Aksharathalukal

എലിസബേത്ത് -20

🟥 രവി നീലഗിരിയുടെ നോവൽ
©️



അധ്യായം ഇരുപത്




        പതിനേഴ് ദിവസങ്ങൾ.
എലിസബേത്ത് സ്കൂളിൽ പോകാത്ത പതിനേഴ് ദിവസങ്ങളാണ് കടന്നു പോയത്. സ്കൂളിൽ പോകുന്നില്ലെങ്കിലും എന്നത്തേയും പോലെ ദിവസവും അതിരാവിലെ അവളെഴുന്നേല്ക്കുന്നു. 
     നരച്ച വെളിച്ചത്തിന്റെ നിഴലുകളിലൂടെ മുറ്റത്ത് വെറുതെ എന്തെങ്കിലുമൊക്കെ ഓർത്ത് നടക്കുന്നു. ഇടവഴിയിൽ നിന്നും കയറി മുറ്റത്തേക്ക് വരുന്ന വയലൂരപ്പന്റെ നടയിൽ നിന്നുള്ള ഭക്തി ഗാനങ്ങൾ കേൾക്കുന്നു. കിളികളുടെ നിർമ്മലശബ്ദങ്ങളും കാറ്റിന്റെ തണുപ്പുമറിയുന്നു. ഇലകളുടെ മർമ്മരമറിയുന്നു. വെളുപ്പാൻകാലത്തെ നിശ്ശബ്ദതയറിയുന്നു. പാടവരമ്പിനപ്പുറത്തെ മഞ്ഞവെയിൽ പ്രഭാതം കാണുന്നു...
    പക്ഷികളോടും, മരങ്ങളോടും, ചെടികളോടും, ഇടവഴിയിലെ പൂച്ചയോടുമൊക്കെ സംസാരിക്കാനായി ഇപ്പോഴവൾക്ക് ഇഷ്ടം പോലെ സമയമുണ്ട്. ചേച്ചിമാർ പഠിക്കാൻ പോകുന്നതു വരെ അവൾ മുററത്തും പറമ്പിലും ഇടവഴിയിലുമൊക്കെ തനിയെ നടക്കും.    
       അവർ പോകുന്നത് കാണുമ്പോൾ ചില ദിവസങ്ങളിൽ മനസ്സിനൊരു കനം തൂങ്ങും. അധികനേരം അതങ്ങനെ നില്ക്കില്ലെങ്കിലും.
     " ശരിക്കും നിനക്ക് വിഷമമില്ലേ..ആദീ ?"
     " എന്തിന്?"
     " പഠിക്കാൻ പോകാത്തേന്.."
      രാജേന്ദ്രനാണ്. കുറച്ചു ദിവസങ്ങളായി എലിസബേത്തിന് കിട്ടിയ പുതിയ കൂട്ടുകാരനാണ് രാജേന്ദ്രൻ. കറുത്ത ചിറകുകൾ രണ്ടും വിരിച്ച് നിവർത്തിയൊന്ന് കുടഞ്ഞ് കഴുത്ത് വെട്ടിച്ച് പതിവ് കാക്കനോട്ടത്തോടെ അവൻ അവളുടെയടുത്ത് പറന്ന് വന്നിരുന്നു. അവനോടൊപ്പം എപ്പോഴും കാണാറുള്ള, നീണ്ട കണ്ണുകളിൽ മഷിയെഴുതിക്കറുപ്പിച്ച നന്നെ മെലിഞ്ഞ അവന്റെ ഇഷ്ടക്കാരിയെ ഇന്ന് കണ്ടില്ല.
       വിഷമമില്ലെന്ന് അവനോട് പറഞ്ഞത് വെറുതെയാണ്. സ്കൂളോർമ്മകൾ ഒരു കനലായി എപ്പോഴും അകമേ കിടപ്പുണ്ട്. 
     അതുകൊണ്ടാവണം പതിനൊന്നാം ദിവസം ഉരുച്ച നേരത്ത് അവൾ സൈക്കിളുമെടുത്ത് സ്കൂളിലേക്ക് പോകാനിറങ്ങിയത്.    
