹൃദയഭാഗത്ത് ഒരു ഷോപ്പിംഗ് മാൾ തുറക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു...!!!
ഇതിനിടയിൽ അലിഖിതമായി എന്റെയും സിദ്ധുവിന്റെയും വിവാഹം ഉറപ്പിച്ചു...!!
സന്തോഷം വീണ്ടും വീട്ടിൽ കുടിയേറി...
ഭൂതക്കാലത്തിന്റെ നൊമ്പരങ്ങളെ ഞാൻ മനപൂർവ്വം ആട്ടിയകറ്റി...!!
അവിടെ സിദ്ധു മാത്രം തെളിഞ്ഞു...!!!!
❤❣❤❤❣❤❤❣❤❤❣❤❤❣❤❤❣❤
പ്രണയം അതിന്റെ എല്ലാ വശ്യതയും കാട്ടി എന്നെ മയക്കി തുടങ്ങി...
പ്രണയത്തിന്റെ മാധുര്യം, സിദ്ധു അത് എന്നിലേക്ക് പകത്തു തന്നത് എന്നെ വീണ്ടും പ്രണയത്തിലാഴ്ത്തിയായിരുന്നു.....!!!
ഒരു മഴയത്ത് എന്റെ കെെയ്യിലേക്ക് നനഞ്ഞു കുതിർന്ന "മഞ്ഞ്" എന്ന പ്രണയകാവ്യം വെച്ചു നൽകുമ്പോൾ എന്നോട് അവൻ പകരമായി ആവശ്യപ്പെട്ടത് ഞാൻ സ്വന്തമായി നട്ടു വളർത്തിയ ഒരു ചെടിയിലെ കൊഴിഞ്ഞു വീണ ഒരു പിടി പൂക്കളായിരുന്നു....!!!
അവന് വേണ്ടി ആദ്യമായ് ഞാൻ ഒരു മന്ദാര ചെടി നട്ടു, ഒത്തിരി ഇഷ്ട്ടത്തോടെ അതിനെ പരിപാലിച്ചു, വെളളത്തിനും വളത്തിനും ഒപ്പം ഞാൻ എന്റെ പ്രണയവും നൽകി അതിനെ വളർത്തി...
ഒടുവിൽ അതിൽ ഒരു പൂമൊട്ട് വിരിഞ്ഞ അന്ന് എന്നിൽ ഒരു നിർവൃതീ പടർന്നു, അതിന്റെ ആലസ്യത്തിൽ ഉളളം പിടയുമ്പോഴും പ്രണയമെന്നിൽ കൂടുതൽ ആഴത്തിൽ വേരിറക്കി...
രണ്ട് നാളുകൾക്കപ്പുറം വാടി കൊഴിഞ്ഞ്, മണ്ണിൽ വീണടിഞ്ഞ, ആ കുഞ്ഞു പൂവുമായി ഞാൻ അവനെ തേടിയിറങ്ങി...!!
അത് അവന്റെ ഉള്ളം കെെയ്യിലേക്ക് വെച്ചു കൊടുക്കുമ്പോൾ അവന്റെ കണ്ണുകളിലെ കുസൃതി എന്നിലെ പ്രണയിനിയെ തരളിതയാക്കി....!!!
വളരെ വ്യത്യസ്തമായിരുന്നു അവന്റെ പ്രണയം...!!
അപ്രതീക്ഷിതമായ കണ്ടു മുട്ടലുകളായിരുന്നു അവന് പ്രിയം, അത്തരമൊരു കൂടിക്കാഴ്ചയിലെ ദീർഘനേര സംഭാഷണങ്ങൾ, മിഴികളിൽ സ്വയം മറന്നു പോകുന്ന മാന്ത്രികത, ഇവയ്ക്കൊടുവിൽ വീണ്ടും ഒരു സന്ദർശനത്തിന് കൊതിച്ചൊരു വേർപിരിയൽ...ഇത്രമാത്രം...!!!
രണ്ട് പേർക്കും സ്വന്തമായി ഫോണും കാണാനുളള സൗകര്യങ്ങളും ഒക്കെ ഉണ്ടായിട്ടും ഞങ്ങൾ ഈ പ്രണയത്തിന്റെ ഒളിച്ചു കളിയെ വല്ലാതെ ഇഷ്ട്ടപ്പെട്ടു പോയി....
കാത്തിരിപ്പിന്റെ സുഖം, വിരഹത്തിന്റെ ലഹരി... ചെറു നോവ്... അവ ഞങ്ങളെ ഉന്മദാത്തിലാഴ്ത്തി....!!!!
വല്ലപ്പോഴും പരസ്പരം കെെമാറുന്ന കൊച്ചു കൊച്ചു സമ്മാനങ്ങൾ, അറിയാതെ കൊരുക്കുന്ന ചില നോട്ടങ്ങൾ...
