Aksharathalukal

രണ്ടാജന്മം (ഭാഗം 2)

 


"ആ, സ്റ്റേജിലേയ്ക്ക് വരൂ കുട്ടി.. "

നിറഞ്ഞ പുഞ്ചിരിയോടെ തന്നെ ചിത്ര, ഗൗരിയെ സ്റ്റേജിലേക്ക് ക്ഷണിച്ചു.

അല്പം ചമ്മലോടെ എന്നാൽ മുഖത്ത് ചെറിയ ചിരി വരുത്തി ഗൗരി സ്റ്റേജിലേക്ക് കയറി. 

"അപ്പോ റെഡിയല്ലേ?? "

ചിത്ര ഗൗരിയോടായി ചോദിച്ചു, അപ്പോൾ അവൾ അതേ എന്ന് തല കുലിക്കി കാണിച്ചു. 

"ഒക്കെ ആദ്യം self introduce 
ചെയ്തോളൂ " 

ഗൗരി മുന്നിൽ നിരന്നിരിക്കുന്നവരെ ഒന്ന് നോക്കി. 

എല്ലവരുടെയും കണ്ണുകൾ തനിക്ക് നേരെ തന്നെയാണ് എന്ന് അവൾ ഒരു നെടുവിർപ്പോടെ മനസിലാക്കി.

പൊതുവെ ധൈര്യമുള്ള ഒരു തന്റേടിയാണ് താൻ എങ്കിലും അറിയാതെ ഒരു പേടി മനസ്സിൽ 
കടന്നു കളിക്കുന്നത് മനഃപൂർവ്വം മനസ്സിന്റെ അടിതട്ടിൽ ഒളിച്ചു വച്ച് അവൾ പറഞ്ഞു തുടങ്ങി. 

"എന്റെ പേര് ഗൗരി, ശ്രീകൃഷ്ണപുരത്താണ് വീട്. വീട്ടിൽ അച്ഛൻ, അമ്മ, പിന്നെ ഒരു മുത്തശ്ശിയും ഉണ്ട്.

അച്ഛൻ രവി സ്കൂൾ മാഷാണ്. അമ്മ മാലതി ഹൗസ് വൈഫാണ്. മുത്തശ്ശിയുടെ പേര് കല്യാണി "

"മുത്തശ്ശി എന്താ ചെയ്യുന്നേ??"

കൂട്ടത്തിലുള്ള ഒരു രസികൻ സെക്കന്റ്‌ ഇയർ വിദ്യാർത്ഥി വിളിച്ചു ചോദിച്ചു. 

ആ സമയം എല്ലവരും പൊട്ടി ചിരിച്ചു. 

"മുത്തശ്ശി ഒന്നും ചെയ്യുന്നില്ല "

ചെറിയ ചിരിയോടെ അവൾ പറഞ്ഞു. അത് പറഞ്ഞതിനു ശേഷം ഗൗരി ചിത്രയുടെ മുഖത്തേക്ക് നോക്കി. 

"ശരി, ഗൗരി ആദ്യം ഒരു പാട്ട് പാടൂ "

"അയ്യോ പാട്ടോ?, അത് വേണോ? "

"ശരി വേണ്ട, ഡാൻസ് ആയാലോ?? "

"വേണ്ട പാട്ട് തന്നെ മതി "

"എന്നാ തുടങ്ങിക്കോ "

എല്ലാവരും കൈകൊട്ടി പ്രോത്സാഹിപ്പിച്ചു. 

ഓർമയിൽ ആ സമയം ഒരു പാട്ടും ഗൗരിക്ക് വന്നില്ല. 

അല്ലെങ്കിൽ ഏതു സമയവും മൂളി പാട്ട് പാടുന്ന
എനിക്ക് ഇതു എന്തു പറ്റി എന്ന് ചിന്തിച്ച ആ നിമിഷം തന്നെ അവളുടെ ഓർമ്മകളുടെ താളിൽ നിന്നും വരികൾ അവൾക്കായി മിന്നി തുടങ്ങി. 

