Aksharathalukal

❤️ഊഞ്ഞാൽ ❤️ഭാഗം 3

🥀ഞാൻ വീണ്ടും എത്തീട്ടോ... എല്ലാവരുടെയും ഇഷ്ടഭവിക്കുട്ടിയുമായി... സ്വീകരിക്കണേ... സ്നേഹപൂർവ്വം 𝘴𝓲ꪶρꪖ᥇𝓲᥇𝓲ꪀ

"ദീപം... ദീപം... ദീപം"

ഉമ്മറത്തിണ്ണയിൽ വിളക്കു കൊളുത്തി വെച്ച് ഭവി ചമ്രം പടിഞ്ഞിരുന്നു. കസേരയിലിരിയ്ക്കുന്ന മുത്തശ്ശിയ്ക്കൊപ്പം കൂപ്പു കൈകളോടെ ഹരിനാമ കീർത്തനങ്ങൾ ഉച്ചത്തിൽ ചൊല്ലി പ്രാർത്ഥിച്ചു. ഇടയ്ക്കിടയ്ക്ക് അവളുടെ കുഞ്ഞിക്കണ്ണുകൾ ഇടവഴിയിലൂടെ കയറി വരുന്ന തന്റെ അച്ഛനെ കാത്തിരിയ്ക്കുകയാവും.

"ഇത്രേം നേരായിട്ടും അച്ഛൻ എന്താ വരാത്തത്? അച്ഛന്റെ ഭവിയ്ക്ക് കടല മിഠായി കൊണ്ടത്തരാണ് പറഞ്ഞിട്ട് ഇന്നലെ വാങ്ങിക്കൊണ്ട് വന്നില്ല. ഇന്നും അങ്ങനെയാണെങ്കിൽ അച്ഛന്റെ ഭവി ഇനിയൊരിക്കലും മിണ്ടൂല..."

അവൾ ഓരോന്നോർത്തിരിക്കവേയാണ് പുറത്ത് കാൽപ്പെരുമാറ്റം കേട്ടത്.

"ഹായ്!അച്ഛൻ വന്നൂ...!!!"

അവൾ ചാടിയെഴുന്നേറ്റു. അവളുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവൾ ഓടിച്ചെന്നു ശേഖരന്റെ കൈകളിൽ പിടിച്ചു വലിച്ചു.

"മേലു നിറയെ ചെളിയാ കുട്ടീ"

ഇങ്ങനെ പറഞ്ഞെങ്കിലും ആ അച്ഛന് മകളെ ചേർത്തണയ്ക്കാതിരിയ്ക്കാൻ കഴിഞ്ഞില്ല. ഭവിയുടെ ഈ ഉത്സാഹം എന്തിനെന്നു ആ അച്ഛന് അറിയാം. അവളുടെ കുറുമ്പ് കാണാനായി തമാശയ്ക്കു പറഞ്ഞു.

"ശ്ശോ, അച്ഛൻ ഇന്നും കടല മിഠായി കൊണ്ടു വരാൻ മറന്നു പോയല്ലോ. എന്റെ ഭവിക്കുട്ടിയ്ക്ക് നാളെ തീർച്ചയായും വാങ്ങിത്തരാം."

ഇത് കേട്ടപ്പോൾ അവളുടെ മുഖം വാടിയത് എത്ര പെട്ടെന്നാണ്. അവൾ മുഖം കുത്തിവീർപ്പിച്ചു. എന്നിട്ട് അച്ഛന്റെ കൈയിൽ നിന്ന് തന്റെ പിടുത്തം വിടുവിച്ച് ഓടിപ്പോകാൻ ഞെളിപിരികൊണ്ടു.

"അച്ഛന്റെ ഭവി ഇത്ര പെട്ടെന്ന് പിണങ്ങിയാലോ. എന്റെ മോൾക്കു വേണ്ടി അച്ഛൻ എന്താ കൊണ്ടു വന്നിരിയ്ക്കുന്നതെന്ന് നോക്കിക്കേ"

ഭിത്തിയിലെ ചെറിയ അര പ്രയ്‌സിൽ ഒളിപ്പിച്ചു വെച്ച ഒരു ചെറിയ പൊതിക്കെട്ട് ചെളിപുരണ്ട കൈകൊണ്ടെടുത്ത്, വാത്സല്യത്തോടെ അവൾക്കു നേരെ നീട്ടി. ഒരു നിമിഷത്തേയ്ക്ക് വാടിയ ഭവിയുടെ മുഖം വിടർന്നത് എത്ര പെട്ടെന്നാണ്.

