Aksharathalukal

അന്ന് പെയ്ത മഴയിൽ

മാനം കറുത്തിരുണ്ട് കരിക്കട്ട പോലെയായി.ജയിസൂട്ടി ആകെ ഭയന്നു. സ്കൂൾ വിട്ടാൽ നേരത്തെ വീട്ടിലേക്ക് കെട്ടിയെടുത്തേക്കണം എന്ന് അമ്മച്ചി രാവിലെ പറഞ്ഞതിന്റെ മുഴക്കം ഇടിയായി കാതിൽ പതിച്ചു.സ്കൂൾ കഴിഞ്ഞു വരുന്ന വഴി ഗോട്ടി കളിച്ചും അനന്തുവിന്റെ വീട്ടിലെ ഇരുമ്പൻ പുളി പറിച്ചു ഉപ്പു കൂട്ടി കഴിച്ചും ഒക്കെ നേരം പോയതറിഞ്ഞില്ല. അത് പിന്നെ ഒരു പതിവാ പക്ഷേ മഴ നനഞ്ഞു വീട്ടില് ചെന്ന് കേറിയ അമ്മച്ചി നല്ല വീക്കു വീക്കും. മൂന്ന് ദിവസമായി മഴയുടെ ലക്ഷണമേ ഇല്ലായിരുന്നു ഇന്നലെ കൂടി കുട കൊണ്ട് വന്നതാ അപ്പോഴൊന്നും ഈ പണ്ടാര മഴയ്ക്ക് പെയ്യാൻ തോന്നിയില്ല. അത് പിന്നെ അങ്ങനെ ആണല്ലോ. മഴ നനഞ്ഞു വീട്ടിൽ ചെന്ന് കേറുന്ന കാര്യം ആലോചിച്ചപ്പോ തലയിൽ ഒരു പെരുപ്പ് കയറുന്നത് പോലെ തോന്നി.പത്താം ക്ലാസ്സുകാരൻ ചേട്ടൻ ജോസ്മോൻ ക്ലാസ് കഴിഞ്ഞു വീട്ടിൽ എത്തിയിട്ടുണ്ടാവരുതേ എന്നവൻ പ്രാർത്ഥിച്ചു. പക്ഷേ ജോസ്മോൻ ഇപ്പൊ പഴയ പോലുന്നുമല്ല. പത്തിലെത്തിയപ്പോ പിന്നെ വെളിപാട് കിട്ടിയ പോലെ പെട്ടെന്നൊരു ദിവസം നല്ല പിള്ളായായി. സ്കൂൾ കഴിഞ്ഞു എക്സ്ട്രാ ക്ലാസ് ഉണ്ട് പത്താം ക്ലാസുകാർക്ക്. അതും കഴിഞ്ഞു നേരെ വീട്ടിലോട്ട് വച്ചു പിടിക്കും പക്ഷേ ആറാം ക്ലാസ് കാരനായ ജയിസൂട്ടി ആറു മണി കഴിഞ്ഞേ വീടെത്തു. കഴിഞ്ഞ കൊല്ലം വരെ ജോസ്മോൻ വാങ്ങിയിരുന്ന തല്ലും വഴക്കും ഇക്കൊല്ലം മുതൽ ജയിസൂട്ടി ഏറ്റെടുത്തു.അപ്പനും മോനും ഇപ്പൊ ഒരേ സമയത്താ വീട്ടി കേറി ചെല്ലുന്നതെന്നാ അമ്മച്ചി പറയുന്നത്. ജോസഫ് ശനിയാഴ്ച ദിവസങ്ങളിൽ മാത്രം വരാൻ വൈകും. തടി മില്ലിലെ ഒരാഴ്ചത്തെ അധ്വാനത്തിന്റെ പങ്ക് ശനിയാഴ്ച വൈകുന്നേരം ഷാപ്പിലെ കറിയായ്ക്ക് കൊടുത്തില്ലേൽ അപ്പന് മനസമാധാനം കിട്ടില്ല. എങ്കിലും ജയ്സൂട്ടി ശനിയാഴ്ച അപ്പന്റെ വരവും കാത്തിരിക്കും നല്ല വരാൽ മുളകിട്ടത് കൊണ്ട് വരും ഷാപ്പിന്ന്. അതില്ലാതെ ഇപ്പൊ ശനിയാഴ്ച അത്താഴം ഇറങ്ങില്ലെന്നായി.

