Aksharathalukal

കറുമ്പി 3

കറുമ്പി 🖤




ഭാഗം - 3






        ഇനി ഞാൻ കാത്തുവിന്റെ ഭാഗത്തു നിന്നും കഥ പറയാം.......... 


             നാട്ടിൽ തറവാട്ടിൽ ഇപ്പോൾ അച്ഛമ്മയും ചെറിയച്ഛനും ചിറ്റയും പിന്നെ അവരുടെ ഒരേയൊരു മകൾ അനുപമ എന്ന അനു...ഇത്രയും ആൾക്കാർ ആണ് ഉള്ളത്.... 

                    ഞങ്ങൾ അവിടെ ചെല്ലുമ്പോൾ അച്ഛമ്മ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു..... 

  "അല്ല ഇതാരൊക്കെയാ, വഴിതെറ്റി വന്നതാണോ? "  അച്ഛമ്മ ചോദിച്ചു. 


"എന്റെ അമ്മേ ഓടിപിടിച്ചൊക്കെ ഇങ്ങോട്ട് വരാൻ പറ്റോ? ഹോസ്പിറ്റലിൽ തിരക്ക് കൂടുതൽ അല്ലെ? "അച്ഛൻ പറഞ്ഞു. 


"എം..... എന്നും തിരക്കും ബഹളവും, അല്ല ഞങ്ങളെ പറഞ്ഞാൽ മതിയല്ലോ, മക്കളെ ഒരുപാട് പഠിപ്പിക്കാതിരുന്നാൽ മതിയായിരുന്നു.... ഡോക്ടർ ആയതോണ്ട് അല്ലെ നീ പോയത്.... വല്ല കൂലിപ്പണിയൊക്കെ ആയിരുന്നേൽ ഇവിടെ തന്നെ കണ്ടെന്നേ "അച്ഛമ്മ പരിഭവം പറഞ്ഞു.. 

"അല്ല അമ്മേ വന്നവരെ ഉമ്മറത്തു തന്നെ നിർത്തുവാണോ അകത്തേക്ക് കയറി ഇരിക്കൂ..... യാത്ര ചെയ്തു ക്ഷീണിച്ചിട്ടുണ്ടാവും...... കാത്തു മോളെ കണ്ടിട്ട് എത്ര നാളായി...... മിടുക്കി കുട്ടി ആയല്ലോ "രാധ ചിറ്റയാണ്. 


"എവിടെ എന്റെ കുട്ടികൾ, "അച്ചമ്മ ചോദിച്ചപ്പോൾ ഞാനും ചേട്ടനും മുന്നിൽ കയറി നിന്നു... 



"വലിയ കുട്ടികൾ ആയി..... സിദ്ധുമോൻ വലിയ മാറ്റം ഒന്നുമില്ല... കാത്തു ഒരുപാട് വലുതായി, അതിനെങ്ങനെയാ ഇവർ വന്നാലും മോൾ കൂടെ വരില്ലല്ലോ? അച്ഛമ്മയെ കാണണം എന്ന് ആഗ്രഹം ഇല്ലല്ലോ? അഞ്ചോ പത്തോ വയസ്സുള്ളപ്പോൾ വന്നതാ പിന്നെ ഇപ്പോഴാ ഇവൾ വരുന്നേ അല്ലെ ശേഖരാ? "അച്ഛമ്മ ചോദിച്ചു... 


"അതുപിന്നെ അവൾക്കു മൈഗ്രൈൻ ഉള്ളത് കൊണ്ട് യാത്ര ചെയ്യാൻ കഴിയാഞ്ഞത് കൊണ്ട് ഞങ്ങൾ കൊണ്ടുവരാതിരുന്നതാണ്, "അച്ഛൻ എന്നെ രക്ഷിച്ചു..... ഞാൻ അച്ഛനെ നന്ദിയോടെ നോക്കി.... 

      അകത്തു കയറിയപ്പോൾ ഒരു മാറ്റവും ഇല്ല.... പഴയ ആ നാലുകെട്ട് തന്നെ കുറച്ചു മോഡിഫയ് ചെയ്തട്ടുണ്ട്..... 


