Aksharathalukal

സ്വർഗ്ഗം 2

മധുരം തരൽ ചടങ്ങ് കഴിഞ്ഞതും എല്ലാവരും കൂടി എന്നെ വന്നങ് പൊതിഞ്ഞു.

ഒന്നാമത്തെ അച്ഛനെയും അമ്മയെയും വിട്ട് വന്നതിന്റെ സങ്കടത്തിൽ നിൽക്കുവാണ്.... പിന്നെ പുതിയ അന്തരീക്ഷവും.... അതിന്റെ കൂടെ ഇവരെല്ലാം കൂടി ഇങ്ങനെ തിക്കി ഞെരങ്ങി എന്നോട് പറ്റി ചേർന്ന് നിൽക്കുമ്പോൾ.... എനിക്ക് ഭയങ്കര അസ്വസ്ഥത തോന്നി.




\" മോൾ ഇവിടെ തന്നെ കാണും.... നിങ്ങൾ അതിനെ ഇങ്ങനെ ഞെക്കി പൊട്ടിക്കാതെ.... \",


അമ്മ വന്ന് എന്നെ ആ നെഞ്ചോട് പൊതിഞ്ഞു പിടിച്ചു കൊണ്ട് എല്ലാവരോടമായി പറഞ്ഞു.
ആ അമ്മ ചൂടിൽ ഒതുങ്ങി നിന്നപ്പോൾ.... എന്തിനെന്ന് ഇല്ലാത്ത ഒരു ആശ്വാസം എന്നിൽ വന്ന് നിറഞ്ഞു. ആ നിമിഷം ഞാൻ എന്റെ അമ്മയെ ഓർത്തു. 

ക്ഷേത്ര നട വിട്ട് ഏട്ടന്റെ കൈ പിടിച്ചിറങ്ങുമ്പോൾ വേദന കടിച്ചമർത്തി നിന്ന അമ്മയുടെ മുഖം.....
പണ്ട് എപ്പോഴോ അമ്മ പറഞ്ഞ വാക്കുകൾ ചെവിയിൽ മുഴങ്ങി കേട്ടു....

\" പെൺകുട്ടികൾ കല്യാണം കഴിഞ്ഞു ചെറുക്കന്റെ വീട്ടിലേക്ക് പോകുമ്പോ അമ്മമാർ കരയരുത് എന്നാ... കാരണം അമ്മമാരുടെ കണ്ണീർ കണ്ട് പെൺകുട്ടികൾ ഇറങ്ങിയാൽ... അവർ ചെന്ന് കയറുന്ന വീട്ടിൽ അവർക്ക് സന്തോഷം വാഴില്ലെന്നാ പറയാർ....
അത് കൊണ്ട് എന്റെ കുട്ടനെ നല്ലയൊരു ചോങ്കൻ ചെറുക്കന്റെ കൈയിൽ പിടിച്ചെപ്പിക്കുമ്പോ ഞാൻ കരയില്ല \"

പണ്ടെങ്ങോ കളിയായി എന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് അമ്മ പറഞ്ഞത് ഇപ്പോഴും എന്റെ മുമ്പിൽ നല്ല മിഴിവോടെ തെളിഞ്ഞു. 





\" സ്വർണം തീരെ ഇല്ലല്ലോ സീതെ....
നിന്റെ പറച്ചിലൊക്കെ കേട്ടപ്പോ ഞാൻ കരുതി കോട്ട കണക്കിനാവും പെണ്ണ് സ്വർണം കൊണ്ടു വരാന്ന്.... \"


ഏതോ സ്ത്രീയുടെ പുച്ഛം കലർന്ന വാക്കുകളാണ് എന്നെ തിരിച്ചു കൊണ്ട് വന്നത്.


അവരുടെ വാക്കുകൾ എന്നിലെ മകളെ നല്ല രീതിയിൽ തന്നെ മുറിവേൽപ്പിച്ചു.
ആ നിമിഷം കരഞ്ഞു കൊണ്ട് എന്നെ യാത്രയാക്കിയ എന്റെ അച്ഛന്റെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു.




\' സ്വർണം തീരെ ഇല്ല പോലും.... ഈ ഇത്തിരിയുള്ള പൊന്ന് പോലും എന്റെ അച്ഛന്റെ എത്ര നാളത്തെ സമ്പാദ്യമാണ് എന്ന് ഇവർക്ക് അറിയോ...??? ആ മനുഷ്യന്റെ വിയർപ്പാ ഞാൻ ഈ അണിഞ്ഞിരിക്കുന്നെ.... ആ മനുഷ്യന്റെ ഒരു ആയുസിനെക്കുള്ള അധ്വാനത്തിന്റെ ഫലം \',

അത് ഓർക്കവേ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.


