Aksharathalukal

പ്രണയകവിയെ പേടിപ്പിച്ച പെണ്ണ്!

രചനാലോകം എന്ന എഴുത്തു കൂട്ടായ്മയിലെ പരിചിതരും അപരിചിതരുമായ എഴുത്തുകാർ ഇന്നലെ പ്രസിദ്ധീകരിച്ച കഥകളും കവിതകളും ഒന്നൊന്നായി വായിച്ചു കൊണ്ടിരിക്കുകയായിരുന്നു വിനയചന്ദ്രൻ. 

ആരോ കോളിങ്ങ് ബെല്ലടിച്ചു.

ആമസോണിൽ ഓർഡർ ചെയ്ത പുതിയ പുസ്തകം, കൊറിയർ വഴി എത്തിയതായിരിക്കും എന്ന് കരുതി അയാൾ വാതിൽ തുറന്നു.

കാണാൻ സുന്ദരിയായ ഒരു പെൺകൊച്ച് മുന്നിൽ.

\"ആരാ ?\"

\"ഞാൻ ലസിത \"

\"എനിക്ക് മനസ്സിലായില്ല \"

\"അതിന് സാറെന്നെ ആദ്യായിട്ട് കാണുകയല്ലേ ! പക്ഷേ, സാറിനെ എനിക്കറിയാം. 
രചനാലോകത്തിലെഴുതന്ന 
വിനയചന്ദ്രൻ സാറല്ലെ ? രചനാലോകത്തിലെ പ്രൊഫൈൽ ചിത്രത്തിൽ കാണുന്നതിനേക്കാളും ഗ്ലാമർ ഉണ്ടല്ലോ സാറിന് !\"

വിനയചന്ദ്രന്റെ ഉള്ളിൽ ഒരു വെള്ളിടി മിന്നി. വല്ല കിളിപോയ കേസ് ആണോ ദൈവമേ ! 

തൊട്ടടുത്ത് ഒക്കെ നിറയെ വീടുകളാണ്. ഇവളാണെങ്കിൽ ആരും നോക്കിപ്പോകുന്ന പരുവത്തിലുള്ള ഒരു പെൺകൊച്ചും. 

\"കുട്ടി എന്തിനാ വന്നത്?\"

\"ഞാനൊന്ന് അകത്തേക്ക് വന്നോട്ടെ വിനയൻ സാറേ?\"

ഒരു സിറ്റൗട്ട് ഇല്ലാത്തതിന്റെ കുറവ് വിനയചന്ദ്രന് ശരിക്കും മനസ്സിലായ നിമിഷം! 

\"ഇപ്പോൾ വീട്ടിൽ മറ്റാരുമില്ല കുട്ടി. വൈഫ് ജോലിക്ക് പോയി.\"

\"അതിനെന്താ...? എനിക്ക് സാറിനെ പേടിയില്ല.\"

\"എന്നാലും ...\"

\"എന്താ, സാറിന് എന്നെ പേടിയുണ്ടോ?\"

\"അതല്ല. കുട്ടി ഇങ്ങോട്ട് വരുന്നത് അയൽപക്കത്തു
ള്ളവരൊക്കെ കണ്ടിട്ടുണ്ടാവില്ലെ? ഈ സമയത്ത് ഞാൻ മാത്രമേ വീട്ടിലുണ്ടാകുള്ളൂ എന്ന് അവർക്കറിയാം. വൈഫ് ഓഫീസിലേക്ക് പോകുന്നതും അവർ കണ്ടു കാണും. ഇവിടത്തെ പരദൂഷണ കമ്മിറ്റി വളരെ സജീവമാണ്. അതാ.\" 

അയാളുടെ മുഖം ചോരയില്ലാതെ വെളുത്തു പോയതു കൊണ്ടാവും, അവൾ പറഞ്ഞു: \"അതൊന്നുമല്ല. സാറിന് ഭാര്യയെ നല്ല പേടിയുണ്ട് അല്ലേ?\" 

അയാളതിന് മറുപടി ഒന്നും പറഞ്ഞില്ല.

\"സാറിന് എന്നെയും 
പേടിയുണ്ട് അല്ലേ?\" 

അതിനും അയാൾ മറുപടി പറഞ്ഞില്ല.
 
