Aksharathalukal

ചെറുകഥ - മൗന നൊമ്പരം .



 1980കളിലെ ഇരുട്ടിന് കനം വെച്ച ഒരു സന്ധ്യ.
 ഗ്രാമത്തിലെ പീടിക മുറികളിലെ വിളക്കെല്ലാം അണഞ്ഞ്  തുടങ്ങിയിരിക്കുന്നു. വിളക്കു കാലിലെ വിളക്കുകൾ മാത്രം വെളിച്ചം പരത്തി നിൽക്കുന്നുണ്ടായിരുന്നു.

 അതിന് ചുറ്റും ആണെങ്കിൽ ഈയാം പാറ്റകൾ നൃത്തം ചവിട്ടുന്നു. കാലവർഷത്തിന്റെ വരവറിയിച്ച് ഇന്നലെയും ഇന്ന് പകലുമായി പെയ്ത മഴയത്ത് നിന്ന്, എങ്ങുനിന്നോ  പിറവികൊണ്ട് മണ്ണിൽ നിന്ന് വെളിച്ചത്തിലേക്ക് പറന്നുടുക്കുന്ന ഈയാം പാറ്റകൾ. അവ വെളിച്ചത്തിലേക്ക് പറന്നു നടക്കുമ്പോൾ തന്നെ വിഴുങ്ങാൻ എന്നപോലെ പല്ലി വിളക്കുകാലിന്റെ  ഒരറ്റത്ത് വായും പൊളിച്ചു നിൽക്കുന്നു.

 ഈ സമയം തൊട്ടടുത്ത സിനിമാ തീയറ്ററിൽ നിന്ന് സെക്കൻഡ് ഷോയ്ക്ക് ഉള്ള പാട്ട് പുറത്തേക്ക് ഒഴുകി. ഒറ്റയും തെറ്റയുമായി കുറച്ച് ആളുകൾ ആദ്യ ഷോ കഴിഞ്ഞ് റോഡിലൂടെ നടന്നു വരുന്നുണ്ടായിരുന്നു. തുറന്നു വെച്ചിരുന്ന കടയിലേക്ക് കുറെ പേർ എന്തൊക്കെയോ വാങ്ങിക്കാനായി കയറി.

 ഈ സമയം ഒരു മനുഷ്യൻ ചുറ്റുപാടും കണ്ണോടിച്ചുകൊണ്ട് ഒറ്റയ്ക്ക് നടന്നു വരുന്നുണ്ടായിരുന്നു. തുറന്നു വെച്ചിരുന്ന ഒരു ഹോട്ടലിനു മുന്നിലെത്തിയതും അയാൾ അതിനകത്തേക്ക് നടന്നു. ഒരു ചെറിയ മുറിക്കകത്ത് നാലോ അഞ്ചോ മേശയും നീളം കൂടിയ കുറച്ചു ബെഞ്ചുകളും. കടയ്ക്കകത്ത് ആരും ഉണ്ടായിരുന്നില്ല. പുറത്ത് ഒരു കാൽ പെരുമാറ്റം കേട്ടതും അകത്തുനിന്ന് ഒരാൾ പുറത്തേക്കിറങ്ങി വന്നു. കയറിവന്ന ആളെ കണ്ടതും ആ മുഖത്ത് പുഞ്ചിരി വിടർന്നു.

" ഇതാര് നമ്മുടെ മാഷ് അല്ലേ..... ഇതെന്താ ഈ നേരത്ത്... ഫസ്റ്റ് ഷോയ്ക്ക് സിനിമയ്ക്ക് പോയോ...? "

 അയാളുടെ ചോദ്യം കേട്ടതും നന്ദന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.

