Aksharathalukal

ഒരു അറേബ്യൻ യാത്ര.

2009 ലെ,  ഒക്ടോബർ അവസാന കാലഘട്ടം, സൗദി റെയിൽവേ പ്രൊജക്റ്റ്‌ മായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ ചെറിയ ശാന്ത സുന്ദര പട്ടണന്മായ ഹൈൽ ൽ ആണ് എനിക്ക് ജോലി. കൂടെ പാതി മലയാളി യായ ഋഷിലും.

അങ്ങ് ദൂരെ ഹഫർ അൽ ബത്തേൻ എന്ന പ്രവശ്യയിലെ ഹതീഫ ക്യാമ്പിലെ ഞങ്ങളുടെ ഉറ്റ സുഹൃത്ത് ശ്രീ അഭിലാഷ് അപ്പുകുട്ടൻ കുറേ നാളായി പറയുന്നു, ഒരു വരാന്ത്യം അങ്ങോട്ട് ചെല്ലാൻ.

അങ്ങനെ ഒരു വ്യാഴാഴ്ച, ഉച്ചക്ക് ശേഷം അവധിയായതിനാൽ, ഒരു രണ്ടര, മൂന്നുമണി കഴിഞ്ഞ് ഞാൻ ഋഷിലിനോട് പറഞ്ഞു, നമുക്ക് അഭിലാഷിന്റെ ക്ഷണം സ്വീകരിച്ച് ഹതീഫ വരെ ഒന്ന് പോയാലോ... ഋഷിൽ സമ്മതിച്ചു.

കണ്ണൂർ -ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ്‌ ൽ പരപ്പനങ്ങാടി യിൽ നിന്നും കയറി, ആലുവയിൽ ഇറങ്ങുന്ന യാത്രക്കാരെ പോലെ ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ ഒരു ജോഡി വസ്ത്രം എടുത്തു നിറച്ചു , ഞാനും ഋഷിലും ക്യാമ്പിൽ നിന്നും 768 നമ്പറിൽ ഉള്ള നിസ്സാൻ പിക്കപ്പ് ഇൽ പുറപ്പെട്ടു.

അന്ന് ഇന്നത്തെ പോലെ android ഫോണുകൾ ഇല്ലാത്തതിനാലും, ഗൂഗിൾ മാപ് വ്യാപകമല്ലാത്തതിനാലും, പോകാനുള്ള വഴി മുൻകൂട്ടി ചോദിച്ചു മനസ്സിലാക്കണം. നേരെ അഭിലാഷിനെ ഫോണിൽ വിളിച്ചു, അഭിലാഷ് പറഞ്ഞു, നിങ്ങൾ ഹയിലിൽ നിന്നും നേരെ പോരുക, അടുത്ത ടൌൺ, \'ബാക്ക\', അവിടെന്നും നേരെ പോരുക, അടുത്ത ടൌൺ, \'ലീന\' അവിടെനിന്നും നേരെ പോരുക, ഒരു T ജംഗ്ഷൻ എത്തും, T ജംഗ്ഷൻ ന്റെ നേരെ എതിരെയാണ് ക്യാമ്പ്, T, ജംഗ്ഷൻ ൽ നിന്നും വലതു തിരിഞ്ഞു അടുത്ത U ടേൺ എടുത്ത് ഇടതു വശം ചേർന്നാൽ ക്യാമ്പിൽ എത്താം.

വൗ, വെരി സിമ്പിൾ... ആകെ മൂന്ന് പ്രധാന സ്ഥലങ്ങൾ, വൈകിട്ട് ഒരു 6-7 മണിക്ക് തന്നെ എത്താം. പക്ഷെ ഈ മൂന്ന് സ്ഥലങ്ങൾ തമ്മിൽ എത്ര ദൂരമുണ്ടെന്ന് ഞങ്ങൾ ചോദിച്ചില്ല, അഭിലാഷ് പറഞ്ഞുമില്ല...അവിടെ ആദ്യം പിഴച്ചു. എന്റെ പിഴ, എന്റെ പിഴ, എന്റെ മാത്രം പിഴ.

