Aksharathalukal

സ്നേഹത്തിൻ്റെ തണൽ

 
നാഗർകോവിൽ നിന്ന് കിട്ടിയ ബസ്സിൽ കയറി തിരുവനന്തപുരത്തേക്ക് തിരിച്ചു. ഒരു മണിക്ക് പുറപ്പെടുന്ന രാജധാനി എക്സ്പ്രസിൽ കോഴിക്കോട് എത്തണം ഉച്ചയ്ക്ക് 12.45 ഓടുകൂടി ബസ് തമ്പാനൂർ ബസ്റ്റാൻഡിൽ എത്തി. റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി. ഓടി ട്രെയിനിൽ കയറി സീറ്റ് കണ്ടുപിടിച്ചു. ബസ്സ് യാത്രയും ട്രെയിൻ മിസ്സാകുമോ എന്ന ടെൻഷനും കാരണം വളരെ ക്ഷീണിച്ചിരുന്നു ഞാൻ ട്രെയിനിൽ കയറിയതും ട്രെയിൻ പുറപ്പെട്ടതും ഒരുമിച്ചായിരുന്നു. ടിക്കറ്റ് ടി ടി ആർറെ കാണിച്ചശേഷം ഞാൻ ബർത്തിൽകയറി കിടന്നു. ക്ഷീണംകൊണ്ടാണെന്നറിയില്ല ഞാൻ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി. ആ ഉറക്കം എന്നെ എൻറെ ചെറുപ്പകാലത്തിലേക്ക് കൊണ്ടുപോയി.
 കോഴിക്കോട് ജില്ലയിലെ പുതുപ്പാടി എന്ന ഗ്രാമം. അവിടെയാണ് ഞാൻ ജനിച്ചത്. ചെറുപ്പം മുതലേ എല്ലാവരുടെയും സ്നേഹം കിട്ടിവളരാൻ ഭാഗ്യം ലഭിച്ച ഒരു കുട്ടിയായിരുന്നു ഞാൻ. ചാച്ചൻ മമ്മി അച്ചാച്ചൻ അമ്മച്ചി അങ്ങനെ എല്ലാവരും ഉള്ള ഒരു വീട്. ഇന്നത്തെപ്പോലെയല്ല നമ്മുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒരു പരിധി നിശ്ചയിച്ചിരുന്നു. പക്ഷേ ഞങ്ങളുടെ നാട്ടിലെ മറ്റുപലരെയും താരതമ്യം ചെയ്യുമ്പോൾ ഞങ്ങൾ എത്രയോ മുൻപിൽ ആയിരുന്നു. അത്ര വലിയപണക്കാരൊന്നുമല്ലെങ്കിലും അക്കാലത്ത് അലുമിനിയം പെട്ടിയും തൂക്കി സ്കൂളിൽ പോകാൻ ഭാഗ്യം ഉണ്ടായ ചുരുക്കം ചില കുട്ടികളിൽ ഒരാളായിരുന്നു.
 ഞാൻ ചെറുപ്പത്തിൽ എൻറെ ഏറ്റവും വലിയ കൂട്ട് അച്ചാച്ചനോട് ആയിരുന്നു. അവിടെ അടുത്തുള്ള ഗവൺമെൻറ് സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നു അമ്മച്ചി അവിടുത്തെ ടീച്ചറും. എൻറെ ഓർമ്മ ശരിയാണെങ്കിൽ മൂന്ന് നാല് വയസ്സു മുതൽ തന്നെ ഞാൻ അച്ഛൻറെ കയ്യിൽ തൂങ്ങി സ്കൂളിൽ പോകാൻ തുടങ്ങിയിട്ടുണ്ടാകും. അച്ചാച്ചൻ സ്കൂളിൽ വളരെ കണിശക്കാരനായിരുന്നു. സ്കൂളിന് പുറകിലാണ് കളിസ്ഥലം. അതിൻറെ അരികിൽ കൂടിയാണ് പുഴ ഒഴുകുന്നത്. മഴക്കാലത്ത് മൈതാനം മുഴുവൻ വെള്ളം കൊണ്ട് നിറയും. 
