\"ഏട്ടത്തി...\"
അവൻ വിളിച്ചുകൊണ്ടവളെ ചേർത്ത് പിടിച്ചു.... ആദ്യ തെല്ലൊരു അമ്പരപ്പോടെ അവനെ നോക്കി പിന്നെ വേഗം അവനെ പുറകിലേക്ക് തള്ളി...സൂര്യ ഒന്ന് ഞെട്ടികൊണ്ട് അവളെ നോക്കി... പിന്നെ ചെയ്തത് എന്തെന്ന് ഓർത്തതും തലയ്ക്കൊരു കൊട്ട് കൊടുത്തു... പെട്ടന്ന് കണ്ടപ്പോ ചെയ്തു പോയതാണ്....
വാതിൽ തുറക്കാൻ പോയിട്ടും തിരിച്ചു വരാത്ത ആദ്യയെ നോക്കികൊണ്ട് ഫ്രണ്ട് ഡോറിന്റെ അങ്ങോട്ട് ചെന്നപ്പോഴാണ് ആദ്യയെ നോക്കി ചിരിയോടെ നിൽക്കുന്ന സൂര്യയെയും... ഒരു തരം പിടപ്പോടെ അവനെ നോക്കി കണ്ണ് നിറച്ചു നിൽക്കുന്ന ആദ്യയെയും കാണുന്നത് മഞ്ജു...
സൂര്യ കണ്ണ് നിറച്ചു നിൽക്കുന്നവൾക്ക് നേരെ തിരിഞ്ഞ് എന്തോ പറയാൻ വന്നതും തങ്ങളെ നോക്കി നിൽക്കുന്ന മഞ്ജുവിനെ കണ്ട് പുരികം ഉയർത്തി....
\"ആദി... എന്താടാ എന്തിനാ നീ കരയുന്നെ \"
മഞ്ജു ആദ്യയുടെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു...ആദ്യ അവളുടെ കൈ മാറ്റികൊണ്ട് അകത്തേക്ക് പോയി...
\"എന്താ സർ പ്രശ്നം \"
അവൾ പോയ വഴി നോക്കി നിൽക്കുന്ന സൂര്യയോട് ചോദിച്ചു...
\"അത് മഞ്ജിമ...\"
അവൻ എങ്ങനെ പറയണം എന്നറിയാതെ അവളെ നോക്കി.
\"എടൊ ഞാൻ തന്നോട് പറയാം അതിന് മുന്നേ താൻ അയാളുടെ കരച്ചിലൊന്ന് മാറ്റ്... നമുക്ക് നാളെ സംസാരിക്കാം \"
സൂര്യ പറഞ്ഞതും അവൾ തലയാട്ടികൊണ്ട് അകത്തേക്ക് പോവാൻ തിരിഞ്ഞു.
\"മഞ്ജിമ....
അവൻ വിളിച്ചതും അവൾ തിരിഞ്ഞു...
\"തന്റെ ആദ്യയുടെ ഫുൾ നെയിം എന്താ \"
\"ആദ്യശ്രീ
മഞ്ജിമ പറഞ്ഞതും അവൻ ചിരിയോടെ തലയാട്ടികൊണ്ട് പോയി... എന്തിനാപ്പോ അവളെ സൂര്യ ചോദിച്ചതെന്ന് മനസിലാവാതെ അവൾ ആദ്യയുടെ റൂമിലേക്ക് പോയി.
\"എന്താട വെറുതെ ചിരിക്കുന്നെ \"
ഫ്രഷായി ഇറങ്ങിയതും ബെഡിൽ ഇരുന്നു ചിരിക്കുന്നവനെ നോക്കികൊണ്ട് മനു ചോദിച്ചു...അവനെ കണ്ടതും സൂര്യ തുള്ളി കൊണ്ട് എഴുനേറ്റു... എന്നിട്ട് ഓടി ചെന്നവനെ കെട്ടി പിടിച്ചു...
\"എന്റെ മനു കുട്ടാ...\"\"\"
സൂര്യ അവന്റെ കവിളിൽ ചുണ്ടമർത്തി...മനുവിന്റെ പ്രണയം അവനിലേക്ക് എത്തിയെന്ന സന്തോഷത്തിൽ ആണവൻ...സൂര്യ വീണ്ടും വീണ്ടുമവനെ കെട്ടിപിടിച്ചു...