ഫുൾ ടാങ്ക് പെട്രോൾ അടിച്ച് ഞങ്ങൾ 1.47 ലക്ഷം ഓടി പഴകിയ നിസ്സാൻ 4X4 ഡബിൾ cabin പിക്കപ്പ് ഉം എടുത്ത് ഇറങ്ങി. ശരാശരി 7 കിലോമീറ്റർ ഒരു ലിറ്ററിന് ഓടുന്ന വാഹനം, ഒരു 350 കിലോമീറ്റർ ആണ് ഒരു ഫുൾ ടാങ്കിൽ ഏകദേശം ഓടുക.

ഹൈൽ നഗരത്തിന്റെ പ്രാന്ത പ്രദേശം വിട്ട് കഴിഞ്ഞപ്പോൾ തന്നെ divided 6 വരി പാത, ചുരുങ്ങി, എതിരെ വാഹനങ്ങൾ വരുന്ന ഇരട്ട വരി പാതയായി മാറി, അഭിലാഷിനയും, മറ്റു കൂട്ടുകാരെയും കാണാനുള്ള ആവേശവും, അന്നത്തെ ചെറുപ്പത്തിന്റെ, ആക്രാന്തവും കൂടെ ഞങ്ങൾ വളരെ ഉത്സാഹത്തിൽ ആയിരുന്നു, അകമ്പടിയായി, ശ്രീ ഹരിഹരന്റെ ഗസലുകളും.

വിജനമായ പാത, ഒരു മണിക്കൂർ 120 kmph സ്പീഡിൽ പോയിട്ടും,  ആദ്യ ഘട്ടം ആയ \'ബാക്ക\' ഇതുവരെ എത്തിയില്ല..

ഒരു ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ബാക്ക എത്തി, വഴിയിൽ വേറെ diversion നുകൾ ഇല്ലാത്തതിനാൽ, നേരെ തന്നെ വിട്ടു..ശിശിരകാല തുടക്കം ആയതിനാൽ, 5-5.30 കഴിഞ്ഞപ്പോൾ തന്നെ ഇരുട്ട് വീണു. തെരുവ് വിളക്കുകൾ ഇല്ലാത്ത, വിജനമായ പാത, കുറേ ദൂരം പോകുമ്പോൾ മാത്രം കാണുന്ന പെട്രോൾ പമ്പ്, അതിൽ ചെറിയ ഒരു \'ബക്കാല\' അഥവാ കട. ഇന്ധനം പകുതി കഴിഞ്ഞു , വീണ്ടും ഫുൾ  ടാങ്ക് അടിച്ചു. യാത്ര തുടർന്നു.

എങ്ങും കൂരിരുട്ട്, തെരുവിളക്കുകളും ഇല്ല, ചെറിയ ഒരു ഭയം തോന്നി തുടങ്ങി, നമ്മൾ മരുഭൂമിയിലൂടെയാണോ അതോ നിഭിഡ മായ വനത്തിലൂടെയാണോ യാത്ര എന്ന് സംശയം തോന്നി, വല്ലപ്പോഴും എതിരെ വരുന്ന ട്രക്ക് കൾ മാത്രം.

വീണ്ടും ഇന്ധനം പാതി കഴിഞ്ഞു, അപൂർവമായി കാണുന്ന പെട്രോൾ പമ്പിൽ കയറി വീണ്ടും ടാങ്ക് നിറച്ചു.

നേരത്തെ പറഞ്ഞ അടുത്ത ഘട്ടം \'ലീന\' എത്തുന്നില്ല. മനസ്സിൽ ഭയം കൂടിയോ എന്നൊരു സംശയം, ഏയ്... ഇല്ല...

അങ്ങനെ ഒരു 8-8.30 ആയപ്പോൾ \'ലീന\' എത്തി... അവിടെനിന്നും യാത്ര തുടർന്നു. 

അപൂർവ്വമായി ചില വളവു തിരിവുകൾ. സൈൻ ബോർഡുകൾ എല്ലാം കൃത്യമായതിനാൽ, യാതൊരു ബുദ്ധിമുട്ടുമില്ല.

അങ്ങനെ ഒരു 9.30 കഴിഞ്ഞപ്പോൾ അഭിലാഷ് പറഞ്ഞ T ജംഗ്ഷൻ എത്തി, അതിനു എതിരെയുള്ള ക്യാമ്പ് കണ്ടു, സമാധാനമായി.

