Aksharathalukal

അഗതി മന്ദിരം

അഗതി മന്ദിരം

ഉച്ചഭക്ഷണത്തിനായി ഞാൻ അടുത്തു കണ്ട ഹോട്ടലിന്റെ അടുത്തായി കാർ പാർക്ക് ചെയ്തു.

പെട്ടെന്ന് ഒരു വൃദ്ധൻ കാറിന്റെ ഡോറിനടുത്തു വന്നു കൈകൂപ്പി, പിന്നെ കൈ നീട്ടി യാചിച്ചു!

സാർ, രണ്ടു ദിവസമായി വല്ലതും കഴിച്ചിട്ട്! എന്തെങ്കിലും തരണം?.

വൃദ്ധൻ വല്ലാതെ ക്ഷീണിതനായിരുന്നൂ.

ഞാൻ കീശയിൽ നിന്നും പേഴ്സ് എടുത്തു അതിൽനിന്ന് നൂറിന്റെ ഒരു നോട്ട് എടുത്തു വൃദ്ധനുനേരെ നീട്ടി!

നൂറിന്റെ നോട്ട് കണ്ടിട്ടാകണം

വൃദ്ധൻ മടിച്ചു നിന്നു.

പേടിക്കാതെ!"വാങ്ങിച്ചോളൂ"

ഞാൻ പറഞ്ഞു.

കീറി മുഷിഞ്ഞ വസ്ത്രങ്ങളാണ് വേഷം. മുടിയും താടിയും വളർന്ന മുഖത്ത്, ഭക്ഷണം കഴിക്കാത്തതിൻ്റെ ക്ഷീണം, ആ കണ്ണുകളിൽ ഞാൻ കണ്ടു.

തന്റെ മുന്നിൽ നിൽക്കുന്ന വൃദ്ധൻ്റെ മുഖം എവിടയോ കണ്ടുമറന്നതായി തോന്നുന്നു!

ഈ മനുഷ്യനെ മുമ്പ് ഞാൻ കണ്ടിട്ടുണ്ട്.

പക്ഷേ എവിടെവെച്ചാണന്ന് ഓർമ്മയില്ല! 


മടിച്ചു മടിച്ച് ഞാൻ നീട്ടിയ പൈസയും വാങ്ങി അടുത്തുകണ്ട മറ്റൊരു ഹോട്ടലിന്റെ മുന്നിലേക്ക് ആ വൃദ്ധൻ നടന്നകന്നു.

അതൊരു സാധാരണ ഹോട്ടൽ ആയിരുന്നു.

വെളിയിൽ നിന്നു തന്നെ വൃദ്ധൻ ചോദിച്ചു.

ഒരു പൊതിച്ചോർ തരുമോ ?

കൈയ്യിൽ പൈസയുണ്ടോ ?

കൗണ്ടറിൽ ഇരുന്നയാൾ തിരക്കി .

വൃദ്ധൻ നൂറിന്റെ നോട്ട് നീട്ടിക്കാണിച്ചു .

അകത്തു പോയി ഒരു പാഴ്സൽ പൊതിഞ്ഞെടുത്തുകൊണ്ടു വന്നു അയാൾ ആ വൃദ്ധനു കൊടുത്തു.

വൃദ്ധൻ്റെ കൈയ്യിൽ നിന്നും പണം വാങ്ങിയിട്ട് തിരക്കി " ഈ പൈസ എവിടെനിന്ന് മോഷ്ടിച്ചതാ" ?

മോഷ്ടിച്ചതല്ല ചേട്ടാ, ഒരാൾ തന്നതാണ്.

പൊതിയും വാങ്ങി അടുത്തുള്ള ആളൊഴിഞ്ഞ ഒരു കടത്തിണ്ണയിൽ പോയിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി.

അപ്പോഴും ഞാൻ ആ വൃദ്ധനെത്തന്നെ നോക്കി നിന്നു!

പിന്നെയും പിന്നെയും മനസ്സ് പറഞ്ഞു ഈ മുഖം എനിക്ക് പരിചിതമാണ്!

ആരാണീ വൃദ്ധൻ? ഇവിടെ എങ്ങനെ എത്തി?

എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ഇന്നലെകളിലൂടെ മനസ്സ് സഞ്ചരിക്കാൻ തുടങ്ങി. ബാല്യം, കൗമാരം, സ്കൂൾ കാലം എല്ലാം അരിച്ചുപെറുക്കി.

പെട്ടെന്ന് ആ രൂപം മനസ്സിൽ തെളിഞ്ഞു വന്നു!

മനസ്സൊന്നു പിടഞ്ഞു.

