Aksharathalukal

ബുരാ നാ മാനോ ഹോളി ഹേ

ഹോളി ആഘോഷിക്കാൻ പോകാൻ ഒരുങ്ങി കെട്ടി നിൽക്കുമ്പോ ആയിരുന്നു ആരോ കോളിങ് ബെൽ അടിച്ചത്.


\"അനു.. പോയി വാതിൽ തുറന്നെ..\" അടുക്കളയിൽ നിന്നു അമ്മേന്റെ വിളി വന്നു .


എന്റെ ചങ്ക് റിയ ആകും എന്ന് കരുതി ഞാൻ പോയി ഡോർ തുറന്നു. അപ്പോ തീരെ പരിചയം ഇല്ലാത്തൊരു മോന്ത.. ഒരു ചെക്കനാണ്. എന്നേക്കാൾ ഒരു 3-4 വയസ്സ് കൂടുതൽ കാണുമായിരിക്കും. കണ്ണടയൊക്കെ വച്ചു കണ്ടാൽ തന്നെ പാൽ കുപ്പി. കയ്യിൽ ഒരു ബോക്സ് ഉണ്ട്. അത് എനിക്ക് നേരെ നീട്ടിട്ടിട്ടും ഉണ്ട്. 



\"ആരെടാ ഇവൻ... \" എന്റെ ആത്മഗതം ഉച്ചത്തിൽ ആയിപോയി.



\"ഞാൻ 351 ഇലെ പുതിയ താമസക്കാരനാ.. അമർനാഥ്.. \" അവൻ ഫുൾ ക്ലോസപ്പ് ചിരിയോടെ പറഞ്ഞു. ഓ തൊട്ടടുത്ത ഫ്ലാറ്റിലേയാ..



\"അയിന്... \" ഞാൻ അറിയാതെ പറഞ്ഞു പോയി.



\"അല്ല.. ഹൗസ് ഓണർ പറഞ്ഞു ഈ ഫ്ലാറ്റിൽ എന്നേക്കൂടാതെ വേറെ നിങ്ങൾ മാത്രമേ മലയാളി ആയിട്ടുള്ളു എന്ന്... \" 


അപ്പോഴാ മാതാശ്രീ വന്നത്. അവൻ അത് തന്നെ അമ്മയോട് പറഞ്ഞു.



\"അയ്യോ... മോനെ കേറി വാ.. എടി എന്താ ഇത് കേറി ഇരിക്കാൻ കൂടെ ഈ കുട്ടിയോട് പറഞ്ഞില്ലാലോ.. \" അമ്മ എന്റെ തലക്കിട്ട് കിഴുക്കി. 



അമ്മക്ക് അല്ലെങ്കിലും ഈ മുംബയിൽ ഉള്ള ഏത് മലയാളിയെ കണ്ടാലും സ്നേഹമാണല്ലോ.


അവൻ അകത്തേക്ക് വന്നു സോഫയിൽ ഇരുന്നു. അമ്മ ചായയും ആയി വന്നപ്പോ വീണ്ടും അവൻ ആ ബോക്സ് നീട്ടി. 


\"അയ്യോ.. ഉണ്ണിയപ്പം.. എനിക്ക് ഒത്തിരി ഇഷ്ടമാ മോനെ...\" അമ്മ അതും പറഞ്ഞു ചാടി കേറി എടുത്തു.


അത് കണ്ടപ്പോ എനിക്കും എടുക്കണം എന്ന് തോന്നി. അല്ല ഉണ്ണിയപ്പം ആയിപോയി. ഞാനും എടുത്തു. പിന്നെ അമ്മ ആ ഫ്രഷ് ചോദ്യം ചോദിച്ചു.


\"നാട്ടിൽ എവിടെയാ?\" 


\"കണ്ണൂരിൽ നിന്നാ..\"


\"ഞങ്ങൾ കോഴിക്കോടാ.. \"


\"അമ്മ കുറേ വർഷം ആയോ ഇവിടെ?\"


\"പിന്നില്ലാതെയോ ഇവളെ പ്രെഗ്നന്റ് ആയപ്പോ ഇങ്ങോട്ട് പോന്നതാ. ഇപ്പോ 24 വർഷം ആയി.. മോൻ ഇവിടെ ജോലി ചെയ്യുവാണോ?\" അമ്മ ചോദിച്ചു.