       പപ്പയും ചേച്ചിമാരും പോയിക്കഴിഞ്ഞാൽ മമ്മയും അവളും മാത്രമായിരിക്കും ആ വലിയ വീട്ടിൽ. മമ്മയുടെ അടുത്തു തന്നെ എലിസബേത്ത് എപ്പോഴും ഉണ്ടായിരിക്കണം. ഒരഞ്ചുമിനിറ്റ് എങ്ങോട്ടെങ്കിലും മാറി നിന്നാൽ മതി സോഫിയ അവളെ അന്വേഷിച്ചു തുടങ്ങും. അതുകൊണ്ട് തന്നെ പകൽ സമയങ്ങളിൽ ഏറെ നേരവും അടുക്കളയിൽ മമ്മയെ ചുറ്റിപ്പറ്റി തന്നെ അവൾ നടക്കും. 
     മമ്മ പാചകം ചെയ്യുന്നത് ശ്രദ്ധയോടെ കണ്ട് നില്ക്കും. മമ്മയോട് സംശയങ്ങൾ ചോദിച്ച് അവളിപ്പോൾ എന്തെങ്കിലുമൊക്കെ പാചകം ചെയ്യാനും തുടങ്ങിയിട്ടുണ്ട്.
      സൈക്കിൾ ഇടവഴിയിലേക്ക് അവൾ ഇറക്കി നിർത്തി.
      " മമ്മാ..ഞാനിപ്പം വരാവേ.."
       സോഫിയ ജനലിലൂടെ പുറത്തേക്ക് നോക്കി. ആദിയെ ശരിക്കും ശ്രദ്ധിക്കണമെന്ന് ദിവസവും രാവിലെ പോകാൻ നേരം സോളമൻ സോഫിയയെ ഓർമ്മിപ്പിക്കാറുണ്ട്. സ്കൂളിൽ പോകാതെ വീട്ടിൽ ഒന്നും ചെയ്യാനില്ലാതെയിരിക്കുന്ന അവളെ നന്നായി ശ്രദ്ധിക്കുക തന്നെ വേണം. അവളുടെ മനസ്സ് എന്തോ കാരണങ്ങളാൽ അസ്വസ്ഥമാണെന്നും അയാൾ മനസ്സിലാക്കുന്നുണ്ട്.
     " സ്കൂളീ പോകാത്തേന് അവൾക്ക് നല്ല വിഷമം കാണും.."
      " ഉം.."
      അത് ശരിയാണെന്ന് സോഫിയക്കും അറിയാമായിരുന്നു. വായിച്ചു കൊണ്ടിരുന്ന പുസ്തകം സോളമൻ അടച്ചു വെച്ചു. എന്നിട്ട് അയാൾ വെളിച്ചം കെടുത്തി ഇരുട്ടിലേക്ക് കണ്ണുകൾ തുറന്ന് വെച്ചു.
      " അവൾക്കെന്നോട് ദ്വേഷ്യം കാണുമോ..ഇച്ചായാ.?"
      " ഒരിക്കലുമില്ല.."
      " എന്നാലും -?"
      " നിന്നോട് അവളെപ്പോഴെങ്കിലും ദ്വേഷ്യം കാണിച്ചിട്ടുണ്ടോ?"
      " ഇല്ല.."
      " അതാ..പറഞ്ഞെ, ആർക്കൊക്കെ തോന്നിയാലും അവൾക്ക് മാത്രം തോന്നില്ലെന്ന്."
       സോഫിയ മിണ്ടാതെ കിടന്നു.
       തെറ്റും ശരിയുമൊന്നും സോഫിയക്ക് വേർതിരിച്ചെടുക്കാനറിയില്ല. കോളേജിൽ പഠിച്ച ബിരുദവുമില്ല. ഒരു പത്താം ക്ലാസ്സ് കാരിക്ക് അല്ലെങ്കിലും 
എന്തറിയാം ? പക്ഷെ, ഒന്നറിയാം. ഒരു ദു:സ്വപ്നം പോലെ രാത്രിയിൽ വേട്ടയാടുന്ന ഒരു കാഴ്ച്ചയുണ്ട്. മുട്ടുകാലിന് താഴെയും തുടകളിലുമായി രക്തമുണങ്ങി കട്ടിപിടിച്ച മുറിവുകളുടെ തവിട്ട് നിറമാർന്ന വടുക്കൾ വീണ് കിടക്കുന്ന ഒരു കാഴ്ച്ച.    
      ഉറക്കത്തിനിടയിലെ വേദനയാർന്ന ഞരങ്ങലുകളും തേങ്ങലുകളും തടുക്കാൻ കഴിയാത്ത ഒരു ദുഃഖം പോലെ സോഫിയയുടെ ഹൃദയത്തിൽ ഇപ്പോഴും കനത്ത് കിടപ്പുണ്ട്.
