Aksharathalukal

അദ്ധ്യായം- 8

 

      "പ്രശസ്ത നോവലിസ്റ്റ് ജയരാമന് അലഹബാദിനടുത്ത് വച്ച് തീവണ്ടിയിൽ നിന്ന് വീണ് പരിക്കേറ്റു. മാനസികാസ്വാസ്ഥ്യമുള്ള ഒരാൾ തീവണ്ടിയിൽ നിന്ന് അദ്ദേഹത്തെ തള്ളിയിടുകയായിരുന്നു. ജയരാമനെ തള്ളിവീഴ്ത്തിയ ശേഷം തീവണ്ടിയിൽ നിന്ന് പുറത്ത് ചാടിയ ഇയാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല."

 

           എല്ലാ പ്രമുഖ മലയാള പത്രങ്ങളുടെയും മുൻപേജിൽ തന്നെ വാർത്ത സ്ഥാനം പിടിച്ചിട്ടുണ്ട്. തൻറെ വീടിൻറെ സിറ്റൌട്ടിൽ തറയിലിരുന്ന് ചായ കുടിച്ചുകൊണ്ട് ജയരാമൻ പത്രത്താളുകൾ മറിച്ചു. ഒരു പതിനഞ്ച് ദിവസത്തെ യാത്ര, പക്ഷേ അതിന് പതിനഞ്ച് വർഷത്തെ ദൈർഘ്യമുള്ളത് പോലെ തോന്നി. വല്ലാത്ത പരീക്ഷണങ്ങളിലൂടെയാണ് കടന്ന് പോയത്. ജീവിതത്തിനും മരണത്തിനുമിടയിലൂടെ ഒരു ഹിമാലയൻ യാത്ര. ഒന്നും ഒരു ദുസ്വപ്നം പോലെ മറന്ന് കളയാനുമാകില്ല. സ്വപ്നവും യാഥാർത്ഥ്യവും വേർതിരിച്ചറിയാനാകാത്ത വിധം ഇഴചേർന്ന് കിടക്കുകയാണ്. അവിടെ ജയരാമൻ തിരിച്ചറിഞ്ഞ ഒരു സത്യമുണ്ട്. രക്താംഗിതൻ, ആ കഥ എഴുതാതെ തനിക്ക് ഒരു മോചനമില്ല. രക്താംഗിതൻറെ കഥ എഴുതേണ്ടെന്ന് എപ്പോഴൊക്കെ മനസിൽ തോന്നിയോ, അപ്പോഴൊക്കെ ശക്തമായ താക്കീത് പലവിധത്തിൽ ലഭിച്ചിട്ടുണ്ട്. സ്വന്തം കൈഞരമ്പ് മുറിച്ചതുമുതൽ തീവണ്ടിയിൽ നിന്ന് വീണതുൾപ്പെടെ. വീണതല്ല, വീഴ്ത്തിയതായിരുന്നു. ആ നടുക്കുന്ന ട്രെയിൻ യാത്ര ഒരിക്കൽക്കൂടി ജയരാമൻറെ സ്മൃതിപഥത്തിലേക്ക് വന്നു.

 

           ബാത്ത് റൂമിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും അവിടെ മറ്റാരുമില്ലായിരുന്നു. പക്ഷേ  പുറം കാഴ്ചകൾ കണ്ട് നിന്ന ആ അൽപ സമയത്തിനുള്ളിൽ അയാളെവിടെ നിന്ന് വന്നു. ശക്തിയായ തള്ളിൽ തെറിച്ചുപോയപ്പോൾ എല്ലാം അവസാനിക്കുകയാണെന്ന് ഉറപ്പിച്ചതാണ്. പക്ഷേ വീണത് നിലയില്ലാത്ത വെള്ളത്തിലേക്കായിരുന്നു. തൊട്ടുപിന്നാലെ അയാളും വന്ന് വെള്ളത്തിലേക്ക് വീണു. ട്രെയിനിൽ നിന്നുമുള്ള വീഴ്ചയിൽ കൈയ്യും മുതുകും എവിടെയൊക്കെയോ ഉരഞ്ഞ് മുറിഞ്ഞിരുന്നു. വല്ലാത്ത നീറ്റൽ കടിച്ചമർത്തി ജയരാമൻ നീന്തി കരക്ക് കയറി. കൃഷി സ്ഥലങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന ഒരു കനാലായിരുന്നു അത്. പിന്നാലെ അയാളും. മുഷിഞ്ഞ വേഷവും നീണ്ട് വളർന്ന് താടിയും മുടിയും , ഭ്രാന്തൻറെ ചേഷ്ടകളും ഉള്ള അയാളുടെ മുഖം നിലാവത്ത് കണ്ടപ്പോൾ ജയരാമന് പരിചിത ഭാവം തോന്നി. അയാളപ്പോളും നിർവ്വികാരനായി നിൽക്കുകയായിരുന്നു.