അവൾ ദീർഘനിശ്വാസം വിട്ട് പാടാൻ തുടങ്ങി. 

"""മാഞ്ഞുപോകാൻ മറന്ന സ്വപ്നം
കണ്ണിൽ തങ്ങും പകലുകളിൽ.
കണ്ണടച്ചാലുമുള്ളിലാരോ രാഗം പാടും ഇരവുകളിൽ.
മലരുകൾ പൂക്കാതെ മലരിലും മാറ്റോടെ
ഹൃദയമറിയും പുതിയ മൃദുലഗന്ധം.. 

മഴനിലാ കുളിരുമായി വേനൽ തൂവൽ വീശും. 
മൊഴിയിലും മധുരമായി 
മൗനം കഥ പറയും.... """

പാട്ടുന്നത് നിർത്തിയതും ആ ഓഡിറ്റോറിയത്തിൽ കരഘോഷം മുഴങ്ങി കേട്ടു. അത് അവളിൽ സന്തോഷം നിറച്ചു. 

ഒപ്പം പേടി കളഞ്ഞ് കൂടുതൽ ആക്റ്റീവാക്കാൻ അവൾ തീരുമാനിച്ചു. 


"ഇനി ഒരു ടാസ്ക് കൂടിയുണ്ട്..പക്ഷെ ശരിക്കും ടാസ്ക് കൊടുക്കുന്നത് ഗൗരിക്കല്ല മറ്റൊരു ആൾക്കാണ് അതിന് ഗൗരിടെ ഹെല്പ് വേണം."

ടാസ്ക് ഗൗരിക്കല്ലാ എന്ന് കേട്ടപ്പോൾ പിന്നെ 
ആർക്കാണ് എന്നും,, അതിൽ ഗൗരിക്കുള്ള റോൾ എന്തെന്നും പലരും തലയിൽ കേറ്റി ചിന്തിച്ചു പുകച്ചു. 

എന്നാൽ ചിലരെല്ലാം ചിത്ര പറഞ്ഞതു എന്തെന്ന് ഞൊടിയിടയിൽ മനസിലാക്കി 
ചുണ്ടിൽ പുഞ്ചിരിയും മായി തുടന്ന് ഉണ്ടാകാൻ പോകുന്ന പൂരം വിളിച്ചു പറയാൻ നിൽക്കാതെ 
രസിച്ച് കാണാൻ വെമ്പൽ കൊണ്ടു. 


" ഈ പ്രോഗ്രാമിന്റെ തുടക്കത്തിൽ ചെയ്യേണ്ടതായിരുന്നു ഞാൻ ഇപ്പോഴാ ഓർത്തേ...  

ഗൗരി ഒരാളെ പ്രൊപ്പോസ് ചെയ്യും ,അപ്പോൾ 
അയാൾ റിപ്ലൈ തരണം. "

ഓ ഇത് പതിവായ ഒന്ന് തന്നെയല്ലെന്ന് 
ചില മുഖങ്ങളിൽ നിന്ന് വായിച്ചെടുത്ത ചിത്ര,, 
തുടന്ന് പറഞ്ഞു. 

" ഇതൊരു usual ടാസ്ക് ആയി കരുതേണ്ട 
ചെറിയ ഒരു മാറ്റമുണ്ട് കാരണം പ്രൊപ്പോസ് ചെയ്യാൻ പോകുന്നത് പുതുതായി വന്ന ഒരു സീനിയറിനെയാണ്. 

ആൾ ഒരു ഫ്രഷ് സീനിയർ ആണ്. 
അതുകൊണ്ട് ടാസ്ക് അയാൾക്കാണ്, 
ഗൗരി റെഡിയാണോ?? "

ചിത്ര ചോദിച്ചപ്പോൾ ഗൗരി റെഡി ആണെന്ന് പറഞ്ഞു.  

