Aksharathalukal

പകൽക്കിനാവ്

തണുവണിഞ്ഞൊരു പുലരിയിൽ 
ഇരുൾ ഹിമമണിഞ്ഞൊരു മാത്രയിൽ 
മങ്ങിയൊഴുകും സൂര്യകിരണമെൻ
ജാലകത്തിലൊളിച്ചുവോ
 
പതിയെ ഞാനാ വാതിൽ പാതി തുറന്നു വീഥിയിലെത്തവെ
കിളികളൊക്കെയും എന്നെനോക്കി 
കളികൾ ചൊല്ലിരസിക്കയായ് 
നേർത്തതുള്ളികളേകി മഴയൊരു 
രാഗമാലിക തീർക്കയാണോ
അവനെനിക്കായ് തീർത്ത പ്രണയ
സ്വരങ്ങൾ മേഘം തൂകയാണോ
 
പിറകിലൂടവനരികെ വന്നെൻ
കവിളിലായ് കളമെഴുതി, മൃദുവായ് 
വിരലിനാലെൻ മുടികൾ തഴുകി
കാതിലായ് കഥ ചൊല്ലി, കളിയായ് 
ഇരുകരങ്ങളിൽ നനയുമെന്നുടൽ
പൊതിയവേ മനമുരുകി മഞ്ഞായ് 
രാഗമായ്, അനുരാഗിയായ് വിരി മാറിലായ് തല ചായ്ച്ചു, ഞാൻ.
 
എൻ കൺകളിൽ നടമാടിടും ഒരു
പൊൻമയൂരമതാണവൻ 
ആ മന്ദഹാസ തേരിലേറാൻ കാക്കുമൊരു വേഴാമ്പൽ ഞാൻ
കൈകൾ കോർത്തവനരികെ നിൽക്കേ ഞാനുമെന്നെ മറന്നിടും
പ്രേമംപൂർവം പുണരുകിൽ
മാൻപേടപോൽ ഞാൻ മാറിടും
 
മധുര ചുംബന മാലയിന്നെൻ 
മാറിലായ് നീ ചാർത്തുകിൽ...
പ്രണയമുരളിക മീട്ടി ഞാനും 
കന്മദം പോലുരുകിടും..
ആശയിൽ പകൽ കനവുകണ്ടെൻ
എൻ മനമിതോ അതി വിവശമായ്
നോക്കി നിൽപ്പൂ ഞാനിതാ മഴ
പൊഴിയുമീ മൺ വീഥിയിൽ...
 
© ഗോപിക ചന്ദ്രമോഹൻ