അതി \\ Psychological thriller / Part 2
അതി \\ Psychological thriller / Part 2
തുടർക്കഥ
Written by Hibon Chacko
©copyright protected
പതിവുപോലെ എന്നാൽ പുതിയ ഊർജ്ജത്തിലായെന്നവിധം അതിഥി മെല്ലെ എഡിറ്റർ ഇൻ ചീഫിന്റെ ക്യാബിൻ തുറന്ന് ഇറങ്ങിപ്പോയി -തന്റെ ഓപ്പൺ ക്യാബിൻ ലക്ഷ്യമാക്കിയെന്നവിധം. തന്റെ ജോലിക്കാരെ മറന്നെന്നവിധം ‘ദി ഇന്ത്യൻ മെട്രോ’ എന്ന സ്ഥാപനത്തിന്റെ പേരും ലോഗോയും അവൾ തുറന്നിറങ്ങിയ ഡോറിൽ അകത്തേക്കായി പതിഞ്ഞിരിക്കുന്നുണ്ടായിരുന്നു, തന്റെ തിരക്കിലാഴുന്ന ചീഫിനെ സാക്ഷിയാക്കി.
2
സാമാന്യം ചെറിയ ഒരു മഞ്ഞ കാർ, നഗരമധ്യത്തിൽ നിന്നും അല്പം മാത്രം ഉള്ളിലേക്ക് കയറിയെന്ന് തോന്നിപ്പിക്കുന്ന ഒരു റെസ്റ്റോറന്റിന് മുന്നിലെ പാർക്കിംഗ് സ്പേസിലേക്ക് റോഡിൽ നിന്നും കയറിവന്ന് പാർക്ക് ചെയ്തു, പ്രത്യേകം ഭാവമൊന്നും പ്രകടമാക്കാതെ. നിമിഷങ്ങൾക്കകം അതിൽനിന്നും അതിഥി, തന്റെ ക്രോസ്സ് ബോഡി ബാഗുമായി ഇറങ്ങി. ഉടൻതന്നെ അവൾ ആ റെസ്റ്റോറന്റിന്റെ പേര് തലയുയർത്തി ഒന്നുനോക്കി, അകത്തേക്ക് കയറുന്നതിനു മുൻപായി. സമയം ഉച്ചയായിരുന്നില്ല.
പ്രൈവസി തോന്നിക്കുന്നൊരു കവറിൽ, ക്യാബിനിൽ തന്റെ സമപ്രായക്കാരനെന്ന് തോന്നിപ്പിക്കുന്നൊരു ആണിനുമുന്നിൽ ഇരിക്കുകയാണ് അതിഥി. അയാളും അവളെപ്പോലെ ഓഫീസ് വേഷമാണ് ധരിച്ചിരിക്കുന്നത്. ഇരുവർക്കും മുന്നിലായി ഓരോ കപ്പ് കോഫി കാണാം.
“ഞാനേയ് ഓഫിസിൽ നിന്ന് ചാടിയതാ.
എനിക്ക് പെട്ടെന്ന് കേറണം.”
തന്റെ കോഫി കുടിക്കുവാൻ സമയം നീട്ടിക്കൊണ്ടെന്നവിധം അയാൾ പറഞ്ഞു.
“ഓഹ്, ഞാനല്ലേ നിന്നെ വിളിച്ചത്,,
നിന്റെ ജോലി തന്നെയല്ലേ ഞാനും ചെയ്യുന്നത്!”
അവളും അതേ ഭാവം അനുകരിച്ച് ഇങ്ങനെ മറുപടി പറഞ്ഞു. ശേഷം കോഫി ഒന്ന് സിപ് ചെയ്തു. അപ്പോഴേക്കും മറുപടി വന്നിരുന്നു;
“ഓഹ്..., നമ്മൾക്ക് നിന്റെയത്രയും ഫ്രീഡമൊന്നുമില്ല മാഡം...
പിന്നെ നീ ബ്രോഡ്കാസ്റ്റിംഗ് വിങ്ങിലേക്ക് കേറ്,, കാണാം അപ്പോൾ...”
ഇതിനുശേഷം അയാളും തന്റെ കോഫിയൊന്ന് രുചിച്ചു. റെസ്റ്റോറന്റിലെ ബ്രേക്ഫാസ്റ് സമയത്തെ തിരക്ക് പക്ഷെ അവരിരുവരെയും ബാധിച്ചിരുന്നില്ല.
“നീയെന്റെയൊരു സുഹൃത്തല്ലേടാ,,
ഒന്ന് സഹായിക്ക് നീ എന്നെ.”
