Aksharathalukal

ഭാര്യക്കുമുണ്ട് സങ്കടങ്ങൾ

#ഭാര്യക്കുമുണ്ട്_സങ്കടങ്ങൾ:
 
''ഉമ്മാ ..... ഉപ്പ എപ്പോ വരും....? കുറെ നേരായില്ലേ.....? ഹഖൂന് ഉറങ്ങണന്ന് അറീലേ.....?"
കുഞ്ഞുമോന്റെ വായിലൊതുങ്ങാത്ത സംസാരം കേട്ട് ഉമ്മ തരിച്ചു പോയി. മറുപടി എന്ത് പറയണമെന്ന് ആലോചിച്ചു. കാരണം പറയുന്നത് തെറ്റിയാൽ ചിലപ്പോൾ നാളെ ചോദിക്കും.
 
വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ മറുപടി കൊടുത്തു.
 
"ഹഖു മോനേ.... ഉപ്പ ആറ് മാസം കഴിഞ്ഞാൽ വരും."
 
കുഞ്ഞു മനസ്സിൽ അപ്പോൾ അടുത്ത ചോദ്യം വന്നു.
 
''ഉമ്മാ ആറ് മാസന്ന് വെച്ചാൽ എന്നാ ....? നാളെയാണോ...?
 
" അത്... മോനേ.... അത് കുറെ ദിവസം കഴിഞ്ഞിട്ടാ...... "
 
കട്ടിലിൽ ചരിഞ്ഞ് മുഖത്തോട് മുഖം കിടന്ന് ഉറങ്ങാനുള്ള പരിപാടിക്കിടയിലാണ് നിത്യവും അവന് ഇത്തരം എന്തെങ്കിലും ചോദ്യം വരാറ്. അവൻ വിടുന്ന ലക്ഷണം കാണുന്നില്ല.
 
"കുറെ ദിവസം ന്ന് വെച്ചാല് :... നാളെ... പിന്നേം..... നാളെ, നാളെ... കുറെ ദിവസം ലേ... മ്മാ....."
 
ഉം... എന്ന ഒരു മൂളലിൽ ഉമ്മ സംസാരം നിർത്തി കുട്ടിയെ തന്നിലേക്ക് അടുപ്പിച്ച് ഒന്നുകൂടി അണച്ച് പൂട്ടി.
 
"മോന് വേഗം ഉറങ്ങിക്കോ.... ഉമ്മ വാപ്പിച്ചിക്ക് ചോറ് കൊടുത്തിട്ടില്ല."
 
"ഉമ്മാ .... ഹഖൂന് ഉപ്പാക്ക് വാട്ട്സപ്പില് മെസ്സേജ് വിടണം. ഉമ്മാ ഫോണു കൊണ്ടാ... "
 
കരയിപ്പിക്കണ്ട എന്നു കരുതി തട്ടിൽ നിന്ന് ഫോണെടുത്ത് കൊടുത്തു.
ഹഖു വാട്ട്സപ്പ് തുറന്ന് അവന്റെ ഉപ്പാന്റെ നമ്പർ എടുത്ത് വോയ്സ് ഞെക്കിപ്പിടിച്ച് പറയാൻ തുടങ്ങി.
 
"ഹലോ... ഇപ്പേ.... ഇത് ഹഖ്വാ....
ഉപ്പ എന്താ വരാത്തത് ....?ഇപ്പക്ക് ഹഖൂനെ കാണണ്ടേ...? Ok By See you
അസ്സലാമു അലൈക്കും."
 
ഇത് അവന്റെ ഒരു ശൈലിയാണ്. ചോദിക്കാനുള്ളത് ചോദിച്ച് എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞ് സലാം പറഞ്ഞ് ഫോൺ ലോക്ക് ചെയ്ത് ഉമ്മാക്ക് കൊടുക്കും.
 
മറുപടിക്ക് കാത്തു നിൽക്കാതെ അവൻ പതിയെ ഉറങ്ങി. രാത്രി ഭർത്താവിന്റെ വിളിക്കിടെ അവന്റെ ഉമ്മ എല്ലാം വിശദമായി പറഞ്ഞു. മറുതലക്കൽ ഇക്ക നെടുവീർപ്പണയ്ക്കുന്നത് വളരെ വ്യക്തമായി കേൾക്കാമായിരുന്നു.
 
"കാണാൻ കൊതിയാവുന്നു. എന്ത് ചെയ്യാനാ...ഓരോ പ്രയാസങ്ങൾ........ നോക്കട്ടെ.... ഇൻശാ അള്ളാഹ്...."
 
പതിവു പോലെ മുഴുമിക്കാത്ത കുറെ വാക്കുകൾ പറഞ്ഞ് ഫോൺ കട്ടായി .
 
