Aksharathalukal

VACATION / PART 10 / last part

VACATION / PART 10 / last part
തുടർക്കഥ
Written by Hibon Chacko
©copyright protected
മറുപടിയായി അവനൊന്ന് മന്ദഹസിച്ചതേയുള്ളു. അല്പസമയം എല്ലാവരും ചെറുകളിചിരികളുമായി തുടരുന്നതിനിടയിൽ മിലൻ ആദ്യമായെന്നവിധം സംശയഭാവത്തോടെ ഡിലീനയെ ഒന്നുനോക്കി. ഇതു ശ്രദ്ദിച്ച് അവളും തന്റെ കണ്ണുകൾ അവനായി വിട്ടുകൊടുത്ത് ഇരുന്നു. ഔട്ടിങ് തീരുമാനിക്കുന്ന അവസരത്തിലൊന്നിൽ, അനുപമ വയ്യെന്നുപറഞ് വിശ്രമിക്കുന്നത് ഉറപ്പായശേഷം, അരുൺ ആരെയോ വളരെ രഹസ്യമായി തന്റെ മൊബൈലിൽ വിളിച്ച് സംസാരിക്കുന്നത് കണ്ടതും ചില്ലറ കാര്യങ്ങൾ പൂർണ്ണതയില്ലാതെ കേട്ടതുമാണ് അവനെ അലട്ടുന്നത്. വൈകുന്നേരം കഴിഞ്ഞതേയുള്ളായിരുന്നു, ഒരാവശ്യത്തിന് ഹാൾവരെ കയറിവന്നപ്പോൾ സിറ്റ്-ഔട്ടിൽ നിന്ന് വളരെ അടക്കത്തിൽ പരിസരം വീക്ഷിച്ച് സംസാരിക്കുകയായിരുന്നു അരുൺ -അവന് മിലനെ അപ്പോൾ ശ്രദ്ദിക്കുവാൻപോലും കഴിഞ്ഞില്ല.
     ‘ഇന്ന് കാര്യം നടക്കും, റെഡിയായിക്കോ...’ എന്ന് അവ്യക്തമായി കേട്ടതിലാണ് മിലൻ കുടുങ്ങിക്കിടക്കുന്നത്. അരുണിന്റെ കാര്യങ്ങൾ ഓരോന്നും ആലോചിക്കുമ്പോൾ സംശയം ബലപ്പെട്ട് വരികയാണ്, എല്ലാം പ്രകടനം പോലെ അനുഭവപ്പെടുന്നു ഇപ്പോൾ. ഒരിക്കൽ രാത്രിയും പിന്നൊരു ദിവസം പകലും താഴത്തെ നിലയിലെ ഹാളിലും അതിന്റെ സിറ്റ്-ഔട്ടിലും യഥാക്രമം അരുണിങ്ങനെ മൊബൈലിൽ ഒരു സ്ത്രീയോടെന്നപോലെ പ്ലാനിങ്ങിനെക്കുറിച്ചൊക്കെയെന്നവിധം സംസാരിച്ചതൊക്കെയാണ് മിലന്റെ മനസ്സിലിപ്പോൾ -അവൻ യാദൃശ്ചികമായി അന്ന് കണ്ടത്. വീണ്ടും അവനെ കുഴയ്ക്കുന്നത് ഇപ്പോഴത്തെ യാഥാർത്ഥ്യവും തന്റെ മനസ്സിൽ വരുന്ന സംശയങ്ങളും തമ്മിൽ ബന്ധമില്ല എന്നുള്ളതാണ്.