അവൾ അകത്തേക്ക് കടന്ന്, അയാൾക്കെതിരെയുള്ള സോഫയിലിരുന്നു. വിനയചന്ദ്രന്റെ പരിഭ്രമം അവൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകി. 

\"വന്ന കാര്യം വേഗം പറ 
കുട്ടീ\"

\"കുട്ടിയല്ല, ലസിത.\"

\"ആ .. ലസിത തന്നെ.\"

\"സാറെഴുതുന്ന പ്രണയ കവിതകളൊക്കെ എനിക്ക് വലിയ ഇഷ്ടാ. ഞാൻ അതിനൊക്കെ റിവ്യൂ ഇടാറുണ്ട്.\"

\"ഞാൻ ഓർക്കുന്നില്ലല്ലോ! ലസിത എന്നൊരാൾ എന്നെ ഫോളോ ചെയ്യുന്നില്ലല്ലോ.\" 

\"ചെങ്കദളിച്ചുവപ്പ് എന്ന ഒരാൾ സാറിനെ ഫോളോ ചെയ്യുന്നില്ലെ?\" 

\"അത് നീയാണോ!\" 

\"എന്തേ സാറിന് വിശ്വാസമായില്ലേ?\" 

\"ഇല്ല. ഞാനത് ഒരാണാണെന്നാണ് വിചാരിച്ചത്. അത് നീയാണോ? എന്നാലും എനിക്ക് അങ്ങട് വിശ്വാസമാവുന്നില്ല.\" 

\"സാറെ, ദേ, എന്റെ ഫോണിലെ രചനാലോകം ആപ്പ്.\" അവൾ ഫോൺ അയാളുടെ നേരെ നീട്ടിക്കൊണ്ട് തുടർന്നു: \"എൻ്റെ പ്രൊഫൈൽ കണ്ടോ? ഇതാ എന്റെ ഫോളോവേഴ്സ്. ദേ, സാറിന്റെ പേരും ഫോട്ടോയും. ഇത്രയും പോരെ വിശ്വാസമാകാൻ? പിന്നെ, ഞാനൊന്നും എഴുതാറില്ല ട്ടോ. വായിക്കാറേ ഉള്ളൂ. എന്റെ റിവ്യൂസ് ഒക്കെ സാർ ലൈക്ക് അടിക്കുകയും, തിരിച്ച് മറുപടി കമന്റ് എഴുതുകയും ചെയ്യാറുണ്ടല്ലോ!\" 

\"ആ. ശരിയാ. ഇപ്പൊ മനസ്സിലായി. വിശ്വാസവുമായി. പക്ഷെ, ലസിതക്കിപ്പൊ എന്താ വേണ്ടത്? എന്തിനാ എന്നെ കാണാൻ വന്നത്?\" വിനയചന്ദ്രന് അതറിയാൻ തിടുക്കമായി. 

\"സാറിന്റെ പരിഭ്രമം കാണുമ്പോൾ എനിക്ക് ചിരിയാ വരുന്നത്! സാറിന് ഭാര്യയെ, പേടി മാത്രമല്ല, ഭാര്യയെ നല്ല ഇഷ്ടവുമാണ് അല്ലേ? അല്ലെങ്കിൽ ഇങ്ങനെയുള്ള പ്രണയ കവിതകൾ എഴുതാൻ പറ്റുമോ!\"

\"ലിസിത വന്ന കാര്യം പറഞ്ഞില്ല.\" 

\"ഹാവൂ! ആ കുട്ടി എന്ന വിളി പോയല്ലൊ. സന്തോഷം! എനിക്ക് സാറിന്റെ പ്രസിദ്ധീകരിക്കാത്ത ഒരു പ്രണയ കവിത വേണം. അത് എനിക്ക് എന്റെ കവിതയാക്കണം. 
അങ്ങനെ എനിക്ക് മാത്രമായി, സാറിന് ഒരു പ്രണയകവിത എഴുതിത്തരാമോ?\"

\"എന്തിനാണ് ലസിത, നിനക്കിത്? രചനാലോകത്തിൽ ഇടാനാണോ?\"
തന്റെ കവിത ഒരെണ്ണം വെറുതെ പോകുമല്ലോ എന്നാണ് അയാളപ്പോൾ ചിന്തിച്ചത്.