മോൻ എന്നും ഉപ്പയെ ചോദിക്കും. ഒരുപാടു പ്രതീക്ഷകളോടെയാണ് അവന്റെ കാത്തിരിപ്പ്. കാരണം കഴിഞ്ഞ ലീവിന് വന്നപ്പോൾ കുറച്ച സ്ഥലത്തൊക്കെ ഞങ്ങൾ പോയിരുന്നു.
ബീച്ചിൽ പോവണം. പപ്പ്സ് ,ഐസ് ക്രീം, ബോൾ.... 
അങ്ങനെ നീളുന്നു അവന്റെ ലിസ്റ്റുകൾ.
 
പലപ്പോഴും അവൻ തന്നെ ഫോണെടുത്ത് വോയ്സ് മെസ്സേജ് അയക്കുമ്പോൾ ഞാനറിയാതെ തന്നെ എന്റെ ഉള്ളു വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. കാരണം ഞങ്ങളുടെ ജീവിതത്തിന് നിറം പിടിപ്പിക്കാനാണല്ലോ ഇക്ക പ്രവാസിയായി കഷ്ടപ്പെടുന്നത്.
 
ഇക്കാക്ക് എത്ര ജോലിത്തിരക്കാണെങ്കിലും ദിവസവും ഒരുപാട് തവണ വിളിക്കും. വിവരങ്ങളറിയാനൊന്നുമില്ലെങ്കിലും വിളിച്ചാൽ പറയാൻ ഒരുപാടുണ്ടാവും. "എത്ര പറഞ്ഞാലും തീരാത്ത വർത്താനം" എന്നൊക്കെ പറഞ്ഞ് ഉമ്മയും നാത്തൂൻമാരുമൊക്കെ ആദ്യമാദ്യം കളിയാക്കിയിട്ടുണ്ട്. പിന്നെ ഞങ്ങൾക്ക് ഇതൊരു ശീലമായപ്പോൾ അവർ പറച്ചിലും നിർത്തി. 
ഇക്കാ വിളിക്കുമ്പോൾ ഒരാശ്വാസമാണ്. അടുത്തു തന്നെ നിന്ന് സംസാരിക്കുന്ന പോലെയുള്ള പ്രതീതിയാണ്. പലപ്പോഴും പല തമാശകളും പറയുമ്പോൾ ഒപ്പമിരുന്ന് പറഞ്ഞത് ഇപ്പോൾ കഴിഞ്ഞ പോലെ മനസ്സിൽ തെളിയും.
 
"പ്രവാസിയുടെ ഭാര്യമാർക്ക് കിട്ടുന്ന ഏക ആശ്വാസം ഈ ഫോൺ വിളിയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. "
 
ഏകാന്തമായി പണികൾ തീർത്തിരിക്കുമ്പോൾ ഒരു മിസ്സടിച്ചാൽ അപ്പോൾ തന്നെ വരും കോൾ...
'' ഫോണും കയ്യിൽ വെച്ചിരിക്കുന്നത് പോലെയാണ് വിളി കണ്ടാൽ...
പിന്നീട് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു - ഏത് തിരക്കിനിടയിലും എന്റെ സങ്കടം തീർക്കാനും ഒപ്പമുണ്ടെന്ന് തോന്നിപ്പിക്കാനും കൂട്ടിനരികിലുണ്ടാവണമെന്ന് ആഗ്രഹിച്ചുമാണ് ഇക്ക എന്റെ മിസ്സ് കാത്തിരിക്കുന്നതെന്ന്."
 
പല സമയത്തും മക്കളുടെ കാര്യങ്ങൾ നോക്കുന്നതിനിടയിലും വീട്ടിലെ പണികൾക്കിടയിലും മിസ്സടിക്കാനും മെസ്സേജയയ്ക്കാനും എനിക്ക് കഴിയാറില്ല. അപ്പോഴെല്ലാം ഇക്ക എന്റെ മിസ്സ് പ്രതീക്ഷിച്ചിരുന്നതായിരുന്നെന്ന് മനസ്സിലാവുമ്പോൾ ഉള്ളിൽ സങ്കടം നിറയും.
 
എത്രയെങ്ങാൻ ദൂരമുണ്ടെങ്കിലും മനസ്സ് ഏത് നിമിഷവും എന്നോടൊപ്പമായിരുന്നു.
 
കുട്ടികളെ താലോലിക്കാനും സ്നേഹിക്കാനും ഒപ്പം കൂടി കളിക്കാനും ഇക്കാക്ക് മനസ്സ് വെമ്പുന്നുണ്ടാവും. ഓരോ വിളിയിലും ഓരോ ഫോട്ടോ അയയ്ക്കാൻ ആവശ്യപ്പെടും. ഇപ്പോൾ ഈ വീഡിയോ കോളും വാട്ട്സപ്പുമെല്ലാം ഉള്ളതുകൊണ്ട് ഒരുപാട് ആശ്വാസമാണ്.
"കണ്ട് സംസാരിക്കാം. എപ്പോഴും ഫോട്ടോകൾ കൈമാറാം....
അപ്പോഴെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യൗവനത്തിന്റെ മധുരത്തെപ്പറ്റി ഞങ്ങൾ പരസ്പരം സങ്കടം പറയാറുണ്ട്.
 
