ബന്ധങ്ങളും ബന്ധനങ്ങളും
പ്രഭാതത്തിലെ മഞ്ഞുതുള്ളികൾ പറ്റി നിൽക്കുന്ന പാടവരമ്പിലൂടെ ജനപ്രവാഹം.മേത്തില പറമ്പിലെ പൊതു ശ്മശാനത്തിലേക്കുള്ള ഒഴുക്കാണ്.
എന്നാലും നമ്മുടെ രാഘവനും ഈ ചതി ചെയ്തല്ലോ?
ഭാസ്ക്കരേട്ടാ, അപ്പോ രാഘവൻ എന്നാ കണ്ണൂരിൽ നിന്ന് വന്നത്?
ഇന്നലെ രാത്രിയാ ...
ഇവിടെ വന്നപ്പോഴല്ലേ മറിയം ചേടത്തി യുടെ വിവരം അവൻ അറിഞ്ഞത്.
" സംശയത്തിന്റെ നിഴലിൽഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ല " എന്നുമാത്രം എഴുതി വെച്ച് അവനും ഈ ശ്മശാന ഭൂമിയെ എന്നെന്നേക്കുമായി വിട്ടുപോയി .
ഉച്ചവെയിലേറ്റ് തളർന്നു നിൽക്കുന്ന കാട്ടുപുല്ലുകൾക്കിടയിലൂടെ നടന്നകലുന്ന ശ്മശാനത്തിലെ പുതിയ കാവൽക്കാരനാണ് രാഘവൻ . ആരോഗദൃഢഗാതൃ നാണെങ്കിലും ഉച്ച വെയിലിന്റെ തീക്ഷ്ണത അദ്ദേഹത്തിന്റെ മുഖത്ത് നിഴലാടുന്നു. പാട വരമ്പിനു മേപ്പുറത്തുള്ള മേത്തില പറമ്പിലെ താമസക്കാർ പുതുതായി ജോലിക്കെത്തിയ രാഘവനെ പരിചയപ്പെട്ടു കഴിഞ്ഞു.
അപ്പോൾ രാഘവന്റെ വീട് എവിടെയാ ?
ഞാൻ കണ്ണൂരിൽ നിന്നാവരുന്നത്.
രാത്രിയും പകലും ഇവിടെത്തന്നെ കാണുംല്ലേ ?
അതെ, മരണത്തിന് സമയമോ അവധിയോ ഇല്ലല്ലോ. ഇരുപത്തിനാലുമണിക്കൂറും ഇവിടെ തന്നെ കഴിയണ്ടേ ? നടന്നു തഴമ്പിച്ചകാൽപാദങ്ങൾ സിമൻറ് തിണ്ണയിൽഉയർത്തി വെച്ച് രാഘവൻ തെക്കോട്ട് നോക്കിയിരുന്നു. മിന്നാമിനുങ്ങിൻവെട്ടങ്ങൾ എങ്ങാനും അടുത്ത് വരുന്നുണ്ടോ ?പച്ച മാംസത്തിന്റെ കത്തുന്ന ഗന്ധം ശ്വസിച്ചു മടുപ്പു തോന്നിയ രാഘവൻ പാടവരമ്പന്റെ മേപ്പറത്തുള്ള പലചരക്കുകയിലേക്ക് നടന്നു നീങ്ങി.ബീഡിയുണ്ടോ ഒരു കെട്ടുകിട്ടാൻ ?
പച്ചക്കറികൾ അടുക്കിവെച്ചു നിന്നിരുന്ന മറിയം ചേടത്തി പുതിയ ശബ്ദം കേട്ട് തിരിഞ്ഞുനോക്കി. ആരാ മനസ്സിലായില്ലല്ലോ ?ഞാൻ വൈദ്യുത ശ്മശാനത്തിലെ പുതിയ ജോലിക്കാരനാ.
ദാ ബീഡി...
ചായയുണ്ടോ ? കഴിക്കാൻ എന്തെങ്കിലും ?
രാവിലെ ഉണ്ടാക്കിയ കലത്തപ്പമുണ്ട് എടുക്കട്ടെ ? ഉം
നാളെ മുതൽ എനിക്ക് ഇവിടെ നിന്ന് പ്രാതൽ എന്തേങ്കിലും കിട്ടുമോ ?
ആവല്ലോ ? രാവിലെ 8 മണിക്കു വന്നോളൂ ശരി.