       സൈക്കിളിൽ ഇടവഴിയിലേക്കിറങ്ങി നില്ക്കുന്ന ആദിയെ കണ്ട് അവളോടി മുറ്റത്തേക്കിറങ്ങി വന്നു.
      " മോളെങ്ങോട്ടാ?"
      " സ്കൂളിലേക്ക്."
       സോഫിയ സോളമന്റെ വാക്കുകളെ ഓർത്തു. 
ഒരു ഹാഫ് സ്കർട്ടും കറുപ്പിൽ ചുവന്ന വരകളുമുള്ള ഒരു ബനിയനും. ഇന്നലെ മുതൽ അവൾ വീട്ടിലിടുന്ന ഡ്രസ്സാണിത്. മുഷിഞ്ഞതുമാണ്.
      " മമ്മ പോണ്ടെന്ന് പറഞ്ഞാ..ഞാൻ പോവില്ല.."
ഒരു മറുപടിക്ക് വേണ്ടി എലിസബേത്ത് കാത്ത് നിന്നു.
      " ഇല്ല..മോള് പോയിട്ട് വാ.."
തന്റെ ഇഷ്ടത്തിനും സന്തോഷത്തിനുമപ്പുറം ഇപ്പോൾ മമ്മയ്ക്കൊന്നുമില്ല...പാവം മമ്മ.
     " പോയിട്ട് വേഗം വരണം..സൂക്ഷിച്ച് പോകേം വേണം."
     അവൾ തന്നെ വെറുക്കുന്നില്ലെന്ന് തിരിച്ചറിയുമ്പോൾ തന്നെ മനസ്സ് നിറയുന്ന സന്തോഷം. സോഫിയ ഇടവഴിയിലേക്കിറങ്ങി അവൾ പോകുന്നതും നോക്കി നിന്നു.
      സ്കൂളിൽ ലഞ്ച് ബ്രേക്കിന്റെ സമയമായിരുന്നു. വലിയ ഇരുമ്പുഗേറ്റിന്റെ ഒരറ്റത്തായുള്ള അഴികളിൽ പിടിച്ച് എലിസബേത്ത് ഒതുങ്ങി നിന്നു. ഗേറ്റിന്റെ പരിസരത്തേക്ക് പോലും ഒരു കുട്ടികളും വരുന്നില്ല. അവൾക്ക് പരിചയമുള്ള ആരെയും അവൾ എവിടെയും കണ്ടതുമില്ല. 
      അഴികൾക്കുള്ളിലൂടെ അവൾ ദൂരെ സ്കൂളിലേക്ക് നോക്കി. കുട്ടികളുടെ ആരവങ്ങൾ അങ്ങകലെയാണ്. കടൽ തീരത്തു നിന്നും അകന്ന് പോകുന്ന ഒരാളുടെ കാതിലേക്കെത്തുന്ന കടലിരമ്പങ്ങൾ പോലെ. ഇവിടെ നിന്നാൽ അവളുടെ ക്ലാസ്സിന്റെ ജനൽപ്പാളികൾ തുറന്ന് കിടക്കുന്നത് കാണാം. 
      " കുട്ടിയെന്താ..ഇവിടെ ?"
സെക്യൂരിറ്റിയാണ്. അയ്യപ്പേട്ടന് എലിസബേത്തിനെ മനസ്സിലായില്ലെന്ന് തോന്നുന്നു. 
      " വെറുതെ - "
      " ഇവിടെയിങ്ങനെ നില്ക്കാൻ പാടില്ല."
      " ഉം.."
      മനസ്സിലാകാതിരുന്നത് ചിലപ്പോൾ യൂണിഫോമിലല്ലാത്തതു കൊണ്ടായിരിക്കണം. കഴിഞ്ഞ ബെർത്ത്ഡേക്ക് മിഠായി കൊടുത്തത് അയ്യപ്പേട്ടൻ മറന്ന് കാണും. വീട്ടിൽ ഒരു ഉണ്ണിയുണ്ടെന്ന് പറഞ്ഞപ്പോൾ നാലഞ്ചെണ്ണം കൂടുതൽ കൊടുത്തതും അവളോർത്തു.
       വെയിലിൽ വിയർത്ത് നനഞ്ഞ് എലിസബേത്ത് കയറി വരുമ്പോൾ സോഫിയ തിണ്ണയിൽ അവളെയും കാത്തിരിപ്പുണ്ടായിരുന്നു. സോഫിയക്ക് ശ്വാസം വീണു. അവളെത്തുന്ന ഈ നിമിഷം വരെ കലങ്ങിയ ചിന്തകളായിരുന്നു മനസ്സ് നിറയെ. ഒരിക്കലും അവസാനിക്കാത്ത നശിച്ച ചിന്തകൾ. ഒന്നല്ലെങ്കിൽ മറ്റൊന്ന്. തീ തിന്നുന്ന ചിന്തകളുമായാണ് ഓരോ ദിവസവും തുടങ്ങുന്നത് തന്നെ. ഇങ്ങനെ മനസ്സ് നിറയെ തീയുമായി നടക്കാനായിരിക്കും വിധി.
