ഭാഗം 5
കൗമാരത്തിൻ്റെ കുസൃതിയിൽ വിരിഞ്ഞ തമാശയായിരുന്നില്ല അവർക്കിടയിൽ ഉണ്ടായിരുന്നത്. ഭാവി അവർക്കുവേണ്ടി എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന് ഈ കുട്ടികൾ അറിയുന്നില്ല.ഇവർക്കിടയിലുള്ള നിസ്വാർത്ഥയിൽ ഇപ്പോഴെങ്കിലും അൽപം സ്വാർത്ഥയുടെ വിത്ത് പാകാൻ എനിക്ക് സാധിച്ചു എങ്കിൽ മാത്രമേ ഹവാന് ഭാവിയിൽ നേരിടേണ്ടി വരുന്ന നഷ്ടങ്ങൾക്കിടയിലും നിസ്വാർത്ഥയോടെ എനിക്ക് അല്ല, അവൾക്ക് നിലനിൽക്കാൻ സാധിക്കുകയുള്ളൂ... അവൻറെ ആശ്വാസമായി..., ബലമായി..., എൻ്റെ ഉള്ളിൽ വിങ്ങുന്ന കുറ്റബോധത്തിൽ...,എല്ലാത്തിൻ്റെയും തുടക്കമായ ഈ ദിവസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത്രയധികം ഞാൻ ആഗ്രഹിച്ചതിൻ്റെ ഫലമായി ഉണ്ടായ തിരിച്ചുവരവാണിത്. അന്നൊരിക്കൽ.... ഇതേ ഡിസംബർ 30ന് ഞാൻ അനുഭവിച്ച വീർപ്പുമുട്ടൽ, എൻ്റെ വിങ്ങൽ ഉള്ളിലൊതുക്കാൻ ഞാൻ പാടുപെട്ട നിമിഷങ്ങൾ... പക്ഷേ, ഇപ്പോൾ എൻ്റെ മുന്നിലൂടെ നടന്നുവരുന്ന ആ പതിനഞ്ച്കാരിക് ആ പ്രയാസങ്ങൾ ഒന്നുമില്ല. .,അവൾ വളരെ സൗമ്യതയോടെ നടന്നു വരുന്നു. കൂടെ എപ്പോഴത്തെയും പോലെ വളരെ ശാന്തനായി ഹവാനും. ഈ യാത്ര പറച്ചിലിനിടയിൽ എൻ്റെ ആവശ്യമില്ല. അതിനാൽ തന്നെ എനിക്ക് മറഞ്ഞുനിന്ന് ഒരു കാഴ്ചക്കാരിയുടെ വേഷം സ്വീകരിക്കാനേ കഴിയൂ.., അവർ പരസ്പരം തങ്ങളുടെ മൗനത്തെ ഭേദിക്കാൻ മത്സസരിക്കുകയാണ്.നിശബ്ദതയുടെ നിശ്വാസങ്ങളെ ഭേദിച്ചുകൊണ്ട് ഹലോന പറഞ്ഞു തുടങ്ങി, ഹവാൻ നമ്മൾ ആദ്യമായി കണ്ട ദിവസം മുതൽ ഇന്ന് ഈ ദിവസം വരെ നമ്മുടെ ഭാഷ മൗനമായിരുന്നു.എങ്കിലും ആ മൗനത്തിലും ഞാൻ നിന്നെ മനസ്സിലാക്കുന്നു, ഒരു പക്ഷേ മറ്റാരേക്കാളും, ഞാൻ നിന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് നമുക്കിടയിൽ ഉണ്ടായിവന്ന ഈ ബന്ധത്തിന് എന്താണ് പേര് നൽകേണ്ടത് എന്ന് ഞാൻ ആലോചിച്ചു.നീയും ഈ ചിന്തയിൽ ആയിരുന്നു എന്ന് എനിക്കറിയാം. നമുക്ക് രണ്ടുപേർക്കും ഒരേ ഉത്തരമാണോ എന്ന ആകാംക്ഷയായിരുന്നു ഇതുവരെ എനിക്ക്.അവൾ മറുപടിക്കായി ഹവാനെ നോക്കി.ഹലോനയുടെ ആകാംക്ഷയെ ചെറു പുഞ്ചരിയിൽ ഒതുക്കികൊണ്ട് ഹവാൻ പറഞ്ഞു. ഇതൊരു ചെറിയ യാത്രപറച്ചിലിൽ ഒതുക്കാൻ കഴിയില്ല എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. ഈ ദിവസം എനിക്കും നിന്നേപോലെ തന്നെ നഷ്ടത്തിൻ്റേതായി മാറുമോ എന്ന ഭയം ഉണ്ടായിരുന്നു. ഒരു പക്ഷേ നമുക്കിടയിലേക്ക് വന്ന ആ സ്ത്രീ, അവരുടെ വാക്കുകൾ സൃഷ്ടിച്ച