അച്ഛന് ഒരുമ്മ സമ്മാനിച്ചു, വിടർന്ന പുഞ്ചിരിയോടെ അവൾ ഓടിയകന്നു.

മനസ് നിറഞ്ഞ സംതൃപ്തിയോടെ ശേഖരൻ നിൽക്കുമ്പോൾ സാവിത്രി വിളിച്ചു പറഞ്ഞു:

"ശേഖരേട്ട, കുളിയ്ക്കാൻ ചൂടു വെള്ളം റെഡിയായിട്ടുണ്ട്."

"വരുന്നു സാവിത്രി. നീ വെള്ളമെടുത്തൊഴിച്ചോ"

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഇടയ്ക്കൊക്കെ മുത്തശ്ശിയുടെ കൂടെ കിടന്നുറങ്ങാൻ ഭവിയ്ക്ക് ഇഷ്ടമാണ്. മുത്തശ്ശി ഒരു പാട് കഥകൾ പറഞ്ഞു തന്നെ ഉറക്കും. ഇന്നും മുത്തശ്ശി കഥ പറഞ്ഞു തരുമായിരിയ്ക്കും. അവൾ പഠിത്തം മതിയാക്കി മുത്തശ്ശിയുടെ റൂമിൽ ചെന്നു മുത്തശ്ശിയെ വിളിച്ചു.

"മുത്തശ്ശി ഉറങ്ങിയോ?"

 മുത്തശ്ശിയെ കെട്ടിപ്പിടിച്ചു ഭവി പരിഭവിച്ചു.

"മുത്തശ്ശീ, ഒരു കഥ കൂടി"

"എനിയ്ക്കു വയ്യ കുട്ടി. നാളെയാട്ടെ"

മുത്തശ്ശിയെ പിടിച്ചു കുലുക്കിക്കൊണ്ടിരുന്നത് അവൾ നിർത്തി.

"എന്തു പറ്റി മുത്തശ്ശി? മുത്തശ്ശിയ്ക്കു വയ്യേ?

"ആ കുട്ടി. പ്രായം കൂടുന്തോറും ഓർമ്മ ശക്തി തീരെയില്ല. കണ്ണിന് തീരെ കാഴ്ച്ചയില്ലാതായിക്കൊണ്ടിരിയ്ക്കുവാ"

ഇന്നിനി മുത്തശ്ശി കഥ പറഞ്ഞു തരില്ലെന്ന് ഉറപ്പിച്ച അവൾ ശേഖരനും സാവിത്രിയും കിടക്കുന്ന റൂമിൽ എത്തി.

"അച്ഛനും അമ്മേം ഉറങ്ങിയോ, ഞാനും കിടന്നോട്ടെ നിങ്ങടെ കൂടെ? "

"എന്തേ, മുത്തശ്ശി ഇന്ന് കഥ പറഞ്ഞു തന്നില്ലെ?"

മകളുടെ മുഖത്തെ പിണക്കം ശ്രദ്ധിച്ച സാവിത്രി ശേഖരനെ നോക്കി ചിരിച്ചു കൊണ്ടു അവളോട് ചോദിച്ചു. അവളുടെ മുഖത്തെ മ്ലാനത കണ്ട് ശേഖരൻ പറഞ്ഞു നിർത്തി.

"അച്ഛന്റെ ഭവിക്കുട്ടി ഇന്ന്‌ അച്ഛന്റെ കൂടെ കിടന്നോ"

"അച്ഛൻ കഥ പറഞ്ഞു തരുവോ എനിയ്ക്ക്?"

"ഇന്ന്‌ അച്ഛന്റെ ഭവിക്കുട്ടി ഒരു കഥ പറഞ്ഞു താ അച്ഛന്"

"ആ മുത്തശ്ശി പറഞ്ഞ ഒരു കഥ ഞാൻ പറഞ്ഞു തരാം അച്ഛന്"

അച്ഛന് കഥ പറഞ്ഞു കൊടുക്കാൻ പോകുന്ന ഉത്സാഹം അവളുടെ മുഖത്ത് പെട്ടെന്ന് വിരിഞ്ഞു.

