Aksharathalukal

വേഴാമ്പൽ

വേഴാമ്പൽ 

നിന്നെ കുറിച്ചെന്നും നിർത്താതെ പാടിയില്ലേ 
എന്നിട്ടുമെന്തേ നീയുപേക്ഷിച്ച് കടന്നു പോയി
അന്തിമയങ്ങിയനേരം കളകൂജനം പോലെവേ 
യെത്ര സുന്ദരമാനസ സന്ധ്യാഗീതം മീട്ടിയെന്നോ 

തൊണ്ടയിൽ വയമ്പായ് ഇറ്റിച്ച് നൽകുവാൻ
മഴതുള്ളിയെ അയയ്ക്കും കരിമേഘവർഷം
ചുവന്ന് ദിവാകരൻ പടിഞ്ഞാറ് ചായുമ്പോൾ
കണ്ഠം തകർന്നിതളുകൾ തേടി നിനക്ക് വേണ്ടി

വാരിധി പിന്നെയും മുകിൽമടി നിറച്ച് ജലകണം
നീലനഭസ്സിൽ പനിമതി പോലെ പകർന്നുവല്ലോ
വസന്തനിറച്ചാർത്ത് പാട്ടിന്റെ പൊയ്കയിൽ
ഈണം കുവലയപ്പൂവായ് നിരന്തരം പരിലസിപ്പു...

ഇനിയും പാടില്ലീ വിരഹിതയാരാമ സന്ധ്യയിൽ
തുണയില്ലാ ഹൃദയം മണ്ണിലൊടുങ്ങിയെന്നാകിലും
കനിവില്ലാ ഹൃദയമുരളിക പാടി തിമിർക്കട്ടെ 
ആസക്തി തുടിക്കും മാംസ ശിബിരങ്ങളിൽ