അതിഥിയൊരു പ്രത്യേക ഭാവത്തിലിങ്ങനെ അയാളുടെ മുഖത്തുനോക്കി പറഞ്ഞു.
“നീ വിളിച്ചതുകൊണ്ടല്ലേ സുഹൃത്തേ ഞാൻ വന്നത്!
കാര്യം പറ നീ...”
വീണ്ടുമൊന്ന് തന്റെ കോഫി സിപ് ചെയ്ത് അയാളിങ്ങനെ ധൃതിവിട്ടപടി പറഞ്ഞു.
അവളാകട്ടെ, ഉടനെയൊന്ന് അനങ്ങിയിരുന്ന് ഇരുകൈകളും ടേബിളിലേക്കുവെച്ച് വിരലുകൾ പരസ്പരം കോർപ്പിച്ചശേഷം പറഞ്ഞുതുടങ്ങി;
“എടാ ഞാനൊരു സ്റ്റോറി ചെയ്യുന്നുണ്ട്, സീരിയൽ ആണ്.
നിന്നെക്കൊണ്ട് പറ്റാവുന്നതൊക്കെ നീയൊന്നെനിക്ക് ചെയ്തുതരണം.”
ലഘുവായൊന്ന് നുണഞ്ഞശേഷം അയാൾ മറുപടി നൽകി;
“’കില്ലേഴ്‌സും വിക്ടിംസും’ അല്ലേ,,
ഞാൻ അറിയുന്നുണ്ട്, സംഭവം അത്യാവശ്യം ചർച്ചയാണ്.”
അവളൊന്ന് സന്തോഷപൂർവ്വം മറുപടിയായി മന്ദഹസിച്ചപ്പോഴേക്കും കോഫി ഒന്നുകൂടി സിപ് ചെയ്തശേഷം അയാൾ പറഞ്ഞു തുടർന്ന്;
“ഞാൻ വായിച്ചത് വെച്ച് നീ അത്യാവശ്യം
പണിയെടുത്ത ലക്ഷണമാണല്ലോ, അതിൽ കൂടുതലിനി എന്താ...”
ഉടനടി അവളൊന്ന് നിശ്വസിച്ചശേഷം പറഞ്ഞു;
“പണിയൊക്കെ അത്യാവശ്യം നന്നായി ഞാനെടുത്താ പോകുന്നത്.
പക്ഷെ എനിക്കിനി ഒരു വെറൈറ്റി എന്തെങ്കിലും വേണം...”
ശേഷം അവളൊന്ന് തന്റെ മുന്നിലെ കോഫി സിപ് ചെയ്തു. അപ്പോഴേക്കും മറുപടിയായി സുഹൃത്ത് പറഞ്ഞു;
“വെറൈറ്റി എന്നൊക്കെ പറഞ്ഞാൽ എന്താ ഇപ്പോൾ...”
ഒപ്പം അയാൾ ഇരുകൈമുട്ടുകളും ടേബിളിൽവെച്ച് കൈപ്പത്തികൾ പരസ്പരം തിരുമ്മി.
“വെറൈറ്റി എന്ന് പറഞ്ഞാൽ, ഞാനിതുവരെ കുറേ
കില്ലേഴ്‌സിനെ ജയിലിൽ മീറ്റ് ചെയ്തും വിക്ടിംസിനെക്കുറിച്ച്...”
ഇതിനിടയിൽ, ശ്രദ്ദിച്ചുകൊണ്ടുതന്നെ അയാൾ കോഫി സിപ് ചെയ്യുകയായിരുന്നു.
“... അവരുമായി ബന്ധപ്പെട്ടവരെയും മറ്റും മീറ്റ് ചെയ്തും
പിന്നെ റാൺഡമായി കിട്ടിയ കുറച്ചു ഇൻഫർമേഷൻസും ഉപയോഗിച്ചു.”
പകുത്തവിധം അവളിങ്ങനെ പറഞ്ഞുനിർത്തി. അയാൾ കോഫിക്ക് പ്രാധാന്യം നൽകുംവിധം ആലോചനയിലായിരുന്നു. അവളുടനൊരുനിമിഷം നിശബ്ദയായിരുന്നു, തന്റെ മുന്നിലെ കോഫി രുചിച്ചുകൊണ്ട്. ഇടയിൽ അയാളിലേക്ക് കണ്ണുകൾ തുറുപ്പിക്കുന്നുണ്ടായിരുന്നു.
“എനിക്ക് സ്റ്റോറിയൊന്ന് വഴിതിരിച്ച് വിടണം ഇനി.