അത്രയും പ്രിയപ്പെട്ട പ്രണയനിമിഷങ്ങൾ....!!!!!!!
അങ്ങനെയൊരിക്കൽ അവന് എന്നോട് ആവശ്യപ്പെട്ടായിരുന്നു എന്റെ കെെ കൊണ്ട് വെച്ചുണ്ടാക്കുന്ന ഒരു പിടി അന്നം ആയിരുന്നു....മറ്റാരുടെയും കെെ തൊടാത്ത അവന് വേണ്ടി മാത്രം ഞാൻ പാകം ചെയ്തുണ്ടാക്കിയ ഇത്തിരി ആഹാരം...!!!!!
അത് അവന്റെ ജന്മദിനമായ നവംബർ ഇരുപത്തി ഒന്നിന് ഞാൻ സമ്മാനമായി നൽകണം...!!
നീണ്ട ഒരു മാസത്തെ അവധി അവൻ എനിക്കായി നൽകി...
'ഇനി തമ്മിൽ കാണുന്നത് അന്നായിരിക്കണം...!!!'
ആ ഉടമ്പടിയിൽ തമ്മിൽ പിരിയുമ്പോൾ ഞാൻ ആകെ പരിഭ്രമത്തിലായിരുന്നു....
പ്രിയപ്പെട്ടവന് വേണ്ടി... ആദ്യമായി...
അത്രമേൽ ഓമലായി...!!!!!!!!
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
"എന്തുണ്ടാക്കും..??
ഉണ്ടാക്കിതൊക്കെ ഇഷ്ട്ടപ്പെടുമോ..?? "
അതു വരെ നേരെ ചൊവ്വെ ഒരു ഗ്ലാസ് കാപ്പി പോലും ഇടാൻ അറിയാത്ത എനിക്ക് പാചകം വലിയൊരു കീറാമുട്ടിയായി...
ശരിക്കും എന്റെ മനസ്സിൽ ഞാൻ അറിയാതെ ഒരു വിപ്ലവകാരി വളർന്നിരുന്നുവെന്നതാണ് സത്യം....
പെണ്ണിന് മാത്രമുളളതല്ല അടുക്കള എന്ന വാശിയിൽ മനപൂർവ്വം ആ മേഖലയെ അവഗണിച്ചിരുന്നു..
പക്ഷേ, എന്നിലെ ആ ധാരണയെ വേരൊടെ പിഴുതെറിഞ്ഞത് സിദ്ധുവാണ്...
"പാചകം അറിയുക എന്നത് മനുഷ്യന്റെ സ്വയം പര്യാപ്തതയുടെ അടയാളമാണ്...
മറ്റാരുടെയും സഹായമില്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യുന്നത് സെൽഫ് റെസ്പെക്ടാണ്...
അതുകൊണ്ടു തന്നെ സ്വന്തം വസ്ത്രങ്ങൾ കഴുകുന്നതും, മുറി വൃത്തിയാക്കുന്നതും, ആത്യാവശ്യം പാചകം പഠിക്കേണ്ടതും എല്ലാവരുടെയും കടമയാണ്...
ജന്തുക്കളെ നോക്കൂ, അവിടെ ആൺ-പെൺ വ്യത്യാസമില്ല, അവനവന്റെ വിശപ്പിന് വേണ്ടി അവർ സ്വയം ആഹാരം കണ്ടെത്തുന്നു..!!
അത്രയും 'വകതിരിവ്' ഇല്ലെങ്കിൽ കൂടി സ്വന്തമായി എന്തെങ്കിലും വെച്ചുണ്ടാക്കാനും നട്ടു നനയ്ക്കാനും മനുഷ്യൻ പഠിക്കണം,
പാചകം, ആണിനൊരു അലങ്കാരമോ, പെണ്ണിനൊരു അപമാനമോ അല്ല, രണ്ട് കൂട്ടർക്കും അത് അഭിമാനമാണ്...!!!! "
ആ വാക്കുകളിലെ ആഴം എന്നെ വല്ലാതെ സ്പർശിച്ചു...
ആദ്യമായി കാണുമ്പോൾ ഒരു ഉത്തരവാദിത്തവും ഇല്ലാത്ത വെറും ദേഷ്യക്കാരനായി ഞാൻ കരുതിയ ആൾ ഇന്ന് എന്റെ റോൾ മോഡേൽ തന്നെയായിരിക്കുന്നു...!!!
ഒരു ചായ പോലും ഇടാൻ അറിയാത്ത എനിക്ക് മുന്നിൽ, ആത്യാവശ്യം പാചകവും പഠനത്തിനിടയിലും ഇപ്പോൾ ജോലിക്കിടയിലും ഒരു മാറ്റവും ഇല്ലാതെ കൊണ്ടു പോകുന്ന കൃഷിയുമൊക്കെ സിദ്ധുവിനെ വാനോളം ഉയർത്തി...