" ഉവ്വ്... സിനിമയ്ക്ക്  പോയി.....എത്രനേരം എന്ന് കരുതിയ മുറിക്കകത്ത് ഒറ്റയ്ക്ക് ഇരിക്കുന്നത്. അതുകൊണ്ട് പുറത്തേക്ക് ഒന്ന് ഇറങ്ങി..... "

 നന്ദൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

" ഇപ്പോ ഞാൻ എന്താ മാഷിന് തരിക. ഇന്നാണെങ്കിൽ കച്ചവടം തീരെ മോശമായിരുന്നു. കാലവർഷത്തിന്റെ കുടുക്കമൊക്കെ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് നേരത്തെ അങ്ങ് പൂട്ടാം  എന്ന് വച്ചു..... " - ഇതു പറഞ്ഞിട്ട് അയാൾ അകത്തേക്ക് നടന്നു. ഒരൽപ്പനേരത്തിനകം തിരികെ എത്തുകയും ചെയ്തു.

" മാഷേ നല്ല ചൂടൻ ദോശ ചുട്ടു തരാം.... ദോശയുടെ മാവ് കുറച്ചു ബാക്കി ഇരിപ്പുണ്ട്. നല്ല കട്ടൻ ചായയും തരാം.... "

 മതി എന്ന അർത്ഥത്തിൽ നന്ദൻ തലയാട്ടി. സാധാരണ രാത്രിയിൽ ഭക്ഷണം മുറിയിൽ സ്വന്തം പാചകം ചെയ്യാറാണ് പതിവ്. ഇന്ന് മുറിക്കകത്ത് അധികനേരം ഇരുന്നില്ല. സ്കൂൾ വിട്ടുവന്ന് ഒരു കുളിയും കഴിഞ്ഞ് നേരെ പുറത്തേക്കിറങ്ങി.

 സിനിമയ്ക്ക് പോകാമെന്ന് മനസ്സിൽ വിചാരിച്ചിരുന്നത് അല്ല. ഗ്രാമത്തിന്റെ നാട്ടുവഴികളിലൂടെ കുറെ നടന്ന്, കൊയ്ത്തിന് പാകമായി  നിൽക്കുന്ന വയലേലകളും കടന്ന്, കുറേ ദൂരം നടന്നു. അപ്പോഴേക്കും അസ്തമയ സൂര്യൻ ചെങ്കതിർ പൊഴിക്കാൻ തുടങ്ങിയിരുന്നു.

 ഒപ്പം ആകാശത്ത് അവിടെ ഇവിടെയായി കാർമേഘങ്ങൾ ഉരുണ്ടു കൂടാനും തുടങ്ങി. വയൽ വരമ്പിലൂടെ നടന്ന് അവയ്ക്ക് നടുവിലൂടെ പായുന്ന കൈത്തോടും കടന്ന് വലിയ തോടിനു മുന്നിലെത്തുമ്പോൾ  താൻ പഠിപ്പിക്കുന്ന കുട്ടികൾ വെള്ളത്തിൽ കിടന്ന് തിമിർത്തുമറിയുകയായിരുന്നു. മാഷിനെ കണ്ടതും അവരുടെ ഉത്സാഹം ഇരട്ടിയായി. അതങ്ങനെ കുറച്ചുനേരം നോക്കി നിന്നു.

 അതിനുശേഷം മറുകരയിലുള്ള അമ്പലത്തിന് അരികിലേക്ക് നടന്നു. ഒരു ചെറിയ കുന്നിൻ മുകളിൽ ആയിരുന്നു അമ്പലം സ്ഥിതി ചെയ്തിരുന്നത്. ആ കുന്നിൻ മുകളിൽ നിന്ന് നോക്കിയാൽ ആ ഗ്രാമത്തിന്റെ സൗന്ദര്യം മുഴുവൻ കാണാൻ സാധിക്കും. ചുറ്റും പച്ചച്ചു നിൽക്കുന്ന വയലേലകളും അതിനു നടുവിലൂടെ പായുന്ന തോടും, വയലിന് അരികിലുള്ള തെങ്ങിൻതോപ്പും, കവുങ്ങിൻ  തോട്ടവും എല്ലാം നൽകുന്ന കാഴ്ച അതിമനോഹരമാണ്.

