അവൾ 🥀(part-8)
അവർ പോയി ആഴ്ചകളുടെ വ്യത്യാസത്തിൽ യാമിയും അവിടെ നിന്നും വീട് മാറി. പിന്നീട് അവർ മാറിയത് ക്വാർട്ടേഴ്‌സിലേക്ക് ആയിരുന്നു.. അവരുടെ അടുത്ത് തന്നെ മറ്റു രണ്ടു കുടുംബങ്ങളും കൂടെ താമസിച്ചിരുന്നു.
തൃശൂർ ജില്ലയിൽ നിന്നും മലപ്പുറം ജില്ലയിൽ നിന്നും ആയിരുന്നു അവർ.ആദ്യമാദ്യം ആരുമായും യാമിയോ കുടുംബവോ മിണ്ടിയിരുന്നില്ല. പിന്നെ പിന്നെ എല്ലാവരോടും അവർ അടുത്ത് തുടങ്ങി.. എല്ലാവരുടേയും നല്ല ഒരു ബന്ധം അവർക്കുണ്ടായി തുടങ്ങി.
എല്ലാവരുടേയും കണ്ണിലുണ്ണിയായി യാമി മാറി.. അതിനു ഏറെ സമയം ഒന്നും എടുത്തില്ല..ദിവസങ്ങൾ പോകെ യാമിയും വലുതായി തുടങ്ങി.. അവളിപ്പോൾ ഏഴാം ക്ലാസ്സിലാണ്.. സ്കൂളും റൂമും ആയി യാമി ഒതുങ്ങി കൂടി.. അടുത്ത റൂമിലുള്ള രണ്ടു പേരുമായി യാമി നല്ല അടുപ്പത്തിൽ വന്നു.അവരും യാമിയെ സഹോദരിയെ പോലെ കണ്ട് സ്നേഹിച്ചു.. രണ്ടു റൂമിലെയും രണ്ട് കുടുംബങ്ങളിലും യാമിയും പ്രിയപ്പെട്ടവളായി മാറി.യാമിയുടെ അമ്മ ജോലിക്ക് പോവാൻ തുടങ്ങി.. അത് കാരണം രാവിലെ നേരത്തെ പോകണം.. രാവിലെ നേരത്തെ എഴുന്നേറ്റ് പോവും അവർ.. യാമി ആയിരുന്നു എല്ലാ ജോലിയും ചെയ്തിരുന്നത്.. അടിച്ചു തുടക്കലും അലക്കുന്നതും ഭക്ഷണം ഉണ്ടാക്കുന്നതും എല്ലാം..അനിയത്തി ശിഖയെ ഒരുക്കി അവളെ അങ്കണവാടിയിൽ ആക്കി അനിയൻ ശരത്തിനെയും കൊണ്ട് സ്കൂളിൽ പോവും.. ഇത് അവളുടെ നിത്യചര്യ ആയി മാറിയിരുന്നു.. ആ പ്രായത്തിൽ തന്നെ ഒരു വീട് പരിപാലിക്കാൻ അവൾക്ക് അറിയാമായിരുന്നു.. അവളുടെ പഠിത്തവും വീട്ടിലെ ജോലിയും അനിയന്റെയും അനിയത്തിയുടെയും പഠിത്തവും എല്ലാം അവൾ ഒന്നിച്ചു കൊണ്ട് പോയി..അധ്യാപകർക്കും അവളെ ഒരുപാട് ഇഷ്ടമായിരുന്നു.. വിവിധ സ്കോളർഷിപ്പുകളും സമ്മാനങ്ങളും അവൾക്ക് ലഭിച്ചു.വിവിധ പരീക്ഷകളിലും ഉന്നതസ്ഥാനം ലഭിച്ചു.. കലയിലും എഴുത്തിലും അവൾ മികവുപുലർത്തി.മോണോആക്ട്, കവിത,ഡാൻസ്, പാട്ട്,തുടങ്ങി ഒരുപാട് മേഖലകളിൽ അവൾ താരമായി.കഥ, കവിത, ഉപന്യാസം തുടങ്ങി എഴുത്തു മേഖലകളിലും അവൾ ശോഭിച്ചു.
അവളും മറ്റെല്ലാം മറന്ന് സന്തോഷിക്കാൻ തുടങ്ങി.. പക്ഷെ അതും നീണ്ടുനിന്നില്ല.. വളരെ കുറച്ചു കാലം മാത്രമേ അവൾക്ക് സന്തോഷിക്കാൻ കഴിഞ്ഞുള്ളു.. താൻ സ്നേഹിച്ചവരെല്ലാം തന്നെ വഞ്ചിക്കുകയാണെന്ന് അവൾ തിരിച്ചറിഞ്ഞു.. തന്നെ മറ്റു പല ആവശ്യങ്ങൾക്കും അവർ ഉപയോഗിക്കാൻ ശ്രമിക്കുകയാണ് എന്ന് അവൾക്ക് മനസ്സിലാവാൻ തുടങ്ങി..അതെല്ലാം മനസ്സിലാക്കാൻ കാരണം ആയത് ആ സംഭവം ആണ്..
ഒരു ദിവസം യാമിയുടെ അച്ഛന്റെ സുഹൃത്തും കുടുംബവും അവരുടെ റൂമിൽ വന്നു.. യാമിയുടെ കുടുംബവും അവരുടെ കുടുംബവും യാമിയുടെ അയൽവാസികളായ മറ്റു രണ്ടു കുടുംബങ്ങളും ഉണ്ടായിരുന്നു അന്ന്.. ഏകദേശം രാത്രി 7 മണി.. എല്ലാവരുടേയും ഒപ്പം അവളും കളിക്കുകയായിരുന്നു.. വളരെ സന്തോഷത്തോടെ..അവർ താമസം രണ്ടാം നിലയിൽ ആയിരുന്നു.. അന്ന് രാത്രി കളിക്കുന്നതിനു ഇടയിൽ ആണ് മുകളിലെ നിലയിൽ നിന്നും അവളുടെ അനിയൻ ശരത് താഴേക്ക് എത്തി നോക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്.. താഴെ വീണാലോ എന്ന ഒരു സഹോദരിയുടെ വേവലാതി കാരണം മറ്റൊന്നും കാണാതെ അവൾ അവനെ മാറ്റി നിർത്തി വഴക്ക് പറഞ്ഞു.. പക്ഷെ അവനത് ദേഷ്യമായി ..അവനത് അവരുടെ അച്ഛനോട് പറയാൻ പോയി.. അച്ഛൻ വഴക്ക് പറയുന്നത് തന്നെയാണെന്ന് യാമിക്ക് അറിയാമായിരുന്നു..യാമി വേണ്ടന്ന് പറഞ്ഞെങ്കിലും അവൻ കേട്ടില്ല.
അവനത് ഉള്ളിൽ പോയി പറഞ്ഞതിന് തെളിവ് അവളുടെ അച്ഛന്റെ ശബ്ദം തന്നെ ആയിരുന്നു.. ഉച്ചത്തിലുള്ള അച്ഛന്റെ വിളി അവളെ അടിമുടി വിറപ്പിച്ചു..പേടിച്ചു വിറച്ചു അവൾ ഉള്ളിലേക്ക് ചെന്നു.. അച്ഛന്റെ മുന്നിലേക്ക്..
(തുടരും....)