വലതു തിരിഞ്ഞു, മുന്നോട്ട് പോയി U ടേൺ എടുത്ത് ക്യാമ്പ് ഗേറ്റിൽ എത്തി, ഹൈൽ ൽ നിന്നും പുറപ്പെട്ടു 570 കിലോമീറ്റർ പിന്നിട്ടിരിക്കുന്നു... അഭിലാഷിനെ വിളിച്ചു, അഭിലാഷ് വന്ന് ഗേറ്റ് കടക്കാൻ കാവൽകാരിൽ നിന്നും അനുവാദം കിട്ടി.

അഭിലാഷ് നേരെ ഞങ്ങളെ ഭക്ഷണം കഴിക്കാൻ  കൊണ്ടുപോയി.

ഭക്ഷണശേഷം, നേരെ സിഗ്നൽ ആൻഡ് ടെലികോം ക്യാമ്പിലെ റെക്രീയേഷൻ റൂമിൽ പോയി, അവിടെ വച്ച് ശ്രീ പ്രസന്ന കുമാർ, മുരളീധരൻ എന്ന മുരളിയേട്ടൻ, എബ്രഹാം , ഗോവൻ പുലി ഫെഡറിക് എന്നിവരെ പരിചയപെട്ടു. റെസിഡന്റ് എഞ്ചിനീയർ ടെറർ ശ്യാംലാലിനെ   മുൻപ് ഹൈൽ ൽ വന്നപ്പോൾ പരിചയം ഉണ്ടായിരുന്നു.  അങ്ങനെ അവിടെ കുറച്ച് നേരം പൂൾ table കളിച്ചു, അപ്പോൾ ഒരു അറബി വന്ന് ഞങ്ങളെ പരിചയപെട്ടു. ഞങ്ങൾ ഏതു വഴിയാണ് വന്നതെന്ന് ചോദിച്ചു, വഴി പറഞ്ഞപ്പോൾ, അതുവരെ പ്രസന്ന ഭാവമായിരുന്ന അറബിയുടെ മുഖം വാടാൻ തുടങ്ങി, ആശ്ചര്യത്തോടെ, ആ അവഴിയൊക്കെ ആരെങ്കിലും രാത്രി വരുമോ, നിങ്ങൾ വളരെ വലിയ അബദ്ധമാണ് കാണിച്ചത്, ആ വഴിയിൽ ഒക്കെ കള്ളമാരുടെയും, പിടിച്ചു പറിക്കാരുടെയും എന്തിന് പറയുന്നു അൽ ക്വായ്ദ തീവ്രവാദികളുടെ വരെ വിഹാര കേന്ദ്രമാണ്. രാത്രിയിൽ ഒക്കെ ഞങ്ങൾ ഒന്നും ആ വഴി പോകാറില്ല. നിങ്ങൾ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്, എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു,

നല്ല ധൈര്യമുള്ളതുകൊണ്ടാണോ അതോ പ്രായത്തിന്റെ ബോധക്കുറവ് കൊണ്ടാണോ ഞാൻ മിഥുനം സിനിമയിൽ, നെടുമുടി വേണു തേങ്ങ ഉടക്കാൻ നിൽകുമ്പോൾ, ഇന്നസെന്റ് നിന്നപോലെ നിന്നു. ഉള്ളിലെ പേടി പുറത്ത് കാണിച്ചില്ല.

അറബി പറഞ്ഞു, സബാഷ് ബേട്ടാ, ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ.. നാളെ തിരിച്ചു് നേരത്തെ തന്നെ പൊക്കോളൂ, ഇരുട്ടാൻ നിൽക്കണ്ട, എതെകിലും ട്രിക്കിന്റെ പിറകിൽ പിടിച്ചു പോയാൽ മതി എന്നൊക്കെയുള്ള ഉപദേശം പിന്നാലെ.

