Aksharathalukal

ചീറ്റിയ ആദ്യകുർബാന

ചീറ്റിയ ആദ്യകുർബാന എവിടെ എഴുതി തുടങ്ങണം എവിടെ എഴുതി അവസാനിപ്പിക്കണം എന്ന് അറിയാതെ ആണ് എഴുതാൻ തുടങ്ങുന്നത്.


കഥയുടെ ആദ്യ ഭാഗം ആരംഭിക്കുന്നത് 1994-95 കാലഘട്ടത്തിൽ ആണ്.എൻ്റെ അമ്മ എന്നെ ഉദരത്തിൽ വഹിക്കുന്ന സമയം.എൻ്റെ അമ്മ അതീവ ദൈവ വിശ്വാസി ആയിരുന്നു(അന്നും, ഇന്നും).ഞാൻ ഉദരത്തിൽ ആയിരിക്കുന്ന സമയം അമ്മ ദൈവത്തിന് ഒരു വാഗ്ദാനം നൽകി.
“ ആൺകുട്ടി ആണ് ജനിക്കുന്നത് എങ്കിൽ ഒരു വൈദികൻ ആക്കാം” എന്ന്.
ഇതൊന്നും അറിയാതെ ഞാൻ അകത്ത് ഇങ്ങനെ ഇരിക്കുക ആണ്.

അങ്ങനെ 1995 ജൂലായ് മാസം അവസാനം ഞാൻ ഈ ഭൂമിയിൽ എൻ്റെ വരവറിയിച്ചു. ആൺകുട്ടി ആണ് തനിക് കിട്ടിയത് എന്ന് കണ്ടപ്പോൾ അമ്മ വളരെ സന്തോഷത്തോടെ ദൈവത്തിന് നന്ദി പറഞ്ഞു.കൂടെ ദൈവത്തിന് കൊടുത്ത വാഗ്ദാനം ഒന്നൂടി മുറുകെ പിടിച്ചു.

എൻ്റെ കുട്ടിക്കാലം മുതൽ അമ്മ എന്നെ ദൈവം ആയിട്ട് ഉള്ള ബന്ധത്തിൽ ശക്തനാക്കി.ദേവാലയം എൻ്റെ രണ്ടാമത്തെ ഭവനം ആയി ഞാൻ കണ്ടു. എല്ലാ ഞായറാഴ്ചയും വെളുപ്പിനെ എഴുന്നേറ്റു പള്ളിയിൽ പോവുകയും,എന്നും രാത്രിയിൽ ദൈവവചനങ്ങളും പ്രാർത്ഥനയും ആയി എൻ്റെ ജീവിതം മുന്നോട്ട് പോവുക ആണ്.



അങ്ങനെ എൻ്റെ പന്ത്രണ്ടമത്തേ വയസിലേക്ക് ഞാൻ കടന്ന് എത്തി. പന്ത്രണ്ടമത്തേ വയസിൽ ആണ് കഥയുടെ രണ്ടാം ഭാഗം തുടങ്ങുന്നത്.
ഒന്ന് മുതൽ ആറ് വരെ പഠിച്ച സ്കൂളിൽ നിന്ന് എന്നെ മറ്റൊരു സ്കൂളിലേക്ക് മാറ്റി.അത് ഒരു ക്രിസ്ത്യൻ വിശ്വാസത്തിൽ കടന്ന് പോകുന്ന ഒരു സ്കൂൾ ആയിരുന്നു.അവിടെ എൻ്റെ ജീവിതം തുടങ്ങുക ആണ്. ക്രിസ്ത്യൻ സ്കൂൾ ആയതിനാൽ അവിടെ അടുത്ത് ഒരു ദേവാലയം ഉണ്ടായിരുന്നു.അതിനോട് ചേർന്ന് സന്യാസമഠവും ഉണ്ട്.ധാരാളം വൈദീകരും, തിരുമേനിമാരും ഒക്കെ അവിടെ താമസിക്കുന്നുണ്ടായിരുന്നു.

