ബോൺ (Part 3)
ബോൺ (Part 3)
തുടർക്കഥ
Written by Hibon Chacko
©copyright protected
അടുത്ത നിമിഷം അവന് പെട്ടന്ന് അതിന്റെ മുന്നിലിരുന്ന രണ്ടുപേരെ സംശയം തോന്നി. അവനൊന്ന് നിന്നു. അതിനടുത്ത നിമിഷമാകട്ടെ -ഒന്നിലധികം തവണ യുവതിയുടെ കൈത്തണ്ടയ്ക്ക് മുകളിലും മറ്റും മുറിവേറ്റിരിക്കുന്നത് താൻ ശ്രദ്ദിച്ചത് അവനോർമ്മ വന്നു. വാൻ റിവേഴ്സ് വരുന്ന ശബ്ദം ശ്രദ്ദിച്ച അടുത്തനിമിഷത്തിലെ അവൻ തിരിഞ്ഞുനോക്കി. ഞൊടിയിടയിൽ അവൻ തിരിഞ്ഞ് ബസ് സ്റ്റോപ്പിന് നേർക്ക് ഓടി. വാൻ റിവേഴ്‌സ് വന്ന് ബസ് സ്റ്റോപ്പിന് മുന്നിൽ നിന്നതും, ഹിബോൺ ഓടിയെത്തി അവിടെ നിന്നതും ഒരുമിച്ചായിരുന്നു. പേടിച്ചരണ്ട് യുവതി ബസ് സ്റ്റോപ്പിൽ നിൽക്കുകയാണ്, വാൻ വന്നുനിന്നതിനെ പ്രതി.
വാനിൽനിന്നും മുന്നിലുണ്ടായിരുന്ന രണ്ടുപേർ ചാടിയിറങ്ങി യുവതിയുടെ നേർക്ക്, അതേനിമിഷംതന്നെ അവർ ഓടിയെത്തിനിന്ന ഹിബോണിനെയും വകവെച്ചു. വിജനത ഈ രംഗത്തിനു ചുറ്റുമായി മാറി നിലകൊണ്ടു, വെളുത്ത വെളിച്ചത്തെ രംഗത്തിന് സാക്ഷിയാക്കി. ഒരുവൻ യുവതിയെ ഉന്നംവെച്ചപ്പോൾ മറ്റവൻ ഹിബോണിന് നേർക്ക് നിന്നു. അടുത്തനിമിഷം ഹിബോൺ തന്നെ നോക്കിനിൽക്കുന്നവനെ ആഞ്ഞുതള്ളിമാറ്റി, യുവതിയെ ചെന്ന് പിടിച്ചുവലിക്കാനാഞ്ഞവനെ തള്ളിക്കൊണ്ട് ബസ് സ്റ്റോപ്പിലെ ഭിത്തിയിൽ ഇടിപ്പിച്ചിട്ടു. അതിനടുത്തനിമിഷംതന്നെ ഹിബോൺ യുവതിയുടെ കൈയ്യിൽ പിടിച്ച് മുന്നോട്ട് പാഞ്ഞ് മറ്റവനെ ഒരിക്കൽക്കൂടി ശരീരത്തിന്റെ ഒരുഭാഗംകൊണ്ട് ഇടിച്ചിടുവാൻ നോക്കി. എന്നാലവൻ വീഴാതെ ഹിബോണിനെ പിടിച്ചുനിന്നശേഷം അതേ നിമിഷത്തിൽത്തന്നെ, ഹിബോണിനെ മറിച്ച് നിലത്തിട്ടു. യുവതിയും ഒപ്പം പാതിനിലത്തുവീണപോലെയായി. ഹിബോൺ അടുത്തനിമിഷം തന്റെ ഒരുകാലുകൊണ്ട്, തന്റെ കാല്ഭാഗത്ത് നിലത്തുകിടന്നിരുന്നവന്റെ മുഖത്ത്, മൂക്കിന് ആഞ്ഞുചവിട്ടി. ആഘാതത്തിൽ അവനൊന്ന് വേദനിച്ച് പിന്നോട്ട് മറിഞ്ഞുകിടന്നതും ഭിത്തിയിൽ ഇടിപ്പിച്ചിട്ടവൻ ഓടിയെത്തി. അവൻ പക്ഷെ ലക്ഷ്യമിട്ടത് യുവതിയെയായിരുന്നു -അവളെ പിടിച്ചുവലിക്കാൻ നോക്കി, കൂടെ ഹിബോണിന്റെ കൈക്ക് ഒരു ചവിട്ടും, യുവതിയെ വിടുവിക്കുവാനായി. അവളെ പിടിവിട്ട ഹിബോൺ ചാടിയെഴുന്നേറ്റ്, യുവതിയെ പിടിച്ചുവലിക്കുന്നവനെ കുത്തിനു പിടിച്ച് മുന്നോട്ട് തള്ളിമറിച്ചിട്ടു, ഹിബോൺ അവന്റെമേൽ വീഴുകയും ചെയ്തു. യുവതി ഇതിനിടയിൽ തന്റെ കൈ ഒരുവിധം വിടുവിച്ചിരുന്നു. ഇരുവരും നിലത്തുകിടന്ന് പരസ്പരം പിടുത്തംകൂടി ഉരുണ്ടു. കിട്ടിയ തക്കത്തിന് തന്റെ ഉള്ളംകൈകൊണ്ട് ഹിബോൺ അവന്റെ മൂക്കിന് ശക്തമായൊന്ന് പ്രഹരിച്ചു. മർദ്ദനമേറ്റ് അവൻ പുളഞ്ഞു നിലത്തുകിടന്നതും ശരവേഗത്തിൽ ഹിബോൺ ചാടിയെഴുന്നേറ്റ് തന്റെ കാലുപയോഗിച്ച് അവന്റെ മുഖത്ത് ഒന്നുകൂടി ആഞ്ഞുചവിട്ടി.
അപ്പോഴേക്കും മറ്റവൻ എഴുന്നേറ്റ് യുവതിയെ കൈകാര്യം ചെയ്യുവാൻ തുനിഞ്ഞിരുന്നു. ഹിബോൺ അവന്റെ വയറിനു താഴെ ആഞ്ഞുചവിട്ടി അവനെ വീഴ്ത്തിയിട്ടശേഷം, അവന്റെ മുഖത്ത് ചവിട്ടുവാൻ തുനിഞ്ഞത് പക്ഷെ സംഭവിച്ചത് അവന്റെ നെറ്റിയിലാണ് ഏറ്റത് -യുവതിയുടെ കൈക്ക് പിടിച്ചിരിക്കെ വീണ്ടും. രംഗത്തിന്റെ പ്രാധാന്യത്തിൽ, ഏറ്റ മർദ്ദനങ്ങൾ താത്കാലികമായെങ്കിലും വാനിൽ എത്തിയ ഇരുവരേയും ഒന്നൊതുക്കിക്കളഞ്ഞിരുന്നു.
‘വേഗം വാ’ എന്ന് കൺട്രോൾ നഷ്ടമായ ശബ്ദത്തിൽ പറഞ്ഞുകൊണ്ട് അവളെയും പിടിച്ച് ഹിബോൺ താൻ വന്നവഴി ഓടി. തങ്ങൾ അങ്ങോട്ട് പോയപ്പോൾ പിന്നിട്ട ഓവർ-ബ്രിഡ്ജ് എത്തിയപ്പോൾ അവൻ ഒരുനിമിഷം അവളെയുംകൊണ്ട് നിന്നു. വിജനമായ ആ ഇടത്തിന്, തങ്ങൾ നിൽക്കുന്നതിന്റെ ഇടതുഭാഗം ഒഴിവാക്കി വലത്തേക്ക് അവനവളെ നയിച്ച് ഓടി. ഇടത്തുകൂടിയായിരുന്നു അവർ ആദ്യം -ഇവിടെ എത്തിയത്. വിജനതയിൽ നിന്നും അതിവിജനമായതും തങ്ങൾക്കിപ്പോൾ സാധ്യമാകുന്നതുമായ ഒരിടത്തേക്കെന്നവിധം ഹിബോൺ ആ ചെറിയ വഴിയിലൂടെ അവളെയുംകൊണ്ട് ഓടി, ഇരുട്ടിൽ മറഞ്ഞുകൊണ്ട്.
4
യുവതിയേയുംകൊണ്ട് ഹിബോൺ ഓടിക്കിതച്ച് അവിടെ അടുത്തായുള്ളൊരു കടൽത്തീരത്തിലേക്കെത്തി. പകൽ ഒരുപാട് ആളുകളും കച്ചവടങ്ങളും മറ്റും നിറഞ്ഞ അവിടം തത്ക്കാലം തീരെ ശാന്തവും ഒഴിഞ്ഞതുമാണ്. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ കടൽത്തിരകൾ വലിയ ശബ്ദത്തോടെ ആർത്തലയ്ക്കുന്നുണ്ടായിരുന്നു. അവിടംവഴി മുന്നോട്ട് പോകുവാനായിരുന്നു ഹിബോണിന്റെ പ്ലാൻ.