ഇങ്ങനെ പോയിട്ടിനി കാര്യമില്ല, എല്ലാവരും ചെയ്യുന്നതല്ലേ ഇതൊക്കെ.”
അതിഥി കോഫി രുചിച്ചൊന്ന് താഴെ വെച്ചൊരുസമയം പറഞ്ഞു, നിശബ്ദത വിട്ട്.
ആലോചനയിൽനിന്നും മുക്തനായവിധം, പുരികങ്ങൾ ചുളുപ്പിച്ച് ഇരുചുണ്ടുകളും അകത്തേക്ക് മടക്കിപ്പിടിച്ച് നിശ്വസിച്ചശേഷം തുടർന്നുകൊണ്ട് സുഹൃത്ത് പറഞ്ഞു;
“ഒരു ഓപ്ഷൻ ഉണ്ട്. ഇടയ്ക്കെപ്പോഴോ ഞാൻ നോട്ട് ചെയ്തിരുന്നതാ...”
അവളൊന്ന് നെറ്റിചുളുപ്പിക്കുംവിധം കൂർമ്മതയോടെ ഇരുന്നപ്പോഴേക്കും അയാൾ തുടർന്നുപറഞ്ഞു;
“... ഇതുവരെ എനിക്കതിന്റെ ആവശ്യവും വന്നിട്ടില്ല,
ഇപ്പോഴാ ഓർമ്മ വന്നത് എനിക്ക്,,”
മറുപടിയായെന്നവിധം പഴയപടി അവളങ്ങനെതന്നെ ഇരുന്നുകൊടുത്തതേയുള്ളൂ.
“എന്റെയൊരു സുഹൃത്തിന് പരിചയമുള്ളൊരാളുണ്ട്.
ആളിന്റെ ഭാര്യയെ ആരോ കൊലപ്പെടുത്തിയതാണ്...”
കണ്ണുകളൊന്ന് മിഴിപ്പിച്ച് -അർത്ഥരഹിതമായി, തന്റെ സുഹൃത്തിനെനോക്കി അയാൾ ഇങ്ങനെ തുടങ്ങി. പിന്നെയൊരുനിമിഷം നിശബ്ദമായി ഇരുന്നു. ശേഷം തുടർന്നു വേഗം;
“നിനക്കീ കേസ് പരിചയമുണ്ടെന്ന് തോന്നുന്നില്ല...
അത്രയുംവരെ നീ അന്വേഷിച്ചെത്താനും സാധ്യതയില്ല, അതാ പറഞ്ഞത് ഞാൻ.”
പഴയപടി തുടർന്നിരുന്ന അവളുടൻ പറഞ്ഞു, ഉന്മേഷം ഭാവിച്ചുപോയി;
“ഈ ആളിപ്പോൾ ജീവനോടെയുണ്ടോ...?”
ഉടൻ, കോഫിയൊന്ന് രുചിക്കുകയായിരുന്ന അയാൾ പറഞ്ഞു;
“ഞാൻ അവസാനം കേട്ടതുവെച്ച് ജീവനോടെയുണ്ട്.
ഇടയ്ക്കൊരിടത്തുവെച്ച് സുഹൃത്തെന്നെ കാണിച്ചുതന്നിട്ടുമുണ്ട്...”
അയാൾ പൂർത്തിയാക്കും മുൻപേ അതിഥി ഇടയ്ക്കുകയറി;
“എന്നാൽ എനിക്ക് പുതിയ കേസാ ഇത്.
ഞാൻ എത്തിയിട്ടില്ല അവിടം വരെ...”
അയാൾ തുടർന്നു പഴയപടി;
“ഒറ്റയാനാണെന്ന് തോന്നുന്നു. ഭാര്യ പോയതിന്റെയാകാം,,
ഇപ്പോൾ കുടിച്ച് അലസനായാണ് കഴിയുന്നത്, നടക്കുന്നത്.”
കാര്യങ്ങൾ ഏകദേശം മനസ്സിലാക്കിയെന്നവിധം, തന്റെ സുഹൃത്ത് പറഞ്ഞുവന്ന അതേ ഭാവത്തിൽ അവൾ തിരികെ പറഞ്ഞു;
“ഈ കേസൊന്ന് നോക്കിയാൽ കുറച്ചു പ്രയോജനം
എനിക്കുണ്ടാകുന്ന ലക്ഷണം തോന്നുന്നുണ്ട്.”
തന്റെ കോഫി പൂർണ്ണമായും പൂർത്തിയാക്കിയശേഷം അയാൾ മറുപടിയെന്നവിധം തുടർന്നു;
“എനിക്ക് കൂടുതലായൊന്നും അറിയില്ല,,
ഞാനീ പറഞ്ഞതൊഴിച്ച്...”
