Aksharathalukal

വെള്ളിനക്ഷത്രം 💖

ഹാരിയും ബോട്ടിലേയ്ക്ക് കയറി അവസാനമായാണ് പവി ബോട്ടിലേയ്ക്ക് കയറിയത് അവൻ ഏറ്റവും പുറക് ഭാഗത്തായി തുഴയുന്നയാൾക്ക്  അഭിമുഖമയാണ് ഇരുന്നത്. അയാൾ ബോട്ടും കപ്പലും തമ്മിൽ ബന്ധിച്ചിരുന്ന കയറുകൾ അഴിയ്ക്കുകയായിരുന്നു.എല്ലാവരും ഇരുന്നതിനുശേഷം അഡോണിസ് ബോട്ട് തുഴയാനുള്ള നിർദേശം കൊടുത്തപ്പോഴാണ് അയാൾ  മുഖമുയർത്തി നോക്കിയത്.

പവിയെ കണ്ടതും അയാളുടെ മുഖത്ത് ഞെട്ടലും ആശ്ചര്യവും ഉണ്ടായി.. അവന്റെ Hazel നിറത്തിലുള്ള മിഴികളിലായിരുന്നു അയാളുടെ നോട്ടം മുഴുവൻ...
പവിയ്ക്കും അതിശയമായി ഇതുവരെ തന്നെ കാണാത്ത ഒരാൾ അവനെ തന്നെ നോക്കിയിരിയ്ക്കുന്നത് അവനു ആരോചകമായി തോന്നി..

\" തിറസ്.. \" 
അഡോണിസിന്റെ ശബ്ദമാണ് അവരെ രണ്ടാളേം ബോധമണ്ഡലത്തിലേയ്ക്ക് തിരികെ കൊണ്ട് വന്നത്..

പെട്ടന്ന് തന്നെ അയാൾ തുഴയാൻ ആരംഭിച്ചു.. ആളുകൾ കൂടുതൽ ഉള്ളത് കൊണ്ട് തന്നെ അഡോണിസും ഇടയ്ക്കിടയ്ക്ക് തുഴയുന്നുണ്ടായിരുന്നു.. തുഴയുന്ന വേളയിലും പവിയിലായിരുന്നു അയാളുടെ കണ്ണുകൾ.. തിറസിന്റെ നോട്ടം തന്നിലാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ പവി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി ദ്വീപ് ആസ്വദിച്ചിരുന്നു..
അസാമാന്യ വേഗതയായിരുന്നു തിറസിന്റെ കൈകൾക്ക് .