അങ്ങനെ രാത്രി അഭിലാഷിന്റെ കൂടെ കഥകൾ ഒക്കെ പറഞ്ഞു ഒരുപാട് വൈകി കിടന്നുറങ്ങി. പിറ്റേ ദിവസം ഉച്ചയൂൺ കഴിഞ്ഞു ഒരു 12-12.15 ന് തന്നെ തിരിച്ചു് പുറപ്പെട്ടു. ആദ്യം കണ്ട പെട്രോൾ പമ്പിൽ കയറി പതിവുപോലെ ടാങ്ക് നിറച്ചു. യാത്ര തുടർന്നു.


ആ പട്ടാപകൽ ഉള്ള ആ യാത്രയിൽ ആണ്, തലേ ദിവസത്തെ രാത്രിയിൽ ഉള്ള യാത്രയെക്കാൾ ഭീകരം ആയി തോന്നിയത്. പകൽ പോലും വളരെ വളരെ വിജനമായ വഴികൾ, സംഭവം റിയാദ് - ഹൈൽ - അൽജൗഫ് റൂട്ടിൽ ഒക്കെ മരുഭൂമി ഉണ്ടെങ്കിലും, ഈ മരുഭൂമി ശരിക്കും ഭയപ്പെടുത്തുന്ന ഒന്ന് തന്നെ, ഏതോ പ്രേത ഗ്രാമത്തിലൂടെയുള്ള യാത്ര പോലെ.

ഒരു മാസം മുൻപ് അൽജൗഫ് യാത്രയിൽ, 141 kmph സ്പീഡിൽ പോയപ്പോൾ എനിക്ക് 300 റിയാലിന്റെ പ്രശസ്തി പത്രം നൽകി പോലീസ് ആദരിച്ചതിനാൽ 120 kmph ൽ താഴെ യാണ് യാത്ര.

കുറച്ചുകൂടെ മുന്നോട്ട് പോയപ്പോൾ ആണ് സൈൻ ബോർഡുകളിൽ ആ കാഴ്ച്ച ഞങ്ങൾ പകൽ വെളിച്ചത്തിൽ കണ്ടത്, ഒരു വിധം എല്ലാ സൈൻ ബോർഡുകളിലും, ദ്വാരങ്ങൾ... അതും ഏകദേശം ഒരേ വലുപ്പത്തിൽ, ചിന്ന ഭിന്നമായി.. ആരൊക്കെയോ തോക്കിന്റെ ഉന്നം പരീക്ഷിച്ചതാണെന്നു വ്യക്തം. ഞങ്ങൾ രണ്ട് പേരും മുഖത്തോട് മുഖം നോക്കി, നെടുവീർപ്പിട്ടു. ആ അറബിയെ പുച്ഛിച്ചതിൽ ഖേദിച്ചു. തലേ ദിവസത്തെ പോലെ അര ടാങ്ക് ആകുമ്പോഴേക്കും അടുത്തു കാണുന്ന പമ്പിൽ കയറി ഇന്ധനം നിറച്ചു.

\'ലീന \' കഴിഞ്ഞു കുറേ പോയപ്പോൾ അല്പം ജനങ്ങളെ ഒക്കെ കാണാൻ തുടങ്ങി, മനസിലെ ഭയം ഒക്കെ കുറേശെ കുറഞ്ഞു.

അതാ മുന്നിൽ ഒരു കുവൈറ്റ്‌ രെജിസ്ട്രേഷൻ നിസ്സാൻ പാട്രോൾ വാഹനവും അതിനു മുന്നിലായി ഖത്തർ രെജിസ്ട്രേഷൻ പ്രാഡോ വാഹനവും പോകുന്നു. അവിടെയൊക്കെ രാജ്യന്തരമായി വാഹനങ്ങൾ യാത്ര പോകാനുള്ള അനുമതിയൊക്കെയുണ്ട്. നമ്മുടെ നാട്ടിലാകട്ടെ, ഒരു സംസ്ഥാനത്തെ വാഹനം മറ്റൊരു സംസ്ഥാനത്ത് ചെന്നാൽ അവിടെയുള്ള പോലീസ്, വാഹന വകുപ്പ്, പിന്നെ ചൊറിയന്മാരായ നാട്ടുകാരുടെയും ഒക്കെ ശല്യങ്ങൾ, പിടിച്ചുപറി, ഉപദ്രവം. നമ്മുടെ നാട്ടിൽ ഇന്നും മാനസിക ദാരിദ്രം രൂക്ഷമാണ്, അത് മാറണമെങ്കിൽ ഇനിയും തലമുറകൾ കഴിയേണ്ടി വരും. കാരണം വാഹനം ഇന്നും നമുക്ക് ഒരു ആഡംബര വസ്തുവാണ്, അത് ഇല്ലാത്തവർക്ക് ഉള്ളവരോട് ഉള്ള ഒരു കുശുമ്പ് അഥവാ കടി നമ്മുടെ നാട്ടുകാരിലും, അവരുടെ ഭാഗമായ ഉദ്യോഗസ്ഥരിലും കാണാം.. അതൊക്കെ മാറാൻ സമയം എടുക്കും.