 

                  എന്തിനാ എന്നെ കൊല്ലാൻ നോക്കിയത്? തൻറെ ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി. അപ്പോ ശരിക്കും ദേഷ്യം വന്നും. കൈമുട്ടിന് പിന്നിൽ ഉരഞ്ഞ മുറിവിൽ നിന്ന് രക്തമൊലിക്കുന്നത് കൂടി കണ്ടപ്പോൾ തനിക്ക് രോഷം നിയന്ത്രിക്കാനായില്ല. അയാളുടെ കഴുത്തിനെ തൻറെ രണ്ട് കൈകളാലും അമർത്തി  ശ്വാസം മുട്ടിച്ചു. പക്ഷേ അയാൾ പ്രതികരിക്കാതെ നിർവ്വികാരനായി നിന്നു. തൻറെ കൈകൾ അയാളുടെ കഴുത്തിലമർന്നിട്ടും അയാളിൽ യാതൊരു മാറ്റവും കാണാതായപ്പോൾ  ചെറിയ ഭയം തോന്നി. ആരായിരിക്കുമിയാൾ?, അയാളുടെ മുഖത്തിന് താൻ കണ്ട് അഘോരിയുടെ മുഖവുമായി സാമ്യമുണ്ടോ? താനപ്പോൾ അയാളെ തള്ളിമാറ്റി. നിങ്ങളാരാണ്? എന്ത് വേണം? എന്തിനാ എന്നെ കൊല്ലാൻ നോക്കിയത്? തൻറെ ചോദ്യങ്ങൾക്ക് അൽപനേരത്തിന് ശേഷം അയാൾ മറുപടി നൽകി.

 

               "കൊല്ലാൻ വേണ്ടിയല്ല തള്ളിയിട്ടത്, വെറുതേ ഒന്നു ഭയപ്പെടുത്താൻ വേണ്ടിയാ, ഒരിക്കൽ കൂടി മുന്നറിയപ്പ് തരാൻ വേണ്ടിയാണ്. "അത്രമാത്രം പറഞ്ഞ് അയാൾ പിന്തിരിഞ്ഞ് നടക്കുവാൻ തുടങ്ങി. പക്ഷേ ജയരാമൻ അയാളുടെ മുന്നിലേക്ക് കയറി നിന്ന് വഴി തടഞ്ഞു.

 

     " എന്നെയെന്തിന് ഭയപ്പെടുത്തണം? അതിന് നിങ്ങളാരാണ്.? എനിക്ക് എൻറെ എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയിട്ട് പോയാൽ മതി. അയാൾ ശാന്തനായി നിന്നു, അൽപസമയം കഴിഞ്ഞൊരു പൊട്ടിച്ചിരികൊണ്ടാണ് അയാൾ നിശബ്ദത ഭേദിച്ചത്. കണ്ണെത്താദൂരത്തെങ്ങും ആരുമില്ല. കെട്ടിടമോ വെളിച്ചമോ ഒന്നുമില്ല. ഇവിടെ വച്ച് ഇയാൾ തന്നെ അപായപ്പെടുത്തിയാൽ പോലും ആരുമറിയില്ല.  പുറമേ ധൈര്യം നടിച്ചുവെങ്കിലും ഉള്ളിലെ ഭയം മനസ്സിനെ ഉലക്കുന്നുണ്ടായിരുന്നു.

 