ചുറ്റുപാടും വീക്ഷിച്ച് കടൽക്കരയുടെ നടുവിലായി എത്തിയതോടെ വളരെ ക്ഷീണിച്ചവിധം യുവതി വലിയ കിതപ്പോടെ നിന്നുപോയി. വിശാലത തോന്നിക്കുന്ന അവിടേക്ക് കയറിയതോടെ ഇരുവരുടെയും വേഗത പരമാവധി കുറഞ്ഞിരുന്നു. കിതപ്പടക്കി അവൻ തിരിഞ്ഞ് അവളെ നോക്കി. പിന്നീട് ചുറ്റുപാടും ഒന്ന് കറങ്ങി നോക്കി, അവിടെ നിന്നുതന്നെ. അങ്ങിങ്ങായി ഇരുട്ടിന്റെ മറവുപറ്റിയും മറ്റും ജോഡികളായി ചിലർ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. കുറച്ചുനിമിഷങ്ങൾ കഴിഞ്ഞിട്ടും അവരാരുംതന്നെ തങ്ങളെ കാര്യമായി ശ്രദ്ദിക്കുന്നില്ലെന്ന് കണ്ടതോടെ അവൻ, അവൾക്കുനേരെ തിരിഞ്ഞതും അവൾ മുട്ടുകൾകുത്തി പൂഴിയിൽ ഇരുന്നുപോയി -തലചെരിച്ച് ശ്വാസം വേഗത്തിൽ നിശ്വസിച്ചുകൊണ്ട്.
ഇരുകൈകളും അരയ്ക്കുകൊടുത്ത് ക്ഷീണമകറ്റി അവനങ്ങനെയവിടെ നിൽക്കുകയാണ്. അവളാകട്ടെ ഒന്നുകൂടി തളർന്നിരിക്കുകയാണ്, ഇരിപ്പിന്റെ ആക്കം വർദ്ദിപ്പിച്ച്. തോളിലെ ലേഡീസ് ബാഗ് ഊരി താഴെ വീണിരുന്നു. കുറച്ചു മാറിയുള്ള വലിയ മഞ്ഞ വഴിവിളക്കിൽനിന്നും പ്രകാശം അവർക്കായി നിലകൊണ്ടു. മുന്നോട്ടുള്ള നിമിഷത്തിലൊന്നിൽ അവൾ പറഞ്ഞു;
“എനിക്ക് വയ്യ... ഞാൻ മടുത്തു... വയ്യ...”
വലിയ ക്ഷീണത്തോടും പൂർണമായും മാറാത്ത കിതപ്പോടുംകൂടി അവളിങ്ങനെ പറഞ്ഞുവെച്ചതും അവൻ പാതിചുറ്റി ഒന്നുനോക്കിയശേഷം പറഞ്ഞു;
“എന്നാൽ കുറച്ചുസമയം ഇവിടെ നോക്കാം...”
ഒന്നുനിർത്തി, അവിടിവിടായുള്ള ആളുകളെ പരിഗണിച്ച് അവൻ തുടർന്നുപറഞ്ഞു;
“... വലിയപ്രശ്നം ഉണ്ടാകുമെന്ന് കരുതേണ്ട.”
അവൾ മറുപടിയൊന്നും പറയുവാനാകാതെ പാതി കണ്ണുകളടച്ച് നിശ്വാസം മാത്രം ഉച്ചത്തിലാക്കി തളർന്നവിടെ പൂർണതയിൽ ഇരുന്നു. അവനാകട്ടെ സാവധാനം, അവൾക്ക് ചുറ്റുപാടും ദൂരത്തേക്കുവരെ കണ്ണുകൾ പായിച്ച് നടന്നുകൊണ്ടിരിക്കുന്നു -വൃത്താകൃതിയിൽ.
അല്പസമയം അങ്ങനെ അവളെ ചുറ്റിയതോടെ ഹിബോണിന്റെ മനസ്സിലേക്ക് വലിയ തിരകൾ അടിച്ചുവരുവാൻ തുടങ്ങി. പെട്ടെന്നുതന്നെ അവനൊന്ന് ശ്വാസം വലിച്ചശേഷം അല്പംമാത്രം ശാന്തയായ യുവതിയോടായി ചോദിച്ചു;
“എന്താ പേര്...”
അവളുടെ മുന്നിൽ നിന്നുള്ള, കടലിനും അവൾക്കും നടുവേ നിൽക്കുന്ന അവന്റെ ചോദ്യത്തിന് മറുപടിയായി, അവനെ തലയുയർത്തിയൊന്ന് നോക്കിയശേഷം അവൾ പറഞ്ഞു;
“ഹണി.”