     അവന്റെ മുഖത്ത് ഭാവങ്ങൾ മാറുന്നതുപോലെ തോന്നിയങ്ങനെ ഇരിക്കുമ്പോഴാണ് ഡിലീന പെട്ടെന്നൊരു കാര്യം ഓർമ്മിക്കുന്നത്, ചെറുതായി തണുപ്പ് അനുഭവപ്പെട്ടപ്പോഴെന്നും പറയാം -വയ്യെന്ന ഭാവത്തിൽ രാവിലെ തന്റെ റൂമിൽ അനുപമ ഉണ്ടെന്നറിഞ്, ചാരിയ ഡോർ തുറന്നപടി ഒരു മിന്നായംപോലെ ബെഡ്ഡിൽ കിടക്കുന്ന റിവോൾവർ ഡിലീന കണ്ടതും അത്, ഡിലീനയുടെ സാന്നിധ്യം മനസ്സിലാക്കി അതേസമയം തന്റെ കടുംമഞ്ഞ കോട്ടെടുത്ത് ശരവേഗത്തിൽ മൂടി അമളി പറ്റിയതിന്റെ ഭാവം പ്രകടമാക്കി അനുപമ നിന്നുപോയതും. ആ നിമിഷം ഡിലീനയ്ക്ക് പക്ഷെ പ്രധാനമായും ശ്രദ്ദിക്കാനായത് അതൊന്നുമായിരുന്നില്ല. എന്നാൽ ഇപ്പോളവളെ അലട്ടിത്തുടങ്ങിയിരിക്കുന്നത് പൂർണ്ണമായും റിവോൾവർ മറഞ്ഞിരുന്നില്ല അപ്പൊഴെന്നതാണ്. കാര്യങ്ങൾ ചോദിച്ചറിയുന്ന സമയം അനുപമ ബെഡ്ഡിന്റെ ആ ഭാഗത്തേക്ക്‌ നീങ്ങുവാൻ പരമാവധി പ്രയാസപ്പെടുന്നതൊക്കെ ഇപ്പോൾ ഡിലീന ഓർമ്മിക്കുകയാണ്. അവൾക്കിപ്പോൾ ചിന്തിക്കുവാൻ സാധിക്കുന്നത്, എന്തിനോ തയ്യാറെടുക്കുംവിധം റിവോൾവർ ഭദ്രമാക്കുകയായിരുന്നു ആ സമയത്തും അനുപമ എന്നതാണ്. പക്ഷെ അപ്പോൾ ആ സമയം ഇതൊന്നും കാര്യമാക്കുവാൻ സാധിക്കാതെ, വയ്യായ്കയുടെ കാര്യങ്ങൾ പ്രാഥമികമായി മനസ്സിലാക്കിയ ഉടൻതന്നെ അനുപമ തന്നെ റൂമിൽനിന്നും ശരിക്കും ഒഴിവാക്കുകയായിരുന്നു, എന്നപോലെയായിരുന്നു -മടങ്ങേണ്ടി വന്ന ഡിലീനക്ക്.
     ഡിലീന ഇതൊക്കെ പെട്ടന്ന് ആലോചിച്ചതിൻപുറത്ത് അവനിൽനിന്നും അറിയാതെ മുഖമെടുത്ത് മുന്നിൽ താഴേക്ക് ലക്ഷ്യംവെച്ച് ഇരുന്നുപോയിരുന്നു. അടുത്തനിമിഷം അവൾ തലയുയർത്തി പുരുഷനെ നോക്കി, അപ്പുറത്ത് അവളുടെ നോട്ടം പ്രതീക്ഷിച്ചെന്നപോലെ അവൻ നോക്കിയിരിക്കുന്നുണ്ടായിരുന്നു തിരികെ. അവൻ, അവൾ കാൺകെ സ്ത്രീയെ നോക്കി. ഇരുവരുമൊഴികെ എല്ലാവരും കുശലംപറഞ്ഞ് മറ്റൊരു ലോകത്തെന്നപടി ഇരിക്കുകയായിരുന്നു.
     കാര്യങ്ങൾ കൈമാറുവാൻ, ഇത്രയും ദിവസത്തെ അടുപ്പവും ചർച്ചയും അനുഭവങ്ങളുമൊക്കെ മാത്രം മതിയായിരുന്നു ഡിലീനയ്ക്കും മിലനും. ഇത്തവണ പരസ്പരം നോട്ടം ഇരുവരുടെയും ഉടക്കിയതോടെ സന്ദർഭത്തിന്റെ ഗൗരവം, വിവരിക്കാനാവാത്തൊരു ഭാഷയിൽ ഇരുവർക്കും നിമിഷങ്ങൾക്കുള്ളിൽ മനസ്സിലായിത്തുടങ്ങി. ഇരുവരുടെയും മുഖങ്ങളും അതിലെ ഭാവങ്ങളും അല്പനിമിഷംകൂടി പോരാടിക്കഴിഞ്ഞതും ജയിച്ചെന്നവിധം മിലൻ ചാടിയെഴുന്നേറ്റു;
“എല്ലാവരും വേഗം വന്ന് കാറിൽ കേറ്...