\"എന്താടാ നാറി\"
മനു മുഖത്തു വിരിഞ്ഞ പുഞ്ചിരി മറച്ചുകൊണ്ട് ഗൗരവത്തോടെ ചോദിച്ചു....സൂര്യ അവനെ പിടിച്ചു ബെഡിൽ ഇരുത്തി... അവനെ നോക്കികൊണ്ട് ചിരിച്ചു...
\'ആദ്യയെ കണ്ടതിപ്പോ പറയണ്ട ഇവനൊരു സർപ്രൈസ് കൊടുക്കാം\'\'
സൂര്യ ആലോചിച്ചു...
\"എന്താടാ\"\"
ആലോചനയോടെ ഇരിക്കുന്നവന്റെ തലയ്ക്കു കൊട്ടികൊണ്ട് ചോദിച്ചു...
\"ഓഹ് ഒന്നുമില്ല ഡാ.... വാ food കഴിക്കാം \"
സൂര്യ പറഞ്ഞു കൊണ്ട് എഴുന്നേൽക്കാൻ നിന്നതും മനു അവനെ പിടിച്ചു...
\"നീയിപ്പോ ഇത്രേം നേരം തുള്ളി കൊണ്ടിരുന്നത് എന്തിനാ അത് പറഞ്ഞിട്ട് പോയ മതി \"
\"അതുപിന്നെ സ്നേഹം കൊണ്ടാടാ... അല്ല എനിക്കെന്താ നിന്നെയൊന്നു ചുംബിച്ചൂടെ😌\"
സൂര്യ നിഷ്കളങ്കമായി ചോദിച്ചു കൊണ്ട് എഴുന്നേക്കാൻ നിന്നു...
\"ഇല്ല... നീയെന്തോ വലിയ സംഭവം കണ്ട് പിടിച്ചത് പോലെയല്ലേ ഇപ്പൊ കാണിച്ചോണ്ടിരുന്നെ അതുകൊണ്ട് അത് എന്താന്ന് പറഞ്ഞിട്ട് പോയ മതി \"
സൂര്യയുടെ തെളിഞ്ഞ പുഞ്ചിരിയോടെയുള്ള മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു...
\" ഒന്നുല്ല ഡാ... ഞാൻ വെറുതെ ഇരുന്നപ്പോ..എനിക്ക് വിശക്കുന്നെടാ നീ വന്നേ\"
മുഖത്തെ സന്തോഷം മറച്ചുകൊണ്ട് വയറ്റിൽ ഉഴിഞ്ഞുകൊണ്ട് പറഞ്ഞു.മനു ഒന്ന് കനത്തിൽ മൂളിക്കൊണ്ട് അവനെ വിട്ടു...
\"ആദി എന്താടാ \"
മഞ്ജു ചോദിച്ചതും നിറഞ്ഞ കണ്ണുകൾ തുടച്ചു ആദ്യ...പിന്നെ അവൻ കെട്ടിപിടിച്ചതൊക്കെ പറഞ്ഞു..
\"ഏഹ് ഏട്ടത്തി എന്നോ \"
മഞ്ജു നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചതും അവൾ തലയാട്ടി.
\"നിനക്ക് ഇതിനു മുന്നേ കണ്ട വല്ല അറിവുണ്ടോ സൂരജ് സാറിനെ \"
\"ഇല്ല മഞ്ജു ഞാൻ ഇപ്പോഴാ കാണുന്നെ... പെട്ടന്ന് വന്ന് ചേർത്ത് പിടിച്ചപ്പോ പേടിച്ചു ഞാൻ \"
\"മ്മ്മ്... ഇനി ആ ശ്യാമിന്റെ ബന്ധത്തിലുള്ള ആരെങ്കിലും ആവോ സർ \"
മഞ്ജു ചോദിച്ചതും ആദ്യയുടെ മുഖം വാടി... കണ്ണുകൾ നിറഞ്ഞു...അവൾ കണ്ണുകൾ ഇറുക്കി അടച്ചു...ഒഴുകിയിറങ്ങുന്ന കണ്ണുനീർ തേങ്ങലോടെ തുടച്ചു.
