Aksharathalukal

കറുപ്പു പുതച്ച ഭൂമി

കറുപ്പു പുതച്ച ഭൂമി


തീക്ഷ്ണമാം പകലിന്റെ മേലാപ്പിനപ്പുറം
വൻതമോഗർത്തങ്ങൾ അന്ധരായ് മേയുന്നു.

ഉഷ്ണം ചുമക്കുന്ന കാറ്റിന്റെ കണ്ണീരു
മേഘവിസ്ഫോടനസൂക്തം ജപിക്കുന്നു!

വറ്റുന്നയാറിന്റെ നെഞ്ചിൽ മണൽത്തരി
വർഷത്തിനായിട്ടു യജ്ഞം നടത്തുന്നു!

നേരിനെ കാണാത്ത കുഞ്ഞുങ്ങൾ ചാനലിൽ
\'ഷോ\'കാട്ടി കോടികൾ നേടുന്ന ആട്ടമാടുന്നു!

ഞാനെന്റെ കുടിലിന്റെ തിണ്ണയിൽ ക്ഷീണിച്ചു
വാർദ്ധക്യ പെൻഷനായ് കൺപാർത്തിരിക്കുമ്പോൾ;

സംഭ്രമക്കാഴ്ചകൾ ചിറകടിച്ചെത്തിയെൻ
മസ്തിഷ്ക പേടകം കൊത്തിത്തുളയ്ക്കുമ്പോൾ,

ചൊല്ലിപ്പഠിപ്പിച്ച ശാസ്ത്ര സത്യങ്ങളും
കണ്ണിലേക്കെത്തുന്ന അഗ്നിശലാകയും

വിങ്ങുന്ന ചേതനയ്ക്കുള്ളിൽ വരയ്ക്കുന്ന
സ്വപ്നദൃശ്യത്തിന്റെ കാളിമ കണ്ടു ഞെട്ടുന്നു ഞാൻ!

ഭൂമിയെ പൊള്ളിച്ചു വൻ കരിക്കട്ടയായ്
ആകാശ ദേശത്തുപേക്ഷിച്ച കാഴ്ചകൾ!

ഒന്നും മുളയ്ക്കാതെ ജീവന്റെ ധന്യത
കരിയാക്കി മാറ്റിയ മർത്ത്യന്റെ സ്വാർഥത,

നിത്യശാപത്തിൻ കറുപ്പും പുതപ്പിച്ചു
 സൗരപ്പറമ്പിലെ ഭ്രാന്തിയായ് ആട്ടിയോടിച്ചതോ? 

 


(അവസാനിച്ചു)