വീട്ടിലേക്ക് എത്രയും വേഗം പോണം,,”
അവനിങ്ങനെ പറഞ്ഞതും അതേ ധൃതിയിൽത്തന്നെ, എഴുന്നേറ്റുനിന്ന് ഡിലീനയും പറഞ്ഞു;
“ഒട്ടും സമയം കളയാനില്ല,
നമ്മൾക്ക് അബദ്ധം പറ്റിയെന്നു തോന്നുന്നു...”
     അപ്പോഴേക്കും ഓർഡർ ചെയ്ത ഫുഡ്‌ വരുന്നുണ്ടായിരുന്നു, മിലൻ ഒന്നുംനോക്കാതെ കാറിന്റെ ചാവിയുമായി തന്റെ മുന്നിൽ ദൂരെയായി പാർക്ക്‌ ചെയ്തിരുന്ന, ചുവന്ന കാർ ലക്ഷ്യമാക്കി ഓടി. എല്ലാവരും ക്ഷീണം മറന്ന് എഴുന്നേറ്റുനിന്നുപോയി, ഒന്നും മനസ്സിലാകാതെ.
“അങ്കിളേ ആന്റീ വീട്ടിലിന്നൊരു കൊലപാതകം ഉറപ്പാ...
ഒന്നും നോക്കാനില്ല, ഓടിവന്ന് കേറിക്കോ കാറിൽ...”
     അടുത്തനിമിഷം വളരെ ധൃതിയിൽ അവളിങ്ങനെ ഉറക്കെ പറഞ്ഞശേഷം മിലനെ ലക്ഷ്യംവെച്ച് ഓടി. ഭക്ഷണവുമായി വന്ന വെയ്റ്റർ ഈ രംഗം കണ്ട് അന്താളിച്ചനിമിഷം സ്ത്രീയും പുരുഷനും പരസ്പരമൊന്ന് നോക്കി, ഉടൻ ഉറക്കെ പറഞ്ഞു;
“അയ്യോ നമ്മുടെ പിള്ളേരെ വേണേൽ ഓടി വാ...”
     അപ്പോഴേക്കും അവരുടെ ചുവന്ന കാറുമായി മിലനും ഡിലീനയും പാഞ്ഞെത്തി. പുരുഷനും സ്ത്രീയും യഥാക്രമം പപ്പയെയും മമ്മിയെയും പിടിച്ചുവലിച്ച് കാറിലേക്കടുപ്പിച്ചു. ആളുകൾ ഈ രംഗവും ബഹളവും കണ്ട് അതിശയിച്ചുപോയി. വെയ്റ്റർ ഭക്ഷണം അവരിരുന്ന ടേബിളിൽ വെച്ചശേഷം കാര്യമറിയാൻ, അതിശയം വിട്ട് വന്നപ്പോഴേക്കും ഒരുവിധം നാലുപേരും പിൻസീറ്റിൽ കയറിയിരുന്ന് കഴിഞ്ഞിരുന്നു, കാർ ശരവേഗത്തിൽ മിലൻ എടുത്തു മുന്നോട്ട്.
     ഇതേസമയം, മുകളിലെ കിച്ചണിൽ നിന്നും ഒരുഗ്ലാസ് പാൽ വൃത്തിയായി ഒരു ട്രേയിൽ, ചൂടോടെ അപ്പോൾ തയ്യാറാക്കിയെന്നവിധം അരുൺ തന്റെ റൂം ലക്ഷ്യമാക്കി കൊണ്ടുചെല്ലുകയായിരുന്നു. പൂർണ്ണമായും താൻ അടക്കാതിരുന്ന ഡോർ ശരീരത്തിന്റെ ഇടതുഭാഗംകൊണ്ട്, പൂർണ്ണമായും തുറന്നശേഷം അരുൺ പറഞ്ഞു -വയ്യാത്തഭാവത്തിൽ ബെഡ്ഡിൽ കിടക്കുന്ന അനുപമയോട്;
“ദേ ഇത് ചൂട് പാലാണ്... ഇതെങ്കിലും കുടിക്ക്,,
ഇന്നൊന്നും നീ കഴിച്ചിട്ടില്ലല്ലോ...”
