Aksharathalukal

നിലക്കൽ നന്ദനും വലിയവീട്ടിൽ ദേവിയും

\"ഇതൊന്നും ശരിയല്ല സതീശാ. ഞാനിതിന് 
കൂട്ടുനിൽക്കില്ല ട്ടാ \" നകുലൻ ഉറപ്പിച്ചു പറഞ്ഞു.

\"നിന്റെ സപ്പോർട്ട് ഞങ്ങൾക്ക് വേണ്ടടാ. വടക്കേക്കരക്കാരുടെ നന്ദൻ ഇത്തവണ ദേവിയുടെ തിടമ്പേറ്റി നിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല.\" സതീശൻ വാശിയോടെ പറഞ്ഞു.

\"പിന്നേ! നമുക്ക് കാണാലാ. തെക്കേക്കരയുടെ പുല്ലാനി രാജേന്ദ്രന് അവന്റെ താഴെയേ ഉള്ളൂ തലപ്പൊക്കം. പിന്നെങ്ങനെ അവൻ ദേവിയുടെ തിടമ്പേറ്റും?\" നകുലൻ വാശിയോടെ ചോദിച്ചു.

\"കഴിഞ്ഞതവണത്തെ പോലെയല്ലട്ടാ സതീശാ. നീ ഇപ്പോ അമ്പലത്തിലെ പൂജാരി കൂടിയാ. ഞാൻ പറഞ്ഞില്ലെന്ന് 
വേണ്ട.\" നകുലൻ ഓർമിപ്പിച്ചു.

\"അതാണെടാ എനിക്കിപ്പോൾ കൂടുതൽ കോൺഫിഡൻസ്. ദേവി എന്റെ കൂടെയുണ്ടെടാ.\" സതീശൻ അഹങ്കാരസ്വരത്തിൽ പറഞ്ഞു.

\"ഓഹോ അതാണോ കാര്യം ! എന്നാൽ നമുക്ക് കാണാ ട്ടാ.\" നകുലൻ അതും പറഞ്ഞ് വണ്ടിയുമെടുത്തു പോയി.

ഉറ്റ ചങ്ങാതിമാരാണെങ്കിലും നകുലൻ വടക്കേക്കരയിലും, സതീശൻ തെക്കേക്കരയിലുമാണ്.

വർഷത്തിൽ ഒരുതവണ പതിവു തെറ്റാതെ അവരുടെ സുഹൃത്ത് ബന്ധത്തിൽ വിള്ളൽ വീഴുന്ന നേരവും വലിയവീട്ടിൽ അമ്പലത്തിലെ ഉത്സവളയിൽ മാത്രമാണ്.

നകുലൻ പോയിക്കഴിഞ്ഞ്, സതീശനും വിനോദും സത്യനും ചേർന്ന് ഉത്സവത്തിന് തിടമ്പേറ്റും മുൻപ്, നിലക്കൽ നന്ദനെ അസ്വസ്ഥനാക്കാനുള്ള പഴയ ലേസർ ടെക്നോളജി തന്നെ പരീക്ഷിക്കാൻ തീരുമാനിച്ചു. പ്ലാൻ വിജയിച്ചാൽ ഒത്തു. അല്ലെങ്കിൽ പോട്ടെ എന്നതായിരുന്നു അവരുടെ തീരുമാനം. 

ഉത്സവത്തിന് ആനകൾ നിരന്നുവരുന്ന നേരത്ത്, സതീശൻ നടയടച്ച് ശ്രീകോവിലിനുള്ളിൽ പൂജയിലാണ്. 
പൂജാമന്ത്രങ്ങൾ 
ഉരുവിടുന്നുണ്ടെങ്കിലും, സതീശന്റെ മനസ്സ് അതിൽ ഉറച്ചുനിൽക്കാതെ ചഞ്ചലമാകുന്നുണ്ട്. വിഗ്രഹത്തിലർപ്പിക്കാൻ പൂക്കൾ എടുക്കുമ്പോൾ അവന്റെ കൈകൾ ചെറുതായി വിറക്കുന്നുമുണ്ട്.

സതീശൻ പൊതുവേ നല്ല മനശക്തിയുള്ളവനാണ്. എന്നാൽ കുറച്ച് അഹങ്കാരിയും. 
പൂജാരി ആണെന്നുള്ളതിന്റെ ഒരു ബലം, ആ അഹങ്കാരത്തിന്റെ അളവ് ഈയിടെ കുറച്ച് 
കൂട്ടിയിട്ടുമുണ്ട്. 

തലേന്നത്തെ അവരുടെ പ്ലാൻ പ്രകാരം, വിനോദും സത്യനും, നിലയ്ക്കൽ നന്ദനെ ലക്ഷ്യം വച്ച് മറ്റൊരിടത്ത് നിൽക്കുന്നുണ്ട്. 

ശ്രീകോവിലിൽ പൂജക്കിടയിലും, സതീശന്റെ മനസ്സ് ആനപ്പന്തലിലാണ്.

തലപ്പൊക്കം കൂടുതലുള്ള നന്ദന് നറുക്ക് വീഴുമെന്ന് ഉറപ്പാണെങ്കിലും, എന്തെങ്കിലും ഇടച്ചിൽ വന്നാൽ തെക്കേക്കരക്കാരുടെ പുല്ലാനി സുരേന്ദ്രനാണ് പിന്നെ ചാൻസ് കിട്ടുക. അത് നടക്കുമോ എന്നാണ് ഇനി അറിയേണ്ടത്. 

