Aksharathalukal

ആഫ്രിക്കന്‍ ഒച്ചിന് ഒരു ബൂസ്റ്റര്‍ ഡോസ്

ആഫ്രിക്കന്‍ ഒച്ചിന് ഒരു ബൂസ്റ്റര്‍ ഡോസ്
പി.എം. രഘുകുമാര്‍

അന്ന് ഒരവധി ദിവസമായിരുന്നു. പൊന്നണിപാടത്തും പരിസര പ്രദേശത്തും കൃഷി നശിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ചുകളെ നിര്‍മാര്‍ജനം ചെയ്യുന്നതിനായി അന്നാട്ടിലെ കൃഷിക്കാരും, തൊഴിലാളികളും രാവിലെ തന്നെ എത്തിച്ചേര്‍ന്നു. ചില മുതിര്‍ന്ന കുട്ടികളും കാഴ്ചക്കാരായി എത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റ് പ്രേമലോചനന്‍ നായര്‍ കൃത്യം എട്ടുമണിക്കുതന്നെ ഹാജരായി.
പ്രസിഡന്‍റ് കാര്യപരിപാടികള്‍ അവതരിപ്പിച്ചു. "ഈ പ്രദേശമാകെ ആഫ്രിക്കന്‍ ഒച്ചുകള്‍ നിറഞ്ഞിരിക്കുകയാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അവിടവിടെയായി കണ്ടിരുന്ന ഏതാനും ഒച്ചുകള്‍ ഇന്ന് ഈ പ്രദേശമാകെ വ്യാപിച്ചിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ നമ്മുടെ പഞ്ചായത്തിലെ കൃഷിയിടമാകെ ഈ ആഫ്രിക്കന്‍ ഒച്ചുകള്‍ നശിപ്പിക്കും. നമ്മള്‍ ഇന്ന് ഇവിടെ കൂടിയിരിക്കുന്നത് ആഫ്രിക്കന്‍ ഒച്ചുകളെ നശിപ്പിക്കുന്നതിനുവേണ്ടിയാണ്. ഒരൊച്ചുപോലും അവശേഷിക്കാതെ നശിപ്പിക്കണം. ഇന്നത്തെ ഈ ഒച്ച് നശീകരണത്തിന് 'വിച്ച്ഹണ്ട്' എന്നു പേരിടാം.
തുടര്‍ന്ന് പ്രസിഡന്‍റ് നല്‍കിയ നിര്‍ദ്ദേശാനുസരണം ചെറുചെറു ടീമുകളായി തിരിഞ്ഞ് 'വിച്ച് ഹണ്ട്' ആരംഭിച്ചു. 11 മണിയായപ്പോള്‍ എം 4 കപ്പ പുഴുങ്ങിയതും, കാന്താരി മുളക് ചതച്ചരച്ച് ഉപ്പിട്ട ചമ്മന്തിയും പ്രസിഡന്‍റിന്‍റെ വീട്ടില്‍ നിന്നും എത്തി.
എല്ലാവരും വട്ടത്തിലിരുന്ന് കപ്പയും ചമ്മന്തിയും കഴിച്ചു. "കപ്പ പുഴുങ്ങിയതിന് നല്ല സ്വാദ്, ഇതില്‍ പ്രസിഡന്‍റിന്‍റെ സ്നേഹംകൂടി ചാലിച്ചിട്ടുണ്ടെന്നു തോന്നുന്നു". ചിലര്‍ കമന്‍റടിച്ചു. മറ്റു ചിലര്‍ പറഞ്ഞു "പ്രസിഡന്‍റിന്‍റെ ദേഷ്യം ഈ ചമ്മന്തിയിലും ചാലിച്ചിട്ടുണ്ട് എന്നു തോന്നുന്നു".
നാല് മണിയോടുകൂടി ഇനി ആ പ്രദേശത്ത് ഒരൊച്ചും അവശേഷിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി 'വിച്ച് ഹണ്ട്' അവസാനിപ്പിച്ചു.