\"ഏയ് ഞാൻ സംശയം പറഞ്ഞൂന്ന് ഒള്ളു ഡാ കരയല്ലേ മിക്കവാറും സാറിന് ആൾ മാറിയതാവന ചാൻസ് നിന്റെ പേരൊക്കെ ചോദിച്ചു എന്നോട്\"
അവളുടെ കരച്ചിൽ കണ്ടതും മഞ്ജു പറഞ്ഞു...ആദ്യ ആയിരിക്കുവോ എന്ന ഭാവത്തോടെ അവളെ നോക്കി...
\"സത്യം പെണ്ണെ... ഈ സൂരജ് സർ ആരാന്നാ നിന്റെ വിചാരം ഇങ്ങേരാടി എന്റെ ഓഫീസിലെ സർ..അന്ന് ഞാൻ ചൂടായി പറഞ്ഞില്ലെ.... പറഞ്ഞിട്ടില്ലേ നിന്നോട്\"
മഞ്ജു ചോദിച്ചതും ആദ്യ തലയാട്ടി.
\"ആഹ് അപ്പൊ അങ്ങേർക്ക് ആൾ മാറിയത് തന്നെ...അയാൾക്ക് ആകെ ബ്രദർ എന്ന് പറയാനുള്ളത് എന്റെ എംഡി ആണ് പിന്നെ ഒരു പെങ്ങളും... അഭിമന്യു സർ നിന്നെ കല്യാണം കഴിക്കാത്തോണ്ട് ഏതായാലും അയാളുടെ ഏട്ടത്തി ആയിട്ട് വരില്ല നീ...അതുകൊണ്ട് പേടിക്കണ്ട വാ \"
അവളെ സമാധാനിപ്പിച്ചുകൊണ്ട് മഞ്ജു പറഞ്ഞു... അവൻ ആൾ മാറിയതാവും എന്ന ചിന്തയോടെ തന്നെ ആദ്യയും ഇരുന്നു....എങ്കിലും ഉള്ളിലെന്തോ പിടയ്ക്കുന്നപ്പോലെ തോന്നിയവൾക്ക്.
പിറ്റേന്ന് ലഞ്ച് ടൈം സൂര്യ മഞ്ജിമയുടെ അടുത്തേക്ക് പോയി....
\"മഞ്ജിമ...\"
ഭക്ഷണം കഴിച്ച് വെള്ളം കുടിച്ചുകൊണ്ടിരുന്നവൾ അവന്റെ ശബ്ദം കേട്ടതും തിരിഞ്ഞു നോക്കി.
\"എന്താ സർ
\"എടൊ എനിക്ക് തന്നോട് ഒന്ന് സംസാരിക്കണമായിരുന്നു \"
സൂര്യ പറഞ്ഞതും അവൾ തലയാട്ടികൊണ്ട് അവന്റെ അടുത്തേക്ക് നടന്നു.. സൂര്യ മനു ശ്രദ്ധിക്കാത്തൊരു ഇടത്തേക്ക് അവളെ കൊണ്ട് പോയി... മനുവിന് ആദ്യയോടുള്ള സ്നേഹമെല്ലാം മഞ്ജിമയോട് പറഞ്ഞ് എത്രയും പെട്ടന്ന് മനുവിന് അവന്റെ പെണ്ണിനെ നൽകണം എന്ന ഉദ്ദേശത്തോടെ ആണവൻ...
\"എന്താ സർ\"
മഞ്ജു ചോദിച്ചതും അവൻ അവളെ നോക്കി
\"എടൊ അത് ആദ്യ...
അവൻ എങ്ങനെ പറഞ്ഞു തുടങ്ങുമെന്ന് അറിയാതെ അവളെ നോക്കി... മഞ്ജു കാര്യം മനസിലായപ്പോലെ തലയാട്ടി പിന്നെ പറഞ്ഞു.
\"ഞാനും സാറിനോട് ചോദിക്കാൻ നിക്കുവായിരുന്നു എന്തിനാ ഇന്നലെ ഫ്ലാറ്റിൽ വന്നേ... പാവം അവൾ എന്തോരം കരഞ്ഞെന്ന് അറിയോ \"
ആദ്യയുടെ കരഞ്ഞു പേടിച്ച മുഖം മനസിലേക്ക് വന്നതും മഞ്ജു കൂർത്ത മുഖത്തോടെ അവനെ നോക്കി...