 അന്തി ആവുന്നതിനു മുൻപേ വീടണയാൻ തിരക്ക് കൂട്ടുന്ന ഓരോ മനുഷ്യരും തന്റെ മുന്നിലൂടെ കടന്നുപോകുന്നുണ്ട്. ചിലരൊക്കെ തന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട്. അവർക്ക് ഒരു മറു പുഞ്ചിരി നൽകാനും താൻ മറന്നില്ല.

 കാർമേഘങ്ങൾ സൂര്യനെ മറക്കാൻ തുടങ്ങിയിരിക്കുന്നു. ഇനി തിരിഞ്ഞു നടക്കാം. നന്ദൻ കുന്നിൻ പുറത്തുനിന്ന് താഴേക്ക് ഇറങ്ങി.

 ശരിക്കും പറഞ്ഞാൽ ഈ സമയമാണ് അടുത്തുള്ള സിനിമ തിയേറ്ററിൽ നിന്ന് അടുത്ത ഷോയ്ക്കുള്ള പാട്ട് പുറത്തേക്ക് വെച്ചത്. എന്നാൽ പിന്നെ ഒരു സിനിമയ്ക്ക് പോകാം എന്ന് മനസ്സിൽ കരുതി. ഇങ്ങനെ വൈകുന്നേരത്തെ ഈ നടത്തവും സിനിമയ്ക്ക് പോക്കും പതിവുള്ളതല്ല. സ്കൂൾ കഴിഞ്ഞു വന്നാൽ കുളിയും കഴിഞ്ഞ് പുസ്തകവും വായിച്ച് രാത്രിയിലെ ഭക്ഷണവും തയ്യാറാക്കിയിരിക്കുകയാണ് പതിവ്. ഇന്ന് ആ പതിവ് തെറ്റാനും ഒരു കാരണമുണ്ട്. വീട്ടിൽനിന്ന് മൂന്നാലു ദിവസം മുമ്പ് അമ്മയുടെ എഴുത്ത് ഉണ്ടായിരുന്നു. അമ്മ പറഞ്ഞതെല്ലാം തന്റെ ഭാര്യ ഉമ നല്ല കൈപ്പടയിൽ തന്നെ എഴുതിയിട്ടുണ്ട്. കത്ത് കിട്ടിയതിനുശേഷം മനസ്സാകെ ഒന്ന് കലങ്ങിമറിഞ്ഞതുപോലെ. ആ വരികളിലൂടെ കണ്ണോടിച്ചപ്പോൾ മനസ്സ് തെല്ലുന്ന് വേദനിച്ചു.

" മാഷേ നമ്മുടെ ഭക്ഷണം റെഡിയായിട്ടുണ്ട്..... "

 ആ വാക്കുകളാണ് നന്ദനെ ഓർമ്മയിൽ നിന്നുണർത്തിയത്. ഇന്നത്തെ രാത്രിയിലെ ഭക്ഷണത്തിലേക്ക് നന്ദൻ നോക്കി. ചൂടാറാത്ത ദോശയും കട്ടൻ ചായയും അകത്തു ചെന്നപ്പോൾ ഉള്ളിലെ ആന്തലിന് ഒരാശ്വാസം കിട്ടി. പണം കൊടുത്ത് ആ മനുഷ്യനോട് നന്ദിയും പറഞ്ഞ് നന്ദൻ പുറത്തേക്ക് നടന്നു.

