Aksharathalukal

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'. ടി ഡി രാമകൃഷ്ണൻ

മലയാള സാഹിത്യ ത്തിനു  വായനയുടെ അതിബൃഹത്തായ സാധ്യതകൾ തുറന്നിട്ട ഒരു പ്രിയപ്പെട്ട എഴുത്തുകാരനായ ടി ഡി രാമകൃഷ്ണന്റെ അതി മനോഹരമായ ഒരു നോവലാണ് 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'.
 
മിത്തും രാഷ്ട്രീയവും സംസ്കാരവും ഒത്തുചേരുന്ന ഈ നോവലിൽ ശ്രീലങ്കയുടെ ചരിത്രത്തിന്‍റെ മൂന്നു കാലങ്ങൾ ഒരു മിത്തിന്‍റെ സഹായത്തോടെ അടയാളപ്പെടുത്തുന്നു. കുലശേഖര സാമ്രാജ്യക്കാലവും, മൂന്നു പതിറ്റാണ്ടു നീണ്ടുനിന്ന എൽ.ടി.ടി.യുടെ പോരാട്ട കാലവും, ആഭ്യന്തര യുദ്ധത്തിൽ വേലുപ്പിള്ള പ്രഭാകരനും സംഘാംഗങ്ങളും കൊല്ലപ്പെട്ടതിനു ശേഷം രാജപക്സെ ജനപിന്തുണയോടെ അധികാരത്തിലെത്തിയ വർത്തമാനകാലവുമെല്ലാം തന്നെ ഈ നോവലിൽ പ്രതിബാദ്ധ്യമാവുന്നുണ്ട്.
 
എ.ഡി.ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ദേവനായകി മുതൽ ശ്രീലങ്കയിലെ വിമോചന പോരാട്ടത്തിലും സർക്കാരിന്‍റെ സ്ത്രീവിരുദ്ധ പ്രവർത്തനങ്ങളിലും പ്രതിരോധം തീർക്കുന്ന പെൺപോരാളികൾ നിറഞ്ഞ ഈ നോവൽ സ്വാതന്ത്ര്യത്തിന്‍റെയും സാമൂഹിക തുല്യതയുയുടെയും ഒരു ബദൽ ലോകത്തെ സ്വപ്നം കാണുന്നു. ഉടൽ മുറിഞ്ഞാലും ഉയിർ വേർപ്പെട്ടാലും അധീശ വ്യവഹാരങ്ങളെ ഇല്ലാതാക്കണമെന്ന ലക്ഷ്യബോധമുള്ള പെൺപോരാളികൾ .
ഒരു രാജ്യത്തിന്‍റെ ആഭ്യന്തര സംഘർഷങ്ങളുടെയും വംശഹത്യയുടെയും ചരിത്രം ഈ പെൺപോരാളികളിലൂടെയാണ് വായനക്കാരിലെത്തുന്നത്.
 
ശ്രീലങ്കന്‍ പുലികളും പട്ടാള ഭരണവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെയും ഭരണകൂട ഭീകരതയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ക്രൂരമായ മുഖം അന്താരാഷ്ട്ര തലങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ടി ഡി രാമകൃഷ്ണന്‍റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന നോവല്‍ പുറത്തുവരുന്നത്.മിത്തും രാഷ്ട്രീയവും സംസ്കാരവും ഒത്തുചേരുന്ന ഒരു സങ്കീര്‍ണ്ണത എപ്പോഴും ശ്രീലങ്കന്‍ ചരിത്രത്തിനുണ്ട്.
 