           കാരണമില്ലാതെ ഒന്നും സംഭവിക്കുന്നില്ല. ആ കാരണം നിനക്കറിയാം നല്ലതുപോലെ. അറിയില്ലെന്ന് ഭാവിച്ച് ഒഴിഞ്ഞ് മാറാൻ തുടങ്ങുമ്പോൾ ഭയപ്പെടുത്തി നിനക്ക് മുന്നറിയിപ്പുകൾ നൽകും. നിനക്ക് ഒളിച്ചോടാം ഒരു ഭീരുവിനെപ്പോലെ, ഈ ലോകത്തിൻറെ അങ്ങേയറ്റം വരം. പക്ഷേ രക്ഷപെടാനാവില്ല. നീയൊരു കഥയെഴുതും കാരണം ആ നിയോഗമിപ്പോൾ നിനക്കാണ്, നിനക്ക് മാത്രം.  ചോരകൊണ്ടെഴുതേണ്ട ചരിതമാണത്, പക്ഷേ അത് നിൻറെ ചോരകൊണ്ടാവാതിരിക്കാൻ പ്രാർത്ഥിക്ക്. അത് ദൈവത്തോട് വേണമോ , ചെകുത്താനോട് വേണമോയെന്ന് മാത്രം ചിന്തിച്ചാൽ മതി നീ.. കാരണം ഇതിനുമപ്പുറം മരണമാണ്. പൊട്ടിച്ചിരിച്ച് അത്രയും പറഞ്ഞ് തന്നെ  തള്ളി മാറ്റി അയാൾ നടന്നു. താൻ അയാൾക്ക് പിന്നാലെ നടന്നു. അയാൾ റെയിൽവേ ട്രാക്കിലേക്കാണ് നടക്കുന്നത്. ആയാളുടെ വേഗത്തെ കീഴ്പ്പെടുത്താനാവാതെ താൻ വല്ലാതെ കിതച്ചു. ദൂരെ നിന്നും ഒരു തീവണ്ടി വരുന്നത് കണാമായിരുന്നു. അത് കണ്ടതോടെ അയാൾ നടത്തത്തിന് വേഗം കൂട്ടി , താനും അയാളും തമ്മിലുള്ള ദൂരം വർദ്ധിക്കാൻ തുടങ്ങി. ഇപ്പോൾ ഇരുവരും റെയിൽപ്പാളത്തിന് സമാന്തരമായി സഞ്ചരിക്കുകയാണ്. ട്രെയിൻ തങ്ങൾക്ക് നേരേ പാഞ്ഞ് വരുന്നുണ്ട്. കാതടപ്പിക്കുന്ന ഇരമ്പലോടെ തീവണ്ടി അരികിലൂടെ പിന്നിലേക്ക് കുതിച്ച് പാഞ്ഞു. അയാളുടെ കാലുകൾ പെട്ടെന്ന് നിശ്ചലമായി. അടുത്ത നിമിഷത്തിൽ അയാൾ പിന്തിരിഞ്ഞ് തനിക്ക് നേരേ ഓടാൻ തുടങ്ങി. അയാളുടെ ഭ്രാന്തമായ വേഗം കണ്ട്   താൻ സ്തബ്ധനായി നിന്നുപോയി. ട്രെയിനൊപ്പം ഓടിയ അയാൾ ഒറ്റ നിമിഷം കൊണ്ട് ആ ട്രെയിൻറെ വാതിൽപടിയിലേക്ക് അനായാസം ചാടിക്കയറി.

 

                വാതിൽപ്പടിയിൽ ചമ്രം പടിഞ്ഞിരുന്ന അയാളുടെ മുഷ്ടി ചുരുട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നു. അയാൾ ചാടിക്കയറിയ ബോഗി തനിക്ക്  അരികിലൂടെ കടന്നുപോയി. അയാളുടെ മുഖത്തേക്ക് നോക്കിയ തനിക്ക്  ബോധക്ഷയം വരുന്നത് പോലെ തോന്നി. അയാളുടെ മുഖത്ത് മുഴുവൻ ഭസ്മം പൂശിയിരിക്കുന്നു. നെറ്റിയുടെ മദ്ധ്യത്തിൽ വലിയെ ചുവന്ന പൊട്ട്. അയാൾ തനിക്ക് നേർക്ക് കൈവീശിയെറിഞ്ഞു. മൂക്കിലേക്ക് ശവം കത്തിയ ഗന്ധം തുളഞ്ഞ് കയറുന്നതാണ് ബോധത്തിൻറെ അവസാന സെക്കൻറിൽ താൻ അറിഞ്ഞത്. റെയിൽവേ ട്രാക്കിനരികിലേക്ക് കുറ്റിക്കാട്ടിലേക്ക് വീണുപോയി.

 

                    കണ്ണുകൾ തുറന്ന് പിടിക്കാൻ താൻ ഒരു വിഫലശ്രമം നടത്തി. കൺപോളകളുടെ ഭാരം തന്നെ കീഴപ്പെടുത്തിക്കളഞ്ഞു. കണ്ണുകളിലേക്ക് രക്തം പ്രവഹിക്കുന്നതു പോലെയാണ് അപ്പോൾ തോന്നിയത്. കണ്ണുകളടഞ്ഞപ്പോൾ ചോരച്ചുവപ്പാണ് കണ്ടത്. 