\"അതെ.. ഞാൻ നാട്ടിൽ നിന്നു ഇത്രേം ദൂരം വിട്ടു നിക്കണത് ആദ്യം ആയിട്ടാ.. കോളേജിൽ പഠിക്കുമ്പോ ആഴ്ചയിൽ ആഴ്ചയിൽ വീട്ടിൽ പോയി വരാലോ എന്നൊരു സമാധാനം എങ്കിലും ഉണ്ടായിരുന്നു. പിന്നെ എഞ്ചിനീയറിംഗ് സർവീസ് എഴുതി പാസ്സ് ആയി കിട്ടിയ ഗവണ്മെന്റ് ജോലി ആയോണ്ടാ ഇങ്ങോട്ട് വന്നത് .. \" അവൻ പറഞ്ഞതും അമ്മ എന്നെ ഒരു നോട്ടം. ഞാൻ ഇപ്പോഴും actively looking for opportunity ആണേ.. ഏത് പണി ആയില്ല. അത് തന്നെ.


പിന്നെ അങ്ങോട്ട് അമ്മയ്ക്ക് എന്നെ പല തവണ നോക്കേണ്ടി വന്നു. പുല്ല്.. ഗുഡ് ബോയ് എന്നൊക്കെ പറഞ്ഞാ ഇങ്ങനെയും ഉണ്ടോ? പഠിച്ചത് ആകട്ടെ IIT ഇലും.  അതു കൂടാതെ എന്റെ അതെ പ്രായമാ തെണ്ടിക്ക്. ഇതൊന്നും പോരാഞ്ഞിട്ട് പറഞ്ഞു വന്നപ്പോ ആ തെണ്ടി അമ്മയുടെ പണ്ടത്തെ ഫ്രണ്ടിന്റെ മോനും. അമ്മക്ക് അവനെ തലയിൽ എടുത്ത് വെക്കാൻ കാരണങ്ങൾ കുറേ കിട്ടി.


അവൻ ഇറങ്ങിയതും അമ്മ എന്നെ നിർത്തി ഉപദേശം ആയിരുന്നു. എന്തൊക്കെ കേൾക്കണ്ടി വന്നു. എല്ലാം ആ തെണ്ടി കാരണം.. അമർനാഥ്‌... ബ്ലഡി ഉല്ലു കി പട്ട... 




പിന്നെ റിയ വന്നപ്പോ ആണ് മാതാശ്രീ ആ നെടുനീളൻ ഉപദേശം നിർത്തിയത്.


❤️❤️❤️❤️❤️


ഫ്ലാറ്റിൽ നിന്നും കുറച്ചു മാറി ഒരു സ്ഥലത്ത് ആയിരുന്നു നമ്മൾ ഹോളി ആഘോഷിച്ചത്. റോഡിൽ തന്നെയാ ആഘോഷം. ആ വഴി എങ്ങാനും ഏതവൻ എങ്കിലും കടന്നു പോയാ പരിചയം ഉണ്ടോ എന്നു പോലും നോക്കില്ല. കളറിൽ കുളിപ്പിച്ച് മാത്രമേ വിടുള്ളു..



ഞങ്ങൾ കളിച്ചോണ്ട് നിക്കുമ്പോ ആയിരുന്നു ഒരു വാട്ടർ ബലൂൺ എന്റെ ദേഹത്തു ആരോ എറിഞ്ഞത്. ഞാൻ നോക്കിയപ്പോ നമ്മുടെ ഏരിയയിലെ അലമ്പ് ടീംസ് ആയിരുന്നു അത്. 


\"ബുരാ നാ മാനോ ഹോളി ഹേ..\" അതിൽ ഒരുത്തൻ എന്റെ നോട്ടം കണ്ടതും വിളിച്ചു പറഞ്ഞു. 



\"ഇവന്മാരെ കൊണ്ട്..  \" അതും പറഞ്ഞു ഞാൻ അവന്മാരുടെ അടുത്തേക്ക് പോകാൻ നിന്നപ്പോ റിയ എന്നെ തടഞ്ഞു.