ദൈവമേ അതു തങ്ങളുടെ "നാരായണേട്ടൻ" അല്ലേ?.

അച്ഛൻ്റെ ഉറ്റ ചങ്ങാതി നാരായണേട്ടൻ. 

ഞാൻ നടന്നു വൃദ്ധനടുത്തെത്തി.


അപ്പോഴേക്കും ആ വൃദ്ധൻ ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു. റോഡരികിലെ പൈപ്പിൽ കൈയ്യും മുഖവും കഴുകി പിന്നെ  പൈപ്പിനടിയിൽ കൈകൾ ചേർത്തു പിടിച്ചു കനിഞ്ഞു നിന്ന് കൈക്കുമ്പിളിലെ വെള്ളം മുത്തിക്കുടിച്ചു. വെള്ളം കുടിച്ചു നിവർന്നപ്പോൾ താടിമീശയിലൂടെ വെള്ളം ഇറ്റിറ്റു വീണുകൊണ്ടിരുന്നു!. നനഞ്ഞകൈകൾ മുഷിഞ്ഞ വസ്ത്രത്തിൽ തുടച്ചു .  താടി മീശയിൽ തങ്ങിനിന്ന വെള്ളത്തുള്ളികൾ മുത്തുമണി പൊഴിയും പോലെ നിലത്തു വീണുകൊണ്ടിരുന്നു!


നാരായണേട്ടൻ തന്നെയാണോ എന്ന് ഉറപ്പുവരുത്താനായി ഞാൻ  വൃദ്ധനോട് ചോദിച്ചു,

പേരെന്താ?

വളരെ വിഷാദത്തോടെ വൃദ്ധൻ എന്നെ നോക്കി. പിന്നീട് തല കുമ്പിട്ടു നിന്നു പതിയെപ്പറഞ്ഞു.

"എൻ്റെ പേര് നാരായണൻകുട്ടി ന്നാണ്".

വീടെവിടെയാ? വീണ്ടും ഞാൻ തിരക്കി.

"കോഴിക്കോടിനടുത്താണ്".

അപ്പോൾ എൻ്റെ മനസ്സൊന്നു പിടഞ്ഞു. പിന്നെ ഞാൻ ചോദിച്ചു.

എന്നെ മനസ്സിലായോ?

എൻ്റെ മുഖത്ത് സൂക്ഷിച്ചു നോക്കിയിട്ട്  അയാൾ പറഞ്ഞു.

ഇല്ല!അറിയില്ല.

നാരയണേട്ടാ…, ഞാൻ വേണുവാണ്.

നിങ്ങടെ ചങ്ങാതി സുരേന്ദ്രന്റെ മകൻ.

അതു കേട്ടപ്പോൾ ആ വൃദ്ധൻ്റെ കണ്ണുകൾ ഈറനണിഞ്ഞു.!

അയ്യോ….മോനേ വേണു നീ… ആയിരുന്നോ? എനിക്ക് നിന്നെ മനസ്സിലായില്ല. 

എന്നോടു ക്ഷമിക്കൂ മോനേ!

നിൻ്റച്ഛൻ മരിച്ചതിൽ പിന്നെ ഞാൻ അങ്ങോട്ടൊന്നും വരാറില്ലല്ലോ,?  അതായിരിക്കാം എല്ലാവരുടേയും മുഖം ഞാൻ മറന്നത്.

ചേട്ടൻ എങ്ങനെ ഇവിടെയെത്തി? ഞാൻ ചോദിച്ചു.

അയാൾ ഹൃദയവേദനയോടെ എന്നോടു പറഞ്ഞു.

"എൻ്റെ ഭാര്യ മരിച്ചതിൽ പിന്നെ മകൾക്കും കുടുംബത്തിനും ഒപ്പമാണ് ഞാൻ  താമസിച്ചിരുന്നത്. എൻ്റെ പേരിൽ ഉണ്ടായിരുന്നു വീടും സ്ഥലവും മോളുടെ പേരിൽ എഴുതിക്കൊടുത്തു.

സ്വത്തുക്കൾ കിട്ടിക്കഴിഞ്ഞപ്പോൾ അവളുടെ സ്വഭാവം മാറി. 

കുറച്ചു നാളായി എന്നോട് അകൽച്ചകാണിച്ചു തുടങ്ങി. ഞാൻ തൊടുന്നതും, പിടിക്കുന്നതും, എല്ലാം കുറ്റമായി കണ്ടെത്തി .

ഞാനവർക്കൊരു ബാധ്യതയാണന്നു തോന്നിക്കാണും.