 

    ജയരാമൻ ദീർഘനിശ്വാസമെടുത്തു. റെയിൽവേ ട്രാക്കിനരികിൽ ആ രാത്രി മുഴുവനും താൻ ബോധമില്ലാതെ കിടന്നു. പക്ഷേ ആ അബോധാവസ്ഥയിൽ തൻറെ മനസിലെ വലിയൊരു ആകുലതക്ക് പരിഹാരം കിട്ടിയതിൻറെ ആശ്വാസമുണ്ടായിരുന്നു ജയരാമന്. അഘോരിയുടെ മുന്നിൽ നിന്നും പാറ്റ്ന എറണാകുളം തീവണ്ടിയിലെത്തിയ വരെയുള്ള കഥ ഒരു സ്വപനമായി കാണാൻ കഴിഞ്ഞത് ആ അർധബോധാവസ്ഥയിലായിരുന്നു. 

 

         ശരിക്കും ഒരു ഫിക്ഷൻ സിനിമപോലെയാണിപ്പോൾ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങളും. ഒരുപാടുപേരുടെ ഒരുപാട് ചോദ്യങ്ങൾ,  ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് ചുറ്റിനുമധികവും. രക്താംഗിതൻറെ കഥയെഴുതാനുള്ള എൻറെ തീരുമാനത്തിൻറെ പേരിൽ നന്നായി പിണങ്ങിയാണ് അച്ചായനും പിള്ളേച്ചനും ഉമ്മറും പോയത്. അവർക്കറിയില്ലല്ലോ ജയരാമന് ഈ കഥ എഴുതാതിരിക്കാനാവില്ലെന്ന്. സാരമില്ല എത്ര പിണങ്ങിയാലും അവർ വീണ്ടും വരും, അത്രമാത്രം ആഴമുണ്ട് തങ്ങളുടെ സൌഹൃദത്തിന്.  തൻറെ എഴുത്തിനെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത്  അവർ മൂന്നുപേരും തന്നെയാണ്. ഇപ്പോൾ ഈ കഥ എഴുതുന്നതിൽ നിന്ന് തടയുന്നതും തന്നെയോർത്തുള്ള ഭയം കൊണ്ടാണ്. പക്ഷേ.......

 

            ആ പക്ഷേ , അതാണ് ജയരാമനെ ഏറ്റവുമധികം അലട്ടിയത്. കഥ എഴുതാനിരിക്കുമ്പോ, ജയരാമൻറെ വിരൽ തുമ്പിലേക്ക്  ഏറ്റവുമധികം വന്ന വാക്കായിരുന്നു "പക്ഷേ". ആ പെട്ടിയിലെ തുണ്ട് കടലാസുകളിൽ നിന്നും വായിച്ച കഥ അതേ പടി പകർത്തിയെഴുതാനാകുമായിരുന്നില്ല. കാരണം ജയരാമനെന്ന എഴുത്തുകാരന് തീരെ പരിചിതമല്ലാത്ത കാലഘട്ടവും കഥാസന്ദർഭങ്ങളുമായിരുന്നു അതിലുണ്ടായിരുന്നത്. 

 

        രക്താംഗിതൻറെ കഥ എഴുതാനുള്ള ഉറച്ച തീരുമാനമെടുത്ത ശേഷം ഉറക്കത്തെ ഭീകരാനുഭവങ്ങളാക്കി മാറ്റിക്കൊണ്ടിരുന്ന ദുസ്വപ്നങ്ങൾ ഇല്ലാതായതിൽ ജയരാമന് ആശ്വാസം തോന്നി. മനസ് ശൂന്യമായിരുന്നു എഴുതാനിരിക്കുമ്പോൾ പക്ഷേ ആദ്യവരി എഴുതിക്കഴിഞ്ഞപ്പോൾ പിന്നെ ഉള്ളിലിരുന്നാരോ വഴികാട്ടുകയായിരുന്നു, കഥയിലേക്കും കഥാപാത്രങ്ങളിലേക്കും. ഒന്നിനുവേണ്ടിയും ആലോചിച്ചിരിക്കാതെ ആദ്യ അദ്ധ്യായം പൂർത്തിയാക്കിയത് അത്ര വേഗത്തിലായിരുന്നു. ജയരാമനെന്ന എഴുത്തുകാരൻറെ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു ഇത്ര വേഗത്തിൽ ഒരു കഥയുടെ ഒരു അദ്ധ്യായം പൂർത്തിയാക്കുന്നത്. 