ആൾ ഒരു ഫ്രഷ് സീനിയർ ആണെന്ന് കേട്ടപ്പോൾ സെക്കൻഡ് ഇയർസിൽ മിക്കവർക്കും ആളെ പിടി കിട്ടി. 

ഇത് നല്ലൊരു തിരുമാനം തന്നെ എന്ന് സെക്കൻഡ് ഇയർസിൽ ഉള്ള ഭുരിഭാഗം പേരും മനസ്സിലും ചിന്തിച്ചു. 

ഓഡിറ്റോറിയത്തിനുള്ളിൽ പിറകിലെ രണ്ടു ഡെസ്കിൽ രണ്ടാമത്തെ ഡെസ്കിലെ അറ്റത്ത് സ്ഥാനം ഉറപ്പിച്ചു ഇരിക്കുന്നവനിലേക്ക്, തൊട്ട് മുൻപിൽ ഉള്ള ഡെസ്കിൽ ഇരിക്കുന്ന സെക്കൻഡ് ഇയറിൽ 
പഠിക്കുന്നവരുടെ കണ്ണുകൾ എത്തി തുടങ്ങി. 

"ആൾ വേറെ ആരും അല്ല പി ജി സെക്കൻഡ് ഇയറിൽ പഠിക്കുന്ന സേതു മാധവ്.
സേതു സ്റ്റേജിലേക്ക് വരൂ". 

ചിത്ര തന്റെ പേര് വിളിച്ചപ്പോൾ സേതു ഒന്ന് ഞെട്ടി. 

പി ജി ഫസ്റ്റ് ഇയർക്ക് പണി കിട്ടുന്നത് കണ്ട് ചിരിക്കാൻ വന്നതായിരുന്നു അവൻ.

"സേതു വാ " 

ചിത്ര വീണ്ടും അവനെ വിളിച്ചു. 
കൂടെയുള്ളവർ അവന് പണിക്കിട്ടിയത്തിൽ കൂടുതൽ ഉല്ലാസരായി അവനെ എണിപ്പിച്ചു.

അവൻ മടിയോടെ എണിച്ചു പക്ഷെ സ്റ്റേജിൽ 
കയറാൻ അവൻ തയാറാക്കാതെ അവിടെ തന്നെ നിന്നു.

അന്നേരം ഗൗരിക്ക് എന്തെന്നില്ലാത്ത ഒരു ആവേശം വന്നു കൂടി. 

"ചേച്ചി ഞാൻ അങ്ങോട്ട് പോകാം "

വ്യത്യസ്തമായി എന്തോ കാണാൻ 
പോകുന്നതിന്റെ ആകാംഷ എല്ലാവരുടെയും കണ്ണുകളിൽ തിളക്കം സൃഷ്ടിച്ചു.

അവസാന ഡെസ്കിൽ ഒരു അറ്റതായി നിൽക്കുന്ന അവന്റെ അടുത്ത് ഗൗരി വന്നു നിന്നു.

അവന്റെ മുന്നിൽ വന്നു കഴിഞ്ഞ്,, 
നായിക നായകനെ പ്രൊപ്പോസ് ചെയ്യുന്ന,  
താൻ കണ്ട സിനിമയിലെ ഡയലോഗ് ഓർത്ത
ശേഷം, തുടങ്ങട്ടെ എന്ന് കണ്ണ് കൊണ്ട് ചിത്രയോട് ചോദിച്ചിട്ട്, ചെറിയ പുഞ്ചിരി മുഖത്ത് വരുത്തി ഗൗരി പറഞ്ഞു തുടങ്ങി. 

"ചേട്ടാ, ചേട്ടനോട് എനിക്കൊരു കാര്യം പറയാനുണ്ട് "

അവൻ ഒന്നും പറയാതെ അവളെ നോക്കി നിന്നു. 