\"എടി വെറുതെ അലമ്പിനു നിൽക്കണ്ട. കച്ചറ ടീമാ... \" 


ഞങ്ങൾ പിന്നെ കുറച്ചു മാറി നിന്നു. അലമ്പ് ടീംസ് ആണേൽ വേറെ ആൾക്കാരെ ചൊറിയാൻ പോയി. 


അപ്പോഴായിരുന്നു അങ്ങോട്ട് അമർനാഥ് വരുന്നത് കണ്ടത്. ആഹാ.. അമ്മയുടെ വായിൽ ഇരിക്കുനത് മൊത്തം കേട്ടത് അല്ലേ.. ഞാൻ voilet കളർ ഒരു കയ്യിലെടുത്തു . പിന്നെ കളർ വെള്ളം നിറച്ച വാട്ടർ ബലൂണും എന്നിട്ട് നേരെ അവന്റെ നേർക്ക് ചെന്നു. 


\"ഹായ് അനു.. ഇന്ന് ഹോളി ആയിരുന്നല്ലേ.. ഞാൻ അറിഞ്ഞില്ല..\" അവൻ എന്നെ കണ്ടതും പറഞ്ഞു. 



ഞാൻ വെളുക്കനെ ചിരിച്ചു. എന്നിട്ട് അവന്റെ ഒരു കവിളിൽ കൈ ഉരച്ചു.. എന്താ സംഭവിക്കുന്നത് എന്ന് അവനു മനസ്സിലാകും മുൻപേ തന്നെ അവന്റെ ഷർട്ടിൽ നല്ല അടിപൊളി ആയി രണ്ടു വാട്ടർ ബലൂൺ എറിഞ്ഞു പൊട്ടിച്ചു . 



\"ഹാപ്പി ഹോളി.. \" ഞാൻ അവനോട് പറഞ്ഞു.


\"എന്ത് പണിയാ കാണിച്ചത് അനു.. എന്റെ പുതിയ ഷർട്ട് ആണ്.. \" അവൻ പറഞ്ഞു.


\"അല്ല എവിടെ പോകാ?\"


\"സാധനങ്ങൾ വാങ്ങാൻ.. \" അവൻ പറഞ്ഞു 


\"ഹാ.. ബെസ്റ്റ് ഇന്ന് പുറത്ത് ഇറങ്ങിയാ പിന്നെ നല്ല കോലത്തിൽ തിരിച്ചു കേറൽ ഉണ്ടാകില്ല.\"


\"ഓ.. അങ്ങനെ ഒക്കെ ഉണ്ടല്ലേ.. എന്നാൽ ഞാൻ നടക്കട്ടെ.. സാധനങ്ങൾ വാങ്ങി വേഗം കേറട്ടെ തിരിച്ചു.\" അത് പറഞ്ഞു അവൻ മുന്നോട്ട് നടന്നു. 


കുറച്ചു നടന്നതും അവൻ എത്തിപ്പെട്ടത് അലമ്പ് ടീമിന്റെ മുന്നിലായിരുന്നു. അവന്മാർ അവനെ ഒരു നോട്ടം പിന്നെ എന്നെയും. പിന്നെ ഒറ്റ നിമിഷം കൊണ്ട് തന്നെ അവന്റെ ദേഹത്തു മുഴുവനും കളർ വാരി തേച്ചു. അവന്റെ ഷർട്ട് കീറി എങ്ങോട്ടോ എറിഞ്ഞു . 


\"ബുരാ നാ മാനോ ഹോളി ഹേ..\" അവർ അതിന്റെ ഇടയിലും ആക്രോഷിക്കുന്നുണ്ടായിരുന്നു.


ഞാൻ ഓടി അങ്ങോട്ട് ചെന്ന് അവനെ പിടിച്ചു വച്ചു. അവൻ ആണേൽ ആകെകൂടി എന്തോ അവസ്ഥയിൽ ആയിരുന്നു. അവൻ വെറും നിലത്തു ഇരുന്നു. അവന്റെ കണ്ണ് നിറഞ്ഞിരുന്നു. അത് കണ്ടതും എനിക്ക് എന്തോ വിഷമമം തോന്നി. എന്നോടുള്ള ദേഷ്യമാ അവനോട് തീർത്തത്.