"എല്ലാവരും വായോ ഭക്ഷണം കഴിക്കാം "ചിറ്റ വിളിച്ചു... 


"അനു എന്തിയേ രാധേ "അമ്മ ചോദിച്ചു. 


"അവൾ കോളേജിൽ പോയി ചേച്ചി.... ഇപ്പോൾ തേർഡ് ഇയർ ആയി..... കാത്തു കുട്ടനെന്താ മിണ്ടാതെ ഇരിക്കുന്നെ, ഫോൺ ചെയ്താൽ വായ്ക്ക് റസ്റ്റ്‌ കൊടുക്കാത്ത ആൾക് എന്തുപറ്റി? "ചിറ്റ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു... 


"അവൾക്കു സ്റ്റാർട്ടിങ് ട്രോപ്ബ്ലാ, കുറച്ചു കഴിഞ്ഞാൽ മാറും അല്ലെ കാത്തു "അച്ഛൻ ചോദിച്ചു.. 

          ഞാൻ പതിയെ ചിരിച്ചു കാണിച്ചു. 

"കുറച്ചു കഴിഞ്ഞാൽ, ഇതെന്താ നിർത്താതെ എന്ന് ചിന്തിക്കും ചിറ്റ "സിദ്ധു ആണ്, ഞാൻ" അയ്യ "എന്ന് വായ കൊണ്ട് കാണിച്ചു... 

            ഭക്ഷണം കഴിച്ചു കഴിഞ്ഞു, ഞാൻ ഒന്ന് കിടന്നു...... കിടന്നിട്ടും ഉറക്കം വന്നില്ല.... മട്ടുപ്പാവിൽ ചാരുപടിയിൽ ചെന്നിരുന്നു.... അവിടെയിരുന്നാൽ പാടവും കുളപ്പടവും പാടത്തിനക്കരെ അമ്പലവും എല്ലാം കാണാം.... അതെല്ലാം നോക്കി അവിടെ ഇരുന്നു.... 


               ഇവിടെ നേരത്തെ വരേണ്ടാതായിരുന്നു.... പക്ഷേ നിച്ചുനെ മിസ്സ്‌ ചെയുന്നുണ്ട്.... ഫോൺ ചെയ്താലോ.... ഇപ്പോൾ വേണ്ട... ഡോക്ടറുടെ പിന്നാലെ റൗണ്ടിസിന് ഇറങ്ങിയിട്ടുണ്ടാവും... 

         ഓരോന്ന് ഓർത്തുകൊണ്ട് ഇരുന്നപ്പോൾ ആരോ പുറകിൽ നിന്നെന്റെ കണ്ണുപൊത്തി..... ആദ്യം ഒന്ന് പേടിച്ചെങ്കിലും പിന്നെ ആളെ മനസിലായി... 

"മോളെ അനു കുനു എനിക്ക് ആളെ മനസിലായി കേട്ടോ "

"ഹമ്. ഹമ്.. എങ്ങനെ മനസിലായെ ഞാൻ കോലുസോക്കെ അനക്കാതെ വന്നാണല്ലോ, പിന്നെങ്ങനെ "അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു.. 

    "ഇവിടെ ഇങ്ങനത്തെ പരിപാടിയൊക്കെ ചെയ്യാൻ നീയല്ലാതെ വേറെയാരാ, "ഞാൻ പറഞ്ഞപ്പോൾ അവൾ ഒരു ചമ്മിയ ചിരി ചിരിച്ചു.. 

"എവിടെ ബാക്കിയുള്ള ആള്, വല്യമ്മയെയും വല്യച്ചനെയും താഴെ കണ്ടു.... കല്യാണച്ചെക്കൻ എവിടെ...? "

"ഞാൻ ഇവിടെ ഉണ്ടെടി കാന്താരി..... ഒന്ന് മയങ്ങാമെന്നു വിചാരിച്ചപ്പോൾ രണ്ടും കൂടി ഓൺ ചെയ്തില്ലേ മൈക്ക്സെറ്റ് "സിദ്ധു ഉറക്കം മുറിച്ചു ഇറങ്ങി വന്നു, എനിക്കരുകിൽ ഇരുന്നു.. 