ശേഷം അവളങ്ങനെത്തന്നെ അവനെ നോക്കിയിരുന്നു. അല്പനിമിഷം അവനങ്ങനെ മുന്നിൽ നിന്നശേഷം അവളെ വലംവെച്ചുകൊണ്ട് ചോദിച്ചു;
“ഇവിടെ അടുത്തെങ്ങാനും നിന്നാണോ...
എന്താ പ്രശ്നം? ഇവിടെ,
എങ്ങനെയെത്തി?!”
അവൾ കുറച്ചു നിമിഷങ്ങൾ നിശ്ചലയായി ഇരുന്നു. തന്റെ മുന്നിലെ കാഴ്ച മറന്നുകൊണ്ട് അവൾ മറുപടിയായി പറഞ്ഞു;
“ഞാനിവിടെ ഉള്ളയാളല്ല...
ഞാൻ സ്നേഹിക്കുന്നവൻ പറഞ്ഞിട്ടിവിടെ വന്നതാ...”
ഇത്രയും കേട്ട് അവളെ ചുറ്റിവന്ന്, അവൻ വീണ്ടും അവളുടെ മുന്നിൽ നിന്നു. രണ്ടുനിമിഷം കഴിഞ്ഞതോടെ അവൾ തുടർന്നുപറഞ്ഞു;
“അവനും കൂട്ടുകാരും കൂടി എന്നെ കൊല്ലുവാനായിരുന്നു ഉദ്ദേശം.
അതിന്റെയാ, ഈ കാണുന്നതൊക്കെ...”
പൂഴിയിലൂന്നി നിന്നിരുന്ന അവന്റെ, ഒരു കാൽമുട്ടൊന്നൽപ്പം അയഞ്ഞു. അവൾ കാരണമില്ലാതെ വീണ്ടും കിതച്ചുതുടങ്ങി മൗനം പാലിച്ചു.
“... എനിക്കിനി വയ്യ...
ഞാൻ പ്രഗ്നന്റാണ്.”
ഇടയിലൊരു നിമിഷം അവനുമുന്നിൽ ഇങ്ങനെ പറഞ്ഞശേഷം, തലതാഴ്ത്തി ഇരുകൈകളും അയച്ചവൾ ഇരുന്നുപോയി. ഇത്തവണ അവന്റെ, തലയാണ് അയഞ്ഞത്. അവനങ്ങനെത്തന്നെ അവളെനോക്കി നിന്നു. അവൾക്ക് ചലനമൊന്നും കാണാത്തതിനാൽ ഒന്നുശ്വാസം വലിച്ച് മെല്ലെ തന്റെ നടത്തം തുടർന്നു അവൻ. അല്പസമയമങ്ങനെ മുന്നോട്ട് പോയതോടെ അവൾ മുഖമുയർത്തി കടലിലേക്കുനോക്കി ഇരുന്നു. അവൻ ഒന്നുരണ്ടുതവണ കൂടി ചുറ്റിയശേഷം അവളുടെ ഏകദേശം മുന്നിലായി, പാതി നോട്ടം കടലിലേക്ക് നയിച്ചുനിന്നു.
“ഞങ്ങള് തമ്മിൽ റിലേഷനിലായിട്ട് കുറച്ചുവർഷങ്ങൾ ആയതാ...
അവന് ഫിനാൻഷ്യൽ എബിലിറ്റികൂടി ഉള്ളതുകൊണ്ട് മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു...”
ഒരുവേള, അതേപടിയിരുന്ന് ലക്ഷ്യമില്ലാതെ അവളിങ്ങനെ പറഞ്ഞു. അവന് ചലനമൊന്നും ഉണ്ടായിരുന്നില്ല. രണ്ടുമൂന്നുനിമിഷങ്ങൾകൂടി കടന്നുപോയതോടെ ഒന്നു മൂക്കുവലിച്ചശേഷം അവൾ തുടർന്നുപറഞ്ഞു;
“രജിസ്റ്റർ ചെയ്യാം തത്കാലം, വീട്ടുകാരെ തത്കാലം അറിയിക്കേണ്ട
എന്നൊക്കെ പറഞ്ഞ് എന്നോടിവിടെ റെയിൽവേ സ്റ്റേഷനിൽ വരാൻപറഞ്ഞു...”