സ്കൂൾ ഇറങ്ങി ചെല്ലുന്നത് നീണ്ട ഒരു ഇടവഴിയിലേക്കാണ്. വഴിക്കിരുവശവും റബ്ബറും കുരുമുളകും പടർന്നു പിടിച്ചിട്ടുണ്ട്. റബ്ബർതോട്ടത്തിന്റെ അതിരിൽ ഇടവഴിയോട് ചേർന്നാണ് അനന്തുവിന്റെ വീട്. അനന്തുവിന്റെ വീട്ടിലാണ് ഗോട്ടി കളി. തൊടിയിൽ ആയിരം കുലകളായി കുലച്ചു നിക്കുന്ന ഇരുമ്പൻ പുളി മരത്തിന്റെ താഴെ ചിരട്ടയിൽ കല്ലുപ്പ് കൊണ്ട് വയ്ക്കും അനന്തു. ഗോട്ടി കളിയും പുളി കഴിക്കലും ഒരുമിച്ച് നടക്കും. ചിരട്ടയിലെ ഉപ്പ് തീരുന്നത് വരെയാണ് കളി. പിന്നെ അനന്തുവിനോട് യാത്ര പറഞ്ഞ് ആന്റണിയുടെ വീട് ലക്ഷ്യമാക്കി നടക്കും. ആന്റണിയുടെ വീട്ടിൽ നിന്ന് നോക്കിയാൽ തെക്കേലെ തോടും അതിനപ്പുറത്തെ വയലും കാണാം. ആന്റണിയുടെ വീട്ടിൽ നാല് പശുക്കൾ ഉണ്ട് രണ്ട് കിടാങ്ങളും. ആന്റണിയുടെ അമ്മച്ചി കാന്താരി മുളകും കറിവേപ്പിലയും ഇട്ട മോര് നീളമുള്ള ഗ്ലാസിൽ ഇന്നാടാ പിള്ളേരെ വലിച്ചു കുടിച്ചോന്നും പറഞ്ഞു തരും. അത് ഉള്ളിൽ ചെല്ലുന്നതോട് കൂടി ദിവസം മുഴുവൻ സ്കൂളിൽ ഇരുന്നതിന്റെ ക്ഷീണം ഒറ്റയടിക്ക് മാറിക്കിട്ടും. ഇന്ന് ഇനി മോര് കുടിക്കാൻ നിന്നാൽ മോന്തയ്ക്കിട്ട് കിട്ടും എന്ന് ഉറപ്പുള്ളതിനാൽ ആന്റണി നിർബന്ധിച്ചിട്ടും നിന്നില്ല. കർത്താവിനെ മനസ്സിൽ വിളിച്ചു ഒരോട്ടം വച്ച് കൊടുത്തു. പെട്ടെന്ന് ഒരിടി വെട്ടി. അത് തന്റെ കാൽ ചുവട്ടിലാണ് വീണതെന്ന് തോന്നിപ്പോയി ജയ്സൂട്ടിക്ക്. ഒരു നിമിഷം സ്തംഭിച്ചു നിന്നെങ്കിലും ഓട്ടം തുടർന്നു.