 ഏകദേശം വഴിയോരത്തെ എല്ലാ കടകളിലെയും വെളിച്ചം അണഞ്ഞിരുന്നു. സെക്കൻഡ് ഷോയ്ക്ക് തിയേറ്ററിൽ നിന്ന് ഒഴുകിയ പാട്ടും നിശബ്ദമായി. രണ്ടാമത്തെ ഷോയും തുടങ്ങിക്കാണും. ഒരു കടയ്ക്കു മുന്നിൽ ചാരി വെച്ചിരുന്ന ചാക്കുകൊണ്ട് മറച്ച ബോർഡിൽ താൻ ഇന്നു കണ്ട  " നീല പൊന്മാൻ " എന്ന സിനിമയുടെ പോസ്റ്റർ പതിച്ചിരിക്കുന്നു. പട്ടണത്തിൽ പ്രദർശിപ്പിച്ച നാട്ടിൻപുറത്ത് ഒരു ചിത്രം എത്തുമ്പോഴേക്കും മാസങ്ങളോ വർഷങ്ങളോ എടുത്തിരിക്കും. ഓലമേഞ്ഞ കൊട്ടകയിലെ ചാരി ഇരിക്കാവുന്ന ബെഞ്ചിൽ ഇരുന്ന് സിനിമ കാണുമ്പോൾ അറിയാതെ താനും തന്റെ കുട്ടിക്കാലം ഓർത്തുപോയി. തന്റെ നാട്ടിൻപുറത്തും ഉണ്ട് ഇതുപോലെ ഒരു തീയറ്റർ. അച്ഛനും അമ്മയ്ക്കും ഒപ്പം താനും ഒത്തിരി സിനിമകൾക്ക് പോയിട്ടുണ്ട്. ഇടവേളയുടെ സമയത്ത് ഒരു പാത്രത്തിൽ കപ്പലണ്ടിയുമായി എത്തുന്ന കപ്പലണ്ടി കച്ചവടക്കാരനിൽ നിന്ന്  എത്രയോ പ്രാവശ്യം അച്ഛൻ അത് വാങ്ങി തന്നിരിക്കുന്നു. അതിനുശേഷം ഉള്ള സിനിമ കാണൽ ഒരു രസമാണ്. വായിൽ കിടന്നു ചവയ്ക്കുന്ന കപ്പലണ്ടിക്കൊപ്പം സിനിമയിലും മുഴുകി ഇരുന്നു പോകും.

 ആകാശത്ത് ഇടിമുഴക്കം കേൾക്കാൻ തുടങ്ങി. കാലവർഷം വരവ് അറിയിച്ചു കഴിഞ്ഞു. നന്ദൻ താൻ താമസിക്കുന്ന വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് കാലെടുത്തു വച്ചു. കുറച്ചു ദൂരം നടക്കണം. നല്ല ഇരുട്ടാണ്. വഴിയരികിൽ വിളക്കുകാലിൽ ഒരു ലൈറ്റ് തെളിഞ്ഞു നിൽക്കുന്നുണ്ട്. അതാണെങ്കിൽ ആ കാലിനു താഴെ മാത്രം പ്രകാശിച്ചു നിൽക്കുന്നു.മഴപെയ്ത്ചെളി നിറഞ്ഞ ആ ഇടവഴിയിലൂടെ നന്ദൻ നടന്നു.

 വിജനമായ ആ ഇടവഴിയിലൂടെ നടക്കുമ്പോൾ കുറച്ചുദിവസം മുമ്പ് വന്ന അമ്മയുടെ എഴുത്തായിരുന്നു നന്ദന്റെ മനസ്സ് മുഴുവൻ. ആ കത്ത് വന്നതിനുശേഷം ശരിക്കും ഒന്ന് ഉറങ്ങാൻ പോലും സാധിച്ചിട്ടില്ല. ആ കത്തിന് ഏറ്റവും അടിയിൽ ആയി അമ്മ പറഞ്ഞു കൊടുക്കാത്ത വാക്കുകൾ പരിഭവമായി തന്റെ ഭാര്യ കുറിച്ച് വെച്ചിരുന്നു.

 നാളെ തന്റെ പിറന്നാളാണ്. താൻ ഒരിക്കൽപോലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു ദിവസമാണ് തന്റെ പിറന്നാൾ. അതിന് കാരണവുമുണ്ട്. തന്റെ പിറന്നാൾ ദിവസം തന്നെയാണ് തന്റെ അച്ഛന്റെ മരണദിനവും.