അന്നത്തെ സാഹചര്യത്തിൽ പഠനത്തെക്കാൾ ഉപരി കഞ്ഞിയും പയറും കഴിക്കാൻ വരുന്നവരായിരുന്നു പല കുട്ടികളും. അത്രയും ദാരിദ്ര്യം ആയിരുന്നു. ഇടവേളകളിൽ എപ്പോഴും മൈതാനം നിറച്ചും കുട്ടികൾ ഉണ്ടാവും. പലതരത്തിലുള്ള കളികളാണ് പലരും കളിക്കുക. ഇന്നത്തെ പോലെ ക്രിക്കറ്റ് എന്താണെന്ന് പോലും കേൾക്കാത്തവരായിരുന്നു മിക്കവരും. ബെല്ലടിച്ചാൽ ഉടനെ കുട്ടികൾ ക്ലാസിൽ കയറണമെന്ന് അച്ചാച്ചന് വലിയ നിർബന്ധമായിരുന്നു. അതിനു വേണ്ടി അച്ചാച്ചൻ ചൂരലുമായി ഗ്രൗണ്ടിന്റെ അരികിൽ നിൽക്കുമായിരുന്നു. എല്ലാവരെയും വരിവരിയായി നിർത്തി ചന്തിക്ക് ഒരു അടിയും കൊടുത്ത് ക്ലാസിൽ കേറ്റും. ഞാൻ വരിയുടെ ഏറ്റവും പുറകിൽ പോയി നിൽക്കും. എന്നെ കാണുമ്പോൾ അച്ചാച്ചന് ചിരി വരും. സ്നേഹം കലർന്ന ഒരു ചിരി എൻറെ ചെവിക്ക് പിടിച്ചു പറയും “ നിന്നെ ഞാൻ ശരിയാക്കും കേട്ടോ”. എന്നിട്ട് വൈകുന്നേരം വീട്ടിൽ വന്ന് മമ്മിയോട് പറയും .ഇവനെ കൊണ്ട് ഒരു സ്വര്യവും ഇല്ലെന്ന് . എന്നാലും ഞാൻ പിന്നെയും അച്ഛൻറെ അടുത്തുപോയി തോണ്ടി കൊണ്ടിരിക്കും.
 മറ്റുള്ളവർ എന്നെ വിളിച്ചിരുന്നത് അച്ചാച്ചന്റെ കുഞ്ഞുമോൻ എന്നായിരുന്നു. ഞാൻ ഒന്നാം ക്ലാസിൽ ആയിരിക്കുമ്പോൾ തന്നെ അച്ചാച്ചൻ പെൻഷനായി. ഞാൻ പഠിച്ച സ്കൂളിൽ ഷിഫ്റ്റ് സംവിധാനം ആയതിനാൽ ബാക്കിയുള്ള സമയം മുഴുവനും അച്ചാച്ചന്റെ കൂടെയായിരുന്നു. വീട്ടിലിരിക്കുന്ന സമയത്ത് അച്ചാച്ചൻ ഷർട്ട് ധരിക്കാറില്ലായിരുന്നു .രാവിലെ കുഴമ്പ് തേച്ചുള്ള കുളി അച്ചാച്ചന് നിർബന്ധമായിരുന്നു. മുണ്ടുടുത്ത് കുഴമ്പും തേച്ച് വയറ്റിൽ തിരുമ്മി നിൽക്കുന്ന അച്ചാച്ചനെ കാണാൻ നല്ല രസമായിരുന്നു.
