Aksharathalukal

പ്രായം

ഒരിക്കൽക്കൂടിയങ്ങു പോകാം ബാല്യത്തിൽ 

കേട്ടൊരു കഥയിലെ കൂമനും പുള്ളും നാഗങ്ങളും 

നിധി കാക്കും തണുപ്പുറഞ്ഞു പുൽകും 

സൂര്യനിടം നൽകാതെ വിരാജിക്കും ഇരുളുപുതച്ചൊരു തുരുത്ത്


കാലം പകർന്നു നൽകിയ പലതും നേരുകൾ തേടുവാൻ 

കഥകൾക്കു മുൻപേ നടക്കുവാൻ ഇരുളിൽ പ്രകാശം തേടുവാൻ 

കേട്ടുകേൾവികൾ വിട്ടോടിമാറി നടക്കാനുൾവിളിയായിടുന്നു

പിന്നെ അരികിലേക്കകലം കുറയ്ക്കും ഓരോരാ അടികളും 


നിന്നെ അറിയാൻ വെമ്പുന്നൊരുള്ളവും 

കാലങ്ങൾ തപസ്സ്സുകൾ എത്ര കടന്നുപോയി    

മലർവാക പൂത്തൊരുനാൾ വള്ളം തുരുത്തുമായമർന്നു മെല്ലെ 

വീണ്ടും തുടികൊട്ടുമുള്ളവുമായി പുൽത്തലപ്പുകൾ വകഞ്ഞു 



കരിമണ്ണ്ത്തടത്തിലൂടെ ഉള്ളിൻറെ ഉയിരിടങ്ങൾ തേടവേ 

തണുപ്പില്ല ഇരുളില്ല പേടിതൻ പീലികൾ എങ്ങുമില്ല 

ഉള്ളിൽ തണലുപുതച്ചൊരാ ഇരിപ്പിടങ്ങളിൽ 

ഉയിർതേടും ആത്മാക്കളും നിസ്വനങ്ങളും മാത്രം