\"മഞ്ജിമ അത് പറയാൻ തന്നെയാണ് ഞാൻ വന്നേ പക്ഷെ അതിന് മുന്നെ എനിക്ക് ആദ്യശ്രീയെ കുറിച്ച് അറിയണം... അവളുടെ നാടും വീടും എല്ലാം..
സൂര്യ ഗൗരവത്തോടെ പറഞ്ഞു...
\"പക്ഷെ എന്നാലും സർ എന്തിനാ അങ്ങോട്ട് വന്നവളെ കെട്ടിപിടിച്ചേ... പോരാത്തതിന് ഏട്ടത്തിയെന്നും \"
അവൾ വീണ്ടും പറഞ്ഞതും അവൻ പല്ല് കടിച്ചു... പിന്നെ അവളെ കയ്യിൽ പിടിച്ചു തിരിച്ചു അവന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.. അവൾ വേദന കൊണ്ട് തുള്ളി...
\"ഹൂ... വിട് സർ \"
പല്ല് കടിച്ചു കൊണ്ട് പറഞ്ഞവൾ അവൻ അവളെ കയ്യിൽ ഒന്ന് കൂടെ അമർത്തികൊണ്ടവളെ വിട്ടു...അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് കയ്യിലെ ചുവന്ന പാടിലൂടെ വിരലോടിച്ചു...
\"പറ മഞ്ജിമ...\"
അവൻ അക്ഷമനായി...
\"പറയാം... സാറിന് അവളെ കുറിച്ച് ഒന്നും തന്നെ അറിയില്ല അല്ലെ...പേരും നാടും കുടുംബവും ഒന്നും \"
അവൾ അവനെ നോക്കി... അവൻ ഇല്ലെന്ന് തലയാട്ടി.
\"ഹ്മ്മ് പിന്നെ ഇപ്പൊ എന്തിനാ സാറിന് അവളെ.... എന്തെങ്കിലും ഉടായിപ്പ് ആണെങ്കിൽ ആ പാവത്തിനെ വിട്ടേക്ക് സർ..അതിന്റെ ജീവിതമൊക്കെ അല്ലെങ്കിലേ ആകെ തകിടം മറിഞ്ഞു കിടക്കുവാ...സ്വന്തക്കാരും ബന്ധക്കാരുമൊക്കെ ഉപേക്ഷിച്ചു വന്നതാ എന്റെ അടുത്ത്... ഞാൻ പതിയെ പതിയെ മാറ്റി എടുത്തു കൊണ്ടിരിക്കുവാണ്... അതിന്റെ ഇടയില ഇന്നലെ സാറിന്റെ വരവും കെട്ടിപ്പിടുത്തവുമൊക്കെ..
അവൾ സങ്കടത്തോടെ പറഞ്ഞു... അവൻ അവളെ തന്നെ നോക്കി കൊണ്ട് ഒരു വുഡൻ ബെഞ്ചിൽ ഇരുന്നു...അതിന്റെ അപ്പുറത്തായി അവളും...
\"എടൊ ആദ്യയെ കാത്ത് വർഷങ്ങളായി ജീവിക്കുന്നവൻ ഉണ്ട്... പെട്ടന്ന് അവളെ കണ്ടപ്പോ എനിക്ക് സന്തോഷം അടക്കാൻ ആയില്ല അതാ ഞാൻ അങ്ങനെ വിളിച്ചതും ചേർത്ത് പിടിച്ചതുമെല്ലാം...എല്ലാം തന്നോട് പറയാം ഞാൻ അതിന് മുന്നേ എനിക്കറിയണം ആദ്യയെ കുറിച്ചെല്ലാം...?? നിങ്ങൾ തമ്മിൽ എന്താ ബന്ധം ഫ്രണ്ട്സാണോ \"
സൂര്യ അവളെ നോക്കി.