സ്കൂൾ കഴിഞ്ഞ് ഉള്ള ഒഴിവ് സമയങ്ങളിൽ ഞാൻ ദേവാലയത്തിൻ്റെ അരികിൽ പോയി ഇരിക്കും.എന്തോ ഒരു പ്രത്യേക ഫീൽ ആയിരുന്നു അത്.ദിവസങ്ങൾ കഴിഞ്ഞ് പോയി,ഞാൻ ആ ദേവാലയത്തിൽ വരുന്ന ഓരോ വൈദീകരും ആയി സംസാരിക്കാനും ഇടപെടാനും ഒക്കെ ആരംഭിച്ചു.ഒടുവിൽ ഒരു വർഷത്തിന് ഉള്ളിൽ ഞാൻ അവരിൽ ഒരാളായി മാറി.

ഇതൊക്കെ അറിഞ്ഞതും അമ്മക്ക് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു.ദിവസങ്ങൾ പോയിക്കോണ്ടിരുന്നു, വൈദീകരോടൊപ്പം നടന്ന് എനിക്കും ഒരു “വൈദീകൻ” ആകാൻ ഉള്ള ആഗ്രഹം മനസ്സിൽ ആരംഭിച്ചു.ഞാൻ വൈദീകരുടെ കൂടെ നടന്ന് അവർ ചെയ്യുന്നതും പ്രവർത്തിക്കുന്നതും ഒക്കെ കണ്ട് പഠിക്കുവാൻ തുടങ്ങി.ഒരു 6 മാസത്തിനുള്ളിൽ എല്ലാം ഞാൻ പഠിച്ച് എടുത്തു.അങ്ങനെ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മനസ്സിൽ മറ്റൊരു ആഗ്രഹം വന്ന് കയറി.


കഥയുടെ മൂന്നാം ഭാഗം ഇവിടെ ആണ്.ആഗ്രഹം എന്താണെന്നു വെച്ചാൽ “ എനിക്കും വൈദീകരെ പോലെ കുർബാന നടത്തണം”.
അങ്ങനെ ആ ദിവസം വന്നെത്തി.അന്നൊരു വെള്ളിയാഴ്ച ആയിരുന്നു.അമ്മ പതിവ് പോലെ വെള്ളിയാഴ്ച പ്രാർത്ഥനക്ക് പോയി. അന്ന് ഞാൻ തീരുമാനിച്ചു.ഇത് തന്നെ സമയം.ഞാൻ കുർബാന നടത്താൻ തീരുമാനിച്ചു.വീടിൻ്റെ ഒരു ഭാഗത്ത് ഞാൻ അൾത്താര പണിതു.വൈദ്യുതി പോകുമ്പോൾ കത്തിക്കാൻ വെച്ചിരുന്ന എല്ലാ മെഴുകുതിരിയും എടുത്ത് അൾത്താരയിൽ കത്തിച്ച് വെച്ചു.
നമസ്ക്കാരം കഴിഞ്ഞ് കുർബാനയിലോട്ട് പ്രവേശിക്കാൻ നേരം ആണ് ഓർത്തത്.

കുർബാനക്ക് ഇടാൻ ഉള്ള കുപ്പായം ഇല്ലെന്ന്.ഞാൻ നേരെ പോയി അലമാരിയിൽ നിന്ന് അമ്മയുടെ പഴയ ഒരു സാരി എടുത്ത് രണ്ടായി മുറിച്ച് കുപ്പായം ആക്കി.രാവിലെ അമ്മ ഉണ്ടാക്കി തന്ന ചപ്പാത്തി നടുകൂടെ വട്ടത്തിൽ ആക്കി മുറിച്ച് ചെറിയ കഷ്ണം കുർബാനയിലെ അപ്പവും,വീട്ടിൽ ഇരുന്ന തേൻ എടുത്ത് വൈനും ആയി കരുതി ഞാൻ കുർബാന ആരംഭിച്ചു.


