Aksharathalukal

ദില്ലി

കുളിരിറുകും പകലിരവിൽ
ആലസ്യം ചൂഴും
നഗരപ്രാന്തത്തിലലയാനാധി വേണ്ട
നഞ്ച് കലങ്ങിയിന്നിന്ത്യൻ നെഞ്ചകത്തിൽ.

തെളിവാർന്ന വാനം പുതപ്പിട്ടു മൂടി
കറയില്ല ശ്വാസം തലതല്ലി വീണു.
കാഴ്ചക്കോൽ നൂറുവാര കുത്തി വീണു
ദൂമപാളിക്കോട്ടയിൽ തട്ടി നിന്നു.

കറ്റകരിച്ച കുരിപ്പും മരുക്കാ -
റ്റിൽ പരന്ന പൊടിത്തൂളും
നഗരക്കോളാമ്പി തുപ്പും കയിപ്പും
വിഷക്കൂട്ടായ്.

പുകമഞ്ഞിൽ പുകയുന്നിതക്ഷം
രാസധൂപി ത്രസിപ്പിച്ച നാസാഗ്രം
വരളുന്ന തൊലിയും കടയുന്ന തലയും
ജീവശ്വാസം രോഗാപ്തമാകവെ..

എരിയുന്ന കണ്ണുമായലയുമ്പോഴും
ആകാശക്കോട്ടകൾ കെട്ടുന്നിതാ
കുടൽ പൊട്ടിച്ചുമയിൽ വലയുമ്പോഴും മാനത്ത് മത്താപ്പ് പൊട്ടുന്നിതാ
മരവിച്ച മഞ്ഞിൽ ഉറയുമ്പോഴും
കാറ്റിൽ തുരിശ് കലരുന്നിതാ
സ്ഥൂല തുരങ്കങ്ങൾ ഉയരുന്നിതാ
അന്തമില്ല മലീന മേഘങ്ങൾ നിറയുമ്പോഴും

ചുവന്ന കോട്ടയിൽ അധികാര ദണ്ഡിനാൽ
കോലങ്ങൾ നെയ്യുമ്പോൾ
പിടയുന്നു പൊലിയുന്നു
തെരുവുകളിലുരുകുന്നു
പലപെരുജീവിതങ്ങൾ

നരകത്തിലുഴറി നടക്കുന്നിതാ
ഞങ്ങൾ.
ദീർഘശ്വാസം വലിച്ചു ചാവുന്നിതുള്ളിൽ
നിശ്ചലം .