"എന്നാലും ഏട്ടാ....... ഇവിടെ വന്നു എങ്ങനെ ചിന്നു ചേച്ചീനെ വളച്ചെടുത്തു. പുള്ളിക്കാരി പറയല്ലേ എനിക്ക് സിധുവെട്ടനെ തന്നെ മതിയെന്ന്..... ഒരു ചെക്കന്മാരുടെയും വലയിൽ വീഴാത്ത ആളിനെയാണ് വെറും രണ്ടാഴ്ച കൊണ്ട് ശരിയാക്കിയെടുത്തത്, നമിച്ചു ചേട്ടാ.... "അവൾ കൈ കൂപ്പി കൊണ്ട് പറഞ്ഞു.... 

          സിദ്ധു ഒരു കള്ള ചിരിയോടെ ഇരിക്കുന്നുണ്ട്... ആദ്യമായി അവൻ ഇഷ്ടപെടുന്ന പെണ്ണൊന്നുമല്ല ഭാമേച്ചി, പക്ഷേ അപ്പോഴൊന്നും ഏട്ടന്റെ മുഖം ഇത്രയും തിളക്കമോ, ഇതുപോലെ ഭാവങ്ങളോ ഉണ്ടായിരുന്നില്ല..... ഇതായിരിക്കുമോ സ്വന്തം ഇണയെ കണ്ടെത്തുമ്പോൾ ഉള്ള വ്യത്യാസം.... ഞാൻ ആലോചിച്ചു.... 

"പറയ്, സിദ്ധുവേട്ടാ..... ഞാനും ഒന്ന് പരീക്ഷിച്ചു നോക്കട്ടെ....  "

"അങ്ങനെ ഒന്നും ഇല്ലടി, അവളെ കണ്ടപ്പോൾ തന്നെ തോന്നി ഇത് എനിക്കുള്ളതാണെന്ന് അപ്പോൾ പോയി പറഞ്ഞു.... അത്ര തന്നെ. എനിക്കായ് പിറന്നവൾ ആയതുകൊണ്ട് അവൾക്കും തോന്നിയിട്ടുണ്ടാവും. "സിദ്ധു പറഞ്ഞുകൊണ്ട് അവിടന്ന് എഴുന്നേറ്റു.... 


           ഞാനും അവളും  പരസ്പരം നോക്കി..... പിന്നെ തടിക്ക് കൈയും കൊടുത്തിരുന്നു..... 

അന്ന് വൈകുന്നേരം ഞങ്ങൾ അവളുടെ അമ്മാവന്റെ വീട്ടിൽ പോയി ഭാമേച്ചിയേ കാണാൻ. 


           എന്നെ മാത്രമേ അവരൊക്കെ കാണാത്തത് ഒള്ളു.. അതുകൊണ്ട് എനിക്കൊരു ചടപ്പ് ഉണ്ടായിരുന്നു... സിദ്ധു കുറച്ചു സീരിയസ് ആയി നില്പുണ്ട്... അമ്മയച്ഛനും അമ്മായമ്മക്കും മതിപ് തോന്നാൻ ആയിരിക്കും... അനു പിന്നെ സ്വന്തം വീടുപോലെ ഓടി കയറി പോയി.... 

             ഞാൻ കുറെ നേരം അച്ഛന്റെയും രാമൻ അങ്കിളിന്റെയും കത്തി കേട്ടിരുന്നു... രവി അങ്കിളിനെ പോലെ അല്ല രവി അങ്കിൾ കുറച്ചു കൂടി ഫ്രണ്ട്‌ലി ആണ്.... ഇത് ആളൊരു പാവം ആണ് പക്ഷേ...... എന്തോ ഒരു അകൽച്ച ഫീൽ ചെയ്തു... 

"മോളെ മുഷിയുന്നുണ്ടോ? ഞങ്ങൾ കുറെ കഴിഞ്ഞ് കണ്ടതുകൊണ്ട് സംസാരിച്ചിരുന്നെന്നെ ഒള്ളു കേട്ടോ, അനു മോളെ...... "അനു അങ്കിളിന്റെ വിളി കേട്ടപ്പോഴേ ഹാജർ. 