 തന്റെ പിറന്നാൾ ദിവസം ഒരു വൈകിട്ട് ജോലിയും കഴിഞ്ഞ് തനിക്കുള്ള പിറന്നാൾ സമ്മാനവുമായി വന്നതാണ്.വരുന്ന വഴിക്ക് പെട്ടെന്ന് വന്ന ഒരു നെഞ്ചുവേദന അത് അച്ഛന്റെ ജീവൻ എടുത്തു. മരിച്ചുകിടക്കുമ്പോഴും തനിക്ക് കൊണ്ടുവന്ന ആ പിറന്നാൾ സമ്മാനം നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു.

 പിന്നീട് താൻ ഒരിക്കൽപോലും ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത ഒരു ദിവസമായി അത് മാറി. പക്ഷേ അമ്മയ്ക്ക് താൻ ആ ദിവസം നാട്ടിൽ കാണണമെന്ന് നിർബന്ധമാണ്. ഇന്നാ തീരുമാനം തെറ്റിച്ചിരിക്കുന്നു. ശരിക്കും പറഞ്ഞാൽ പിറന്നാൾ ദിനത്തിന്റെ തലേദിവസം താൻ അവധിയെടുത്ത് നാട്ടിൽ ചെല്ലാറുള്ളതാണ്. ഇഷ്ടമല്ലെങ്കിൽ കൂടി ആ പതിവ് താൻ ഇതുവരെ തെറ്റിച്ചിട്ടില്ല. പക്ഷേ ഇപ്രാവശ്യം എന്തുകൊണ്ടോ തനിക്ക് പോകാൻ തോന്നിയില്ല. ആരോ തന്നെ പിറകോട്ട് വലിക്കുന്നത് പോലെ. ചിലപ്പോൾ അച്ഛന്റെ ഓർമ്മകൾ ആയിരിക്കാം. കാരണം അച്ഛൻ എന്നും തനിക്ക് ഒരു സുഹൃത്തായിരുന്നു. താൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു അച്ഛന്റെ മരണം. അച്ഛൻ ഉണ്ടായിരുന്ന കാലത്തെല്ലാം തന്റെ പിറന്നാൾ ദിവസം ക്ലാസ്സിൽ എല്ലാവർക്കും മിഠായി  കൊടുക്കുമായിരുന്നു. അത് അച്ഛൻ തലേദിവസം വാങ്ങി കൊണ്ടുവരും. എന്നാൽ അച്ഛന്റെ മരണശേഷം ഒരിക്കൽപോലും തന്റെ പിറന്നാള്‍ ദിവസം മിഠായി വാങ്ങി ക്ലാസിൽ കൊണ്ടുപോയിട്ടില്ല. എല്ലാറ്റിനും ഉപരി താനെന്നും മറക്കാൻ ആഗ്രഹിക്കുന്ന ഒരു ദിവസമായി അന്ന് മാറി.

 അധ്യാപകനായി ജോലി കിട്ടി ഈ ഗ്രാമത്തിലെ സ്കൂളിൽ എത്തി. തന്റെ നാട്ടിൽ നിന്ന് മൂന്നു മണിക്കൂറോളം യാത്രയുണ്ട് ഇങ്ങോട്ട്. അതുകൊണ്ടുതന്നെ ഇവിടെ ഒരു വാടക വീട് എടുത്തു. രണ്ടു മുറിയും അടുക്കളയും ഉള്ള ചെറിയ വീട്.

 അന്തരീക്ഷത്തിൽ ഇടിയുടെ ശബ്ദം ഉയർന്നു തുടങ്ങി. കുറച്ചുകൂടി നടക്കണം തന്റെ വാടക വീട് എത്താൻ. മഴ ഓരോ തുള്ളിയായി ശരീരത്തിൽ വീഴാൻ തുടങ്ങിയിരിക്കുന്നു. നന്ദന്റെ കാലുകൾക്ക് വേഗത വച്ചു.

 വഴിവക്കിൽ നിന്ന വിളക്ക് കാലിലെ ബൾബ്, കാറ്റത്ത് ചാഞ്ചാടി കളിക്കാൻ തുടങ്ങി. ആ ചാഞ്ചാടലിൽ ഏതോ രൂപങ്ങൾ ഇടവഴിയിലൂടെ മിന്നി മറയുന്നത് പോലെ നന്ദന് തോന്നി.