സത്യത്തിൽ എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അച്ഛൻ ഇത്തിരി പൊന്ന് മാത്രം എടുത്തത്. ഇവരായി സ്ത്രീധനം ചോദിച്ച് ഇല്ല.... ഞാനും \' സ്ത്രീധനം \' എന്ന കാര്യത്തെ അച്ഛന്റെ അടുത്ത് എതിർക്കുകയും ചെയ്തു. അത് ഇപ്പോൾ ഒരു തെറ്റായി എനിക്ക് തോന്നുന്നു.... ഞാൻ കാരണം പഴി കേട്ടത് എന്റെ അച്ഛൻ.





\" അതിന് ഞങ്ങൾ ജ്വല്ലറി കാണാൻ അല്ലല്ലോ ആന്റി പോയെ.... ചേട്ടനെയും ഞങ്ങളെയും സ്നേഹിക്കുകയും.... മനസിലാക്കുകയും ചെയ്യുന്ന ഒരു പെണ്ണിനെ കാണാൻ അല്ലേ.... \",


എന്റെ ഇപ്പുറത്തെ വശത്തായി വന്ന് നിന്ന് കൊണ്ട് മീനു പറഞ്ഞതും.... എന്റെ നിറഞ്ഞ കണ്ണുകൾ ആരും കാണാതെയിരിക്കാനായി ഞാൻ വേഗം തല താഴ്ത്തി. 




\" അതെ ശാന്തേ....
പൊന്നും പണ്ടവും ഒന്നും നോക്കിയല്ല ഞങ്ങൾക്ക് മോളെ ഇഷ്ടമായത്. അവളുടെ സ്വഭാവം കൊണ്ടാണ്.
പിന്നെ മോളുടെ സ്ത്രീധനം കിട്ടിയിട്ട് വേണ്ടാ ഞങ്ങൾക്ക് ഇവിടെ അടുപ്പ് കത്തിക്കാൻ. മൂന്ന് തലമുറയ്ക്ക് ഇരുന്ന് കഴിക്കാനുള്ളത് ഞങ്ങൾ ഉണ്ടാക്കി ഇട്ടിട്ടുണ്ട്. പിന്നെ അധ്വാന ശീലരാണ് ഇവിടുത്തെ എല്ലാ ആൾക്കാരും.... അതിന്റെ കൂടെ ഈശ്വര അനുഗ്രഹവും... അത് കൊണ്ട് അന്നത്തിനോ പൈസയ്ക്കോ ഇവിടെ മുട്ട് വരില്ല.... \",


എന്റെ അപ്പുറത്തായി നിന്ന അമ്മയും ശാന്തമായ സ്വരത്തിൽ.... എന്നാൽ ഉറച്ച വാക്കുകളോടെ പറഞ്ഞു.




\" പുച്ഛിക്കാൻ എളുപ്പമാ ആന്റി....
ആന്റിക്ക് ഒരു മോളുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു വർത്തമാനം ആന്റിയിൽ നിന്ന് വരത്തില്ലായിരുന്നു.

ശരിയാ... എന്റെ പെണ്ണിന് പൊന്ന് ഇത്തിരി കുറവാ.... പക്ഷെ എന്നെ സംബന്ധിച്ച് ഇത് 200 പവന് മേലെയുണ്ട്. കാരണം ഇത് ഒരു മനുഷ്യന്റെ ചോര നീരാക്കി ഉണ്ടാക്കിയെടുത്ത ആഭരണങ്ങളാ.... ഒരു അച്ഛന്റെ മുഴുവൻ ആയുസും ആരോഗ്യവും ഇതിലുണ്ട് \",


അങ്ങോട്ടേക്ക് വന്ന് കൊണ്ട് ഏട്ടൻ പറഞ്ഞതും.... എന്റെ കണ്ണീർ വറ്റി.



\" പിന്നെ ആന്റി..... ഏട്ടത്തിക്കും വീട്ടുകാർക്കും വേണേൽ ഈ കല്യാണം ആർഭാടമായിട്ട് നടത്താരുന്നു. അതുമല്ലാ ഏട്ടത്തി ഒറ്റ മോൾ കൂടിയാണല്ലോ....
പക്ഷെ ആ ആർഭാടങ്ങൾ എല്ലാം മാറ്റി വെച്ച്... ആ പൈസയ്ക്ക് ഇവർ എന്താ ചെയ്‌തെന്ന് അറിയോ....
ആരോരുമില്ലാത്ത..... പാവപ്പെട്ട കുറച്ച് അച്ഛൻ അമ്മമാർക്കും.... കുഞ്ഞുങ്ങൾക്കും ഇവർ അന്നം നൽകി. അത് പോലെ തന്നെ ഇവരുടെ കല്യാണം നടന്ന അതെ അമ്പല നടയിൽ വെച്ച് പാവം പിടിച്ച ഒരു പെൺകുട്ടിയുടെ വിവാഹം കൂടി നടന്നു.... അല്ലാ.... നടത്തി.... ഏട്ടത്തിയും വീട്ടുകാരും ചേർന്ന്....