"നീ ഈ കുട്ടിയെ ഇവിടെ ഒറ്റക്ക് ആക്കിയോ, വന്നാൽ അവൾ കാശിയുടെ മുറിയിലാ അവിടെയാ കമ്പ്യൂട്ടർ വച്ചിരിക്കുന്നതേ ഇവൾക്ക് അതിലാ പണി മുഴുവൻ. നീ ഇതിനെയും കൊണ്ട് പോ "അങ്കിൾ പറഞ്ഞപ്പോൾ അനു എന്നെ നോക്കി.. കൈ കാണിച്ചു വിളിച്ചു.. 

        ഞാൻ അവളുടെ കൂടെ പോയി..... ഞങ്ങളുടെ തറവാട് പോലെ തന്നെ..... നാലുകെട്ട് പക്ഷേ അവിടെത്തെക്കാളും വലുതാണ്, പോരാത്തേന്ന് കുറച്ചു കൂടി മോഡേൺ ആണ്.... തടിപ്പണിയാണ് എല്ലാം.... പഴയ മോഡൽ സ്റ്റെയർ ആണെങ്കിലും പോളിഷ് ചെയ്തു മിനുക്കിയിട്ടുണ്ട്.... ഞാൻ ചുറ്റും നോക്കി നടന്നു... 

"ചേച്ചിക്ക് വീട് മുഴുവനും ചുറ്റി കാണണോ? വാ ഞാൻ കാണിച്ചു തരാം. "അതും പറഞ്ഞു. അവൾ എന്റെ കൈയിൽ പിടിച്ചു കൊണ്ട് നടക്കാൻ തുടങ്ങി. 

           ഞങ്ങൾ ഇരുന്ന ലിവിങ് റൂമിൽ  നിന്ന്  ഒരു ഇടനാഴിയിലൂടെ മുന്നോട്ടു കടന്നു അപ്പോ ഒരു നടുമുറ്റവും അവിടന്ന് സൈഡിൽ സ്റ്റെയർ കാണാം. പിന്നെ ആ ഇടനാഴിയുടെ അവസാനം ഒരു വലിയ ഇറയം ആണ് അതിന്റെ ഒരു സൈഡിൽ ഡൈനിങ് ഏരിയ മറുസൈഡിൽ  രണ്ടു ബെഡ്‌റൂം അതിനിടയിൽ ഒരു പൂജ റൂം. ഡൈനിങ് ഏരിയയിൽ നിന്നും നേരെ അടുക്കള.. 

     അനു എന്നെ അടുക്കളയിലോട്ട് കൊണ്ട് പോയി. അവിടെ അമ്മ അവിടെ മാലിനി ആന്റിയുമായി കത്തി അടിക്കുന്നു. കൂട്ടിനു ചിറ്റയും ഉണ്ട്. അമ്മയും ചിറ്റയും എന്തോ പറഞ്ഞുകൊണ്ട് പരസ്പരം കൈയടിച്ചു ചിരിക്കുന്നു.... 

      ഞാൻ അതിശയിച്ചു പോയി.... എങ്ങനെ ഇവർക്ക് കഴിയുന്നു..... അമ്മ ചിറ്റയുടെ പ്രണയം തട്ടിയെടുത്ത വില്ലത്തി അല്ലെ, ചിറ്റ അച്ഛന്റെ എക്സ് ലവർ അല്ലെ അപ്പൊ അമ്മക്ക് അതിന്റെ നീരസം വേണ്ടേ...... ഇത് രണ്ടു പേരും ഫ്രണ്ട്സിനെ പോലെ..... ഇത് എന്തായാലും അഭിനയം അല്ല... അതുറപ്പാണ്.... അച്ഛന്റെയോ ചിറ്റയുടെയോ കണ്ണിൽ ഞാൻ അരിച്ചു പെറുക്കിയിട്ടും പ്രണയത്തിന്റെ ഒരു ശേഷിപ്പും കണ്ടില്ല.... 