ഒരിക്കൽ പോലും എന്നോട് മാറാൻ സിദ്ധു ആവശ്യപ്പെട്ടിട്ടില്ല...
പക്ഷേ,മണ്ണിൽ ചവിട്ടി നിൽക്കാൻ മടിച്ച എനിക്ക് ഒരു ചെടി നട്ടു നനച്ചുണ്ടാക്കുമ്പോഴുണ്ടാകുന്ന സുഖം പഠിപ്പിച്ചു തന്നു...സ്വന്തം കെെ കൊണ്ട് വെച്ചുണ്ടാക്കുന്ന ഭക്ഷണം മറ്റുളളവർ ആസ്വദിച്ചു കഴിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷവും അഭിമാനവും കാട്ടി തന്നു...!!!
ഇന്ന് എനിക്കറിയാം പലപ്പോഴും എന്നിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സിദ്ധു ശ്രമിച്ചിട്ടില്ല..പകരം, എന്നിൽ അദ്ഭൂതങ്ങൾ സൃഷ്ടിക്കാനും, എന്നെ സ്വയം സ്നേഹിക്കാനും, സ്വയം പര്യാപ്തയാക്കാനുമാണ് അവൻ എന്നെ പഠിപ്പിച്ചത്...!!!
അതാണ് സിദ്ധു...!!!
❤❣❤❤❣❤❤❣❤❤❣❤❤❣❤❤❣❤
ഒത്തിരിയെറെ ഇഷ്ട്ടത്തോടെ, അത്രമേൽ കരുതലോടെ, പല തവണത്തെ പരിശീലനത്തിലൂടെ ഞാൻ സിദ്ധുവിനായ് ഒരു കൊച്ചു സദ്യ ഒരുക്കി....
അതി രാവിലെ ഏഴുന്നേറ്റു, നാഴിയരി കഴുകി,അടുപ്പിൽ വിറക് കൂട്ടി കത്തിച്ചു ചോറ് വെച്ചു....
പച്ചക്കറികൾ നീളത്തിലും വട്ടത്തിലും അരിഞ്ഞ് സാമ്പാറിനും അവിയലിനുമായി ഒരുക്കി, ആ സമയം കൊണ്ട് കുക്കറിൽ മൂന്ന് തവണ വിസിലൂതി പയർ തന്റെ വേവ് അറിയിച്ചിരുന്നു...
കുറച്ച് വാഴക്കായും അരിഞ്ഞ് പയർ കറി വെച്ചപ്പോഴേക്കും, സാമ്പറും അവിയലും പാകമായിരുന്നു...
പിന്നെ സമയം പോയ ധൃതിയിൽ അല്പം ഉണക്ക ചെമ്മീൻ എടുത്ത് കഴുകി വൃത്തിയാക്കി, വറുത്ത്, ഉടച്ചെടുത്തതിൽ തേങ്ങയും, ചുട്ട മുളകും, പാകത്തിന് ഉപ്പും, രണ്ട് കാന്താരിയും അമ്മി കല്ലിൽ ചേർത്തരച്ചു, ഉരുട്ടിയെടുത്തു... രണ്ട് പപ്പടവും കാച്ചിയെടുത്തു..
പിന്നെ, ഓടി പോയി പറമ്പിലെ വാഴയിൽ നിന്നും ഒരില കീറി, അതിൽ നെയ്യ് പുരട്ടി അടുപ്പിലെ തീയിൽ വാട്ടിയെടുത്തു, അതിലേക്ക് ചൂടു ചെമ്പാവരിയുടെ ചോറ് വിളമ്പി, കറികൾ ഓരോന്നായി ഒതുക്കി വെച്ചു, തലേന്ന് തന്നെ തയ്യാറാക്കി വെച്ചിരുന്ന, ഇഞ്ചിക്കറിയും അച്ചാറും ആ കൂടെ പൊതിഞ്ഞ്, വാഴയില മൂടി കെട്ടി..
പിന്നീടുള്ള കറികളായ, സാമ്പാർ, ബീറ്റ്റൂട്ട് കിച്ചടി,മോര് താളിച്ചത്, പപ്പടം എന്നിവ ചെറിയ ടിന്നുകളിൽ എടുത്ത്, ഒരു വാട്ടർ ബോട്ടിലിൽ കരുങ്ങാലി വെളളവും ഒരുക്കി വെച്ചു, വേഗം കുളിച്ചൊരുങ്ങി ഒരു ചുരിദാറും ധരിച്ചു ഞാൻ ഇറങ്ങി...
അമ്പലത്തിൽ കയറി സിദ്ധുവിന്റെ പേരിൽ ഒരു നീരാജനവും കഴിപ്പിച്ചിറങ്ങിയപ്പോൾ സമയം ഒമ്പതു കഴിഞ്ഞിരുന്നു...