ഞാൻ അവന്മാരോട് പോലീസിനെ വിളിക്കും എന്നൊക്കെ പറഞ്ഞു അവന്മാർ അവസാനം അവിടെ നിന്നും പോയി. അമർ ആണേൽ ശ്വാസം വലിക്കാൻ പാട് പെടുക ആയിരുന്നു. അവൻ  inhaler എന്ന് കൈ കൊണ്ട് അക്ഷൻ കാണിച്ചു. ഞാൻ അത് ഒന്നു നിലത്തൊക്കെ തിരഞ്ഞപ്പോ കിട്ടി അവനു കൊടുത്തു. അവൻ അത് എടുത്ത് വലിച്ചു. ഞാൻ റിയയോട് അവളുടെ ഫ്ലാറ്റിൽ പോയി ചേട്ടന്റെ ഡ്രസ്സ്‌ എടുത്ത് കൊണ്ട് വരാൻ പറഞ്ഞു. എന്നിട്ട് അവനെയും കൊണ്ട് അടുത്തുള്ള പൈപ്പിന്റെ അടുത്തു പോയി. അവിടെ ഹോർസ് ഉണ്ട്. അത് വച്ചു അവന്റെ അടുത്തേക്ക് വെള്ളം അടിച്ചു. കളർ ഒക്കെ കുറേ പോയപ്പോ അവൻ ഓക്കേ ആയി. 


\"Are you ok now?\" ഞാൻ ചോദിച്ചു.


\"എനിക്ക് പൊടി അലർജിയാ.. \" അവൻ പറഞ്ഞു.


\"സോറി..\" എനിക്ക് എന്തോ അവന്റെ മുഖത്ത് നോക്കാൻ ഒരു വിഷമമം...


അപ്പോഴേക്കും റിയ വന്നു. തിരിച്ചു സ്കൂട്ടിയിൽ വന്നൊണ്ട് പെട്ടന്ന് എത്തി. അവൾ കൊണ്ട് വന്ന ടവൽ കൊണ്ട് ഞാൻ തന്നെ അവന്റെ തല തോർത്തി. അവൾ കൊണ്ട് വന്ന ടി ഷർട്ട് ഞാൻ അവനു കൊടുത്തു.


\"ഇതിട്ടോ..\" ഞാൻ അവനോട് പറഞ്ഞു. അത് അവൻ ഇട്ടു.



അപ്പോഴായിരുന്നു അങ്ങോട്ട് നേരത്തെ അലമ്പ് ടീമിന്റെ ലീഡർ ഒറ്റക്ക് അങ്ങോട്ട്‌ വരുന്നത് കണ്ടേ.. ഞാൻ രണ്ടു കയ്യിലും നിറയെ കളർ പൊടി എടുത്തു. നേരെ അവന്റെ അടുത്ത് ചെന്ന്. അവൻ ഇവൾ എന്തിനുള്ള പുറപ്പാടാണെന്ന് ഉള്ള രീതിയിൽ എന്നെ നോക്കി.


അവന്റെ മുഖത്തും കളർ തേക്കുക എന്ന വ്യാജെന ആഞ്ഞു രണ്ടു കവിളും ഞാൻ നല്ല രണ്ടെണ്ണം പൊട്ടിച്ചു. അവൻ മുഖം പൊത്തി എന്നെ നോക്കി നിന്നു.



\"ബുരാ നാ മാനോ ഹോളി ഹേ.. \" ഞാൻ അവനെ നോക്കി പറഞ്ഞു അമറിന്റെ അടുത്തേക്ക് ചെന്നു. ഞാൻ സ്കൂട്ടിയിൽ വേഗം കേറി അമറിനോടും കേറാൻ പറഞ്ഞു. ഞങ്ങൾ വേഗം ഫ്ലാറ്റിലേക്ക് ചെന്നു.



\"താങ്ക്സ്.. പിന്നെ നേരത്തെ സോറി പറഞ്ഞത്.. താൻ.. താൻ അതിനു എന്നോട് തെറ്റൊന്നും ചെയ്തില്ലലോ..\" ലിഫ്റ്റ് നിന്നും പുറത്ത് ഇറങ്ങിയതും അവൻ ചോദിച്ചു.


\"അത് പിന്നെ മുഖത്ത് കുറച്ചാണെകിലും തേച്ചില്ലേ.. പിന്നെ അവർ എന്നോടുള്ള ദേഷ്യത്തിനാ തന്നെ.. \" ഞാൻ പറഞ്ഞു.