 

        നാഗസന്ന്യാസിയും അഘോരിയും പറഞ്ഞതും, പിന്നെ ആ തടിപ്പെട്ടിയിലെ ദ്രവിച്ച കടലാസുകളിൽ വായിച്ചതുമൊക്കെ കൂട്ടിയിണക്കി എവുതിയതായിരുന്നു. രക്താംഗിതൻ നോവലിൻറെ ആദ്യ അദ്ധ്യായം.

             അമ്മ ചായ തന്നിട്ട് അമ്പലത്തിലേക്ക് പോയതാണ്. വരാൻ താമസിക്കും.  വന്നിട്ട് അമ്മയോടൊപ്പം ഒരു പെണ്ണുകാണാൻ പോകേണ്ടതുണ്ട്, അതിനുമുൻപ് എഴുതിയ ആദ്യ അദ്ധ്യായം ഒരിക്കൽ കൂടി വായിക്കണം. ജയരാമൻ മുൻവാതിലടച്ച്  തൻറെ എഴുത്തുമുറിയിലേക്ക് കയറി. ജയരാമന് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു ആ മുറി. തൻറെ ഇഷ്ടത്തിനനുസരിച്ച് ആർക്കിടെക്ടായ സുഹൃത്ത് പിള്ളേച്ചൻ പണിത് തന്ന വീടാണ്. ആത്മമിത്രമായത് കൊണ്ട് തന്നെ ഈ എഴുത്തുമുറിയൊക്കെ തൻറെ മനസിലുണ്ടായിരുന്നത് പോലെ തന്നെ ഡിസൈൻ ചെയ്ത് തന്നു പിള്ളേച്ചൻ.  ചെറിയ നെൽപാടത്തിലേക്ക് തുറക്കുന്ന വലിയ ജനാലകൾ. മറുവശത്ത് തയ്യാറാക്കിയ ഷെൽഫുകളിൽ തൻറെ പ്രിയപ്പെട്ട പുസ്തകങ്ങൾ. ജയരാമനെഴുതിയ പുസ്തകങ്ങൾ മാത്രമായി പ്രത്യേകമൊരു ഷെൽഫിൽ വച്ചിരിക്കുന്നു. മറ്റൊരു ഭിത്തിയിലെ ഗ്ലാസ് ഷെൽഫിൽ ജയരാമന് ലഭിച്ച പുരസ്കാരങ്ങളും സുഹൃത്തുക്കളുമൊന്നിച്ചുള്ള യാത്രകളുടെ മനോഹര ചിത്രങ്ങളും. ജയരാമൻറെ എല്ലാ കഥകളും പിറവിയെടുത്തത് ആ മുറിയിൽ നിന്നായിരുന്നു. ഏറ്റവുമൊടുവിൽ പ്രസിദ്ധീകരിച്ചത് "കൌണ്ട് ഡൌൺ" എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരുന്നു. അതിൻറെ അവസാന അദ്ധ്യായം പൂർത്തിയാക്കി അച്ചടിക്കാൻ അയച്ചുകൊടുത്തിട്ടായിരുന്നു യാത്ര പുറപ്പെട്ടത്. പുസ്തക പ്രസാധനം നാളെയാണ്, മനോഹരമായ പുറം ചട്ടയോടെ പ്രിൻറ് ചെയ്ത കൌണ്ട് ഡൌണിൻറെ ഒരു കോപ്പി മേശപ്പുറത്തിരിപ്പുണ്ടായിരുന്നു. പക്ഷേ ജയരാമൻ ഇതുവരെ അതൊന്ന് തുറന്ന് നോക്കിയത് പോലുമില്ല. മനസിൽ രക്താംഗിതൻ മാത്രമായിരുന്നു. 

         പുസ്തകം എടുത്ത് മേശപ്പുറത്ത് വച്ചിട്ട് ജയരാമൻ എഴുതുപ്പൂർത്തിയാക്കിയ രക്താംഗിതൻറെ ആദ്യ അദ്ധ്യായം എടുത്ത്  തൻറെ ഈസി ചെയർ ജനലരികിലേക്ക് നീക്കി വച്ച് അവിടെയിരുന്നു. 

