Aksharathalukal

മറിയാമ്മച്ചേടത്തിയുടെ പേത്തുർത്ത



മറിയാമ്മച്ചേടത്തി  അടുക്കളയിൽ തിരക്കിട്ട പണിയിലാണ്. നാളെ പേത്തുർത്തയാണ്. അതിയാൻ (ചേടത്തിയുടെ പ്രിയ ഭർത്താവ് ഔതച്ചേട്ടനെ ബഹുമാനപുരസരം വിളിക്കുന്നതാണ് ) 😜തോട്ടിൽ മീൻ പിടിക്കാൻ പോയപ്പോൾ കുറച്ച് മുഴിയും, വരാലും കിട്ടിയിട്ടുണ്ട്. കാര്യം നല്ല രുചിയൊക്കെയാണ്. പക്ഷേ നന്നാക്കി എടുക്കാൻ നല്ല പാടാണ്.

"എല്ലാം കാലായികഴിയുമ്പോൾ എല്ലാവരും തിന്നാൻ  റെഡിയായി  വന്നോളും. എന്നാ ഒരു കൈ സഹായം... അതില്ല.. മുഴുവൻ സമയം ആ കുന്ത്രാണ്ടത്തിൽ തോണ്ടിക്കൊണ്ടിരിക്കും."
മറിയാമ്മച്ചേടത്തിയുടെ  മരുമകൾ ഷീബ അതുകേട്ട് പുച്ഛത്തോടെ കിറി കോട്ടി. ഷീബ കുറച്ച് സാമ്പത്തികസ്ഥിതി ഉള്ള കുടുംബത്തിലെയാണ്. അതിന്റെ തെല്ലൊരഹങ്കാരം ഇല്ലാതില്ല."എന്റെ അപ്പൻ ഇത്രയധികം മുതൽ തന്ന് എന്നെ കെട്ടിച്ചത് ഇവിടെ കിടന്ന് കരിയും പുകയും കൊള്ളാനല്ല ".
"പിന്നേ  പണിയെടുത്താൽ കൈയിലെ വള ഊരിപ്പോകുമായിരിക്കും ". മറിയാമ്മച്ചേടത്തി പിറുപിറുത്തു. അല്ലാ.. മരുമകളെ പറഞ്ഞിട്ട് എന്ത് കാര്യം?!!മകളുണ്ടല്ലോ ഒരുത്തി.. സദാസമയം  മുറിയടച്ചിട്ടിരുപ്പാണ്.. പഠിക്കാനുണ്ടത്രേ!!! ആർക്കറിയാം!!!

ചേടത്തി മീൻ എല്ലാം ഒരു വലിയ വട്ടകയിലേക്ക് ഇട്ട് കുറെ ഉപ്പും, ചാരവും കൂട്ടി തിരുമ്മി വെച്ചു. ഇനി ഓരോന്നായി എടുത്തു കല്ലിൽ വെച്ച് ഉരച്ച് ഉളുമ്പ് കളയണം. പഴേ പോലെ കുനിഞ്ഞു നിന്ന് ചെയ്യാൻ വയ്യ. വല്ലാത്ത നടുവ് വേദനയാണ്. കുന്തിച്ചിരുന്ന് ചെയ്യാമെന്ന് വെച്ചാലോ മുട്ടും വയ്യ.

" വേദനയില്ലാത്ത ഭാഗം വല്ലതും നിന്റെ ശരീരത്തിലുണ്ടോ "എന്നാണ് അതിയാന്റെ ചോദ്യം. മക്കളാണെങ്കിൽ ഇത് സ്ഥിരം പല്ലവി അല്ലേ!! എന്ന മട്ടിൽ കേൾക്കാത്ത ഭാവത്തിൽ അങ്ങ് നടന്നേക്കും.
"എന്റെ  കർത്താവേ ഇവിടെ കിടന്ന് പണിയെടുത്ത് മരിക്കാനാണല്ലോ എന്റെ യോഗം " മറിയാമ്മ ചേടത്തി ഒരു മുഴിയെ എടുത്ത് കല്ലിൽ ശക്തിയായി അടിച്ചു.

" ചെടത്തിയേ.. ഇങ്ങനെ മീൻ നന്നാക്കിയാൽ കറി വെയ്ക്കാൻ ബാക്കി ഒന്നും ഉണ്ടാകില്ല". 
തെക്കേലെ വറീതാണ്. അതിയാന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ.. എല്ലാ കൊള്ളരുതായ്മക്കും കുടപിടിച്ചോളും. ചേടത്തിക്കു  കണ്ണിന് കണ്ടു കൂടാ... എന്നാലും പുറത്ത് കാണിക്കാറില്ല. എന്ത്‌ ചെയ്യാനാ!!!!...അയല്പക്കമല്ലേ!!!...വിളിച്ചാ വിളി കേൾക്കാൻ അവര് മാത്രമല്ലെ ഉളളൂ!!
ചേടത്തി വെളുക്കെ ചിരിച്ചു. "സൂസമ്മയെന്തേ? ആരെയും ഇന്ന് പുറത്തോട്ടൊന്നും കണ്ടില്ലല്ലോ?..."