\"അത് പോട്ടെ.. കുഴപ്പം ഇല്ല.. \"


\"എന്നാൽ ഞാൻ പോട്ടെ.. \" അതും പറഞ്ഞു ഞാൻ വീട്ടിലേക്ക് പോയി.


❤️❤️❤️❤️❤️


ഫുഡും കഴിച്ചു കുളിച്ചു ബാൽക്കണിയിൽ ചെന്ന് തല തുവർത്തി തിരിഞ്ഞപ്പോ ആയിരുന്നു അവൻ അവന്റെ ബാൽക്കണിയിൽ ഇരുന്നു ബുക്ക്‌ വായിക്കുന്നത് കണ്ടത്.


\"ഓയി... ഇപ്പോ എങ്ങനെ ഉണ്ട്?\" ഞാൻ ചോദിച്ചു.


\"ഓക്കേ ആണെടോ.. \"


\"കഴിച്ചോ?\" ഞാൻ ചോദിച്ചു.


\"മം.. താനോ..?\"



ഞാൻ തലയാട്ടി.. അവൻ തിരിച്ചു ചിരിച്ചു.. എനിക്ക് എന്തോ വാക്കുകൾ കിട്ടാത്തത് പോലെ... ഇനി എന്ത് ചോദിക്കണം മിണ്ടണം എന്നൊക്കെ മനസിലാകാത്തത് പോലെ .. ആദ്യമായാ ഇങ്ങനെ.. അല്ലെങ്കിൽ ഒരാളെ കിട്ടിയാൽ 100 വർത്താനം പറയുന്ന ഞാനാ.. അവന്റെ ആ ചിരിയിൽ അലിഞ്ഞു പോകും പോലെ.. 


\"ഞാൻ എന്നാ പോട്ടെ.. \" ഞാൻ പറഞ്ഞപ്പോ അവൻ വീണ്ടും ചിരിച്ചു.


ഞാൻ പതിയെ മുറിയിലേക്ക് പോയി.



അവൻ അപ്പോൾ പുസ്തകത്തിന്റെ ഇടയിൽ വച്ച ഫോണിൽ അവളുടെ ഫോട്ടോ നോക്കി പുഞ്ചിരിച്ചു. അവൾ തുവർത്തി കൊണ്ട് നിന്നപ്പോ അവൾ അറിയാതെ എടുത്തതാ. അവൾ അങ്ങോട്ട് തിരിഞ്ഞതും പെട്ടന്ന് പുസ്തകത്തിന്റെ ഇടയിൽ ഒളിപ്പിച്ചതായിരുന്നു ഫോൺ.


❤️❤️❤️❤️❤️❤️

പിറ്റേന്ന് വൈകുന്നേരം അമ്മ എന്തൊക്കെയോ കാര്യമായി ഉണ്ടാക്കുന്നത് കണ്ടു. നല്ല മണം അടിച്ചാ ഞാൻ അടുക്കളയിലേക്ക് പോയത്. 


\"എന്താ അമ്മേ ഇന്ന് സ്പെഷ്യൽ?\" ഞാൻ ചോദിച്ചു.


\"ഞാൻ വിചാരിച്ചു ഇന്ന് ആ കുട്ടിയെ ഇങ്ങോട്ട് വിളിക്കാമെന്ന്..\"


\"ഏത് കുട്ടി?\"


\"അമർ മോൻ. ഞാൻ ചെന്ന് ആ കുട്ടിയോട് വരാൻ പറയട്ടെ..\" അമ്മ പറഞ്ഞു.



\"ഞാൻ പോയി വിളിക്കാം.. \" ഞാൻ ചാടി കേറി പറഞ്ഞു. അത് പിന്നെ കാണാൻ കിട്ടുന്ന ചാൻസ് എന്തിനു വേണ്ട എന്ന് വെക്കണം. 😏😏😏



\"ഓ.. നിനക്ക് അതിനെ ഇന്നലെ തീരെ പിടിച്ചില്ലല്ലോ.. നീ പോകണ്ട..\"


\"ഏയ്യ്.. എനിക്ക് അങ്ങനെ പിടിക്കാതെ ഒന്നുമില്ല.. ഞാൻ പോയി വിളിക്കാം.\"


അതും പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി. അവന്റെ ഡോറിൽ മുട്ടി.



