Aksharathalukal

മോഹത്തിന്റെ ഭാണ്ഡം

.\"മാർക്ക് കുറയും എന്ന ഭയം ഐഎഎസ് ദമ്പതികളുടെ മകൾ പത്താം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി\"

 മാതാപിതാക്കളുടെ വിദ്യാഭ്യാസവും പദവിയും മക്കൾക്ക് ഒരു ബാധ്യതയാ ണോ?

    പത്രത്തിൽ വന്ന ഒരു വാർത്തയുടെ തലക്കെട്ടാണിത്. മാതാപിതാക്കൾ രണ്ടുപേരും ഐഎഎസ് ഉദ്യോഗസ്ഥർ. മകൾ ബിരുദധാരി. ഇപ്പോൾ എൽഎൽബിക്ക് പഠിക്കുന്നു .എഴുതിയ പരീക്ഷയിൽ മാർക്ക് കുറയും എന്ന ഭയം ആ കുട്ടിയെ ആത്മഹത്യയിലേക്ക് എത്തിച്ചു. വാർത്ത വായിച്ചപ്പോൾ വളരെ സങ്കടം തോന്നി. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്, എന്താണ് ഇത്തരം വാർത്തകൾ നമ്മളിലേക്ക് വിരൽ ചൂണ്ടുന്നത്? മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കത്ര ഉയരാൻ സാധിക്കാത്തതോ അതോ സമൂഹത്തിൽ ഉയർന്ന പദവിയിൽ ഇരിക്കുന്ന മാതാപിതാക്കൾക്ക് താന്മൂലം അഭിമാനക്ഷതം ഉണ്ടാവുമോ എന്ന ഭയമോ? എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു. ഇന്നത്തെ കുട്ടികളിൽ പലരും തങ്ങളുടെ മാതാപിതാക്കളുടെ പ്രതീക്ഷയുടെ ഭാണ്ഡം തലയിൽ ഏറ്റി ജീവിക്കാൻ വിധിക്കപ്പെട്ടവരാണ്. കുട്ടി ആരായിത്തീരണമെന്ന് ജനിക്കുന്നതിന് മുമ്പ് തന്നെ തീരുമാനമെടുക്കുന്നവരാണ് മിക്ക മാതാപിതാക്കളും. പക്ഷേ എത്രപേർ തങ്ങളുടെ മക്കളുടെ കഴിവ് തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഒരു ചടങ്ങിൽ അല്ലെങ്കിൽ മറ്റുള്ളവരുടെ ഇടയിൽ നമ്മുടെ മക്കളുടെ കഴിവുകൾ പറയുന്നതിൽ ഊറ്റം കൊള്ളുന്നവരാണ് നമ്മൾ. പക്ഷേ അത് നമ്മുടെ മക്കളിൽ ഉണ്ടാക്കുന്ന മാനസിക സംഘർഷം എന്താണെന്ന് നമ്മൾ മനസ്സിലാക്കുന്നില്ല. നമ്മൾ സമൂഹത്തിൻറെ ഇടയിൽ വെച്ച് അവരുടെ കഴിവുകളെ പുകഴ്ത്തുമ്പോൾ ഓർക്കുക ആ കുഞ്ഞുമനസ്സിൽ എത്രത്തോളം മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്ന്. മാത്രമല്ല എല്ലാവരും നമ്മളുടെ മക്കളെ താരതമ്യം ചെയ്യുന്നത് മാതാപിതാക്കളുടെ വിദ്യാഭ്യാസ യോഗ്യത വച്ചാണ്. ചിലർ പറയുന്നത് കേട്ടിട്ടുണ്ട് അവൻറെ അച്ഛൻറെ അല്ലെങ്കിൽ അമ്മയുടെ തലയാണ് അവന് കിട്ടിയിരിക്കുന്നത്. പക്ഷേ എന്തെങ്കിലും കാര്യങ്ങളിൽ പുറകോട്ട് പോയാൽ ആ തലയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മിക്ക മാതാപിതാക്കളും തയ്യാറാകുന്നില്ല. കേരളത്തിൽ എസ്എസ്എൽസി ഫലം 99.7 ശതമാനത്തിൽ എത്തി നിൽക്കുമ്പോൾ ആ പരീക്ഷയിൽ തോറ്റുപോകും എന്ന് കരുതി റിസൾട്ട് വരുന്നതിനു മുമ്പ് ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ നാട്ടിൽ ആണ് നമ്മൾ ജീവിക്കുന്നത്. പക്ഷേ റിസൾട്ട് വരുമ്പോൾ സംഭവിക്കുന്നത് നേരെ തിരിച്ചായിരിക്കും. അച്ഛനോ അമ്മയോ ഡോക്ടറായ മക്കൾ ഡോക്ടർ തന്നെ ആകണമെന്നാണ് ഇവിടുത്തെ പ്രകൃതിനിയമം. വൈകുന്നേരങ്ങളിൽ കോച്ചിംഗ് സെന്ററുകളിൽ നിന്ന് പോകുന്ന ബസ്സിൽ ഇരിക്കുന്ന കുട്ടികളിൽ കാണാം അതിൻറെ ഭാരം. മാത്രമല്ല മുതിർന്നവരുടെ ഉപദേശങ്ങളും മാതാപിതാക്കളെ പറ്റിയുള്ള സ്തുതി പാടലും എല്ലാം ആകുമ്പോൾ കുട്ടിക്ക് താങ്ങാൻ ആവുന്നതിലും വലുതാണ്. നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് നമ്മളുടെ കുട്ടികൾക്കുമുണ്ട് ആഗ്രഹങ്ങളും സങ്കല്പങ്ങളും പക്ഷേ എത്രപേർ അത് കാണാൻ ശ്രമിക്കുന്നു ഇത്തരം സന്ദർഭങ്ങളിലാണ് നമ്മളുടെ കുഞ്ഞുങ്ങൾ അവരവരുടെ മാർഗങ്ങൾ തേടിപ്പോകുന്നത്. ചിലപ്പോൾ മദ്യം ആകാം ചിലപ്പോൾ മയക്കുമരുന്ന് ആകാം .അല്ലെങ്കിൽ ആത്മഹത്യ ആകാം. നമ്മൾ ജനിപ്പിച്ച് സ്നേഹം കൊടുത്തു എന്ന അവകാശപ്പെട്ട് വളർത്തുന്ന നമ്മുടെ മക്കൾക്ക് നമ്മൾ കൊടുക്കുന്ന സ്നേഹം ഒരു ഭാരമായി തീരുന്നുണ്ടോ എന്ന് നാം ചിന്തിക്കണം. നമ്മുടെ ആഗ്രഹങ്ങളിലേക്ക് കുട്ടികളെ തള്ളി വിടുന്നതിനേക്കാൾ നല്ലതാണ് അവരുടെ ആഗ്രഹങ്ങൾക്ക് കൂടെ നിൽക്കുന്നത്. എന്ന് വിചാരിച്ച് അവരെ തിരുത്താനുള്ള സ്വാതന്ത്ര്യം നമുക്കില്ല എന്നല്ല. മക്കൾക്ക് വഴികാട്ടി ആവേണ്ടവരാണ് നമ്മൾ മാതാപിതാക്കൾ. യുവതലമുറയിൽ വന്ന മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ നമ്മൾ നമ്മളുടെ മനസ്സിനെ പാകപ്പെടുത്തിയേ മതിയാവു. അല്ലാതെ പിടിവാശിക്ക് മുമ്പിൽ എല്ലാ നഷ്ടപ്പെട്ട് വിഷമിച്ചിട്ട് കാര്യമില്ല.