അധികം ഓടേണ്ടി വന്നില്ല തെക്കേലെ തോട്ടിൽ മഴയുടെ പെരുമ്പറനാദം മുഴങ്ങി കേട്ടു.ജയ്സൂട്ടി ആകെ നിരാശനായി. തന്റെ ഓട്ടം മുഴുവൻ വെറുതെ ആയാലോ എന്ന് അവൻ ഓർത്തു. ഉടനെ ഓട്ടത്തിന്റെ ഗതി മാറ്റി അവൻ തോട്ടുവക്കത്തുള്ള വീട്ടിന്റെ അടുക്കള വശത്തുള്ള ചായിപ്പിലേക്ക് കയറി നിന്നു. മഴ കനത്തു പെയ്യുകയാണ് മുന്നോട്ടു ഒന്നും കാണുവാൻ പറ്റുന്നില്ല. ചായിപ്പിലേക്ക് അതിശക്തമായി കാറ്റ് വീശുന്നുണ്ടായിരുന്നു. ഇനിയും അവിടെ തുടർന്നാൽ പൂർണമായും നനഞ്ഞു കുളിക്കും. അവൻ പതിയെ അരികു ചേർന്ന് മുന്നോട്ടേക്ക് നടന്നു.വീടിന്റെ മുൻവശത്ത് എത്തിയപ്പോൾ അവൻ ഓർത്തു ഇത് ജോസ് മോന്റെ ക്ലാസിൽ പഠിക്കുന്ന സൂസി ചേച്ചിയുടെ വീടണല്ലോ. അവൻ വീടിന്റെ കോലായിൽ നിന്ന് നീട്ടി വിളിച്ചു 'സൂസി ചേച്ചി....' അനക്കമില്ല.വാതിൽ അടഞ്ഞുകിടന്നെങ്കിലും കുറ്റിയിട്ടിണ്ടായിരുന്നില്ല അവൻ വാതിൽ മെല്ലെ തള്ളി തുറന്നു വീണ്ടും വിളിച്ചു 'സൂസി ചേച്ചി....'.വീട് തുറന്നുവച്ചു ഇവരിത് എങ്ങോട്ട് പോയി കിടക്കുന്നു. അവൻ പതിയെ വാതിൽ തുറന്ന് അകത്തേക്ക് കയറി. അകത്തെങ്ങും ആരുമില്ല. അടുക്കളയിലേക്ക് കയറുന്ന വഴിയിൽ ചോറ് വറ്റുകൾ നിലത്ത് കാണുകയുണ്ടായി അവ മുന്നോട്ടു പോകുന്തോറും കൂടിക്കൂടി വന്ന് കമിഴ്ന്നു കിടക്കുന്ന ഒരു പ്ലേറ്റിന്റെ അടിയിൽ ചെന്ന് അവസാനിച്ചു. അടുക്കളയിലെ പാത്രങ്ങളൊക്കെ ചിതറി കിടക്കുന്നു. ജയ്സൂട്ടി ആകെ ഭയന്ന് പോയി.വീണ്ടും നീട്ടി വിളിച്ചു 'സൂസി ചേച്ചി.. ' അടുക്കളയിൽ അടുപ്പിന് താഴെയായി ഒരു ഞരക്കം കേട്ടു. സ്കൂൾ യൂണിഫോമിൽ നിലത്ത് വീണവശയായി കിടക്കുന്ന സൂസിയെ കണ്ടു അവൻ ഒരു നിമിഷം അന്താളിച്ചു. അവൾക്ക് ബോധമുണ്ട് പക്ഷേ ഒന്നും സംസാരിക്കാൻ പറ്റുന്നില്ല. ഇട്ടിരിക്കുന്ന യൂണിഫോമിന്റെ ബട്ടൻസ് ഒക്കെ പൊട്ടി കിടക്കുന്നു.ജയ്സൂട്ടി പതിയെ സൂസിയെ താങ്ങി ചാരി ഇരുത്തി. അവൻ ഉടനെ ചരുവത്തിൽ ഉണ്ടായിരുന്ന ചൂടുവെള്ളം അല്പം എടുത്ത് സൂസിയുടെ വായിലേക്ക് പകർന്നു കൊടുത്തു. വിക്കി വിക്കി അവൾ അത് കുടിച്ചു. എന്തു പറ്റി ചേച്ചീ എന്താ ഉണ്ടായേ പറ... അവൾ പൊട്ടി പൊട്ടി കരയാൻ തുടങ്ങി... അയാൾ ആ വറീത് അയാൾ ചീത്തയാ. അവളുടെ കരച്ചിലിന്റെ ശക്തി കൂടിക്കൂടി വന്നു ജയ്സൂട്ടിക്ക് കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായി വറീതിനെ കുറിച്ച് അവന് അറിയാം. അയാളെക്കുറിച്ച് നാട്ടിൽ പൊതുവേ നല്ല അഭിപ്രായമല്ല.