     അവർ പരസ്പരം സംസാരിക്കുമ്പോൾ അച്ഛന്റെ കണ്ണിൽ തെളിയുന്നത് വാത്സല്യമാണ്. ലത ആന്റിയോട് പെരുമാറുന്നപോലെ തന്നെ...... ഇത്രയും ഒള്ളോ ഈ പ്രണയം... അനു എന്നെ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ ചിന്തകൾക്ക് ഫുൾ സ്റ്റോപ്പിട്ടത്. 


"വാ മുകളിൽ പോകാം കുറെ നേരമായി രണ്ടെണ്ണം പരസ്പരം മനസിലാക്കാൻ പോയിട്ടു "  അവൾ പറഞ്ഞപ്പോൾ ആണ് ഞാനും അത് ഓർത്തത്... സിദ്ധു മുകളിൽ പോയിട്ടു കുറച്ചു നേരം ആയി.... 

   
.         അവൾ അടുക്കളയിൽ നിന്ന് മറ്റൊരു വാതിലിലൂടെ കടന്നു... അവളുടെ പുറകിൽ ഞാനും. അപ്പൊ നേരത്തെ കണ്ട നടുമുറ്റത്തിന്റെ ഇപ്പുറം എത്തി.. ഇപ്പോൾ ഞാൻ നിക്കുന്നതിന്റെ ഓപ്പോസിറ്റ് സൈഡ് ആണ് ആ ഇടനാഴി...     


           ആ സ്ഥലത്തു ഒരു അട്ടൂകട്ടിൽ ഉണ്ട്. അവിടെ കുറച്ചു ഉയർത്തി കെട്ടിയിട്ടുണ്ട് ... ആ ആട്ടുകട്ടിലിൽ കയറി ഇരുന്ന് ആടാൻ ഒരു മോഹം ഉണ്ടായിരുന്നു... പിന്നെ ആരേലും കണ്ടാലോ എന്നോർത്തു അവിടെ കയറിയില്ല.

                      നേരത്തെ കണ്ട ആ റൂമുകളിൽ ഒന്നിന്റെ സൈഡിലൂടെ നടന്നു... അതിനു അടുത്തായി ആണ് സ്റ്റെയർ...  അതുകയറി. 


        മുകളിൽ താഴത്തെ അത്ര വലുതലെങ്കിലും ഒരു സ്പേസ് ഒഴിച്ചിട്ടിരിക്കുന്നു. അതിനിടയിൽ ഒരു വാതിൽ അതുകടന്നാൽ ഒരു വാതിൽ കൂടി അത് മട്ടുപ്പാവിലേക്കാണ്. അവിടെ ചാരുപാടിയൊക്കെ ആയി വിശാലമായ സ്ഥലം. അവിടെ ചെല്ലുമ്പോൾ കാണാം മൂന്നു മുറികൾ. 
  
        അറ്റത്തു ഒരു റൂമിൽ  സിദ്ധു ഭാമേച്ചിയോട് സംസാരിച്ചുകൊണ്ട് ഇരിക്കുന്നു. ഞങ്ങൾ അവിടേക്ക് നടന്നു. 


"കഴിഞ്ഞില്ലേ വർത്താനം.. "അനുവാണ്........ ഞാൻ ഭാമേച്ചിയെ ശ്രദ്ധിക്കുകയായിരുന്നു. 

         ഒരു പച്ച കളറിൽ സിൽവർ വർക്ക്‌  സാരി അടുത്തിരിക്കുന്നു. വൈറ്റ് മെറ്റൽ കമ്മൽ ഇട്ടിട്ടുണ്ട്, മാല ഇല്ല. മുഖത്തു മേക്കപ്പ് ഒന്നുമില്ല ഒരു പൊട്ടു മാത്രം........ സിദ്ധുനെ സ്വാധീനിച്ച ചുവന്നകല്ല് മൂക്കുത്തി.. ശരിക്കും സുന്ദരി...... ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു... 

