Aksharathalukal

അതിജീവിത (inspired on the life of Nadiya murad)

കരയില്ലിനി  ഞാൻ,

കണ്ണീരണിയില്ലിനി  ഞാൻ
കാലം കൺതുറക്കുമ്പോൾ
കാണണമെൻ കണ്ണിലെ കനൽ...

കണ്ണീരിന്നുണ്ടോ വില,
പെണ്ണിന്റെ കണ്ണീരിന്നുണ്ടോ വില,

പെണ്ണിന്റെ കണ്ണിലായ്
നീറുന്ന വേദനക്കൂനയും
കണ്ടുകൊണ്ടേയിരിക്കിലും
കൽ നെഞ്ചമുണ്ടോ കരയുന്നു...

പിച്ചിയെറിഞ്ഞൊരു പിച്ചകം പോലെന്റെ
ജീവനും സ്വപ്നങ്ങളും
വെട്ടിയെറിഞ്ഞൊരു പാഴ് തരു പോലെയെൻ മോഹവും  വ്യാമോഹവും
കൂടെപ്പിറന്നോരും കൂടെ വളർന്നോരും
കൂടെയില്ലാതെ വിറച്ചെൻ മനം,
കൂട്ടിനായ് കൂരിരുള് മാത്രം തുണയ്ക്കുന്ന പെൻ ശരീരങ്ങളിൽ വിങ്ങീ മനം

കുത്തികുറിച്ചിട്ട് വെട്ടിതിരുത്താനും
കുത്തിവരച്ചിട്ട് മായ്ച്ചു രസിക്കാനും
കാലം മടുക്കുമ്പോൾ ചുരുട്ടിയെറിയാനും
കടലാസ്സുപൂവല്ല പെൺ ജീവിതം

യാമങ്ങളെല്ലാം നിൻ ക്രോധത്തിനടിയിലായ്
ഞെരിയുന്ന പുഴുപോലെ ഈ നെഞ്ചകം
പല പല രൂപ ഭാവങ്ങളിൽ
വിലസുന്ന കാമത്തിനടിമയായ്
ഈ ശരീരം

ഉറ്റൊരുടയോരെ കൊന്നങ്ങെൻ
കണ്മുന്നിൽ വീശിയെറിഞ്ഞു
നീ നീചമായ്
വെട്ടിപ്പിടിച്ചൊരെൻ ഉടലിലായ്
ഒരു നാഗരൂപമായിഴയവേ
പുച്ഛിച്ചു ഞാൻ സ്വയം

എന്തിന് പെണ്ണായ് പിറന്നു ഞാനീമണ്ണിൽ,
ഇരുകാൽ മൃഗങ്ങൾ തൻ മൃഗശാലയിൽ 
എന്തിനോ വേണ്ടി തിളയ്ക്കുന്ന രക്തവും
ആർത്തിയിൽ മോന്തുന്ന ബലിശിലയിൽ

സമ്മതം കേൾക്കാതെ അബലയാം
പെണ്ണിനെ വരുത്തിയിലാക്കുന്ന
കൈക്കരുത്തോ,
തുശ്ചമാം ഇരയെ കടിച്ചുകീറുന്നൊരാ
വേട്ടമൃഗത്തിന്റെ മെയ്ക്കരുത്തോ
ഇതിലെവിടെ നാവിനാൽ നീയും
മുഴക്കുന്ന മാനുഷിക മൂല്യത്തിൻ
മണിയൊച്ചകൾ..
മതമെന്ന പേരിന്റെ മറപിടിച്ചെന്നുമെ
മറവിക്കു വിട്ട നിൻ രണഭേരികൾ...

ജാതി വിവേചനം ചൂണ്ടിയിന്നൊരു കുലം മുച്ചൂട്തച്ചു തകർത്തവരെ...
യാചിക്കയില്ല ഞാൻ, യാചനപോലും
രുചി പോലെ നുകരുന്ന ചെന്നായ്ക്കളെ

ഇനിയും കഴിയുകയില്ലയീ നരക
സാമ്രാജ്യത്തിൻ
ഇരുമ്പിന്റെ ചുവയുള്ള രാത്രികളിൽ..
ഇനിയും കഴിയുകിലിത്തിരി
നന്മതൻ
നറുവെട്ടമേൽക്കാതെ
മണ്ണിലലിയാൻ

കാലങ്ങളായി ആ ഇരുളിൽ പിടഞ്ഞങ്
പരതുന്നു  സ്വാതന്ത്ര്യമധുരമെങ്ങും..
എനിക്കായി മാത്രമല്ലെന്നെപോൽ
കാൽവിലങ്ങിൽ വീണു കുതറുന്ന
പല പെൺജീവനുകൾക്കായ്....

ഉണർന്നെ മതിയാകൂ...മനം
ഉയർന്നെ മതിയാകൂ... നാവും
തുടർന്നെ മതിയാകൂ.. ഈ പോരാട്ടം..
ഉടഞ്ഞേ മതിയാകൂ.. ചങ്ങല
തിരഞ്ഞെ മതിയാകൂ..ആയുധം
തകർന്നെ തീരു ഈ വിഷബന്ധനം

ഇരുളിൽ നിന്നിരുളിലേക്കിനിയില്ല,

ഇരുളുമീ സമൂഹത്തിനു നേർക്കുള്ള
ആദ്യത്തെ നാളമാകട്ടെ  ഞാൻ

തലതാഴ്ത്തുമടിമയിനിയില്ല,

തകർന്നടിയുന്ന വംശത്തിൻ
ആദ്യത്തെ നാവാകട്ടെ ഞാൻ

ജീവിതം കയ്പ്പേറുമൊരു നദിയായി
ദുരിതങ്ങൾ തൻ പ്രളയമായി എന്നിൽ
അതിൽ വീണ് .. മുങ്ങി പിടഞ്ഞങ്ങ്
താഴാതെ കരതേടി വന്നവൾ അതിജീവിത..
നിയമാം യുദ്ധവും വിജയിച്ച്
നിൽക്കുവാൻ ഊർജമായ മാറിയ
നിഴലിൻ വ്യെഥ

©ഗൗരി പാർവതി