എല്ലാം സഹിച്ചുകൊണ്ട് ഞാനവിടെ കഴിഞ്ഞു പോന്നു. അവസാനം അവർക്കെന്നെ നോക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ആ വീട്ടിൽ നിന്നും എന്നെ ഇറക്കിവിട്ടു". 

പിന്നീട് എങ്ങോട്ടെന്നില്ലാതെ യാത്രയായി. അവസാനം ഇവിടെ എത്തി.

ആ വൃദ്ധൻ പൊട്ടിക്കരഞ്ഞു.

"നാരായണേട്ടൻ വിഷമിക്കേണ്ട! ഞാൻ കൂടെയുണ്ട്".

ഞാൻ ആ വൃദ്ധനെ സമാധാനിപ്പിച്ചു.

"ഞാൻ ഇപ്പം വരാം" ചേട്ടൻ എങ്ങും പോകരുത്, എന്നുപറഞ്ഞ് ഞാൻ അവിടെനിന്നും കാറിൽ കേറി  പോയി. കുറേ കഴിഞ്ഞ് മറ്റൊരാളെയും കൂട്ടി കൈയ്യിൽ രണ്ടു കവറുകളിൽ നാരായണേട്ടനുവേണ്ടി കുറച്ചു സാധനങ്ങൾ വാങ്ങിക്കൊണ്ട് ഞാൻ തിരിച്ചെത്തി.

നാരായണേട്ടാ… ഇത് ബാർബർ ചന്ദ്രൻ.

നാരായണേട്ടൻ്റെ മുടിയൊക്കെ വെട്ടി ഷേവ് ചെയ്തു വൃത്തിയാക്കാൻ കൂട്ടി കൊണ്ടുവന്നതാണ്.

വേണ്ടായെന്ന് പറയരുത്! സമ്മതിക്കണം.

ആ വൃദ്ധൻ സന്തോഷത്തോടെ എല്ലാം അനുസരിച്ചു.

മുടിവെട്ടി ഷേവും ചെയ്തപ്പോൾ തന്നെ വൃദ്ധൻ പുതിയൊരു മനുഷ്യനായി മാറി.

ഇനിയും ഒന്നു കുളിച്ച് ഈ മുഷിഞ്ഞ വസ്ത്രങ്ങളൊക്കെ ഒന്നുമാറണം. 


അടുത്തുള്ള ഒരു ലോഡ്ജിൽ മുറിയെടുത്ത് ഞാൻ ആ വൃദ്ധനെ കുളിപ്പിക്കാനായി കൊണ്ടുപോയി.

വീട്ടിലേക്കു പോകാമെന്ന് വെച്ചാൽ റിസ്ക്കാണ്, അതാണ് റൂം എടുത്തത്.

മുറിയിൽ എത്തിക്കഴിഞ്ഞ് കുളിമുറി കാണിച്ചു കൊടുത്തിട്ടു ഞാൻ പറഞ്ഞു. നാരായണേട്ടൻ കുളിച്ചു റെഡിയായി വാ 

ഇതാ ഈ കവറിൽ തോർത്തും സോപ്പും എണ്ണയും എല്ലാമുണ്ട്. വൃത്തിയായി കുളിക്കൂ .കുറേ നാളായിക്കാണുമല്ലോ ശരിക്ക് സോപ്പിട്ട് കുളിച്ചിട്ട് ?

അപ്പോഴും ആ വൃദ്ധൻ തേങ്ങി കരഞ്ഞു.

നാരായണേട്ടൻ കരയണ്ടാ . ഇതെന്റെ കടമയാണ്.

കുളികഴിഞ്ഞു വന്ന വൃദ്ധന് ഞാൻ പുതിയതായി വാങ്ങിക്കൊണ്ടുവന്ന മുണ്ടും ഷർട്ടും കൊടുത്തു.

നാരായണേട്ടൻ ഇതൊക്കെ ഒന്നു ഇട്ടേ !

പുതിയ വസ്ത്രങ്ങൾ ധരിച്ച് കണ്ണാടിയുടെ മുന്നിൽ നിന്ന് നോക്കിയ നാരായണേട്ടൻ സ്വന്തംരൂപം കണ്ട് അമ്പരന്നു ! കണ്ണാടിയിൽ കാണുന്ന രൂപം താൻ തന്നെയാണോന്ന് ചിന്തിച്ചു പോയി.

അത്രയ്ക്ക് മാറിപ്പോയിരിക്കുന്നു.

വേണു….. ഇതൊക്കെ വാങ്ങാൻ ഒത്തിരി പണം ചിലവായില്ലേ ? വേണ്ടായിരുന്നു.