       കഴിഞ്ഞ കുറേക്കാലമായി താൻ കഥകളുണ്ടാക്കുകയായിരുന്നു, വായനക്കാരെ ത്രില്ലടിപ്പിക്കാനും ഭയപ്പെടുത്താനുമൊക്കെയായി. പക്ഷേ രക്താംഗിതൻ സംഭവിക്കുകയായിരുന്നു, അതിലേക്ക് തന്നെ വലിച്ചിടുകയായിരുന്നു. ഇവിടെ ജയരാമനെന്ന എഴുത്തുകാരൻ ഒന്നും എഴുതുകയല്ല , ആരോ എവിടെയോ ഇരുന്ന് പറയുന്നത് പകർത്തിയെഴുതുന്ന പോലെയാണ്. ജയരാമൻ പതിയെ പുറം ചട്ട മറിച്ചു. 

                                                  "   ര ക്താം ഗി ത ൻ "

           ജയരാമൻറെ ഫോൺ റിംഗ് ചെയ്തു. ചാർജ്ജ് ചെയ്യാനായി വച്ചിരിക്കുകയായിരുന്നു ഫോൺ. ജയരാമൻ കഥ മേശപ്പുറത്തേക്ക് വച്ച് ഫോൺ എടുത്തു. അത് ഡോക്ടർ റിഷിയായിരുന്നു. ജയരാമൻറെ സുഹൃത്തും സൈക്യാട്രിസ്റ്റുമാണ് റിഷി. നാട്ടിൽ വന്നത് മുതൽ ജയരാമൻ നിരവധി തവണ ശ്രമിച്ചതാണ് റിഷിയെ ഒന്ന് കോൺടാക്ട് ചെയ്യാൻ, പക്ഷേ വിളിക്കുമ്പോഴൊക്കെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇപ്പോൾ തിരിച്ചു വിളിക്കുകയാണ്. ജയരാമൻ കോൾ അറ്റൻഡ് ചെയ്തു.

 

              " അളിയാ സോറി, നീ തെറി പറയരുത്, എനിക്കൊരു മുട്ടൻ പണി കിട്ടി. അതുകാരണം രണ്ട് ദിവസമായി ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു." ക്ഷമാപണത്തോടെയായിരുന്നു ഡോ.റിഷി തുടങ്ങിയത്. " നിനക്ക് അപകടം പറ്റിയ വാർത്ത പത്രത്തിൽ വായിച്ചു. ടാ എന്തേലും സീരിയസ് പരിക്ക് വല്ലതുമുണ്ടോ? ഒന്നുമില്ലെന്ന് പത്രക്കാരെഴുതിയത് വായിച്ചെങ്കിലും ഒരു സമാധാനമില്ല. ഞാൻ വൈകിട്ടങ്ങോട്ടിറങ്ങാം" . ജയരാമന് സംസാരിക്കാൻ അവസരം കൊടുക്കാതെ റിഷി സംസാരിക്കുകയായിരുന്നു.

     " നീയിങ്ങോട്ട് വരണ്ട, ഞാൻ നിന്നെക്കാണാൻ അങ്ങോട്ട് വരുന്നുണ്ട് , നിൻറെ ഹോസ്പിറ്റലിൽ, ഒരു കൺസൽറ്റേഷന്" ജയരാമൻ അത് പറഞ്ഞപ്പോൾ പൊട്ടിച്ചിരിയായിരുന്നു റിഷിയുടെ ആദ്യ പ്രതികരണം. "അളിയാ ഞാനൊരു വട്ടിൻറെ ഡോക്ടറാണ്. എന്നെ സാധാരണ വട്ടന്മാരാ കൂടുതലും കാണാൻ വരുന്നത്. നീയാണേൽ കല്ല്യാണം കഴിച്ചിട്ടു പോലുമില്ല. ഒരു മാനസികരോഗാശുപത്രിയിൽ വന്ന് പോയി എന്നറിഞ്ഞാൽ മതി കല്ല്യാണം ഇ ജന്മത്ത് നടക്കാതിരിക്കാൻ" റിഷി വളരെ തമാശയായാണ് പ്രതികരിച്ചതെങ്കിലും ജയരാമൻ അത് സീരിയസായി തന്നെയാണ് പറഞ്ഞതെന്ന് റിഷിക്ക് വേഗം മനസിലായി കാരണം തൻറെ കളിയാക്കലുകളെ നാവടപ്പിക്കുന്ന കൌണ്ടറുകൾ കൊണ്ട് നേരിടുന്ന ജയരാമൻറെ ഊർജ്ജം നഷ്ടപ്പെട്ടിരിക്കുന്നത് ഡോക്ടർ വേഗം തിരിച്ചറിഞ്ഞു.

    "എന്താടാ പ്രശ്നം. നിന്നെയെന്തോ സീരിയസായ പ്രശ്നം ഉലയ്ക്കുന്നണ്ടല്ലോ?"റിഷി അൽപം സീരിയസായി.