ഏട്ടത്തിയുടെ ഈ തങ്കപ്പെട്ട സ്വഭാവം മതി ഞങ്ങൾക്ക് എല്ലാർക്കും....
ഇതിനോളം വിലപിടിപ്പുള്ള ഒരു തങ്കവും പൊന്നും ഒന്നും ഞങ്ങൾക്ക് ഇനി വേറെ കിട്ടാനില്ല.... \",


മീനു എന്നെ ആ തോളോട് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

എന്ത് കൊണ്ടോ എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു. പക്ഷെ ഈ പ്രാവിശ്യം അത് സന്തോഷം കൊണ്ടായിരുന്നു എന്ന് മാത്രം.




\" അത്.... മക്കളെ.... ഞാൻ.... \"


\" കിച്ചു... മോളെ മുറിയിലേക്ക് കൊണ്ട് പോ. ഒന്ന് ഫ്രഷായിട്ട് വാ നിങ്ങൾ. മോൾ വേണേൽ കുറച്ച് നേരം കിടന്നോ.... \",


അവർ പറയാൻ വന്നത് ഒന്നും കേൾക്കാൻ നിൽക്കാതെ.... അമ്മ ഏട്ടനോടായി പറഞ്ഞു.

ഏട്ടൻ എന്റെ കൈയിൽ പിടിച്ചു കൊണ്ട് മുമ്പോട്ട് നടന്നു. അപ്പോഴും ഞാൻ തല ഉയർത്തിയില്ല.



.
.
.



\" പ്രായമായവർ അല്ലേ ടോ. താൻ അതൊക്കെ വിട്... സാരമില്ല കേട്ടോ.... \",


റൂമിൽ എത്തിയിട്ടും ഞാൻ തല ഉയർത്തുന്നില്ല എന്ന് കണ്ടതും, ഏട്ടൻ എന്നെ ബെഡിലേക്ക് പിടിച്ചിരുത്തി... എന്റെ മുഖം മെല്ലെ ഉയർത്തി കൊണ്ട് പറഞ്ഞു.

ആ നിമിഷം എന്റെ സകല നിയന്ത്രണങ്ങളും നഷ്ട്ടമായി. ഞാൻ ആ വയറിൽ കൂടി കൈകൾ രണ്ടും വട്ടം ചുറ്റി.... അവിടെ മുഖം അമർത്തി തേങ്ങി. എന്റെ പുറത്തായി ഏട്ടന്റെ കൈകൾ തട്ടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. എങ്കിലും എന്റെ കരച്ചിൽ എനിക്ക് നിയന്ത്രിക്കാനായില്ല. കുറച്ച് സമയത്തിന് ശേഷം കരച്ചിൽ ഒന്ന് അടങ്ങിയപ്പോഴാണ് ഞാൻ എന്താ ചെയ്‍തത് എന്ന് എനിക്ക് ബോധം വന്നത്. ഞാൻ വേഗം ഏട്ടനിൽ നിന്നും അടർന്നു മാറി, മുഖം അമർത്തി തുടച്ചു.




\" ദേ... തനിക്ക് വേണ്ടത് എല്ലാം അതിലുണ്ട്. പോയി എടുക്ക്... എന്നിട്ട് ഫ്രഷായി വാ.... \",


എന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് ഏട്ടൻ പറഞ്ഞതും, ഞാൻ മെല്ലെ ബെഡിൽ നിന്നും എഴുന്നേറ്റു.
എന്ത് കൊണ്ടോ ആ മുഖത്തേക്ക് നോക്കാൻ തോന്നുന്നില്ല.... നേരത്തതെ കാര്യം ഓർക്കുമ്പോൾ ഒരു ജാള്യത പോലെ.