 ആയിടയ്ക്ക് ഞാൻ സൈക്കിൾ ഓടിക്കാൻ പഠിച്ചു. വീടിൻറെ തൊട്ടുമുമ്പിൽ നാഷണൽ ഹൈവേയാണ്. ഒരു ദിവസം വാടകയ്ക്ക് എടുത്ത സൈക്കിളുമായി ഞാൻ മെയിൻ  റോഡിലേക്ക് ഇറങ്ങി. അതുകണ്ട് അച്ചാച്ചൻ എൻറെ പുറകെ ഓടിവന്നു. എന്നെ തടുക്കുകയും ശകാരിക്കുകയും ചെയ്തു .സ്നേഹത്തിൽ പൊതിഞ്ഞ ശകാരം. പക്ഷേ അച്ചാച്ചനത് വിഷമം ഉണ്ടാക്കി എന്ന് തോന്നി. വൈകുന്നേരം എന്നെ കൊണ്ടുപോയി കൈ നിറച്ചു മിഠായി വാങ്ങിത്തന്നു. പെൻഷനായ ശേഷം അച്ചാച്ചൻ വീടിൻറെ അരികിൽ തന്നെ ഒരു റൈസ് മില്ല് ആരംഭിച്ചു.
 അതിനിടെ ചാച്ചൻ പുതിയ വീട് വെച്ച് താമസം മാറി. അതോടെ ഞങ്ങൾ തമ്മിലുള്ള ബന്ധം ഒരു ഗേറ്റിന്റെ അപ്പുറത്തും ഇപ്പുറത്തുമായി .എന്നാലും എപ്പോഴും ഞാൻ അവിടെ ഓടിയെത്തും. മില്ലിലെ സാധനങ്ങൾ വാങ്ങാൻ അച്ചാച്ചൻ കോഴിക്കോട് പോകാറുണ്ട്. വരുമ്പോൾ കൊച്ചിൻ ബേക്കറിയിൽ നിന്നും ഹോർലിക്സിന്റെ ബിസ്ക്കറ്റ് കൊണ്ടുവരും. നല്ല രസമുള്ള കവറിൽ പൊതിഞ്ഞ ബിസ്ക്കറ്റ് അന്നത്തെ ജീവിത സാഹചര്യത്തിൽ അത് വലിയൊരു കാര്യമായിരുന്നു. മാത്രമല്ല അതിൻറെ രുചി ഇപ്പോഴും എൻറെ വായിൽ ഉണ്ട്. അത് ഒരിക്കലും അച്ചാച്ചൻ മേടിക്കാൻ മറക്കില്ലായിരുന്നു.
 എല്ലാവർഷവും ഓഗസ്റ്റ് മാസത്തിൽ അച്ചാച്ചൻ എന്നെ കൂട്ടി അടുത്ത ടൗണിൽ പോകും. എന്നിട്ട് എനിക്കിഷ്ടപ്പെട്ട വസ്ത്രം വാങ്ങിത്തരും. അതും വില നോക്കാതെ. ചെറുപ്പത്തിൽ ഞാൻ ഇട്ടിട്ടുള്ള നല്ല വസ്ത്രങ്ങൾ എല്ലാം എൻറെ അച്ചാച്ചൻ വാങ്ങി തന്നതായിരുന്നു. പള്ളിപ്പെരുന്നാളിന്റെ സമയത്ത് അച്ചാച്ചൻ കളിപ്പാട്ടങ്ങൾ വാങ്ങാൻ മുടങ്ങാതെ പൈസ തരും. അതും അങ്ങോട്ട് ഒന്നും ചോദിക്കാതെ.  ഞാൻ പത്താംതരം പാസായപ്പോൾ അച്ചാച്ചൻ എന്നെയും കൂട്ടി കോഴിക്കോട്ട് പോയി  ടൈറ്റാൻ്റെ  നല്ലൊരു വാച്ച് വാങ്ങി തന്നു. ഞാൻ എസ്എസ്എൽസി പാസായതിന്റെ സന്തോഷത്തിനായി രുന്നത്.
 എൻറെ ജീവിതത്തിലെ എല്ലാ വിജയങ്ങളും അച്ചാച്ചൻ എൻറെ കൂടത്തിൽ നിന്നു. അതുപോലെ പരാജയങ്ങളിലും. എൻറെ ജീവിതത്തിലെ എല്ലാ മംഗള കാര്യങ്ങളിലും അച്ചാച്ചൻ കൂടെയുണ്ടായിരുന്നു. ഒരു വെള്ള പോളീസ്റ്റർ മുണ്ടും തേച്ച ഷർട്ടും കയ്യിലൊരു കുടയുമായി നടന്നുവരുന്ന അച്ഛൻറെ മുഖം ഞങ്ങൾക്കെല്ലാവർക്കും സുപരിചിതമാണ്. ഞാൻ വിവാഹം കഴിച്ച്  എനിക്ക് മക്കൾ ഉണ്ടായപ്പോഴും അച്ചാച്ചനെ പതിവ് ഒന്നും തെറ്റിച്ചിട്ടില്ല. എൻറെ ജീവിതത്തിലെ നേട്ടങ്ങളെപ്പറ്റി പറയാൻ അച്ചാച്ചന് വലിയ ഉത്സാഹം ആയിരുന്നു.