" എന്തു ചെയ്യാനാ മോളേ... വരുവാൻ കൊതിയുണ്ട്. പക്ഷേ ഒരു ജോലി നാട്ടിൽ സ്ഥിരപ്പെട്ട് കിട്ടാൻ പാടാ... മാത്രവുമല്ല, ഇവിടെ കിട്ടുന്ന ശമ്പളം ഒക്കുകയുമില്ല. പിന്നെ കുറി, ലോൺ തിരിച്ചടവ്, നിത്യ ചെലവ്, കല്യാണം ഇമ്മാതിരി ആഘോഷങ്ങൾ ..... എല്ലാത്തിനും പണം വേണ്ടേ.....?
പിന്നെ ഇവിടെയാകുമ്പോൾ ഞാൻ ഗൾഫിലാണല്ലോ എന്ന ഗ്യാരണ്ടിയിൽ നിങ്ങൾക്ക് ആരുടെ അടുത്ത് നിന്ന് വേണമെങ്കിലും കടവും വായ്പയും കിട്ടും. ഞാനങ്ങോട്ട് പോന്നാൽ......"
 
"ഇക്കാ പറയുന്നതൊക്കെ ശരിയാണെന്ന് എനിക്കറിയാം. എന്നാലും ഇക്കാക്കും പൂതിയില്ലേ മോനെ കളിപ്പിക്കാൻ..."
മോൻ എന്നും ചോദിക്കും. എനിക്കാണെങ്കിൽ ഉത്തരവും മുട്ടും."
 
" പൂതിയുണ്ട് മോളേ.. മോനെ മാത്രമല്ല.... മോളെ കാണാനും....."
 
" യാതൊരു കുറവുമില്ല, ങ്ങ്ളൊന്നു പോകുന്നുണ്ടോ...? ഒരു കിന്നാരം.. ചെറിയ കുഞ്ഞനാന്നല്ലേ ഇപ്പോളും വിചാരം."
 
അങ്ങനെ കുശലം പറഞ്ഞ് കിട്ടുന്ന സന്തോഷ നിമിഷങ്ങൾ മാത്രമാണ് പ്രവാസിക്കും ഭാര്യയ്ക്കും ഓർക്കാനുള്ളത്.
 
പ്രവാസിയെപ്പോലെത്തന്നെയാണ് അദ്ദേഹത്തിന്റെ ഭാര്യയുടെയും സ്ഥിതി. ഉള്ളുതുറന്ന് ഒരു കാര്യം പറയാനൊരാളില്ലാതെ, അത്യാവശ്യത്തിന് ഒന്നു കുട്ടികളെയും കൂട്ടി പുറത്ത് പോകാൻ കഴിയാതെ, ആഗ്രഹങ്ങളെ തടവറയിലിട്ട് എന്നും ഭർത്താവിന്റെ വീടും അല്ലെങ്കിൽ അവളുടെ വീടുമായി കാലം കഴിക്കുന്ന പെണ്ണ്......
 
എല്ലാ കുത്തുവാക്കുകളും കുറ്റവും കുറച്ചിലും പറയുന്നത് കേൾക്കുമ്പോൾ ഓടിച്ചെന്ന് മാറിൽ തല ചായ്ച്ച് സങ്കടം പറയാനും ആശ്വാസ വാക്കുരിയാനും തൊട്ടടുത്ത് ഇക്ക ഇല്ലാത്ത സങ്കടം ഞാൻ പലപ്പോഴായി അനുഭവിച്ചിട്ടുണ്ട്. തെറ്റുകൾ സംഭവിക്കുന്ന നിമിഷങ്ങളെക്കാൾ നോവ് നൽകുക അത് വീണ്ടും വീണ്ടും എടുത്ത് പറയുമ്പോളാണ് . ആ നിമിഷങ്ങളെ എത്ര സങ്കടത്തോടെയാണ് ഞാൻ നേരിട്ടത്.
 
ഇക്കാന്റെ മനസ്സും വേദനിക്കുകയായിരിക്കും. നേരിൽ കാണാൻ കൊതിയോടെ പ്രതീക്ഷകൾ അടുക്കി വെച്ച മനസ്സുമായി ഇക്കാന്റെ വിളി കഴിഞ്ഞ് മോനെ മൂത്രമൊഴിപ്പിച്ച് നേരെ കിടത്തി ചേർത്തണച്ച് ഓർമ്മകളെ മേയാൻ വിട്ട് പുതപ്പിട്ട് ഞാൻ സ്വപ്നങ്ങൾക്ക് വേണ്ടി നിദ്ര പുൽകി.
 
നവാബ് അബ്ദുൽ അസീസ് തലയാട്