 തന്റെ വാടക വീട് എത്താറായിരിക്കുന്നു.വീടിനു മുന്നിൽ വച്ചിരുന്ന, പടി പോലെയുള്ള  രണ്ടുമൂന്ന് കമ്പുകൾ കവച്ചു കടന്ന് നന്ദൻ അകത്തേക്ക് നടന്നു. മുന്നിൽ തന്നെ വെളിച്ചമുണ്ട്. പക്ഷേ താൻ പോയപ്പോൾ ലൈറ്റ് തെളിച്ചിരുന്നില്ല എന്ന കാര്യം നന്ദൻ ഓർത്തു. ചിലപ്പോൾ അപ്പുറത്തെ വീട്ടിലെ ആരെങ്കിലും വന്ന് ഇട്ടതായിരിക്കും.

 വീടിന് അരികിലേക്ക് നടക്കുംതോറും വരാന്തയിൽ എന്തോ നിഴൽ ആട്ടങ്ങൾ നന്ദൻ കണ്ടിരുന്നു. നന്ദൻ സംശയം കലർന്ന മുഖവുമായി മുറ്റത്തേക്ക് നടന്നു. അടുത്തെത്തും തോറും ആ മുഖങ്ങൾ നന്ദന് പരിചിതമായി. ഒരു ഞെട്ടലോടെ തന്നെ നന്ദൻ ആ മുഖങ്ങളിലേക്ക് നോക്കി. അമ്മയും, ഉമയും ആയിരുന്നു അത്.

" നിങ്ങൾ എന്താ ഈ നേരത്ത്......? "  - പുറത്തെ മഴ ചാറ്റലിന് വേഗത ഏറുന്നതിനിടെ നനയാതിരിക്കാൻ വരാന്തയിലേക്ക് ഓടിക്കയറുന്നതിനിടെ നന്ദൻ ചോദിച്ചു.

" ഇപ്പോഴല്ലല്ലോ നേരം ഇരുട്ടിയത്.... ഞങ്ങൾ വന്നിട്ട് ഒത്തിരി നേരമായി..... " - അമ്മയുടെ പരിഭവം നിറഞ്ഞ വാക്കുകൾ.

 അമ്മ എപ്പോഴും ഇങ്ങനെയാണ്. താൻ ഇന്ന് രാവിലെ എത്താത്തത് കൊണ്ട് ഉച്ചകഴിഞ്ഞ് ഉമയെയും കൂട്ടി ഇറങ്ങിയതാണ്. താനിപ്രാവശ്യം എത്തുകയില്ലെന്ന് തിരികെ മറുപടി അയച്ചിരുന്നു. അതിന്റെ പരിഭവമാണ് ആ മുഖത്ത് മുഴുവൻ. ഇതിനിടെ ചെറുപുഞ്ചിരിയോടെ ഉമ തന്നെ നോക്കുന്നത് നന്ദൻ കണ്ടു.

" നിങ്ങൾ എന്തിനാ ഇത്രയും ദൂരം യാത്ര ചെയ്തത്. ഞാനീ ആഴ്ച അങ്ങോട്ട് വരാനിരിക്കുക ആയിരുന്നല്ലോ..... "

 നന്ദന്റെ വാക്കുകൾ കേട്ടതും അമ്മയുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി.

" നാളത്തെ ദിവസം നിനക്ക് ഓർമ്മയുണ്ടോ? നാളത്തെ ആ ഒരു ദിവസം നീ മാറ്റി വച്ചിട്ട് ഈ ആഴ്ചയിലെ ഏതെങ്കിലും ഒരു ദിവസം വന്നിട്ട് എന്തിനാ.... "

 ആ വാക്കുകൾക്കൊപ്പം തന്നെ അമ്മയുടെ കണ്ണുകൾ നിറയുന്നതും നന്ദൻ കണ്ടു. അതുകൊണ്ട് അതും നന്ദന്റെ മനസ്സും വേദനിച്ചു.