പ്രസിഡന്‍റ് വളരെ ക്ഷീണിതനായിരുന്നു. വീട്ടില്‍ എത്തിയ ഉടന്‍ ഒന്നാംനിലയിലുള്ള ബാത്ത്റൂമില്‍ കുളിക്കാന്‍ കയറി. പ്രസിഡന്‍റിന്‍റെ ആഫീസ് മുറിയും കിടപ്പു മുറിയും ഒന്നാം നിലയിലാണ്. താഴത്തെ നിലയിലുള്ള മുറികള്‍ അദ്ദേഹത്തിന്‍റെ വൃദ്ധരായ മാതാപിതാക്കളും കുട്ടികളുമാണ് ഉപയോഗിക്കുന്നത്.
ബാത്ത്റൂമില്‍ കയറി വസ്ത്രം മാറുന്നതിനിടയില്‍ കാലില്‍ എന്തോ സ്പര്‍ശിച്ചതായി തോന്നി! ഉടുത്തിരുന്ന മുണ്ട് പരിശോധിച്ചപ്പോള്‍ ഒരു ആഫ്രിക്കന്‍ ഒച്ച്  പറ്റിയിരിക്കുന്നു.
അതിനെ തറയില്‍ ഇട്ട് കൊല്ലാന്‍ ശ്രമിക്കുന്നതിനിടയില്‍ അശരീരി പോലെ എന്തോ ശ്രവിച്ചു, "അയ്യോ എന്നെ കൊല്ലരുതേ". ശബ്ദം എവിടന്നാണെന്ന് ചുറ്റും നോക്കി. വീണ്ടും ശബ്ദം "ഇനി ഞാന്‍ മാത്രമല്ലേ അവശേഷിക്കുന്നുള്ളൂ! എന്‍റെ ബന്ധുക്കളേയും സുഹൃത്തുക്കളേയുമെല്ലാം കൊന്നില്ലേ? അങ്ങേക്ക് ദയതോന്നി എന്നെ വെറുതെ വിടണം." പ്രസിഡന്‍റ് അത്ഭുതത്തോടെ നോക്കി. ഒച്ച് സംസാരിക്കുകയാണ്. "ഇല്ല, നിന്നെ വെറുതെ വിടാന്‍ കഴിയില്ല അങ്ങനെയായാല്‍ ഞങ്ങളുടെ പ്രയത്നമൊക്കെ വൃഥാവിലാകും. ഇവിടൊരു കത്തിയുണ്ട് അതുവച്ച് നിന്നെ കൊല്ലാന്‍ പോകുകയാണ്" പ്രസിഡന്‍റ് പറഞ്ഞു. "സര്‍ അങ്ങൊരു പഞ്ചായത്ത് പ്രസിഡന്‍റല്ലേ? ഒരു വിഷയത്തിന്‍റെ നാനാവശങ്ങളും ആലോചിച്ച് പ്രവർത്തിക്കേണ്ട ആളല്ലേ? പെട്ടെന്നൊരു തീരുമാനമെടുക്കുന്നതു ശരിയാണോ?"
ഒരു ആഫ്രിക്കന്‍ ഒച്ച് തന്നെ സാറേ എന്നു വിളിച്ചതിലും, തന്‍റെ കഴിവുകളെ പ്രശംസിച്ചതിലും പ്രേമലോചനന്‍ നായര്‍ക്ക് അഭിമാനം തോന്നി. അടുത്ത നിമിഷം തന്നെ  കര്‍മ്മനിരതനായി അദ്ദേഹം ചോദിച്ചു "നീ റഷ്യന്‍ വിപ്ലവത്തെപ്പറ്റി കേട്ടിട്ടുണ്ടോ? "ഇല്ല" ഒച്ച് പറഞ്ഞു.