\" അഹ്.... ഇത്രേം നേരം ഈ സാരീയൊക്കെ വലിച്ചു ചുറ്റി നിന്നിട്ടും തനിക്ക് ശ്വാസം മുട്ടുന്നില്ലേ.... ഞാനാരുന്നേ ആ കല്യാണ പന്തലിലെ ഇതെല്ലാം വലിച്ചു പറിച്ചു കളഞ്ഞെന്നെ.... \",


അലമാരയിൽ നിന്ന് ഞാൻ ഒരു ഹാഫ് സാരീ എടുത്തതും, എന്റെ കൈയിൽ നിന്നും അത് വാങ്ങി കൊണ്ട് ഏട്ടൻ പറഞ്ഞു.




\" ദേ.... ആർക്ക് വേണ്ടിയും തന്റെ ഇഷ്ട്ടങ്ങൾ മാറ്റണ്ട... അതിപ്പോ എനിക്ക് വേണ്ടി ആണെങ്കിൽ പോലും.
താൻ ഏത് ഡ്രെസ്സിലാണോ കംഫർട്ടബിൾ അത് ഇട്ടോ.... അതിവിടെ ആർക്കും ഒരു വിഷയമല്ല \",


അതും പറഞ്ഞു കൊണ്ട് ഏട്ടൻ തന്നെ അലമാരയിൽ നിന്ന് ഒരു പിങ്ക് കളർ ടോപ്പും വൈറ്റ് കളർ ലെഗ്ഗിൻസും എടുത്തു തന്നു.




\" അച്ഛൻ പറഞ്ഞിരുന്നു പിങ്കിന്റെ ആളാ എന്ന്... അതാ... \",


അലമാരയിലേക്ക് കണ്ണും മിഴിച്ചു നോക്കി നിന്ന എന്നെ കണ്ടതും, ഏട്ടൻ ചെറു ചിരിയോടെ പറഞ്ഞു.

എന്ത് കൊണ്ടോ ആ സമയം വീണ്ടും എന്റെ കണ്ണുകൾ നിറഞ്ഞു. ആ മനുഷ്യനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ ഞാൻ ബാത്‌റൂമിലേക്ക് ഓടി കയറി.


ഏട്ടൻ വന്ന് ഡോറിൽ തട്ടി വിളിക്കുന്നിടം വരെ ഞാൻ അവിടെ നിന്ന് കരഞ്ഞു തീർത്തു.
പിന്നെ വേഗം ഫ്രഷായി ഇറങ്ങി.


.
.
.



\" എത്ര നേരമായെടോ. ഹ്മ്മ്.... അച്ഛൻ പറഞ്ഞിരുന്നു \' എന്റെ പെണ്ണി നീരാടാൻ നല്ല സമയം എടുക്കുന്ന ആളാ \' എന്ന്.... \",


ചിരിയോടെ പറഞ്ഞു കൊണ്ട് തോർത്തും എടുത്തു ഏട്ടൻ ബാത്‌റൂമിലേക്ക് പോയപ്പോൾ.... എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു. 


അച്ഛനെ കാണാൻ തോന്നുന്നു.... \' പെണ്ണിയെ.... \' എന്നുള്ള അച്ഛന്റെ വിളി കേൾക്കാൻ തോന്നുന്നു.
ഫോണിനായി ചുറ്റും നോക്കി.... അപ്പോഴാണ് ഫോൺ എടുത്തില്ലല്ലോ എന്ന് ഓർമ്മ വന്നത്.


അങ്ങനെ ഒരു ആചാരം കൂടെയുണ്ട്.... പെണ്ണ് കല്യാണം കഴിഞ്ഞ് ആദ്യമായി ചെറുക്കന്റെ വീട്ടിലേക്ക് പോകുമ്പോൾ അവളുടേതായ ഒരു സാധനങ്ങളും കൊണ്ട് പോകാൻ പാടില്ല... എല്ലാം ചെറുക്കൻ അവൾക്കായി കരുതി വെയ്ക്കണം. 
ആ നിമിഷം ആചാരങ്ങളോടും... കല്യാണത്തിനോടും പോലും ദേഷ്യം തോന്നി പോയി.




\" അഹ്... താൻ താഴോട്ട് പോയില്ലാരുന്നോ....
ഹ്മ്മ്... നന്നായി.
അല്ലാ... ഇതെന്താ ഇങ്ങനെ നിക്കുന്നെ.... ഒരു പോട്ട് എങ്കിലും കുത്തെടോ.... \",


അതും പറഞ്ഞു കൊണ്ട് ഏട്ടൻ എന്നെ ഡ്രെസ്സിങ് ടേബിളിന്റെ അടുത്തേക്ക് കൊണ്ട് പോയി.
എന്നെ ആ ചെയറിലേക്ക് ഇരുത്തിയ ശേഷം ഡ്രോ തുറന്ന് തന്നു.