ഒന്നുനിർത്തി അയാൾ തുടർന്നു;
“ഞാൻ പറഞ്ഞല്ലോ, വെറുതേ നോട്ട് ചെയ്തിരുന്നതാ.
കൂടുതൽ കാര്യം എന്റെ സുഹൃത്തിനേ അറിയൂ എന്നാണ് ഞാൻ കരുതുന്നത്.”
ശേഷം അയാൾ മുന്നിലിരിക്കുന്ന ടിഷ്യൂ ബോക്സിൽ നിന്നും ഒരു ടിഷ്യൂ എടുത്ത് തന്റെ ചുണ്ടുകൾ തുടച്ചു, വൃത്തിയാക്കുംവിധം.
“എനിക്ക് നിന്റെയാ സുഹൃത്തിനെയൊന്ന്
കണക്ട് ചെയ്ത് തരാമോ?”
ഇത്രയും ആരാഞ്ഞശേഷം അവൾ അയാളെ നോക്കി തന്റെ കോഫി പൂർത്തിയാക്കുന്നതിനിടയിൽ, അയാളുടെ ഫോൺ ശബ്ദിച്ചു. അത് നോക്കി ‘സൈലന്റ്’ ആക്കിവെച്ചശേഷം ധൃതി ഭാവിച്ചെന്നവിധം അയാൾ പറഞ്ഞു;
“എന്നെ ഓഫീസിൽ നിന്നും വിളിക്കുന്നുണ്ട്.
ഞാൻ പറഞ്ഞിട്ടുപോന്ന സമയം കഴിഞ്ഞു, ഇനി ചെല്ലണം വേഗം.”
അപ്പോഴേക്കും അതിഥിയും ടിഷ്യൂ ഉപയോഗിച്ച് തന്റെ ചുണ്ടുകൾ വൃത്തിയാക്കിയിരുന്നു. എഴുന്നേൽക്കാൻ ഭാവിച്ച് സുഹൃത്ത് പറഞ്ഞു;
“ഞാൻ സുഹൃത്തിനെയൊന്ന് വിളിച്ച് സംസാരിക്കട്ടെ.
മിക്കവാറും വൈകിട്ട് തീരുമാനമാകും കാര്യങ്ങൾ.”
അവളും അയാളെ അനുകരിച്ചുപോകുംവിധം എഴുന്നേറ്റു, തന്റെ ബാഗുമേന്തി.
“നീ പേടിക്കേണ്ട. ഇത് റെഡിയാക്കിത്തരാം ഞാൻ.
ഇപ്പോൾ എനിക്കിത്തിരി തിരക്കായതുകൊണ്ടാ.”
ഒന്നുനിർത്തി, ‘ബിൽ’ അന്വേഷിക്കുംവിധം അയാൾ വെയ്റ്ററെ നോക്കി -നേരത്തേ ധാരണയിലെത്തിയിരുന്നു എന്നവിധം, ഒപ്പം അതിഥിയും. ശേഷം അയാൾ തുടർന്നെന്നവിധം പറഞ്ഞു;
“ബാക്കി കാര്യങ്ങളൊക്കെ ഇനി അറിയാമല്ലോ അല്ലേ സുഹൃത്തേ...
ഇതുപോലെ ആവശ്യം വരുമ്പോൾ മാത്രം വിളിക്കണേ എന്നെത്തന്നെ,,”
മന്ദഹാസം കലർത്തിയിങ്ങനെ സുഹൃത്ത് നിർത്തിയപ്പോഴേക്കും -പാതി അതിഥിയെ ശ്രദ്ദിച്ച്, ‘പോടാ’ എന്ന് ശബ്ദരഹിതമായി അവൾ മറുപടി നൽകി.
3
അപ്പാർട്ട്മെന്റുകളുടെ നീണ്ടനിരയിലെ ഒന്നിലെ ചെറിയ ഫ്ലാറ്റിലെന്നവിധം അതിഥിയും തന്റെ സുഹൃത്തും തങ്ങൾ കഴിഞ്ഞദിവസം പറഞ്ഞുറപ്പിച്ച മൂന്നാമനെ കാണുവാൻ എത്തിയിരിക്കുകയാണ്. ഫ്ലാറ്റിന്റെ പഴമയെ പരിഗണിച്ചെന്നവിധം മൂന്നാമൻ ഹാളിലായി ഇരുവരുടെയും മുന്നിലായെന്നവിധം സോഫയിൽ ഇരിക്കുകയാണ്.
\\ തുടരും /