പതിയെ പതിയെ ബോട്ട് ദ്വീപിന്റെ അടുത്തേക്ക് അടുത്ത് കൊണ്ടിരുന്നു...
കണ്ണിന് കുളിർമയേകുന്ന കാഴ്ച തന്നെയായിരുന്നു അത്... ചുറ്റും നീല നിറത്തിലുള്ള കടലിന് നടുക്ക് ഒരു പച്ച കുട വിരിച്ച പോലെ ആസ്റ്റർ തലടെടുപ്പോടെ നിന്നു... പവി ആ കാഴ്ചകളെല്ലാം അവന്റെ കയ്യിലെ മൊബൈലിൽ പകർത്തി.. മറ്റുള്ളവരുടെയും അവസ്ഥ വിഭിന്നമായിരുന്നില്ല അവരും ആ കാഴ്ച്ചയിൽ മതിമറന്നു ഇരിക്കുകയായിരുന്നു...
കരയിൽ കുറച്ചു ആളുകൾ നിൽക്കുന്നത് അവർ കണ്ടിരുന്നു.. ബോട്ട് കരയിൽ അടുത്തപ്പോഴേയ്ക്കും അവർ ബോട്ട് പിടിച്ചു അടുത്തുള്ള ഒരു തെങ്ങിലേയ്ക്ക് കെട്ടി..
ഗോത്രവർഗം എന്നൊക്കെ പറയുമ്പോൾ മരത്തിന്റെ തോലും ധരിച്ചു കുന്തങ്ങളും ആയുധങ്ങളുമായി നിൽക്കുന്നവരെയായിരുന്നു അവർ പ്രതീക്ഷിച്ചത് എന്നാൽ കൈത്തറി എന്ന് തോന്നിയ്ക്കുന്ന ഒരു തുണി കൊണ്ട് സ്വന്തമായി തൈച്ചെടുത്ത വസ്ത്രങ്ങൾ ആയിരുന്നു അവർ ധരിച്ചിരുന്നത്.. തിറസ് അവരോട് എന്തോ പറഞ്ഞപ്പോഴേയ്ക്കും അവരും ബോട്ടിൽ  ഇരിക്കുന്ന പവിയെ നോക്കി...അവരുടെയും കണ്ണിൽ അതിശയവും വേദനയും നിറഞ്ഞു... അവൻ ചിത്രങ്ങൾ എടുക്കുന്ന തിരക്കിലായിരുന്നതിനാൽ അവർ നോക്കുന്നത് കണ്ടിരുന്നില്ല. എന്നാൽ  ഹാരി ഇതെല്ലാം ശ്രേദ്ധിയ്ക്കുന്നുണ്ടായിരുന്നു..
ഒരു കുന്ന് ചിത്രങ്ങൾ കൊണ്ട് ഗാലറി നിറച്ച ശേഷം അവൻ ബാക്ക് പാക്ക് ഉം എടുത്ത് ബോട്ടിൽ  നിന്നും ഇറങ്ങി.. അവൻ കാലെടുത്തു മണ്ണിലേയ്ക്ക് വച്ചതും ശരീരത്തിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയത് പോലെ തോന്നി അവൻ പുറകോട്ട് ഒന്ന്  വേച്ചു പോയി. 
അവൻ വീഴാൻ വരുന്നത് കണ്ടതും ക്ഷണവേഗത്തിൽ തിറസ് അവന്റെ അടുക്കലേത്തി അവനെ പിടിച്ചു..
ബാലൻസ് തിരികെ കിട്ടി അവൻ നേരെ നിന്നു.
\" താങ്ക്സ് \"
അവൻ തിറസിനെ നോക്കി പുഞ്ചിരിച്ചു..
അവൻ പുഞ്ചിരിയ്ക്കുമ്പോൾ ആ കണ്ണുകളും ചിരിയ്ക്കുന്നതായി അയാൾക്ക് തോന്നി... ഒരേമനസോടെ കൂടെ നടന്നോരുവന്റെ മുഖം അയാളുടെ കണ്ണിൽ തെളിഞ്ഞു..അവന്റെ കണ്ണുകൾ നിറഞ്ഞു..
തിറസ് പതിയെ പവിയെ ബോട്ടിൽ നിന്നും താഴെയിറക്കി..
തിറസിന്റെ പ്രവർത്തിയിൽ സ്ഥബ്ദരായി  നിൽക്കുകയായിരുന്നു അവന്റെ കൂട്ടുകാർ കാരണം അവർക്കറിയാവുന്ന തിറസ് ഇങ്ങനെയല്ല ആരോടും അടുക്കാത്ത ആരെയും അതിരുകവിഞ്ഞു വിശ്വസിയ്ക്കാത്ത ഒരാളായിരുന്നു..തിറസിന്റെ പ്രവർത്തിയിൽ നിന്ന് അവനു പവിയോട് ഒരടുപ്പം തോന്നിത്തുടങ്ങി എന്നവർക്ക് മനസിലായി..എല്ലാവരും ഇറങ്ങിയതിനു ശേഷം അവർ ബോട്ട് കരയ്ക്ക് കയറ്റി വച്ചു.. അതേപോലെ രണ്ട് മൂന്നു ബോട്ടുകൾ അവിടെ ഇരുപ്പുണ്ടായിരുന്നു.. പവിക്ക് എന്തോ ഷൂസ് അഴിച് ആ നനഞ്ഞ മണ്ണിൽ ഒന്ന് തൊടണം എന്ന് തോന്നി അവൻ ഷൂ അഴിച് സോക്കസും അഴിച് ആ നനഞ്ഞ മണ്ണിൽ കാൽവച്ചു നിന്ന്.. എന്തോ പ്രതേക അനുഭൂതി അവനെ പൊതിയുന്നതുപോലെ തോന്നി.. ദൂരെയാത്ര കഴിഞ്ഞു സ്വന്തം വീട്ടിൽ വരുന്ന ഒരു തോന്നൽ അവനുണ്ടായി.. അവൻ കടലിലെ വെള്ളത്തിൽ കാൽ നനച്ചു.. മറ്റുള്ളവരെല്ലാം അവന്റെ പ്രവർത്തി കണ്ട് ചിരിച്ചുകൊണ്ട് അതെല്ലാം മൊബൈലിൽ പകർത്തി.. കുറച്ചു നേരം അങ്ങനെ നിന്നിട്ട് അവൻ തിരികെ കയറി.. അപ്പോഴാണ് എല്ലാവരും അവനെത്തന്നെ നോക്കി നിൽക്കുന്നത് പവി കാണുന്നത്... അവൻ എല്ലാവരേം നോക്കി നിഷ്കളങ്കമായി ഇളിച്ചു കാട്ടി..