 പ്രായം കൂടുംതോറും തന്റെ ആരോഗ്യം ക്ഷയിക്കുന്ന കാര്യം അച്ഛന് ഓർക്കാനേ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് അദ്ദേഹം എന്തെങ്കിലും അസുഖം വന്നാൽ ആരോടും പറയില്ലായിരുന്നു.  എപ്പോഴും വീടിൻറെ ഉമ്മറത്ത് ആരെങ്കിലും വരുന്നതും കാത്ത് അച്ചാച്ചൻ അങ്ങനെ ഇരിക്കും. ഇന്ന് ഞാൻ പോകുന്നത് എൻറെ അച്ചാച്ചന്റെ മൃതശരീരം കാണാനാണ്. എൻ്റെ അച്ചാച്ചൻ ഇന്ന് രാവിലെ മരണപ്പെട്ടു. ആ വിവരം എന്നെ വിളിച്ച് അറിയിച്ചപ്പോൾ എനിക്ക് പെട്ടന്ന് എന്തു ചെയ്യണമെന്നറിയാതെയായി തൊണ്ടയിടറി, കണ്ണുകൾ നിറഞ്ഞൊഴുകി.
 എട്ടുമണിയോടെ ട്രെയിൻ കോഴിക്കോട് എത്തി. അവിടെനിന്ന് ഭാര്യയെ മക്കളെയും കൂട്ടി വീട്ടിലേക്ക്. എൻറെ അച്ചാച്ച വീട്ടിലേക്ക്. വീട്ടിൽ കയറി ചെന്നപ്പോൾ മൊബൈൽ ഫ്രീസറിൽ വളരെ പ്രസന്നമായ മുഖവുമായി കിടക്കുന്ന അച്ചാച്ചനെ ഞാൻ കണ്ടു. ഇനി എത്ര നേരം എന്റെ കൂടെ ഉണ്ടായിരിക്കുമെന്നചിന്തയോടെ. 
പിറ്റേദിവസം അച്ചാച്ചന്റെ ശരീരവും വഹിച്ച പെട്ടിയും താങ്ങി സിമിത്തേരിയിലേക്ക് നീങ്ങിയപ്പോൾ എപ്പോഴും ചിരിക്കുന്ന മുഖവുമായി എൻറെ പ്രിയപ്പെട്ട അച്ഛച്ചൻ എൻറെ കൊണ്ട് കൂടെയുണ്ടാകുമെന്ന് ഒരു ഉറപ്പ് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. ആ വിശ്വാസമാണ് എന്നെ മുൻപോട്ടു നയിക്കുന്നതെന്ന്. ഞാൻ എപ്പോഴും  ആലോചിക്കാറുണ്ട് പഴയ കാലങ്ങൾ എനിക്ക് തിരിച്ചു കിട്ടിയെങ്കിലെന്ന്. അച്ചാച്ചന്റെ ശരീരം മാത്രമേ ഇവിടെനിന്ന് പോയിട്ടുള്ളൂ. പക്ഷേ എൻറെ മനസ്സിൽ ഇപ്പോഴും എന്റെ അച്ചാച്ചൻ ഉണ്ട് സ്വർഗ്ഗത്തിൽ മാലാഖമാരോടൊത്ത് ഞങ്ങളുടെ ഉയർച്ചകളിൽ ആനന്ദിക്കുന്നുണ്ടാവും. ഞങ്ങൾക്ക് നല്ലത് വരണമെന്ന് പ്രാർത്ഥിക്കുന്നുണ്ടാവും.