\" ഞാൻ വരുമ്പോഴേക്കും റെഡിയായി നിക്കണം കേട്ടോ... \",


എന്നെ നോക്കി ചിരിയോടെ കണ്ണ് ചിമ്മി പറഞ്ഞ ശേഷം ഏട്ടൻ ഡ്രെസ്സിങ് റൂമിലേക്ക് പോയി.

ഞാൻ ആ ഡ്രോയിലേക്ക് ഒന്ന് നോക്കി. പോട്ട് തൊട്ട് കണ്മഷി വരെയുണ്ട്.
മുഖം ഉള്ളം കൈയാൽ ഒന്ന് അമർത്തി തുടച്ച ശേഷം ഞാൻ കണ്ണാടിയിലെ എന്റെ പ്രതീബംബത്തിലേക്ക് നോക്കി ഒന്ന് ചിരിച്ചു.
ശേഷം കണ്ണും എഴുതി.... ഒരു പൊട്ടും തൊട്ടു.... മുടി അഴിച്ചു കുളി പിന്നൽ കെട്ടി.
അപ്പോഴേക്കും ഏട്ടൻ വന്നു.

എന്നെ ഒന്ന് നോക്കി കണ്ണ് ചിമ്മി കാണിച്ച ശേഷം ഡോർ തുറന്ന് പുറത്തേക്കിറങ്ങി. ഏട്ടന്റെ ഒപ്പം ഞാനും.






                        💕💫 💕💫 💕💫💕




\" ഏട്ടാ.... എങ്ങോട്ടാ ഈ പോകുന്നേ..?? \",


ഏറെ നേരമായി ഞങ്ങൾക്ക് ഇടയിൽ തങ്ങി നിന്ന മൗനത്തെ ഭേധിച്ചു കൊണ്ട് ഞാൻ ചോദിച്ചു. 

ഏട്ടൻ എന്നെ നോക്കി ഒന്ന് കണ്ണ് ചിമ്മി ചിരിച്ചത് അല്ലാതെ ഒന്നും പറഞ്ഞില്ല.

ഞാനും പിന്നെ ഒന്നും ചോദിക്കാൻ നിൽക്കാതെ, സീറ്റിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് കണ്ണുകൾ അടച്ചു. 






റൂമിൽ നിന്ന് ഇറങ്ങിയതും... താഴെ കൂടി നിൽക്കുന്ന ബന്ധുക്കളെയോ നാട്ടുക്കാരെയോ ഒന്നും നോക്കാതെ.... എന്റെ കൈ പിടിച്ചു അമ്മയോടും അച്ഛനോടും ഒരിടം വരെ പോകുക എന്ന് മാത്രം പറഞ്ഞു കൊണ്ട് എന്നെയും കൊണ്ട് ഇറങ്ങിയതാണ് ഏട്ടൻ. ഇപ്പൊ... ഇത്ര ധൃതി പിടിച്ചൊരു യാത്ര എങ്ങോട്ടേക്കാണ് എന്ന് എനിക്ക് പോലും അറിയില്ല... അതാണ് ചോദിച്ചതും.




കാർ എവിടെയോ നിർത്തിയതായി തോന്നിയതും.... ഞാൻ മെല്ലെ നേരെയിരുന്നു.



എന്റെ വീട്ടിന്റെ മുമ്പിലായിയാണ് കാർ നിന്നിരിക്കുന്നത് എന്ന് അറിഞ്ഞതും.... ഞാൻ നിറഞ്ഞ കണ്ണുകളോടെ ഏട്ടനെ നോക്കി. അവിടെ ഇപ്പോഴും ചിരിയാണ്. ഞാൻ സന്തോഷത്തോടെ.... നിറഞ്ഞ കണ്ണുകളോടെ.... നിറഞ്ഞ മനസ്സോടെ... മറ്റൊന്നും ഓർക്കാതെ ഏട്ടനെ വരഞ്ഞു മുറുക്കി ആ കഴുത്തിൽ മുഖം പൂഴ്ത്തി കരഞ്ഞു കൊണ്ട് ചിരിച്ചു.
ശേഷം വേഗം ഏട്ടനിൽ നിന്നും അടർന്നു മാറി... കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.



.
.
.


കാലിലെ ചെരുപ്പ് പോലും അഴിക്കാൻ മെനക്കേടാതെ ഞാൻ വേഗം സിറ്റ് ഔട്ടിലേക്ക് ഓടി കയറി, നിർത്താതെ കാളിങ് ബെല്ലിൽ വിരൽ അമർത്തി കൊണ്ടിരുന്നു. എത്രയും വേഗം അച്ഛനെയും അമ്മയെയും കണ്ടാൽ മതിയായിരുന്നു എനിക്ക്. അപ്പോഴേക്കും ഏട്ടനും എന്റെ അടുത്തേക്ക് വന്നു. പക്ഷെ അതൊന്നും ശ്രദ്ധിക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു.