     സോഫിയ അവളുടെയടുത്ത് ചെന്നു.
   " മോളെന്തിനാ സ്കൂളീ പോയേ..?"
   " വെറുതെ..വെറുതെ.."
അവളുടെ ശബ്ദത്തിൽ സ്കൂളോർമ്മകളുടെ ഒരു നനവ് വീണ് കിടന്നിരുന്നു. തോന്നി. സ്കൂൾ വെറുതയൊന്ന് കാണണം. അത്രമാത്രം. 
     അവൾ ചിരിച്ചു.
ഒരു ഭൂതക്കണ്ണാടിയെടുത്ത് നോക്കിയാൽ അവിടം മുഴുവൻ തന്റെ കാലടിപ്പാടുകൾ പതിഞ്ഞു കിടക്കുന്നത് ചിലപ്പോൾ കാണാം. പുറകിൽ കൊച്ചു ബാഗും തൂക്കി സ്റ്റെപ്പുകൾ കയറിപ്പോകുന്ന ഒരു എൽകെജി ക്കാരി കുഞ്ഞു എലിസബേത്തിനെയും ചിലപ്പോൾ കാണാൻ കഴിഞ്ഞേക്കും..
      അവൾ സൈക്കിൾ തൂണിനോട് ചേർത്ത് ചങ്ങലയിൽ ബന്ധിച്ച് വെച്ചു.
      " ആദി ഇന്ന് സ്കൂളീ പോയിരുന്നു.."
ഓഫീസിൽ നിന്നും വന്നപാടെ സോഫിയ സോളമനോട് ഒച്ചയൊതുക്കി പറഞ്ഞു. അയാൾ ബാഗിൽ നിന്നും ടിഫിൻ ബോക്സെടുത്ത് ഡൈനിംഗ് ടേബിളിൽ വെച്ചു.
      " എന്തിന്?"
      " വെറുതെ.."
വസ്ത്രങ്ങൾ മാറി സോളമൻ ചാരുകസാരയിൽ വന്ന് കിടന്നു. ഒരു ഗ്ലാസ്സിൽ ചായയുമായി വന്ന് സോഫിയ അയാളുടെയടുത്തിരുന്നു.
     " എന്നിട്ട് അവളെവിടെ ?"
     " അടുക്കളയിലുണ്ട്..ഇന്നത്തെ നാലുമണി പലഹാരം അവളുടെ വകയാണ്.."
      അയാൾ ചിരിച്ചു. 
എലിസബേത്തിന്റെ ചെറിയ മാറ്റങ്ങൾ പോലും ആ വീടിനുള്ളിലുള്ളവരെ നന്നായി സ്വാധീനിക്കുന്നുണ്ട്. സുഖദുഃഖങ്ങൾ അതിനുള്ളിലേക്ക് കടന്നു വരുന്നത് എലിസബേത്തിന്റെ അനുവാദത്തോടെ മാത്രം.
       " ഇതെങ്ങനെയുണ്ടെന്ന് നോക്കിയേ..പപ്പാ."
       " ഇതെന്താ സാധനം ?"
       " മണിപ്പുട്ടാണ്.."
       " ആണോ.."
എലിസബേത്ത് ആദ്യമായി ഉണ്ടാക്കിയതാണ്. അവൾ പപ്പയുടെ തൊട്ടടുത്തു തന്നെ നിന്നു. സോളമൻ കഴിക്കുന്നതും നോക്കി. അയാളുടെ അഭിപ്രായമറിയാൻ.
     എലിസബേത്ത് പതുക്കെ മാറുകയാണെന്ന് സോളമന് തോന്നി. പലപ്പോഴും എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറി എന്തെങ്കിലുമൊക്കെ ചിന്തിച്ച് നടന്നിരുന്ന എലിസബേത്തിന്റെ മാറ്റം ചേച്ചിമാരെയാണ് ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചതെന്ന് പറയാം. അവർ സ്കൂളിലേയും കോളേജിലേയും വിശേഷങ്ങൾ ദിവസവും രാത്രിയിൽ എലിസബേത്തിനോട് പറഞ്ഞു. വായിച്ച പുതിയ പുസ്തകങ്ങളിലെ കഥകൾ എലിസബേത്തും അവരോട് പറഞ്ഞു.