"ഓ.. അവളും പിള്ളേരും മണിമലക്കു പോയിരിക്കാണ്. അവളുടെ കുഞ്ഞമ്മേടെ മകളുടെ കൊച്ചിന്റെ ഒന്നാമത്തെ പിറന്നാളാണ്. ഇതിനൊക്കെ നടക്കാൻ എനിക്ക് വല്ല നേരമുണ്ടോ? ഇവിടെ തോട്ടത്തിൽ പിടിപ്പത് പണിയുണ്ട്".
ഉം.. ഈ പിടിപ്പത് പണിയുള്ള ആളാണ് അതിയാന്റെ കൂടെ മീൻ പിടിക്കാൻ പോയി വന്നിരിക്കണത്. ഭാര്യവീട്ടിൽ പോകാതിരിക്കാൻ ഓരോരോ കാരണങ്ങൾ. ചേടത്തി ഉള്ളിൽ ചിരിച്ചു.

"ചേടത്തി... ആ വരാൽ മാങ്ങായിട്ടു പാല് പിഴിഞ്ഞ് കറി വേക്കാമോ? മുഴി വറുത്താ മതി. ചിലപ്പോൾ ചേറുചുക കാണും. ചേടത്തിയുടെ മാങ്ങായിട്ടു വെച്ച മീൻകറി കൂട്ടിയാൽ പത്തുകൊല്ലം രുചി നാവേന്ന് പോകില്ല. സൂസ ഇതൊന്നും വെയ്ക്കാൻ ഇത് വരെ പഠിച്ചിട്ടില്ല. എപ്പോ നോക്കിയാലും ഒരു മോര് കറി. എന്നാ.... സമയം കിട്ടുമ്പോൾ ചേടത്തിയുടെ അടുത്ത് വന്ന് വല്ലതും പഠിക്കാൻ പറഞ്ഞാലോ... അവൾക്ക് വയ്യ.. അഭിമാനക്കുറവ്.."

മറിയമ്മച്ചേടത്തിക്ക്  ആ സംസാരം ക്ഷ.. പിടിച്ചു. തികട്ടി വന്ന സന്തോഷം ഉള്ളിലടക്കി ചേടത്തി വിനയാന്വതയായി.. "ഓ..കുഞ്ഞിലേ തുടങ്ങി ഈ അടുക്കളേ കിടന്ന് പെരുമാറുന്നതല്ലേ!!!ആരായാലും പഠിച്ചുപോകും."

" ഓ.. പിന്നേ തന്നെ അങ്ങോട്ട് പഠിക്കയല്ലേ... വറീതേ.. നിനക്കറിയാമോ?... ഇവളെ കെട്ടിക്കൊണ്ട് വരുമ്പോൾ ചട്ടിയേ താ.. കലം ഏതാ.. എന്ന് വരെ അറിയാൻ പാടില്ലായിരുന്നു. എല്ലാം ഞാൻ കൂടെ നിന്ന് പറഞ്ഞു  പഠിപ്പിച്ചെടുത്തതാ. അല്ലാതെ തന്നെ അങ്ങോട്ട്‌ പഠിക്കയല്ലേ!!!

ഓ. തള്ള വന്നല്ലോ... ഇനി തുടങ്ങിക്കോളും  പഴം പുരാണം..ചെവിട്ടിൽ മൂട്ടപോയപോലെ...മറിയാമ്മച്ചേട്ടത്തി പിറുപിറുത്തു.
കറി കാലായി കഴിയുമ്പോൾ  ഞാൻ പിള്ളേരുടെ കയ്യിൽ കൊടുത്തു വിടാം. വർത്തമാനം പറഞ്ഞു നിന്നാൽ പണി നടക്കൂല ". ചേടത്തി സംസാരം നിർത്തി മീൻ വെട്ടൽ തുടർന്നു. ആയിക്കോട്ടെ... വറീത് അല്പം നിരാശയോടെ പറഞ്ഞു.