അവരെല്ലാവരും കൂടി ദ്വീപ്പിനകത്തേയ്ക്ക് നടന്നു... മണ്ണുകുഴച്ചു നിർമിച്ച വീടുകളായിരുന്നു അവിടെ.. പവി അതെല്ലാം ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു... പ്രധാന വഴിയായിരുന്നു അത് അതിനിരുവശവും വീടുകളല്ല, അവിടെ ദ്വീപിന്റെ കാവൽക്കാരായവരാണ് താമസിക്കുന്നത്.. ജനവാസം ഉള്ള സ്ഥലങ്ങൾ അതിനു കുറച്ചൂകൂടി അകത്തായിട്ടാണ്... അഡോണിസ് അവർക്കെല്ലാം വിവരിച്ചു കൊടുത്തു.. പവി അതൊന്നും കേട്ടതേയില്ലായിരുന്നു.. പഞ്ചസാര പോലെയുള്ള മണ്ണ് തട്ടിത്തെറിപ്പിച്ചും നടന്നു പോകുമ്പോൾ കാണുന്ന കുഞ്ഞു കുഞ്ഞു കല്ലുകളും ശംഖ്‌കളും ശേഖരിച്ചും അവൻ ദ്വീപ് ആസ്വദിയ്ക്കുകയായിരുന്നു. അവന്റെ പ്രേവർത്തിയെല്ലാം കൗതുകത്തോടെ വീക്ഷിയ്ക്കുകയായിരുന്നു തിറസ്..കൊച്ചു കുട്ടിയുടെ കൗതുകത്തോടെ അവിടെ കാണുന്ന ഓരോന്നിലും സംശയം ചോദിച്ചും കൗതുകമുള്ള വസ്തുക്കൾ ശേഖരിച്ചും നടക്കുന്ന പവി വീണ്ടും വീണ്ടും അയാളെ ഓർമകളിലേയ്ക്ക് കൊണ്ട് പോയി..

അവർ നടന്നു നടന്നു അത്യാവശ്യം വലിപ്പമുള്ള ഒരു കുടിലിന് മുന്നിൽ എത്തി. അതിനു മുൻവശത്തായി കുന്തങ്ങളുമായി രണ്ട് മൂന്ന് പേര് നിൽപ്പുണ്ടായിരുന്നു.. അത് ഗ്രാമതലവന്റെ വീടാണെന്ന്  അഡോണിസ് പറഞ്ഞു.. അഡോണിസ് ആദ്യം ആ കുടിലിനുള്ളിലേക്ക് കയറി അകത്തേയ്ക്ക് പോയി കുറച്ചു നിമിഷങ്ങൾക്കുശേഷം വെളിയിലേയ്ക്ക് വന്നു അവരെയെല്ലാവരുമായി അകത്തേയ്ക്ക് പോയി.. 65-70 ഓടടുത്ത് പ്രായം തോന്നിക്കുന്ന ഒരാളായിരുന്നു അത്.. അദ്ദേഹം അരയ്ക്ക് മുകളിലേക്ക് വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ടായിരുന്നില്ല... മുണ്ട് പോലെ യുള്ള എന്തോ ഒരു വേഷമായിരുന്നു... എല്ലാവരും അദ്ദേഹത്തെ തൊഴുതു നിന്നു..