ഏറെ നേരത്തിന് ശേഷം വന്ന് വാതിൽ തുറന്ന അമ്മയുടെ മുഖം കണ്ട് എന്റെ നെഞ്ച് ഒന്ന് വിങ്ങി. ആ കണ്ണൊക്കെ ചുവന്നു.... കവിളൊക്കെ വീങ്ങി... ഞാൻ അമ്മയെ മുറുക്കെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു.
എന്നെ കണ്ട് ആദ്യം അമ്മ അമ്പരന്നെങ്കിലും പിന്നെ എന്നെ ചുറ്റി പിടിച്ചു അമ്മയും കരഞ്ഞു. കുറച്ച് കഴിഞ്ഞ് ഞാൻ വേഗം അമ്മയിൽ നിന്ന് അടർന്നു മാറി അകത്തേക്ക് ഓടി.

ഞാൻ വേഗം പോയി എന്റെ റൂമിന്റെ വാതിൽ തള്ളി തുറന്നു. അത്ര ശബ്‍ദത്തോടെ വാതിൽ തുറന്നത് പോലും അറിയാതെ.... എന്റെ കുഞ്ഞു നാളിലത്തെ ഒരു ആൽബവും കൈയിൽ പിടിച്ചു കൊണ്ട് കണ്ണീരോടെയിരിക്കുന്ന എന്റെ അച്ഛനെ കണ്ടതും.... എന്റെ സങ്കടം ഇരട്ടിയായി.

ഞാൻ വേഗം പോയി അച്ഛനെ മുറുക്കി.... മുറുക്കി കെട്ടിപിടിച്ചു.




\" പെണ്ണിയെ.... \",


ആ ശബ്‍ദത്തിലെ ആശ്ചര്യവും.... പേടിയും എല്ലാം എനിക്ക് മനസിലായി.... എന്നിട്ടും ഞാൻ അച്ഛനിൽ നിന്ന് അടർന്നു മാറിയില്ല.




\" കുറച്ച് കൂടി കഴിഞ്ഞാൽ ആൾ കരഞ്ഞു കൂവി വെല്ലോം വരുത്തി വെയ്ക്കും എന്ന് മനസിലായി... അതാ ഇങ്ങ് കൊണ്ട് വന്നെ... \",


ഏട്ടന്റെ ശബ്‍ദം കേട്ടിട്ടും ഞാൻ അണുവിട ചലിക്കാതെ അച്ഛനെ അള്ളി പിടിച്ചു കൊണ്ട് അങ്ങനെയിരുന്നു.
അച്ഛനും എന്നെ ചുറ്റി പിടിച്ചു കൊണ്ട്... എന്റെ പുറത്ത് മെല്ലെ തട്ടി തന്നു. 


.
.
.
.


തിരിച്ചുള്ള യാത്രയിൽ എന്റെ മനസ്സ് ശാന്തമായിരുന്നു. എന്റെ ചുണ്ടിലെ പുഞ്ചിരിയും മായാതെ നിന്നു.

ഞാൻ മെല്ലെ തല ചരിച്ചു ഏട്ടനെ നോക്കി.... 
\' ഈ തീരുമാനം തെറ്റായിരുന്നില്ല \' എന്ന് ആരോ ഉള്ളിലിരുന്ന പറയും പോലെ എനിക്ക് തോന്നി.... 

ആ നിമിഷം ഞങ്ങളുടെ ആദ്യ കൂടി കാഴ്ച.... ഞങ്ങളുടെ മാത്രമായ ആ കൂടി കാഴ്ച എന്റെ ഓർമ്മയിലേക്ക് വന്നു.... 






                       ❤️✨️ ❤️✨️ ❤️✨️❤️





\" നാളെ ഒന്ന് കാണണമായിരുന്നു. തനിക്ക് വരാൻ പറ്റുമോ...?? \",


\" ഹ്മ്മ്... \",


ഗൗരവം തിങ്ങി നിറഞ്ഞ സ്വരം. നേർത്ത ഒരു മൂളലിൽ ഞാൻ ഉത്തരം കൊടുത്തപ്പോൾ.... കാണണ്ട സ്ഥലവും സമയവും പറഞ്ഞു ആൾ ഫോൺ വെച്ചു.



.
.
.
.