\"ഫ്രണ്ട്സ് എന്ന് പറഞ്ഞ കുറഞ്ഞു പോവും സർ,, എന്റെ ജീവനാണവൾ... എല്ലാത്തിനും ഞങ്ങൾ ഒരുമിച്ചായിരുന്നു ചെറുപ്പം തൊട്ടേ...എല്ലാ തല്ലു കൊള്ളിത്തരത്തിലും ഞാൻ ഉണ്ടാവും പക്ഷെ അവൾ പാവാട്ടോ... ഒരു പൊട്ടി പെണ്ണ് ആരെങ്കിലുമൊന്ന് കണ്ണുരുട്ടി നോക്കിയാൽ പോലും കണ്ണ് നിറയും പെണ്ണിന്റെ... പക്ഷെ എന്നോടൊക്കെ ഭയങ്കര വഴക്കാ... ഞാൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് എന്റെ അമ്മ വഴക്ക് പറഞ്ഞതിലേറെ അവൾ ആയിരിക്കും പറഞ്ഞിട്ടുണ്ടാവുക...അവളുടെ കുറച്ചു ഉപദേശങ്ങൾ ഉണ്ട് എന്റെയമ്മോ അവസാനം ഒന്ന് നിർത്തണമെങ്കി കയ്യും കാലും പിടിക്കണം....\"
മഞ്ജു ഏതോ ഓർമയിൽ പറഞ്ഞു... അവളുടെ മനസിലൂടെ പാട വരമ്പ് താണ്ടി ഓടി വരുന്നവളുടെ മുഖം തെളിഞ്ഞു...
\"ബസ് പോയോ ഡി \"
ഓടി വന്ന കിതപ്പ് അണച്ചു കൊണ്ടവൾ ചോദിച്ചു.. മഞ്ജു അവളെ രൂക്ഷമായി നോക്കി.
\"ഇല്ല ബസ് നിന്നെ കാത്തിരിക്കുവാ ഒന്ന് നേരത്തെ വന്നൂടെ നിനക്കെന്റെ ആദി \"
\"ആഹാ ഇന്ന് ഒരു ദിവസം അല്ലെ ഞാൻ ലേറ്റ് ആയുള്ളൂ ഇതിപ്പോ എന്ത് പറ്റി നീ നേരത്തെ \"
അവളുടെ വീർത്ത കവിളിലൊന്ന് കുത്തികൊണ്ട് ആദി ചോദിച്ചു. മഞ്ജു ഒന്ന് ചിരിച്ചു..
\"അച്ഛ കൊണ്ട് വിട്ടു ഇവിടെവരെ കോളേജ് വരെ ആക്കാമെന്ന് പറഞ്ഞതാ നിന്നെ ഇവിടെ കാണാത്തോണ്ട് ഞാൻ ഇവിടെ ഇറങ്ങി \"
\"ആഹ് അച്ഛയെ കുളിപ്പിച്ചു ഭക്ഷണമൊക്കെ കൊടുത്തു കഴിഞ്ഞപ്പോയെക്കും സമയം പോയി അതാ വഴുകിയെ ഇനിയിപ്പോ ഏതായാലും അഞ്ചു മിനിറ്റ് കൂടെ കഴിഞ്ഞ വരും ബസ് അതിന് പോവാ \"
ആദി പറഞ്ഞു കൊണ്ട് ബസ് കാത്ത് നിൽക്കുന്നതിന്റെ അടുത്തുള്ള ഷെഡിലേക്ക് കയറി ഇരുന്നു...
\"നീയെന്താ ഈ മുടിയൊന്നും തോർത്താറില്ലേ ആകെ നനഞ്ഞൊട്ടി... മുഖത്തൊരു പൊട്ടും ഇല്ലേ കഷ്ട്ടം തന്നെ പെണ്ണേ \"
മഞ്ജു അവളുടെ അടുത്തിരുന്നു കൊണ്ടവളെ ആകെ നോക്കി...
കുളി കഴിഞ്ഞു ഓടി പോന്നതിന്റെ എല്ലാ ലക്ഷണവുമുണ്ട് യൂണിഫോം കോട്ടിലേക്ക് അവളുടെ ഇട തൂർന്ന മുടിഴിയയിൽ നിന്ന് വെള്ളം ഉറ്റുന്നുണ്ട്... അവൾ ഇടയ്ക്കിടയ്ക്ക് അത് കൈ കൊണ്ട് വലിച്ചു കൊണ്ടിരുന്നു... മുഖത്തു ചമയങ്ങൾ എന്ന് പറയാനാണെൽ ഒന്നുമില്ല ഒരു കുഞ്ഞു പൊട്ടുപോലും...എങ്കിലും കത്തി ജ്വലിച്ചുകൊണ്ടിരിക്കുന്ന ആ വെയിലിൽ അവളുടെ മുഖം ഒന്ന് കൂടെ തിളങ്ങി.