ഭർത്താവു മരിച്ച മറിയം ചേടത്തിക്ക് ഒരു മകളേയുള്ളൂ. മോളെ കെട്ടിച്ചു വിട്ടു. ഇപ്പോ പലചരക്കും ചായക്കടയുമായി ജീവിച്ചു പോകുന്നു.
പുതു മണ്ണിൽ കിളിർത്തുവരുന്ന തകരയില നുള്ളിയെടുത്ത് മറിയം ചേടത്തി വീടിനകത്തേക്ക് കയറി പോയി. രാഘവൻ ശ്മശാനത്തിലേക്കും.
എത്ര ശരികൾക്കിടയിലും ഒരു തെറ്റു മതി നമ്മുടെ ജീവിതം മാറ്റി മറക്കാൻ ജീവിതത്തിൽ നടക്കുന്ന ഓരോ ചെറിയ പ്രശ്നങ്ങളും തരണം ചെയ്യാൻ കഴിയാതെ വന്നതാണ് മറിയം ചേടത്തിക്കും സംഭവിച്ചത്.
സത്യത്തിന്റെ മുഖം ഉയർത്തി കാണിക്കാൻ ശ്രമിക്കാതെ സ്വന്തം ജീവിതത്തെ എന്നേക്കുമായി അവസാനിപ്പിക്കാൻ എങ്ങനെയാണ് മറിയം ചേടത്തിക്ക് സാധിച്ചത്. മറ്റുള്ളവരുടെ സംസ്കാര ശൂന്യതയിൽ ചെവി കൊള്ളാതെ നേർവഴിക്കു ചിന്തിക്കാൻ ചേടത്തി ശ്രമിച്ചില്ല. മാതാപിതാക്കൾ നഷ്ടമായ മകൾ അനാഥയായി അത്രമാത്രം.
ശ്മശനത്തിലെ തിരക്കൊഴിഞ്ഞ നേരത്ത് രാഘവൻ എന്നും ആ കടയിലേക്ക് എത്തും. പകലെന്നോ രാത്രിയെന്നോ ഇല്ലന്നായി. കടയിൽ വരുന്നവർക്ക് സാധനങ്ങൾ എടുത്തു കൊടുക്കാനും രാഘവന് മടിയില്ലാതെയായി. രാഘവൻ കടയിലെ സ്ഥിരം പറ്റുക്കാരനെന്ന് ആളുകൾ പറഞ്ഞു തുടങ്ങി.
മാനം പല വെട്ടം പെയ്തിറങ്ങി ...
എന്താ രാഘവാ നാട്ടിലേക്കൊന്നും പോകുന്നില്ലേ?
വന്നീട്ട് രണ്ടു ആണ്ടാവാറായില്ലേ ?
ഈ വരുന്ന ഓണം അവധിക്കും പോകണം വളർന്ന നാടും വീടും മറക്കാൻ പറ്റോ?
രാഘവൻ പോയി കഴിഞ്ഞപ്പോൾ അവിടെ കടയിൽ വന്നവർ എന്തൊക്കെയോ അടക്കം പിടിച്ചു സംസാരിക്കുന്നതു മറിയം ചേടത്തിയും കേട്ടു.
മറിയം ചേടത്തി യുടെ മനസ്സിലും എന്തൊക്കെയോ മിന്നിമറഞ്ഞു. വിധിയെ മാറ്റി മറക്കാൻ ആർക്കും കഴിയില്ല. ഭർത്താവ് എന്നെ വിട്ടു പോയതിനു ശേഷം ഞാൻ മകൾക്കു വേണ്ടിയല്ലേ ജീവിക്കുന്നത്. നാട്ടിലെ സംസാരം അവൾ അറിഞ്ഞാൽ ....... എന്തോ മനസ്സിൽ ഒരു ഭീതി
ജീവിക്കുന്നതിലും ഭേദം മരണമല്ലേ?
മറിയം ചേടത്തി ഒരു മുഴം
കയറിൽ ജീവനൊടുക്കി.
എല്ലാം ഒരു സ്വപ്നമാണോ ?
സത്യത്തിന് എത്ര മുഖങ്ങളുണ്ട്. എന്തിനും മൂകസാക്ഷിയായി നിന്നിരുന്ന ഞാവൽ മരത്തിന്റെ ശിഖരവും നിലംപൊത്തിയോ? നാടിനെ നടുക്കിയ സംഭവം മേത്തില പറമ്പിലെ നാട്ടുകാർ മറക്കുമോ ?