        അപ്പോഴൊക്കെയും ചില നേരങ്ങളിലുള്ള ജൂലിയുടെ നിശ്ശബ്ദത എലിസബേത്തിനെ ചിന്തകളിലാഴ്ത്തി. ജൂലിയുടെ മാറ്റം ഏറ്റവും പെട്ടെന്ന് തിരിച്ചറിയുന്നതും എലിസബേത്ത് തന്നെ. അവളെപ്പോഴും ഏതോ ചിന്തകളിലാണെന്നും അവൾ തിരിച്ചറിയുന്നുണ്ട്.
       ദിവസവും രാത്രിയിൽ ഏറെ വൈകിയും ഒരു സിഗരറ്റിന്റെ മണത്തിന് വേണ്ടി എലിസബേത്ത് കാത്ത് കിടന്നു. വീണ്ടും ഒരു പാട് ദിവസങ്ങളിൽ എലിസബേത്ത് ജൂലിയുടെ മുറിയിൽ പോയി. ടെറസ്സിൽ പോയി. കോളേജ് വിട്ട് വരുമ്പോഴൊക്കെ അവളറിയാതെ ബാഗ് പരിശോധിച്ചു. എല്ലാം പഴയതു പോലെ. അസ്വാഭാവികമായി ഒന്നും തന്നെ എലിസബേത്തിന് കിട്ടിയില്ല. 
      ദിവസങ്ങൾ കഴിയുന്തോറും ജൂലി കൂടുതൽ നിശ്ശ:ബ്ദയായി വന്നു. ഈ മാറ്റം എലിസബേത്തിനെ കൂടുതൽ വിഷമിപ്പിച്ചു.
      " കുഞ്ഞേച്ചിക്കെന്ത് പറ്റി ?"
എലിസബേത്ത് അവളുടെയടുത്തായി കട്ടിലിലിരുന്നു. ജൂലി വെറുതെ കിടക്കുകയായിരുന്നു. അപ്രതീക്ഷിതമായി ആദിയെ കണ്ട് അവൾ കിടക്കയിൽ എഴുന്നേറ്റിരുന്നു.
     " മോനെന്താ അങ്ങനെ ചോദിച്ചേ..?"
     " വെറുതെ.."
     " അത് മോന് തോന്നുന്നതാ -"
     " പിന്നെന്താ എന്നോട് മിണ്ടാത്തെ ?"
      ജൂലി ചിരിച്ചു. മറുപടിയൊന്നും പറയാതെ അവൾ എലിസബേത്തിനെ ചേർത്ത് പിടിച്ചു. ജൂലിയുടെ ഹൃദയമിടിപ്പിനപ്പുറത്ത് മറഞ്ഞിരിക്കുന്ന കലുഷമായ ഒരു മനസ്സിന്റെ അസ്വസ്ഥതകൾ എലിസബേത്ത് തൊട്ടറിഞ്ഞു. ഇപ്പോൾ ഒരു പുഞ്ചിരിയിൽ അതിങ്ങനെ മറച്ച് പിടിക്കാൻ ചിലപ്പോൾ പറ്റിയേക്കും. പക്ഷെ, എനിക്കത് തിരിച്ചറിയാം.
       അന്ന് രാത്രിയും ഇരുട്ടിലൂടെ ഒഴുകി വരുന്ന ഒരു സിഗരറ്റിന്റെ ഗന്ധത്തിനായി എലിസബേത്ത് നാസാരന്ധ്രങ്ങൾ തുറന്ന് വെച്ച് തന്നെ കിടന്നു. പക്ഷെ അധികം താമസിയാതെ അവളുറങ്ങുകയും ചെയ്തു.   
      ചേച്ചിമാരോടൊപ്പം പായലും ചണ്ടിയും നിറഞ്ഞ ഒരു കുളത്തിൽ കുളിക്കുന്ന സ്വപ്നമാണ് അന്ന് രാത്രി എലിസബേത്ത് കണ്ടത്..