പ്രസിഡന്‍റ് തുടര്‍ന്നു. "സാര്‍ ചക്രവര്‍ത്തിമാരുടെ ദുര്‍ഭരണം അവസാനിപ്പിക്കുവാന്‍ നടന്ന വിപ്ലവത്തില്‍, ചക്രവര്‍ത്തിയേയും കുടുംബത്തെയും, ബന്ധുക്കളേയും ഉന്മൂലനം ചെയ്ത് കൊട്ടാരത്തിനു പുറത്തേക്കു വന്ന വിപ്ലവ കേഡറ്റുകളോട് നേതാവ് ചോദിച്ചു "കൊട്ടാരമാകെ അരിച്ചുപെറുക്കി നശിപ്പിച്ചോ?" "അതെ" എന്നു പറഞ്ഞിട്ടും നേതാവ് ഒന്നുകൂടി കൊട്ടാരത്തില്‍ കയറി പരിശോധിച്ചു. അവിടെ ഒരു കുഞ്ഞ് തൊട്ടിലില്‍ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. ഇതുകണ്ട നേതാവ് കേഡറ്റുകളെ അകത്തേക്ക് വിളിപ്പിച്ച് ആ കാഴ്ച കാണിച്ചു കൊടുത്തു. "ഇതു ഞങ്ങള്‍ കണ്ടിരുന്നു നേതാവേ ഒരു കുഞ്ഞല്ലേ എന്നു കരുതി വെറുതെ വിട്ടതാണ്". നേതാവ് പറഞ്ഞു "മണ്ണിന്‍റെ അഗാധതലങ്ങളില്‍വരെ അവശേഷിക്കുന്ന ഒരു വേരിന്‍റെ ചെറിയൊരംശം പോലും അനുകൂല സാഹചര്യം വന്നാല്‍ മുളച്ചുവരും". പിന്നൊരു വെടിയൊച്ചയാണ് കേട്ടത്.
പ്രസിഡന്‍റ് തുടര്‍ന്നു "ചരിത്രം പഠിക്കുമ്പോള്‍ എന്നെ ഏറ്റവുമധികം വേദനിപ്പിച്ച സംഭവമായിരുന്നു അത്. ഇന്ന് നീ എന്നെ വീണ്ടും അത് ഓര്‍മ്മിപ്പിച്ചു".
ഒച്ച് തുടര്‍ന്നു "എന്‍റെ ദയനീയ അവസ്ഥ കണ്ടിട്ടും സാറിന് ദയവു തോന്നുന്നില്ലെങ്കില്‍ നമുക്കൊരു ഡീല്‍ വയ്ക്കാം". "ഡീല്‍" എന്നു കേട്ടപ്പോള്‍ പ്രസിഡന്‍റിന്‍റെ രാഷ്ട്രീയ ബോധം ഉണര്‍ന്നു. "ശരി പറയൂ എന്താണ് ഡീല്‍".
"പറയാം എനിക്ക് നല്ല ക്ഷീണമുണ്ട് ഭക്ഷിക്കാന്‍ ബാല്‍ക്കണിയിലിരിക്കുന്ന ചെടിയില്‍ നിന്നും ഒരിലയെങ്കിലും തരൂ!"
ഇല തിന്നുകൊണ്ടിരുന്നപ്പോള്‍ ഒച്ച് പറഞ്ഞു "എന്നെ ബന്ധനസ്ഥയാക്കിക്കൊള്ളൂ.  ഒരു കുപ്പിയിലാക്കി അടച്ചുവച്ചാല്‍ മതി. ഞാന്‍ മരണം വരെ അതിനകത്തു കഴിഞ്ഞുകൊള്ളാം".
പ്രസിഡന്‍റ് ചോദിച്ചു "നീ ആണാണോ പെണ്ണാണോ? നിന്‍റെ വയര്‍ എന്താ വീര്‍ത്തിരിക്കുന്നത്? ഗര്‍ഭിണിയാണോ?"

"ഞാന്‍ വയസ്സായി പേറുമാറിയ ഒരു പെണ്‍ ഒച്ചാണ്. ഞങ്ങള്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ക്ക് വാർധക്യത്തിൽ   വയറ് ചാടും!"
പ്രസിഡന്‍റ് ഒരു കുപ്പി എടുത്ത് ഒച്ചിനെ അതിനകത്താക്കി അടച്ചു. "അയ്യോ സാറെ മുറുക്കി അടയ്ക്കരുതേ! എനിക്ക് ശ്വസിക്കാന്‍ കാറ്റു കടക്കത്ത രീതിയില്‍ അടപ്പു വയ്ക്കണേ!
പ്രസിഡന്‍റ് പോകാന്‍ തുടങ്ങുമ്പോള്‍ ഒച്ചു പറഞ്ഞു. സര്‍,  വിച്ച്   ഹണ്ടില്‍ നിന്ന് രക്ഷപെട്ട ഏക  ഒച്ചായ  ഞാന്‍ ഇനി ഈ വീടിന്‍റെ ഐശ്വര്യമായിരിക്കും. ഐശ്വര്യം എന്നു കേട്ടപ്പോള്‍ പ്രസിഡന്‍റിന്‍റെ മനം കുളിര്‍ത്തു.