പിന്നെ വളരെ വേഗം പതിവ് സന്ദർശന സ്ഥലമായ പബ്ലിക് ലെെബ്രററിയുടെ അടുത്തുളള പാർക്കിലേക്ക് നടന്നു....
എന്നത്തെയും പോലെ എന്നെ കാത്ത് വഴി കണ്ണുമായി എന്റെ രാജകുമാരൻ അവിടെയുണ്ടായിരുന്നു...!!!
ഇളം റോസ് നിറമുളള ഫുൾ സ്ലിവ് ഷർട്ടും, കസവ് കരയുളള മുണ്ടുമുടുത്ത്, നീണ്ട് അലസമായ മുടികളിൽ നിറയെ എണ്ണയും പുരട്ടി, നിറഞ്ഞ ചിരിയോടെ അവൻ ഇരുന്നൂ...
ഒന്നും മിണ്ടാതെ, കെെയ്യിലെ പ്രസാദം അവന്റെ നെറ്റിയിൽ ചാർത്തുമ്പോൾ, ഉളള് നിറഞ്ഞ പ്രേമത്തോടെ എന്റെ ചുണ്ടുകളും ആ നെറുകിൽ പതിഞ്ഞിരുന്നു....!!
ഒരു കുസൃതിയോടെയും നാണത്തോടെയും അവനെ നോക്കുമ്പോൾ, ആളാകെ പരിഭ്രമിച്ച്, വെളുത്ത ചെവികളും മുഖവുമെല്ലാം ചുവന്ന് തുടുത്ത് വിറച്ചു പോയിരുന്നു...
ആ പരിഭ്രമം കണ്ട് ചിരിയോടെ, നിറഞ്ഞ മനസ്സോടെ, ഒത്തിരി സ്നേഹത്തോടെ, മോഹത്തോടെ, ഞാൻ എന്റെ സ്നേഹം അന്നമായി എന്റെ മാത്രം സിദ്ധുവിന് മുന്നിൽ വിളമ്പി...
ആദ്യം കൗതുകത്തോടെ ആയിരുന്നെങ്കിൽ, പിന്നീട് അദ്ഭൂതത്തോടെ, കൊതിയോടെ, ഒടുവിൽ അല്പം കണ്ണീർ നനവോടെ എന്റെ സിദ്ധു ആഹാരം കഴിച്ചു തുടങ്ങി...
ഓരോന്നും തൊട്ടു നാവിൽ വെച്ചു രുചിച്ചു, ഒത്തിരി ഇഷ്ട്ടത്തോടെ ആസ്വദിച്ചു, വളരെ സാവധാനത്തിൽ ആയിരുന്നു സിദ്ധു കഴിച്ചുക്കൊണ്ടിരുന്നത്...
ഒരു പിടി ആഹാരം വാരി തരുമോ എന്നു കൊഞ്ചിയപ്പോൾ, ഒരുപാട് വാത്സല്യത്തോടെ ഞാൻ എന്റെ സിദ്ധുവിന് വാരി കൊടുത്തു, തിരികെ എനിക്കും വാരി തന്നപ്പോൾ എന്റെ ഉളളം സന്തോഷം കൊണ്ടു തിങ്ങി....
ഒടുവിൽ ഇല വടിച്ചു നക്കി, ചൂടു വെളളം കുടിച്ചു കഴിഞ്ഞതും പതിയെ സിദ്ധു എന്റെ കെെകൾ വല്ലാത്തൊരു വികാരവായ്പ്പോടെ കവർന്നു...
നിറഞ്ഞ കണ്ണുകളാൽ,വാക്കുകൾ കിട്ടാതെ സിദ്ധു എനിക്ക് മുന്നിൽ മുട്ടു കുത്തിയിരുന്നു...
ഒട്ടൊരു ആശങ്കയോടെ ഞാൻ ഇരുന്നതും സിദ്ധു വേദനയോടെ പറഞ്ഞു തുടങ്ങി.....!!!
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നിറകണ്ണുകളോടെ എന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്ന സിദ്ധുവിനെ കണ്ടതും എന്റെ മിഴികളും അറിയാതെ നിറഞ്ഞു...
ആ നിമിഷം എന്നിൽ വാത്സല്യം ഉടലെടുത്തു, അവന്റെ കെെകൾ കവർന്നു, കണ്ണുകൾ കൊണ്ട് ഒപ്പം ഞാനുണ്ടെന്ന് പറഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ ഒരു വരണ്ട ചിരി വിരിഞ്ഞു,
അവൻ പതിയെ ഏഴുന്നേറ്റു എന്റെ ഒപ്പം വന്നിരുന്നു...അപ്പോഴും കെെകളിലെ പിടി വിട്ടിരുന്നില്ല....!!
"എന്റെ അമ്മ ഒരു ആൽക്കഹോളിക് ആയിരുന്നു...!!!! "
പതറി പതറി സിദ്ധു പറഞ്ഞവസാനിപ്പിച്ചപ്പോൾ ഞാൻ പകച്ചു പോയിരുന്നു....