"മാർക്ക്‌ ഇട്ട് കഴിഞ്ഞോ? "ഭാമേച്ചിയാണ്, എന്റെ നോട്ടം കണ്ടു ആവും...... ഞാൻ ചിരിച്ചു... 


"ഇതിന് മാർക്കിടാൻ ഞാൻ വലുതായിട്ടില്ല...... ഇതൊക്കെയാണ് നാട്ടിൻ പുറത്തെ ശാലീന സൗധര്യം അല്ലെ.... പെർഫെക്ട് മാച്ച്..... സിദ്ധു സമ്മതിച്ചു തന്നിരിക്കുന്നു... ഒന്ന് ചേർന്ന് നിന്നെ..... എം.... മെയ്ഡ് ഫോർ ഈച് അദർ എന്ന് പറയുന്നത് ഇതൊക്കെയാണ്... " ഞാൻ പറഞ്ഞു.... 


"ഫോണിലൂടെ കത്തിയടിക്കുമ്പോൾ ഞാൻ കരുതി.... ഇവിടെ വന്നു കിഴ്മേൽ മറിക്കുമെന്നു.... ഇതെന്താ അത്ര സംസാരം ഇല്ലല്ലോ? ഇവിടെ വന്നപ്പോൾ കുറച്ചു ഒതുക്കി ഒക്കെ സംസാരിക്കുന്നു.... "

"എന്റെ പൊന്നു ഭാമേ..... മിണ്ടല്ലേ... ഓണാക്കിയാൽ നിർത്താൻ പാടാണ്..   അടുത്തിടപഴുകുമ്പോൾ മനസിലാകും.... ചീവീട് " സിദ്ധു പറഞ്ഞു. 


"ചീവീട് തന്റെ അമ്മായിഅമ്മ അല്ല പിന്നെ "പറഞ്ഞു കഴിഞ്ഞാണ് ഞാൻ നൈസായിട്ട് ഭാമേച്ചിയുടെ അമ്മയെ അല്ലെ വിളിച്ചത് എന്നോർത്തെ..... 


"സോറി ഭാമേച്ചി...... ഞാൻ പെട്ടെന്ന് ഓർത്തില്ല "ഞാൻ ചെവിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.... 


"അത് സാരമില്ല..... ഇവിടെ ഞാനും കിച്ചേട്ടനും ഇങ്ങനെ തന്നെയാ "ഭാമേച്ചി പറഞ്ഞു. 


"കിച്ചേട്ടൻ.....? "ഞാൻ ചോദിച്ചു... 


"സിദ്ധുവേട്ടൻ പറഞ്ഞില്ലേ? "ഭാമേച്ചി തിരിച്ചു ചോദിച്ചു... 



"ആ ബെസ്റ്റ്..... ചേച്ചിടെ പേര് തന്നെ ഫുള്ളും അറിയില്ലായിരുന്നു.... അമ്മ പറഞ്ഞപ്പോഴാ സത്യഭാമ എന്നാണെന്നു അറിഞ്ഞേ, അതുവരെ ഭാമ എന്നാണെന്നും പറഞ്ഞു നടന്ന ആളാണ്.... "ഞാൻ സിധുവിനേ തിരിച്ചു താങ്ങി..... അങ്ങനെ വിട്ടു കളയാൻ പാടില്ലല്ലോ? 


"അത് പിന്നെ അന്ന് അമ്പലത്തിൽ വച്ചു, ആരോ ഭാമേന്ന് വിളിക്കണ കേട്ടപ്പോൾ ഞാൻ കരുതി.... "സിദ്ധു തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു... 


"സത്യഭാമ എന്ന് എന്റെ റെക്കോർഡ്സിൽ മാത്രമേ ഒള്ളു.... ഇവിടെ എല്ലാവരും ചിന്നു എന്നാണ് വിളിക്കാ... കിച്ചേട്ടൻ മാത്രം ഭാമേന്ന് വിളിക്കും, അന്ന് കിച്ചേട്ടനെയാ കണ്ടത്... "ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു...  