\" ആസ്റ്റർ ദ്വീപിലേക്ക് സ്വാഗതം.. \"
വല്ലാത്ത ഗംഭീര്യമായിരുന്നു ആ ശബ്ദത്തിന്..
തേജസുറ്റ മുഖവും എല്ലാം കൂടി ഒരു പോസിറ്റീവ് എനർജി പവിക്ക് അവിടെ തോന്നി...

\" ദ്വീപിനെ കുറിച് പഠിക്കാനും ഇവിടെ ഞങ്ങളുടെ കൂടെ ജീവിച്ചു അനുഭവങ്ങൾ ഉണ്ടാക്കാനുമാണ് നിങ്ങൾ വന്നതെന്ന് അറിയാൻ കഴിഞ്ഞു.... എന്തു സഹായം വേണമെങ്കിലും നിങ്ങൾക്ക് ഞങ്ങളിൽ നിന്നും കിട്ടും.. നിങ്ങൾ ഇവിടെ നിന്നും പോകുമ്പോൾ നിങ്ങൾക്ക് ദ്വീപ് നല്ല ഒരു ഓർമയായിരിയ്ക്കട്ടെ എന്ന് ആശംസിക്കുന്നു \" 
അദ്ദേഹം പറഞ്ഞു നിർത്തി..

\" ഇവർക്ക് എവിടയാണ് താമസം ഒരുക്കിയിരിയ്ക്കുന്നത് \"
അഡോണിസിനോടായിരുന്നു ചോദ്യം..

\" എന്റെ വീട്ടിലാണ് ruler \"
അഡോണിസ് വിനയത്തോടെ മറുപടി പറഞ്ഞു..

\"എല്ലാവരും ക്ഷീണിതരായിരിയ്ക്കും, അവർക്ക് കഴിക്കാനൊക്കെ നൽകൂ... അവർക്ക് ഒരു കുറവും ഉണ്ടാകാൻ പാടില്ല...\"
അദ്ദേഹം പറഞ്ഞു..

അദ്ദേഹത്തെ വണങ്ങി എല്ലാവരും കുടിലിന് പുറത്തിറങ്ങി..
തിറസ് അവരെയും കാത്ത് വെളിയിൽ നിൽപ്പുണ്ടായിരുന്നു..
അവിടെ നിന്നും അവർ അഡോണിസിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെനിന്നും 10 മിനിറ്റ് കൂടെ ഉള്ളിലേയ്ക്ക് നടന്നപ്പോൾ അഡോണിസിന്റെ വീട്ടിൽ എത്തി.. അവിടെ വലിയ വലിയ പത്രങ്ങളിൽ ഭക്ഷണസാധനങ്ങൾ പാകം ചെയ്യുന്നത് അവർ കണ്ടു..

\" ഇവിടെ ഓരോ വീട്ടിലുമായി ഭക്ഷണം വയ്ക്കില്ല, ദ്വീപ്പിൽ ആകെ 250 ഇൽ താഴെ ആൾക്കാർ മാത്രമേ ഉള്ളൂ.. എല്ലാവരും കൂടി ഒരുമിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്  എന്നിട്ട് ഒരുമിച്ച് വിളമ്പി കഴിക്കും അതിൽ രാജാവെന്നോ സാധാരണക്കാരൻ എന്നോ പാറാവുകാരൻ എന്നോ ഇല്ല എല്ലാവരും ഇവിടെ ഒരേപോലെയാണ് ഇന്നുമുതൽ ഇവിടെ നിൽക്കുന്ന ദിവസങ്ങളിലത്രെയും  നിങ്ങളും.. \"
എല്ലാവരോടുമായി അഡോണിസ് പറഞ്ഞു.. 

അവിടെ സ്ത്രീകൾ എന്തൊക്കെയോ അരിയുകയും പത്രങ്ങൾ കഴുകുകയും ഒക്കെ ചെയ്യുകയായിരുന്നു..