ഒന്നും മനസ്സിലാകാതെ ഞാൻ സിദ്ധുവിനെ നോക്കിയെങ്കിലും അവൻ എന്നെ നോക്കിയതെ ഇല്ല...പക്ഷേ, കെെകളിലെ പിടി കൂടുതൽ മുറുകിയിരുന്നു.....!!!
മുഖമാകെ വലിഞ്ഞു രക്തപ്രസാദമില്ലാതെ കാണപ്പെട്ടു.....!!!
ആ മനസ്സിലെ പിരിമുറുക്കം എനിക്ക് മനസ്സിലായതോടെ സിദ്ധുവിന്റെ കെെകളിൽ പതിയെ തഴുകി ഞാൻ കൂടെയുണ്ടാകും എന്ന് ഞാൻ മൗനമായി വാഗ്ദാനം ചെയ്തു....
പതിയെ പതിയെ സിദ്ധു ശാന്തനായി..
ഒടുവിൽ പറഞ്ഞു തുടങ്ങി...
"എന്റെ അമ്മ ആത്യാവശ്യം സാമ്പത്തികശേഷിയുളള ഒരു കുടുംബത്തിലാണ് ജനിച്ചത്..
അമ്മയുടെ വീട്ടിലെ ആണ്ണുങ്ങളുടെ ഒരു പ്രധാന വിനോദമായിരുന്നു മദ്യപാനം..!!
അവർക്ക് അത് ഒരു അലങ്കാരമായിരുന്നു...!!!
വെെകുന്നേരങ്ങളിൽ പുരുഷന്മാർ ആഘോഷമായി മദ്യം സേവിക്കുന്നത് അമ്മയുടെ വീട്ടിലെ ഒരു പതിവ് കാഴ്ചയായിരുന്നു...
വളരെ ചെറുപ്പത്തിൽ തന്നെ അമ്മയ്ക്ക് ആ കാഴ്ചയിൽ വല്ലാത്തൊരു കൗതുകം കൂടിയേറിയിരിക്കണം...
മദ്യക്കുപ്പികളിൽ ബാക്കിയാകുന്ന മദ്യ തുളളികൾ നാവിൽ ഇറ്റിച്ചു കുടിച്ച് അമ്മ അതിന്റെ രുചി അറിഞ്ഞു,ആദ്യം ഒരു കൗതുകത്തിന് ആയിരുന്നെങ്കിൽ പതിയെ പതിയെ അതൊരു ലഹരിയായി മാറി....!!!
ഒടുവിൽ അമ്മയ്ക്ക് മദ്യമില്ലാതെ ജീവിക്കാൻ വയ്യെന്നായി...
ആദ്യമൊക്കെ അമ്മയുടെ മദ്യക്കൊതിയെ പ്രോത്സാഹിപ്പിച്ച പുരുഷകേസരികൾക്ക് ഒടുവിൽ തോൽവി സമ്മതിക്കേണ്ടി വന്നു..
ഒത്തിരി ചികിത്സകൾ ചെയ്തിട്ടും പ്രതിവിധി ഉണ്ടായില്ലെന്നു മാത്രമല്ല, മദ്യം കിട്ടാതെ അമ്മ അക്രമാസക്തയാകുന്ന നിലയിലേക്ക് വരെ കാര്യങ്ങൾ എത്തി...
ഒടുവിൽ, അവസാന പ്രതീക്ഷയെന്ന പോലെ അമ്മയെ വിവാഹം കഴിപ്പിച്ച് അയക്കാൻ അവർ തീരുമാനിച്ചു...
ആദ്യമായി അമ്മയെ കാണാൻ വന്നത് അച്ഛൻ തന്നെയായിരുന്നു, അമ്മയുടെ സൗന്ദര്യത്തിലും പെരുമാറ്റത്തിലും ആകൃഷ്ടനായ അച്ഛൻ സത്യങ്ങൾ ഒന്നും അറിയാതെ അമ്മയെ വിവാഹം കഴിക്കാൻ തയ്യാറായി....
തമ്മിൽ അടുത്തിടപഴകാൻ ഒരു അവസരം പോലും കൊടുക്കാത്തത്ര വേഗത്തിൽ അവരുടെ വിവാഹം അമ്മയുടെ വീട്ടുക്കാർ മുൻകെെ എടുത്തു നടത്തി...
അവരുടെ പെരുമാറ്റത്തിൽ പന്തിക്കേട് തോന്നിയെങ്കിലും അമ്മയോടുളള ഇഷ്ട്ടത്തെ പ്രതി അച്ഛനും എല്ലാത്തിനും നിന്നു കൊടുത്തു...
പക്ഷേ, കല്യാണം കഴിഞ്ഞ് അധികം വെെകാതെ തന്നെ അച്ഛന്റെ വീട്ടിലെ എല്ലാവരും സത്യങ്ങൾ അറിഞ്ഞു...
