Aksharathalukal

കാന്തമലചരിതം- വിഷ്ണു എം സി

മലയാളസാഹിത്യത്തിൽ വളരെ ചുരുക്കം പുസ്തകങ്ങൾ മാത്രം എഴുതപെട്ടിട്ടുള്ള ഒരു മേഖല ആയ ആക്ഷൻ അഡ്‌വെഞ്ചർ ത്രില്ലെർ വിഭാഗത്തിൽ അടുത്ത് ഇറങ്ങിയതിൽ ഒറ്റ ഇരുപ്പിന് വായിച്ചു തീർക്കാവുന്ന അത്രക്കും രസകരമായിട്ടുള്ള ഒരു നോവൽ ആണ് കാന്തമലചരിതം. ഒരു പക്ഷെ മലയാളത്തിലെ ആദ്യത്തെ ട്രിയോളജി ആയിട്ടുള്ള ഇതിന്റെ ആദ്യത്തെ രണ്ടുഭാഗങ്ങൾ രണ്ടുദിവസങ്ങളിലായി ഏകദേശം ആറേഴു മണിക്കൂറുകൾ കൊണ്ട് വായിച്ചു തീർത്തു. വായിക്കാൻ തുടങ്ങിയാൽ തീർക്കാതെ പുസ്തകം മടക്കാൻ കഴിയില്ല. അത്രക്കും   ഉദ്വേഗജനകമായ ഒരു നോവൽ ആണിത്.
 
മിത്തും റിയലിറ്റിയും ചരിത്രവും എല്ലാം കൂടിയുള്ള ഒരു മാന്ത്രികലോകം തന്നെയാണ് പുതിയ എഴുത്തുകാരനായ വിഷ്ണു എം സി. നടത്തിയിരിക്കുന്നത്. ഒരു ഇൻഡ്യനാ ജോൻസ് സിനിമയുടെ കഥ വായിച്ചപോലെയുള്ളൊരു ഫീൽ ആണിത് തരുന്നത്. മിസ്റ്റീരിയസ് ത്രില്ലറുകളുടെ പൊതുസ്വഭാവം തന്നെയായ ഉദ്വ്യേഗ ജനകമായ ശൈലി തന്നെയാണ് കഥാകാരൻ സ്വീകരിച്ചിട്ടുള്ളത്. കഥാപാത്രങ്ങളുടെ സൃഷ്ടിയിലുള്ള പ്രത്യേകതകൾ കൊണ്ടും അവയ്ക്ക് നൽകിയിരിക്കുന്ന പേരുകൾ ചരിത്രത്തിലെങ്ങോ കേട്ടു മറന്നവയായത് കൊണ്ടും സ്വീകരിച്ചിരിക്കുന്ന പ്ലോട്ടിന്റെ പ്രത്യേകതയും അനുവാചകരിൽ താത്പര്യം വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
 
തൊണ്ണൂറുകളുടെ തുടക്കത്തിൽ ശബരിമലയിൽ മകരസംക്രാന്തിക്കു പൊന്നമ്പലമേട്ടിൽ തിരി തെളിയുന്നതൊക്കെ ഒരു അത്ഭുതം ആയിത്തന്നെയാണ് കണ്ടിരുന്നത്. അവിടെ ആർക്കും പ്രവേശിക്കാൻ സാധിക്കില്ലെന്നും അത് പുണ്യസ്ഥലമാണെന്നും അവിടെ ഭൂതങ്ങൾ കാവലുണ്ടെന്നുമൊക്കെയുള്ള കഥകൾ ഒത്തിരി പ്രചരിപ്പിക്കപ്പെട്ടിരുന്നു.പിന്നീടണല്ലോ അതിനു പിന്നിലുള്ള മലയരയന്മാരുടെ പങ്കൊക്കെ വെളിപ്പെട്ടത്. ഈ നോവലിന്റെ ഇതിവൃത്തവും ഇതൊക്കെ തന്നെയാണ്.പരശുരാമൻ സ്ഥാപിച്ചു എന്നു പറയപ്പെടുന്ന പഞ്ചശാസ്താക്ഷേത്രങ്ങളിൽ കാന്തമാലയുടെ ഉറവിടം തേടി നടത്തുന്ന ഒരു യാത്രയാണിത്. പക്ഷേ കരിമലയുടെ രഹസ്യം തേടി തുടങ്ങിയ യാത്ര ചേരചോളപാണ്ഡ്യ രാജവംശവും ഈജിപ്തുമൊക്കെ താണ്ടിപോകുന്നുണ്ട്.
 
ഏതൊരു സാധാരണക്കാരനും വായിച്ചു മനസ്സിലാക്കാവുന്ന ഭാഷയിൽ ആണ് ആദ്യ പുസ്തകം രചിക്കപ്പെട്ടതെങ്കിലും കഥയുടെ പുരോഗതിക്കനുസരിച്ചു ഭാഷാശൈലിക്കു മാറ്റം വരുത്തുന്നുമുണ്ട്. ഉപയോഗിച്ചിരിക്കുന്ന ഭാഷാശൈലിയുടെയും സംക്ഷേപങ്ങളുടെയുമൊക്കെ സഹായത്തൊടെ അനുവാചകന്റെ മനസ്സിൽ ഒരു വാങ്മയചിത്രം രൂപപ്പെടുത്താൻ സഹായകരമായിട്ടുണ്ട്. ഒരു സിനിമാകാണുന്ന പോലെ ഈ പുസ്തകം വായിച്ചു തീർക്കാം. അഡ്വെഞ്ചറസ് മിസ്റ്ററി ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് ഈ പുസ്തകങ്ങൾ തീർച്ചയായും ഒരു ദൃശ്യവിരുന്നു തന്നെയാകും ഈ പുസ്തകങ്ങൾ.