\"അല്ല അച്ഛയ്ക്കിപ്പോ എങ്ങനെയുണ്ട്...എനിക്ക് വന്ന് നിന്റെ അച്ഛനെ കാണണം എന്നൊക്കെയുണ്ട് പിന്നെ അതിന്റെ പേരിൽ നിനക്ക് വഴക്ക് കേൾക്കുവോ എന്ന പേടികൊണ്ട വരാത്തെ \"
മഞ്ജു പറഞ്ഞതും ആദ്യയൊന്ന് കണ്ണ് ചിമ്പി ചിരിച്ചു.
\"അച്ഛയ്ക്ക് മാറ്റമെന്ന് പറയാൻ മാത്രമൊന്നുമില്ല പഴയ പോലെ തന്നെ\"
ആദ്യ പറഞ്ഞതും മഞ്ജുവൊന്ന് നിശ്വസിച്ചു...പിന്നെ എന്തോ ചോദിക്കാൻ വന്നതും അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടവൾ വേണ്ടെന്ന് വെച്ചു...
ആദ്യയും മഞ്ജിമയും ചെറിയ ക്ലാസ്സ് തൊട്ടേയുള്ള കൂട്ടാണ്... ഇപ്പൊ ഡിഗ്രീ അവസാന വർഷമാണ് ആണ് രണ്ടുപേരും....
മഞ്ജുവിന്റെ വീടും കഴിഞ്ഞ് ഒരു പാടത്തിന് അപ്പുറമാണ് ആദ്യയുടെ വീട്....ഓടിട്ട കുഞ്ഞു വീട്...അച്ഛൻ ഗോപാലൻ കൂലി പണിയായിരുന്നു,,അമ്മ അവളുടെ കുഞ്ഞിലെ പോയി... ഒരു പനി വന്നതായിരുന്നു ആദ്യമൊന്നും കാര്യമാക്കാതെ നിന്ന് നിന്ന് അവസാനം രോഗം മൂർച്ച കൂടുകയായിരുന്നു... അന്ന് ആദ്യക്ക് വെറും രണ്ട് വയസ് ആവുന്നുള്ളു...പൊടി കുഞ്ഞിനെയും വെച്ച് മുൻപോട്ടുള്ള ജീവിതം ബുദ്ധിമുട്ടാവുമെന്ന് മനസിലാക്കിയതും ബന്ധുക്കളുടെ നിർബന്ധം കൊണ്ട് ഗോപാലൻ വേറെ ഒരാളെ വിവാഹം ചെയ്തു.... ഇന്ദിര,, അതായിരുന്നു അവരുടെ പേര്....ആദ്യമൊക്കെ ആദ്യയെ സ്വന്തംപ്പോലെ നോക്കിയെങ്കിലും പിന്നെ അവരുടെ ഇടയിലേക്ക് ഒരു കുഞ്ഞു കൂടി വന്നതും ആദ്യയെ പാടെ ഒഴിവാക്കി... ചില സമയം കരയുന്ന കുഞ്ഞിനെപ്പോലും മൈൻഡ് ചെയ്യാതെയും ഭക്ഷണം കൊടുക്കാതെയും ആയി... ഗോപാലൻ വീട്ടിൽ ഉണ്ടാവുമ്പോൾ മാത്രം ആദ്യക്കായി ഇന്ദിരയുടെ മുഖത്തൊരു പുഞ്ചിരി വിരിയും... അയാളൊന്ന് പുറത്തു പോയാൽ പിന്നെ ഓരോന്ന് പറഞ്ഞും നോവിച്ചും അവളെ വേദനിപ്പിച്ചു കൊണ്ടിരുന്നു അവർ....