"ചേട്ടോയ് എന്താന്ന് ചോദിക്ക് "

തൊട്ടടുത്തുള്ളവർ ആക്കിയ ചിരിയോടെ അവനോടായി പറഞ്ഞു 

"എന്താ... "

അവൻ മടിച്ചുകൊണ്ട് അല്പം താഴ്ന്ന 
ശബ്ദത്തിൽ എന്നാൽ മുഖത്ത് ഒരു ഗൗരവ ഭാവം ഫിറ്റ്‌ ചെയ്യ്തു കൊണ്ട് ചോദിച്ചു. 

"അത്.. അത് എനിക്ക് ചേട്ടനെ ഇഷ്ടാ."

അവൻ ഒന്നും പറഞ്ഞില്ല അവൾ തുടർന്നു. 

"ചേട്ടനെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടായി.. ഈ നിണ്ട മുടിയും കട്ട താടിയും 
ചെറിയ കണ്ണുകളും എനിക്ക് ഒരുപാട് ഇഷ്ടായി. എന്നും എനിക്ക് ഇതെല്ലാം കാണാൻ മനസ്സിൽ കൊതിയാക്കുന്നു. WILL YOU MARRY ME???". 

അവൻ നിശബ്ദനായി നിന്നു. 

"സേതു റിപ്ലൈ പറാ "

ചിത്ര ഉറക്കെ വിളിച്ചു പറഞ്ഞു.

" I'm not interested, sorry " 

മറ്റേങ്ങോ നോക്കി ഇത്തിരി ഗൗരവത്തിൽ തന്നെ അവൻ മറുപടി പറഞ്ഞു. 

ഈ ഒരു മറുപടി ഗൗരി തീരെ പ്രേതിക്ഷിച്ചിരുന്നില്ല. 

"അതെന്താ എന്നെ ഇഷ്ടമല്ലാതെ?? "

ഗൗരി വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല.

സേതു ചിത്രയെ നോക്കി. അവൾ മറുപടി പറയൂ എന്ന രീതിയിൽ നിന്നു.   

"ഞാൻ റിപ്ലൈ തന്നില്ലേ, പ്ലീസ് ഇനി എനിക്ക് വയ്യ "അതു പറഞ്ഞ് അവൻ ഇരുന്നു. 

"ഒക്കെ,, ഇനി അവനെ വെറുതെ വെറുപ്പിക്കണ്ട കുറച്ച് ദേഷ്യമൊക്കെ ഉള്ള ആളാ "

ചിത്ര അത് പറഞ്ഞപ്പോൾ എല്ലാവരും ഒന്ന് ചിരിച്ചു. 

"ഗൗരി പോയി സീറ്റിൽ ഇരുന്നോ "

അപ്പോൾ ഗൗരി മുന്നിൽ രണ്ടാമത്തെ ഡെസ്കിനടുത്തേക്ക് നടന്നു, 
രണ്ടാമത്തെ ഡെസ്കിൽ ഒരു അറ്റത്തു തന്നെ ഇരുന്നു. 

"ഗൗരി നിനക്ക് പ്രൊപ്പോസ് ചെയ്യ്ത് ഒക്കെ എക്സ്പീരിയൻസ് ഉണ്ടോ?? " 

തൊട്ട് അടുത്തിരിക്കുന്ന വീണ അവളോട്‌ സ്വരം താഴ്ത്തി പതുക്കെ ചോദിച്ചു. 

"എന്തേ?? "

ഗൗരിയും വീണ ചോദിച്ചതുപോലെ 
പതിയെ സംസാരിച്ചു. 

"ഒന്നുഇല്ല്യ നിന്റെ പെർഫോമൻസ് കണ്ടിട്ട് 
നല്ല പരിചയം ഉള്ളത് പോലെ തോന്നി 
ശരിക്കും ആ ചേട്ടനെ ഇഷ്ടപ്പെട്ടിട്ട് പ്രൊപ്പോസ് ചെയ്യ്ത പോലെ തന്നെണ്ട് "


"ആണോ. പക്ഷെ ആക്ടിങാ.. 
ആ സാധനത്തിനെ ഓക്കേ കണ്ടാലും മതി ഇഷ്ടം തോന്നാൻ പറ്റിയ മൊതല്..