നിർത്തി, ഉമിനീർ വിഴുങ്ങിയശേഷം അവൾ തുടർന്നു;
“...ട്രെയിനിന് ഇവിടെ വന്ന് ഞാൻ വിളിച്ചപ്പോൾ, വണ്ടി താഴെയാണെന്നുംപറഞ്
എന്നെയവൻ സ്റ്റേഷന് താഴെ കുറച്ചു ഒതുങ്ങിയ കാടുപിടിച്ച സ്ഥലത്തേക്ക് കൊണ്ടുപോയി.”
ഹിബോൺ അവൾക്കുനേരെ മുഖംതിരിച്ച്, നിൽപ്പ് തുടർന്നു. അവൾ തുടർന്നു, പഴയപടി;
“അവിടെ ആ വെളുത്ത നിറമുള്ള വാൻ ഉണ്ടായിരുന്നു, ഒപ്പം അവന്റെ കൂട്ടുകാരും.
ഓരോന്ന് പറഞ്ഞും മറ്റും സമയം കളഞ്ഞശേഷം പെട്ടന്ന് എന്നെ...”
ഒന്ന് വിതുമ്പിപ്പോയ അവൾ നിർത്തി. ഒന്നുകൂടി വിതുമ്പിയപ്പോഴേക്കും അവൻ ചുറ്റുപാടും ഒരിക്കൽക്കൂടി നോക്കി. അവൾ വിതുമ്പൽ പൂർത്തിയാക്കാതെ തുടർന്നു;
“അവനും കൂട്ടുകാരും എല്ലാം ആലോചിച്ചായിരുന്നു.
എന്നെ ഉപയോഗിച്ചശേഷം കൊന്നുകളയുവാനായിരുന്നു അവരുടെ തീരുമാനം...”
ഹിബോൺ മെല്ലെ അവൾക്കുമുന്നിൽ, ആ പൂഴിയിൽ കാലുകൾ മടക്കി ഇരുന്നു. അവൾ പഴയപടി, നിർത്തിയിടത്തുനിന്നും തുടർന്നു;
“രണ്ടുപേർ ചേർന്നെന്നെ ബലമായി പിടിച്ച് വാനിലേക്ക് കയറ്റുന്നതിനിടയിൽ
ബഹളംവെച്ച് ഒരുവിധം ഞാൻ കുതറിയോടി മുകളിലേക്ക്...”
ഇത്രയുംകൊണ്ട് നിർത്തി വീണ്ടും തലകുനിച്ചിരുന്ന് ഹണി വിതുമ്പിതുടങ്ങി. അവളുടെ ശബ്ദത്തിന് ആക്കം കൂടിയതിൽ അവനൊന്ന് അസ്വസ്ഥനായി ചുറ്റുപാടും നോക്കി. പിന്നീട് അവളോട് എന്തോ പറയുവാൻ തുനിഞ്ഞശേഷം അത് തിരിച്ചെടുത്ത് എഴുന്നേറ്റ് അവൾക്കഭിമുഖമായി നിന്നു. അവളങ്ങനെ തുടരുന്നുന്നത് കുറച്ചു നിമിഷങ്ങളവൻ നോക്കിനിന്നുപോയി. പിന്നൊരു നിമിഷം അവൻ ‘ഹേയ്’ എന്നുപറഞ് അവളുടെ നേർക്ക് കൈനീട്ടിപ്പോയി.
“എനിക്കിനി തിരിച്ചു പോവുകയൊന്നും വേണ്ടാ...
ഞാൻ പോവുകയുമില്ല.
അവന്റെ കൈയിൽ അവസാനിക്കില്ല എന്നേയുള്ളു...”
ഏതോ ഒരു ചെറു ഊർജ്ജത്തിൻ പുറത്ത് അവളിങ്ങനെ പുലമ്പി പഴയപടിയിരുന്നു. അതിന്റെ അർത്ഥം, അങ്ങനെ നിന്ന് അവൻ മനസ്സിലാക്കിയപ്പോഴേക്കും അവർ വന്നവഴി വെളുത്തൊരു വാഹനം എത്തിനിൽക്കുന്നതവൻ ശ്രദ്ദിച്ചു. ‘നീയിങ്ങ് എഴുന്നേറ്റേ, ഇവിടെ നിന്നാലിനി ശരിയാകില്ല...’ എന്ന് പറഞ്ഞു ഹണിയെ വലിച്ചെഴുന്നേൽപ്പിച്ച് ഹിബോൺ അവിടെനിന്നും മുന്നോട്ട് വേഗത്തിൽ നടന്നുതുടങ്ങി, മറ്റൊന്നും ശ്രദ്ദിക്കാതെ.
തുടരും...