അമ്മയ്ക്ക് മദ്യത്തിനോടുളള ആസക്തി അത്ര വലുതായിരുന്നു...!!
ഒരു പുരുഷന്റെ മദ്യപാനം ഒരു കുടുംബത്തിന്റെ സമാധാനവും സാമ്പത്തിക ഭദ്രതയും എങ്ങനെ ഇല്ലാതാക്കുമോ അതിലും വളരെ ഭീകരമായിരിക്കും ഒരു സ്ത്രീയുടെ മദ്യപാനം ഒരു കുടുംബത്തെ തകർക്കുന്നതിന്റെ തോത്...!!
എല്ലാവരും അമ്മയെ ഉപേക്ഷിക്കാൻ പറഞ്ഞെങ്കിലും അമ്മയെ പ്രാണനായി കണ്ടിരുന്ന അച്ഛന് അതിന് സാധിച്ചില്ല...
ഒടുവിൽ എല്ലാവരെയും ധിക്കരിച്ച് അമ്മയുടെ കെെ പിടിച്ചു അച്ഛൻ സ്വന്തം വീട് വിട്ടിറങ്ങി...
പതിയെ പതിയെ അവരുടെ ജീവിതം മനോഹരമായി, ഇരട്ടി മധുരം പോലെ എന്റെ ജനനവും... പക്ഷേ, അപ്പോഴും ഒരു നിഴലു പോലെ അമ്മയുടെ ഒപ്പം മദ്യവും ഉണ്ടായിരുന്നു...എന്നാൽ അമ്മയുടെ ആ ശീലം ആരും അറിയാതിരിക്കാൻ അച്ഛൻ നന്നായി ശ്രദ്ധിച്ചിരുന്നു എന്നു മാത്രം..!!!
അമ്മയുടെ രണ്ട് കൃഷ്ണമണികളായിരുന്നു ഞാനും അച്ഛനും...!!!
സ്നേഹമെന്നാൽ തീവ്രമാണെന്ന് വിശ്വസിച്ച് ഞങ്ങളെ അമ്മ പ്രാണനായി കരുതി സ്നേഹത്താൽ വരിഞ്ഞു മുറുക്കി.....
അമ്മയുടെ "സിദ്ധു" എന്നുളള വിളി, അത്രമേൽ ഹൃദ്യമായത് ഒന്നും ഈ പ്രപഞ്ചത്തിലില്ല...!!!!
പക്ഷേ, ഇടയ്ക്കൊക്കെയും മദ്യം ഒരു കരടായി ഞങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നു, എങ്കിലും അമ്മ മദ്യത്തെ വെറുക്കാൻ മാത്രം പഠിച്ചില്ല...!!!
കാരണം, എന്റെ അമ്മയ്ക്ക് ആരെയും വെറുക്കാൻ അറിയില്ലായിരുന്നു...!!
അമ്മയുടെ ആ സ്നേഹം ഒടുവിൽ വലിയൊരു ദുരന്തമായി പരിണമിച്ചു...!!!
എനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് പെട്ടെന്ന് ഒരു ദിവസം അമ്മ കുഴഞ്ഞു വീഴുന്നത്....
മനോഹരമായ ഒരു സായഹ്നത്തെ നിരാശയോടെ പടുക്കുഴിലാഴ്ത്തി അമ്മയുടെ കരൾ മുഴുവൻ മദ്യം കാർന്നു തിന്നെന്ന സത്യം ഞാനും അച്ഛനും അറിഞ്ഞു...
ലിവർ സിറോസിസ്...!!!
ഒരു അഞ്ചു വയസ്സുക്കാരന് എന്തറിയാം..??
"സിദ്ധു" എന്ന് കൊഞ്ചി വിളിച്ചു അമ്മ ഉണരുന്നതും കാത്ത് ഞാൻ ഇരുന്നു..
പക്ഷേ, മൂന്നാം നാൾ അമ്മ ഈ ലോകം വെടിഞ്ഞു....!!
വിധിയെ മാത്രം പഴിക്കാൻ കഴിയില്ലല്ലോ..??
അതുക്കൊണ്ട് നിശ്ശബ്ദമായി തേങ്ങലൊതുക്കി ഞങ്ങൾ..
പക്ഷേ, എന്നെക്കാൾ കൂടുതൽ തകർന്നു പോയത് അച്ഛൻ ആയിരുന്നു...!!!!
നിരാശയുടെ നടുക്കയത്തിലേക്ക് അച്ഛൻ ആണ്ടു പോയിക്കൊണ്ടിരുന്നു...
ഒടുവിൽ അവിടെ നിന്നും അച്ഛനെയും എന്നെയും കരക്കയറ്റിയത് എന്റെ ടീച്ചറായിരുന്ന ധന്യ ആയിരുന്നു...!!