മീനും,മാങ്ങയും നല്ല തേങ്ങതിരുമ്മിയ പാലിൽ വേവിച്ചു. തലപ്പാൽ ഒഴിച്ച് തിളച്ച് കഴിഞ്ഞപ്പോൾ ചട്ടി അടുപ്പിൽ നിന്ന് ഇറക്കി വെച്ചു. ഉള്ളിയും മുളകും കറിവേപ്പിലയും കൂടി നല്ല വെളിച്ചെണ്ണയിൽ കാച്ചി കറിക്ക് മീതെ ചുറ്റിച്ചൊഴിച്ചു.  ഒരു തവിയെടുത്ത് കുറച്ച് ചാറ് ഉള്ളം കൈയിലേക്ക് ഒഴിച്ച് ഊതി ചൂടാറ്റി രുചിച്ചു നോക്കി...
"ഉം. ഇത്തവണ എല്ലാം പാകം. ഉപ്പും പുളിയും എല്ലാം " ചേടത്തി ആത്മഗതം ചെയ്തു. 
"ചട്ടി ആ ചൂരലിന്റെ കോട്ടയിട്ട് മൂടി വെച്ചേക്ക് . നന്നായി തണുക്കണം. അപ്പോഴാണ് ഉപ്പും മുളകും  പുളിയും പിടിച്ച് കറിക്ക് നല്ല രുചി ഉണ്ടാകുകയുള്ളു".നാളത്തേന് നല്ല പകമായിരിക്കും. മീൻകറിയുടെ മണം പിടിച്ച് അടുക്കളയിലേക്ക് വന്ന മരുമകളോട് ചേടത്തി പറഞ്ഞു.

മസാല പുരട്ടി വെച്ചിരുന്ന മുഴി നന്നായി മൊരിച്ചു വറുത്തെടുത്തു. ചീനച്ചട്ടി കോട്ടയിട്ട് മൂടി അടുപ്പിന് മൂലയിൽ ഭദ്രമായി വെച്ചു.

 "നാളെ  രാവിലെ തന്നേ ജോസിന്റെ അടുത്ത് പോയി കുറച്ചു പോത്തിറച്ചി വാങ്ങിക്കണം. രാവിലെ തന്നേ ചെന്നില്ലെങ്കിൽ നല്ല ഇറച്ചി കിട്ടില്ല. ഞാൻ രാവിലത്തെ കുർബാനക്ക് പള്ളിയിൽ പോകും ".
ചേട്ടത്തി ഔത ചേട്ടനെ ഓർമിപ്പിച്ചു. ഔതച്ചേട്ടൻ എല്ലാം തലകുലുക്കി സമ്മതിച്ചു.
ചേട്ടത്തി കുർബാന കഴിഞ്ഞ് പതിവ് കുശാലാന്വേഷണത്തിന്  നിൽക്കാതെ വീട്ടിലേക്ക് വെച്ചു പിടിച്ചു. ഉച്ചക്ക് അപ്പുറത്തെ വറീതും ഉണ്ണാനുണ്ടാകും. അതിനു മുൻപേ ഇറച്ചി കാലാക്കണം.

പിള്ളേരാരും എഴുന്നേറ്റിട്ടില്ല." ഇവിടെ ആർക്കും ഇന്ന് പള്ളിയിൽ പോകണ്ടേ? " മറിയാമ്മചേടത്തി  ആരോടിന്നില്ലാതെ ചോദിച്ചു. ഔതച്ചേട്ടൻ ഇറച്ചി മേടിക്കാൻ പോയിട്ട് എത്തിയിട്ടില്ല.

അടുക്കളയിലെത്തിയ ചേട്ടത്തിയുടെ അലർച്ച കെട്ടിട്ടാണ് ആ വീട്‌ അന്നുണർന്നത്. തേങ്ങാപാലിൽ കുറുക്കിയെടുത്ത മീൻ കറി തറയിൽ പരന്നൊഴുകി കിടക്കുന്നു. പൊട്ടിയ ചട്ടിയുടെ കഷണങ്ങൾ അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട്. അടുപ്പിന് മൂലയിൽ വെച്ചിരുന്ന ചീനച്ചട്ടിയിൽനിന്നും നല്ല വറുത്ത മീൻ ആസ്വദിച്ചു തിന്നു കൊണ്ടിരുന്ന അപ്പുറത്തെ കണ്ടൻ പൂച്ച ചേട്ടത്തിയുടെ അലർച്ച കേട്ടതും താഴെക്കെടുത്തു ചാടി.  വീണതോ പൊട്ടിയ മീൻ ചട്ടിയുടെ മുകളിലേക്ക്. മീൻ ചാറിൽ കിടന്നുരുണ്ട  കണ്ടൻ പൂച്ച ഉരുണ്ട് പിരണ്ടെഴുന്നേറ്റു ചേടത്തിയെ തട്ടി വീഴ്ത്തി എങ്ങോട്ടോ പാഞ്ഞു പോയി.🤣🤣

( പണ്ട് കാലത്ത് പൂച്ച, പട്ടി, കോഴി,എലി എന്നീ അടുക്കളയിലെ ഒളിഞ്ഞുനോട്ടക്കാരായ പക്ഷിമൃഗാദികളിൽനിന്നും ആഹാരത്തെ സംരക്ഷിക്കാൻ കഠിന പ്രയത്നം ചെയ്തിരുന്ന എല്ലാ അമ്മമാർക്കും സമർപ്പിക്കുന്നു )

ജെർളി സെബാസ്റ്റ്യൻ