വലുതായതും ആദ്യയ്ക്ക് മനസിലായി ഇന്ദിര കാണിക്കുന്നതൊന്നും സ്നേഹമല്ലെന്ന്... അനിയത്തി കീർത്തനയെ അവർ തലോലിക്കുന്നതും ഭക്ഷണം വാരി കൊടുക്കുന്നതുമൊക്കെ കാണുമ്പോ അറിയാതെ അവളുടെ ഉള്ളം തുടിക്കും.... സ്നേഹത്തോടെ ഒരു പിടി ചോർ വായിൽ വെക്കാനായി അവളും വാ തുറക്കും... പക്ഷെ അപ്പോയെക്കും തുടങ്ങും ഇന്ദിര എന്റെ കുഞ്ഞിന്റെ ഭക്ഷണത്തിലേക്ക് നോക്കി വെള്ളമിറക്കേണ്ടെന്ന് പറഞ്ഞിട്ട് തല്ലും വഴക്കും...പൊതുവെ ആദ്യ അവളുടെ അമ്മയുടെ പോലെയായതുകൊണ്ട് തന്നെ നല്ല നിറമാണ്.... അനിയത്തി കീർത്തന ഇരു നിറവും.... ഈ ചെറിയ കാര്യത്തിന്റെ പേരിൽ പോലും ഇന്ദിര ആദ്യയെ നോവിച്ചു കൊണ്ടിരുന്നു...ഓരോ പ്രാവശ്യവും ഇന്ദിര നോവിപ്പിക്കുമ്പോൾ അച്ഛനോട് പറയണം എന്നെല്ലാം ആദ്യ കരുതും പക്ഷെ രാവന്തിയോളം അധ്വാനിച്ചു വരുന്ന ഗോപാലന്റെ മുന്നിൽ ഇന്ദിര ആദ്യയുടെ പെറ്റ അമ്മയെ പോലെത്തന്നെ ആയിരുന്നു... അതുകൊണ്ട് തന്നെ അമ്മ അടിക്കുന്നു എന്ന് പറഞ്ഞു കരഞ്ഞപ്പോ നീ കുരുത്തക്കേട് കാണിച്ചിട്ടല്ലേ എന്ന് പറഞ്ഞു കൊണ്ട് ഗോപാലനും അത് കാര്യമാക്കിയില്ല...പിന്നെ അച്ഛയോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായതും അവൾ പിന്നെ പരാതിയൊന്നും പറയാൻ പോയില്ല...എല്ലാ നോവും ഉള്ളിലൊതുക്കി കഴിഞ്ഞു...
കീർത്തന ഇരു നിറമാണെങ്കിലും കാണാൻ നല്ല ഭംഗിയാണ്... അധികം തടിയൊന്നുമില്ലാതെ മെലിഞ്ഞു വിടർന്ന കണ്ണുകൾ ആയിട്ടൊരുവൾ.... എങ്കിലും ബന്ധുക്കൾക്കിടയിലെല്ലാം ആദ്യയോട് ആണ് ഒരിഷ്ട്ടം കൂടുതൽ.... അതിനു കാരണം അവളുടെ സ്വഭാവവുമാണ്.... എല്ലാവരോടും പതിഞ്ഞുള്ള സംസാരം ഒരിളം ചിരിയോടെ എല്ലാവരെയും നേരിടുന്നവൾ... പരാതിയൊന്നുമില്ലാതെ കഴിയുന്നവൾ.... കീർത്തന നേരെ തിരിച്ചാണ് ആരോട് എന്ത് പറയണം എന്നറിയില്ല... എല്ലാം വെട്ടി തിരിഞ്ഞു പറയുന്നവൾ.... ഇന്ദിരയുടെ അതെ പകർപ്പ്.... അതുകൊണ്ട് തന്നെ അവൾക്കും ആദ്യയെ ഇഷ്ട്ടമല്ല... ഓരോ കാര്യങ്ങൾ പറഞ്ഞവളെ വേദനിപ്പിക്കാൻ അവളും കൂടും ഇന്ദിരയുടെ കൂടെ.
അങ്ങനെ എത്രയെത്രയോ ദിനങ്ങൾ വേദനയും നോവും താണ്ടി കൊണ്ട് ആദ്യ കഴിച്ചു കൂട്ടി...
ആദ്യ പഠിക്കാൻ മിടുക്കിയായതുകൊണ്ടും പ്ലസ് ടുവിനെല്ലാം മുഴുവൻ മാർക്ക് വാങ്ങിയതുകൊണ്ടും ഗോപാലൻ അവളുടെ പഠനം എന്ന ആഗ്രഹം സാധിപ്പിച്ചിരുന്നു... നല്ല കോളേജിൽ തന്നെ അഡ്മിഷന് കിട്ടിയതും അവൾ പഠനം തുടർന്ന് കൊണ്ടിരുന്നു.... അതിനും ഇന്ദിര എതിരായിരുന്നു എങ്കിലും ഗോപാലനെ പേടിച്ചു കൊണ്ട് ഒന്നും പറഞ്ഞില്ല...