കുറേ വർഷങ്ങളായി നിലക്കൽ നന്ദൻ തന്നെ ദേവിയുടെ തിടമ്പേറ്റുന്നതിനാൽ, നാട്ടുകാർക്കൊന്നും ഇത്തവണയും അവൻ തന്നെ തിടമ്പേറ്റുമെന്നതിൽ സംശയമൊന്നുമില്ല. 

പക്ഷേ സതീശന്റെ ടീമിന്റെ ദുർവിദ്യ ഫലിച്ചു.

എഴുന്നള്ളിച്ച് നിന്നിരുന്ന നന്ദന്റെ കണ്ണിലേക്ക് ഇടക്കിടെ പതിച്ച ലേസർ ലൈറ്റ്, അവനെ അസ്വസ്ഥനാക്കി. അവൻ പതിയെ അത് പ്രകടമാക്കിത്തുടങ്ങി. 

അതു കണ്ട് കമ്മിറ്റിക്കാർ ഓടിയെത്തി. നാട്ടുകാർക്കിടയിൽ തർക്കമായി. നന്ദൻ കൂടുതൽ അസ്വസ്ഥനാകും മുൻപ് മാറ്റി നിർത്തിയേ പറ്റൂ എന്ന് തീരുമാനമായി.

വടക്കേക്കരക്കാരെ ആകെ നിരാശപ്പെടുത്തിക്കൊണ്ട് നന്ദനെ ഉത്സവപ്പറമ്പിൽ ഒരിടത്തേക്ക് മാറ്റി തളച്ചു.

തങ്ങളുടെ പ്ലാൻ വിജയിച്ച സന്തോഷത്തിൽ തെക്കേക്കരക്കാർ രംഗപ്രവേശം ചെയ്തു.

പുല്ലാനി സുരേന്ദ്രൻ തിടമ്പേറ്റട്ടെ എന്ന നിർദ്ദേശം അവർ മുന്നോട്ടുവച്ചു.

ആൾക്കൂട്ടത്തിനിടയിൽ നിന്നിരുന്ന നകുലന് കാര്യത്തിന്റെ കിടപ്പുവശം മുഴുവൻ പിടികിട്ടിയെങ്കിലും, ഉറ്റ ചങ്ങാതിയായ സതീശനെ അവൻ ഒറ്റുകൊടുത്തില്ല. 

പകരം അവൻ, എല്ലാം അറിയുന്ന ദേവി ഇരിക്കുന്ന ശ്രീകോവിലിന് നേരെ നോക്കി, ഒന്ന് കണ്ണടച്ചു നിന്നു. 

ആ സമയം, ശ്രീകോവിലിന് ഉള്ളിൽ പൂജ ചെയ്തുകൊണ്ടിരുന്ന സതീശൻ, മന്ത്രോച്ചാരണങ്ങൾക്കിടയിൽ പെട്ടെന്ന് കണ്ണു തുറന്നു. 

അവനെ ഞെട്ടിച്ചു കൊണ്ട്, അതുവരെ അവൻ പൂജിച്ചു കൊണ്ടിരുന്ന ദേവീ വിഗ്രഹം അവിടെ കാണാനില്ലായിരുന്നു. 

ആകെ പരിഭ്രാന്തനായി, ശ്രീകോവിലിന്റെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയ അവൻ, ആനപ്പന്തലിലേക്ക് ഓടി.

പുല്ലാനി സുരേന്ദ്രന് മുകളിലേക്ക്, ദേവീ തിടമ്പേറ്റാനുള്ള തയ്യാറെടുപ്പിൽ നിന്നിരുന്ന കരക്കാർക്കിടയിലേക്ക് ചെന്ന സതീശൻ, നിലക്കൽ നന്ദൻ എവിടെ എന്നാണ് ചോദിച്ചത്. 

അതു കേട്ട ഒരാൾ തൊട്ടടുത്ത പറമ്പിലേക്ക് കൈ ചൂണ്ടി.

അവിടെ, നിലക്കൽ നന്ദന്റെ മുകളിൽ, രൗദ്രഭാവം പുണ്ട് ഇരുപ്പുറപ്പിച്ച വലിയവീട്ടിൽ ദേവിയുടെ രൂപം കണ്ട്, സതീശന്റെ
സർവ്വശക്തിയും ഒലിച്ചുപോയി. 

കരക്കാരുടെ മുന്നിൽ സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞ്, തളർന്ന് നിലത്തിരുന്നു സതീശൻ എന്ന പൂജാരി. 

അപ്പോഴും ആത്മാർത്ഥ സുഹൃത്തിനെ പഴി ചാരാതെ എല്ലാം കണ്ടുനിന്നു, നകുലൻ .

അധികം വൈകാതെ നിലക്കൽ നന്ദൻ തന്നെ ദേവിയുടെ തിടമ്പേറ്റി ഉത്സവം ആരംഭിച്ചു.

ശ്രീകോവിലിലേക്ക് തിരിച്ചു കയറി വാതിലടച്ച സതീശന് മുന്നിൽ, വീണ്ടും പ്രത്യക്ഷമായ ദേവീ വിഗ്രഹത്തിന്റെ കണ്ണുകൾ, തീക്ഷ്ണമായിരുന്നെങ്കിലും ദേവിയുടെ ചുണ്ടിൽ കരുണാർദ്രമായ ഒരു ചിരി ഉണ്ടായിരുന്നു. 

തെറ്റ് തിരിച്ചറിഞ്ഞ്, സത്യം തുറന്നു പറഞ്ഞ ഉണ്ണിയോടുള്ള, ദേവിയുടെ വാത്സല്യ ചിരി !
*******