 ‘ദേവനായകി’ ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന പഴയ തമിഴ് തട്ടകത്തിലെ ഒരു മിത്താണ്. മിത്തും ചരിത്രവും പ്രണയവും രതിയും യുദ്ധവും പ്രതികാരവും ഇഴചേര്‍ന്നുകിടക്കുന്ന ആഖ്യാനം നോവലിനെ വായനയുടെ നവഭാവുകത്വത്തിലേക്കുയര്‍ത്തുന്നു.
ശ്രീലങ്കന്‍ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് മുഖം മാത്രമല്ല ശ്രീലങ്കന്‍ ഭരണകൂടത്തിന്‍റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ഉയര്‍ന്നുവന്ന എല്‍ ടി ടി ഇ പോലുള്ള സംഘടന എങ്ങനെയാണ് സ്വയം ഫാസിസത്തിലേക്ക് നീങ്ങുന്നതെന്നും നോവല്‍ കാണിച്ചുതരുന്നുണ്ട്. സുഗന്ധി ഒരേ സമയം ഇയക്കത്തിന്‍റെയും ശ്രീലങ്കന്‍ ഭരണകൂടത്തിന്റെയും ഇരയാക്കപ്പെടുന്നുണ്ട്. 
 
ഒരു രാജ്യത്തിന്‍റെ ആഭ്യന്തര കലാപങ്ങളുടെയും ക്രൂരമായ വംശഹത്യയുടെയും ചരിത്രം ചര്ച്ച ചെയ്യുന്നത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് എന്നത് ഒരു സ്ത്രീപക്ഷ വായനയിലേക്കുള്ള സാധ്യതകൂടിയാണ് ആണ്ടാള്‍ ദേവനായകി തുറന്നിടുന്നത്. തന്റെ പയോധരങ്ങൾ മുറിച്ചെടുക്കപ്പെട്ട ദേവനായികയും 
കരങ്ങൾ ഛേദിക്കപെട്ട പുതുതലമുറയിലെ  സുഗന്ധിയും വായനയിൽ കടന്നു വരുമ്പോൾ നമ്മൾക്ക് ചിരപരിചിതമായ ചിലപ്പതികരത്തിലെ കണ്ണകിയുമായി എവിടെയൊക്കെയോ സമാനതകൾ തോന്നിപ്പിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ പോലും ഒരു പക്ഷെ ചർച്ച ചെയ്യപ്പെടുന്ന വിഷയത്തെ നമ്മുടേതെന്ന തോന്നൽ വായനക്കാരന് ജനിപ്പിക്കാൻ വേണ്ടിയുള്ളതാവും.
   തൊട്ടാൽ പൊള്ളുന്ന ഒരു വിഷയം തന്റെ നോവലിന്റെ ആശയമായി എടുത്തതും വായന സൗകുമാര്യത്തിനു അല്പം പോലും കോട്ടം തട്ടാതെ  കയ്യടക്കത്തോടെ അവതരിപ്പിച്ചതും എല്ലാം  കഥാകാരന്റെ പ്രത്യേക വൈഭവം ഒന്നുകൊണ്ടു മാത്രമാണ്.  ശ്രീലങ്കൻ ചരിത്രത്തെ പറ്റിയുള്ള വ്യക്തമായ ഒരു പഠനം അദ്ദേഹം നടത്തിയിട്ടുണ്ടെന്നുള്ളത് നോവലിൽ നിന്ന് വ്യക്തമാണ്.സാഹിത്യം വെറും വായനക്ക് മാത്രമുള്ളതല്ലെന്നും  പലരും അറിയാമെങ്കിലും പറയാതെ ഗോപ്യമായി വച്ചിരുന്ന പല യാഥാർഥ്യങ്ങളും വെളിച്ചത്തു കൊണ്ടുവരാനുള്ള ഒരു ശക്തമായ മാദ്ധ്യമം കൂടെ ആണെന്നുള്ളതിനെ കടുംകെട്ടിട്ട് ഉറപ്പിക്കുന്ന തരത്തിലുള്ള രചനയാണ് നോവലിസ്റ്റ് നടത്തിയിരിക്കുന്നത്.
 
 മലയാളസാഹിത്യം ഇതുവരെയും കണ്ടിട്ടില്ലാത്ത തരത്തിലുള്ള എഴുത്തുകൾ ഇനിയും ഈ എഴുത്തുകരനിൽ നിന്നും ഉണ്ടാവുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. തീർച്ചയായും 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എന്ന നോവൽ വായനക്കാരന് വളരെ ഉദ്ദ്വേകജനകമായ ഒരു വായനാനുഭവം നല്കുമെന്നതിനു ഒരു സംശയവുമില്ല.