അവൻ വന്നു ഡോർ തുറന്നു. ഒരു ഷോർട്സ് മാത്രമേ ഉള്ളു.. അത് കണ്ടതും എന്റെ കണ്ണ് തള്ളി. അവൻ അപ്പൊ തന്നെ വാതിൽ ഒറ്റ അടക്കൽ. പിന്നെ കുറച്ചു കഴിഞ്ഞപ്പോ വാതിൽ തുറന്നു. ഇപ്പോൾ ടി ഷർട്ട് ഉണ്ട്. പിന്നെ പാന്റും.


\"ഞാൻ ചിന്റു ആണെന്ന് കരുതിയാ.. \" അവൻ പറഞ്ഞു. ചിന്റു ഇവിടെ വൈകുന്നേരങ്ങളിൽ പാല് കൊണ്ട് തരാൻ വരുന്ന പയ്യനാ.


\"താൻ കേറി വാ..\" അവൻ പറഞ്ഞപ്പോ ഞാൻ അകത്തേക്ക് കേറി.


\"ആദ്യമായി വരുന്നത് അല്ലേ.. ഞാൻ ചായ ഉണ്ടാക്കാം..\" അവൻ പറഞ്ഞു.


\"വേണ്ട.. ഞാൻ അമ്മ പറഞ്ഞിട്ട് വന്നതാ.  ഇന്ന് ഫുഡ്‌ അവിടെ നിന്നും ആകാം.\"


\"വേണ്ടടോ.. ഞാൻ ഓർഡർ ചെയ്തോളാം.. സാധങ്ങൾ കുറച്ചൂടെ വാങ്ങാൻ ഉണ്ട്. അത് കഴിഞ്ഞ് നാളെ മുതൽ കുക്കിംഗ്‌ തുടങ്ങാം എന്ന് കരുതി.\"


\"ഏയ്‌.. അമറിനു വേണ്ടി അമ്മ ഏതാണ്ടൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. \"


\"ആണോ എന്നാൽ ഞാൻ വരാം..\"


\"പിന്നെ അമർ തനിക്ക് ക്വാട്ടേഴ്‌സ് കിട്ടില്ലേ പിന്നെ എന്താ ഫ്ലാറ്റിൽ?\" എന്തെങ്കിലും ചോദിക്കേണ്ടേ എന്നു വച്ചു ഞാൻ ചോദിച്ചു.


\"HRA കിട്ടും ക്വാട്ടേഴ്‌സ് ഒഴിവില്ല. അതാ..\"


ഇനി എന്ത് ചോദിക്കും ദൈവമേ.. എനിക്ക് ആണേൽ അവനെ ഒന്ന് കെട്ടിപിടിക്കാനും ഉമ്മ വെക്കാനും ഒക്കെ തോന്നുവാ.. എന്തൊരു അവസ്ഥ.



\"അമറിന്റെ കല്യാണം ഉറപ്പിച്ചതാണോ?\"


\"ഏയ്‌.. അല്ല.. എനിക്ക് 24 ആയതേ ഉള്ളുഡോ..\" അവൻ ചിരിയോടെ പറഞ്ഞു.


\"മം.. ഗേൾഫ്രണ്ട് ഉണ്ടോ?\"


\"ഇല്ല.. എന്തെ ആകാൻ താല്പര്യം ഉണ്ടോ?\" അവൻ ചോദിച്ചു.



\"ങേ..?\"


\"ആകാൻ താല്പര്യം ഉണ്ടോ എന്ന്?\"


\"ഉണ്ടെങ്കിൽ 🤨\"  ഞാനും ചോദിച്ചു.



\"ഉണ്ടെങ്കിൽ എനിക്കും താല്പര്യം ഉണ്ട്. അത്ര തന്നെ..\" അവൻ പറഞ്ഞു. അല്ല ആരാ ഇപ്പോ ഇവിടെത്തെ extrovert? എടൊ താൻ ഇൻട്രോവെർട്ടും ഞാൻ എസ്ട്രോവെർട്ടും ആടോ.. അത് മറക്കരുത്.