പക്ഷേ സൂസിയുടെ അപ്പച്ചൻ ജോണിയുമായി അയാൾ നല്ല കൂട്ടാണ് അവർ എപ്പോഴും ഷാപ്പിൽ ഒരുമിച്ചിരുന്ന് കള്ളു കുടിക്കും. ഒരിക്കൽ തന്റെ അപ്പൻ ജോസഫും ആയി ഈ വറീത് ഷാപ്പിൽ വെച്ച് തല്ലുണ്ടാക്കിയതായി പറഞ്ഞു കേട്ടിട്ടുണ്ട്. അന്നുമുതൽക്കേ അവന് അയാളെ തീരെ ഇഷ്ടമല്ല. അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു. അയാൾ അതുവഴി ഓടി രക്ഷപ്പെട്ടു കാണും.അവൻ അടുക്കള വാതിൽ വഴി നോക്കി, ആരെയും കാണുവാനില്ല. അവൻ അവിടെ കിടന്നിരുന്ന ഒരു കുട എടുത്ത് സൂസിയെയും കൂട്ടി പുറത്തിറങ്ങി.സൂസി ചേച്ചി.. ചേച്ചിയുടെ അപ്പനും അമ്മച്ചിയും എന്തിയേ.അവർ ഇതുവരെ വന്നില്ലേ പണി കഴിഞ്ഞ്.സൂസിയുടെ അപ്പച്ചൻ ജോണിയുടെ മൂത്ത ചേട്ടായി പറമ്പിൽ നടുവലച്ച് വീണ് ടൗണിലെ ആശുപത്രിയിൽ കൊണ്ടുപോയേക്കുവാ. അപ്പച്ചനും അമ്മച്ചിയും മൂത്ത പാപ്പനെ കാണാൻ കഞ്ഞിയും കറികളും എടുത്ത് ആശുപത്രിയിലേക്ക് പോയിരിക്കുവാ വൈകിയേ വരുള്ളൂ.  സൂസി സ്കൂൾ വിട്ട് വരുമ്പോൾ അവർ വീട്ടിൽ ഉണ്ടായിരുന്നു. അവൾ വന്ന ഉടനെ അവർ ഇറങ്ങി.അവളോട് ചോറ് എടുത്തു കഴിച്ച്  അന്നമ്മ ചേട്ടത്തിയുടെ വീട്ടിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു. സൂസിയുടെ വീട്ടിൽ നിന്ന് ഒരു കണ്ടം അപ്പുറത്താണ് അന്നമ്മ ചേട്ടത്തിയുടെ വീട്.ജയ്സൂട്ടി സൂസിയേയും കൂട്ടി അന്നമ്മ ചേട്ടത്തിയുടെ വീട്ടിലേക്ക് നടന്നു. അപ്പോഴും മഴ തകർത്ത് പെയ്യുകയാണ്. തോട്ടിലേക്ക് പതിക്കുന്ന മഴയുടെ ശബ്ദം ആ സമയത്ത് അതിഭീകരമായി അവർക്ക് അനുഭവപ്പെട്ടു. അന്നമ്മ ചേട്ടത്തിയോട് ജയ്സൂട്ടി കാര്യങ്ങളൊക്കെ വിവരിച്ചു. ഇത് കേട്ട് നിന്ന് അന്നമ്മ ചേട്ടത്തിയുടെ മുഖം കോപം കൊണ്ട് വിറച്ചു അവർ ദേഷ്യം സഹിക്കവയ്യാതെ വറീതിനെ പുലഭ്യം പറയാൻ തുടങ്ങി.  അൽപസമയം ഈ പുലഭ്യം പറച്ചിൽ തുടർന്നു. പിന്നീട് ഒന്ന് ശാന്തയായി അന്നമ്മ ചേട്ടത്തി അടുക്കളയിലേക്ക് പോയി ചൂട് കടുംകാപ്പി കൊണ്ടു വന്ന് കൊടുത്തു. ചേട്ടത്തി ജയ്സൂട്ടിയെ ചേർത്തുപിടിച്ച് തലയിൽ തലോടി. സൂസി ചേച്ചി അന്നമ്മ ചേട്ടത്തിയെ കെട്ടിപ്പിടിച്ച് കരഞ്ഞു.  അവർ സൂസിയെ ആശ്വസിപ്പിച്ചു മോളെ നീ കാപ്പി കുടിക്ക് നമുക്കിതിനൊരു വഴി ഉണ്ടാക്കാം.ആ വറീതിനെ അങ്ങനെ വിട്ടാൽ പറ്റത്തില്ല.