അങ്ങനെയിരിക്കെ ഒരു വീട്ടിൽ ജോലിക്ക് പോയപ്പോ ഗോപാലൻ കുഴഞ്ഞു വീണു...അങ്ങനെ അരയ്ക്ക് കീഴ്പ്പോട്ട് തളർന്നു കിടപ്പിലായി... അന്നാന്ന് പണിക്കു പോയി ജീവിക്കുന്നവർ ആയതുകൊണ്ട് തന്നെ ഗോപാലൻ വീണതോടെ കഷ്ട്ടപാട് തുടങ്ങി...അതോടെ ഇന്ദിരയുടെ തനി നിറം പുറത്തേക്ക് വരാനും തുടങ്ങി...കിടപ്പിലായപ്പോൾ കണ്ടു അയാൾ തന്റെ മകളോട് ചെയ്യുന്ന ഓരോ ക്രൂരതകൾ...കോളേജിൽ പോവുന്ന മുന്നേ എല്ലാ ജോലിയും എടുക്കണം അച്ഛനെ തുടച്ചു വൃത്തിയാക്കി ഭക്ഷണം കൊടുക്കണം അങ്ങനെയെല്ലാം...ഒരു പരാതിയും ഇല്ലാതെ എല്ലാം ചെയ്യുന്നവളെ ഒരു വേദനയോടെ ആ പിതാവ് നോക്കി കണ്ടു...
എത്ര കഷ്ട്ടപ്പെട്ടാലും തന്റെ അച്ഛയ്ക്കും അമ്മയ്ക്കും വേണ്ടിയാണല്ലോ എന്ന ചിന്തയായിരുന്നു ആദ്യക്ക്... പിന്നെ അധികം വഴുകാതെ ഒരു ജോലി നേടനം എന്ന സ്വപ്നവും...
\"ദേ നോക്ക് ആദി,, ആ ചേട്ടൻ വരുന്നുണ്ട് \"
കോളേജ് കഴിഞ്ഞു തിരിച്ചു പോരാനുള്ള ബസ് കാത്ത് നിൽക്കുമ്പോഴാണ് മഞ്ജു പറയുന്നത്...എത്രയും വേഗം ബസ് കിട്ടി വീട്ടിൽ എത്തിയാൽ മതിയായിരുന്നെന്ന ചിന്തയോടെ നിന്നിരുന്ന ആദ്യ മഞ്ജു കണ്ണ് കാണിച്ച ഇടത്തേക്ക് നോക്കി....തന്റെ അടുത്തേക്ക് വരുന്ന ചെറുപ്പക്കാരനെ കണ്ടതും അവൾ വേഗം മുഖം താഴ്ത്തി.... എന്നാൽ അയാളുടെ കണ്ണുകൾ അവളിൽ മാത്രമായിരുന്നു...കണ്മഷിപോലും എഴുതാത്ത അവളുടെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങാൻ അവൻ കൊതിയായി... പ്രണയത്തോടെ അവളെ നോക്കി....
മഞ്ജു പറഞ്ഞു നിർത്തികൊണ്ട് സൂര്യയെ നോക്കി.... സൂര്യ ആകാംഷയിലാണ് ഇത്രയും കേട്ടത്... പക്ഷെ ഈ ചെറുപ്പക്കാരൻ ആരായിരിക്കും... തന്റെ മനുവിന്റെ പ്രണയത്തിനു വേറെയൊരു അവകാശിയുണ്ടോ... അവൻ ബാക്കിയറിയാനായി മഞ്ജുവിനെ നോക്കി....
തുടരും💕
അപ്പൊ ദേ ഞാൻ വന്നു ട്ടോ... ഇനിയപ്പോ നമുക്ക് ആദ്യയുടെയും മനുവിന്റെയും കൂടെ കൂടാം😊അപ്പൊ എല്ലാവരും വായിച്ചു അഭിപ്രായം പറയു ട്ടോ🥰🥰
Mishka