ഞാൻ അവന്റെ കോളറിൽ പിടിച്ചു. എന്നിട്ട് മുഖം എന്റെ മുഖത്തോട് അടുപ്പിച്ചു. ആ കണ്ണുകളിലേക്ക് നോക്കി. എന്റെ ഉള്ളിലെ  എക്സ്ട്രോവെർട്ട് പൂർവാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു സുഹൃത്തുക്കളെ.




\"എനിക്ക് നിന്നെ ഇഷ്ടമാ.. എനിക്ക് മുൻപ് ഇഷ്ടം ഉണ്ടായിട്ടില്ലേ എന്ന് ചോദിച്ചാൽ അങ്ങനെ ഒരു ഇഷ്ടം ആരോടും ഉണ്ടായിട്ടില്ല. ഇവിടുത്തെ dating കൾച്ചറും ഞാനും ആയിട്ട് ഒത്തു പോകില്ല അത് തന്നെയാ അതിന്റെ കാരണം . ഇതൊക്കെ കൊണ്ട് എനിക്ക് തന്നോടുള്ളത് പ്രണയമാണെന്ന് മനസ്സിലാക്കാൻ എനിക്ക് എളുപ്പമായിരുന്നു... എനിക്ക് വളച്ചു കെട്ടാൻ ഒന്നും അറിഞ്ഞൂടാ.. I love you... അത്ര തന്നെ...\" ഞാൻ ആ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു നിർത്തി.



അതിനു മറുപടിയായി അവൻ ഒരു കൈ എന്റെ കവിളിൽ വച്ചു. മറു കൈ കൊണ്ട് എന്റെ തലയിൽ തലോടി. അവന്റെ കണ്ണുകളിലെ ആ നോട്ടത്തിൽ ഉണ്ടായിരുന്നു അവന്റെ പ്രണയം മുഴുവനും. ഞാൻ അവന്റെ മുഖം കയ്യിലെടുത്തു ആ ചുണ്ടുകളിൽ മൃതുവായി ചുംബിച്ചു.


എടുത്തു ചാട്ടം ആണോ എന്ന് ചോദിച്ചാൽ ആയിരിക്കാം. എന്നാലും എനിക്ക് ഇഷ്ടം എന്റെ മനസ്സ് പറയുന്നത് കേൾക്കാനാണ്... ആ നെഞ്ചിൽ ഒട്ടി ചേർന്നു നിൽക്കുമ്പോൾ ഇനിയുള്ള കാലമത്രയും അവന്റെ കൂടെ ജീവിക്കാൻ ആകണേ എന്നൊരു പ്രാർത്ഥന മാത്രമേ എന്റെ ഉള്ളിൽ ഉണ്ടായിരുന്നുള്ളു.


തല ചെരിച്ചു നോക്കിയപ്പോ മാതാശ്രീ നോക്കി നിൽക്കുന്നു.. സബാഷ്... അമ്മയുടെ കണ്ണ് നിറഞ്ഞിരിക്കുന്നു.



\"അമ്മേ.. ഞാൻ...\" ഞാൻ പെട്ടന്ന് വിട്ടുമാറി പറഞ്ഞു..


\"ഹോ.. സമാധാനം ആയി.. ഇന്ന് ഷീന (അമറിന്റെ അമ്മ ) വിളിച്ചപ്പോ നിങ്ങളെ കൊണ്ട് കെട്ടിക്കാൻ ആഗ്രഹം പറഞ്ഞപ്പോ നിനക്ക് മോനെ കണ്ണിൽ ഇട്ടാ കണ്ടൂടാ എന്ന് പറഞ്ഞതെ ഉള്ളു ഞാൻ . ഇത് എങ്ങനെ നിന്നോട് പറയും എന്ന് ഓർത്തു നിൽക്കുക ആയിരുന്നു. ഇപ്പോ അമ്മക്ക് സമാധാനം ആയി മോളെ.. നിനക്ക് വക തിരിവ് ഉണ്ടല്ലോ... പിന്നെ കല്യാണം നിനക്ക് ജോലി കിട്ടിയിട്ട് മാത്രമേ നടത്തു.. ജോലിക്ക് മുൻപേ കേട്ടാമെന്ന് മോളു വിചാരിക്കേണ്ട..\" 



ഞാൻ ഞെട്ടി അവനെയും അമ്മയെയും നോക്കി. ഇതൊക്കെ ഇനി എന്താകുമോ എന്തോ... 


(ശുഭം )