\"എനിക്കത് ഒരാൾക്ക് കൊടുക്കാനാണ്. അവനുള്ള എൻ്റെ അവസാന സമ്മാനമായി.\" 

\"അതെന്താ അവസാന സമ്മാനമായി എന്നു പറഞ്ഞത് ? ഇത് കൊടുത്ത് മരിക്കാനുള്ള പ്ലാനുണ്ടോ ലസിതക്ക്?\"  

\"ഏയ്. സാറ് പേടിക്കണ്ട. അവന്റെ ആദ്യ രാത്രിയിൽ ഈ പ്രണയ കവിത ഞാൻ അവനെ പാടി കേൾപ്പിക്കും. എന്റെ ശബ്ദത്തിൽ തന്നെ. അതിനാണിത്.\" 

\"ലസിത പാടുമോ?\" 

അവൾ ഒന്നു മുരടനക്കി. എന്നിട്ട് പ്രണയം വഴിയുന്ന ഒരു പുഞ്ചിരിയോടെ, കഴിഞ്ഞദിവസം 
രചനാലോകത്തിൽ പ്രസിദ്ധീകരിച്ച വിനയചന്ദ്രന്റെ ഒരു പ്രണയ കവിത അവൾ പാടാൻ തുടങ്ങി.

വിനയചന്ദ്രൻ അത് കേട്ട് ലയിച്ചിരുന്നു പോയി. എത്ര മനോഹരമായാണ് ഇവൾ പാടുന്നത്! എന്തു മധുരമുള്ള ശബ്ദം! 

അയാൾക്ക് അവളോട് അതിയായ ഇഷ്ടം തോന്നി. വിനയചന്ദ്രന്റെ മുഖത്തെ പരിഭ്രമം എങ്ങോ പോയി. 

\"എന്ത് ഭംഗിയായാണ് ലസിത എൻ്റെ കവിത പാടിയത്! അതും മനോഹരമായ ഈണത്തിൽ! നീയെന്നെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു!\"

\"മിക്ക രാത്രികളിലും ഞാൻ സാറിന്റെ കവിതകൾക്ക്, എന്റേതായ ഈണം കൊടുത്ത് പാടാറുണ്ട്. 
പക്ഷേ, സത്യം പറഞ്ഞാൽ സാറിന്റെ പ്രായം ഒരു ഇരുപത്തിനാലോ ഇരുപത്തഞ്ചോ ഒക്കെ ആണെന്നാണ് ഞാൻ കരുതിയത്. കല്യാണം കഴിച്ചിട്ടുണ്ടെന്നും ഇത്ര പ്രായമുണ്ടെന്നും ഞാൻ കരുതിയില്ല.\" 

വിനയചന്ദ്രന്റെ മുഖത്തെ വിളർച്ച കണ്ടു അവൾ ചിരിച്ചു. 

\"അപ്പോൾ എൻ്റെ കവിതയുടെ കാര്യം?\" അവൾ വന്ന കാര്യം ഓർമിപ്പിച്ചു.

\"ഞാൻ രണ്ട് ദിവസത്തിനകം എഴുതി അയച്ചു തരാം. ഈമെയിലായോ വാട്സ്ആപ്പ് വഴിയോ അയച്ചാൽ പോരെ?\"

\"അയ്യോ അത് പറ്റില്ല. ഇന്ന്, ഇപ്പോൾത്തന്നെ എനിക്കത് വേണം.\"

\"ഇപ്പോഴോ? ഇത്ര പെട്ടെന്നോ? അതെങ്ങനെ പറ്റും ?\" 

\"സാറിന്റെ ഫോണിൽ , രചനാലോകത്തിൽ ഇനി പ്രസിദ്ധീകരിക്കാൻ എഴുതിവെച്ച ഒരു പ്രണയ കവിതയുണ്ടാവില്ലേ? അതുമതി.\" 

\"അത് ലസിതക്ക് എങ്ങിനെ മനസ്സിലായി ? \"

\"ഞാൻ ഊഹിച്ചു!\" 

\"അതു വല്ലാത്തൊരു ഊഹമായിപ്പോയി!\"

\"ഊഹം എന്തായാലും സത്യമല്ലേ?\"

\"സത്യമാണ്.\"

\"എന്നാൽ സാറിന്റെ ഫോൺ എടുക്ക്.\"

അയാൾ ഫോണെടുത്ത് ഓപ്പൺ ചെയ്തു.