     അവൾ കിടന്നകിടപ്പിൽത്തന്നെ കണ്ണുകൾ തുറന്ന് അവനെ നോക്കി. അപ്പോൾ, ട്രേയിൽ പാലുമായി നിൽക്കെയവൻ തുടർന്ന് പറഞ്ഞു, നിർബന്ധം ഭാവിച്ച്;
“... നീയൊന്നും കഴിക്കുന്നില്ലെന്ന് പറഞ്ഞതുകൊണ്ട്,,
കൊണ്ടുവന്നതാ ഞാൻ... ഇത് കുടിച്ചേ പറ്റൂ...”
ഒന്നുനിർത്തി അവൻ കൂട്ടിച്ചേർത്തു, പഴയപടി;
“രാത്രി വെറുതെ ഹോസ്പിറ്റലിലൊക്കെ പോകേണ്ടി വരും...
ഇത് കുടിച്ചിട്ട് കിടന്നോ നീ...”
     അവനങ്ങനെ തുടർന്ന് നിന്നതോടെ അവളൊന്ന് ആലോചിച്ചു. അല്പനിമിഷത്തിനകം മെല്ലെയവൾ ബെഡ്ഡിൽ എഴുന്നേറ്റിരുന്നശേഷം, അവശത ഭാവിച്ച് ഒന്നുരണ്ടുനിമിഷംകൂടി അങ്ങനെ ഇരുന്നശേഷം ചൂട് പാൽ അവന്റെ ട്രേയിൽ നിന്നുമെടുത്തു. അവനെയൊന്ന് നോക്കി ‘താങ്ക്സ്’ എന്ന് പെട്ടെന്നൊരു തോന്നലിൻപുറത്തെന്നവിധം സാവധാനം, ക്ഷീണത്തിന്റെ ആഘാതത്തിൽ പറഞ്ഞശേഷം അവൾ പാൽ കുടിച്ചുതുടങ്ങി പതിയെ. അവനത് നോക്കിയവിടെ ട്രേയുമായി നിന്നു. അവൾ അല്പം സമയമെടുത്ത് പകുതിയിലധികം അകത്താക്കിയതോടെ അവൻ പറഞ്ഞു;
“എന്തെങ്കിലും വേണോ..., ആവശ്യമുണ്ടോ നിനക്ക്...”
     ‘ഇല്ല’ എന്ന അർത്ഥത്തിൽ തല മെല്ലെയാട്ടിക്കൊണ്ട് അവൾ പാൽ സിപ് ചെയ്ത് ഇറക്കിക്കൊണ്ടിരുന്നു.
“അതങ്ങ് കുടിച്ചേ നീ..., എന്നിട്ട് വേഗം കിടന്നോ... ഞാനിവിടുണ്ട്.”
     ഭാവമൊന്നുംകൂടാതെ, എന്നാൽ ആത്മാർത്ഥത കലർത്തിയെന്നവിധം അവനിങ്ങനെയുടൻ അവളോടായി പറഞ്ഞു, അവളുടെ പ്രവർത്തിയെ ഉന്നംവെച്ചെന്നവിധം. അവൾ വേഗം ഗ്ലാസ്സ് കാലിയാക്കി -പാൽ പൂർണ്ണമായും അകത്താക്കി. ശേഷം ബെഡ്ഡിലേക്ക് പഴയപടി, കിടക്കുവാൻ ചായുന്നതവൻ കണ്ടശേഷം അവൾ നീട്ടിയിരുന്ന ഗ്ലാസ്സുമായി, മെല്ലെ റൂമിന് പുറത്തേക്കിറങ്ങി ഡോർ അടച്ചു -പൂർണ്ണമായും ചാരി ഭദ്രമാക്കിയെന്ന് പറയാം. ശേഷം തക്കും പൊക്കും നോക്കി ഗ്ലാസും ട്രേയും ഹാളിലെ സോഫയിൽ ശബ്ദമുണ്ടാക്കാതെ വെച്ചശേഷം, ഹാളിലെ ലൈറ്റ് അണച്ച് പതുക്കെത്തന്നെ സിറ്റ്-ഔട്ടിലേക് നടന്ന് പരിസരം വീക്ഷിച്ചവിടെ കറങ്ങി നിന്നുതുടങ്ങി, ചുറ്റുപാടും ശ്രദ്ദിക്കുവാനാകാത്തവിധത്തിലും.