എന്റെ ധന്യാമ്മ...!!! "
ഒരു ഞെട്ടലോടെ ഞാൻ സിദ്ധുവിനെ നോക്കി..
പക്ഷേ, എനിക്ക് ഒരു നോട്ടം പോലും തിരികെ നൽകാതെ സിദ്ധു വീണ്ടും പറഞ്ഞു...
"ധന്യാമ്മ എന്റെ സ്വന്തം അമ്മ അല്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലല്ലേ...???
ശരിയാണ്... ധന്യാമ്മയും എന്റെ അമ്മ തന്നെയാണ്...
" കണ്ണാ... " എന്നുളള വിളിയിൽ എനിക്കായി സ്നേഹം കരുതി വെച്ച എന്റെ അമ്മ....!!
പക്ഷേ, ചിലപ്പോഴൊക്കെ ഞാൻ എന്റെ പെറ്റമ്മയുടെ "സിദ്ധു" എന്ന വിളി വല്ലാതെ മിസ്സ് ചെയ്യും...
നിനക്കറിയാമോ..??
എന്റെ അമ്മയ്ക്ക് മാത്രം അവകാശപ്പെട്ടതാ ആ വിളി... അതുകൊണ്ടാ മറ്റാരെങ്കിലും എന്നെ അങ്ങനെ വിളിച്ചാൽ ഞാൻ ദേഷ്യപ്പെട്ടു പോകുന്നത്...!!!
ചിലപ്പോൾ അച്ഛൻ പോലും അങ്ങനെ വിളിക്കുന്നത് എനിക്ക് അരോചകമാണ്...
പക്ഷേ, നീ....
ഓരോ തവണ നീ എന്നെ "സിദ്ധു" എന്നു വിളിക്കുമ്പോഴും അത് എന്റെ ഹൃദയത്തെ വല്ലാതെ സ്പർശിക്കുന്നു....
വീണ്ടും വീണ്ടും ആ വിളി കേൾക്കാൻ എന്റെ ഉളളൂ കൊതിക്കുന്നു...!!"""
എന്റെ കണ്ണുകളിലേക്ക് നോക്കി അവൻ അത് മന്ത്രിച്ചപ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞു.....!!!
അതു കണ്ടിട്ടാവണം ഒരു കളള ചിരിയോടെ അവൻ പറഞ്ഞു,
"അയ്യോ എന്ന് കരുതി നിന്നെ ഞാൻ എന്റെ അമ്മയായിട്ട് ഒന്നുമല്ല കരുതുന്നത്... എന്റെ അമ്മ എപ്പോഴും എന്റെ കൂടെ തന്നെയുണ്ട്... എന്റെ ധന്യാമ്മ... പിന്നെ ഒരു നിശ്ശബ്ദ സാന്നിധ്യമായി എന്റെ പെറ്റമ്മയും...!!
പിന്നെ നിന്റെ ഈ മാജിക്കൽ വോയിസിൽ " സിദ്ധു " എന്നു വിളിക്കുമ്പോൾ ഞാൻ നിന്നിൽ കാണുന്നത് എന്റെ നല്ല പാതിയെയാണ്... എന്റെ മാത്രം പ്രണയിനിയെയാണ്...
രക്തബന്ധമില്ലാതെ എനിക്ക് സ്വന്തമായ എന്റെ പെണ്ണിനെയാണ്...
എന്റെ പെണ്ണിനെ....!!!!
❤❣❤❤❣❤❤❣❤❤❣❤❤❣❤❤❣❤
മാസങ്ങൾ അതിവേഗം കൊഴിഞ്ഞു പോയി...
പ്രണയം എന്റെ സിരകളെ മത്ത് പിടിപ്പിക്കുന്ന ഒരു ലഹരിയായി....
അത്രയും വലിയൊരു ആസക്തി, ഓരോ തവണ കുടിക്കുമ്പോഴും വീണ്ടും കൊതിച്ചു പോകുന്ന ഒരു ദിവ്യചഷുകമായി, അദ്ഭൂത വീഞ്ഞായി പ്രണയം എന്നെ മോഹിപ്പിച്ചുക്കൊണ്ടിരുന്നു.....!!!!
ഓരോ തവണ സിദ്ധു എന്നെ ഏറ്റവും പ്രണയാതുരമായി നോക്കുമ്പോൾ, ഞാൻ ആ ആഴങ്ങളിൽ കൂടുതൽ കൂടുതൽ മയങ്ങി പോയി...!!!
❤❣❤❤❣❤❤❣❤❤❣❤❤❣❤❤❣❤
പഠനത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതിരുന്നതിനാൽ ആ വർഷത്തെ യൂണിവേഴ്സിറ്റി ടോപ്പർ ഞാനായിരിക്കുമെന്ന പ്രതീക്ഷ എല്ലാവർക്കും ഉണ്ടായിരുന്നു...