" അമ്മയ്ക്ക് അറിയാലോ ഞാൻ എന്റെ ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന ദിവസമാണ് നാളെ.... അതിന്റെ കാരണവും അമ്മയ്ക്ക് അറിയാം... എന്നിട്ടും അമ്മ ഇങ്ങനെ.... "

 നന്ദൻ ഇത് പറയുമ്പോൾ അമ്മയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞ്  ഇറങ്ങിത്തുടങ്ങിയിരുന്നു.

" നാളത്തെ ദിവസം അമ്മ മറന്നാൽ പിന്നെ ഈ അമ്മയ്ക്ക് ഭൂമിയിൽ ഓർക്കാൻ മറ്റേത് ദിവസമാണെടാ ഉള്ളത്. ഒന്ന് നേടുമ്പോൾ മറ്റൊന്ന് നഷ്ടപ്പെടും എന്ന് ഈശ്വരൻ പഠിപ്പിച്ച ദിവസമാണ് നാളെ.... ആ ദിവസം ഈ അമ്മ ഓർത്ത് ഇല്ലെങ്കിൽ അമ്മയ്ക്ക് ഈ ജീവിതം തന്നെ നഷ്ടമല്ലേടാ..... "

 അമ്മ വിതുമ്പി കരഞ്ഞുകൊണ്ട് വരാന്തയിലെ തിണ്ണയിൽ ഇരുന്നു. ഇതു കണ്ടതും ഉമ, അമ്മയ്ക്ക് അരികിലെത്തി ആശ്വസിപ്പിച്ചു. നന്ദനും വാത്സല്യത്തോടെ ആ തലമുടി ഇഴകളിലൂടെ തലോടി.

" മറവിയിൽ മറഞ്ഞത് എന്നും നെഞ്ചിനുള്ളിലെ നീറ്റൽ ആണ്.... അവിടെ ഒരു ആശ്വാസമായി അവശേഷിക്കുന്നത് നിങ്ങളൊക്കെയാ..... "

 നന്ദന്റെ കൈകളിൽ ചുണ്ടുകൾ അമർത്തിക്കൊണ്ട് അമ്മ പറഞ്ഞു.

" അമ്മ എന്നോട് ക്ഷമിക്ക്.... എന്റെ വേദനകളെ കുറിച്ച് മാത്രമേ ഞാൻ ചിന്തിച്ചോളൂ... നിങ്ങളുടെ പ്രതീക്ഷകളെക്കുറിച്ച് ഞാൻ ചിന്തിച്ചില്ല... നമുക്ക് നാളെ രാവിലെ തന്നെ നാട്ടിലേക്ക് തിരിക്കാം.... രാവിലെ സ്കൂളിൽ പോയി ലീവ് ഒന്നു പറയണം... അതിനുശേഷം ആവാം യാത്ര.... "

 നന്ദന്റെ സ്വരം താഴ്ന്നിരുന്നു.

 ആകാശത്ത് മഴയുടെ ആരവം ഉയർന്നു കേൾക്കാമായിരുന്നു.
 മഴ ശക്തി പ്രാപിക്കുകയാണ്.....
 കാലവർഷം അതിന്റെ കണ്ണീർ പൊഴിക്കുന്നു... ആ കണ്ണുനീർത്തുള്ളികളെ വേനലിന്റെ ദാഹം തീർക്കാൻ എന്നപോലെ ഭൂമി ആർത്തിയോടെ വാരിപ്പുണരുന്നു.

 നന്ദൻ,അമ്മയെയും, ഉമയെയും കൂട്ടി വാതിൽ തുറന്ന് വീടിനകത്തേക്ക് കയറി. ഈ സമയം പുറത്ത് മഴയുടെ താളം പോലെ മിന്നൽ പിണരുകൾ ശബ്ദം ഉണ്ടാക്കി, വെളിച്ചം വിതറുന്നുണ്ടായിരുന്നു.


.................................. ശുഭം..............................