 "അതിനല്ലേ അങ്ങോട്ട് വരാമെന്ന് പറഞ്ഞത്. നീ ഉച്ചക്ക് ശേഷം ഹോസ്പിറ്റലിൽ ഉണ്ടാകില്ലേ? എനിക്ക് രാവിലെ അമ്മയുടെ കൂടെ ഒരു പെണ്ണുകാണലുണ്ട്, അതു കഴിഞ്ഞ് അമ്മയെ വീട്ടിലാക്കിയിട്ട് ഞാനങ്ങോട്ട് വരാം "

      ജയരാമൻറെ മറുപടി കേട്ട് റിഷി ചിരിച്ചുപോയി. " പെണ്ണുകാണാൻ പോയിട്ട് നേരേ വരാൻ പറ്റിയ  സ്ഥലം, അളിയാ നിന്നെ സമ്മതിച്ചു. എന്തായാലും പോരെ , ഞാനിവിടെ കാണും" ജയരാമനെ ഒന്ന് കൂളാക്കാൻ വേണ്ടിയാണ് അത് പറഞ്ഞത് പക്ഷേ ഒന്നും പറയാതെ ജയരാമൻ ഫോൺ വച്ചു. ജയരാമനെ എന്തോ വലിയ പ്രശ്നം വേട്ടയാടുന്നുണ്ടെന്ന് ഡോക്ടർ റിഷി ക്ക് ബോദ്ധ്യമായി.

    ക്ഷേത്രത്തിൽ നിന്നും പ്രസാദവുമായി ജയരാമൻറെ അമ്മ കല്ല്യാണിയമ്മ പുറത്തേക്കിറങ്ങിയപ്പോൾ ആൽത്തറയിൽ ഒരു സ്വാമിയിരിക്കുന്നത് കണ്ടു. മുൻപെങ്ങും അങ്ങനെയൊരാളെ അവിടെ കണ്ടിട്ടില്ലായിരുന്നു. ക്ഷേത്രമുറ്റത്ത് പൂജാസാധനങ്ങൾ വിൽക്കുന്ന ദിവാകരേട്ടൻ ആ സ്വാമിക്കരികിൽ നിന്നും മടങ്ങി വരുന്നത് കണ്ടപ്പോൾ  കല്ല്യാണിയമ്മ ദിവാകരൻറെ കടയിലേക്ക് ചെന്നു. 

          "ആരാ ദിവാകരേട്ടാ ആൽത്തറയിലൊരു സ്വാമി? , മുൻപെങ്ങും കണ്ടിട്ടില്ലല്ലോ"

      "ആളൊരു സിദ്ധനാ, ഇന്നലെയിവിടെ വന്ന് കൂടിയതാ. ഹിമാലയത്തിൽ നിന്ന് വന്നതാണത്രേ... അദ്ദേഹത്തിന് നമ്മുടെ മലയാളം നല്ലപോലെയറിയാം, മലയാളം മാത്രമല്ല ഹിന്ദിയും സംസ്കൃതവുമൊക്കെ പച്ചവെള്ളം പോലെയല്ലേ സംസാരിക്കുന്നത്. രാവിലെ നമ്മൂടെ മേൽശാന്തിയോട് എന്തൊക്കെയോ സംസ്കൃത ശ്ലോകങ്ങൾ പറയുന്നത് കേട്ടു. വലിയ പണ്ഡിതനാണെന്ന മേൽശാന്തിയും പറയുന്നത്. ജ്യോൽസ്യത്തിലും നല്ല പ്രാവീണ്യമുണ്ട്. എൻറെ കാര്യങ്ങളൊക്കെ എത്ര കൃത്യമായാണ് പറഞ്ഞതെന്നറിയാമോ?" ദിവാകരേട്ടൻ ആ സ്വാമിയെക്കുറിച്ച് പറഞ്ഞപ്പോൾ വാചാലനായി. എന്തായാലും ആ സ്വാമിയെ കണ്ട് അനുഗ്രഹം വാങ്ങിക്കണമെന്ന് കല്ല്യാണിയമ്മക്ക് തോന്നി, ജയരാമനെ കുറിച്ച് കൂടി ചോദിക്കാം. എത്രയായി പെണ്ണുകാണൽ തുടങ്ങിയിട്ട് ഒന്നുമങ്ങ് ഒത്തുവരുന്നുമില്ല. ഇങ്ങനെയൊക്കെ ചിന്തിച്ച് കല്ല്യാണിയമ്മ ആൽത്തറയിലെത്തി. സ്വാമിക്ക് നല്ല പ്രായമുണ്ട്. മുഖം മുഴുവൻ ഭസ്മം പൂശിയിരിക്കുന്നു. നെറ്റിയുടെ മദ്ധ്യത്തിൽ വലിയ കുങ്കുമപ്പൊട്ട്. ജടപിടിച്ച മുടി ഉയർത്തിക്കെട്ടി രുദ്രാക്ഷം ചുറ്റിയിരിക്കുന്നു. അരയിൽ ചുവന്ന പട്ട് ചുറ്റിയിട്ടുണ്ട്. കണ്ണുകൾക്ക് വല്ലാത്ത തിളക്കം. അയാൾക്ക് പിന്നിൽ ആലിൻറെ ചില്ലയിൽ കൂർത്ത് നീണ്ട ചുണ്ടുകളും കനൽക്കട്ട പോലെ തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു പരുന്ത് ചിറക് വിരിച്ചിരിക്കുന്നുണ്ടായിരുന്നു.

