Aksharathalukal

അവസാന ചുംബനം

അവസാന ചുംബനം 

അന്ന് ഞാൻ രണ്ടാം ക്ലാസ്സിൽ ആയിരുന്നു പതിവുപോലെ സ്കൂളിലേക്ക് പോകാനുള്ള ധൃതിയിൽ ബുക്കെല്ലാം എടുത്തുവെച്ച് കുളിച്ച് എന്തൊക്കെയോ വാരിവലിച്ചു കയറ്റി ഞാൻ സ്കൂളിലേക്ക് ഓടി. കൂടുതൽ അങ്ങ് എത്തും മുമ്പേ മറ്റൊരു വഴിയിലൂടെ വന്ന് എൻറെ വല്യമ്മ എന്നോട് പറഞ്ഞു നീ ഉമ്മയോട് പോകുന്നത് പറഞ്ഞൊ. ഇല്ല എന്നായിരുന്നു എൻറെ മറുപടി എന്നാൽ പോയി പറഞ്ഞിട്ട് വാ എന്ന് വല്യമ്മ എന്നോട് പറഞ്ഞു ഏതായാലും ഇവിടെ എത്തിയില്ലേ ഞാൻ വൈകിട്ട് ഇങ്ങോട്ട് തന്നെയല്ലേ വരുന്നത്. അങ്ങനെയൊന്നും പറഞ്ഞാൽ പറ്റില്ല നീ പോയി പറഞ്ഞിട്ട് വാ മനസ്സില്ലാ മനസ്സോടെ ഞാൻ ബാഗ് വല്യമ്മയുടെ കയ്യിൽ കൊടുത്തു വീട്ടിലേക്ക് ഓടി. ഉമ്മാ ഞാൻ പോവാണ് അസ്സലാമു അലൈക്കും അതെന്റെ അവസാനത്തെ അസ്സലാം ആണെന്ന് ഞാൻ കരുതിയില്ല. 

പതിവുപോലെ സ്കൂളിലെത്തി സ്ഥിരം കലാപരിപാടികൾ ആരംഭിച്ചു രണ്ട് പിരീഡ് കഴിഞ്ഞപ്പോൾ ആരോ എന്നെ സ്കൂളിലേക്ക് കൂട്ടാൻ വന്നു. നീ വാ ഉമ്മാക്ക് തീരെ സുഖമില്ല നേരത്തെ പോകുന്നതിന്റെ സന്തോഷവും ഉമ്മാക്ക് എന്താണ് പറ്റിയത് എന്നറിയാത്ത വേവലാതിയും മനസ്സിൽ ഉണ്ടായിരുന്നു. എന്തൊക്കെയോ സംസാരിച്ചു വീട്ടിലെത്തിയപ്പോൾ ഇളയമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. നിമിഷനേരം കൊണ്ട് മുറ്റത്തെല്ലാം പന്തല് കെട്ടാൻ ആളെത്തി ഗുഡ്സ് നിറയെ കസേരയുമായി  എത്തി. എന്തോ മനസ്സിനെ വല്ലാത്തൊരു ആവലാതി ആരോ വന്ന് എന്നോട് പറഞ്ഞു ഫനൊ നീ പോയി കുളിച്ചിട്ട് വാ എന്നുപറഞ്ഞ് എൻറെ ഡ്രസ്സ് കയ്യിലേക്ക് എടുത്തു തന്നു. 

എന്തൊക്കെയോ എനിക്ക് മനസ്സിലായത് പോലെ കുളിമുറിയുടെ വാതിൽ അടച്ച് ഞാൻ പൊട്ടി കരഞ്ഞു എന്തൊക്കെയോ വല്ലാത്ത അസ്വസ്ഥത കുളിച്ചിറങ്ങിയപ്പോൾ എല്ലാവരും എന്നെ തന്നെ നോക്കി നിൽക്കുന്നു. കുറേ ആളുകൾ എത്തിയിട്ടുണ്ട് പക്ഷേ ഞാൻ ചുറ്റും കണ്ണോടിച്ചു ഉമ്മയെ മാത്രം കണ്ടില്ല. 

വൈകാതെ ഒരു ആംബുലൻസ് വീട്ടിലെത്തി ഒരു വെള്ള പുതപ്പ് എൻറെ ഉമ്മയെ കൊണ്ടുവരുന്നു സ്തംഭിച്ചു പോയ നേരം കരയാൻ വയ്യാതെ ഒരക്ഷരം പോലും പറയാനും കഴിയാതെ നിന്ന സമയം ഇപ്പോഴും എൻറെ മനസ്സിൽ നിന്നും മായുന്നില്ല. 

വീടിന്റെ അകത്തെ ഡൈനിങ്ങ് ഹാളിൽ എന്റെ ഉമ്മയെ കിടത്തി ഉമ്മയുടെ അടുത്തേക്ക് പോകാൻ തന്നെ എനിക്ക് കഴിയുന്നില്ല ആരൊക്കെയോ എന്നെ പിടിച്ചു ഉമ്മയുടെ അടുത്ത് കൊണ്ടുപോയി ചിരിച്ചു നിൽക്കുന്ന മുഖം കണ്ട് എൻറെ കണ്ണിൽ നിന്നൊരു തുള്ളി ഉമ്മയുടെ മുഖത്തേക്ക് വീണു. ഉമ്മാക്ക് ഒരു ഉമ്മ കൊടുത്താളാ
. കരഞ്ഞു കലങ്ങിയ കണ്ണുമായി കവിളിൽ ഒരു ഉമ്മ കൊടുത്തു വല്ലാത്തൊരു തണുപ്പായിരുന്നു അവിടെ നെറ്റിയിലും കൊടുത്തു തണുത്തമ്മയുടെ ശരീരവും ആ ചുംബനവും മനസ്സിൽ ഉണ്ട്. 

എൻറെ ഉമ്മ എന്നെ സ്നേഹിച്ച പോലെ മറ്റാരും എന്നെ ഇന്നേവരെ സ്നേഹിച്ചിട്ടില്ല. പലരും ആവരെ ഉമ്മമാരെ കൊഞ്ചിക്കുന്നത് കണ്ടപ്പോൾ പലപ്പോഴും എൻറെ കണ്ണിൽ നിന്ന് വെള്ളം വന്നിട്ടുണ്ട്. 

സ്നേഹിക്കാൻ മാത്രം അറിയുന്ന എൻറെ ഉമ്മാക്ക് തിരിച്ചു സ്നേഹം നൽകാൻ കഴിഞ്ഞില്ല എന്ന് ഇപ്പോഴും എൻറെ മനസ്സ് വേദനിക്കുന്നുണ്ട്. ചെറുപ്രായത്തിന്റെ കുസൃതി എന്നോണം മറ്റു കുട്ടികളെക്കാൾ വികൃതി കൂടുതലായിരുന്നു എനിക്ക് പക്ഷേ അതെല്ലാം ഒറ്റ ദിവസം കൊണ്ട് തകർന്നടിഞ്ഞു ഉമ്മ അത് വലിയൊരു സംഭവമാണ് പണ്ട് ആരോ പറഞ്ഞതുപോലെ \"കണ്ണില്ലാത്തവനെ കണ്ണിന്റെ വിലയറിയൂ\" അത് എത്ര സത്യമാണ്. 

കൂടുതൽ എഴുതണമെന്നുണ്ട് കണ്ണുകൾ വല്ലാതെ നിറയുന്നു ഉമ്മാക്ക് നീ സ്വർഗം നൽകണേ നാഥാ എന്ന പ്രാർത്ഥനയോടെ ഞാൻ അവസാനിപ്പിക്കുന്നു.