പിന്നെ പലവിധ പ്രശ്നങ്ങളില്‍പ്പെട്ട് പ്രസിഡന്‍റ് തത്കാലത്തേക്ക് ഒച്ചിനെ മറന്നു.
അന്ന് പത്രം വായിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു വാര്‍ത്ത പ്രസിഡന്‍റിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. "നമ്മള്‍ പൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം ചെയ്തു എന്നു കരുതിയിരുന്ന അഞ്ചാംപനി പോലുള്ള ചില രോഗങ്ങള്‍ തിരിച്ചു വരുന്നു. വാക്സിനേഷനില്‍ നമ്മള്‍ കാണിച്ച അലംഭാവമാണ് കാരണമായി പറഞ്ഞിരിക്കുന്നത്".
പ്രസിഡന്‍റ് ഉടന്‍തന്നെ കത്തിയുമായി ഒച്ചിന്‍റെ അടുത്തെത്തി. "നിന്നെ ഉടന്‍തന്നെ കൊല്ലാന്‍ പോകുകയാണ്. മനുഷ്യരുടെ ഓരോ അശ്രദ്ധയും അവര്‍ക്ക് തന്നെ വിനയായി മാറിക്കൊണ്ടിരിക്കുകയാണ്". ഒച്ച് പറഞ്ഞു "ഞാന്‍ ഇനി കുറച്ചുനാള്‍ കൂടിയേ ജീവിച്ചിരിക്കൂ. എനിക്ക് ഇനിയും പലകാര്യങ്ങളും താങ്കളോട് പറയാനുണ്ട്". അപ്പോഴാണ് ഒച്ചിന്‍റെ വയറ് വളരെ  ചെറുതായിരിക്കുന്ന കാര്യം  പ്രസിഡന്റ് ശ്രദ്ധിച്ചത്. "നിന്‍റെ വയറ് എവിടെ പോയി" പ്രസിഡന്‍റ് ചോദിച്ചു. “അത് പട്ടിണികിടന്ന് മെലിഞ്ഞു പോയതാണ്”. പ്രസിഡന്‍റ് ദേഷ്യം മറന്ന് കുറച്ച് ഇലകള്‍ പറിച്ച് ഇട്ടുകൊടുത്തു.
ദിവസങ്ങള്‍ കടന്നു പോയി. അത് കോവിഡ് മഹാമാരി ലോകമാകെ പടരുന്ന സമയമായിരുന്നു. കോവിഡിന്‍റെ ആവിർഭാവത്തെ കുറിച്ച്  പല സിദ്ധാന്തങ്ങളും   പ്രചരിച്ചുകൊണ്ടിരുന്നു. അതിലൊന്ന് ഏതോ ലാബില്‍ നിന്നും രക്ഷപ്പെട്ട ഒരു വൈറസായിരിക്കാം ഈ മഹാവ്യാധിക്ക് കാരണം എന്നതായിരുന്നു. വീണ്ടും മനുഷ്യന്‍റെ അശ്രദ്ധ! പ്രസിഡന്‍റ് കത്തിയുമായി ഓടി ഒച്ചിന്‍റെ അടുത്തെത്തി. "എന്തായാലും ഇപ്രാവശ്യം നിനക്ക് മാപ്പില്ല. അശ്രദ്ധകൊണ്ട് ഇനി ഒരു ദുരന്തംകൂടി താങ്ങാന്‍ മനുഷ്യകുലത്തിന് കരുത്തില്ല. ഒച്ച് ദയനീയ ശബ്ദത്തില്‍ ചോദിച്ചു "സാറിന് വീണ്ടും റഷ്യന്‍ വിപ്ലവം ഓര്‍മ്മ വന്നോ?" "അതെ ഓര്‍മ്മ വന്നു. നിന്നെ ഇപ്പോള്‍ കൊല്ലാന്‍ പോകുകയാണ്".