"എനിക്ക് രണ്ടു ഏട്ടന്മാർ ആണ്.. .. മൂത്തത് കിച്ചേട്ടൻ പിന്നെ കാശിയേട്ടൻ, കാശിയേട്ടൻ ഇവിടെ ഇല്ല ആള് യൂ. എസിൽ ആണ്. അവിടെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ലീവ് ഇല്ല അതുകൊണ്ട് കല്യാണത്തിന് കാണില്ല.... പിന്നെ കിച്ചേട്ടൻ ആള് മെക്കാനിക്കൽ എഞ്ചിനീയർ പക്ഷേ വർക്ക്‌ ചെയുന്നത് മാധവമാമ്മയുടെ സ്കൂളിൽ ആണ്..."ഭാമേച്ചിയുടെ സംസാരത്തിൽ നിന്ന് കിചേട്ടനോടാണ് ചേച്ചിക്ക് കൂടുതൽ അറ്റാച്ച് മെന്റന്നു മനസിലായി ...... 


    "കാത്തുവെച്ചി വാ ബാക്കി കൂടി കാണിച്ചു തരാം... അതുവരെ നിന്ന് സൊള്ളിക്കൊ രണ്ടാളും "അനുപറഞ്ഞു....... 


          "ഞാനിപ്പോ വരാം ചേച്ചി റൂമൊക്കെ കണ്ടു നിൽക്കു...... ഇവിടുത്തെ പട്ടി ഉണ്ട് "ജൂലി "ഞാൻ അവളെ പൂട്ടിയിട്ട് വരാം ഇല്ലെങ്കിൽ നമുക്ക് പുറത്തു ഇറങ്ങാൻ പറ്റില്ല...... എന്നിട്ട് ഇവിടെ വലിയയൊരു താമരക്കുളം ഉണ്ട് അത് കാണിച്ചു തരാം. "  അനു പറഞ്ഞുകൊണ്ട് താഴേക്കു ഓടി.... 


                ഞാൻ ആദ്യം കണ്ട റൂമിൽ കയറി. അവിടെ കമ്പ്യൂട്ടർ ഒക്കെ ഇരുപ്പുണ്ട്.... അപ്പൊ താഴെ വച്ചു അങ്കിൾ പറഞ്ഞത് ഓർത്തു..... അങ്ങനെയെങ്കിൽ ഇതാവും..... സോഫ്റ്റ്‌വെയറിന്റെ റൂം...... വലിയ കുഴപ്പമില്ല.... 


             അവിടന്ന് ഇറങ്ങി.... അറ്റത്തു ഒരു റൂമിലേക്ക് പോയി...... നിറയെ ബുക്കുകൾ   ഒക്കെ ഉള്ളൊരു റൂം അപ്പൊ ഇതാണ് മാഷിന്റെ മുറി... ചുറ്റും കണ്ണോടിച്ചപ്പോൾ.... മേശയിൽ ഒരു റൈറ്റിംഗ് പാഡിൽ ഒരു പേപ്പറിൽ എന്തോ എഴുതി വച്ചിരിക്കുന്നു.... 


          ഞാനതെടുത്തു വായിച്ചു..... ഒരു കവിതആണ്... ഒരു പെൺകുട്ടിയെ പറ്റി.. . അത് വായിച്ചു കൊണ്ടിരിക്കുമ്പോൾ.... വാതിലിൽ ഒരു നിഴലനക്കം...... 



               നായകൻ അല്ല കേട്ടോ....... നമ്മുടെ അനുവാണ്..... 


"ഐയ്യോ..... അത് വായിക്കല്ലേ.... അതുപോലെ തന്നെ അവിടെ വച്ചേക്കു.... പുള്ളിടെ അമുല്യനിധികൾ ആണ്..... വായിച്ചാലും ഒന്നും മനസിലാവില്ല........ കഞ്ചാവ് അടിച്ചാണോ എഴുത്താണെന്ന് എനിക്കൊരു സംശയം ഉണ്ട്.... "  അനു പറഞ്ഞു... 


"ഏയ്‌ എനിക്ക് മനസിലായല്ലോ, അത്ര സാഹിത്യം ഒന്നുമില്ല.... ഒരു പെൺകുട്ടിയെ പറ്റിയാണ്.... ആളൊരു കാമുകൻ ആണോ അതോ ആരോ തേച്ചു മടക്കിയ ഷർട്ടോ? "ഞാനാണ്... 