ഏട്ടൻ പറഞ്ഞത് പ്രകാരം കൃത്യം 10 മണിക്ക് തന്നെ ഞാൻ \' ജ്യൂസ്‌ ബാരൽ \' കഫെയിൽ എത്തി.
ഗ്ലാസ്സ് ഡോർ തുറന്ന്.... അകത്തേക്ക് കയറിയപ്പോഴേ കണ്ടു ഒരു കോർണർ ടേബിളിലിരിക്കുന്ന ഏട്ടനെ.
എന്നെ കണ്ടതും കൈ ഉയർത്തി കാണിച്ചു. ഞാൻ ഒരു ചിരിയോടെ അങ്ങോട്ടേക്ക് നടന്നു.
ഇരിക്കാനായി എന്നോട് കണ്ണ് കൊണ്ട് പറഞ്ഞ ശേഷം ഏട്ടൻ തന്നെ രണ്ട് കോഫീ ഓർഡർ ചെയ്തു.

കോഫീ വന്നിട്ടും.... അത് കൈയിലേക്ക് പോലും എടുക്കാതെ.... എന്തൊക്കെയോ ആലോചനകളിൽ മുഴുകിയിരിക്കുകയായിരുന്നു ഞങ്ങൾ.

ഒടുവിൽ ആ ചിന്തകളെ മാറ്റി നിർത്തി കൊണ്ട് ഞാൻ തന്നെ ചോദിച്ചു,



\" കല്യാണത്തിന് സമ്മതമല്ല എന്ന് ഒന്ന് പറയോ...?? \",


\" കാരണം...??? \",


ഗൗരവമുള്ള ആ ശബ്‍ദത്തിൽ ഞാൻ ഒന്ന് വിറച്ചു.




\" എന്റെ ജോലിയോ... അതോ... കുടുംബമോ....
ഏതാ തനിക്ക് ഇഷ്ടമാവാഞ്ഞത്..??? \",


ഞാൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും, ഏട്ടൻ ചോദിച്ചു. പക്ഷെ ഈ പ്രാവിശ്യം ആ ശബ്‍ദത്തിൽ ഗൗരവത്തിന് പുറമെ വേറെ ഏതോ ഒരു ഭാവം കൂടി കലർന്നിരുന്നു. 




\" ഏട്ടൻ എന്താ ഇങ്ങനെയൊക്കെ പറയുന്നെ.

സത്യത്തിൽ ആ കുടുംബത്തെ കണ്ടാ ആർക്കാ ഇഷ്ടമാവാത്തത്. എന്ത് നല്ല രസമാ..... ആളും.... ബഹളവും... കുറുമ്പും.... സ്നേഹവും....
പിന്നെ ജോലി.... എല്ലാ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ടെന്ന് വിശ്വസിക്കുന്നവളാ ഞാൻ.

പിന്നെ ഏട്ടന്റെ ജോലി.... ഒരു കർഷകൻ എന്ന് പറയുന്നത് അത്ര മോശം ജോലിയായിട്ടാണോ ഏട്ടൻ തന്നെ കരുതിയിരിക്കുന്നെ..??
ഞാൻ ഒരു ഡോക്ടറാണ്.... എഞ്ചിനീയറാണ്.... എന്ന് പറയുന്നതിനേക്കാൾ നൂറിരട്ടി അഭിമാനിക്കാം ഞാൻ ഒരു കർഷകനാണ് എന്ന് പറയുന്നതിൽ \",


ഞാൻ ചിരിയോടെ പറഞ്ഞതും ഏട്ടൻ എന്നെ അതിശയത്തോടെ നോക്കുന്ന കണ്ടു.




\" പിന്നെ നേരത്തെ അങ്ങനെ പറയാൻ കാരണം...?? \",


വീണ്ടും ഗൗരവം നിറഞ്ഞ ചോദ്യം.





\" കല്യാണത്തിന് ഞാൻ മെന്റലി പ്രിപയർഡ് അല്ലാ ഏട്ടാ. അച്ഛന് വിഷമമാവണ്ട എന്ന് കരുതിയ ഞാൻ.... \",


എന്നിൽ തന്നെ തറഞ്ഞിരിക്കുന്ന ഏട്ടന്റെ കണ്ണുകളെ നേരിടാൻ സാധിക്കാതെ ഞാൻ കോഫിയിലേക്ക് നോട്ടം എറിഞ്ഞു കൊണ്ട് പറഞ്ഞു.