അതിനെന്താ. എനിക്ക് എൻ്റെ അച്ഛനെ പോലെതന്നെയാണ് നാരായണേട്ടനും.


ഇതാ ഈ കവറിൽ മറ്റൊരു ജോഡി വസ്ത്രങ്ങൾ കൂടിയുണ്ട്.

നാരായണേട്ടൻ്റെ കണ്ണിൽ നിന്നും സ്നേഹത്തിന്റെ കണ്ണീർ പെയ്തിറങ്ങി.

അയാൾ വേണുവിനെ കെട്ടിപ്പിടിച്ചു. ഇടറിയ സ്വരത്തിൽ പറഞ്ഞു. 

"മോനേ നീ എനിക്ക് പിറക്കാതെ പോയ മകനാണ്". 

തനിക്കൊരു ആൺകുട്ടിയെ കിട്ടിയ സന്തോഷം ആ മുഖത്തു തിളങ്ങി.


ഇനിയും അലഞ്ഞു തിരിഞ്ഞ് നടക്കണ്ട.

എൻ്റെ കൂടെ പോരൂ…, ഒരു കുറവും വരുത്താതെ ഞാൻ നോക്കിക്കൊള്ളാം.

ഇനിയും വരാൻ മടിയാണങ്കിൽ മറ്റൊരിടത്ത് ഞാൻ കൊണ്ടാക്കാം .

എല്ലാമാസവും ഞാൻ വന്ന് കാണുകയും ചെയ്യാം.

എൻ്റെ കുഞ്ഞേ … നീ ഇത്രയും ചെയ്തപ്പോൾ തന്നെ എൻ്റെ മനസ്സ് നിറഞ്ഞു! പട്ടിണി കിടന്ന് ആരും തിരിച്ചറിയാതെ എവിടെയെങ്കിലും കിടന്നു മരിക്കേണ്ട എന്നെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നതു നീയാണ്.

ആ നിൻ്റെ കുടുംബത്ത് ഞാൻ കാരണം കലഹം ഉണ്ടാകാൻ പാടില്ല.

എന്താ നാരായണേട്ടാ ഈ പറയുന്നത്. ചേട്ടൻ കാരണം എന്തു കലഹം ഉണ്ടാകാനാ?

അതു വേണ്ട മോനെ.

വേണു പറഞ്ഞില്ലേ വേറെ എവിടെയോ കൊണ്ടുചെന്നു ആക്കാമെന്ന്. എവിടെ ആയാലും എനിക്ക് സന്തോഷമാണ്.


അതൊരു വൃദ്ധ സദനം, ആണ് ചേട്ടാ.


അതിനെന്താ ഞാൻ സന്തോഷത്തോടെ അവിടെ കഴിഞ്ഞു കൊള്ളാം.

"ഞാൻ നിനക്കൊപ്പം വന്നാൽ അതു നിനക്ക് ബുദ്ധിമുട്ടാകും.അതിലും നല്ലത് ഞാനാ വൃദ്ധസദനത്തിൽ കഴിയുന്നതാ".

നിറഞ്ഞ സന്തോഷത്തോടെയാണ് ഞാൻ പറഞ്ഞത്.

വേണു വൃദ്ധനേയും കൊണ്ട് വൃദ്ധസദനത്തിൽ എത്തി.

ഓഫീസിൽ പോയി പേപ്പറുകൾ എല്ലാം ശരിയാക്കി വൃദ്ധനേയും അവിടെ ഏൽപ്പിച്ചു.

ആ വൃദ്ധസദനത്തിൽ മറ്റു അന്തേവാസികൾക്കൊപ്പം ആവൃദ്ധനും ചേർന്നു.

ഞാൻ യാത്ര ചോദിക്കാനായി ആവൃദ്ധൻ്റെ അടുത്തെത്തി.

"നാരായണേട്ടാ ഞാൻ പോകുന്നു". എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അറിയിക്കണം.എൻ്റെ മൊബൈൽ നമ്പർ ഓഫീസിൽ കൊടുത്തിട്ടുണ്ട് .

വൃദ്ധൻ്റെ കണ്ണിൽ നിന്നും ചുടുകണ്ണീർ അടർന്നു വീണു.

എൻ്റെ കണ്ണും നിറഞ്ഞിരുന്നു.മുഖത്ത് ചിരിവരുത്തി ഞാൻ യാത്ര പറഞ്ഞു .

ഹൃദയ വേദനയോടെ  എൻ്റെ കാർ ഗയിറ്റും കടന്നു പോകുന്നതും നോക്കി നാരായണേട്ടൻ നിന്നു.

                          **********


               മോഹനൻ പീ കെ