ഈ വിജനമായ വഴികളിൽ ഇടക്ക് ഇടവേളക്ക് നിർത്തുമ്പോൾ, ഞാൻ വാഹനം റോഡിലെ ടാർ പ്രതലത്തിൽ നിന്നും മണ്ണിൽ ഇറക്കി ഒന്ന് രണ്ട് മീറ്റർ മാറിയാണ് പാർക്ക്‌ ചെയ്തിരുന്നത്, അപ്പോൾ ഹസർഡ് സിഗ്നൽ ഉപയോഗിക്കാറും ഉണ്ടായിരുന്നു.

അങ്ങനെ \' ബാക്ക\' കഴിഞ്ഞുള്ള അവസാന ഘട്ടം ഋഷിൽ ആണ് വണ്ടിയൊടിച്ചത്, കുറച്ചു കഴിഞ്ഞപ്പോൾ മൂത്രശങ്ക വന്നു, ഋഷിൽ വണ്ടി റോഡിലെ വശത്തിൽ നിർത്തി ഒരു ടയർ ഹാർഡ് ഷോൾഡറിൽ , ഞാൻ കുറച്ചുകൂടെ മാറി, മണ്ണിൽ നിർത്താൻ പറഞ്ഞു, അതൊക്കെ മതിയെന്ന് ഋഷിലും.

മൂത്രം 90% ആയപ്പോഴേക്കും പിറകിൽ നിന്നും ലൈറ്റ് ഇട്ടു ഒരു പോലീസ് വണ്ടി..

പണി പാളി, ഋഷിൽ വിചാരിച്ചു, റോഡിൽ മൂത്രം ഒഴിച്ചതിനു പൊക്കിയതാണെന്നു.

പക്ഷേ സംഭവം വണ്ടി റോഡിൽ ഭാഗികമായി പാർക്ക് ചെയ്തതിനാണ്. കേസ് എടുക്കാൻ book എടുത്ത് എഴുതാൻ തുടങ്ങിയപ്പോൾ, മാലിഷ്, മാളിഷ്.. എന്നൊക്കെ മുറി അറബിയിൽ കുറേ പറഞ്ഞപ്പോൾ, അദ്ദേഹത്തിന് മനസ്സ് അലിവ് തോന്നി, ഇനി മേലാക്കാം ഇങ്ങനെ റോഡരുകിൽ അപകടകാരമായി പാർക്ക് ചെയ്യരുതെന്നും, വേറെ വാഹനങ്ങൾ പിറകിൽ നിന്നും വന്ന് ഇടിക്കുമെന്നും ഉപദേശിച്ചു വിട്ടു.. ( ഇങ്ങനെ ഒരു സംഭവത്തെ കുറിച്ച് നമ്മുടെ നാട്ടിലെ അധികാരികൾക്കും അറിയില്ല, ഡ്രൈവർമാർക്കും അറിയില്ല, എത്ര വണ്ടികൾ ഈ ഒരു കാരണം മൂലം അപകടത്തിൽ പെടുന്നു, നമ്മൾ ഒക്കെ എന്ന് നന്നാവും).

വീണ്ടും യാത്ര തുടർന്നു.. ഞങ്ങൾ ഹൈൽ ക്യാമ്പിൽ സുരക്ഷിതമായി എത്തി.. വിശേഷങ്ങൾ താനേഷിനോടും ഉദയകുമാറിനോടും പറഞ്ഞു..

ശുഭം...