ഒച്ച് തുടര്‍ന്നു "സാറും കൂട്ടരും അന്ന് ഞങ്ങളെ ഉന്മൂലനാശം ചെയ്തില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഇപ്പോള്‍ അമ്പലങ്ങളിലെ പ്രതിഷ്ഠയായി മാറുമായിരുന്നു. പ്രസിഡന്‍റ് അത്ഭുതത്തോടെ ചോദിച്ചു "എന്ത് അമ്പലങ്ങളിലെ പ്രതിഷ്ഠയോ?”. ഒച്ച് തുടര്‍ന്നു "ആ പൊന്നണിപ്പാടത്തിനടുത്തുള്ള ക്ഷേത്രത്തിലെ ഭഗവാന് ചാര്‍ത്തുന്ന ഹാരത്തില്‍, വിഗ്രഹത്തിന് സമീപം ഒളിച്ചിരുന്ന്, ഒരു ദിവസം ഒരൊച്ച് എന്ന ക്രമത്തില്‍ കയറിപ്പറ്റും. പലദിവസം ഇത് ആവര്‍ത്തിക്കുമ്പോള്‍  ആകാംക്ഷനിർഭരരായ ഭക്തജനങ്ങൾ തന്ത്രിയെ വിളിച്ചുവരുത്തി പ്രശ്നം വയ്പ്പിക്കും. ഭഗവാന് ഒച്ചിനെ ഇഷ്ടമാണെന്ന് പ്രശ്നത്തില്‍ തെളിയും. അതോടുകൂടി ഞങ്ങളും ഒരു ഉപദൈവമായി പ്രതിഷ്ഠിക്കപ്പെടും. ഞങ്ങളെ  പ്രസാദിപ്പിക്കാനായി  ഒച്ചാരാധന ,ഒചൂട്ടു തുടങ്ങിയ നേർച്ചകൾ  നടത്താൻ ഭക്തജനങ്ങൾ മത്സരിക്കും. പല മൃഗങ്ങളേയും മനുഷ്യര്‍ ആരാധിക്കുന്നുണ്ടല്ലോ ! ആ കൂട്ടത്തില്‍ ഞങ്ങളും അത്ര തന്നെ.".
"അതില്‍ നിങ്ങള്‍ക്കെന്താ ലാഭം". പ്രസിഡന്‍റ് ചോദിച്ചു. ഒരു  ഗൂഡസ്മിതതോടെ ഒച്ച് പറഞ്ഞു "ഒന്ന് ഞങ്ങള്‍ ബഹുമാനിക്കപ്പെടും, രണ്ട് മൃഗസ്നേഹികള്‍ ഞങ്ങളുടെ നശീകരണത്തിനെതിരായി ശബ്ദമുയര്‍ത്തും. മാത്രമല്ല ഇതൊക്കെ പരിണാമത്തിൻറെ പല തലങ്ങളായി കണ്ടാൽ  മതി "
“പരിണാമത്തിനു പല തലങ്ങളോ” അമ്പരപ്പോടെ പ്രസിഡന്റ് ചോദിച്ചു  . 
“അതെ ജീവശാസ്ത്രപരമായ മാത്രമല്ല സാമൂഹികമായും സാംസ്കാരികമായും ഉള്ള ഉന്നമനവും പരിണാമത്തിന്റെ ലക്ഷ്യമാണ്”.
അമ്പട കേമ!! എന്നു പറഞ്ഞ് കുറച്ച് ഇലകള്‍ കൂടി കുപ്പിയിലിട്ടശേഷം പ്രസിഡന്‍റ് മടങ്ങി.
പ്രസിഡന്‍റ് പോയി എന്ന് ഉറപ്പായശേഷം ഒച്ച് മക്കളേയും കൊച്ചുമക്കളേയും വിളിച്ചു. ചെടികളുടെയും തൂണിന്‍റെ വിടവില്‍ നിന്നും ആഫ്രിക്കന്‍ ഒച്ചുകള്‍ ഇറങ്ങിവന്നു. "നിങ്ങള്‍ ഇനി ഈ വീടിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ പോയി പെറ്റു പെരുകണം”. ഒരു കുഞ്ഞ് ആഫ്രിക്കന്‍ ഒച്ച് പറഞ്ഞു. "അമ്മൂമ്മകൂടി വരണം". "അത് ഇപ്പോള്‍ വേണ്ട, നിങ്ങള്‍ മനുഷ്യരുടെ കണ്ണില്‍പെടാതെ പ്രത്യേകം സൂക്ഷിക്കണം”.
കുപ്പിക്കും അടപ്പിനും ഇടയിലുള്ള വിടവ് വലുതായതും ഒച്ച് പ്രസവിച്ച് കുഞ്ഞുങ്ങളെ പുറത്തെത്തിച്ച വിവരമൊന്നും പ്രസിഡന്‍റ് ശ്രദ്ധിച്ചിരുന്നില്ല.