 എന്നാൽ അന്നമ്മ ചേട്ടത്തി.. ഞാൻ പൊക്കോട്ടെ ഇനിയും വൈകിയാ അമ്മച്ചി വഴക്ക് പറയും. സൂസി ചേച്ചി, ഈ കുട ഞാൻ എടുക്കുകയാണ് നാളെ സ്കൂളിൽ വരുമ്പോൾ തരാം. മഴയുടെ ശക്തി അല്പം കുറഞ്ഞിരുന്നു ജയ്സൂട്ടി പതിയെ നടന്നു. വയലിന് അരികിലൂടെയുള്ള വരമ്പ് വെള്ളം നിറഞ്ഞു കാണാതെയായിരിക്കുന്നു.  ജയസൂട്ടി ഒരു വിധത്തിൽ വയലിന്റെ കിഴക്കു ലക്ഷ്യമാക്കി നടന്നു അവിടെ പൊക്കം കൂടുതലാണ്  അല്പം വളഞ്ഞ വഴിയാണെങ്കിലും ഇട്ടിരിക്കുന്ന യൂണിഫോം നനയാതെ വീട്ടിലേക്ക് എത്താൻ ഇനി അതേ ഉള്ളൂ വഴി. ജയ്സൂട്ടി വീട്ടിൽ കാലെടുത്തുവെച്ച താമസം അമ്മച്ചിയുടെ കയ്യിൽ നിന്ന് നല്ല പെടയ്ക്കണ തല്ല് ജയ്സൂട്ടിയുടെ പുറത്ത് വന്നു പതിച്ചു. അതവൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല. അമ്മച്ചി വാതിലിന് പിറകിൽ മറഞ്ഞു നിൽക്കുകയായിരുന്നു. ഞാൻ നനഞ്ഞില്ലല്ലോ അമ്മച്ചി പിന്നെ എന്തിനാ എന്നെ തല്ലിയത് എന്ന് ജയ്സൂട്ടി പരാതി പറഞ്ഞു. വേഗം വേഷം മാറി ചോറ് കഴിക്കടാ ചെക്കാ ഇതും പറഞ്ഞ് അമ്മച്ചി അടുക്കളയിലേക്ക് പോയി. ജോസ് മോൻ അപ്പോഴേക്ക് പുസ്തകങ്ങളൊക്കെ എടുത്തുവച്ച് പഠിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ജോസേട്ടാ ഇന്നൊരു സംഭവം ഉണ്ടായി. അവൻ നടന്ന കാര്യങ്ങൾ ഒക്കെ വിവരിച്ചു. ഇത് കേട്ട് അമ്മച്ചി തരിച്ചു നിന്നു. എന്റെ കർത്താവേ ആ വറീത് ഒരു സാത്താന്റെ സന്തതി തന്നെ. അമ്മച്ചിയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു. ജോസ് മോൻ ഇത് കേട്ട് അരിശം പൂണ്ടു. തുറന്നു വച്ച ബുക്ക് മടക്കിവെച്ച് ജോസ് മോൻ പെട്ടെന്ന് വെളിയിലേക്ക് ഓടിപ്പോയി. എടാ ജോസേ.. നിക്കടാ... എങ്ങോട്ടായി മഴയത്ത്, അമ്മച്ചി വിളിച്ചെങ്കിലും ജോസ് മോൻ കൂട്ടാക്കിയില്ല.
 രാത്രി ഏറെ വൈകി ജോസഫും ജോസ് മോനും ഒരുമിച്ച് കയറി വന്നു. രണ്ടുപേരും ആകെ നനഞ്ഞ് വസ്ത്രം ഒക്കെ മുഷിഞ്ഞാണ് വന്നത്. അപ്പച്ചൻ വരാല് മുളകിട്ടത് കൊണ്ടുവരുന്നതും പ്രതീക്ഷിച്ച ജയ്സട്ടിയുടെ കാത്തിരിപ്പ് വൃഥാവിലായി. എവിടെയാണ് ജോസ് മോൻ പോയതെന്നും എന്താണ് ഇത്ര വൈകിയത് എന്നും ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷേ എന്തോ തോന്നിയില്ല. മഴപെയ്ത് നല്ല തണുപ്പുണ്ടായതിനാൽ കിടന്ന ഉടനെ ജയ്സൂട്ടി ഉറങ്ങി. കാലത്ത് വളരെ കഷ്ടപ്പെട്ടാണ് അവൻ എണീറ്റത്. മഴയത്ത്  കിടന്നുറങ്ങുവാൻ നല്ല സുഖമാണ്.