അവൾ അച്ഛൻ കിടക്കുന്നിടത്ത് ചെന്നിരുന്നു അച്ഛന് ഉമ്മ കൊടുത്തു, ഏതു കഥ പറയും എന്നാലോചിച്ചു.

അവളുടെ ഓർമ്മയിൽ മുത്തശ്ശി പറഞ്ഞ, തങ്ങൾ താമസിയ്ക്കുന്ന ഈ കൊച്ചു ഗ്രാമം എങ്ങനെ ഉണ്ടായതെന്നു തെളിഞ്ഞു വന്നു. അവൾ അച്ഛന് കഥകൾ പറഞ്ഞു കൊടുത്തു തുടങ്ങി:

കഥ പറഞ്ഞു തുടങ്ങിയപ്പോൾ അവളുടെ മുഖത്ത് വിരിയുന്ന ഭാവഭേദങ്ങൾ ആ അച്ഛനെയും, അമ്മയെയും അത്ഭുതപ്പെടുത്തികൊണ്ടിരുന്നു.

ഈ ഗ്രാമം കാടുകളും, ക്ഷുദ്ര ജീവികളും കൊണ്ടു നിറഞ്ഞതായിരുന്നു.ഹിംസ്ര ജന്തുക്കളുടെ ശല്ല്യം കാരണം ആളുകൾക്ക് പുറത്തിറങ്ങി നടക്കാൻ പോലും വയ്യാത്ത ഒരവസ്ഥ. അങ്ങനെയിരിക്കെയാണ് ഒരു നാൾ ദേവി ഭക്തനായ ഒരു ബ്രാഹ്മണ ശ്രേഷ്ഠനും കുടുംബവും ഈ കാട്ടിൽ താമസിയ്‌ക്കാനെത്തിയത്. വിശന്നു വലഞ്ഞ ഗ്രാമവാസികൾക്ക് ആഹാരം കൊടുക്കുന്നതിനു മടിയില്ലായിരുന്നു അദ്ദേഹത്തിന്.

ഒരു ദിവസം ഒരു വൃദ്ധൻ അദ്ദേഹത്തിന്റെ അടുക്കൽ ഭിക്ഷ യാചിച്ചു വന്നു. തന്റെ മക്കൾക്കായി മാറ്റി വെച്ചിരുന്ന ഭക്ഷണം സ്നേഹത്തോടെ ആ വൃദ്ധനു നൽകി.തന്നെ യെഥോചിതം സ്വീകരിച്ച ബ്രാഹ്മണനിൽ സന്തുഷ്ടനായ ആ വൃദ്ധൻ പറഞ്ഞു :

"ഞാൻ നിന്നിൽ സംപ്രീതനായിരിക്കുന്നു"

ബ്രാഹ്മണൻ അത്ഭുതത്തോടെ നോക്കിനിൽക്കുമ്പോൾ വൃദ്ധന്റെ സ്ഥാനത്തതാ സാക്ഷാൽ അന്നപൂർണ്ണേശ്വരി.

"ആഗ്രഹിയ്ക്കുന്നതെല്ലാം നിനക്ക് സാധ്യമാകും"

എന്ന് ദേവി അരുൾ ചെയ്തു. ദേവിയുടെ അനുഗ്രഹത്താൽ ഇരുണ്ടു നിന്ന പ്രകൃതിയ്ക്ക് രൂപ മാറ്റം സംഭവിച്ചു ഈ ഗ്രാമം മലകളും പുഴകളുമൊക്കെയുള്ള മനോഹരദേശമായി തീർന്നു.

"കഥ തീർന്നൂട്ടോ" അച്ഛന് ഇഷ്ടപ്പെട്ടോ കഥ?"

ഭവിയുടെ നിഷ്കളങ്കത ആ അച്ഛന് വായിക്കാമായിരുന്നു. മകളെ തന്റെ കൈത്തണ്ടമേൽ ചേർത്തു കിടത്തി.

തന്റെ മറു കൈകൊണ്ട് മകളുടെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു.

"ഇനി മോളുറങ്ങിക്കോ "

🥀🥀🥀 🥀🥀🥀 🥀🥀🥀 🥀🥀🥀