 വൈദീകൻ പള്ളിയിൽ ചെയ്യുന്ന വിധം ഞാൻ പാട്ടും, വേദവായനയും ആയി മുന്നോട്ട് പോയി.അങ്ങനെ ആ സമയം വന്ന് എത്തി.അപ്പവും വീഞ്ഞും വാഴ്ത്തുന്ന സമയം,ഞാൻ കൈകളിൽ ചപ്പാത്തിയും തേനും എടുത്ത് നേരെ മുകളിലോട്ട് വാഴ്ത്തി.
വാഴ്ത്തിയതിൻ്റെ ആവേശം ആണോ, വെളിയാഴ്ച കുർബാന നടത്തിയതിൻ്റെ ആണോ എന്ന് അറിയില്ല അപ്പവും വീഞ്ഞും വാഴ്ത്തിയ വഴിയിൽ കൈ തട്ടി അൾത്താരയിൽ ഇരുന്ന എല്ലാ മെഴുകുതിരിയും കൂടി എൻ്റെ നേർക്ക് വീണു.അമ്മയുടെ സാരി പോളിസ്റ്ററിൻ്റെ ആയത് കൊണ്ട് തീ കേറി പിടിക്കാൻ വല്യ സമയം ഒന്നും വേണ്ടി വന്നില്ല.


എല്ലാ ശക്തിയും എടുത്ത് കഴുത്തിൽ ചുറ്റിയ സാരി വലിച്ചെറിഞ്ഞു.ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്നപ്പോൾ ആണ് അമ്മ കയറി വരുന്നത്.കയറി വന്നപ്പോൾ അമ്മ കാണുന്നത് തൻ്റെ പഴയ സാരി പകുതി കത്തി കരിഞ്ഞ് കിടക്കുന്നു,രാവിലത്തെ ചപ്പാത്തിയും തേനും താഴെ കിടക്കുന്നു,രാത്രി കത്തിക്കാൻ വെച്ചിരുന്ന മെഴുകുതിരി താഴെ വരി വരി ആയി കിടക്കുന്നു.അമ്മ നേരെ വന്ന് എന്നോട് ഒരു ചോദ്യമേ ചോദിച്ചുള്ളു. - എന്താടാ ഇത് ?
ഒരു കുർബാന നടത്തിയത് ആണ് അമ്മേ.


അത് കേട്ടതും അമ്മക്ക് കാര്യങ്ങൾ ഒക്കെ ഏകദേശം മനസിലായി ഇവിടെ എന്താ സംഭവിച്ചത് എന്ന്.ഒരു ചെറിയ പുഞ്ചിരിയോടെ കയ്യിൽ ഉണ്ടായിരുന്ന ബൈബിൾ അടുത്ത് ഇരുന്ന മേശപ്പുറത്ത് വെച്ചിട്ട് താഴെ കിടക്കുന്ന സാധനങ്ങൾ ഓരോന്ന് ആയി എടുത്ത് മാറ്റുവാൻ തുടങ്ങി. ഞാൻ അവിടുന്ന് എഴുന്നേറ്റ് നേരെ പ്രാർത്ഥന മുറിയിൽ പോയി യേശുവിൻ്റെ മുഖത്തോട്ട് ഒന്ന് നോക്കി.അവിടെ ഞാൻ കണ്ടത് യേശു എന്നെ നോക്കി പുഞ്ചിരിക്കുന്നത് പോലെ ആണ്.അങ്ങനെ അന്നത്തെ ദിവസം കുർബാന എന്ന ആഗ്രഹം എന്നത്തേക്കും ആയി അവസാനിച്ചു.നല്ല പോലെ പറഞാൽ കുർബാന നല്ല എട്ട് നിലയിൽ ചീറ്റി.


ഇത്രയും വായിച്ചിരുന്ന നിങ്ങൾ വിചാരിക്കും ഞാൻ ഇത് എഴുതിയത് ഒരു വൈദീകൻ ആയതിന് ശേഷം ആണെന്ന്, എന്നാൽ അല്ല. കാലം കുറെ കഴിഞ്ഞപ്പോൾ മാറ്റങ്ങൾ ജീവിതത്തിൽ വന്നു.പുതിയ സ്ഥലങ്ങൾ,പുതിയ കൂട്ടുകാർ,പുതിയ വഴികൾ അങ്ങനെ പലതും. വൈദീകൻ ആകണം എന്ന ആഗ്രഹം കടന്ന് വന്ന വഴിയിൽ എവിടെയോ നഷ്ടപ്പെട്ടു. ഇന്ന് ഓർക്കുമ്പോൾ അത് ഒരു തമാശ ആയി തോന്നുന്നു.


ആ തമാശക്ക് ഞാൻ ഒരു പേരും നൽകി “ചീറ്റിയ ആദ്യകുർബാന ”.