ആദിവാസികൾക്ക് പോലും ഇത്ര താടിയും മുടിയുണ്ടാവില്ല.എന്നിട്ടോ വല്ല്യ അഹങ്കാരവും... ' i'm not interested, sorry ' ഹും... "

ഗൗരി പറയുന്നത് കേട്ട് വീണ ശരിയാ എന്ന രീതിയിൽ അവളെ നോക്കി ചിരിച്ചു.
 
                   🔸🔸▪️▪️🔸🔸

കോളേജിൽ നിന്നും വീട്ടിൽ എത്തിയ ഗൗരി പുറത്തു കിടക്കുന്ന വില പിടിപ്പുള്ള ന്യൂ മോഡൽ കാർ കണ്ടു. 


ചെറുപ്പം മുതലേ വില പിടിച്ച കാറുകളോടും ബൈക്ക്കളോടും ഗൗരിക്ക് വലിയ താല്പര്യമാണ്. നേരെ വീടിനുള്ളിൽ കേറിയപ്പോൾ...

"ഠോ..! " 

മുന്നിലേക്ക് ചാടി പേടിപ്പിച്ച വിഷ്ണു നാരായണനെ കണ്ട് അവളൊന്ന് ശ്വാസം വലിച്ചു വിട്ടു. 

"ഹോ ഇയാളുടെ കാർ ആണോ പുറത്ത്, ഞാൻ ആരാ വന്നെന്ന് വിചാരിച്ചു..
ബാംഗ്ലൂരിൽ ഒക്കെ പോയി ഇത് എന്ത് കോലാ വിഷ്ണു ഏട്ടാ മുടിയൊക്കെ വളർത്തി, ഇനി ഈ താടി കുറച്ചു കൂടി വളർത്തിയാ കറക്റ്റ് ആ ആദിവാസിനെ പോലെ തന്നെയാകും"

ഗൗരി കളിയാക്കലോടെ പറഞ്ഞു.


"ഏത് ആദിവാസി?? "

"അത്, ഞാൻ ഇന്ന് കോളേജിൽ വച്ച് പ്രൊപ്പോസ് ചെയ്ത ഒരാളാ "

"ഹേ...എന്താ..? " 

വിഷ്ണു ഞെട്ടലോടെ നിന്നു.

"അതായത്, ഫ്രഷേഴ്‌സ്ഡേ ടാസ്ക് 
കിട്ടിയതാ..."

ഗൗരി ചിരിച്ചു.

"ഹമ്മ്, ശരി നീ ഫ്രഷ് ആയി വാ.. നമ്മുക്ക് എന്റെ പുതിയ കാറിൽ ഒന്ന് കറങ്ങാൻ 
പോകാം, " 

"Done!"

ഗൗരി വേഗം മുറിയിലേയ്ക്ക് ഓടി.

അൽപം കഴിഞ്ഞപ്പോൾ അവൾ റെഡി ആയി വന്നു. 

"രവി മാമേ ഞങ്ങൾ പോയി വരാം "

 വിഷ്ണു പറഞ്ഞു.

"സൂക്ഷിച്ചു പോണേ മോനെ, അവളെ ശ്രദ്ധിക്കണം വലുതായിന്നെള്ളൂ, ചെറിയ കുട്ടിയെക്കാൾ കഷ്ടാ "

അപ്പോൾ ഗൗരി അച്ഛനെ ഒന്ന് കൂർപിച്ചു നോക്കി. 

"ശരി, ഞാൻ നോക്കിക്കോളാം"

അവർ കാറിൽ കയറി ടൗണിൽ പോയി ഷോപ്പിംഗ് ഒക്കെ ചെയ്തു. തിരിച്ചു പോരുമ്പോൾ...


തുടരും.....