പെണ്ണ്
പെണ്ണ്
മകളായിരിക്കുമ്പോൾ പിതാവിനായി സ്വർഗ കവാടം തുറക്കുന്നവൾ...
പെണ്ണ്
സഹോദരിയാകുമ്പോൾ സഹോദരന് സ്വർഗീയ വഴിയായി മാറുന്നവൾ...
പെണ്ണ്
ഭാര്യയാകുമ്പോൾ ഭർത്താവിന്റെ പകുതി ദിൻ പൂർത്തിയാക്കുന്നവൾ...
പെണ്ണ്
മാതാവാകുമ്പോൾ മക്കളുടെ സ്വർഗം സ്വന്തം കാൽ ചുവട്ടിൽ കൊണ്ടു നടക്കുന്നവൾ....
എത്ര അർത്ഥവതയായ വാക്കുകൾ അല്ലെ..
ഈ ലോകത്ത് ഒരു സ്ത്രീക്ക് എത്ര സന്തോഷമുണ്ടെങ്കിലും ഞാൻ അടക്കം ഉള്ള സ്ത്രീകൾ ആഗ്രഹിക്കുന്ന ഒരേയൊരു കാര്യം സുരക്ഷയാണ്.സുരക്ഷിതത്വമാണ്.
അച്ഛനെയും ഏട്ടന്മാരെയും പോലെ തന്നെയാണ് എനിക്ക് ചുറ്റുമുള്ള മറ്റു പുരുഷന്മാരൊക്കെ എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ആ ധാരണ മാറിയത് എന്റെ പതിനാറാം വയസ്സിലാണ്.
സ്വപ്‌നങ്ങൾ പൂക്കുന്ന കൗമാര കാലത്ത് മനസിൽ ചില കാഴ്ച്ചയുടെ വേദനപ്പിക്കുന്ന മുള്ളുകൾ ആഴ്ന്നിറങ്ങിയ ഓർമ്മകൾ ഉണ്ടെനിക്ക്.
ഇടക്കൊക്കെ ആ മുള്ളുകൾ ആഴത്തിൽ കുത്തി കീറി എന്നെ വേദനിപ്പിക്കാറുണ്ട്.
ഒരു ദിവസം ഞാൻ എന്റെ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. ഉച്ച സമയം ആയത് കൊണ്ട് റോഡിൽ അധികമാരും ഇല്ല.ഒരു വളവ് എത്തിയപ്പോൾ റോഡ് പണി നടക്കുന്നത് കൊണ്ടു കല്ലും മറ്റും കൂട്ടിയിട്ടിരിക്കുന്നത് കൊണ്ടു കഷ്ടിച്ച് രണ്ടാൾക്കു നടക്കാൻ ഉള്ള സ്ഥലമായിരുന്നു ഉള്ളത്. എന്റെ എതിർ ദിശയിൽ നിന്നും ഒരാൾ വരുന്നത് കണ്ട് അയാൾ കടന്നു പോവാൻ വേണ്ടി ഞാൻ നിന്നു.അയാൾ മുൻപിൽ എത്തി എന്നെ നോക്കി പെട്ടെന്നു ഉടുത്തിരുന്ന മുണ്ട് അഴിച്ചു മാറ്റി . അയാളുടെ നഗ്നത കാണിച്ചു തരികയും കൈ കൊണ്ട് എന്തൊക്കയോ കാണിക്കുകയും ചെയ്തു.
ഞാൻ പേടിച്ചു എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നു. . എങ്ങനെയോ വീട്ടിൽ എത്തി...ഇപ്പോഴും ആ വഴിയിലൂടെ കടന്നു പോവുമ്പോൾ ഉള്ളിലൊരു പേടിയാണ്. ഓർമ്മകൾ മനസിലേക്ക് തികട്ടി വരും.
+2 നു പഠിക്കുന്ന സമയത്ത് തിരക്കുള്ള ബസിൽ കയറിയ ഞാനും എന്റെ കൂട്ടുകാരിയും തിരക്ക് കാരണം സീറ്റിനോട് ചേർന്നുള്ള കമ്പിയിൽ പിടിച്ചു നിന്നു. തിരക്കിനിടയിൽ എന്തോ ഒരുത്തൻ കൂട്ടുകാരിയുടെ യൂണിഫോമിന്റെ കോട്ടിന്റെ മുകളിൽ കൂടി അവളുടെ മാറിടത്തിൽ അമർത്തി പിടിക്കുന്നത് എനിക്ക് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളു.അവളും ഞാനും ഒരു പോലെ പേടിച്ചു. അന്ന് അവൾ കരഞ്ഞപ്പോൾ അവളെ ചേർത്തു പിടിച്ചു ഒന്നും ചെയ്യാൻ ആവാതെ ഞാനും കരഞ്ഞു.
