Aksharathalukal

യാത്ര

തികച്ചും അപരിചിതമായ വഴികളിലൂടെ തീവണ്ടി നീങ്ങിക്കൊണ്ടിരുന്നു. ഇരുട്ടിനെ ഭയന്ന് കാറി വിളിക്കുന്ന ഒരു കൊച്ചു കുട്ടിയേപ്പോലെ, എനിക്ക് പിറകിൽ നിലവിളികൾ ഉയർന്നുകൊണ്ടിരുന്നു. 
പകൽ കിനാവുകളിൽ പോലും കണ്ടിട്ടില്ലാത്ത വ്യത്യസ്ത ഇനം മനുഷ്യ രൂപങ്ങൾക്കിടയിലും ,ഞാൻ അറിഞ്ഞ അവളുടെ നിഴൽ രൂപം എന്നെ വീക്ഷിക്കുകയായിരുന്നു. കംപാർട്ട്മെന്റിൽ തിങ്ങിനിൽക്കുന്ന തണുപ്പിലും  അവളിൽ നിന്നുള്ള മൂർച്ചയേറിയ ദൃഷ്ട്ടി രശ്മികൾ എന്നെ ഓരോ നിമിഷവും എരിച്ചില്ലാതാക്കുംപോലെ തോന്നി.
മുഖത്ത് വച്ചുകെട്ടിയ എന്റെ ചിരി അപ്പൊഴും അവളെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു. 

ചുവപ്പ് പടർന്നു പിടിക്കുന്ന സന്ധ്യയിലെ ആകാശം, വർഷം തീണ്ടാതെ പോയ തരിശു ഭൂമികൾ. കാലം  ഉപയോഗശൂന്യമാക്കി മാറ്റിയ വെള്ളക്കെട്ടുകൾ . തേരട്ടയെ കാണുന്ന കൗതുകത്തോടെ തീവണ്ടി നോക്കിനിൽക്കുന്ന നാട്ടിൻ പുറത്തെ കൊച്ചു കുട്ടികൾ... \"
ഒരു നിമിഷം പോലും ആരെയും കാത്തുനിൽക്കാതെ എനിക്ക് മുന്നിൽ ലോകം ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് കുതിക്കുമ്പോൾ , അവൾക്ക് മുന്നിലെ ലോകം \"ഞാൻ \" എന്ന ഒന്നിലേക്ക് മാത്രമായ് ചുരുങ്ങുന്നതായി തോന്നി.കാഴ്ച്ചകൾ മാഞ്ഞുപോകും പോലെ ഓർമ്മകളും വേരറ്റു പോയിരുന്നെങ്കിൽ..! 
എന്റെ ചിന്തയെ അറിഞ്ഞവണ്ണം അവളിൽ നിന്ന് നിശബ്ദമായൊരു ചിരി പുറത്തേക്കു വന്നു, പിന്നീട് എന്തോ ഓർത്തതു പോലെ  പുറത്തേക്ക് മിഴികൾ പായ്ച്ചിരുന്നു.

സ്യൂക്സിസ്സിന്റെ കലാസൃഷ്ട്ടിയെന്ന് തോന്നിച്ച നിശ്ചലമായ മനുഷ്യ രൂപങ്ങൾ ഏതോ ഒരു വേളയിൽ എനിക്ക് ചുറ്റിലും ചലനമാരംഭിച്ചു. യാത്ര പറച്ചിലിനെ ഓർമ്മിപ്പിച്ച് വീണ്ടും പിറകിൽ നിന്ന് നിലവിളിയുയർന്നു. മരണം വന്ന് തൊട്ടപോലെ തണുത്ത് മരവിച്ച രണ്ടുടലുകൾ . ഇറങ്ങേണ്ട സ്റ്റേഷനെത്തിയതും എവിടുന്നോ വീണുകിട്ടിയ ബോധം തന്നിലേക്കാവാഹിച്ച് അവൾ സീറ്റിൽ നിന്നെഴുന്നേറ്റു , ആൾത്തിരക്കിലേക്ക്  കണ്ണോടിച്ചു. 

\"നിനക്കൊന്നും എന്നോട് പറയാനില്ലേ മാധൂ ..?\"
ഒട്ടിച്ചു ചേർത്ത അക്ഷരങ്ങൾ മുഖം നോക്കാതെ ഞാൻ ചോദിച്ചു തീർത്തു.

ഇനിയെന്ത്..!
എന്ന ചോദ്യം നിറഞ്ഞൊഴുകുന്ന മിഴികളെ അവൾ ഒന്നമർത്തിത്തുടച്ചു. പിന്നീട് അവസാനമായി ധ്യാനാത്മകമായൊരു ചിരി സമ്മാനിച്ച് എന്നെ തിരിഞ്ഞു നോക്കാതെ ഇരുട്ടിനെ ലക്ഷ്യമാക്കി നടന്നു. ഒരു കടലിനടിയിൽ പെട്ടതുപോലെ ഞാൻ ശ്വാസംമുട്ടി. ഓർമ്മകൾ പൂർണ്ണമായി ആത്മാവിനെ വിഴുങ്ങിയ നിമിഷം , പിറകിൽ നിന്ന് വീണ്ടും ഒരു നിലവിളിയുയർന്നു..
എനിക്ക് പരിചിതമായ ആരുടേയോ ശബ്ദമായിരുന്നില്ലേ അത്..?



ശ്രവ്യ.അനന്തോത്ത്