     ഈസമയം റൂമിൽ, കിടന്നുകൊണ്ടിരുന്ന അവൾ ഞെട്ടി കണ്ണുകൾ മിഴിച്ച് ശ്വാസം വലിച്ചെഴുന്നേറ്റു. അതേ ഭാവത്തിൽത്തന്നെ ഒരേയൊരുനിമിഷം അവളങ്ങനെയിരുന്നു- പിന്നെ വേഗം എന്നാൽ ഒരുവിധം ആടി എഴുന്നേറ്റുനിന്ന് ഉദ്ദേശം അടുത്തായുണ്ടായിരുന്ന അവളുടെ കടും മഞ്ഞ കോട്ടിനെയൊന്ന് നോക്കിപ്പോയശേഷം ഒരുവിധംതന്നെ റൂമിന്റെ ഡോർ തുറന്ന് ആടി പുറത്തിറങ്ങി. വീണ്ടും ശ്വാസം വലിച്ച് ബുദ്ധിമുട്ട് പ്രകടമാക്കിക്കൊണ്ട് തപ്പി തന്റെ അരയിൽ നിന്നും തയ്യാറാക്കിവെച്ചിരുന്നെന്ന വിധത്തിൽ റിവോൾവർ എടുത്തുപിടിച്ചു.
     ഒരു ശബ്ദം കേട്ട്, താഴെ റോഡിലേക്കെന്നവിധം നോക്കി സിറ്റ്-ഔട്ടിൽ നിന്നിരുന്ന അരുൺ പൊടുന്നനെ തിരിഞ്ഞു -അവന്റെ ആസൂത്രിതഭാവം പൊടുന്നനെ മാഞ്ഞു. ഇരുട്ടിന്റെ അകമ്പടിയിലവൻ കണ്ടു -ആടി പടിയിൽ പിടിച്ച് ചാരി, റിവോൾവറുമായി നിൽക്കുന്ന അനുപമ. അവളുടൻ മുന്നോട്ട് ആടിയാടി വന്നു, വായിലൂടെ നുരയിറക്കി. അവൻ സ്തബ്ദനായി ഒരുനിമിഷം, അടുത്തനിമിഷം കൈകൾ രണ്ടും ഉയർത്തിപ്പോയി. അവൾ അടുത്തനിമിഷം റിവോൾവർ നീട്ടി രണ്ടുതവണ വെടിയുതിർത്തു. ചെറിയൊരു ശബ്ദം പാതി പ്രകടമാക്കിയവൻ മറിഞ്‌ താഴെ റോഡിലേക്ക് വീണു, നെഞ്ചിൽ തറച്ച വെടിയുണ്ടകളുമേന്തി. അപ്പോഴേക്കുമവിടെ മഴ പെട്ടന്ന് ചാറി തുടങ്ങിയിരുന്നു. മഴയിലേക്കെന്നവിധം, ആടിയാടി വീഴാറായ പരുവത്തിൽ, റിവോൾവറുമേന്തി അനുപമയും നീങ്ങി -ഒരുകൈ തന്റെ നെഞ്ചിലും കഴുത്തിലും മാറി-മാറി പിടിച്ചുകൊണ്ടൊക്കെ, വെടിയേറ്റ് കിടക്കുന്ന അരുണിനെ വീണ്ടും ഉന്നംവെച്ച് റിവോൾവർ നീട്ടി ഒരുവിധം.
     വൈപ്പറിട്ട് ചീറിപ്പാഞ്ഞു വരികയായിരുന്ന കാറിനുള്ളിലിരുന്ന് അവർ കണ്ടു- മുകളിൽ നിന്നും റിവോൾവറുമായി താഴെ റോഡിലേക്ക് വീഴുന്ന അനുപമയെ, വൈപ്പിംഗിനിടയിൽ ഒരുനിമിഷം. മഴയിൽ, റോഡിൽ കിടന്ന് അരുണും അനുപമയും അടുത്തുകിടക്കെ, തെല്ലൊന്നനങ്ങിയവിധം കിടന്നുപോയതും തൊട്ടടുത്ത് കാർ ബ്രേക്ക്‌ ഇട്ട് നിർത്തുകയും ഒപ്പമായിരുന്നു- ആളുകൾ ഒറ്റയായും മറ്റും കാര്യം തിരക്കി എത്തുന്നതിനുമൊപ്പം.
//അവസാനിച്ചു.
©ഹിബോൺ ചാക്കോ