       കുളി കഴിഞ്ഞ് കരയിൽ കയറുമ്പോൾ ജൂലി മാത്രം ഉണ്ടായിരുന്നില്ല. അവളെയും കാത്ത് മൂന്ന് പകലുകളും രണ്ട് രാത്രികളും അവർ മൂന്ന് പേരും കരയിൽ തന്നെയിരുന്നു. അതിന് ശേഷമായിരുന്നു ജൂലി കുളത്തിൽ നിന്നും പൊന്തി വന്നത്. ആ സമയം അവൾ നഗ്നയായിരുന്നു. ഇടതു വശത്തെ മുലക്കണ്ണിന് താഴെ മാറിൽ ഒരു കൈനഖപ്പാടിന്റെ ചുവന്നു തടിച്ച ഒരു കീറൽ എലിസബേത്ത് കണ്ടു.
        പിറ്റേന്ന് വെള്ളിയാഴ്ച്ച. തലേ ദിവസം കണ്ട സ്വപ്നത്തിലൂടെ എലിസബേത്ത് ഏറെ സമയം മുൻപോട്ടും പുറകിലോട്ടും സഞ്ചരിച്ചു നോക്കി. സിഗ്മണ്ട് ഫ്രോയ്ഡിന്റെ ഡ്രീം സൈക്കോ അനാലിറ്റിക് അവൾ തപ്പിയെടുത്തു. അടിച്ചമർത്തപ്പെട്ട ആഗ്രഹങ്ങളുടെ വേഷം മാറിയുള്ള പൂർത്തീകരണം. ഇംപേഴ്സണേഷൻ…ഈ നിർവ്വചനം ഇവിടെ ശരിയാവില്ലെന്ന് അവൾക്ക് തോന്നി. ഇവിടെ വരുന്നത് ആഗ്രഹങ്ങളിൽ നിന്നല്ല. ഭയത്തിൽ നിന്നാണ്. സംത്രാസം എന്ന് പറയും.
     മുറ്റത്ത് അവൾ അസ്വസ്ഥമായ മനസ്സോടെ അലക്ഷ്യമായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. വെയിലിന് ചൂടേറിയത് അവളറിഞ്ഞില്ല.
      " ആദീ.. നീയെവിടെയാ ?"
      " ഞാനിവിടെയുണ്ട് മമ്മാ.."
മമ്മ ഇടക്കിടക്ക് ഇങ്ങനെ വിളിച്ച് ചോദിച്ച് കൊണ്ടിരിക്കും. അവൾ തനിയെ ചിരിച്ചു. എലിസബേത്ത് എന്ന് പറഞ്ഞാൽ മമ്മക്കൊരു പേടിസ്വപ്നമാണെന്ന് തോന്നുന്നു.
       ഇടവഴിയിൽ പെട്ടെന്ന് ഒരു സ്കൂട്ടർ വന്ന് നിന്നു. ആളെ കണ്ട് അമ്പരന്ന് എലിസബേത്ത് മുറ്റത്ത് തന്നെ നിന്നു.
      ആഷിക്ക്..!
 അവൾ അന്ധാളിച്ച് ഒരു നിമിഷം ചുറ്റും നോക്കി. മമ്മയെവിടെ? മമ്മ അടുക്കയിൽ തന്നെയുണ്ടെന്ന് ഉറപ്പു വരുത്തി അവൾ ഇടവഴിയിലേക്കോടി.
       ആഷിക്ക് സ്കൂട്ടറിൽ നിന്നും ഇറങ്ങിയില്ല. മുഖം മറച്ചിരുന്ന ഹെൽമറ്റിന്റെ ഗ്ലാസ്സ് മാത്രം ഉയർത്തി വെച്ചു. ഒരു നിമിഷം രണ്ട് പേരും ഒന്നും മിണ്ടിയില്ല. വാക്കുകൾ ഇരുവരുടെയും ഹൃദയത്തിന്റെ അടിത്തട്ടിൽ തന്നെ കിടന്നു. ഇത്രയും ദിവസങ്ങൾ അകമേ ഒരു നീറ്റലായി കിടന്നിരുന്ന കനലുകളിൽ തൊടുന്നത് ഇപ്പോൾ വീശുന്ന ഒരു തണുത്ത കാറ്റാണ്.
        മുട്ടിന് താഴെയായി മാഞ്ഞ് പോകാൻ തുടങ്ങിയ മങ്ങിയ കരുവാളിച്ച പാടുകൾ ആഷിക്ക് കണ്ടു. അവന്റെ കണ്ണുകളിലെ ചോദ്യത്തിന് മറുപടിയായി എലിസബേത്ത് ചിരിച്ചു.
    " മമ്മയാണ്. പക്ഷെ..പാടുകൾ മാത്രേ വീണുള്ളൂ. വേദനിച്ചില്ല.."
    " നിനക്കോ?"