മാന്ത്രികതയാകാം ഈ നിമിഷങ്ങളിൽ നമ്മളെ ഇത്രയധികം വാചാലരാക്കിയത്. ഞാനും നീയും ചിന്തിച്ചു കണ്ടെത്താൻ ശ്രമിച്ച ആ ബന്ധം, അതിനെ വിളിക്കേണ്ട പേര്..,ഇതൊക്കെ നമ്മുടെ ഉള്ളിൽ ഒതുങ്ങിക്കൂടുമായിരുന്നു. ഒരു പക്ഷേ എൻ്റെ ഈ യാത്ര ഭാവിയിൽ എൻ്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കാം,എങ്കിലും ആ ജീവിതത്തിലും എനിക്ക് ശരത്കാലത്തെ ഇതേരീതിയിൽ ആസ്വദിക്കണം, മഞ്ഞ്കാലത്തെ വരവേൽക്കണം, അപ്പോഴും നമുക്ക് ഇതേപോലെ ഒരുമിച്ച് ഉണ്ടാകണം. അതാണ് നിൻ്റെ ചോദ്യത്തിന് എനിക്കുള്ള ഉത്തരം. ഈ ഹവാനെ ഇതേപോലെ നിലനിർത്താൻ നിനക്ക് മാത്രമേ സാധിക്കൂ..., ഹാവാൻ പറഞ്ഞു നിർത്തി. മറ്റൊരു ചെറുപുഞ്ചിരിയോടെ ഹലോന പറഞ്ഞു, നമുക്ക് നിർവ്വചിക്കാൻ സാധിക്കുന്ന പരിമിതികൾക്കും അപ്പുറമായി നമ്മുടെ ബന്ധത്തിന് പല അർത്ഥതലങ്ങളും ഉണ്ടാകാം.എങ്കിലും ഹവാൻ, നീ പറഞ്ഞതുപോലെ നമുക്കിടയിൽ ഇപ്പോൾ എന്താണ് എന്ന് ചിന്തിക്കുന്നതിനേക്കാൾ ഉപരിയായി ഇനിവരാൻ പോകുന്ന ഭാവിയിലും അവിടെ എനിക്കും നിനക്കും വരുന്ന മാറ്റങ്ങൾ ഒരുമിച്ച് അറിയാൻ ഞാനും ആഗ്രഹിക്കുന്നു. നമുക്ക് ഒരുമിച്ച് ഭാവിയെ വരവേൽക്കാം..., നീ നിൻ്റെ വഴിയിലും ഞാൻ എൻ്റെ വഴിയിലും സഞ്ചരിക്കുമ്പോഴും നമുക്ക് ഒന്നിച്ചു സഞ്ചരിക്കാൻ ഒരു പുതിയ വഴി കൂടി സൃഷ്ടിക്കാം..., അന്ന് നമ്മുടെ ആ ഭാവിയിൽ നമുക്ക് ഈ ബന്ധത്തെ നിർവചിക്കാം..., നമുക്ക് അറിയാവുന്ന ഭാഷയിൽ.....
അവരുടെ സംഭാഷണം ഹലോനയുടെ ഹൃദയത്തിൽ ഒരു ചെറു വേദന സൃഷ്ടിച്ചു, കണ്ണുകളിൽ സന്തോഷത്തിൻ്റെ നീരുറവ സൃഷ്ടിച്ചു..,അതൊരു ആനന്ദമാണ്.അവൾ തിരികെ ചെല്ലാൻ പോകുന്ന ഭാവിയിൽ അവൾ പ്രതീക്ഷിക്കുന്ന കാഴ്ചയുടെ ആനന്ദം, ഒരിക്കൽ മൗനം നഷ്ടപ്പെടുത്തിയ ബന്ധത്തെ തിരികെ നേടിയതിൻ്റെ ആനന്ദം.അവളുടെ കാഴ്ചയിൽ നിന്നും ആ കുട്ടികൾ മറയുമ്പോഴും അവൾ തികഞ്ഞ സന്തോഷവതിയായിരുന്നു.., തൻ്റെ ആഗ്രഹം പൂർത്തീകരിച്ചതിൻ്റെ സന്തോഷം.... ഒരിക്കൽ തനിക്ക് സംഭവിച്ച വലിയ തെറ്റിൻ്റെ പരിഹാരം കണ്ടെത്തി എന്ന നിർവൃതിയിൽ.., ഇവരുടെ തുറന്ന് പറച്ചിൽ ഭാവിയെ മാറ്റിമറിച്ചു എന്ന വിശ്വാസത്തിൽ..., അവൾ കണ്ണുകൾ ഇറുക്കിയടച്ചു...
തൻ്റെ വർത്തമാനത്തിലേക്ക് തിരികെ വന്ന അവളുടെ അടുത്തേക്ക് സ്വർണ്ണ വർണ്ണമായ വഴിയിലൂടെ ഒരാൾ നടന്നു വരുന്നുണ്ടായിരുന്നു ..., അവളുടെ പ്രതീക്ഷ പോലെ തന്നെ..., ഇനിയും ഒന്നിച്ചു കണ്ട് തീർക്കാനുള്ള ശരത്കാലങ്ങൾക്കായി......
അവസാനിച്ചു.