"തേച്ചു മടക്കിയത്...... അതല്ലേ പഠിച്ച പണിക്ക് പോവാതെ ഈ കവിത കുത്തികുറിച്ചു പിള്ളേരെ പറ്റിച്ചു കഞ്ഞിയും കറിയും ഉണ്ടാക്കി കളിക്കുന്നെ "അനു പറഞ്ഞു കഴിഞ്ഞില്ല അതിനു മുൻപേ അവളുടെ ചെവിയിൽ പിടി വീണു..... 


"അയോ........ വിട്ട് ഏട്ടാ വേദനിക്കുന്നു.... "അനു കൊഞ്ചിക്കൊണ്ട് പറഞ്ഞു... 

"നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ ചോയ്‌സുകളെ കുറ്റം പറയരുതെന്ന്..... എന്റെ കൃതികൾ ഇഷ്ടമില്ലാത്തവർ എന്തിനാ അതെടുത്തു നോക്കുന്നത്.... ഇറങ്ങി പോടീ.... എന്റെ റൂമിൽ നിന്ന്... "ഒരു ഘന ശബ്‍ദം കേട്ടു ആളെ കാണുന്നില്ല മുന്നോട്ടു കയറി നിന്ന് നോക്കാൻ ധൈര്യം സമ്മതിക്കുന്നില്ല.... 


"ഞാൻ തനിയെ വന്നതല്ല ദേ കാത്തുവേച്ചിനേ വീട് കാണിക്കാൻ കൊണ്ട് നടന്നപ്പോൾ ഇങ്ങോട്ടും കയറിയെന്നേ ഒള്ളു... "അനു ചെവി തടവി കൊണ്ട് പറഞ്ഞു.... 


            അപ്പോൾ അയാൾ അവളെ തള്ളി ഉള്ളിലേക്ക് ഇട്ട് അകത്തേക്ക് കയറി...... ഞാൻ കണ്ണുതള്ളി പോയി.... വിജയ് ദേവര്ക്കോണ്ടയെ പോലൊരു മുതൽ...... 


               ചേച്ചിയെ കണ്ടപ്പോൾ ആങ്ങളമാർക്ക് ലുക്ക്‌ പ്രതീക്ഷിച്ചെങ്കിലും ഇത്രയും കരുതിയില്ല..... അല്ല എന്റെ സ്വന്തം ചേട്ടനെ കണ്ടാൽ പ്രിത്വിരാജ് സ്റ്റൈൽ അല്ലെ ഞാനോ? 


"ഹായ്....... എന്നെ ഓർമ്മയുണ്ടോ? "ആള് കൈ നീട്ടികൊണ്ട് ചോദിച്ചു..... 

        ഇങ്ങേരെ ഓര്മയുണ്ടാകാൻ ഞാൻ നേരത്തെ കണ്ടിട്ടുണ്ടോ ഇല്ലല്ലോ? തന്നരുവ്വാ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്... 

"സോറി... എനിക്ക് ഓർമയില്ല "എന്നും പറഞ്ഞു ഞാൻ കൈ കൊടുത്തു..... 


       ഒരു നിമിഷം കറണ്ട് പാസ്സ് ചെയ്തപോലെ... ആ കൈകളിൽ കൈ ചേർത്തപ്പോൾ, ഞാൻ ഒന്നും കൂടി ആ മുഖത്തേക്ക് നോക്കി..... എന്റെ കണ്ണുകളിലേക്ക് ചൂഴ്ന്നിറങ്ങും പോലെ നോക്കുന്നു. 

               ഞാനും ആ കാപ്പി കണ്ണുകളുടെ മായിക വലയിൽ കുടുങ്ങും പോലെ തോന്നി... 

"എന്നാൽ നമ്മൾ മുൻപ് കണ്ടിട്ടുണ്ട് മിസ്സ്‌. കാർത്തിക ശേഖരൻ... "


(തുടരും )