    " എനിക്കേറ്റവും ഇഷ്ടം എന്റെ വാപ്പിച്ചിയെയായിരുന്നു. വാപ്പിച്ചിക്കും അങ്ങനെ തന്നെയായിരുന്നു. വാപ്പിച്ചി എന്നെ തല്ലിയില്ല. ചീത്ത പറഞ്ഞില്ല. ഒന്നും ചെയ്തില്ല.. പക്ഷെ അതിന് ശേഷം എന്നോട് മിണ്ടിയിട്ടേയില്ല.."
        അവൾ അവന്റെ കണ്ണുകളിലെ സങ്കടങ്ങളിലേക്ക് നോക്കി. ആഷിക്ക് അവളെ നോക്കിയില്ല. അവന്റെ കണ്ണുകൾ ദൂരെ പാടത്ത് മേയുന്ന കാലികളിൽ പതിഞ്ഞു. മരച്ചില്ലകളുടെയും ഇലകളുടെയും നിഴലുകൾ അവന് മേലെ ചിത്രങ്ങൾ വരച്ച് നിന്നു. പഴുത്ത മഞ്ഞ നിറമുള്ള മാവിന്റെ ഇലകൾ കാറ്റിൽ ഓരോന്നായി അവരുടെയിടയിലേക്ക് വീണ് കൊണ്ടിരുന്നു.
      " മിണ്ടാത്തതായിരുന്നു എന്റെ ഏറ്റവും വലിയ സങ്കടവും. കുറച്ച് ചീത്തയെങ്കിലും പറഞ്ഞിരുന്നെങ്കിലെന്ന് ഞാൻ അന്നാളുകളിലൊക്കെ വല്ലാതെ അഗ്രഹിച്ചിരുന്നു. പല ദിവസങ്ങളിലും രാവിലെ വാപ്പിച്ചി ഡ്യൂട്ടിക്ക് പോകുന്നത് വരെ എണീക്കാതെ കിടക്കും.."
      അവളെല്ലാം കേട്ടു നിന്നു.
കണ്ണുകളിലെ നനവ് മറച്ചു പിടിക്കാനായിരിക്കണം അവൻ മുഖത്തേക്ക് നോക്കിയില്ല. അവളും വെറുതെ അകലേക്ക് നോക്കി നിന്നു. ദൂരെ പാടത്ത് മേയുന്ന വാസുവിനെ അവൾക്ക് കാണാം..
     " വാ..വീട്ടിലേക്ക് വാ.."
സ്കൂട്ടറിന്റെ ഹാന്റിലിൽ പിടിച്ചിരുന്ന അവന്റെ കൈവിരലുകളിൽ അവൾ പതുക്കെ തൊട്ടു.
     " പിന്നെയാകട്ടെ.."
അവൻ മൃദുവായി ചിരിച്ചു. അവളവനെ നിർബ്ബന്ധിച്ചില്ല. ഇനിയും മറ്റൊരു ആധി കൂടി മമ്മക്ക് കൊടുക്കേണ്ട.
     " വാപ്പിച്ചിയുടെ വണ്ടിയെടുത്ത് ആരുമറിയാതെ വന്നതാണ്. പെട്ടന്ന് തന്നെ തിരിച്ച് പോണം. "
     " അന്ന്..യാത്ര പോലും പറയാൻ പറ്റാതെ ഞാനേറെ വിഷമിച്ചു.."
       എലിസബേത്തിന്റെ വാക്കുകളിലെ പതർച്ച അവൻ മനസ്സിൽ തൊട്ടറിഞ്ഞു. അന്ന് ഓഫീസിൽ നിന്ന് പുറത്തിറങ്ങി അവന്റെ കണ്ണുകളും തിരഞ്ഞത് എലിസബേത്തിനെയായിരുന്നു. അവളുടെ മുഖത്തിന്റെ ഒരു ചിത്രം മാത്രം മനസ്സിൽ കിടപ്പുണ്ടെന്നല്ലാതെ മറ്റൊന്നുമറിയില്ലായിരുന്നു.
     അവൻ മറുപടിയൊന്നും പറയാതെ നിന്നതേയുള്ളു.           
      " എന്നോട് ദ്വേഷ്യമുണ്ടോ ?"
അവൾ ശബ്ദം താഴ്ത്തി ചോദിച്ചു.
      " ഒരിക്കലുമില്ല.."
      " ഞാനൊരിക്കൽ വീട്ടിൽ വരും. നിന്റെ വാപ്പിച്ചിയോട് നടന്നതെല്ലാം പറയണം.."