     കല്ല്യാണിയമ്മ അൽപനേരം സ്വാമിയെ നോക്കി നിന്നുപോയി. "പുത്രനെയോർത്ത് ആകുലപ്പെടുന്നൊരമ്മ, പക്ഷേ അമ്മയുടെ ആകുലതകൾ അത്രവേഗമൊന്നും അവസാനിക്കില്ലല്ലോ, പരീക്ഷകളൊരുപാട് ബാക്കിയാണ്. ആ പരീക്ഷകളിലൊക്കെ മകൻ ജയിക്കുവാൻ പ്രർത്ഥിച്ചോളു. രാക്ഷസ്സരാജാവായ രാവണനെത്തോൽപ്പിച്ച് ജയിച്ചു സാക്ഷാൽ ശ്രീരാമൻ. ജയരാമനും ജയിക്കാൻ കഴിയട്ടെ , കാരണം പരാജയം മരണമാണ്. അനിവാര്യമായ മരണം, അതിനെത്തോൽപിച്ച് വരാൻ അവനാകില്ല, എങ്കിലും അമ്മ ശ്രമിച്ചോളു പ്രാർത്ഥനകൊണ്ട് ജയിക്കാൻ" അത്രയും പറഞ്ഞ് സ്വാമി കണ്ണുകളടച്ച് ധ്യാനനിമഗ്നനായി. കല്ല്യാണിയമ്മ ഷോക്കടിച്ചത് പോലെ നിന്നു പോയി. എന്തുവേണമെന്നറിയാതെ അൽപനേരം നിന്ന കല്ല്യാണിയമ്മ വീട്ടിലേക്കുള്ള വഴിയേ നടന്നു. അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

           വീട്ടിലേക്കുള്ള വഴിക്ക് പതിവില്ലാത്ത ദൈർഘ്യം കല്ല്യാണിയമ്മക്ക് അനുഭവപ്പെട്ടു. കാലുകൾ കുഴയുന്ന പോലെ. പെട്ടെന്ന് തൻറെ പിന്നിലൊരു വല്ലാത്ത മുരൾച്ച കേട്ട് കല്ല്യാണിയമ്മ തിരിഞ്ഞ് നോക്കി. പക്ഷേ അവിടെയൊന്നുമില്ലായിരുന്നു. കല്ല്യാണിയമ്മ തിരിഞ്ഞു. പെട്ടെന്ന് തൻറെ മുഖത്തിന് തൊട്ടുമുന്നിലൊരു കാലൻകാക്കയെ കണ്ട് ഭയന്ന് പിന്നോട്ട് വീണുപോയി കല്ല്യാണിയമ്മ. ആ കാക്ക വല്ലാത്തരീതിയിൽ കരഞ്ഞ് ശബ്ദമുണ്ടാക്കി അവർക്കു ചുറ്റും വട്ടമിട്ടുപറന്നു. ആ ശബ്ഗം കേട്ട് എവിടെ നിന്നൊക്കെയോ ഒരു പാട് കാലൻ കാക്കകൾ പറന്നുവന്നു. അവയുടെ കൂട്ടക്കരച്ചിലിൻറെ ശബ്ദം സഹിക്കാനാകാതെ കല്ല്യാണിയമ്മ കാതുകൾ പൊത്തിപ്പിടിച്ചു. കാക്കകൾ കൂട്ടത്തോടെ കല്ല്യാണിയമ്മയെ കൊത്തിപ്പറിക്കാനായി അവർക്ക് നേരേ വന്നു.

 

തുടരും...