ഒരിക്കൽ അമ്പലത്തിലെ ഉത്സവത്തിന്റെ താലപ്പൊലിക്ക് ഇടയിൽ ദാവണിയുടെ തുമ്പൊന്നു മാറിയപ്പോൾ വയറിൽ വിരലോടിച്ചു രസിച്ചവനെ ഇന്നും നേരിട്ടു കാണുമ്പോൾ ചുട്ടു എരിക്കാൻ ഉള്ള ദേഷ്യമാണ് തോന്നുന്നത്.
അതിനു ശേഷം ഇഷ്ട്ടപ്പെട്ട വസ്ത്രമായ ദാവണി ഉടുക്കുമ്പോൾ വയറു കാണുന്നുണ്ടോന്ന് ഒരായിരം വട്ടം കണ്ണാടിയുടെ മുൻപിൽ തിരിഞ്ഞും മറിഞ്ഞും നോക്കി ഉറപ്പ് വരുത്താറുണ്ട്.
ഡിഗ്രിക്ക് പഠിക്കുമ്പോൾ കോളേജിലേക്ക് ഉള്ള ബസിൽ കയറി കഴിഞ്ഞാൽ
ദേഹത്തേക്ക് മുട്ടി ഉരുമി പോകുന്ന ബസിലെ കണ്ടെന്റർമാർക്കും
നേരെ നില്കാതെ ശരീരത്തിലേക്ക് ഒട്ടി നിന്ന് കൈ ക്രിയ ചെയുന്ന ചേട്ടന്മാർക്കും പലപ്പോഴും സേഫ്റ്റി പിന് കൊണ്ടുള്ള സമ്മാനം കൊടുക്കേണ്ടി വന്നിട്ടുണ്ട്...
പലപ്പോഴും യാത്രക്കിടയിൽ പുരുഷ നഗ്നത കാണിച്ചു തരുമ്പോൾ സീറ്റ് മാറിയോ അല്ലെങ്കിൽ ഇറങ്ങേണ്ട സ്റ്റോപ്പിന്റെ മുൻപേ ഇറങ്ങിയോ പോരേണ്ടി വന്നിട്ടുണ്ട്.
പലപ്പോഴും ഇതിനു എതിരെ പ്രതികരിച്ചപ്പോൾ
" മോളെ ഈ കേസിന്റെ പിന്നാലെ പോയി എടങ്ങേർ ഇണ്ടാക്കണോ " ന്ന് ചോദിച്ചവരും.
" അനക് നല്ല പോലെ തുണി ഉടുത്തൂടെ "ന്ന് ചോദിച്ച ചേട്ടന്മാരും ചേച്ചിമാരും ഉണ്ട്.
ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. ബസ് സ്റ്റാൻഡിലും, ബസ് സ്റ്റോപ്പിലും , ഷോപ്പിൽ മാളിലും , ഇടവഴികളിലും ചായ കടയുടെ മുൻപിലും എല്ലാം സിഗരറ്റു വലിച്ചോ, താടി ചൊറിഞ്ഞു കൊണ്ടോ, മുണ്ട് മടക്കി കുത്തി കാലിന്റെ തുട തടവി കൊണ്ടോ പെണ്ണിന്റെ ഉടലിലേക്ക് കഴുക്കൻ കണ്ണു കൊണ്ടു നോക്കി ഭോഗിക്കുന്നവരെ..
പുച്ഛമാണ് എനിക്ക് അവരോടു..സമൂഹത്തിൽ അവരെ പോലെ കൃമികൾ ഒരുപാട് പേരുണ്ടാവും.. .അവരോടൊക്കെ അറപ്പും വെറുപ്പമാണ് തോന്നാറുള്ളത്. ഒരാണിന്റെ വിയർപ്പും സെമെനും ഏറ്റു വാങ്ങാൻ ഉള്ളതാണോ ഞങ്ങളുടെ ശരീരം..?
കുറച്ചു സമയത്തെ സുഖത്തിനു വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ഞങ്ങൾക്ക് ഉണ്ടാവുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ എന്തൊക്കയാണെന്ന് ഒരിക്കലെങ്കിലും ഓർത്തു നോക്കിട്ടുണ്ടോ..?
ഉറക്കത്തിൽ പോലും ഞെട്ടി ഉണർന്നു ഉറക്കം പോലും നഷ്ടമായ രാത്രികൾ ഉണ്ട്.