\"ദേ, സാറ് സ്ഥിരമായി രചനാലോകത്തിലേക്ക് പ്രസിദ്ധീകരിക്കാനുള്ള കവിതകൾ എഴുതി സൂക്ഷിക്കുന്ന നോട്സ് എന്ന ഈ ആപ്പ് തുറന്നേ.\" 

വിനയൻ ആപ്പ് തുറന്നതും അവൾ അയാളുടെ തൊട്ടു പുറകിൽ വന്നുനിന്ന്, 
ഈ 
\"നാലുമണി 
വെയിലിൻ നിഴലായ് ഞാനും ....
ചേർന്നരികിൽ
മുകിലിൻ തണൽപോൽ 
നീയും ...
എന്ന് തുടങ്ങുന്ന കവിത, സാറ് നാളെ ഇടാൻ 
വെച്ചിരിക്കയല്ലേ? ഇത് ഇടണ്ട. ഇത് എനിക്ക് വേണം.\"

\"നിനക്ക് നിർബന്ധമാണോ?\"

തൻ്റെ ഒരു കവിത വെറുതെ പോകുന്നല്ലോ എന്ന വിഷമം വീണ്ടും അയാളെ കുഴക്കി.

\"നിർബന്ധമാണ്.\" അവൾ ഉറപ്പിച്ചു പറഞ്ഞു. 
\"സാറത് എൻ്റെ ഫോണിലേക്ക് അയച്ചേ.\"

മനസ്സില്ലാമനസ്സോടെ അയാൾ ആ കവിത അവളുടെ ഫോണിലേക്ക് അയച്ചു.

അതു വായിച്ച്, 
\"ആഹാ എത്ര സുന്ദരമായ പ്രണയ കവിത! സാറ് എപ്പോഴും 
എഴുതുംപോലെ തന്നെ! അവനെ, അവന്റെ ആദ്യരാത്രിയുടെ രണ്ടാം യാമത്തിൽ ഞാനിത് പാടിക്കേൾപ്പിക്കും. ജീവിതകാലം മുഴുവൻ ഇത് അവൻ്റെ മനസ്സിൽ മുഴങ്ങണം! അതാണ് എൻ്റെ മോഹം സാർ.\"

\"നീയിത് ഏത് ഈണത്തിലാവും പാടുക?\"

\"സാറിന് കേൾക്കണോ?\" 

\"ഉം..\" അയാൾ തലയാട്ടി.

അവൾ, അവളുടെ ഫോണിലേക്ക് അയാൾ അയച്ചുകൊടുത്ത ആ പ്രണയ കവിത ചൊല്ലാൻ തുടങ്ങി. 

\"നാലുമണി വെയിലിൻ നിഴലായ് ഞാനും ....
ചേർന്നരികിൽ
മുകിലിൻ തണൽപോൽ 
നീയും ...\" 

അവൾ പാടിയ ഈണത്തിന്റെ മനോഹാരിതയിലും അവളുടെ മധുര ശബ്ദത്തിന്റെ ലഹരിയിലും വിനയചന്ദ്രൻ സ്വയം മറന്നു ലയിച്ചിരുന്നു പോയി! അത്രമേൽ സുന്ദരമായിരുന്നു അവളുടെ ഗാനാലാപനം!

പെട്ടെന്ന് കോളിംഗ് ബെൽ അടിച്ചു. 

വിനയചന്ദ്രന്റെ ചങ്കിൽ നിന്ന് ഒരു മിന്നൽപിണർ ഉയർന്ന് തരിച്ചു നിന്നു! കുറ്റിയിടാതിരുന്ന മുൻവാതിൽ തുറന്ന് അയാളുടെ ഭാര്യ സൗമിനി മുന്നിൽ!

\"വിനയേട്ടന്റെ ഫോൺ എന്താ സ്വിച്ച് ഓഫ് ആണോ? എത്രവട്ടം ഞാൻ വിളിച്ചു! എന്താ പഞ്ചായത്തിൽ വരാഞ്ഞേ? ഞാൻ ഓഫീസിൽ നിന്ന് പെർമിഷൻ വാങ്ങിച്ച്, അവിടെ കാത്തുനിൽക്കാൻ തുടങ്ങിയിട്ട് 
നേരമെത്രയായി!\"

അയാൾ നേരെ മുന്നിലിരിക്കുന്ന ലസിതയെ നോക്കി. അവൾക്കൊരു കൂസലുമില്ല! 
അവൾ പാടിയ കവിതയിലെ പല്ലവി, അവൾ വീണ്ടും പതിയെ പാടാൻ തുടങ്ങി.