അമ്മച്ചി രാവിലെ ലൗഡ് സ്പീക്കർ കണക്കെ അവനെ വിളിച്ചു.എടാ ജയ്സൂട്ടി ഉച്ചക്കഞ്ഞിക്ക് സമയമായടാ ഇപ്പോഴെങ്കിലും എണീറ്റ് സ്കൂളിലേക്ക് പോടാ... ഇന്നലെ ഓടി വീട്ടിലേക്ക് വന്നതുപോലെ തിരിച്ച് സ്കൂളിലേക്ക് അവൻ ഓടിപ്പോയി. കുട തിരിച്ചു നൽകാൻ സൂസി ചേച്ചിയെ തിരക്കിയെങ്കിലും ഇന്ന് സ്കൂളിൽ വന്നില്ല എന്ന് അറിഞ്ഞു. ജോസ് മോന്റെ ക്ലാസ്സിൽ സൂസി ചേച്ചിയെ തിരക്കി ചെന്നപ്പോൾ ക്ലാസിലെ കുട്ടികൾ എല്ലാവരും ചേർന്ന് ജോസ് മോനെ ഉയർത്തി ആരവങ്ങൾ മുഴക്കുന്നത് കണ്ടു. ജയ്സൂട്ടിയുടെ ബന്ധുവും ജോസ് മോന്റെ ക്ലാസ്മേറ്റ്മായ മേരി ഫെർണാണ്ടസിനോട് ജയസൂട്ടി കാര്യം തിരക്കി. എന്തിനാ മേരി ചേച്ചി ജോസ് ചേട്ടായിയെ എല്ലാവരും കൂടി എടുത്തു പൊക്കിയത്. എടാ നീ അറിഞ്ഞില്ലേ നമ്മുടെ സൂസി ഇല്ലേ അവളെ ഉപദ്രവിച്ച വറീതിനെ ജോസും നിന്റെ അപ്പച്ചനും കൊറച്ചാളുകളും ചേർന്ന് ഇടിച്ച് ഇഞ്ചപ്പരുവം ആക്കി പോലീസിൽ പിടിപ്പിച്ചു. അയാൾ ഇപ്പോൾ ജയിലിലാ. ജയ്സൂട്ടിക്ക് ഇത് കേട്ടപ്പോൾ സന്തോഷമടക്കാൻ കഴിഞ്ഞില്ല അവനും ആ ഹർഷാരവത്തിൽ പങ്കുചേർന്നു. തന്റെ ചേട്ടനെ കുറിച്ച് ഓർത്ത് അവൻ അഭിമാനംകൊണ്ടു. ഇന്നലെ സൂസി ചേച്ചിയുടെ കാര്യം പറയുമ്പോൾ ജോസ് മോൻ ദേഷ്യം കൊണ്ട് വിറയ്ക്കുന്നത് ജയ്സൂട്ടി ശ്രദ്ധിച്ചിരുന്നു.

 കാലം തെക്കേലെ തോട്ടിലെ കുത്തൊഴുക്ക് പോലെ അതിവേഗം മുന്നോട്ടു ഒഴുകിക്കൊണ്ടിരുന്നു. മഴ പലകുറി പെയ്തു തോർന്നു. ന്യൂയോർക്കിലെ ജീവിതം വയലിലെ മാനത്ത് കണ്ണി മീനിനെ പോലെ ആണെന്ന് തോന്നാറുണ്ട്. ബഹളങ്ങളും ആരവങ്ങളും ഇല്ലാതെ നിശ്ചലമായി അത് മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു. കാറിലിരുന്ന് ജയ്സൂട്ടി പഴയ കാര്യങ്ങൾ ഓർത്തു. വീട്ടിലെത്തി വാതിൽ തുറന്നപ്പോൾ ഭാര്യ എലിസബത്തും മകൾ ആനിയും ഹാപ്പി ബർത്ത്ഡേ റ്റു യു ഡിയർ ജയ്സ് എന്ന് ഉറക്കെ ചൊല്ലി കെട്ടിപ്പിടിച്ചു. കേക്ക് കട്ട് ചെയ്തു കഴിഞ്ഞ് നാട്ടിൽ നിന്ന് ജോസ് മോന്റെ വീഡിയോ കോൾ വന്നു. നാത്തൂൻ എവിടെ ജോസ് ചേട്ടായി എന്ന് എലിസബത്ത് ചോദിച്ചപ്പോൾ,അടുക്കളയിൽ നിന്ന് ശബ്ദം. മോളെ എലീ അമേരിക്കയിൽ വരാല് കിട്ടുഓടി. ഈ സൂസി ചേച്ചിയുടെ കൈകൊണ്ട് ഉണ്ടാക്കിയ വരാല് മുളകിട്ടത് ഇല്ലാതെ ജയ്സൂട്ടിക്ക് എന്താഘോഷം അല്ലേടാ.ചിരി പടർന്നു.
 ശുഭം