ഇത്തരം അനുഭവങ്ങൾ കാലങ്ങളോളം ഞങ്ങളെ പിന്തുടർന്ന് കൊണ്ടിരിക്കും. പലരും അടുത്ത അറിയാവുന്നവരിൽ നിന്ന് പോലും മോശമായ പെരുമാറ്റം ഉണ്ടാക്കുമ്പോൾ ബന്ധങ്ങളെ കുറിച്ചും കുടുംബത്തെ ഓർത്തും അത് പുറത്തു പറയാൻ പലരും പേടിക്കുന്നു. പക്ഷേ കുറച്ചു പേരെങ്കിലും ഈ കാര്യം തുറന്നു പറയാൻ കാണിച്ച ധൈര്യമാണ് പല കേസുകളും നമ്മളൊക്കെ അറിയാൻ ഇടവന്നത്.
ആൺ സൗഹൃദം ഇഷ്ടപ്പെടുന്നവർ തന്നെയാണ് ഞങ്ങൾ സ്ത്രീകൾ.
എനിക്കുമുണ്ട് ആൺ സുഹൃത്തുക്കൾ പീരിയഡ്സ് ആയ സമയത്തു പാഡ് വാങ്ങി തന്നിട്ടുണ്ട്.
ആൾ കൂട്ടത്തിന്റെ തിരക്കിനിടയിൽ നിന്നും കൈ കോർത്തു ചേർത്തു പിടിച്ചിട്ടുണ്ട്..
ജോലി കഴിഞ്ഞു വൈകുന്ന നേരങ്ങളിൽ
നിഴൽ പോലെ കൂടെ നടന്നു വീട്ടിൽ കൊണ്ടാക്കി തന്നിട്ടുണ്ട്..
ഈ അക്ഷരതാളിലും ഉണ്ട് ഒരുപാട് നല്ല ആൺ സൗഹൃദങ്ങൾ.
ഈ അടുത്ത കാലത്ത് പോലും നേരിട്ടു കാണാതെ മെസ്സേജുകളിലൂടെ മാത്രം സൗഹൃദം പങ്കു വെക്കുന്നൊരു സുഹൃത്ത് ഉണ്ട്.🥰
അവരാരുടെയും ഭാഗത്തു നിന്നു മോശമായി ഒരു നോട്ടം പോലും ഉണ്ടായിട്ടില്ല. സ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവർ ആണ്.
ദൈവം പോലും പുരുഷനെക്കാൾ ഒരു പടി മുകളിലാണ് സ്ത്രീയെ നിർത്തുന്നത്.
എല്ലാ സ്ത്രീകളുടെയും ശരീരം അത്ഭുതം തന്നെയാണ്. ഒരു സ്ത്രീയുടെ ശരീരത്തിലെ ഏറ്റവും മനോഹരമായ അവയവമാണ് മാറിടവും വയറും.
ഞാൻ പ്രസവിക്കുന്ന കുഞ്ഞിനെ ഒൻപതു മാസം കാത്തു സംരക്ഷണം നൽക്കാൻ ഉള്ളതാണ് എന്റെ വയർ. എന്റെ കുഞ്ഞിനെ പാലുട്ടാൻ ഉള്ളതാണ് എന്റെ മാറിടം.
ഞാനൊരു സ്ത്രീ ആണ്. സ്ത്രീത്യം തന്നെയാണ് ആണെന്റെ അഭിമാനമെന്ന്
ഉറക്കെ പറയുന്നവളാണ് ഞാൻ.
സ്ത്രീകളെ ഭോഗിക്കാൻ ഉള്ള വെറുമൊരു ശരീരമായി കാണരുത്. ഞങ്ങൾക്ക് ഉണ്ട് ഒരുപാട് സ്വപ്‌നങ്ങൾ. പുരുഷന്റെ ആഗ്രഹത്തിനും ഇഗിതത്തിനും അനുസരിച്ചു ചലിപ്പിക്കുന്ന കളിപ്പാട്ടം അല്ല.
ഞാനൊരു അധ്യാപികക്ക് ആണ്. ഞാൻ പഠിപ്പിക്കുന്ന കുട്ടികളോട് പറയാറുണ്ട്.
"നമ്മുടെ സമ്മതം ഇല്ലാതെ ഒരാളെയും ശരീരത്തിൽ തൊടാൻ അനുവദിക്കരുതെന്ന്. തെറ്റായ രീതിയിൽ ആരെങ്കിലും ഉമ്മ വെക്കാനോ കെട്ടിപിടിക്കാനോ വന്നാൽ ഇഷ്ടമില്ലെന്ന് തുറന്നു പറയണമെന്ന്.".....
ആചാരം തെറ്റിച്ചു അമ്പലത്തിൽ പോവേണ്ട നിയമം അല്ല വേണ്ടത്
അവൾ പോകുന്ന ഇടമെല്ലാം അവൾക് സുരക്ഷ ഉറപ്പു വരുത്തുന്ന നിയമമാണ് വേണ്ടത്....
കാളിന്ദി ❤️