\" മമ്മ.. \"
അഡോണിസ് വിളിച്ചപ്പോൾ ഒരു വെളുത്ത് മെലിഞ്ഞ സ്ത്രീ അവരുടെ അരികിലേയ്ക്ക് നടന്നുവന്നു.. അത് അഡോണിസിന്റെ അമ്മയാണെന്ന് അവർക്ക് മനസിലായി... അവർ അമ്മയെ നോക്കി കൈ കൂപ്പി..
അവർ തിരിച്ചും..
അഡോണിസിന് ഒരു അനുജത്തി കൂടിയുണ്ട് നിയ എന്നാണവളുടെ പേര്.. അവളും കൂട്ട്കാരികളും കൂടെ  പഴങ്ങളും പൂക്കളും ശേഖരിയ്ക്കാനായി കാട്ടിലേയ്ക്ക് പോയിരിയ്ക്കുകയായിരുന്നു ആ സമയം..

രാവിലെ കോഫി മാത്രം കുടിച്ചാണ്  കപ്പലിൽ നിന്നും പോന്നത് അത്കൊണ്ട് തന്നെ അവർ എല്ലാവരും നന്നേ ക്ഷീണിച്ചിരുന്നു..വിശപ്പും ദാഹവും അവരെ പൊതിഞ്ഞു..

ഉരുളകിഴങ്ങും മറ്റു കാട്ടുകിഴങ്ങുകളും  വേവിച്ചതും പച്ചമുളകും ഉള്ളിയും ഉടച്ച ചമ്മന്തിയുമായിരുന്നു അവർക്ക് കഴിക്കാനായി നൽകിയത്..നല്ല വിശപ്പുണ്ടായത് കൊണ്ട് തന്നെ എല്ലാം അവർ നന്നായി ആസ്വദിച്ചു  കഴിച്ചു.. ആഹാരം കഴിച്ചതിനു ശേഷം അവർ വിശ്രമിയ്ക്കാനായി പോയി..പെൺകുട്ടികൾക്കായി പ്രേത്യേകം മുറി ഉണ്ടായിരുന്നു... പുറത്ത് നിന്ന് നോക്കുമ്പോൾ ചേറുതെന്ന് തോന്നിക്കുമെങ്കിലും അത്യാവശ്യം നല്ല സൗകര്യങ്ങൾ ഉള്ളതായിരുന്നു ആ കുടിൽ. 3 മുറിയും ചെറിയ ഒരു ഹാൾ പോലെയുമുള്ള കുടിൽ.എല്ലാ സാധനങ്ങളും വൃത്തിയിലും ചിട്ടയോട് കൂടിയും അടുക്കി വച്ചിരിക്കുന്നു.ഹാരിയും പവിയും ഐസക്കും ഒരു മുറിയിലാണ് കിടന്നത്.. അഡോണിസ് ഹാൾ പോലെയുള്ള ഭാഗത്തും അമ്മയും അനിയത്തിയും മറ്റേ മുറിയിലും കിടക്കും എന്ന് തീരുമാനിച്ചു.. അവർക്ക് വിരിയ്ക്കാനായി കൈ കൊണ്ട് തന്നെ മെടഞ്ഞുണ്ടാക്കിയ പുൽപ്പായ അമ്മ നൽകിയിരുന്നു.. അതിനുമുകളിൽ അവർ കൊണ്ട് വന്ന ബെഡ് ഷീറ്റ് വിരിച്ചു അവർ ഉറങ്ങാനായി കിടന്നു..നല്ല ക്ഷീണം ഉണ്ടായതിനാൽ തന്നെ അവർ പെട്ടന്ന് തന്നെ ഉറങ്ങി പോയിരുന്നു.. നഗരത്തിന്റെ നടുവിൽ എല്ലാ സുഖസൗകര്യങ്ങളോടും കൂടി കിടന്നുറങ്ങിയ ആൾക്കാർ ആണെന്ന് അവരെ കണ്ടാൽ തോന്നുകയെ ഇല്ലായിരുന്നു..അവരും അസ്വദിയ്ക്കുകയായിരുന്നു ദ്വീപിലെ ജീവിതം..

****************************************************

\"അഥീ, നീയൊന്ന് താഴെ ഇറങ്ങി വരുമോ മതി പൂക്കൾ പറിച്ചത് ഇപ്പോൾ തന്നെ വൈകി ഇനിയും താമസിച്ചാൽ അറിയാമല്ലോ ഇനി ഈ കറക്കങ്ങൾ ഒക്കെ നിൽക്കും... ഒന്നിറങ്ങി വാ അഥീ..\"
മരത്തിനുതാഴെ നിന്ന് സലോമി വിളിച്ചു പറഞ്ഞു..