അവൻ ചിരിച്ചതേയുള്ളു. വീണ്ടും നിശ്ശബ്ദത. 
      അവർ രണ്ട് പേരും ഇപ്പോൾ നില്ക്കുന്നത് സൈക്കിൾ ഷെഡ്ഡിനടുത്തുള്ള അതേ ബദാം മരത്തിന്റെ തണലിലായിരിക്കണം. പതിനാലാം നമ്പർ സ്കൂൾ ബസ്സിന്റെ ഇരമ്പൽ..
      " പോട്ടെ.."
കണ്ണുകൾ കൊണ്ട് അവൻ യാത്ര ചോദിച്ചു. അവൾ തലയാട്ടി മൂളി.
      " ഉം.."
പക്ഷെ..ചോദിക്കാൻ ഇനിയുമേറെ അവൾക്കുണ്ടായിരുന്നു.! ഏത് സ്കൂളിലാണ് ഇനി പോകുന്നത്.? എന്റെ വീട് എങ്ങനെ കണ്ട് പിടിച്ചു.? എന്നെ ഓർക്കാറുണ്ടോ.? ഇങ്ങനെയെത്ര ചോദ്യങ്ങൾ.
     അവൻ വണ്ടി തിരിച്ചു. 
    ഹെൽമെറ്റിന്റെ ഗ്ലാസ്സ് താഴ്ത്തി.
     " ഞാനൊരൂട്ടം ചോദിക്കട്ടെ.?"
     " എന്താ ?"
ഒരാകാംക്ഷയിൽ അവൻ തിരിഞ്ഞ് അവളെ നോക്കി.
     " എനിക്കൊരു ഫോൺ വേണം..പഴയത് മതി. നിന്നെ വിളിക്കാൻ മാത്രമായി ഒരു ഫോൺ.."
      അവൾ സ്കൂട്ടറിന്റെ ഹാന്റിലിൽ കൈ വെച്ചു. അവളുടെ നിഴൽ അവന്റെ മുഖത്തേക്ക് വീണു. വീണ്ടും വേറെന്തോ ചോദിക്കാനായി അവൾ അവന്റെ അടുത്തേക്ക് കുറച്ചു കൂടെ ചേർന്ന് നിന്നു. 
      ഓരോ പെണ്ണിനും ഓരോ മണമാണ്. നാസാരന്ധ്രങ്ങൾ ചിലപ്പോൾ അത് നഷ്ടപ്പെടുത്താതെ നിധിപോലെ സൂക്ഷിച്ച് വെക്കും. അവളുടെ നിശ്വാസത്തിന്റെ ചൂട് അവന്റെ കവിളിൽ പതിച്ചു.
     " പിന്നെ...ഒരൂട്ടം കൂടി -"
     " വേറെന്താ?"
     " ഒരു കൈതോക്കും കൂടെ വേണം.."
      ശരീരത്തിനുള്ളിലൂടെ രക്തമൊഴുകുന്നതിന്റെ ശബ്ദം അവൻ സ്വയം കേട്ടു. ഉറപ്പു വരുത്താനായി അവൻ വീണ്ടും മുറിഞ്ഞു പോയ വാക്കുകളെ തിരഞ്ഞു.
     " കൈ തോക്കോ ?"
     " ഉം..എനിക്കൊരാളെ കൊല്ലണം.."
     അവൾ ചിരിച്ചു.
     അടുക്കളയിൽ നിന്നും സോഫിയയുടെ വിളി കേട്ടു. 
അവൾ പെട്ടെന്ന് ഇടവഴിയിൽ നിന്നും മുറ്റത്തേക്ക് നടന്നു. ഉമ്മറത്തേക്ക് കയറുമ്പോൾ അവൾ തിരിഞ്ഞു നോക്കുമെന്ന് കരുതി അവൻ അവിടെത്തന്നെ നിന്നു.
        അറിയാം.
     നോക്കുന്നില്ല..
നിന്റെ പൾസറിയാൻ ഒരു സ്റ്റെതസ്കോപ്പിന്റെ ആവശ്യമില്ല.. ആഷിക്ക്.. അവൾ മനസ്സിൽ ചിരിച്ചു.
       പടികൾ കയറുമ്പോൾ അവളോർത്തു. സ്കൂട്ടറിന്റെ ഹാന്റിലിൽ കൈ വെച്ചപ്പോൾ അറിയാതെ വിരൽത്തുമ്പുകളിൽ ഒന്ന് തൊടുക പോലും അവൻ ചെയ്തില്ലല്ലൊ..! 


🟥 തുടരുന്നു…