\" ശരി.... ഞാൻ സമ്മതമല്ല എന്ന് പറഞ്ഞെന്ന് വെച്ചോ. അപ്പോഴും അവർ തനിക്ക് വേറെ ആളെ നോക്കില്ലേ...?? പിന്നെ ജാതകത്തിൽ എന്തോ അടുത്തൊന്നും തനിക്ക് കല്യാണ യോഗം ഇല്ലെന്നോ മറ്റോ അല്ലേ..??? \",


\" കല്യാണ യോഗം ഇല്ലെങ്കിൽ ഇല്ല... അല്ലെങ്കിൽ എപ്പോ എനിക്കായിട്ട് ഒരാൾ വരുന്നോ... അപ്പോ.... \",


ഈ പ്രാവിശ്യം ഏട്ടന്റെ സ്വരം സൗമ്യയായിരുന്നു എങ്കിൽ എന്റെ സ്വരം കടുപ്പത്തിലായിരുന്നു.



കാരണം......
\' ഞാൻ സമ്മതമല്ല എന്ന് പറഞ്ഞെന്ന് വെച്ചോ \'
ഏട്ടന്റെ ഈ വാക്കുകൾ എന്റെ മനസിനെ അസ്വസ്ഥതമാക്കി.... കാരണങ്ങൾ ഏതുമെ അറിയാത്ത അസ്വസ്ഥത എന്നിൽ പടർന്നു.





\" തനിക്ക് എന്റെ കുടുംബത്തെ ഇഷ്ട്ടായോ..?? \",


ഷാളിൽ വിരൽ ചുഴറ്റി കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഞാൻ ഏട്ടന്റെ ആ ചോദ്യത്തിൽ തല ഉയർത്തി ആവേശത്തോടെ തലയാട്ടി.




\" അപ്പോ എന്നെയോ..?? \",


ചെറു ചിരിയോടെയുള്ള ചോദ്യത്തിന് യാന്ത്രികമായി തന്നെ ഞാൻ തലയാട്ടി പോയി. പക്ഷെ പെട്ടെന്ന് ബോധം വീണതും... ഞാൻ വേഗം ഏട്ടനിൽ നിന്നും നോട്ടം തെറ്റിച്ചു കൊണ്ട് ജനലിൽ കൂടി പുറത്തേക്ക് കണ്ണുകൾ പായിച്ചു.




\" എന്നാ ഞാൻ ഇറങ്ങുവാ.... കുറച്ച് തിരക്കുണ്ട്... \",


അതും പറഞ്ഞു കൊണ്ട് ഏട്ടൻ ചെയറിൽ നിന്നും എഴുന്നേറ്റു.




\" കല്യാണമൊക്കെ അടുക്കുവാണെ.... അപ്പോ എല്ലാം ഒന്ന് കരയ്ക്ക് അടുപ്പിക്കണ്ടേ കല്യാണ പെണ്ണെ.... \",


എന്നെ നോക്കി ഒറ്റ കണ്ണിറുക്കി ചിരിയോടെ പറഞ്ഞു കൊണ്ട് ഏട്ടൻ നടന്നു പോയി.
ഞാൻ ആണെങ്കിൽ \' ഇവിടെയിപ്പോ ആരാ പടക്കം പൊട്ടിച്ചേ \' എന്നുള്ള രീതിയിൽ കണ്ണും മിഴിച്ചിരുന്നു.





                                  ✨️ ✨️ ✨️



\" എന്റെ സൗന്ദര്യം ആസ്വദിച്ചു കഴിഞ്ഞോ..?? \",


എന്റെ നേർക്ക് വിരൽ ഞൊടിച്ചു കൊണ്ട് ഏട്ടൻ ചോദിച്ചപ്പോഴാണ് ഞാൻ ഇത്ര നേരം ഓരോന്നിരുന്ന ആലോചിച്ചത് ഏട്ടന്റെ മുഖത്ത് നോക്കിയാണ് എന്ന് മനസിലായത്.

ഞാൻ വേഗം ഏട്ടന് മുഖം കൊടുക്കാതെ.... ഡോർ തുറന്നിറങ്ങി.

ആ നിമിഷം.... ഞാൻ പോലും അറിയാതെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.




                    തുടരും......

ഒരു തുടക്കകാരിയായ ഞാൻ കഥ പോസ്റ്റ്‌ ചെയ്തപ്പോൾ ഒരിക്കലും കരുതിയില്ല ഫസ്റ്റ് പാർട്ടിന് തന്നെ ഇത്ര കമന്റ്സും റേറ്റിംഗും കിട്ടുമെന്ന്. അതെ പോലെ തന്നെ 2 followers 😍 ഒത്തിരി..... ഒത്തിരി സന്തോഷം ❤️ 
തുടർന്നും നിങ്ങളുടെ സപ്പോർട്ട് കൂടെയുണ്ടാവണേ 🤗 

©️ മഹിമ ❣️