ആ പ്രതീക്ഷയെ ഭയന്ന് ഞാൻ രാപകൽ കഠിനാധ്വാനം ചെയ്തുകൊണ്ടിരുന്നു...!!!
ഇതിനിടയിൽ ഇടയ്ക്കൊക്കെ വലിയൊരു ഇൻസ്പിറഷനായി സിദ്ധു മുന്നിൽ വരും...
സിദ്ധു അപ്പോൾ ആർ. കെ. ഗ്രൂപ്പ് കമ്പനിസിലെ എക്സിക്യൂട്ടീവ് മാനേജരായി ജോലി ചെയ്യുകയായിരുന്നു...!!
കഠിനാധ്വാനം കൊണ്ടു ചുരുങ്ങിയ കാലയളവിൽ സിദ്ധു കമ്പനിയിൽ നല്ലൊരു സ്ഥാനത്ത് എത്തിയിരുന്നു...!!!
നല്ല പെരുമാറ്റം കൊണ്ട് എല്ലാവർക്കിടയിലും സിദ്ധുവിന് ഒരു പേരും പ്രശസ്തിയും ഉണ്ടായി...
കൂടാതെ, കാണാൻ ഹിന്ദി നടന്മാരെ പോലെ സുന്ദരനായ, അവിവാഹിതനായ, സിദ്ധുവിന് അവിടെ ധാരാളം ആരാധികമാർ ഉണ്ടെന്നും, അതിൽ ഒരാൾക്ക് സിദ്ധുവിനോട് ചങ്കിൽ കൊളുത്തിയ പ്രേമമാണെന്നും കളിയായി എന്നെ ചൊടിപ്പിക്കാൻ സിദ്ധു പറയുമെങ്കിലും എന്നെ മാത്രം കാണുമ്പോൾ പ്രണയത്താൽ തിളങ്ങുന്ന ആ കണ്ണുകൾ മാത്രം മതിയായിരുന്നു എനിക്ക് ആശ്വാസം കിട്ടാൻ...!!!
❤❣❤❤❣❤❤❣❤❤❣❤❤❣❤❤❣❤
ആ വർഷത്തെ ബെസ്റ്റ് എംപ്ലോയീ ഓഫ് ദീ ഇയർ പുരസ്കാരം സിദ്ധുവിനായിരുന്നു...
അതിന്റെ വിപുലമായ പാർട്ടി സിറ്റിയിലെ മറെെൻ ഹോട്ടലിൽ വെച്ചു നടത്തുന്നതിനൊപ്പം എനിക്ക് വേണ്ടി ഒരു സർപ്രെെസ് കൂടി സിദ്ധു ഒരുക്കിയിരുന്നു...!!!!
അലങ്കാരദീപങ്ങളാൽ അലംകൃതമായ ആ പാർട്ടിയിൽ നിശയെ സാക്ഷിയാക്കി, എല്ലാവരുടെയും മുന്നിൽ വെച്ച് സിദ്ധു എന്റെ അണി വിരലിൽ മോതീരമണിയിച്ച് എന്നെ അവന്റെ പാതിയാക്കാനുളള സമ്മതം അറിയിച്ചു......
സന്തോഷത്താൽ ചുവന്നു നിന്ന എനിക്ക് പക്ഷേ അധികം വെെകാതെ ആ പാർട്ടി മടുത്തു തുടങ്ങി...
എന്തുകൊണ്ടോ വളരെ യാന്ത്രികമായി ചലിക്കുന്ന കുറെ പേർ ചുറ്റുമുളളത് പോലെ എനിക്ക് തോന്നി...
അവരുടെ പരിഷ്കാരങ്ങൾക്ക് ഒത്തു ചലിക്കാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല...
ഒടുവിൽ എന്റെ ബുദ്ധിമുട്ടു മനസ്സിലാക്കി സിദ്ധു എന്നെ വേഗം വീട്ടിൽ എത്തിച്ചു...!!!
അതാണ് സിദ്ധു... ഞാൻ പറയാതെ പോലും എന്നെ അറിയാൻ അവന് കഴിയും...!!!
❤❣❤❤❣❤❤❣❤❤❣❤❤❣❤❤❣❤
എന്റെ ഡിഗ്രി പരീക്ഷ കഴിഞ്ഞതും വളരെ ആഘോഷപൂർവം എന്റെയും സിദ്ധുവിന്റെയും വിവാഹനിശ്ചയം വീട്ടുക്കാർ നടത്തി...
തമ്മിൽ പരസ്പരം സ്വന്തമാകുന്ന ആ ഒരു സന്തോഷം... വാക്കുകൾ പോരാ അതിനെ വർണ്ണിക്കാൻ...!!!
ആ ഒരു സന്തോഷം പക്ഷേ അധികനാൾ നീണ്ടു നിന്നില്ല.......!!!
(തുടരും)