സൗമിനിയാണെങ്കിൽ ലസിതയെ കണ്ട ഭാവമേയില്ല.

വിനയചന്ദ്രൻ ആകെ അമ്പരന്ന് കണ്ണുതള്ളി ഒറ്റ നിൽപ്പ്!  

\"വിനയേട്ടൻ എന്താ ഇങ്ങനെ നോക്കുന്നത് ? കിളിപോയ പോലെ! ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ലേ? ഹലോ..! ചേട്ടൻ ആ റേഷൻ കാർഡും ആധാർ കാർഡും എടുത്ത് വേഗം പഞ്ചായത്തിലേക്ക് എന്റെ കൂടെ വാ.\"

ലസിത ഇരിക്കുന്ന സോഫയും കടന്ന്, സൗമിനി ഡൈനിങ്ങ്റൂമിലേക്ക് പോയി, ജഗ്ഗിൽ നിന്ന് കുറച്ചു വെള്ളവും കുടിച്ച്, വീണ്ടും വന്ന് ലസിതയുടെ നേരെ മുന്നിൽ ഇരുന്നു.

ഒരു റിമോട്ട് കണ്ട്രോളിൽ എന്നപോലെ, വിനയചന്ദ്രൻ എഴുന്നേറ്റ് ബെഡ്റൂമിലേക്ക് പോയി, അലമാരിയിൽ നിന്ന് ആധാർ കാർഡും റേഷൻ കാർഡും എടുത്ത് റൂമിലേക്ക് വന്നു. 

\"വേഗം വാ വിനയേട്ടാ. അത് കഴിഞ്ഞ് എനിക്ക് ഓഫീസിലേക്ക് തിരിച്ചു പോണം.\" 

ലിവിങ് റൂമിലെ സോഫയിൽ ഇരുന്നിരുന്ന ലസിതയെ അവിടെയെങ്ങും കാണാതെ, പരിഭ്രമത്തോടെ അയാൾ ഡൈനിങ് റൂമിലേക്കും
അടുക്കളയിലേക്കും പാളിനോക്കി.

പെട്ടെന്ന്, തുറന്നു കിടന്നിരുന്ന മുൻവാതിൽ, ഉറക്കെ കാറ്റിലടയും പോലെ അടഞ്ഞു. വിനയചന്ദ്രൻപേടിച്ച് വിറങ്ങലിച്ചു നിന്നു.

അയാളുടെ കയ്യിലിരുന്ന ആധാർ കാർഡും റേഷൻ കാർഡും പിടിച്ചു വാങ്ങി സൗമിനി പറഞ്ഞു: \"ഇതെന്തൊരു നിൽപ്പാണ് വിനയേട്ടാ? മിന്നലേറ്റ പോലെ! ചേട്ടൻ ചെന്ന് ആ ബൈക്ക് സ്റ്റാർട്ട് ചെയ്യ്. അപ്പോഴേക്കും ഞാൻ വാതിൽ ലോക്ക് ചെയ്ത് പുറത്തേക്ക് വരാം.\"

ബൈക്കോടിച്ചു കൊണ്ടിരിക്കുമ്പോൾ സൗമിനി പറഞ്ഞു: \"വിനയേട്ടൻ പുതിയ പെർഫ്യൂം വാങ്ങിയല്ലേ? നല്ല താഴംപൂവിന്റെ മണം! എന്നിട്ടവൾ പുറകിലിരുന്ന് അയാളുടെ ഷർട്ടിനോട് മുഖം ചേർത്ത് അയാളെ കൈകളാൽ ചുററിപ്പിടിച്ചു. 

അന്നേരം വിനയചന്ദ്രന്റെ കാതിൽ, ലസിതയുടെ കാമുകനുള്ള അവസാന സമ്മാനമായ, അയാളുടെ സ്വന്തം പ്രണയ കവിത വണ്ടു മൂളുംപോലെ മൂളിക്കൊണ്ടിരിക്കുകയായിരുന്നു! അയാളെ പിന്നേയും പേടിപ്പിച്ചു കൊണ്ട്!
*******