ദിവസങ്ങള്‍ കഴിഞ്ഞു. അന്നൊരു ദിവസം പത്രത്തില്‍ മറ്റൊരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. സ്വാതന്ത്രാനന്തരം പൗരന്മാര്‍ ആയി മാറ്റപ്പെട്ട പഴയ രാജവംശത്തിന്‍റെ ചില താഴ്വഴികളില്‍പെട്ടവര്‍ രാജ്യഭരണം അനുസ്മരിപ്പിക്കുമാറ് പൗരന്മാരെ പ്രജകളായി കരുതി ദര്‍ശനം നല്‍കി അനുഗ്രഹിച്ചുവത്രെ!!
ഈ വാര്‍ത്ത പ്രസിഡന്‍റിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. നാട്ടുരാജ്യങ്ങളെ മുഴുവന്‍ സ്വതന്ത്ര ഇന്‍ഡ്യയോടു ചേര്‍ത്തതാണ്. അന്നു സംഭവിച്ച ഒരബദ്ധം, കൊട്ടാരമടക്കം വസ്തുവകകള്‍ കണ്ടുകെട്ടണമായിരുന്നു. പ്രസിഡന്‍റ് മനസ്സില്‍ കരുതി 'ചരിത്രപരമായ മണ്ടത്തരം!’. അന്നത്തെ പേപ്പറില്‍ മറ്റൊരു വാര്‍ത്തയും ഉണ്ടായിരുന്നു. ആഫ്രിക്കന്‍ ഒച്ചുകള്‍  മനുഷ്യരിൽ  ഒരു പ്രത്യേകതരം മസ്തിഷ്കജ്വരം പരത്തുന്നു. അതുംകൂടി വായിച്ചപ്പോള്‍ ക്ഷമയുടെ നെല്ലിപലക കണ്ട പ്രസിഡന്‍റ് കത്തിയുമായി ഓടി.
ഒച്ച് ഉറങ്ങുകയായിരുന്നു. ഉറങ്ങുമ്പോള്‍ കൊല്ലുന്നത് ശരിയല്ല? പ്രസിഡന്‍റ് ഒച്ചിനെ ഉണര്‍ത്തി. അല്പം ദേഷ്യത്തോടെതന്നെ ചോദിച്ചു. "നീ മാരകമായ മസ്തിഷ്കജ്വരം   പരത്തുന്ന കാര്യം മറച്ചു വച്ചിരിക്കുകയായിരുന്നു അല്ലേ?"
"ഇതാണോ ഇത്ര വലിയ അറിവ്, നിങ്ങളുടെ റോഡുകളില്‍ അലഞ്ഞു നടക്കുന്ന നായ്ക്കള്‍ മരുന്നുപോലുമില്ലാത്ത പേപ്പട്ടി വിഷബാധ  പരത്തുന്നില്ലേ?"
" അത് തടയാനായി ഞങ്ങള്‍ പട്ടികള്‍ക്ക് വാക്സിനേഷന്‍ എടുക്കുന്നുണ്ട്."
"ഞങ്ങള്‍ക്കും വാക്സിന്‍ തന്നാല്‍ പോരേ?"
ഒച്ചിൻറെ നിസ്സംഗതയോടെയുള്ള മറുപടി കേട്ട് പ്രസിഡന്‍റ് ദേഷ്യംകൊണ്ട് തുള്ളി! "നിങ്ങള്‍ക്ക് വാക്സിന്‍ മാത്രമല്ല, ഒരു ബൂസ്റ്റര്‍ ഡോസ് കൂടി തരാം. ഇങ്ങോട്ട് ഇറങ്ങി വാ, തല ഇവിടെ വയ്ക്ക്".