ഒന്ന് രണ്ട് സെക്കന്റുകൾ കഴിഞ്ഞതും കൈ നിറയെ നീലനീരത്തിലുള്ള പൂക്കളുമായി ഒരുവൾ മരത്തിൽ നിന്നും ചാടിയിറങ്ങിയി, കയ്യിലുള്ള പൂക്കൾ എല്ലാം ഭദ്രമായി താഴെ വച്ചിരുന്ന കൂടയിലേക്കിട്ടു...

\" പോകാം \"
അഥീന സലോമിക്കരികിലേയ്ക്ക് നീങ്ങി നിന്ന് പറഞ്ഞു..

\" പോ അവിടുന്ന്, ഇന്ന് തിറസിന്റെ വായിലിരിയ്ക്കുന്ന മുഴുവനും ഞാൻ കേൾക്കേണ്ടി വരും.. നിങ്ങളെയൊക്കെ ഇങ്ങനെ വഷളാക്കുന്നത് ഞാനാണെന്നാണ് അവൻ പറയുന്നത്.. നീയല്ലേ കണ്ട മരത്തിലെല്ലാം കയറി പൂപറിയ്ക്കുന്നത്  എന്നിട്ടോ പഴി മുഴുവൻ എനിയ്ക്കും.. നോക്കിക്കോ ഞാനിന്നു പറഞ്ഞു കൊടുത്തിരിക്കും.. ആഗ്രഹം എന്നും പറഞ്ഞു എന്നും നിനക്ക് ഇതാണ് പണിയെന്ന്.. \"
സലോമി കേറുവോടെ ബാക്കി കുട്ടികളെയും പിടിച്ചു കൊണ്ട് നടന്നു..

\" എന്റെ സുലു നീ അങ്ങനെയൊന്നും പറയല്ലേ..ഞാൻ ഇനി ഒരിയ്ക്കലും പൂക്കൾ പറിയ്ക്കാൻ  മരത്തിൽ കേറില്ല.. സത്യം.. \"
കൈ രണ്ടും തലയിൽ  വച്ച് സത്യം ചെയ്യുന്നവളെ കണ്ടതും സുലു ചിരിച്ചുപോയിരുന്നു...

\" മതി.. മതി.. കള്ളസത്യം ഇട്ടത്.. ഇത് എത്രാമത്തെ സത്യമാണെന്നു വല്ല നിശ്ചയവുമുണ്ടോ തമ്പുരാട്ടിയ്ക്ക്.. നടക്ക് അങ്ങോട്ട് ഞാനൊന്നും പറഞ്ഞുകൊടുക്കാൻ പോകുന്നില്ല..അല്ലേലും നീ അവന്റെ പുന്നാര അനിയത്തിയല്ലേ നിന്നെ അവൻ ഒന്നും പറയില്ല.. പറയുന്നത് മൊത്തം എന്നെയും.. \"


\" ഒരാൾ നമ്മളെ ചീത്ത പറഞ്ഞ അയാൾക്ക് നമ്മളെ ഒത്തിരി ഇഷ്ടമാണെന്ന് ആണ് സുലു.. അങ്ങനെ ആണെങ്കിൽ തിറസിന് നിന്നെ ഒത്തിരി ഇഷ്ടമാണെന്നാണ് അർത്ഥം... \"

\" ഹ്മ്മ് ഒരിഷ്ടം പറഞ്ഞതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല, എനിക്കിനി വയ്യ ഇഷ്ടം ഒന്നും പറഞ്ഞു ചെല്ലാൻ ഞാൻ വേറെ ആരെങ്കിലും കെട്ടും നോക്കിക്കോ.. \"

ഒന്നും രണ്ടും പറഞ്ഞുകൊണ്ട് അവർ കാടിന്റെ ഉള്ളിൽ നിന്നും വെളിയിലിറങ്ങി... ദ്വീപിലേക്ക് നടന്നു..

തുടരും 

©protected 
✍🏻   നിശാഗന്ധി 🌸🦢