ഒച്ച് വളരെ സൗമ്യമായി പറഞ്ഞു. "വളരെ മാന്യനായ പ്രസിഡന്‍റല്ലേ അങ്ങ്. താങ്കള്‍ അവാര്‍ഡ് അടക്കം വാങ്ങിയിട്ടില്ലേ? ഒന്നാലോചിച്ചുനോക്കൂ, വന്യമൃഗങ്ങള്‍ എത്രയോ മനുഷ്യരെ കൊല്ലുന്നു. ഒരാന നശിപ്പിക്കുന്ന വിളവിന്‍റെ ഒരംശമെങ്കിലും ഞങ്ങള്‍ നശിപ്പിക്കുന്നുണ്ടോ? ഓടകളിലും മറ്റും നിങ്ങള്‍ വളര്‍ത്തുന്ന കൊതുകുകള്‍ മാരകമായ ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങൾ പരത്തുന്നില്ലേ? മാലിന്യം വലിച്ചെറിഞ്ഞ് നിങ്ങള്‍ എന്തെല്ലാം ക്ഷുദ്രജീവികളെ വളര്‍ത്തുന്നു. ഈ പരദേശികളായ ഞങ്ങളെ മാത്രം ജീവിക്കാന്‍ അനുവദിക്കുന്നില്ല. മറ്റു വിദേശികളെയൊക്കെ നിങ്ങള്‍ അതിഥികള്‍ എന്നാണ് സംബോധന ചെയ്യുന്നത്. ഞാനും ഒരതിഥിയാണ്. ആഫ്രിക്കൻ ഒച്ച് എന്നാണ് പേരെങ്കിലും ഇവിടെ ജീവിക്കാന്‍ വേണ്ടി ഞങ്ങളുടെ പുറംതോട് വെളുത്ത നിറമായി പരിണമിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതുപോലും താങ്കൾ വകവയ്ക്കുന്നില്ല !  എന്തായാവും നാളെ ഞാന്‍ സമാധിയാകും, ഇല്ലെങ്കില്‍ നാളെ രാവിലെതന്നെ എന്നെ കൊന്നുകൊള്ളൂ. ഗുഡ് ബൈ" നാളെ രാവിലെ കാണാം എന്നു പറഞ്ഞ് പ്രസിഡന്‍റ് പോയി.
പ്രസിഡന്‍റ് പോയി എന്നുറപ്പായപ്പോള്‍ ഒച്ച് - മറ്റ് ആഫ്രിക്കന്‍ ഒച്ചുകളെ വിളിച്ചു വരുത്തി അടക്കിയ സ്വരത്തില്‍ എന്തൊക്കയോ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഒരു കാര്യം കൂടി പറയാനുണ്ട് “മക്കളെ  ഒച്ചുകൾക്ക്  നല്ലകാലം വരാന്‍ പോകുന്നു. ആഫ്രിക്കൻ ഒച്ചുകൾ മസ്തിഷ്കജ്വരം പരത്തും  എന്നു മനസ്സിലാക്കിയതോടെ നമ്മള്‍ക്ക് വാക്സില്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അത് സംഭവിച്ചാൽ  വാക്സിന്‍ ലോബിയുടെ നിർലോഭമായ  പിന്തുണയും നമ്മള്‍ക്ക് ലഭിക്കും. ആരെയും പേടിക്കാതെ തെരുവ് നായകളെ പോലെ ആഫ്രിക്കൻ ഒച്ചുകൾക്കും സ്വൈരമായി ഇവിടെ വിഹരിക്കാം." രാത്രി കാണാം എന്നു പറഞ്ഞ് അവര്‍ പിരിഞ്ഞു.
പിറ്റേദിവസം ആ വാര്‍ത്ത പരന്നു - പൊന്നണിപാടം ദേശത്തെ പഞ്ചായത്ത് പ്രസിഡന്‍റ് പ്രേമലോചനന്‍ നായര്‍ കിടപ്പുമുറിയില്‍ മരിച്ചു കിടക്കുന്നു.
മരണം ആത്മഹത്യയാണെന്നും അതല്ല കൊലപാതകമാണെന്നുമുള്ള ഊഹാപോഹങ്ങളും പരന്നു.
മെഡിക്കല്‍ കോളേജിലെ പ്രസിദ്ധനായ ഒരു ഭിഷഗ്വരന്‍ മാത്രം പറഞ്ഞു - "മരണം ആഫ്രിക്കന്‍ ഒച്ചുമൂലം സംഭവിച്ചതാണ്".
ബാല്‍ക്കണിയില്‍ ഒരു ഒഴിഞ്ഞകുപ്പി കിടപ്പുണ്ടായിരുന്നു. സൂക്ഷിച്ചു നോക്കിയാല്‍ മുറിയില്‍ ഒച്ചുകള്‍ ഇഴഞ്ഞ പാടുകളും കാണാമായിരുന്നു!